കുടിയേറ്റമെന്നത് ശരാശരി മലയാളിയുടെ ചരിത്രവും വർത്തമാനവും ഭാവിയുമൊക്കെയാണ്. 2023- ലെ കേരള മൈഗ്രേഷൻ സർവ്വേ (KMS) പുറത്തുവിട്ട കണക്കുപ്രകാരം, 20 ലക്ഷത്തോളം പേരാണ് വിദേശത്തേക്ക് കുടിയേറിയിരിക്കുന്നത്. അതിൽ 2,50,000- ഓളം വരുന്നു വിദ്യാർത്ഥികളുടെ എണ്ണം. രണ്ടു വർഷത്തിനിപ്പുറം, ലോകത്ത് കുടിയേറ്റ വിരുദ്ധ വികാരങ്ങൾ ഉയരുന്ന സാഹചര്യമായിട്ടുകൂടി, ഈ കണക്ക് ഇടിയുന്നില്ല.
“സ്വന്തം നാട്ടിൽ നെഞ്ചും വിരിച്ച് താമസിക്കാൻ ധൈര്യമില്ലാത്ത, നട്ടെല്ലില്ലാത്തവന്മാര്” എന്ന് ‘നിവർന്ന നട്ടെല്ലുള്ള ചേട്ടന്മാർ’, പുതുതലമുറയുടെ പലായനത്തെക്കുറിച്ച് വാചാലരാകുന്നത് കേൾക്കാത്തവരില്ല. എന്നാൽ ഇവർ വേണ്ടിടത്തും വേണ്ടാത്തിടത്തും തിരുകുന്ന ‘നട്ടെല്ല്’, നിവർന്നിട്ട് വെറും മൂന്ന് മില്യൺ വർഷങ്ങളെയായിട്ടുള്ളൂ. ഈ നിവർന്ന നട്ടെല്ല് തന്നെയാണ് ആദ്യ മനുഷ്യനെ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് പുറത്തു കടക്കാൻ സഹായിച്ചതെന്നത് വസ്തുത. അവിടെ വെച്ചാണ് ഒരു സംസ്കാരം പലതായി തെറിച്ചതെന്നതും അങ്ങനെ സഞ്ചരിച്ചവൾമാർ , പെറ്റുകൂട്ടിയവരുടെ പിൻഗാമികളാണ് നമ്മളെന്നതും വെറും കഥയല്ല.
പുരോഗതിയോടൊപ്പം സ്വപ്നവും എവിടെയെല്ലാം പൂക്കുന്നുവോ, അവിടങ്ങളിലെല്ലാം, നടന്നും ഓടിയും, കടലിനെ വെല്ലുവിളിച്ചും, പറന്നുമെല്ലാം മലയാളിയുൾപ്പെടുന്ന മനുഷ്യർ ചെന്നെത്തുമെന്നത് ചരിത്രമാണ്. അതിൽ, കാശുണ്ടാക്കാൻ ബോംബേയിൽ ചെന്നെത്തിയവരും മലയായിലേക്കുള്ള വഴി തിരഞ്ഞുപോയ എൻ.എൻ. പിള്ളയെ പോലുള്ളവരും ഉയിർപ്പച്ച തേടി മരുപ്പച്ചയിലേക്ക് പുറപ്പെട്ടവരും അമേരിക്കൻ കിനാവ് കണ്ടുണർന്നവരും, ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ചേക്കേറിയതും ചേക്കേറുന്നതുമായ ജെൻ-സി യുവാക്കളുമെല്ലാം ഈ ചരിത്രത്തിന്റെ ശ്വസിക്കുന്ന തൊണ്ടിമുതലുകളാണ്.
ഈ അന്വേഷണത്തിൽ, ഞാനടങ്ങുന്ന തൊണ്ടിയുടെ ഫോറൻസിക് പരിശോധന വളരെ ആവശ്യമാണ്. പഠനത്തിനും ഉപരിപഠനത്തിനുമായി യു.കെയിലേക്കും കാനഡയിലേക്കും ജർമ്മനിയിലേക്കുമൊക്കെ പറന്നടിയുന്ന മലയാളികളും അല്ലാത്തതുമായ, ഞാനടങ്ങുന്ന ജെൻ-സി തലമുറയുടെ നെഞ്ചിലുറയുന്നത് ആദിമ മനുഷ്യന്റെ ഊറ്റമാണെങ്കിലും, അവർക്ക് പറയാനുള്ള കഥകൾ പലതാണ്.
പഠനത്തിനും ഉപരിപഠനത്തിനുമായി യു.കെയിലേക്കും കാനഡയിലേക്കും ജർമ്മനിയിലേക്കുമൊക്കെ പറന്നടിയുന്ന മലയാളികളും അല്ലാത്തതുമായ, ഞാനടങ്ങുന്ന ജെൻ-സി തലമുറയുടെ നെഞ്ചിലുറയുന്നത് ആദിമ മനുഷ്യന്റെ ഊറ്റമാണെങ്കിലും, അവർക്ക് പറയാനുള്ള കഥകൾ പലതാണ്.
യു. കെയിലുള്ള ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബയോ ടെക്നോളജി മാസ്റ്റേഴ്സ് ലാബിലെ, വെളുത്ത് മെലിഞ്ഞ് ചിറുമിയ കണ്ണുകളുള്ള പയ്യൻ, സൗദി അറേബ്യക്കാരനാണ് (സുരക്ഷാ കാരണങ്ങളാൽ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല). ഒതുങ്ങിയും പരുങ്ങിയും മൗനിയയായും നിലനിന്നവൻ, വളരെ പെട്ടെന്നാണ് എല്ലാപേരുടെയും ഉള്ളിൽ കയറിപ്പറ്റിയത്. അറബിക്കഥകളിലൂടെയും ഭക്ഷണത്തിലൂടെയും പാട്ടുകളിലൂടെയുമൊക്കെ ഞങ്ങളുടെ സൗഹൃദം വളർന്നപ്പോൾ, അവനിൽ കണ്ട മാറ്റങ്ങളും തിരിച്ചറിവുകളും ചുറ്റുമുള്ള മനുഷ്യർ കാരണമാണോ അതോ ആ നാടു മൂലമാണോ എന്നെനിക്കറിയില്ല. അറിയാവുന്നത് ഒന്നു മാത്രം; അവൻ അവനായി മാറിയത് യു.കെയിലേക്ക് ചേക്കേറിയശേഷമാണ്. അന്നവന് ഞങ്ങളെക്കാൾ പ്രായം കൂടുതലായിരുന്നിട്ടും, അവൻ ആദ്യമായി പ്രണയബന്ധത്തിലാഴുന്നത് അവിടെ വെച്ചാണ്. അതും ഒരു ബ്രിട്ടീഷുകാരനുമായി. മാതൃനാടായ സൗദിയിലാണ്, ഇതുപോലെ ഒരു പുരുഷനെ അവൻ പ്രണയിക്കുന്നതെങ്കിൽ, തെറിക്കുന്നത് ചോരയും ഉരുളുന്നത് തലയുമായിരിക്കും. എന്നാൽ മറുനാട് അവന്റെ ഉള്ളിലെ പേടിയും സംശയങ്ങളുമൊഴിപ്പിച്ച്, പ്രണയത്തിന് കൂട്ടുനിന്നിരിക്കുന്നു. പുതിയൊരു ആവാസവ്യവസ്ഥ ഒരു വ്യക്തിയിൽ, സ്വയം പുനർവായന നടത്തുവാനായി, നിരന്തരം സമ്മർദ്ദം ചെലുത്തുമെന്നത്തിന്റെ ഉദാഹരണമാണിവിടെ കാണാനാകുന്നത്. സ്വന്തം നാട്ടിൽ തങ്ങളായിരിക്കാൻ കഴിയാത്തവർക്ക് അവിടം നാടായിരിക്കില്ല, വെറും ‘നാട്’ മാത്രമായിരിക്കും. അങ്ങനെയുള്ളവർക്ക് ‘ഗൃഹാതുരത’, സിനിമാക്കാരുണ്ടാക്കിയ കള്ളക്കഥയായി തോന്നുന്നുവെങ്കിൽ അതിൽ എന്താണ് തെറ്റ്?

ഡൽഹിക്കാരനായ ഭരത്തിനും (24) സമാന കഥ തന്നെയാണ് പറയാനുള്ളത്. ലാബിൽ ഞങ്ങൾ ഒരേ പ്രൊജക്റ്റിലാണുണ്ടായിരുന്നത്. തനിക്ക് സ്ത്രീകളോടെന്ന പോലെ ആണുങ്ങളോടും വികാരവിചാരങ്ങളുണ്ടാകുമെന്ന് പരീക്ഷിച്ച് കണ്ടുപിടിക്കാൻ, അവനെ സഹായിച്ചതും ആ നാടാണ്. ഇവരുടെ സ്വയം കണ്ടെത്തലുകൾ വായിച്ചറിയുന്ന ഒരു ചില വായനക്കാർക്കെങ്കിലും ഇതിനോട് അസഹിഷ്ണുത തോന്നിയേക്കാം. ഇതു തന്നെയാണ് ചിലരെ സ്വന്തം നാട്ടിൽ നിന്നുമകറ്റുന്നത്. അപ്പോൾ ഉയർന്നു വന്നേക്കാവുന്ന ചോദ്യം, യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനോട് എതിർപ്പുള്ളവരുണ്ടാകില്ലേ എന്നാണ്. ഉത്തരം ഒറ്റവാക്കാണ്- ‘ഉണ്ട്’. എന്നാൽ, അവർ മറ്റൊരാളുടെ ജീവിതരീതിയിൽ വാക്കും നാക്കും കൊണ്ട് അതിക്രമിച്ചു കടക്കില്ല എന്നതാണ് എന്റെ അനുഭവം.
ഇതിലെടുത്തുപറയേണ്ടത്, പ്രത്യേകിച്ച് ഇംഗ്ലീഷുകാരെപ്പറ്റിയാണ്. ഉള്ളിലുറയുന്ന വികാരങ്ങൾ പുറത്തുകാട്ടുന്നത് ബലഹീനതയാണെന്ന സിദ്ധാന്തം, വിക്ടോറിയൻ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെങ്ങും പ്രചരിച്ചു. ഇതു കാരണമാണ്, ഒരു ഇംഗ്ലീഷ് മരണവീട്ടിൽ നിന്ന് കരച്ചിൽ ഉയർന്നുകേൾക്കാത്തത്. ഫ്രഞ്ചുകാരെ പോലെ വികാരഭരിതരായി - രാജകൊട്ടാര-കൊത്തളങ്ങൾക്കെതിരെ - വിപ്ലവം നയിക്കാതിരിക്കാനായി, ബ്രിട്ടീഷ് രാജകുടുംബം തന്നെ പ്രചരിപ്പിച്ചതാണീ സിദ്ധാന്തമെന്ന് അവകാശപ്പെടുന്ന ചരിത്രാന്വേഷികളുമുണ്ട്. എന്തൊക്കെയാണെങ്കിലും ഈ വികാരം പുറത്തു കാട്ടാത്ത ബ്രിട്ടീഷ് പൊതുസ്വഭാവം, ഗുണം ചെയ്യുന്നത് കുടിയേറ്റക്കാർക്കാണ്. പുറത്ത് കാട്ടാത്തിടത്തോളം കാലം, ഉള്ളിലെ വെറുപ്പും വിദ്വേഷവും അധികമാർക്കും ദോഷമായി വരികയില്ലല്ലോ. അതിനാൽ, അപര ജീവിതത്തിലേക്ക് കണ്ണുനട്ട്, ഉപന്യാസം രചിച്ച് മാർക്കിടാൻ മനുഷ്യർ തുനിയാത്തിടത്തെല്ലാമാണ് ജീവിതനിലവാരം കൂടുതലെന്ന്, ഓർക്കണം.
രണ്ടുവർഷത്തെ യു.കെ. ജീവിതം എനിക്ക് പകർന്നത്, ഒരു മൂന്നാം കണ്ണാണ്. സ്വന്തം നാടിനെയും നാട്ടുകാരെയും മൂന്നാമതൊരാളായി കാണിച്ചുതരുന്ന ഒന്ന്.
വയറിന്റെ വെറി ഏറിയേറിവന്നപ്പോൾ, കച്ചമുറുക്കി, ഇടുക്കിയിലെ നാരകക്കാനത്തെ കാൽവരിക്കുന്ന് കയറുമ്പോൾ, ജോസഫിന് പ്രായധികമായിട്ടില്ല. കയ്യിൽ തടഞ്ഞതെല്ലാം ചേർത്ത് മേഞ്ഞ കുടിലിൽ കഴിയുമ്പോഴും, നടുവൊടിയും വരെ കാട് വെട്ടിത്തളിക്കുമ്പോഴുമെല്ലാം, അയാളുടെ കണ്ണിൽ മിന്നിയത് സ്വപ്നങ്ങളാണ്. കാടിനെ വീടാക്കുമ്പോൾ അയാളറിഞ്ഞു കാണില്ല, തന്റെ മൂന്നാംതലമുറക്കാരിയായ സോഫി (വയസ്: 25, വ്യക്തിയുടെ നിർദ്ദേശപ്രകാരം പേര് മാറ്റിയിരിക്കുന്നു) അതേ ഊറ്റത്തോടെ ഫ്രാൻസിലേക്ക് പറക്കുമെന്ന്. എന്റെ ഉറ്റ സുഹൃത്തു കൂടിയായ സോഫി ഫ്രാൻസിൽ ബിരുദാനന്തരബിരുദം കൈവരിച്ചശേഷം, നെതർലാൻഡ്സിൽ ഇപ്പോൾ ജോലി ചെയ്യുകയാണ്. ഈ കഴിഞ്ഞ അവധിക്ക്, നാട്ടിൽ വന്ന ശേഷം നേരിട്ട് കണ്ടപ്പോൾ, “ഇനി എന്നേലും ഇവിടോട്ട് തിരിച്ച് വരുവൊ?” എന്ന് എല്ലാപേരെയും പോലെ ഞാനും ചോദിക്കാതിരുന്നില്ല. അന്നവൾ അഴിച്ചത് സ്വപ്നങ്ങളുടെ ഒരു ചെറു-ലിസ്റ്റാണ്.
സോഫിയുടെ ലിസ്റ്റ്:
1. നാട്ടിൽ അപ്പാക്കും അമ്മക്കും വീട്.
2. ഡൈനിങ്ങ് ടേബിൾ.
3. പണത്തിന് പണം.
4. സമാധാനം.
5. സന്തോഷം.
നിർഭാഗ്യവശാൽ, ഇപ്പോഴത്തെ അവസ്ഥയിൽ, നാട്ടിലെ ഒരു ജോലി കൊണ്ട് പെട്ടെന്ന് തരപ്പെടുത്താൻ കഴിയാത്തവ തന്നെയാണ് ഇവയെല്ലാം. 2024 -25 ലെ ഇന്ത്യൻ ഇക്കണോമിക് സർവ്വേ പ്രകാരം, രാജ്യത്തെ ഒരു സാധാരണ ജീവനക്കാരന്റെ ശരാശരി പ്രതിമാസ ശമ്പളം 20,702 രൂപയാണ്. ഈ ശമ്പളം കൊണ്ട് വീട് പോലൊരു മുതൽ കൈവരിക്കുമ്പോൾ, അത് സമ്പത്ത് എന്നതിലുപരി ബാധ്യതയായി മാറാനുള്ള സാധ്യത വളരെക്കൂടുതലാണ്. രാഷ്ട്രീയ- സാമ്പത്തിക സാഹചര്യം നമ്മുടെ ജീവിതങ്ങൾ മാത്രമല്ല സ്വപ്നങ്ങളെ പോലും പരുവപ്പെടുത്തുന്നു, ചില അവസരങ്ങളിൽ നമ്മളറിയാതെ തന്നെ.

ലിസ്റ്റിന്റെ കെട്ടഴിയുമ്പോൾ അവളുടെ ചുണ്ടിൽ പറ്റിയ പ്രതീക്ഷ, ചിരി തന്നെയാണ് എന്റെ ചോദ്യത്തിന്റെ ഉത്തരവും. ‘ആമാശയത്തിന്റെ ആശ നിറവേറ്റാൻ’ കോട്ടയത്തുനിന്ന് കാടും മലയും നടന്നു കയറിയ അപ്പാപ്പൻ ജോസഫ്, അവളുടെ ചിരിയിൽ വിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ കാലിൽ തെളിഞ്ഞ ഞരമ്പോട്ടം, ഫ്രാൻസിൽ പറന്നിറങ്ങിയ അവളുടെ കാൽവണ്ണകളിലും തെളിഞ്ഞിരിക്കണം.
രണ്ടുവർഷത്തെ യു.കെ. ജീവിതം എനിക്ക് പകർന്നത്, ഒരു മൂന്നാം കണ്ണാണ്. സ്വന്തം നാടിനെയും നാട്ടുകാരെയും മൂന്നാമതൊരാളായി കാണിച്ചുതരുന്ന ഒന്ന്. ചില ദിവാസ്വപ്നങ്ങളിൽ ഇപ്പോഴും ഞാൻ യു. കെ യിൽ പോകാറുണ്ട്, ഇവിടുത്തെ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക സംഭവങ്ങളെ മറ്റൊരാളായി നോക്കിക്കാണാൻ. അങ്ങനെ നോക്കിക്കാണുമ്പോൾ, ജെൻ- സി തലമുറയിലെ ഈ കൂട്ട പുറപ്പെടൽ, ഒരു എതിർ- സംസ്‍കാരമായി (Counter Culture) തന്നെ കണകാക്കാൻ സാധിക്കുന്ന ഒന്നാണ്. വരുംകാല ചരിത്രത്തിൽ, ഇത് ഇഴുകിച്ചേരുമെന്നതിൽ യാതൊരു സംശയവും വേണ്ട. നേപ്പാൾ പോലൊരു രാജ്യത്തിന്റെ അധികാര കോമരങ്ങളുടെ ജനൽ മറ വലിച്ചു കീറി, സർക്കാരിനെ താഴെയിറക്കിയതും ഇതേ ജെൻ-സി യുവാക്കളാണ്. അങ്ങനെ വരുമ്പോൾ, ഈ കൂട്ട പലായനവും കേരളത്തിലെ സാമൂഹിക- രാഷ്ട്രീയാന്തരീക്ഷത്തിന് എതിരെയുള്ളൊരു സമരായുധമായിരിക്കില്ലേ എന്നതാണ് ശരിയായ ചോദ്യം?
(അടുത്ത പാക്കറ്റിൽ തുടരും)
