21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 23
▮
അന്നത്തെ ന്യൂജെൻ തലമുറയെ നോക്കി വൈലോപ്പിള്ളി എഴുതി:
‘എത്ര നിർവികാരമീ പുതുതാം തലമുറ’.
1133-ാമാണ്ടിലെ മാതൃഭൂമി ഓണപ്പതിപ്പിലാണ് വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാടം' അച്ചടിച്ചതെന്നു എം.പി. ശങ്കുണ്ണിനായരുടെ പ്രസിദ്ധമായ കണ്ണീർപ്പാടം ലേഖനത്തിന്റെ ആദ്യ വരികളിൽ വ്യക്തമാണ്. 1133 മലയാള വർഷമെന്നാൽ ഇംഗ്ലീഷ് കലണ്ടറിൽ 1958. ഐക്യകേരളം രൂപപ്പെട്ടശേഷമുള്ള രണ്ടാം വർഷം. മലയാളികളുടെ പ്രതീക്ഷയുടെ ചക്രവാളത്തെ വികസിതമാക്കിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയതിന്റെ പിറ്റേവർഷം.
രാഷ്ട്രീയാന്തരീക്ഷവും കാർമേഘാവൃതമാണ്. 58-ലാണ് ‘കണ്ണീർപ്പാടം’ പ്രസിദ്ധീകരിക്കുന്നതെങ്കിലും എഴുതുന്നത് അതിന്റെ സമീപവർഷങ്ങളിലായിരിക്കും. മധ്യവയസ്സു പിന്നിട്ട ദമ്പതിമാരെ കൂടാതെ മറ്റൊരു യുവ ദമ്പതികളും പിന്നെ ഒരു കൗമാരക്കാരനുമാണ് കവിതയിൽ കടന്നുവരുന്നത്. കൗമാരക്കാരൻ കൊച്ചൻ വരിഷപ്പാടത്തു ചുമ്മായിരുന്നു ചൂണ്ടയിടുകയായിരിക്കാം.
സംഘർഷഭരിതമാണ് ആ കാലം.
സർക്കാരിനെതിരെ പ്രതിലോമശക്തികൾ ഒന്നടങ്കം വിമോചനസമരത്തിന് വട്ടംകൂട്ടുന്നു. ഇക്കാലത്തിന്റെ പ്രതീക്ഷകളോ സംഘർഷങ്ങളോ 'കണ്ണീർപ്പാട'ത്തിലെ നിർവികാരനായ കൊച്ചൻ പ്രകടിപ്പിക്കുന്നില്ല. ആ കൊച്ചനെക്കുറിച്ചുള്ള വ്യക്തിഗതപരാമർശമായിരുന്നെങ്കിൽ നമ്മൾ കവിയുടെ വിമർശനം അത്ര ഗൗനിക്കേണ്ടതുണ്ടായിരുന്നില്ല. എന്നാൽ, കവി ഒരു തലമുറയെ ഒന്നടങ്കമാണ് അവമതിക്കുന്നത്: ‘എത്ര നിർവികാരമീ പുതുതാം തലമുറ’ എന്ന് ആക്ഷേപിച്ചുകൊണ്ട്.
58 എന്നൊരു വർഷം വെച്ച് കൗമാരക്കാരന്റെ പ്രായം 14 വയസ്സ് എന്നു കണക്കാക്കാം. ഒരു ദശകം കഴിയുമ്പോൾ ഈ കൗമാരക്കാരനാകണം എം. മുകുന്ദന്റെ, 68-ൽ പ്രസിദ്ധീകരിച്ച, 'ദൽഹി'യിലെ അരവിന്ദൻ. കേരളത്തിൽനിന്നുള്ള ആഭ്യന്തര പ്രവാസത്തിന്റെ ഒരു പുതിയ ഘട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. തൊഴിലില്ലായ്‌മയുടെയും ദാരിദ്ര്യത്തിന്റെയും രൂക്ഷമായ പ്രശ്നം അഭിമുഖീകരിച്ച തലമുറ. പ്രത്യാശാഭംഗവും അസ്തിത്വവാദവും കൂടിക്കലർന്ന അസ്വാസ്ഥ്യത്തിന്റെ വിയർപ്പുള്ള തലമുറ.
അരവിന്ദനെ പോലെ, വിയറ്റ്നാമിനെതിരായ അമേരിക്കൻ യുദ്ധത്തിനെതിരെ ആ തലമുറ പ്രതിഷേധിച്ചിരുന്നു. ‘PL 480’ ഗോതമ്പും അരിയും അപമാനഭാരമായി, ഒരു രാഷ്ട്രീയ രൂപമാർജ്ജിച്ചുതുടങ്ങിയിരുന്നു. യുദ്ധത്തിൽ ചൈനയോട് തോറ്റതിന്റെ കയ്പുനീർ കുടിച്ച രാജ്യത്തിന്റെ മോഹഭംഗം, ചിന്തിക്കുന്ന യുവതലമുറയിൽ ശൂന്യതാബോധമുണ്ടാക്കി.
നെഹ്രുവില്ലാത്ത, പ്രതീക്ഷ മങ്ങിയ ലോകം. കോണകമുടുത്ത സന്യാസിമാർ ഗോസംരക്ഷണവുമായി രാജ്യതലസ്ഥാനത്ത് പ്രകടനം നടത്തുന്ന സ്ഥിതിവരെയുണ്ടായി എന്നാണ് അക്കാലത്തെ പ്രകൃഷ്ട രചനകളിൽ കാണാൻ കഴിയുന്ന യാഥാർഥ്യം. യുവാക്കളുടെ തിളച്ചുമറയുന്ന പ്രക്ഷോഭങ്ങളാൽ മുഖരിതമായ എഴുപതുകൾ, അടിയന്തരാവസ്ഥയുടെ കൊടുംനീറ്റൽ. ആ തലമുറ ഒരു ദശകത്തിനുള്ളിൽ പക്വത നേടി.
പ്രാരാബ്ധങ്ങളുടെ വേലിപ്പുറത്ത് ജീവിച്ചിരുന്ന അവർ എൺപതുകൾ പിന്നിടുമ്പോൾ സ്ഥാവരജംഗമവസ്തുക്കൾ ആർജിച്ചുതുടങ്ങി. ഒരു പുതിയ തലമുറയുടെ വരവും അവർ സാകൂതം കണ്ടിരുന്നു. അതിൽ അവരുടെ സന്തതി പരമ്പരകളും ഉൾപ്പെടും.

രണ്ടായിരത്തിലേക്ക് പ്രവേശിക്കുന്നതോടെ സാങ്കേതികവിദ്യയായി ബന്ധപ്പെട്ട 'അപ്ഗ്രഡേഷൻ ഡെഫിസിറ്റ്' 58-ലെ കൊച്ചന്റെ തലമുറ അനുഭവിച്ചുകാണും. എങ്കിലും, കൈയിൽവെച്ചുകൊണ്ടിരുന്ന അധികാരം അവർക്ക് ആശ്വാസകരമായിരുന്നു. ഒരു ദശകം കഴിയുമ്പോഴേക്കും തലമുറയന്തരം നികത്താൻ പറ്റാത്ത വിടവായി അനുഭവപ്പെടാൻ തുടങ്ങുന്നു. എപ്പോഴുമെന്നപോലെ, പുതുതാം തലമുറയെ പഴിക്കാൻ അതിനുമുമ്പുള്ള തലമുറകൾ ഒറ്റക്കെട്ടാണ്. 58-ലെ നിർവികാര തലമുറയെന്ന് ക്രാന്തദർശിയായ കവിയുടെ ‘അംഗീകാരം’ നേടിയ ആ തലമുറയാണ് 2026-ൽ ജെൻ സി തലമുറയിൽ വൈകാരികപ്രശ്നങ്ങൾ ആരോപിക്കുന്നത്.
വൈലോപ്പിള്ളിയുടെ നിർവികാരതലമുറക്കാരൻ കൊച്ചന്റെ, 58- ൽ കണക്കുക്കൂട്ടിയ പ്രായമായ 14 വെച്ചുനോക്കുകയാണെങ്കിൽ, അന്നത്തെ കൊച്ചന് ഇപ്പോൾ ഏതാണ്ട് 81 വയസ്സായി കാണും. തലമുറമാറ്റം യാഥാർഥ്യമാണെങ്കിലും അത് പല മണ്ഡലങ്ങളിലും സംഭവിക്കുന്നില്ല.
തലമുറകൾ തമ്മിലുള്ള അന്തരത്തെയാണ് വൈലോപ്പിള്ളി രേഖപ്പെടുത്തിയത്. മുതിർന്ന തലമുറ തങ്ങൾക്കുപിറകെയുള്ള തലമുറകളെ നോക്കിക്കാണുന്ന രീതിയും വൈലോപ്പിള്ളിയുടെ നീരിക്ഷണത്തിലുണ്ട്. തലമുറകൾ തമ്മിലുളള അന്തരം യുഗയുഗാന്തരസമസ്യയാണ്. അതിൽ മനുഷ്യസഹജമായ പ്രശ്നം അന്തർഭവിച്ചിട്ടുണ്ട്. സാംസ്കാരികമായ സ്വരച്ചേർച്ചയില്ലായ്മ തലമുറകൾ തമ്മിലുള്ള അന്തരത്തിന് ഹേതുവാകാറുണ്ട്. സാങ്കേതിക ഉപാധികളടെ ഉപയോഗക്ഷമതയും ഈ അന്തരത്തിന് ആക്കം കൂട്ടുന്നു. ഡിജിറ്റൽ ഉപാധികളുടെ കാര്യം മാത്രമല്ല, അതാതു കാലങ്ങളിലെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള പ്രാപ്തി ഈ അന്തരം സൃഷ്ടിക്കുന്നതിൽ സുപ്രധാന ഘടകമാണ്.
വീടുകളിൽ വളരുന്ന ലേറ്റസ്റ്റ് തലമുറ മോൺസ്റ്ററുകളായ ജെൻ -ആൽഫ ആദ്യം പ്രതികരിക്കാൻ പോകുന്നത് ജെൻ -സി യോടായിരിക്കും. അതോടെ ജെൻ -സി ഒരു തലമുറ പിന്നിട്ടിരിക്കും.
സമൂഹത്തിലും സാമ്പത്തിക ഘടനയിലുമുണ്ടാകുന്ന മാറ്റങ്ങൾ ഭാവുകത്വസംഘർഷങ്ങൾക്കിടവെക്കാത്ത ഏതു കാലമാണ് മനുഷ്യയുഗത്തിലുള്ളത്? ഒരു കാലവുമില്ല. യുവതലമുറയെ വഴിതെറ്റിക്കുന്നു എന്നാണ് ഏഥൻസിലെ മുതിർന്ന തലമുറ സോക്രട്ടീസിനെതിരെ ചുമത്തിയ കുറ്റം. നല്ല ജീവിതം പരിശോധനയ്ക്ക് വിധേയമാണെന്ന തത്വമാണ് സോക്രട്ടീസ് മുന്നോട്ടുവെച്ചത്.
ചോദ്യം ചോദിക്കുക എന്നത് ഗുരുതരമായ സാമൂഹികലംഘനമാകുന്നു. ചോദ്യങ്ങൾ പലപ്പോഴും അധികാരത്തിന്റെ അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കുമെതിരായ കൂർത്ത ശരങ്ങളാകുന്നു. സ്വാഭാവികമായി അമ്പുകൊണ്ട ഏതു കുരുക്കളും ആദ്യം പഴിക്കുക ഇളംതലമുറകളെയാണ്. തങ്ങളുടെ യുവതീക്ഷ്ണ കാലത്ത്, 'അവതാളിക'കൾ എഴുതി, തങ്ങൾക്ക് തൊട്ടുമുമ്പുള്ള തലമുറകളെ പ്രകോപിപ്പിച്ചവർ പക്ഷെ പുതുതലമുറയുടെ അനാദരവുകൾ (irreverence) ഔചിത്യക്കുറവായാണ് വിലയിരുത്തുക. ജെൻ-സിയെക്കുറിച്ചുള്ള മില്ലേനിയൽ തലമുറയുടെ അധിക്ഷേപവും അതുപോലെതന്നെ. അവർ അവരുടെ സങ്കല്പലോകത്തിൽ വ്യാമുഗ്ധരാണ് എന്നാണ് ജെൻ സി യുടെ നിർവികാരത വിമർശിക്കപ്പെടാറുള്ളത്. കാര്യങ്ങളെ ഗൗരവമായെടുക്കാത്ത പ്രകൃതത്തെയാണ് നിർവികാരതയായി വിവക്ഷിക്കാറ്.
തലമുറവിഭജനത്തിന്റെ നാന്ദിയായി സംസ്‌കാരികവും സാങ്കേതികവുമായ ഘടകങ്ങൾ നിർണായകമകമായിരിക്കെ, വീടുകളിൽ വളരുന്ന ലേറ്റസ്റ്റ് തലമുറ മോൺസ്റ്ററുകളായ (വി.കെ.എന്നിന്റെ ക്ലാസ്സിക് പ്രയോഗമാണ് ‘മോൺസ്റ്റർ’. ആ 'മോൺസ്റ്ററും’ ഷഷ്ടിപൂർത്തി പിന്നിട്ട്, കൊച്ചുമക്കളെ കളിപ്പിച്ചിരിക്കുന്ന മുതിർന്ന പൗരരാണിന്ന്) ജെൻ -ആൽഫ ആദ്യം പ്രതികരിക്കാൻ പോകുന്നത് ജെൻ -സി യോടായിരിക്കും. അതോടെ ജെൻ -സി ഒരു തലമുറ പിന്നിട്ടിരിക്കും.

തലമുറവൈരുധ്യങ്ങളിൽ പുതുതലമുറ തൊട്ടുമുമ്പത്തെ തലമുറയോട് വിയോജിച്ചാണ് തലമുറപരമായ സ്വത്വനിർണയം നടത്തുക. ഓരോ തലമുറയും ഒരു സവിശേഷ രാഷ്ട്രീയ- സാംസ്കാരിക ഭൂമികയിലാണ് പിറവി കൊള്ളുന്നത്. അവർക്ക് അനുഭവേദ്യമാകുന്ന സംസ്കാരത്തിന്റെ ഭാവഭേദങ്ങൾ പെരുമാറ്റങ്ങളിൽ പ്രകടമാകും. ഇത് ആചാരപരമായ സ്വഭാവമായി മാറാം.
ഓരോ കാലത്തേയും പുത്തൻ തലമുറകളിലെ പുരുഷസമൂഹം തങ്ങളുടെ വ്യതിരിക്തതകൾ പ്രകടമാക്കാൻ തെരഞ്ഞെടുത്തിരുന്നത് ബഷീർ പറഞ്ഞ രോമമതമാണ്. തലമുടി, താടി, കൃതാവ് എന്നിവയൊക്കെ ആവിഷ്‌ക്കാര മാധ്യമങ്ങളായി. പ്രതിഷേധങ്ങളുടെയും നിഷേധങ്ങളുടെയും ആവിഷ്ക്കാരങ്ങളായിരുന്ന അവ ഉപഭോഗവൽക്കരിക്കപ്പെട്ടിരിക്കുകയുമാണ്. ശരീരമാണല്ലോ ബ്രാൻഡുകളുടെ പൂരത്തറ. തലമുറഭേദമെന്യ പ്രകടമാകുന്ന കാര്യമാണിത്. സാമ്പത്തികനിലയിൽ താഴ്ന്ന മധ്യവർഗ്ഗത്തിൽ നിന്ന് സമ്പാദനത്തിലൂടെ സാമ്പത്തികനില മെച്ചപ്പെടുത്തിയവർ, തങ്ങളുടെ അഭിവൃദ്ധി വിദഗ്ദ ക്ഷൗരത്തിലൂടെയും വാഹനങ്ങളിലൂടെയുമാണ് ആവിഷ്‌ക്കരിക്കുന്നത്.
തലമുറകൾ മുമ്പെന്നത്തേക്കാളും വേഗം മാറിമറിയുകയാണ്. നിശ്ശബ്ദ തലമുറ (1925 മുതൽ 1960 വരെ) 35 വർഷത്തെ ദൈർഘ്യമുള്ളതായിരുന്നുവെങ്കിൽ, സഹസ്രാബ്ദ തലമുറ (1970 മുതൽ 1994 വരെ), 24 വർഷത്തിനുശേഷം അവസാനിച്ചു. സാങ്കേതികമാറ്റം വേഗത്തിലാകുമ്പോൾ, വെറും പത്ത് വർഷത്തെ വ്യത്യാസത്തിൽ ജനിച്ചവർ തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലേക്കാണ് കടന്നുവരുന്നത്. ഉദാഹരണത്തിന്, സ്മാർട്ട്‌ഫോൺ യുഗത്തിൽ ജനിച്ച ഒരാൾ, അതിനുമുമ്പുള്ള ഒരാളിൽനിന്ന് വ്യത്യസ്തമായ പെരുമാറ്റങ്ങൾ പ്രകടിപ്പിക്കും. പോപ്പ് ഗാനങ്ങളുടെ അകമ്പടിയിലും ഫ്ലാഷ് മോബുകളിലും നൃത്തം ചെയ്യുന്ന കൗമാരക്കാർ തീവ്രമായ സാംസ്കാരിക അഭിരുചിമാറ്റമാണ് പ്രകടമാക്കുന്നത്. ടെലിവിഷൻ, ഇന്റർനെറ്റ്, സ്മാർട്ട്‌ഫോൺ തുടങ്ങിയ സാങ്കേതികവിദ്യകൾ, നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതിൽ മാത്രമല്ല, നമ്മുടെ മൂല്യങ്ങളിലും വിശ്വാസങ്ങളിലും പ്രകടമായ സ്വാധീനം ചെലുത്തുന്നുവെന്നും കാണിച്ചുതരുന്നു.
ബ്രാൻഡുകളുടെ വിപണി മറ്റേതൊരു തലമുറയെക്കാളും ജെൻ സി തലമുറയെ ഉപഭോഗമുതലാളിത്തശൃംഖലയുടെ ഭാഗമാക്കുന്നു. ഈ വിപണിസാരസ്യം അനുകരിക്കാനാണ് അകമേ ദുർബലമായ മില്ലെന്നിയൽ തലമുറകൾ മത്സരിച്ചുകൊണ്ടിരിക്കുന്നത്.
ഒരു തലമുറയുടെ മൂല്യങ്ങളും വിശ്വാസങ്ങളും പെരുമാറ്റങ്ങളും മറ്റൊരു തലമുറയുമായി ഏറ്റുമുട്ടുമ്പോഴുണ്ടാകുന്ന പൊരുത്തക്കേടാണ് തലമുറസംഘർഷം. വ്യത്യസ്ത തലമുറകൾക്ക് വ്യത്യസ്തമായ പ്രവർത്തനശൈലികളും ആശയവിനിമയശൈലികളും ഉള്ളതിനാൽ, ഇത്തരം സംഘർഷം പലപ്പോഴും ജോലിസ്ഥലത്തും പൊതുസ്ഥലങ്ങളിലും കാണപ്പെടുന്നു. കുടുംബത്തിനകത്തെ കാര്യം പറയേണ്ട. ഓരോ തലമുറയ്ക്കും തങ്ങളുടെ വഴിയാണ് ശരിയെന്നും മറ്റേ തലമുറ തെറ്റാണെന്നും തോന്നുന്നതാണ് തലമുറസംഘട്ടനത്തിനു പിന്നിലെ മനഃശാസ്ത്രം. ഓരോ പക്ഷവും തങ്ങൾ ശരിയാണെന്ന് പരസ്പരം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ ഇത് ആശയവിനിമയവിടവിലേക്ക് നയിച്ചേക്കാം, പൊതുവായ താൽപര്യങ്ങളില്ലാത്തതാണ് ഇതിന് ഒരു കാരണം.
സാങ്കേതികവിദ്യാശീലങ്ങൾ, ശ്രദ്ധയുടെ അഭാവം, വാങ്ങൽ താല്പര്യങ്ങൾ, ഉപഭോഗ പെരുമാറ്റരീതികൾ എന്നിവയിൽ ജെൻ സിയും മില്ലെന്നിയലുകളും വ്യത്യാസപ്പെട്ടിരിക്കുന്നു, കൂടാതെ, ബ്രാൻഡുകളുടെ വിപണി മറ്റേതൊരു തലമുറയെക്കാളും ജെൻ സി തലമുറയെ ഉപഭോഗമുതലാളിത്തശൃംഖലയുടെ ഭാഗമാക്കുന്നു. ഈ വിപണിസാരസ്യം അനുകരിക്കാനാണ് അകമേ ദുർബലമായ മില്ലെന്നിയൽ തലമുറകൾ മത്സരിച്ചുകൊണ്ടിരിക്കുന്നത്.
അഭിലാഷപൂർണ്ണവും അനുഭവാധിഷ്ഠിതവുമായി ബ്രാൻഡ് സംസ്കാരത്തിലേക്ക് ഉപഭോഗമുതലാളിത്തത്തെ നയിച്ച അഗ്രഗാമികൾ മില്ലെന്നിയൽ തലമുറകളാണ്. ഡിജിറ്റൽ മുതലാളിത്തം ആഗോളവിപണി കീഴടക്കുന്നതിനുമുമ്പേ തുടങ്ങിയ പ്രവണതയാണ്. തങ്ങൾ കൈവരിച്ച സാമ്പത്തികാഭിവൃദ്ധിയുടെ അടയാളമായാണ് മില്ലെന്നിയൽ തലമുറ ബ്രാൻഡുകൾ പ്രദർശിപ്പിക്കാൻ തുടങ്ങിയത്. രാഷ്ട്രീയമായി അങ്ങേയറ്റം വ്യവസ്ഥാപിതത്വത്തിന് കീഴപ്പെട്ട തലമുറയാണ് മില്ലെന്നിയൽ. പച്ചയായി പറഞ്ഞാൽ, യാതൊരു തത്വദീക്ഷയുമില്ലാത്ത കരിയറിസ്റ്റ് തലമുറ. ഈ തലമുറഎഴുത്തുകാരുടെയും കലാകാരരുടെയും രാഷ്ട്രീയബോധ്യങ്ങളും ആവിഷ്ക്കാരങ്ങളും മാത്രം മതി, ഇതിന്റെ സൂചകമായി മനസ്സിലാക്കാൻ.

ജെൻ- സിയിലെ ഡിജിറ്റൽ സ്വദേശികൾ സ്മാർട്ട്‌ഫോണുകളും സോഷ്യൽ ഫസ്റ്റ് ഡിസ്ട്രിബ്യൂഷനും ഉപയോഗിച്ചാണ് വളർന്നത്. പുതിയ പ്ലാറ്റ്‌ഫോമുകൾ വേഗത്തിൽ സ്വീകരിക്കാൻ ഇവരെ സഹായിക്കുന്നു. പ്രതികരണശേഷിയുള്ള മൊബൈൽ അനുഭവങ്ങൾ കൂടുതൽ ആവശ്യപ്പെടുന്ന ആപ്പുകൾ, പേജുകൾ, ഇന്ററാക്ടിവ് ഫ്ലോകൾ എന്നിവ ചെറിയ സ്‌ക്രീനിൽ തടസ്സമില്ലാതെ പ്രവർത്തിക്കുന്നു എന്നതാണ് അവരുടെ അടിസ്ഥാന പ്രതീക്ഷ. അതിനാൽ സാങ്കേതിക പ്രകടനവും മൊബൈൽ UX-ഉം ജെൻ സികൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
മുതലാളിത്തം മുമ്പെന്നത്തേക്കാളും സാർവത്രികവും വെല്ലുവിളിക്കപ്പെടാത്തതും ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെപ്പോലും കോളനീകരിക്കുന്നതുമായ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഈ മുതലാളിത്തത്തെയാണ് നവലിബറൽ ആഗോളീകരണമെന്നു വിശേഷിപ്പിക്കുന്നത്. ആഗോളവൽക്കരണം യുഗാന്തര മുതലാളിത്തത്തിന്റെ വിജയമല്ലാതെ മറ്റൊന്നും കാണുന്നില്ല. ആഗോളവൽക്കരണത്തെ ചരിത്രപരമായ പ്രക്രിയയായാണ് മാർക്സിസ്റ്റുകൾ കാണുന്നത്: വ്യവസ്ഥയുടെ അടിസ്ഥാന വൈരുദ്ധ്യങ്ങൾ, മുതലാളിത്ത വികാസത്തിന്റെ വൈരുദ്ധ്യാത്മക യുക്തി. ആ വീക്ഷണകോണിൽ നോക്കുമ്പോൾ, മുതലാളിത്ത പ്രതിസന്ധിയെ മറികടക്കാനുള്ള ഓരോ ശ്രമവും കൂടുതൽ വിനാശകരമായ പ്രതിസന്ധികൾക്ക് വഴിയൊരുക്കും, ഭാവിയിലെ പ്രതിസന്ധികൾ തടയുന്നതിനുള്ള സാധ്യതകളെ ചുരുക്കും- ഇതാണ് ആഗോളവൽക്കരണത്തിന്റെ പ്രത്യേകത.
മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിഭാഗവും ചെറുപ്പക്കാരുടെ- ജെൻ സി യുടെ- അരക്ഷിതാവസ്ഥയെയും അഭിലാഷങ്ങളെയും കുറിച്ച് വലിയ സഹതാപം കാണിക്കുന്നില്ലെങ്കിലും, ഇന്റർനെറ്റ് അവർക്ക് നൽകുന്ന അൽഗോരിതമിക് ലഹരി മറ്റൊരു പരമ്പരാഗത ബഹുജനമാധ്യമവും വാഗ്ദാനം ചെയ്യുന്നില്ല. മിക്ക യുവാക്കളും റാഡിക്കൽ ചിന്തകളാൽ വശംവദരല്ല. റാഡിക്കലിസം പഴയ കാലം വിട്ടുപോന്നിട്ടുമില്ല. എന്നിട്ടും യുവാക്കൾ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നുണ്ട്. പ്രത്യയശാസ്ത്രപരമായ ഡിജിറ്റൽ കാൽപ്പാടുകൾ അവർ അവശേഷിപ്പിക്കുന്നുണ്ട്. കൂറ പാർട്ടിയുടെ പിന്തുണക്കാർ പ്രകടിപ്പിക്കുന്ന രാഷ്ട്രീയബോധ്യം തിരിച്ചറിയപ്പെടാതെ പോകുന്നത്, മില്ലെന്നിയലുകളും എഴുപതുകളുടെ തലമുറയും അവർ പിൻപറ്റിയിരുന്ന രാഷ്ട്രീയമാണ് ശരി എന്ന ബോധ്യത്തിൽനിന്ന് മാറാൻ വിസമ്മതിക്കുന്നതുകൊണ്ടാണ്.
മില്ലെന്നിയലുകളെയും ജെൻ സികളെയും ആകർഷിക്കാൻ പ്രാപ്തിയുള്ള ആശയസങ്കല്പനങ്ങളും നേതൃത്വവും ഇന്ന് ഇടതുപക്ഷത്തില്ല. രാഷ്ട്രീയമായി നിരക്ഷരരായ യുവജനവിഭാഗമാണ് ഇടതുപക്ഷത്തിനൊപ്പമുള്ളത്.
ഇടതുപക്ഷത്തിന് യുവാക്കളെ ഗണ്യമായി സ്വാധീനിക്കാനാകുന്നില്ല. മില്ലെന്നിയലുകളെയും ജെൻ സികളെയും ആകർഷിക്കാൻ പ്രാപ്തിയുള്ള ആശയസങ്കല്പനങ്ങളും നേതൃത്വവും ഇന്ന് ഇടതുപക്ഷത്തില്ല. രാഷ്ട്രീയമായി നിരക്ഷരരായ യുവജനവിഭാഗമാണ് ഇടതുപക്ഷത്തിനൊപ്പമുള്ളത്. നിലവിലെ ഡെമോഗ്രാഫിക് ഡിവിഡന്റ്റ് ഇടതുപക്ഷത്തിന് അനുകൂലമാകുന്നില്ല.
യുവാക്കളുടെ പ്രശ്നം സങ്കീർണമാണ്. തൊഴിലില്ലായ്മ എന്ന യാഥാർഥ്യമാണ് അവർ അഭിമുഖീകരിക്കുന്നത്. സ്ഥിരം ജോലിക്കുപകരം സ്ഥിരതയില്ലാത്ത ജോലികളാണ് സാധാരണ ലഭിക്കുന്നത്. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും (പ്രത്യേകിച്ച് ഭക്ഷണം, യൂട്ടിലിറ്റികൾ, ഗതാഗതം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ) നേരിടാൻ അവരുടെ വേതനത്തിന് കഴിയുന്നില്ല. വലിയ നഗരങ്ങളിൽ, പ്രത്യേകിച്ച് വലിയ നഗരങ്ങളിൽ, അവർക്ക് അസാധ്യമായ വീട്ടുവാടകയും മറ്റു ചെലവുകളും നേരിടേണ്ടിവരുന്നു. അതിന്റെ ഫലമായി ഭൂരിപക്ഷത്തിനും മാതാപിതാക്കളുടെ വീട്ടിൽനിന്ന് മാറിത്താമസിക്കാനോ സ്വന്തമായി കുടുംബം തുടങ്ങാനോ മുഴുവൻ സമയ ജോലി ചെയ്യുമ്പോൾ പോലും സ്വന്തമായി വീട് പണിയെടുക്കാനോ കഴിയുന്നില്ല എന്ന യാഥാർഥ്യവുമുണ്ട്. കോർപ്പറേറ്റ് ഭൂവുടമകൾ നഗരജീവിതം കോളനിവൽക്കരിച്ചിരിക്കുന്നു.
കാലാവസ്ഥാ, പാരിസ്ഥിതിക തകർച്ചകൾ ജെൻ സി ഇതിനകം അനുഭവിച്ചുവരികയാണ്. ജലക്ഷാമം, കടുത്ത ചൂട്, ഭക്ഷ്യ അരക്ഷിതാവസ്ഥ, നിർബന്ധിത കുടിയേറ്റം, ജൈവവൈവിധ്യത്തിന്റെ തകർച്ച- എല്ലാം രൂക്ഷമായാണ് ജെൻ സിക്ക് അനുഭവപ്പെടുന്നത്. കത്തുന്ന ഒരു ഗ്രഹത്തെയാണ് തങ്ങൾക്ക് കൈമാറിയതെന്ന പ്രതിഷേധം മൂലം, രാഷ്ട്രീയ വ്യവസ്ഥിതിയോടും രാഷ്ട്രീയക്കാരോടും അടങ്ങാത്ത പ്രതിഷേധം ജെൻ സി തലമുറകളുടെയുള്ളിൽ നുരച്ചുപൊന്തുന്നുണ്ട്. തൊഴിൽ കമ്പോളത്തെ നവലിബറൽ മൂലധനം പരിപൂർണമായും പിടിമുറുക്കി എന്നതിന്റെ യാഥാർഥ്യമാണ്, ഗിഗ് തൊഴിൽ മേഖലകളുടെ വ്യാപനം.

ജെൻ സിയുടെ സാമൂഹിക ജീവിതം:
ബന്ധങ്ങളും ഒറ്റപ്പെടലുകളും
ഏറ്റവും ഒറ്റപ്പെട്ട തലമുറയാണ് ജെൻ-സി എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. മനുഷ്യരോട് ഇടപെഴകാനും സംസാരിക്കാനും ഏറ്റവും മികച്ച സാങ്കേതികവിദ്യയുണ്ട്, എന്നിട്ടും സുഹൃത്തുക്കളെയും ബന്ധങ്ങളെയും കണ്ടെത്തുന്നതിൽ അവരിപ്പോഴും ബുദ്ധിമുട്ടുന്നു. സോഷ്യൽ മീഡിയ നിരന്തര താരതമ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. മറ്റുള്ളവർ യാത്ര ചെയ്യുന്നതും, പരിപാടികളിൽ പങ്കെടുക്കുന്നതും, സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതും കാണുന്നത്, എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭയം മറ്റൊരാളിൽ സൃഷ്ടിക്കും. ഇത് സാധാരണ FOMO എന്നറിയപ്പെടുന്നു. Fear of Missing Out. ഒറ്റപ്പെടുമെന്ന ഭീതി. കാലക്രമേണ, ഇത് ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും വികാരങ്ങൾ ശക്തമാക്കും.
ഫോമോ എന്നതിനു നേർവിപരീതമായി ജോമോ (JOMO) എന്ന വികാരവും സാമൂഹ്യമാധ്യമം പ്രോത്സാഹിപ്പിക്കുന്നു. Joy of missing out. എന്നിരുന്നാലും loneliness, isolation എന്നൊരു സാമൂഹ്യാവസ്ഥയ്ക്ക് ഇത് കാരണമാകുന്നു. മധ്യവർഗ കുടുംബാന്തരീക്ഷത്തിൽ പരസ്പരം സംവേദനത്തിന് സമയം കണ്ടെത്താനാകാത്ത സാഹചര്യം ഈയൊരു സാമൂഹിക മാനസികാവസ്ഥയെ സങ്കീർണമാക്കുന്നു.
സാമൂഹികമായി ഒറ്റപ്പെട്ടതായി തോന്നുമ്പോഴും ദിവസവും നൂറുകണക്കിനാളുകളുമായി ആശയവിനിമയം നടത്താൻ കഴിവുള്ള ആദ്യ തലമുറയായിരിക്കാം ജെൻ സിയുടേത്. ഓൺലൈൻ ആശയവിനിമയം സൗഹൃദങ്ങൾക്ക് പൂരകമാകുമെങ്കിലും അത് സ്ഥിരമായ, മുഖാമുഖ ഇടപെടലിന്റെ മൂല്യത്തിന് പകരം വയ്ക്കുന്നതായി മാറുന്നു. സാങ്കേതികവിദ്യ ആശയവിനിമയവേദികൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, അത് പരസ്പര ഇടപെടലുകളുടെ സ്വഭാവത്തെ മാറ്റിമറിച്ചു. ജെൻ സിയെ സംബന്ധിച്ച്, സോഷ്യൽ മീഡിയ എന്നത് നിത്യജീവിതാനുഭവവും അതേസമയം മാനസിക സമ്മർദ്ദത്തിന്റെ ഉറവിടവുമാണ്. ഒരുവശത്ത് ഇൻസ്റ്റഗ്രാം, ടെലിഗ്രാം, സ്നാപ്പ്ചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ തൽക്ഷണ ആശയവിനിമയവും അനുഭവങ്ങൾ പങ്കിടാനുള്ള സാഹചര്യവും അനുവദിക്കുന്നു. മറുവശത്ത്, അവ താരതമ്യങ്ങൾ, സ്വയംപ്രകാശനത്തിലെ അഭാവങ്ങൾ, അപര്യാപ്തത എന്നിവ വളർത്തിയെടുക്കുന്നു. ഓൺലൈൻ ജീവിതത്തിന്റെ ക്യൂറേറ്റഡ് സ്വഭാവം ഒരാളുടെ യഥാർത്ഥ അനുഭവങ്ങളും സ്‌ക്രീനുകളിൽ കാണുന്ന ആദർശവൽക്കരിച്ച പ്രതിനിധാനങ്ങളും തമ്മിലുള്ള വിച്ഛേദനത്തിലേക്കാണ് നയിക്കുന്നത്.
കൂടാതെ, ഡിജിറ്റൽ പരിസ്ഥിതി പലപ്പോഴും മുഖാമുഖ ഇടപെടലുകളെ വെർച്വൽ ഇടപെടലുകളുമായി പുനഃസ്ഥാപിക്കുന്നു. പുതുതലമുറയിലെ ഏകദേശം 40% പേർ തങ്ങളുടെ ഓൺലൈൻ സാന്നിധ്യം നിലനിർത്താനുള്ള സമ്മർദ്ദത്താൽ അമിതഭാരം അനുഭവിക്കുന്നതായി പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള 2020- ലെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉത്കണ്ഠ (anxiety), വിഷാദം, അപകർഷത എന്നിവയിലേക്ക് നയിക്കുന്നു (സൈബർ ഉപസംസ്കാരത്തിലെ ഇൻസെൽ ഗ്രൂപ്പുകളിൽ ഇതെങ്ങനെ ഹിംസാത്മക ആണത്തത്തിന്റെ രൂപാന്തരീകരണമായി മാറുന്നുവെന്ന് ഈ പരമ്പരയിലെ സൈബർ ഉപസംസ്കാരങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ഹ്രസ്വ പാരമ്പരയെക്കുറിച്ചുള്ള ട്രൂകോപ്പി വീഡിയോ വിശകലനത്തിലും ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്).
ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ യഥാർത്ഥ മനുഷ്യ ഇടപെടൽ കുറയുന്നു. ഏകാന്തതയുടെയും ഉറക്കമില്ലായ്‌മയുടെ പ്രശ്‌നങ്ങൾ അലട്ടുന്നു. ഒരു ആദർശവൽക്കരിച്ച ഓൺലൈൻ വ്യക്തിത്വവുമായി തുടരാനുള്ള സമ്മർദ്ദം മാനസികാരോഗ്യത്തെ ബാധിക്കുകയും വിഷാദത്തിന് കാരണമാവുകയും ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുകയും ചെയ്തേക്കാം.
ഡിജിറ്റൽ ലോകത്താണ് ജെൻ സി വളർന്നത്. പോർണോഗ്രാഫി ഉൾപ്പെടെയുള്ള ഉള്ളടക്കത്തിലേക്ക് നിർബാധം 24/7 ആക്‌സസ് ഉള്ളതിനാൽ, അവരുടെ തലച്ചോറ് അമിതമായി ഉത്തേജിപ്പിക്കപ്പെടുന്നു - പ്രത്യേകിച്ച് രാത്രി. സ്ക്രീൻവെളിച്ചം, മാനസികമായ അമിത ഉത്തേജനം, ഒറ്റപ്പെടുമോ എന്ന ഭയം (FOMO) എന്നിവയെല്ലാം ഉറക്കം വൈകുന്നതിന് കാരണമാകുന്നു. സ്ലീപ്പ് ഫൗണ്ടേഷന്റെ പഠനമനുസരിച്ച്, നിലവിൽ ഏറ്റവും കൂടുതൽ ഉറക്കക്കുറവ് അനുഭവിക്കുന്ന തലമുറയാണ് ജെൻ സി. അവരുടെ ഏകാന്തത ഡിജിറ്റൽ ജീവിതത്തിന്റെ ആകസ്മികമായ ഉപോൽപ്പന്നമല്ല, മറിച്ച് ശ്രദ്ധാ സമ്പദ്‌വ്യവസ്ഥയുടെ (attention economy) മനഃപൂർവ്വമായ ഫലമാണ്. മനുഷ്യശ്രദ്ധ പണമായി മാറ്റാവുന്ന (monetize) വസ്തുവായി കണക്കാക്കപ്പെടുന്നു. ഉൽക്കണ്ഠ (anxiety), സാമൂഹിക താരതമ്യം, അരക്ഷിതാവസ്ഥ എന്നിവ വളർത്തിയെടുക്കുന്നതിലൂടെ സ്ക്രീൻ സമയം പരമാവധിയാക്കുംവിധമാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. യുവാക്കൾ ഇതിന് മാനസികമായി വലിയ വില നൽകിക്കൊണ്ടിരിക്കുകയാണ്.
മനുഷ്യരുടെ ജൈവാവസ്ഥയായ ഉറക്കത്തെയും അൽഗോരിതമിക് മുതലാളിത്തം കോളനീകരിക്കുന്നു. സാമൂഹികമായ വിമർശനാത്മക അവബോധം നഷ്ടപ്പെടുന്ന ഒരു തലമുറ നരവംശപരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
മുതിർന്നവരായിരിക്കുമ്പോഴാണ് മില്ലെന്നിയൽ തലമുറകൾക്ക് സ്മാർട്ട്‌ഫോണുകൾ ലഭിച്ചത്. അതുകൊണ്ട് ഉപയോഗത്തെ മൂല്യനിർണയം ചെയ്യാൻ ഇവർക്ക് സാധിക്കുന്നു. എന്നാൽ ജെൻ സി തലമുറ ടാബ്‌ലെറ്റുകളും ടച്ച് സ്‌ക്രീനുകളും ഉപയോഗിച്ചാണ് വളർന്നത്. ഇൻസ്റ്റയിലെയും യൂട്യൂബിലെയും അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം രൂപകൽപ്പന ചെയ്‌തിരിക്കുന്നത് പിടിവിടാതെ മാനസികമായി അടിമപ്പെടുത്താനാണ്. ഇതിന്റെ ഫലമോ, ഉറക്കം നീട്ടിവെയ്ക്കപ്പെടുന്നു. നിശാമൂങ്ങകളാണോ അതോ നേരത്തെ എഴുന്നേൽക്കുന്നവരാണോ എന്നത് പരിഗണിക്കാതെ, കുറഞ്ഞ ഉറക്കദൈർഘ്യം, കുറഞ്ഞ ഗുണനിലവാരമുള്ള വിശ്രമം, അടുത്ത ദിവസം കൂടുതൽ ക്ഷീണം എന്നിവ മാനസിക പിരിമുറുക്കമുണ്ടാക്കുന്നു.
മനുഷ്യരുടെ ജൈവാവസ്ഥയായ ഉറക്കത്തെയും അൽഗോരിതമിക് മുതലാളിത്തം കോളനീകരിക്കുന്നു. സാമൂഹികമായ വിമർശനാത്മക അവബോധം നഷ്ടപ്പെടുന്ന ഒരു തലമുറ നരവംശപരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. പങ്കാളികൾ തമ്മിലുള്ള സാമൂഹിക അകലം വിപൽക്കരമായ പരിണിതയിലേക്കാണ് നയിക്കുക.
ജോനാഥൻ ഹൈഡ്റ്റ് (Jonathan Haidt) ‘‘The Anxious Generation, How the great Rewiring of Childhood is causing an epidemic of mental illness" എന്ന പുസ്തകത്തിൽ, ഉത്കണ്ഠാകുലരായ തലമുറയിൽ സാങ്കേതികവിദ്യ നൽകിയ സ്വാതന്ത്ര്യം സൃഷ്ടിച്ച അർത്ഥശൂന്യതയെക്കുറിച്ചു പ്രതിപാദിക്കുന്നു. എന്തുകൊണ്ടാണ് 2010-കളിൽ ആൺകുട്ടികളുടെ മാനസികാരോഗ്യം മോശമായത്? എല്ലായിടത്തും എല്ലായ്‌പ്പോഴും സൗജന്യമായും തടസമില്ലാതെയും പ്രവേശിക്കാൻ അവർക്ക് അവസരം ലഭിച്ചതുപോലെ മറ്റൊരു തലമുറക്കും ലഭിച്ചിട്ടില്ല. ഇത് അനാരോഗ്യകരമായ മാനസികാവസ്‌ഥ സൃഷ്ടിക്കാം എന്നാണ് ജോനാഥൻ ഹൈഡ്റ്റ് വിശദീകരിക്കുന്നത്. എമിൽ ഡർക്ക്ഹൈമിന്റെ കേന്ദ്ര ആശയം ഈ സന്ദർഭത്തിൽ ജോനാഥൻ ഹൈഡ്റ്റ് അവതരിപ്പിക്കുന്നു. അനോമി (anomie) അല്ലെങ്കിൽ വ്യവസ്ഥയില്ലായ്മ (normlessness) എന്നതാണ് ഇത്. സ്ഥിരവും വ്യാപകവുമായി പങ്കിടപ്പെടുന്ന വ്യവസ്ഥകളുടെയും നിയമങ്ങളുടെയും അഭാവമാണിത്.

വ്യക്തികൾ അധിവസിക്കുന്ന യഥാർത്ഥ ലോകസമൂഹങ്ങളിൽ വേരൂന്നാൻ മുൻ തലമുറകൾക്ക് സാധിച്ചതുപോലെ ജെൻ സിക്ക് കഴിയുന്നില്ല എന്നാണ് ജോനാഥൻ ഹൈഡ്റ്റ് നീരിക്ഷിക്കുന്നത്. മനുഷ്യർ പരിണമിക്കുന്ന സാമൂഹികാന്തരീക്ഷമാണ് സമൂഹങ്ങൾ. മനുഷ്യന്റെ ബാല്യവും പരിണമിക്കുന്നു. ഇതിനു വിപരീതമായി, വലിയ റീവയറിങ്ങിനു (re-wiring) ശേഷം വളരുന്ന കുട്ടികൾ ഒന്നിലധികം നെറ്റ്‌വർക്കുകളിലൂടെ കടന്നുപോകുന്നു. അവർ അപരനാമങ്ങളും അവതാരങ്ങളും ഉപയോഗിക്കുന്നു. അവരിൽ പലരും അടുത്ത വർഷത്തോടെ അല്ലെങ്കിൽ ഒരുപക്ഷേ നാളെയോടെ നെറ്റ്‌വർക്കിൽ നിന്ന് അപ്രത്യക്ഷരാകും. ദശലക്ഷക്കണക്കിന് ബിറ്റ് പ്ലെയറുകളുടെ (bit players) മാറിമാറിവരുന്ന മീമുകളുടെയും ഫാഡുകളുടെയും ക്ഷണികമായ മൈക്രോ ഡ്രാമകളുടെയും ദൈനംദിന ചുഴലിക്കാറ്റാണ് നെറ്റ്‌വർക്കുകളിലെ ജീവിതം. അവയെ ഉറപ്പിക്കാനോ പോഷിപ്പിക്കാനോ അവയ്ക്ക് വേരുകളില്ല; പ്രായപൂർത്തിയാകാനുള്ള പാതയിലേക്ക് അവരെ നിയന്ത്രിക്കാനും നയിക്കാനും അവർക്ക് വ്യക്തമായ വ്യവസ്ഥകളില്ല.
ജീവിതം പലപ്പോഴും അർത്ഥശൂന്യമാണെന്ന് തോന്നുന്ന പ്രതീതിയോട് 2010- കളുടെ തുടക്കത്തിൽ ആൺകുട്ടികളും പെൺകുട്ടികളും പെട്ടെന്ന് പൊരുത്തപ്പെടാൻ തുടങ്ങിയതിന്റെ കാരണം, ‘അനോമി’ എന്ന സങ്കൽപനത്താൽ വിശദീകരിക്കാം. സഹസ്രാബ്ദാനന്തര തലമുറയുടെ ബോധം വിച്ഛേദിക്കപ്പെട്ടു. മനുഷ്യകുട്ടികളും മനുഷ്യശരീരങ്ങളും മനുഷ്യസമൂഹങ്ങളിൽ വേരൂന്നിയതായിരിക്കണം എന്നാണ് ജോനാഥൻ ഹൈഡ്റ്റ് പറയുക. ചൊവ്വയിലേക്ക് അയയ്ക്കുന്നതിനുമുമ്പ് കുട്ടികൾ ഭൂമിയിൽ വളരണം. ജെൻ സി തലമുറ മേൽപ്പറഞ്ഞ നീരിക്ഷണങ്ങളോടും കണ്ടെത്തലുകളോടും വിയോജിക്കുകയേ ഉള്ളൂ. ആരെയും എന്തിനെയും കുറിച്ച് വിധിപ്രസ്താവിക്കാനുള്ള തീവ്ര ഇച്ഛയാണ്, മില്ലെന്നിയൽ തലമുറകളും അതിനുമുമ്പുള്ള തലമുറകളും സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നത് എന്നാണ് ജോനാഥൻ ഹൈഡ്റ്റിന്റെ കണ്ടെത്തൽ. Judgmental വിശദീകരണം കാലഹരണപ്പെട്ട കീഴ്‍വഴക്കമാണ് എന്നാണ് ജെൻ സി, തൊട്ടുമുമ്പുള്ള തലമുറകളെ ബോധവല്ക്കരിക്കുന്നത്.
തലമുറയന്തരവും
ചങ്ങലക്കെട്ടുകളും
തലമുറയന്തരം ആഗോളീകൃത യാഥാർഥ്യമാണ്. ആഗോളവൽക്കരിക്കപ്പെട്ട സമൂഹം എന്ന നിലയിൽ കേരളത്തിലെ സാമൂഹിക ജീവിതത്തിലും തലമുറയന്തരത്തിന്റെ പ്രശ്നങ്ങൾ പ്രകടമാണ്. തലമുറയന്തരം ഏറ്റവും രൂക്ഷം ഒരുവിധപ്പെട്ട മണ്ഡലങ്ങളിലെല്ലാം അധികാരത്തിൽ പിടിമുറുക്കിയിരിക്കുന്ന വൈലോപ്പിളിയുടെ "നിർവികാര തലമുറ’’ക്കാരെക്കൊണ്ടാണ്. രാഷ്ട്രീയ ആധുനികതയുടെയും അതിനുമുമ്പ് അൽപ്പകാലത്തേക്ക് കേരളത്തിൽ കാറ്റടിച്ചുപോയ അസ്തിത്വവാദത്തിന്റെയും തലമുറക്കാരാണിവർ. ആദർശത്തിന്റെ ഒരു സാർവത്രിക മാനദണ്ഡം സൃഷ്ടിച്ച ഈ തലമുറ തന്നെയാണ് അതിന്റെ ഏറ്റവും വലിയ ലംഘകരും. കാലഹരണപ്പെട്ട ആശയഗതിയും വിശ്വാസസംഹിതകളും ഏറ്റുപിടിച്ചു നടക്കുന്നവർ തുടങ്ങി സ്വയം നവീകരണക്ഷമത പ്രകടിപ്പിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്.
എങ്കിലും സർവമേഖലയിലും അധീശത്വം സ്ഥാപിച്ചിരിക്കുന്ന ഈ എഴുപതുകളുടെ തലമുറ അവരുടെ സന്തതിപരമ്പരകൾക്കും അനുചരവൃന്ദങ്ങൾക്കും അനുകർത്താക്കൾക്കുമപ്പുറം, മറ്റൊരു ലോകം ദർശിക്കാനുള്ള കാഴ്ചാപരിമിതിയുള്ളവരാണ്. കഴിഞ്ഞ 25 വർഷങ്ങളിൽ സർവത്ര മേഖലയിലും ഈ തലമുറയുടെ അപ്രമാദിത്വമാണ്. ഏതു വിഷയത്തിലും ആത്യന്തികമായി വിധി പ്രസ്താവിക്കാനുള്ള ഉത്തരവാദിത്വം തങ്ങളുടെയാണെന്നു സ്വയം വിശ്വസിക്കുന്ന ഈ തലമുറ, ഒരുവേള പോലും സത്യസന്ധമായി ആത്മവിചാരണ ചെയ്യാനോ സ്വയം വിമർശിക്കാനോ തയ്യാറല്ല. തങ്ങളുടെ പഴയ ധീരസാഹിത്യം അങ്ങേയറ്റം അനുരഞ്ജനപ്പെട്ട കാലത്തും, തങ്ങളുടെ ധാർമിക ധിക്കാരം സ്ഥാപിക്കാനും അടിച്ചേൽപ്പിക്കാനും ഉപയോഗപ്പെടുത്തുന്ന ഈ തലമുറയാണ് കേരളത്തിലെ തന്തവൈബിന്റെയും അമ്മാവൻവൈബിന്റെയും മൊത്ത കച്ചവടക്കാർ.
മില്ലെന്നിയൽ തലമുറക്കാരുടെ ഭാവുകത്വത്തെ മുഴുവൻ ശിക്ഷണം ചെയ്തെടുത്തത് എഴുപതുകളുടെ തലമുറയാണ്. അതിനാൽ, വിധേയമനോഭാവമുള്ള മില്ലെന്നിയൽ തലമുറ എഴുപതുകളുടെ തലമുറയ്ക്കും ജെൻ സി ക്കുമിടയിൽ ഞെരുങ്ങുകയാണ്.
എന്നാൽ, കൊച്ചുമക്കളുടെ തലമുറകളെ സ്നേഹവാൽസ്യത്തോടെ പരിലാളിക്കാൻ തയ്യാറാകുന്ന ഈ എഴുപതുകളുടെ തലമുറ അധീശത്വനിർവഹണത്തിൽ അങ്ങേയറ്റം നിപുണരുമാണ്. അനുചരവൃന്ദങ്ങളെ ബുദ്ധിപരമായി യഥാസ്ഥാനങ്ങളിൽ നിയോഗിച്ചതിന്റെ ഫലമായി, ഏറ്റവും കാലഹരണപ്പെട്ട വിധിപ്രസ്താവങ്ങൾ പോലും മാധ്യമ അനുയായിവൃന്ദങ്ങളിലൂടെ, സാർവത്രികമായി അംഗീകരിക്കപ്പെട്ട ലോകവീക്ഷണങ്ങളെന്ന നിലയ്ക്ക് ഉറപ്പിച്ചെടുക്കാൻ ഇവർക്ക് സാധിക്കുന്നു. അങ്ങനെ അനുദിനം ജീവിതശൈലീപരമായും സാംസ്കാരികമായും ഭാവുകത്വപരമായും കേരളത്തെ കഴിഞ്ഞ നൂറ്റാണ്ടിലെ ഭാവനയുടെ ചങ്ങലക്കെട്ടിൽ തളച്ചിരിക്കുന്നതിനെതിരായ പ്രതിഷേധമാണ് കേരളത്തിൽ നിന്ന് രക്ഷപ്പെടാൻ വെമ്പൽ കൊള്ളുന്ന ഓരോ പുതുതലമുറക്കാരനും പ്രകടമാക്കുന്നത്.
കേരളത്തിലെ മില്ലെന്നിയൽ തലമുറ ഈ പോയ കാലത്തെ, അതായത്, എഴുപതുകളുടെ തലമുറയുടെ ശിഷ്യഗണങ്ങളോ അനുയായികളോ അനുകർത്താക്കളോ ആണ്. മില്ലെന്നിയൽ തലമുറക്കാരുടെ ഭാവുകത്വത്തെ മുഴുവൻ ശിക്ഷണം ചെയ്തെടുത്തത് എഴുപതുകളുടെ തലമുറയാണ്. അതിനാൽ, വിധേയമനോഭാവമുള്ള മില്ലെന്നിയൽ തലമുറ എഴുപതുകളുടെ തലമുറയ്ക്കും ജെൻ സി ക്കുമിടയിൽ ഞെരുങ്ങുകയാണ്. മാറാനുള്ള വെമ്പലുണ്ടെങ്കിലും പഴയ ഭാവുകത്വത്തിന്റെ പിടിയിൽനിന്ന് അയയാനുള്ള ത്രാണിയുമില്ല. അതിനു കാരണം, സ്വന്തമായി പുതിയൊരു അനുഭവ ആഖ്യാനം സൃഷ്ടിക്കാൻ സാധിക്കാത്ത തലമുറയാണ് കേരളത്തിലെ മില്ലെന്നിയൽ തലമുറ എന്നതാണ്. അടിസ്ഥാനപരമായി വികസിപ്പിച്ചെടുത്ത 'കരിയറിസ’ത്തിന് എഴുപതുകളുടെ തലമുറയോട് കടപ്പെട്ടിരിക്കുന്നതിനാൽ, സ്വാച്ഛന്ദ്യരഹിതമായ അനുഭവലോകമാണ് ഇവരുടേത്. പല സ്ഥാപനങ്ങളും നയിക്കുന്നത് ഈ മില്ലെന്നിയൽ തലമുറക്കാരാണ്. അവർ തങ്ങളുടെ മുൻതലമുറ സൃഷ്ടിച്ചുവെച്ച പ്രോട്ടോകോളുകൾ കൃത്യമായി പരിപാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിലപ്പുറം ഒന്നും പുതുതായി വികസിപ്പിക്കുന്നില്ല. സാംസ്കാരിക ആവിഷ്ക്കാരങ്ങളിൽ വിച്ഛേദപരമായ ഒരനുഭവം അസാധ്യമാകുന്നതിന്റെ പ്രധാന കാരണം, പ്രോട്ടോകോളുകളുടെ സംരക്ഷണത്തിനപ്പുറം, വിസ്തൃത വീക്ഷണമില്ലാത്തതാണ്. ജീവിതത്തിന്റെ പ്രോട്ടോകോളുകൾ സർഗാത്മകമായി പുതുക്കിപ്പണിയുന്ന ജെൻ- സി തലമുറയുമായി സംഘർഷത്തിലാണെന്നു മാത്രമല്ല, ഓരോ വികാസഗതിയിലും ഇളിഭ്യരാകാൻ വിധിക്കപ്പെട്ടവരാണ് മില്ലെന്നിയൽ തലമുറ.
വെർച്വൽ ലോകാന്തര അനുഭവങ്ങളിലൂടെ സ്ഥല-കാല പരിധികൾ ഭേദിച്ച് പുതുതലമുറകൾ, മനംമടുപ്പിക്കുന്ന സദാചാരബദ്ധമായ കേരളം വിട്ടുപോകാൻ വെമ്പൽപ്പെടുന്നു. സ്വയം നവീകരിക്കാൻ വിമുഖത കാണിക്കുന്ന തലമുറകളുടെ നിയന്ത്രണത്തിലാണ് വിദ്യാഭ്യാസം ഉൾപ്പടെ പുതുതലമുറ പ്രതീക്ഷകളോടെ കടന്നുവരുന്ന ഓരോ മേഖലയും. അവിടെയൊക്കെ ആഴത്തിൽ ഗ്രസിച്ചിരിക്കുന്നത് പഴകിയ ശീലങ്ങളും മുരടിച്ച ഭാവുകത്വവുമാണ്. ഈയൊരു ദുരന്തപൂരിതമായ സാഹചര്യം സംസ്കാരത്തിന് ജീവാപായസാധ്യത മാത്രമേ സൃഷ്ടിക്കുന്നുള്ളൂ എന്ന തിരിച്ചറിവാണ്, പുതുതലമുറക്കാരെ ഏറ്റവും അസ്വസ്ഥമാക്കുന്നത്.

ഈ 25 വർഷങ്ങളിൽ തലമുറയന്തരം കൂടുതൽ സങ്കീർണമായി. കാലാവസ്ഥാമാറ്റം പോലുള്ള ഗൗരവകരമായ പ്രശ്നങ്ങളെക്കുറിച്ചും ആശങ്കകുലരാണ് പുതുതലമുറ. എന്നാൽ, കാലാവസ്ഥാമാറ്റം പോലുള്ള ഗൗരവപ്രശ്ങ്ങൾ ഒരു അധികാരപ്രയോഗത്തിന്റെ മണ്ഡലമായി മാറ്റിയെടുത്തിരിക്കുകയാണ് എഴുപതുകളുടെ തലമുറ. യഥാർത്ഥത്തിൽ, കാലാവസ്ഥാക്കേടുകൾക്ക് പല നിലയിലും കാരണഭൂതമായ ആധുനികതയുടെ ഒളിച്ചുവെച്ച ഹിംസ മനസ്സാൽ പേറുന്ന മുൻതലമുറകളാണ്, അവർക്ക് നിലവിലെ ആയുസ്സിന്റെ ക്രമംവെച്ച് അനുഭവിക്കേണ്ടിവരാൻ സാധ്യതയില്ലാത്ത ഈ പ്രശ്നത്തെക്കുറിച്ചും ആത്യന്തികമായി വിധിയെഴുതാൻ ഉത്സാഹം കാണിക്കുന്നത്. ആഗോളീകൃതസമൂഹം എന്ന നിലയിൽ കേരളത്തിലെ പുതുതലമുറകളുടെ പ്രശ്നവും ആഗോളപ്രശ്നങ്ങളിൽ നിന്ന് വേർപ്പെടുത്താൻ കഴിയാത്തതാണ്. മുൻതലമുറയുടെ അധീശത്വവാഴ്‌വുമൂലം, കേരളത്തിലെ തലമുറയന്തരത്തെ സമചിത്തതയോടെയും ഹൃദയവിശാലതയോടെയും സമീപിക്കാനാകുന്നില്ല.
ഏകാധിപത്യ ബോധത്തോടെ പെരുമാറുന്ന, വൈലോപ്പിള്ളി ആക്ഷേപിച്ച ആ ‘നിർവികാര തലമുറ’യുടെ അപ്രമാദിത്വത്തിന് അയവുവരാതെ, പുതുതലമുറയുടെ പുതുപ്രശ്നങ്ങളെയും പുതുപ്രതീക്ഷകളെയും പുതുകാഴ്ചപ്പാടോടെ സമീപിക്കാൻ സാധിക്കുകയുമില്ല.
(അവസാനിക്കുന്നില്ല).

