പൊന്നിൽ
പണി തരുന്നത്
പണയമല്ല,
പരസ്യമാണ്

സ്വർണം വിൽക്കാൻ പ്രേരിപ്പിക്കുന്ന വൻകിട കച്ചവടക്കാരുടെ പരസ്യങ്ങൾ നിരന്തരം നമുക്കു മുന്നിലെത്തുന്നു. ഇത് വലിയൊരു കച്ചവട തന്ത്രമാണ്. ദീർഘകാലനിക്ഷേപം എന്ന തരത്തിൽ സ്വർണം സൂക്ഷിക്കുന്നവരെ ഭയത്തിലാക്കി സ്വർണം വിൽപ്പിച്ച് കുറഞ്ഞ വിലയിൽ കൈക്കലാക്കുന്ന വമ്പൻ സ്വർണ കച്ചവടക്കാരുടെ തന്ത്രം- എം. ഷിയാസ് എഴുതുന്നു.

‘‘പണയം പണി തരും, ഇപ്പോൾ സ്വർണം വിൽക്കുന്നതാണ് നല്ലത്", അടുത്തിടെ ടി.വിയിലും യൂട്യൂബിലും സ്വർണം വിൽക്കാൻ നിരന്തരം നമ്മളെ പ്രേരിപ്പിക്കുകയാണ് വൻകിട സ്വർണ കച്ചവടക്കാരുടെ പരസ്യങ്ങൾ. ‘സ്വർണം വിൽക്കാൻ എങ്ങും പോകേണ്ട, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മാത്രം മതി’യെന്ന് മറ്റൊരു സംഘം. കുറേനാൾ മുൻപ് "വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ പണവും തേടി നടക്കുന്നു" എന്നായിരുന്നു തകർത്തോടിയിരുന്ന മറ്റൊരു പരസ്യവാചകം.

ഇതൊക്കെ കാണുമ്പോൾ ആകെയൊരു കൺഫ്യൂഷനടിക്കുന്നില്ലേ? ഒരു സമ്പാദ്യമാകട്ടെയെന്നു കരുതി വലിയ വിലയ്ക്ക് വാങ്ങിയ സ്വർണം, വാങ്ങിയ നാളിനേക്കാൾ വിലയിടിഞ്ഞുനിൽക്കുന്ന ഈ അവസ്ഥയിൽ ഇനിയും വില താഴും മുൻപ് വിറ്റു കാശാക്കുന്നതാണോ ബുദ്ധി?
അതോ വില കൂടുമെന്നു കരുതി കാത്തിരിക്കണോ? നമ്മളെ ഇങ്ങനെ ആശയക്കുഴപ്പത്തിലാക്കുന്നതിൻ്റെ പിന്നിൽ വൻകിട സ്വർണക്കച്ചവടക്കാരുടെ ലാഭ താല്പര്യങ്ങളാണെന്നത് അധികമാരും മനസ്സിലാക്കുന്നില്ല. പരസ്യം ഇരുകൈയും നീട്ടിവാങ്ങുന്ന മുഖ്യധാരാ മാധ്യമങ്ങൾ അത് അന്വേഷിക്കുകപോലുമില്ല.

ഇവിടെ പണി തരുന്നത് പണയമല്ല, പരസ്യമാണ്. കാരണമെന്തെന്ന് നോക്കാം.

2026 ജനുവരി 29നാണ് കേരളത്തിൽ സ്വർണം ഏറ്റവും കൂടിയ വിലയിൽ എത്തിയത്: ഗ്രാമിന് 16,395 രൂപ നിരക്കിൽ ഒരു പവന് 1,31,160 രൂപ. പിന്നീട്, കഴിഞ്ഞ ഒൻപത് മാസത്തിനിടെ സ്വർണ വില ചാഞ്ചാടി കാര്യമായി കുറഞ്ഞ തുകയിൽ എത്തിയത് ജൂൺ 30നാണ്: ഗ്രാമിന് 12,905 രൂപ. അതായത് ഏവരെയും എന്നും ഭ്രമിപ്പിക്കുന്ന ഈ മഞ്ഞലോഹം അതിൻ്റെ ഏറ്റവും ഉയർന്ന വിലയിൽനിന്ന് ഈ വർഷം താഴ്ന്നത് ഗ്രാമിന് 3490 രൂപയാണ്.

സെപ്റ്റംബർ 23ന് സ്വർണവില ഗ്രാമിന് 14,135 രൂപയാണ്, അതായത് ഒരു പവന് 1,13,080 രൂപ.

2026 ജനുവരി 29നാണ് കേരളത്തിൽ സ്വർണം ഏറ്റവും കൂടിയ വിലയിൽ എത്തിയത്: ഗ്രാമിന് 16,395 രൂപ നിരക്കിൽ ഒരു പവന് 1,31,160 രൂപ.
2026 ജനുവരി 29നാണ് കേരളത്തിൽ സ്വർണം ഏറ്റവും കൂടിയ വിലയിൽ എത്തിയത്: ഗ്രാമിന് 16,395 രൂപ നിരക്കിൽ ഒരു പവന് 1,31,160 രൂപ.

സ്വർണത്തിൻ്റെ കാര്യത്തിൽ വൻകിട കച്ചവടക്കാർ നമ്മളോട് വിൽക്കാൻ പ്രേരിപ്പിക്കുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത്, ഇപ്പോൾ വാങ്ങാൻ കഴിയുമോ എന്നതാണ്.

പൊന്നിൻവില
കൂടുന്നതും കുറയുന്നതും

ആഗോളതലത്തിൽ സ്വർണ വിലയെ സ്വാധീനിക്കുന്നത് പ്രധാനമായും അഞ്ച് കാര്യങ്ങളാണ്. അമേരിക്കയുടെ പലിശനിരക്കും കടപ്പത്രനിരക്കുമാണ് അതിൽ പ്രധാനം. പലിശ നിരക്ക് കുറഞ്ഞാൽ സ്വർണവില ഉയരും. അതുപോലെ, യു.എസ് ഡോളർ നിരക്ക്, വിലക്കയറ്റം, യുദ്ധം- അനിശ്ചിതത്വം പോലുള്ള ലോക സാഹചര്യങ്ങൾ, റിസർവ് ബാങ്കിൻ്റെ സ്വർണം വാങ്ങൽ എന്നിവയെല്ലാമാണ് സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് പ്രധാന കാര്യങ്ങൾ.

നിലവിൽ, പശ്ചിമേഷ്യാ സംഘർഷവും കഴിഞ്ഞ ആഴ്ച യു.എസ് പലിശ നിരക്ക് ഉയർത്തിയതും എണ്ണവില വർദ്ധനവിനെ തുടർന്ന് സംഭവിക്കുന്ന വിലക്കയറ്റവുമെല്ലാം കൂടി സ്വർണവിലയിൽ ഇടിവ് വരുത്തുന്നുണ്ട്. അതിൻ്റെ ഭാഗമായി വിലയിൽ കാര്യമായ ചാഞ്ചാട്ടം തുടരുന്നു. ആഗോള തലത്തിലെ സംഘർഷങ്ങളെ തുടർന്ന് സംഭവിക്കുന്ന അനിശ്ചിതത്വം അവസാനിക്കുന്നതുവരെ സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

എത്രവരെ താഴും? ഉയരും?

അപ്പോഴും നമ്മൾ മനസ്സിലാക്കേണ്ട വസ്തുത, ഇത്ര സംഘർഷഭരിതമായിട്ടും ഈ വർഷം സ്വർണ വിലയിലെ ചാഞ്ചാട്ടം ഗ്രാമിന് ഉയർന്ന തലത്തിൽ 16,395 രൂപ മുതൽ താഴ്ന്ന തലത്തിൽ 12,905 രൂപ വരെയാണ് സംഭവിച്ചത് എന്നതാണ്. അതായത്, 12,905 രൂപ സ്വർണവിലയിലെ ഈ വർഷത്തെ സപ്പോർട്ടും 16,395 രൂപ റെസിസ്റ്റൻസുമാണ്. ഓഹരി വിപണിയുടെ തത്വമനുസരിച്ച് നിലവിൽ സ്വർണവില ഒരു കൺസോളിഡേഷൻ കാലയളവിലാണ്. അതായത്, കാര്യമായി താഴാതെയും കാര്യമായി ഉയരാതെയും വില നിൽക്കുന്നു.

നിലവിൽ ഔൺസിന് 4325 ഡോളറാണ് ആഗോള സ്വർണവില. ഗോൾഡ്മാൻ സാഞ്ചസ്, മോർഗൻ സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക, ജെ.പി മോർഗൻ തുടങ്ങിയ ആഗോള നിക്ഷേപ ഭീമന്മാർ ഈ വർഷം സ്വർണവിലയിൽ അവർ കാണുന്ന ലക്ഷ്യം 4900 ഡോളർ മുതൽ 6300 ഡോളർ വരെയാണ്. അതായത്, വരുംനാളുകളിൽ സ്വർണവില ഉയരുമെന്നുതന്നെ അവർ കണക്കാക്കുന്നു.

നിലവിലെ വിപണിയിൽ യുദ്ധം കൊണ്ടുള്ള അനിശ്ചിതത്വത്തിൽ ഇടിവ് വരുന്നതോടെ സ്വർണവില കൂടുമെന്നാണ് പ്രതീക്ഷ.
നിലവിലെ വിപണിയിൽ യുദ്ധം കൊണ്ടുള്ള അനിശ്ചിതത്വത്തിൽ ഇടിവ് വരുന്നതോടെ സ്വർണവില കൂടുമെന്നാണ് പ്രതീക്ഷ.

നിലവിലെ വിപണിയിൽ യുദ്ധം കൊണ്ടുള്ള അനിശ്ചിതത്വത്തിൽ ഇടിവ് വരുന്നതോടെ സ്വർണവില കൂടുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ സാഹചര്യം കണക്കിലെടുത്താൽ അടുത്ത മാസങ്ങൾ ദീപാവലി പോലുള്ള ഉത്സവസീസണാണ്. സ്വാഭാവികമായും സ്വർണത്തിൻ്റെ ആഭ്യന്തര ആവശ്യകത ഉയരും.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന ചൈനയിൽ കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം ഇറക്കുമതി ചെയ്ത സ്വർണത്തിൻ്റെ അളവ് 1000 ടൺ കവിഞ്ഞു. 2025-ൽ മൊത്തം അവിടെ ഇറക്കുമതി ചെയ്ത സ്വർണശേഖരം ഇതോടെ കഴിഞ്ഞ മാസത്തോടെ മറികടന്നു. ആഗോള തലത്തിൽ പൊന്നിനുള്ള ശക്തമായ വാങ്ങൽ ആവശ്യകതയാണ് ഇത് കാണിക്കുന്നത്.

വിൽക്കുംമുമ്പ് ചിന്തിക്കുക

അതിനാൽ, പരസ്യത്തിൽ പറയുന്നത് കച്ചവട തന്ത്രമാണ്. ദീർഘകാലനിക്ഷേപം എന്ന തരത്തിൽ സ്വർണം സൂക്ഷിക്കുന്നവരെ ഭയത്തിലാക്കി സ്വർണം വിൽപ്പിച്ച് കുറഞ്ഞ വിലയിൽ കൈക്കലാക്കുന്ന വമ്പൻ സ്വർണ കച്ചവടക്കാരുടെ തന്ത്രം.

ഓഹരിവിപണിയുടെ അടിസ്ഥാനതത്വമായി പറയുന്ന ഒരു കാര്യമുണ്ട്: എല്ലാവരും ഭയന്ന് വിൽക്കുമ്പോൾ വാങ്ങുക, എല്ലാവരും ആർത്തിയോടെ വാങ്ങുമ്പോൾ വിൽക്കുക. സ്വർണത്തിൻ്റെ കാര്യത്തിൽ വൻകിട കച്ചവടക്കാർ നമ്മളോട് വിൽക്കാൻ പ്രേരിപ്പിക്കുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത്, ഇപ്പോൾ വാങ്ങാൻ കഴിയുമോ എന്നതാണ്.

Comments