അവൾ ഇറങ്ങി വരുന്നതും നോക്കി ഞാൻ മരത്തിനടിയിൽ നിന്നു. ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ പേപ്പറുകളിൽ ഒപ്പിടുമ്പോൾ അവൾ ജനലിലൂടെ പുറത്തോട്ട് നോക്കുന്നുണ്ടായിരുന്നു. മോചനം കിട്ടി പുറത്തുപോകുന്നവർ, ശിക്ഷയോ, റിമാന്റോ കിട്ടി അകത്തേക്ക് പോകുന്നവർ, ജയിലിൽ ഉള്ളവരെ കാണാൻ വന്നവർ, പിന്നെ കൂട്ടിക്കൊണ്ട് പോകാൻ വന്ന എന്നെ പോലുള്ളവർ... ജയിൽ മതിലിനകത്ത് ആളുകൾ പലതരം ഉണ്ടായിരുന്നെങ്കിലും കനത്ത പോലീസ് സാന്നിദ്ധ്യം അവരെ ഏതാണ്ട് നിശ്ശബ്ദരാക്കി. കടന്നുപോകുന്ന പലരും എന്നെ നോക്കുന്നുണ്ടായിരുന്നു, എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന മട്ടിൽ.
"ആരെയെങ്കിലും കാത്ത് നിൽക്കുകയാണോ?"
ചോദ്യം കേട്ടപ്പോഴാണ് അടുത്ത് നിന്നിരുന്ന സ്ത്രീയെ ഞാൻ കാണുന്നത്. പച്ചയും മഞ്ഞയും കലർന്ന സാരിയുടുത്ത്, വലിയ പൊട്ടു തൊട്ട്, മെലിഞ്ഞ് നീണ്ട്, ഒരു നാൽപ്പത് വയസ്സ് തോന്നും.
"കാത്ത് നിൽക്കുകയാണ്"
"ബന്ധുവാണോ?"
"ആണ്"
ശബ്ദത്തിന് താല്പര്യമില്ലായ്മയുടെ ടോൺ ഞാൻ ഉദ്ദേശിച്ചതിലും കൂടുതലായിരുന്നു. പിന്നീട് ചോദ്യമൊന്നുമുണ്ടായില്ല.
"എന്റെ പേര് സെറീന, അഡ്വക്കേറ്റ് ആണ്. എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ സമീപിക്കാം"
എനിക്ക് കാർഡും തന്ന് അവൾ ഗേറ്റിന് നേരെ നടന്നു. മിക്കവാറും സെറീനക്ക് എന്നെ അറിയുമായിരിക്കും. ചാനലുകളും, സോഷ്യൽ മീഡിയയും, ആവശ്യത്തിലധികം സംപ്രേക്ഷണം ചെയ്ത കേസായത് കൊണ്ട് പ്രതിയുടെ അച്ഛനെ തിരിച്ചറിയാതിരിക്കാൻ വഴിയില്ലല്ലോ?
അവൾ വരാൻ വൈകുന്നു.
ധാരാളം മരങ്ങളുണ്ട് ജയിൽ വളപ്പിൽ. ഏപ്രിലിലെ കൊടും വേനലിൽ ഒരാശ്വാസമാണ് ഈ തണൽ. കടന്നുപോകുന്ന ആളുകളെ ഒഴിവാക്കാനാണ് ഞാൻ അടുത്തുള്ള ഒരു മാവിലേക്ക് നോക്കിയിരുന്നത്. തൊട്ട് മുകളിലിരിക്കുന്ന കിളിയുടെ ശ്രദ്ധ ആകർഷിക്കാൻ എന്നോണം ഒരു അണ്ണാൻ ശബ്ദമുണ്ടാക്കുന്നു. കിളി മാറുന്നതിനനുസരിച്ച് ചില്ലകളിൽ നിന്നും ചില്ലകളിലേക്ക് ചാടി, അവസാനം കിളി പറന്നുപോയപ്പോൾ നിരാശനായ അണ്ണാൻ മാവ് വിട്ട് എങ്ങോട്ടോ പോയി. എന്റെ സുഹൃത്ത് മാർക്കോസിന് ഈ ജീവികളിലൊക്ക വലിയ കമ്പമാണ്. "അണ്ണാനെ പിടിക്കാനോ, ട്രാപ്പിലാക്കാനോ അത്ര എളുപ്പമല്ല കാരണം ദ്രുതഗതിയിൽ മാറാനുള്ള കഴിവ് അപാരമാണ്, എന്നാൽ അതും ചില കെണിയിൽ പെട്ടുപോകും"
“പെട്ടുപോയാൽ അഹങ്കരം, എടുത്തുചാട്ടം എന്നൊക്കെയായിരിക്കും കണ്ടുനിൽക്കുന്നവർ പറയുന്നത്” ഒരു പക്ഷെ ഞാനറിയാതെ പറഞ്ഞുപോയി കാണണം.
"ഇയാളെന്താ തന്നെത്താൻ സംസാരിക്കുകയാണോ?"
പോലീസുകാരനാണ്. ഞാൻ എഴുന്നേറ്റു നിന്നു.
"നിങ്ങളാണോ അലക്സ് വി ടി ചെറുകുന്നം, നയനയുടെ ഫാദർ ?"
"സാർ"
"സൂപ്രണ്ട് വരാൻ പറഞ്ഞു"
പോലീസുകാരന്റെ പിന്നാലെ ഞാൻ ജയിൽ ഓഫിസിലേക്ക് നടക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ നടന്നതിന്റെ ഓർമ്മകൾ എന്റെ മനസ്സിലേക്ക് വന്നു. അഡ്വക്കേറ്റ് മോഹനായിരുന്നു മുന്നിൽ നടന്നിരുന്നത്. നയനക്ക് അന്ന് രണ്ട് വയസ്സാണ്. മുറിയിലേക്ക് കടക്കുമ്പോൾ മദ്ധ്യത്തിൽ ഇട്ടിരിക്കുന്ന മേശയുടെ അപ്പുറം അവൾ മേഴ്സിയുടെ മടിയിലിരിക്കുകയാണ്, ഒരു മാസമായിട്ടുണ്ടായിരുന്നു ഞാൻ അവളെ അവസാനം കണ്ടിട്ട്. എന്നിട്ടും അവൾ എന്നെ നോക്കി ചിരിച്ചു. ഞാൻ കൈ നീട്ടിയിരുന്നെങ്കിൽ അവൾ എന്നോടൊപ്പം വന്നേനെ. അതുകൊണ്ടായിരിക്കണം ഞാൻ അവിടേക്ക് കടന്നതും മേഴ്സി അവളെയെടുത്ത് അടുത്ത റൂമിലേക്ക് പോയത്. കുടുംബ കോടതിയോട് ചേർന്നുള്ള കെട്ടിടമായിരുന്നു അത്.

"മേഴ്‌സിക്ക് പറയാനുള്ളതെല്ലാം എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്" അവളുടെ വക്കീലായിരുന്നു ടോണി മാത്യൂസ്.
മോഹനോടൊപ്പം ഇരിക്കുമ്പോൾ എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. എന്നാലും മോഹൻ പറഞ്ഞു തീർന്നപ്പോൾ ഞാൻ ആവർത്തിച്ചു,
"എനിക്ക് ഒരൊറ്റ ഡിമാൻഡേയുള്ളൂ, രണ്ടാഴ്ച കൂടുമ്പോഴെങ്കിലും മോളെ എന്റെ കൂടെ ഒരു ദിവസം വിടണം"
"അത് മേഴ്സിക്ക് സ്വീകാര്യമല്ല, അലക്സിന് അതറിയാവുന്ന കാര്യമാണ്"
"എനിക്ക് മേഴ്സിയോടൊന്ന് സംസാരിക്കാമോ?"
"നോക്കൂ അലക്സ്, മേഴ്സിക്കതിൽ താൽപ്പര്യമില്ല. ഇപ്പോൾ തന്നെ ഏതാണ്ട് ഒരു കൊല്ലമായി. ഇനിയും നിങ്ങൾ ഡൈവേഴ്സ് പേപ്പർ ഒപ്പിടുന്നില്ലെങ്കിൽ മാറ്റർ കോടതിയിലേക്ക് പോകും. അലക്സിന്റെ സൈഡ് തീരെ വീക്കാണെന്നറിയാമല്ലോ. ഇപ്പോൾ മേഴ്സി സമ്മതിക്കുന്നത് കൂടെ കിട്ടിയില്ലെന്ന് വരാം"
മാസത്തിലൊരിക്കൽ മേഴ്‌സിയുടെ സുഹൃത്തുക്കളുടെ ആരുടെയെങ്കിലും വീട്ടിൽ വന്നാൽ ഒരു മണിക്കൂർ മോളെ കാണാം. കൂടെ കൊണ്ടുപോകാൻ പറ്റില്ല. അതും അവൾ പറഞ്ഞ സംഖ്യ മാസം തോറും കൊടുക്കുകയാണെങ്കിൽ മാത്രം. അതായിരുന്നു മേഴ്‌സിയുടെ നിലപാട്. എനിക്ക് വേറെ വഴിയില്ലായിരുന്നു. മോഹനും അത് തന്നെയാണ് പറഞ്ഞത്.
"മേഴ്‌സി വേറെ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട്..." ടോണി നീട്ടിയ പേപ്പറുകളിൽ ഞാൻ ഒപ്പുവെച്ചു.
ആദ്യമൊക്കെ മാസത്തിൽ ഒരു പ്രാവശ്യം ഞാൻ മോളെ കാണുമായിരുന്നു. പിന്നെയത് മേഴ്‌സിയുടെ സുഹൃത്തുക്കളുടെ സൗകര്യമനുസരിച്ചായി. എല്ലാം എഴുതികൊടുത്തിരുന്നെങ്കിലും ട്രാൻസ്ഫെർ വന്നപ്പോൾ എനിക്ക് വന്നുപോകാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലത്തേക്കായി. ജോലി അത്യാവശ്യമായിരുന്നു. മേഴ്‌സി ചോദിച്ച സംഖ്യ അത്ര ചെറുതല്ലായിരുന്നു. കാശിനാവശ്യം എന്റെ കുടുംബത്തിലുമുണ്ടായിരുന്നു. ഒരു ലോവർ ഡിവിഷൻ ക്ലാർക്കിന് ശമ്പളമായി ഒരു മാസം എത്ര കൈയിൽ കിട്ടും? എന്നാലും അവളോടൊത്തുള്ള ഒരു മണിക്കൂറായിരുന്നു, ഒരു കൂടിക്കാഴ്ച കഴിഞ്ഞ് അടുത്തത് വരുന്നത് വരെ ജീവിക്കാനുള്ള ഊർജ്ജം.
"ആ ബെഞ്ചിലിരിക്ക്. സൂപ്രണ്ട് വിളിക്കുമ്പോ അകത്തേക്ക് കയറിയാ മതി"
പോലീസുകാരൻ പോയി.
അവിടെയിരിക്കുമ്പോൾ അവളെ കാണുമ്പോഴുണ്ടായ ഓരോ രംഗങ്ങൾ എന്റെ മനസ്സിലേക്ക് വന്നു.
"അമ്മക്ക് വേറെ വാവയുണ്ടാകാൻ പോകുന്നു"
"നിനക്ക് ഒരു കൂട്ടാകും"
"അമ്മക്ക് ഇനി എന്നെ വേണ്ടാന്ന് തോന്നും"
ഏയ് അതൊന്നുമുണ്ടാവില്ല എന്ന് ഞാൻ പറഞ്ഞെങ്കിലും അവൾക്ക് അത്ര വിശ്വാസമായില്ല.
"നീ പെട്ടെന്ന് ഉയരം വച്ചിരിക്കുന്നു" ഒരു ദിവസം ഞാൻ പറഞ്ഞു.
"എനിക്ക് പിരീഡ് വന്നു പപ്പാ"
"നീ അപ്പൊ ശരിക്കും വലുതായി"
"ഐ ഡോണ്ട് ലൈക് ഇറ്റ്"
"ഇതൊരു നാച്ചുറൽ സംഭവമല്ലേ?"
"എല്ലാ മാസവും ഇതൊരു പണിയല്ലേ, എന്റെ കുട്ടിത്തവും പോയി"
"പോയിട്ടൊന്നുമില്ല, പപ്പക്ക് നീയെന്നും..."
"പപ്പാ, യു ഡോണ്ട് ഹാവ് യൂട്രസ്, സൊ നോ ഐഡിയ എബൌട്ട് മൈ സ്ട്രഗ്ഗിൾ" അവളുടെ ഗൗരവം കണ്ട് ഞാനന്ന് ചിരിച്ചു.
പ്ലസ് ടു ന് ചേരേണ്ട സമയമായിരുന്നു പിന്നെ കണ്ടപ്പോൾ.
"എന്തെങ്കിലും കോഴ്സ് നിന്റെ മനസ്സിലുണ്ടോ നയന?"
"എനിക്ക് പഠിക്കാൻ താൽപ്പര്യമില്ല പപ്പാ"
"പിന്നെ എന്താണ് നിനക്ക് വേണ്ടത്?"
"എനിക്ക് കല്യാണം കഴിക്കണം"
"നിനക്ക് അതിനുള്ള പ്രായമായിട്ടില്ലലോ?"
"എന്നാൽ ഞാൻ പപ്പേടെ കൂടെ വന്ന് താമസിക്കട്ടെ?"
"അതിനും നിനക്ക് പതിനെട്ട് കഴിയണം. അമ്മ സമ്മതിക്കില്ല"
"അമ്മക്ക് ഇപ്പൊ രണ്ട് കുട്ടികളില്ലേ, അവര് പോരെ?"
"പപ്പ കോടതിയിൽ സമ്മതിച്ചതല്ലേ? എന്തായാലും ഇത്രയായില്ലേ, രണ്ട് വർഷം കൂടിയല്ലേ വേണ്ടൂ?"
അവൾ പെട്ടെന്ന് നിശ്ശബ്ദയായി. പിന്നെയൊന്നും പറഞ്ഞില്ല. അടുത്ത തവണ കണ്ടപ്പോൾ സംസാരം കുറവായിരുന്നു. ഇഷ്ടമില്ലാത്ത കോഴ്സ് പഠിക്കുന്നതിന്റെ സ്ട്രെസ്സ് ഉണ്ടെന്നു പറഞ്ഞു. വീട്ടിലും സ്‌കൂളിലും അവൾക്ക് ഒരു ഒറ്റപ്പെടൽ ഫീലിംഗ് ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ചോദിച്ച് അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി.

"അകത്തേക്ക് ചെല്ലാൻ" പ്യൂൺ വന്ന് തട്ടി വിളിച്ചപ്പോഴാണ് ഇരിക്കുന്നത് ജയിൽ വരാന്തയിലാണെന്ന ബോധം എനിക്കുണ്ടായത്.
സൂപ്രണ്ട് നല്ല മനുഷ്യനായിരുന്നു.
"കോടതി വിധി ഞാൻ വായിച്ചിരുന്നു. എല്ലാം ക്ലിയർ ആണ്. നയനയുടെ കാര്യത്തിൽ സർക്കാർ അപ്പീൽ പോകാനുള്ള ചാൻസ് കുറവാണ്. അതുകൊണ്ട് ഈ അദ്ധ്യായം ഇവിടെ തീർന്നെന്ന് കരുതാം"
സൂപ്രണ്ടിനോട് നന്ദി പറഞ്ഞ് അവളുടെ ബാഗ് എടുത്ത് ഞാൻ പുറത്തേക്ക് നടന്നു.
മൂന്ന് ദിവസം മുമ്പ് അവളോട് കോടതിയിൽ വച്ച് സംസാരിച്ചിരുന്നത് കൊണ്ട് സാധാരണ മാസം തോറും ജയിലിനകത്ത് വെച്ച് കാണുമ്പോഴുള്ള വീർപ്പ്മുട്ടൽ ഉണ്ടായില്ല. പുറത്ത് കടന്നതും അവൾ മാസ്‌ക് എടുത്തിട്ടു. മാസ്‌ക് ഇപ്പോൾ ധരിക്കണമെന്നില്ല, ധരിക്കരുത് എന്ന് നിയമവുമില്ല . അത് നന്നായി. ആളുകൾ തിരിച്ചറിയുന്നത് ഒരു പരിധി വരെ ഒഴിവാക്കാമല്ലോ. നിരക്കൊന്നും നോക്കാതെ തിരിച്ചുപോകാൻ ട്രെയിനിൽ ഫസ്റ്റ് ക്ലാസ്സ് തന്നെയെടുത്തിന്റെ കാരണവും അത് തന്നെയായിരുന്നു.
"അതിലെ ഒരു കൂപ്പയിൽ നാല് ആൾക്കാരെ മാക്സിമം ഉണ്ടാകൂ, അലക്സ്" തഹസിൽദാർ അജിത് ആണ് പറഞ്ഞത്.
ജയിലിൽ നിന്ന് പുറത്ത് കടക്കാനുള്ള തത്രപ്പാടിലായിരുന്നു, നിനക്ക് നടക്കാൻ ഓക്കെയല്ലേന്ന ചോദ്യത്തിന് കുഴപ്പമില്ല പപ്പാ എന്ന് അവളും പറഞ്ഞതൊഴിച്ചാൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
ജയിൽ മതിലിനരികിലൂടെ നടക്കുമ്പോൾ ചിലർ കാര്യമായി തന്നെ നോക്കുന്നുണ്ടായിരുന്നു, അച്ഛനാണോ, മകളാണോ ശിക്ഷ കഴിഞ്ഞ് പോകുന്നതെന്ന മട്ടിൽ.
ഗേറ്റ് കടക്കുന്നതിന് മുമ്പ് ആളൊഴിഞ്ഞ ഭാഗത്തേക്ക് അവൾ എന്നെ വിട്ടു നടന്നു. എന്താണാവോ എന്ന പരിഭ്രമത്തിൽ ഞാൻ അവളുടെ അടുത്തേക്ക് എത്തി,
"എന്താ മോളെ?"
"ഐ നീഡ് എ ഹഗ്?"
ഞാനവളെ ചേർത്ത് നിറുത്തി. കുട്ടിയായിരിക്കുമ്പോൾ അവളെ വല്ലപ്പോഴും കാണാറുള്ള ആ നിമിഷങ്ങളിലേക്ക് ഞാൻ വീണ്ടുമെത്തുകയായിരുന്നു. പരസ്പരം വീണ കണ്ണീരിന്റെ നനവിൽ ഉള്ളിൽ അടക്കിപ്പിടിച്ച വേദനകൾ അലിഞ്ഞ് പോകുന്നതായി എനിക്ക് തോന്നി. റെയിൽവേ സ്റ്റേഷനിലേക്കുള്ള ഓട്ടോറിക്ഷയെടുത്തത് ജയിലിൽ നിന്ന് കുറച്ച് ദൂരെയുള്ള ജംഗ്ഷനിൽ നിന്നായിരുന്നു, അതുകൊണ്ട് ഡ്രൈവറിൽ നിന്ന് ചോദ്യങ്ങളൊന്നുമുണ്ടായില്ല. ഓഫ് സീസണായതുകൊണ്ട് സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു. ട്രെയിനിൽ കയറിയ ഉടൻ അവൾ മുകളിലെ ബർത്തിൽ കയറി കിടന്നു. മാസ്‌ക് മാറ്റേണ്ടി വരുമെന്നുള്ളത് കൊണ്ട് ഭക്ഷണം കഴിക്കാൻ അവൾ സമ്മതിച്ചില്ല.
ട്രെയിൻ പോകുന്നതിന്റെ എതിർദിശയിലുള്ള സീറ്റായതുകൊണ്ട് പുറത്തെ കാഴ്ചകളെല്ലാം പിന്നിലോട്ടാണ് പോയ്ക്കൊണ്ടിരുന്നത്. ട്രെയിനിന്റെ വേഗത്തിനൊത്ത് പായുന്ന മരങ്ങളും കെട്ടിടങ്ങളും നോക്കിയിരുന്ന് കണ്ണ് കഴച്ചപ്പോൾ മനസ്സ് വീണ്ടും ആലോചനകളിലേക്ക് മടങ്ങി.
"അവൾക്ക് എന്ത് സംഭവിച്ചാലും നിങ്ങൾക്ക് ഒന്നുമുണ്ടാകില്ല" മേഴ്സി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
"നയന ഒരു അഡൾട്ട് ആണ്, അവളെടുക്കുന്ന തീരുമാനങ്ങൾക്ക് എതിരെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല"
അന്ന് നയന എന്റെ കൂടെയാണ് താമസം. അവളെക്കാൾ പ്രായക്കൂടുതലുണ്ട്, അയാളുടെ ബാക്ക്ഗ്രൗണ്ട് അധികമാർക്കും അറിയില്ല, ബന്ധുക്കളെന്ന് പറയാൻ ആരുമില്ല. എന്നിട്ടും അവൾ തീരുമാനിച്ചു, “ഞാൻ ജോസഫിന്റെ കൂടെ ജീവിക്കാൻ പോകുന്നു”
വേണ്ട എന്ന് ഞാൻ പറഞ്ഞില്ല. രജിസ്ട്രാർ ഓഫീസിൽ ഞാനും എന്റെ സീനിയർ കണ്ണേട്ടനുമായിരുന്നു സാക്ഷികൾ. ജോസഫ് അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനിയുള്ള എൻജിനീയറാണെന്നാണ് പറഞ്ഞത്.
"അവൾക്കും ജോലിയുണ്ടല്ലോ, പിന്നെ അയാളെ കണ്ടിട്ട് വലിയ കുഴപ്പക്കാരനാണെന്ന് തോന്നുന്നുമില്ല," കണ്ണേട്ടൻ എന്നെ ആശ്വസിപ്പിച്ചു.
അവളുടെ ജോലി തന്നെയായിരുന്നു എന്റെ ഒരു കൺസേൺ. അവൾ ഡിഗ്രി പാസ്സായിട്ടില്ല. ഇപ്പോഴുള്ളത് നല്ല കമ്പനിയാണ്. മാർക്കറ്റിങ്ങിലാണ്. അവൾ പഠിച്ചതും അതൊക്കെ തന്നെയാണ്. എന്നാൽ അവൾ എത്ര കാലം അവിടെ നിൽക്കുമെന്നതായിരുന്നു എന്റെ പേടി.
മൂന്ന് മാസം കഴിഞ്ഞാണ് അവൾ എന്നെ കാണാൻ വന്നത്.
"എങ്ങനെയുണ്ട് നിന്റെ ദാമ്പത്യം?" പാതി തമാശയായിട്ടാണ് ഞാൻ ചോദിച്ചത്.
"ഞാൻ വിചാരിച്ച അത്ര പോരാ" സോഫയിൽ അവൾ എന്റെ തോളത്തേക്ക് ചാഞ്ഞു.
"നീയെന്താണ് വിചാരിച്ചത്?"
"മെച്യുറായിട്ടുള്ള ഒരാൾ, എന്റെ മൈനസുകൾക്ക് ഒരു പ്ലസ് അതായിരുന്നു എന്റെ പ്രതീക്ഷ"
"എന്നിട്ട്?"
"പറയാറായിട്ടില്ല"
"നിന്റെ ജോലി എങ്ങനെ പോകുന്നു?"
"പഴയ പോലെ പോകുന്നു, ജോസഫിന്റെ കമ്പനിയിൽ ക്ളർക്കാവാൻ ആവശ്യപ്പെടുന്നുണ്ട്. ഞാൻ സമ്മതിച്ചിട്ടില്ല"
അവളുടെ പ്രൈവസിയെ ബഹുമാനിക്കുന്നില്ല എന്ന തോന്നൽ ഉണ്ടാക്കിയാലോയെന്ന് കരുതി ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. കമ്പ്യൂട്ടർ സെക്ഷനിലെ സുഷമ ഒരിക്കൽ പറഞ്ഞു, "അവരിപ്പോഴും കുട്ടികളാണെന്നത് നമ്മളിലെ ഒരു ഡിഫോൾട്ട് സെറ്റിംഗ്സ് ആണ്. അവർ അഡൽറ്റ്സ് ആയിരിക്കുന്നുവെന്ന് നമ്മൾ ഇടയ്ക്കിടെ ബ്രയിനിൽ റീസെറ്റിങ് ചെയ്യണം"
പിന്നെ അവളെ കാണുമ്പോൾ അവളുടെ മുഖത്ത് എന്തോ പാടുണ്ടായിരുന്നു. മനസ്സിൽ വന്നത് ഞാൻ മറച്ചുവെച്ചില്ല,
"ജോസഫ് നിന്നെ ഉപദ്രവിച്ചോ?"
"ഇത് മെയ്ക്ക് അപ്പ് അലർജി ആയതാണ്. ഉപദ്രവിക്കാനുള്ള ധൈര്യമൊന്നും ജോസഫിനില്ല" അവൾ ചിരിച്ചിട്ടാണ് പറഞ്ഞത്. എനിക്ക് വിശ്വാസമായില്ല.
"പ്രശ്നം എന്തെങ്കിലുമുണ്ടെങ്കിൽ സെലക്ഷൻ നിന്റെയാണല്ലോയെന്ന തോന്നൽ വേണ്ട. നിനക്ക് എപ്പോ വേണമെങ്കിലും തിരിച്ചു വരാം "
"താങ്ക് യു ഫാദർ, ദാറ്റ്സ് സൊ നൈസ് ഓഫ് യു"
അവളന്ന് പോയത് മുതൽ എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥതയായിരുന്നു. എന്തോ എവിടെയോ ശരിയല്ല എന്നൊരു ഭീതി എന്നെ ഹോണ്ട് ചെയ്യാൻ തുടങ്ങി. "ആവശ്യമില്ലാത്ത തോന്നലുകളാണ് നിന്റെ പ്രശ്‌നം" ചെറുപ്പത്തിൽ അമ്മ പറയുമായിരുന്നു. അതിലൊന്നായിരിക്കും ഇതും എന്ന് ആശ്വസിക്കാൻ ശ്രമിച്ചു. അതിന്റെ ഭാഗമായി ഞാൻ ഇടയ്ക്കിടെ അവളെ വിളിച്ചു. എന്തെങ്കിലും പ്രശ്നമുള്ളതിന്റെ ഒരു സൂചനയും അവളുടെ സംസാരത്തിലുണ്ടായില്ല. എന്നിട്ടും രാത്രികളിൽ ഞാൻ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ടു. അന്ന് അർദ്ധ രാത്രി ഫോൺ റിങ് ചെയ്തപ്പോൾ സ്വപ്നത്തിലാണെന്നാണ് ഞാൻ കരുതിയത്. സ്ക്രീനിൽ നയനമോൾ എന്ന് കണ്ടപ്പോൾ ഭയം കൊണ്ട് ഞാൻ മരവിച്ചുപോയി.
"അച്ഛാ പറ്റിപ്പോയി... ജോസഫ് മരിച്ചു.... മരിച്ചതല്ല, ഞാൻ.…"
സെൽഫ് ഡിഫൻസിനാണെന്നുള്ളതിന് തെളിവുകളുമുണ്ടായിരുന്നു. എന്നിട്ടും സെഷൻസ് കോടതി അവളെ ശിക്ഷിച്ചു. വാർത്തകൾ വന്നു. ടി.വി ചർച്ചകൾ ഉണ്ടായി. അതിന്റെ ഫലമാകാം ഹൈക്കോടതിയിൽ ഗവൺമെന്റ് വക്കീൽ വാദം ശക്തമാക്കിയില്ലെന്നാണ് മോഹനൻ പറഞ്ഞത്. അതോ തോമസ് വക്കീൽ അവൾക്ക് വേണ്ടി നന്നായി വാദിച്ചതുകൊണ്ടുമാകാം.
തോളിൽ ആരോ തട്ടിയപ്പോഴാണ് ട്രെയ്നിലാണല്ലോ എന്നോർക്കുന്നത്. അടുത്ത് ഒരാൾ വന്നിരുന്നത് ഞാനറിഞ്ഞില്ല. ആലോചനക്കിടെ ഞാൻ ഉറങ്ങിപ്പോയോ? നിലക്കടല പൊതി നീട്ടി അയാൾ വേണോന്ന് ചോദിക്കുന്നു. സൗഹൃദം കാണിക്കാൻ വേണ്ടി ഞാൻ രണ്ട് മണി കടലയെടുത്തു.

"ഏതാ ഇറങ്ങേണ്ട സ്റ്റേഷൻ?"
ഞാൻ പുറത്തേക്ക് നോക്കി. സ്ഥലമായിരിക്കുന്നു.
"ഓ, അടുത്ത സ്റ്റേഷനാണ്"
ഇറങ്ങുമ്പോൾ നയനയെ അയാൾ വല്ലാതെ നോക്കുന്നുണ്ടായിരുന്നു. അയാൾ എന്തോ ചോദിക്കാൻ തയ്യാറായിവരുമ്പോഴേക്കും ഞങ്ങൾ ട്രെയിനിൽ നിന്നിറങ്ങാൻ തുടങ്ങിയിരുന്നു.
ടാക്സിയിലാണെങ്കിൽ ഡ്രൈവർ വീടെത്തുന്നത് വരെ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. താമസിക്കുന്നത് ക്വാർട്ടേഴ്സിലായതുകൊണ്ട് അയൽപക്കം എന്നുപറയാനും ആരുമില്ല. തൊട്ടടുത്തുള്ളവയാണെങ്കിൽ ഒഴിഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് ഏകാന്തത ഞങ്ങൾക്ക് അപ്പോൾ ആവശ്യമായിരുന്നതിനേക്കാൾ ഏറെയുണ്ടായിരുന്നു.
ദിവസം പോകുന്നത് വളരെ സാവധാനത്തിലാണെന്ന് ചിലപ്പോൾ തോന്നും. കടന്നുപോയ് കഴിയുമ്പോൾ എത്ര പെട്ടെന്നാണ് ഒരാഴ്ച പോയതെന്നും തോന്നും. ഒരു ദിവസം മേഴ്‌സി വന്നു, ഭർത്താവുമൊത്ത്. അയാൾ ഒരു നല്ല മനുഷ്യനാണെന്ന് എനിക്ക് തോന്നി. സംഭവിക്കാനുളളത് സംഭവിച്ചു, ജഡ്‌ജ് ചെയ്യാൻ താനാരുമല്ല എന്ന മട്ടിലായിരുന്നു അയാൾ സംസാരിച്ചത്. താനായിട്ട് ആർക്കും ഒരു മനഃപ്രയാസമുണ്ടാക്കരുത് എന്ന് നിർബന്ധമുള്ള കൂട്ടത്തിലായിരുന്നു അയാൾ. നടന്നതിനൊന്നും താൻ ഉത്തരവാദിയല്ലെന്നും, ഒരമ്മയുടെ കടമ ചെയ്യുന്നതേയുള്ളൂവെന്നും പ്രകടമാക്കണമെന്ന നിർബന്ധമുള്ളതുപോലെയായിരുന്നു മേഴ്സിയുടെ പെരുമാറ്റം. അത് ഞാനർഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് മറച്ചുവെക്കാൻ ഞാനും ശ്രമിച്ചില്ല.
അവർ പോയ് കഴിഞ്ഞപ്പോൾ ലീവ് കഴിയാൻ ഇനി നാല് ദിവസമേയുള്ളൂവെന്ന വിചാരമായിരുന്നു എന്നെ അലട്ടികൊണ്ടിരുന്നത്. ജയിലിൽ നിന്ന് വന്ന് കഴിഞ്ഞാൽ മോളോട് പറയണമെന്ന് തീരുമാനിച്ച കാര്യങ്ങൾ എങ്ങനെ എവിടെന്ന് തുടങ്ങണമെന്ന് ഇനിയും എനിക്കൊരു രൂപമായിട്ടില്ല.
പിറ്റേന്ന് കാലത്ത് ചായ കുടിക്കാനിരിക്കുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്, അവളുടെ മുഖത്ത് ഒരു ഉന്മേഷം വന്നിട്ടുണ്ട്. എന്തോ തീരുമാനത്തിലെത്തിയതുപോലെയായിരുന്നു അവളുടെ ഭാവം.
"പപ്പാ, ഞാനൊരു കാര്യം ചോദിക്കട്ടെ?" അവളുടെ ശബ്ദത്തിനും ആ മാറ്റമുണ്ടായിരുന്നു.
"ചോദിക്ക്" ഒന്ന് റിലാക്സ്ഡ് ആയ പോലെ എനിക്കും തോന്നി.
"അമ്മയുമായി പിരിയാനെന്തായിരുന്നു കാരണം?'
അവളുടെ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കേട്ടപ്പോൾ ആദ്യം ഒരു ആന്തൽ ഉണ്ടായെങ്കിലും അടുത്ത നിമിഷം മനസ്സിന്റെ ഭാരം ഇല്ലാതാകുന്നതുപോലെ എനിക്ക് തോന്നി.
"ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന പേടി എനിക്കെന്നുമുണ്ടായിരുന്നു. പേടി എന്ന് പറയാമോ എന്നെനിക്കറിയില്ല. എനിക്കൊപ്പം വളർന്ന എന്റെ ഭീരുത്വം. സമയമാകട്ടെ സമയമാകട്ടെ എന്ന് കരുതി മാറ്റിവെച്ചുകൊണ്ടേയിരുന്നു. നിന്നെയും കൂടെ നഷ്ടപ്പെടുന്നത് എനിക്ക് താങ്ങാൻ പറ്റില്ലായിരുന്നു"
"എന്തായാലും ഉൾക്കൊള്ളാൻ എനിക്കിന്ന് കഴിയും പപ്പാ"
അവൾ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോൾ പറയാനായി ഞാൻ കാത്ത് വെച്ചിരുന്നതെല്ലാം വാക്കുകളായി പുറത്ത് വരികയായിരുന്നു.
"കല്യാണം കഴിഞ്ഞ് നാലഞ്ച് വർഷങ്ങളായിട്ടും നീ വരാതിരുന്നപ്പോഴാണ് ഞങ്ങൾ ടെസ്റ്റുകൾ ചെയ്യാൻ തുടങ്ങിയത്. അച്ഛനാവില്ല ഞാൻ എന്നതിനോട് എന്തോ പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞില്ല. ചെറുപ്പത്തിലേ എന്റെ സുഹൃത്തായിരുന്ന റോഷനായിരുന്നു ഡോക്ടർ. നിയമങ്ങളൊന്നും അന്ന് അത്ര കർശനമായിരുന്നില്ല. നിന്റെ അമ്മയോട് പറഞ്ഞില്ല. സമ്മതവും ചോദിച്ചില്ല. ആരുടേതാണെന്നറിയാൻ പോകുന്നില്ലെന്നും, ബീജം കടത്തിവിടുന്നത് ഒരു പരിശോധനയായി മാത്രം കണ്ടാൽ മതിയെന്നും അവൻ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. നിനക്ക് ഒരു വയസ്സാകും വരെ ഞാൻ ആ കാര്യങ്ങളൊക്കെ മനസ്സിൽ അടക്കിവെച്ചു. വല്ലാത്ത കുറ്റബോധമായിരുന്നു എനിക്ക്. വരുന്നത് വരട്ടെ, ഞാനത് അവളോട് പറഞ്ഞു. അവളുടെ ഭാഗത്തായിരുന്നു ശരി. ഞാൻ ചെയ്തത് ചതി തന്നെയാണ്. ഒരുമിച്ച് ഇനി ജീവിക്കാൻ പറ്റില്ലെന്ന് അവൾ തീരുമാനിച്ചു. നിന്നെ കാണാൻ പറ്റണം എന്നതിന് മാത്രമേ എനിക്കർഹതയുണ്ടായിരുന്നുള്ളൂ. മേഴ്‌സി എന്നോട് ആ ദയ കാണിച്ചു" ഒറ്റ ശ്വാസത്തിലാണ് ഞാൻ പറഞ്ഞുതീർത്തത്. അവളുടെ പ്രതികരണം കാണാതിരിക്കാൻ ഞാൻ കുറച്ചുനേരം കണ്ണടച്ചിരുന്നു.
കണ്ണ് തുറന്നപ്പോൾ ചെറിയ കുട്ടിയായിരിക്കുമ്പോഴുള്ള അതേ ചിരിയുമായി അവൾ എനിക്ക് മുന്നിൽ നിന്നു.
"പിതാവ് എന്നാൽ വെറും ബീജദാതാവ് മാത്രമല്ല, പപ്പാ ആ ഡയലോഗ് കേട്ടിട്ടില്ലേ" അവളുടെ വാക്കുകൾ ഒരു തൂവൽസ്പർശം പോലെ എന്നെ തലോടികൊണ്ടിരുന്നു.
മുറ്റത്ത് കൂടികിടന്നിരുന്ന കരിയിലകൾ കാറ്റിൽ പറക്കുന്നതും, അവിടേക്ക് സൂര്യന്റെ മഞ്ഞവെളിച്ചം മെല്ലെ പടരുന്നതും ജനലിലൂടെ എനിക്ക് കാണാമായിരുന്നു.