Good Evening Friday- 7
2018- 2020 കാലഘട്ടം.
അയാൾ എന്തിനാണ് എന്നെയിങ്ങനെ നോക്കുന്നത്?
എന്റെ ഒരു തോന്നലല്ല ആ നോട്ടം എന്ന് എനിക്കുറപ്പായിരുന്നു. നഗരത്തിന്റെ ഔട്ട്സ്കേർട്സിലുള്ള, അവിടത്തെ പ്രത്യേകതകൾ അറിയാവുന്ന, അതിനോട് താൽപര്യമുള്ളവർ മാത്രം പോകുന്ന ഒരു റെസ്റ്റോറന്റായിരുന്നു അത്.
മെക്സിക്കൻ chilate de pollo, എത്യോപ്യൻ doro wat, ജാപ്പനീസ് Kobe beef, മൊറോക്കൻ spicy carrot salad, സ്കോട്ടിഷ് Haggis എന്നിങ്ങനെയുള്ള അങ്ങേയറ്റത്തെ എരിവുള്ളതും, അല്ലാത്തതുമായ അസാധാരണ വിഭവങ്ങൾ, പിന്നെ വിശേഷപ്പെട്ട ഡ്രിങ്ക്സും കിട്ടുന്ന, ഒറ്റപ്പെട്ടൊരു കോണിൽ, വേണമെന്നുള്ളവർ മാത്രം വന്നാൽ മതി എന്ന ഭാവത്തിലുള്ള ഒരിടം. ഞാൻ മുമ്പ് ഒരു പ്രാവശ്യം മാത്രമേ അവിടെ പോയിട്ടുള്ളൂ. അങ്ങനെയൊന്നും പോകാൻ പറ്റുന്ന സ്ഥലമല്ല. ആറുമാസം മുമ്പ് ബുക്ക് ചെയ്തിട്ടാണ് ഇന്ന് വരാൻ പറ്റിയത്. ഉയർന്ന ഗുണനിലവാരത്തിനനുസരിച്ചുള്ള വിലയുമുണ്ട്. It's expensive.
ആരുടേയും ശല്യമില്ലാതെ ഏകാന്തമായി ഇരിക്കാം. ഒഴുകിപ്പോകുന്ന വളരെ നേർത്ത സംഗീതം ആസ്വദിക്കാം, ഒപ്പം അസുലഭമായ രുചികളും, പാനീയങ്ങളും. യാതൊരു ശബ്ദങ്ങളുമുണ്ടാവില്ല. സൊറ പറയേണ്ടവരും, നൃത്തം ചെയ്യേണ്ടവരും അവിടെ വരാറില്ല. ആ വിചാരത്തിലാണ് Old Rarity വിസ്കിയുമായി നല്ല എരിവുള്ള എതിയോപ്യൻ ബീഫ് സ്റ്റ്യൂ വരുന്നതും കാത്ത് ഞാനിരുന്നത്.
ആളുകളുടെ കാര്യത്തിൽ ലോകത്തിന്റെ ഒരു ക്രോസ്സ് സെക്ഷൻ തന്നെ ആകാവുന്ന ആ വിശാലമായ ഹാളിന്റെ ഒരു കോണിൽ എന്റെ എയർപോഡിലൂടെ ഒഴുകിവന്ന
“വെണ്ണക്കല്ലു കൊണ്ടുവന്നു
വിണ്ണിലെ പൂത്തുമ്പീ
ചന്ദനത്തിൻ വാതിൽ വെച്ചൂ
ചന്ദ്രകലാ ശിൽപീ
പൊന്നുകൊണ്ടു താഴുതീർക്കാൻ
വന്നു മിന്നാമിന്നി
വെണ്ണിലാവാലെൻ ചുവരിൽ
വെൺകളിയും പൂശി
വാ വാ നീയെൻ കുളിരേ
വാ വാ നീ കൺകുളിരേ
വാ വാ നീയെൻ കുളിരേ
വാ വാ നീ കൺകുളിരേ” - ക്കൊപ്പം ഞാൻ പുഞ്ചിരിച്ചിട്ടുണ്ടാകണം. അത് അയാളെ നോക്കിയിട്ടാകുമെന്ന് അയാൾ ഒരു പക്ഷെ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. അയാളുടെ നോട്ടത്തോട് എങ്ങനെ പ്രതികരിക്കണമെന്ന ചിന്തക്ക് പെട്ടെന്ന് പോസ് ഇടേണ്ടിവന്നു.
"സ്റ്റ്യൂ വരാൻ അൽപ്പം വൈകും, എന്തെങ്കിലും Entrée?" - എപ്പോൾ വേണമെങ്കിലും ഒരു ഹോളിവുഡ് ആക്ഷൻ ത്രില്ലറിൽ നായകനാവാം എന്ന ഭാവഹാദികളുള്ള വെയിറ്റർ ടോമിന്റെ സ്പാനിഷ് കലർന്ന ഇംഗ്ലീഷ് പക്ഷെ സോഫ്റ്റ് ആയിരുന്നു. പാട്ട് നിർത്തി ഞാൻ മെനു കാർഡ് നോക്കി.
"Carnitas please"- എന്റെ മെക്സിക്കൻ ഉച്ചാരണം ബോറായിരുന്നെങ്കിലും ടോമിന് കാര്യം മനസ്സിലായി. ടോം പോയ വഴിയേ നോക്കുന്നുവെന്ന നാട്യത്തിൽ ഞാൻ ഹാൾ മൊത്തമായും പിന്നെ അയാളെ ഫോക്കസ് ചെയ്തും നോക്കി. അവിടവിടെ ചില ഛായകൾ ഉണ്ടെങ്കിലും അയാളുടെ മുഖം മുഴുവനായും ചൈനീസ് അധീനത്തിലല്ല, വെസ്റ്റേൺ സാദ്ധ്യതകളും ആ മുഖത്തുണ്ട്. ഇത്തരം മിശ്ര വംശജരെ ചാരന്മാരായി ചൈന ഉപയോഗിക്കാറുണ്ടെന്ന പത്രവാർത്തകൾ പാശ്ചാത്യലോകത്ത് സുലഭമാണ്. മാത്രമല്ല ഞാനുപയോഗിക്കുന്നത് Huawei ഫോണുമാണ്. അമേരിക്കയോടുള്ള പ്രതിഷേധമായിട്ടാണ് ഞാൻ Huawei വാങ്ങിയത്, അല്ലാതെ ചൈനയോടുള്ള പ്രേമം കാരണമല്ല. അതിനുമാത്രമുള്ള പ്രസക്തി എനിക്കില്ലെന്നറിയാം, എന്നാലും ഓരോ ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോഴും ഞാൻ വിചാരിക്കും ഏതെങ്കിലും ചൈനീസ് ഹാക്കർ എന്നെ ചെയ്സ് ചെയ്യുന്നുണ്ടാവുമെന്ന്. അല്ലെങ്കിൽ തന്നെ എന്ത് പ്രൈവസി?
കഴിഞ്ഞ ദിവസം എന്റെ ഒരു sent ഇ-മെയിലിനടിയിൽ ഗൂഗിൾന്റെ ഒരു ചോദ്യം, 'It's one week, do you want to follow up?' ഒരാഴ്ചയായിട്ടും ഇ- മെയിൽ കിട്ടിയ ആൾ മറുപടി തന്നിട്ടില്ല, അതാണ് ഗൂഗിളിന്റെ വിഷമം എന്നെ കുറിച്ചോർത്ത്. വളരെ കോൺഫിഡൻഷ്യൽ ആയി ഞാനയച്ച മാറ്റർ ആണ്. അത് ഗൂഗിൾ ക്ലീനായി വായിച്ചു.
ഒരിക്കൽ റോയ് പറഞ്ഞു, "ഗൂഗിൾ അസ്സിസ്റ്റന്റുള്ള ഒരു ഡിവൈസും ബെഡ് റൂമിൽ വെക്കരുത്, ഉപയോഗിച്ച കോണ്ടത്തിന്റെ സൈസ് വരെ ചോർത്തും. പിറ്റേന്ന് അതിന്റെ പരസ്യം പോപ്പ് അപ്പായി വരും’’, വാക്സിൻ പരീക്ഷണ സംഘത്തിൽ ഞാനില്ല. സെർച്ച് അല്ലാതെ റിസർച്ച് ഞാൻ ചെയ്യാറില്ല. ഈ അടുത്ത കാലത്തൊന്നും അന്താരാഷ്ട്രസംഘർഷങ്ങളെ പറ്റി ഞാൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടില്ല. I am relatively safe. എന്നിട്ടും അയാൾ എന്നെ ശ്രദ്ധിക്കുന്നുണ്ട്.
Carnitas രുചിക്കുന്നതിനിടയിൽ ഞാൻ ഒരു വിഹഗവീക്ഷണം കൂടെ നടത്തി. അയാളുടെ അടുത്ത് ഒരു സ്ത്രീയും ഉണ്ട്. ബ്രിട്ടീഷ് നടി Jessica Clark ആണെന്ന് തെറ്റിദ്ധരിക്കപ്പെടാം. ജെസ്സീക്കയ്ക്ക് ഐറിഷ്, നൈജീരിയൻ ആൻഡ് ഇന്ത്യൻ പാരമ്പര്യമാണ്. ഏതാണ്ട് ആ ഒരു കോമ്പിനേഷനാണ് ഇവൾക്കും. ആണോ? അതോ കണ്ണുകളിൽ ഒരു ഇസ്രായേലി ഛായയുണ്ടോ? ചൈനയും ഇസ്രയേലും തമ്മിലെന്താണ്? പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ചൈനയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. പല അപ്പ് ആൻഡ് ഡൗൺസ് റിലേഷൻഷിപ്പിൽ ഉണ്ടായിട്ടുണ്ടെങ്കിലും ചൈന ഇന്ന് ഇസ്രയേലിന്റെ ട്രേഡിങ്ങ് പാർട്ണേർസിൽ മൂന്നാമതാണ്. കമ്മ്യൂണിസവുമായി സമാനതകളൊന്നുമില്ലെങ്കിലും ജൂദായിസവും പുരാതന ചൈനീസ് സംസ്കാരവുമായി ഒരുപാട് സാമ്യങ്ങളുണ്ടെന്നുള്ള ഇന്റലെക്ച്വൽ ലേഖനങ്ങൾ, വാണിജ്യ ഗ്രാഫ് ഉയരുന്നതിനനുസരിച്ച് ഉഭയസമ്മതപ്രകാരം എഴുതപ്പെട്ടിട്ടുണ്ട്.
അതാ അവൾ പുഞ്ചിരിക്കുന്നു. ഒരു റിഫ്ളക്സിൽ ഞാൻ തിരിച്ച് ചിരിക്കാൻ തുടങ്ങിയതാണ്; പെട്ടെന്ന് എന്റെ ഇന്റേർണൽ സെക്യുരിറ്റി സിസ്റ്റത്തിൽ നിന്ന് ഒരു ഇൻഹിബിറ്ററി സിഗ്നൽ, ബിവെയർ ഹണി ട്രാപ്പ്. ഞാൻ തേർട്ടി മിൽ ഓൾഡ് രാരിറ്റി ഗ്ളാസിലേക്കൊഴിച്ചു. അനന്തരം Mordechai Vanunu അഥവാ ജോൺ ക്രോസ്മാനെ ഓർത്തു.
ജോൺ ഇസ്രായേലിലെ ഒരു ന്യൂക്ലിയർ ടെക്നീഷ്യൻ ആയിരുന്നു. മൂപ്പർക്ക് ഇടക്ക് വെച്ച് ലോകസമാധാനത്തിനോടായി താൽപ്പര്യം. 1986-ൽ ലണ്ടൻ സന്ദർശനത്തിനിടയിൽ ജോൺ ഒരു ബ്രിട്ടീഷ് പത്രത്തിന് ഇസ്രയേലിന്റെ ആറ്റം ബോംബ് വിദ്യകളെ കുറിച്ച് ചില വിവരങ്ങൾ കൈമാറി. മൊസാദിനെ കുറിച്ച് നന്നായി അറിയാവുന്ന പത്രം ജോണിന് സംരക്ഷണവും നൽകി. അയാൾ സിൻഡി എന്ന അമേരിക്കൻ വനിതയുമായി കടുത്ത പ്രണയത്തിലാവുകയും പത്രത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് സിൻഡിയുടെ നിർബന്ധപ്രകാരം റോമിലേക്ക് പോകുകയും ചെയ്തു. അവിടെ പ്രേമസല്ലാപത്തിനിടയിൽ സിൻഡി സ്വരൂപം ഡിസ്ക്ലോസ്ഡ്.
പ്രണയമഭിനയിച്ചത് ഷെറിൽ ബെന്റോവ് എന്ന മൊസാദ് ഏജന്റ്. പെട്ടെന്ന് റൂമിലേക്ക് ഇരച്ചു കയറിയ ഇസ്രായേലി കമാൻഡോസ് ജോണിനെ മരുന്ന് കുത്തിവച്ച് പാരലൈസ്ഡ് ആക്കി, രായ്ക്കുരാമാനം ടെൽ അവീവിലേക്ക് കടത്തി. മാർഗരറ്റ് താച്ചറെ പിണക്കാതിരിക്കാനാണ് ഇത്തരമൊരു ഓപ്പറേഷൻ ഇസ്രായേൽ റോമിലേക്ക് മാറ്റിയത്. പതിനെട്ട് കൊല്ലം ജോൺ ജയിലിൽ കിടന്നു, അതിലേറെയും ഏകാന്തമായ കഠിനതടവ്. ജയിൽവാസം കഴിഞ്ഞ് പുറത്ത് വന്ന ജോണിന് പൗരസ്വാതന്ത്ര്യങ്ങൾ പലതും നിഷേധിക്കപ്പെട്ടു. നിബന്ധനകൾ തെറ്റിച്ചെന്നും പറഞ്ഞ് പിന്നെയും പല പ്രാവശ്യം ജയിലിലിട്ടു. ഇസ്രയേലിന്റെ ആണവബലം ഇന്ന് ലോകം മുഴുവൻ അറിയാമെങ്കിലും സെക്യൂരിറ്റി റിസ്ക് കാറ്റഗറിയിൽ പെടുത്തിയതിനാൽ ജോൺ ഇന്നും മൊസാദിന്റെ നിരീക്ഷണവലയത്തിലാണ്. ഇസ്രായേൽ ജനാധിപത്യരാജ്യമാണ്, അറ്റ് ലീസ്റ്റ് ജോണിനൊഴിച്ച്.
ഞാനും ജോണും തമ്മിൽ ഒരു സാമ്യവുമില്ല. പക്ഷേ ഞാനൊരു 'Ardent' ഇന്റർനെറ്റ് യൂസർ ആണ്. പല അസാധാരണ വെബ് സൈറ്റുകളിലും ഓരോരോ വിവരങ്ങൾ തേടി കേറി ഇറങ്ങിയിട്ടുണ്ട്. സൈബർ സഞ്ചാരത്തിനിടയിൽ എന്നെ ആരെങ്കിലും ഫോളോ ചെയ്തിട്ടുണ്ടാകാം. എന്റെ വിചിത്രങ്ങളായ താൽപര്യം കണ്ട് അടുത്ത ജൂലിയൻ അസാഞ്ചെന്ന് സംശയിച്ചിട്ടുമുണ്ടാകാം. പ്രി-എംപ്റ്റീവ് സ്ട്രൈക്ക്, അതൊരു സാദ്ധ്യതയാണ്. ഓൾഡ് രാരിറ്റിയിൽ നിന്ന് ഒരു സിപ്പ് ധൈര്യം കൂടെഞാൻ അകത്താക്കി. എയർപോഡിൽ “പടകാളി ചണ്ഡി ചങ്കരി പോർക്കലി ഡിങ്കിനി ഭഗവതി അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ..” വോള്യം കൂട്ടിവെച്ച് ഒന്ന് മൂഡ് വരുത്തി. പാട്ടിനൊപ്പം വിസ്കിയും കൂടി ചേർന്നപ്പോൾ ഒരു മൂന്നാം ലോകമഹായുദ്ധത്തിനും തയ്യാറാണെന്ന മട്ടിലായി ഞാൻ. മനസ്സിൽ long range intercontinental ballistic missiles നിരനിരയായി നിറുത്തി. എന്നിട്ട് നാട്യം കളഞ്ഞ് അവരെ ഞാൻ ശരിക്കൊന്ന് നോക്കി. അയാൾ അവളോട് എന്തോ ചോദിക്കുന്നു. പാട്ട് നിന്നപ്പോൾ ആ ചോദ്യം ചെവിയിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെട്ടത് പോലെ എനിക്ക് തോന്നി.
“Nayirah എന്ന കുവൈറ്റി പെണ്ണിനെ കുറിച്ച് കേട്ടിട്ടുണ്ടോ?”
“ഇല്ല”
“1990-ൽ നെയിറ അമേരിക്കൻ സെനറ്റിൽ ഒരു പ്രസംഗം നടത്തി. കുവൈറ്റ് ആക്രമിച്ച സദ്ദാമിന്റെ പട്ടാളക്കാർ ആശുപത്രിയിൽ കടന്ന് ഇൻകുബേറ്ററിൽ നിന്ന് കുഞ്ഞുങ്ങളെ പുറത്തേക്കെറിഞ്ഞ് അവർ പിടഞ്ഞുമരിക്കുന്നത് നോക്കിനിന്ന് രസിക്കുന്ന രംഗങ്ങൾ കാണേണ്ടിവന്ന തന്റെ അവസ്ഥ അവൾ വിവരിച്ചപ്പോൾ അതുവരെ ഇറാഖിനെ അക്രമിക്കുന്നതിനെ എതിർത്തവർക്ക് പോലും സദ്ദാമിനെ ഇനി തുടരാൻ അനുവദിച്ചുകൂടാ എന്ന അഭിപ്രായമായി.
ഇതാ മറ്റൊരു ഹിറ്റ്ലർ എന്ന നിലയിലേക്കെത്തി പ്രചാരണങ്ങൾ. അന്ന് നെയിറക്ക് പതിനഞ്ചു വയസ്സ്. നെയിറയുടെ പ്രസംഗം ഹിൽ ആൻഡ് നോൾട്ടൻ എന്ന മാർക്കറ്റിങ് കമ്പനി വഴി സി.ഐ.എ അമേരിക്ക മുഴുവൻ പ്രദർശിപ്പിച്ചു. ആംനെസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘടനകൾ അതേറ്റെടുത്തു. ഇറാഖിനെ ആക്രമിക്കാനുള്ള ബുഷിന്റെ ആഗ്രഹത്തിനനുകൂലമായി പബ്ലിക്ക് ഒപ്പീനിയൻ രൂപപ്പെടുത്തുന്നതിൽ നെയിറ പ്ലെയ്ഡ് എ പിവറ്റൽ റോൾ”.
"സൊ വാട്ട്?" ആ പെൺചോദ്യത്തിന് ഒരു ഗ്ലോബൽ ആക്സെന്റ് ആയിരുന്നു.
"യഥാർത്ഥ വിവരങ്ങൾ പുറത്തുവരാൻ രണ്ട് വർഷമെടുത്തു. അപ്പോഴേക്കും ബുഷ് കാര്യം സാധിച്ചിരുന്നു. യുദ്ധമെന്ന ബിസിനസ്സ് നടത്താൻ അത്തരം മെറ്റിക്കുലസ് പ്ലാനിംഗ് വേണം, എ കട്ട് ത്രോട്ട് വൺ’’.
അയാൾ ചിരിക്കുന്നു. അതൊരു വെറും ചിരിയല്ല. അതിന് പിന്നിൽ ഒരു കടലിരമ്പുന്നുണ്ട്. ഞാൻ ഇന്റർനെറ്റിൽ നെയിറയെ തിരഞ്ഞു. കാര്യം മനസ്സിലായി. ന്യൂയോർക്ക് ടൈംസിലെ ജോൺ മെക്കാർതർ ആണ് 1992- ൽ സത്യം കണ്ടുപിടിച്ചത്. അപ്പോൾ അമേരിക്ക Basic Instinct എന്ന 'neo-noir erotic thriller'-ൽ രമിക്കുകയായിരുന്ന കാട്ടുകോഴിക്കെന്ത് സംക്രാന്തി, കൗബോയ്ക്കെന്ത് ചരിത്രസത്യം?
Nayirah al-Ṣabaḥ കുവൈറ്റിന്റെ അമേരിക്കൻ അംബാസഡറുടെ മകളാണെന്നും, ആ കാലത്തൊന്നും അവൾ കുവൈറ്റിൽ പോയിട്ടേ ഇല്ലെന്നുമുള്ള സത്യത്തിന് വലിയ വാർത്താപ്രാധാന്യമൊന്നും കിട്ടിയില്ല. നുണ പറഞ്ഞു ഫലിപ്പിക്കാൻ സി.ഐ.എ അവൾക്ക് ആഴ്ചകളോളം ആക്ടിങ് ക്ലാസ് കൊടുത്തിരുന്നു, പെർഫോമൻസിന് വലിയ തുക പാരിതോഷികവും. എല്ലാം അറിഞ്ഞപ്പോൾ ആംനസ്റ്റി ഇന്റർനാഷണൽ മാത്രം ലോകത്തോട് മാപ്പു പറഞ്ഞു. ആ കഥ അയാളിപ്പോൾ പകുതി പറഞ്ഞ് നിറുത്തിയെന്തിന്?തലയിൽ ചിന്തകൾ ചൂട് പിടിക്കുന്നതിനിടയിൽ സ്റ്റ്യൂ വന്നു. ടോം അത് വലിയ പാത്രത്തിൽ നിന്ന് ഒരു ചെറിയ ബൗളിലേക്ക് പകർത്തി വെച്ചു. സ്പൂണും ടവ്വലുമൊക്കെ യഥാസ്ഥാനങ്ങളിലെന്ന് ഉറപ്പു വരുത്തി ആസ്വാദനത്തിനുള്ള ആശംസയും തന്ന് തൽക്കാലം വിടവാങ്ങി. ടോം തിരിഞ്ഞതും ഞാൻ ഒരു സ്പൂൺ ഫുൾ സ്റ്റ്യൂ വായിലേക്കിട്ടു. എരിവിന്റെ വൈദ്യുത്കാന്തിക തരംഗങ്ങളിലേക്ക് ഗ്ളാസ്സിൽ നിന്ന് ബാക്കിയുള്ള തുള്ളികൾ കൂടെ ചേർന്നപ്പോൾ തീരുമാനത്തിന് ഒരു രാസബലം കൈവന്നു. ഇവനാരെന്ന് അറിഞ്ഞിട്ടുതന്നെ കാര്യം. ഞാൻ തലയുർത്തി. അപ്പോഴേക്കും അയാൾ ഞാനിരിക്കുന്ന ടേബിളിന്റെ തൊട്ടടുത്ത് എത്തിയിരുന്നു.
അരമണിക്കൂറിനപ്പുറം ഞാൻ അയാളോടൊപ്പം വിശാലമായ പിൻസീറ്റിൽ വിസ്തരിച്ചിരുന്നു. സ്റ്റിയറിങ്ങിൽ മൃദുലമായി സ്പർശിച്ചുകൊണ്ട് മുൻസീറ്റിൽ അവളും. Porsche Cayenne Turbo S E-Hybrid Coupé അതിമദാലസമായ ഭാവത്തിൽ നഗരത്തിന്റെ ഔട്ടർ സ്പേയ്സിലൂടെ മെല്ലെ മെല്ലെ നീങ്ങാൻ തുടങ്ങി. കാർ കുറച്ചുദൂരം പോയപ്പോഴാണ് അയാൾ ചോദിച്ചത്, "തീർത്തും അപരിചതരായ ഞങ്ങളോടൊപ്പം പോരാൻ താങ്കൾക്ക് ഭയമുണ്ടോ?"
തേച്ചുമിനുക്കിയ ഓക്സ്ഫോർഡ് അക്ഷരങ്ങൾ അയാളുടെ മുഖത്ത് നിന്ന് ഹാലൊജൻ പ്രകാശത്തിലേക്ക് ഇറങ്ങിവരുന്നത് പോലെ എനിക്ക് തോന്നി.
“എന്റെ പേര് പ്രസന്നൻ, ഭയം അഭിനയിക്കാൻ ബുദ്ധിമുട്ടാണ്, എന്താ ശ്രമിക്കണോ?” മേടത്തറ നേറ്റിവ് സമാജം ലോവർ പ്രൈമറി സ്ക്കൂളിൽ നിന്ന് കിട്ടിയ മലയാളത്തിന്റെ മണമുള്ള ഇംഗ്ലീഷ് മതി തൽക്കാലം ഓക്സ്ഫോർഡിനോട് ഇടയാൻ. “മനസ്സിൽ ധൈര്യത്തിന്റെ ലാവാപ്രവാഹമാണ് സ്പൈ യുഗ്മങ്ങളേ” എന്നത് പാട്ടാക്കി പാടിയാലോ എന്നുവരെ എനിക്ക് തോന്നി. അപ്പോഴേക്കും ഒരു സ്വാധീനത്തിനും വിധേയമാകാത്ത തലച്ചോറിന്റെ രഹസ്യഅറകളിൽ ചില കണക്കൂട്ടലുകൾ തുടങ്ങിയിരുന്നു. അതിൽ സീനുകൾ റീവൈൻഡ് ചെയ്യപ്പെട്ടു. ചിലത് തെളിഞ്ഞ് വന്നില്ലെങ്കിലും കാറിൽ കയറുന്നതിന് തൊട്ടുമുമ്പുള്ള ചിത്രം ഏതാണ്ട് പൂർണ്ണമായിരുന്നു.
"ക്യാൻ വി ജോയിൻ യു?" അയാൾക്ക് തൊട്ട് പിന്നിൽ അവളും ഞാൻ ഇരുന്നിടത്ത് എത്തിയിരുന്നു.
"തീർച്ചയായും"
"ക്യാൻ ഐ ടേസ്റ്റ് യുവർ ഡെലീഷ്യസ് ഡിഷ്?" അപ്പോൾ അവളാണ് മുൻകൈ എടുത്തത്.
"മൈ പ്ലഷർ"
അനന്തരം സിറാമിക് ജഗ്ഗിലെ ഡ്യൂ ഡ്രോപ്സ് തുല്യമായി പകുത്ത് മൂന്ന് ചിയേർസ് ആയി മാറി. ഗ്ളാസ് താഴെ വെക്കുമ്പോൾ അവൾ ചോദിച്ചു, "ഡു യു മൈൻഡ് കമിങ് വിത്ത് അസ് ഫോർ എ ഡ്രൈവ്?"
"ആഫ്റ്റർ സെറ്റിലിങ് ദ ബിൽ"
ഗൂഗിൾ പേ ക്ലോസ് ചെയ്യുമ്പോൾ ട്രാക്കിംഗ് ആപ്പിൽ എന്റെ ലൊക്കേഷൻ ഫോളോ ചെയ്യാൻ ഞാൻ രണ്ട് പേർക്ക് അനുമതി കൊടുത്തു, ഒന്ന് ഓഫ് കോഴ്സ് നിഷ, രണ്ട് റോയ്. ഉടൻ റോയിയുടെ മെസ്സേജ് വന്നു, "വെർ ആർ യു ഗോയിങ്?"
"ആൻ അഡ്വെഞ്ചർ"
"ആർ യു ഡ്രങ്ക്?"
"ലൂബ്രിക്കേറ്റഡ്, നോട്ട് ഡിസ്ഇൻഹിബിറ്റഡ്"
"യു ക്യാൻ ഗോ, മൈ എയർ ഫോഴ്സ് ഹാസ് ടേക്കൺ ഓവർ യുവർ സെക്യൂരിറ്റി"
സുരക്ഷാ അവലോകനം തൽക്കാലം നിർത്തി ഞാൻ പുറത്തേക്ക് നോക്കി. സിറ്റിയിലേക്കുള്ള പ്രവേശനകവാടം കടന്ന് കാർ വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജിന്റെ ഏറ്റവും മുകളിലെത്തിയിരിക്കുന്നു. ഒരു വശത്ത് നഗരം പല ഗ്യാലക്സികൾ പോലെ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയിൽ ചുറ്റിവളഞ്ഞ് കിടക്കുന്നു, അപ്പുറം തുറമുഖത്തോടടുക്കുന്ന കപ്പലിൽ നിന്ന് സൈറൺ മുഴങ്ങുന്നു. ഞാൻ ഗ്ളാസ് താഴ്ത്തി കടലിലേക്ക് നോക്കി. തിരകൾ മെല്ലെ കയറിവരുന്നു, അതേ താളത്തിൽ പിൻവാങ്ങുന്നു. മീതെ നീലച്ചുരുളുകളായി നിലാവ്. "ഈസിൻറ് ഇറ്റ് ബ്യൂട്ടിഫുൾ?" അയാൾ ഹെഡ് റെസ്റ്റിൽ നിന്ന് തല ചെരിച്ചെന്നെ നോക്കി. ഞാൻ ഗ്ളാസ് ഉയർത്തി. കാഴ്ചകൾ മങ്ങി.
"യെസ് ഇറ്റ് വാസ്"
പാലം മെല്ലെ മെല്ലെ താഴ്ന്ന് ഹൈവേയിലോട്ട് മെർജ് ചെയ്യുന്നു. കുറെക്കൂടി നീങ്ങിയപ്പോൾ എയർപോർട്ട് റോഡിൽ നിന്ന് വാഹനങ്ങളുടെ തിരക്ക്. അവളുടെ മുഴുവൻ ശ്രദ്ധയും ഡ്രൈവിങ്ങിലാണ്.
"യു ഹാവ് സംതിങ് റ്റു ഈറ്റ്?"
ഞാനാ ചോദിക്കുന്നതിന് ഒരു മിനിറ്റ് മുമ്പാണ് ലെതർ കെയ്സിൽ പാതി പൊതിഞ്ഞ ഒരു കീ ചെയിൻ പോലെ ഒന്ന് ഡോറിന്റെ സൈഡ് പോക്കറ്റിൽ നിന്ന് എന്നെ നോക്കിയത്. ഐ വാണ്ടഡ് റ്റു ഡിസ്ട്രാക്ട് ഹിം.
"ഒരു പത്ത് കിലോമീറ്റർ, ദെൻ വി റീച്ച് അവർ പ്ലെയ്സ്"
പിന്നെയുണ്ടായ നിശ്ശബ്ദമായ ഇടവേളക്ക് കാരണം എന്റെ മൗനമായിരുന്നു. ആ മൗനത്തിന് കാരണം അതൊരു കീ ചെയിൻ അല്ലെന്ന് എനിക്ക് മനസ്സിലായതുമായിരുന്നു.
It was a Swiss mini gun.
അഞ്ചര സെന്റിമീറ്റർ മാത്രം നീളമുള്ള ആ little krait ഞാൻ പോലുമറിയാതെ എന്റെ കൊളംബിയ ജമ്പറിലെ ഉൾപോക്കറ്റുകളിലൊന്നിലേക്ക് ഇഴഞ്ഞുകയറുമ്പോൾ കാർ വലിയ മതിൽ കടന്ന് ഒരു കൂറ്റൻ കെട്ടിടത്തിന്റെ ഗ്യാരേജിന് മുന്നിൽ നേരിയ ശബ്ദത്തോടെ ചെന്നുനിന്നു.
"നല്ല തണുപ്പാണ്’’, അയാളുടെ മുന്നറിയിപ്പ് അവഗണിച്ച് ഞാൻ ജമ്പറും ഗ്ലൗസ്സും ഊരി ഉള്ളിലിട്ടു.
"ഇറ്റ്സ് ഓക്കെ" എന്ന് പറയുമ്പോൾ വാതിൽക്കൽ ഉണ്ടായേക്കാവുന്ന മെറ്റൽ ഡിറ്റക്ടർ ആയിരുന്നു എന്റെ മനസ്സിൽ. ഗ്യാരേജിൽ നിന്ന് അർദ്ധചതുരാകൃതിയിലുള്ള റൂമിലേക്ക് കടക്കുമ്പോൾ പുറത്ത് അറ്റെൻഷനിൽ നിൽക്കുന്ന രണ്ട് സെക്യൂരിറ്റി സ്റ്റാഫ് എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി. അതേ ഗൗരവത്തിൽ ഞാൻ തിരിച്ചും. ആ റൂം തുറന്നത് ഒരു വലിയ ഹാളിലേക്കാണ്. ചുറ്റും ഉയരം കൂടിയ വാതിലുകൾ. ഏറ്റവും അറ്റത്ത് മുകളിലേക്കുള്ള സ്റ്റെയർകെയ്സ്. മാർബിൾകൊണ്ടാണ് ചുമരുകൾ. പഴയ ഏതോ കൊട്ടാരം റിഫർബിഷ് ചെയ്ത് എടുത്തതായിരിക്കണം. ഷാൻഡ്ലിയേഴ്സ്, പെയിന്റ്റിങ്ങുകൾ, പിന്നെ ഒറ്റനോട്ടത്തിൽ മനസ്സിലാകാത്ത പുരാതനവും അല്ലാത്തതുമായ സാധനസമഗ്രികൾ.
"ഓപ്പൺ ദ റൂം നമ്പർ ത്രീ", അവളുടെ ഓർഡർ കേട്ട്, മിഡിയും ടോപ്പുമിട്ട് പ്രത്യക്ഷപ്പെട്ട പെണ്ണിന് ഒരു പരിചാരകയുടെ വിധേയത്വമായിരുന്നു. ഒരു കോൺഫറൻസ് ഹാൾ, അവിടെ കമ്പ്യൂട്ടറുകളും, ക്യാമറയും ഫയലുകളും അതീവ ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്നു. ആറു പേർക്കിരിക്കാവുന്ന ടേബിൾ. ലൈറ്റിട്ട് കസേരകൾ നീക്കിയിട്ട് ഗ്ളാസ്സുകളിൽ വെള്ളം നിറച്ച് പരിചാരികയുടെ റോളിൽ വന്നവൾ പോകാനുള്ള അനുവാദത്തിന് കാത്തുനിന്നു. വളരെ സോഫ്റ്റായിട്ടാണ് അയാൾ എന്നോട് ഇരിക്കാൻ പറഞ്ഞത്.
"ഏതാണ് വേണ്ടത് പ്രസന്നൻ, ബർഗർ, പിസ്സ...?"
"ഐ വുഡ് പ്രീഫെർ... സംതിങ് റൈസ് ബേസ്ഡ്"
"Malaysian Nasi lemak?"
ഞാൻ സമ്മതിച്ചതും അവൾ സിഗ്നൽ കൊടുത്തു. പരിചാരിക പോയി. പോകും മുമ്പ് കുറച്ച് സെക്കൻഡ്സ് അവരെന്നെ നോക്കി. (ചെസ്സിൽ കോഫിഹൗസ് എന്നൊരു മൂവ് ഉണ്ട്, അത് എതിരാളിയെ ട്രാപ്പിലാക്കും. എനിക്ക് ബോർഡിൽ ചെസ്സ് കളിക്കാനറിയില്ല. പക്ഷെ ഇവിടെ ഒന്ന് പരീക്ഷിച്ചുനോക്കാം) ‘എന്താണ് നിങ്ങളുടെ ഉദ്ദേശ്യം?’ എന്ന ഭാവം മുഖത്ത് വരാതിരിക്കുക എന്നതായിരുന്നു ആ മേശപ്പുറത്ത് എന്റെ മൂവ്.
"ഞാൻ ഡേവിഡ് ലിപ്സനെർ, ആൻഡ്..."
"ചെൽസി മില്ലർ"
"ഡേവിഡ് ആൻഡ് ചെൽസി" ഞാൻ പുഞ്ചിരിച്ചു.
നാസി ലേമാക് കഴിച്ച് വെള്ളം കുടിക്കുമ്പോഴാണ് ചുമരിൽ സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്ന മാനിന്റെ മുഖം ശ്രദ്ധിച്ചത്. പെട്ടെന്നു മൊബൈലിൽ വൈബ്രേഷൻ, സ്ക്രീനിൽ മെസ്സേജ്, 'GPS has been jammed'
"നോ ഫോട്ടോ പ്രസന്നൻ"
"നോ ഇന്റെൻഷൻ ഐയിതെർ" GPS പോയത് നിനക്കറിയാം അല്ലേ ചെൽസി മില്ലർ എന്നായിരുന്നു ഞാൻ ആക്ച്വലി പറഞ്ഞത്. ഞാൻ കൂളായി തന്നെയിരുന്നു. (ചെസ്സിലെ മറ്റൊരു വിദ്യയാണ് Poisoned Pawn Variation, ഒരു തരം സിസിലിയൻ ഡിഫെൻസ്. പിന്നെ കാലാളിനെ തൊടില്ല എന്നാണ് വെപ്പ്.)
"പ്രസന്നന് കോണീ കാർട്ടറിനെ അറിയാമോ?"
ഞാൻ ഞെട്ടുമെന്നായിരിക്കും ഡേവിഡ് കരുതിയത്.
"ഒരു പോൺസ്റ്റാർ എന്ന നിലയിൽ അറിയാം"
"ഫിലിംസ് കണ്ടിട്ടുണ്ടോ?"
"ഉണ്ടോ, ഇല്ലയോ എന്നത് നിങ്ങളുടെ രേഖയിലുണ്ടാകുമല്ലോ ഡേവിഡ്? കം റ്റു ദ പോയിന്റ്"
തങ്ങളുടെ നീക്കം പിഴച്ചിട്ടില്ല എന്ന ഭാവത്തിൽ തന്നെയാണ് അവർ ഇരുന്നത്.
"കഴിഞ്ഞ ഒരു കൊല്ലത്തിൽ പല പ്രാവശ്യം lateral treaty യെ കുറിച്ച് പഠിക്കാൻ താങ്കൾ ശ്രമിച്ചിട്ടുണ്ട്" അവർ വിഷയം മാറ്റി.
"ഉണ്ട്, ഒരു പാട് തവണ" എങ്കിൽ ആ വഴിക്ക് പോകാമെന്ന് ഞാനും കരുതി.
"എന്തുകൊണ്ട്? വി ആർ ക്യൂരിയസ്"
(ചതുരംഗം എനിക്കിഷ്ടമാണ് മിസ്റ്റർ, കളിച്ചിട്ടില്ലെങ്കിലും. ലെറ്റ് മി പ്ലേ ഹിയർ)
"എന്റെ ഒരു കൂട്ടുകാരൻ പറയുമായിരുന്നു, രണ്ടാം ലോകമഹായുദ്ധമുണ്ടായത് ട്രീറ്റി വഴി ഇറ്റലി കൊടുത്ത, ഇന്നത്തെ നിലക്ക് 1.3 billion ഡോളർ വരുന്ന പണം വത്തിക്കാൻ ‘PIETRO BERETTA’ എന്ന ആയുധക്കമ്പനിയിൽ നിക്ഷേപിച്ചതു കൊണ്ടാണെന്ന്. ലാഭം കിട്ടണമെങ്കിൽ ആയുധം വിറ്റുപോണ്ടേ ചെൽസി?"
ചെൽസിയെ നോക്കിയതിൽ ശൃംഗാരം കലർത്തിയത് എനിക്ക് അപ്പോൾ തോന്നിയ ഒരു സൈക്കോളജിക്കൽ മൂവ് ആയിരുന്നു. (ഒപ്പമുള്ള പെണ്ണിനെ കൂടുതൽ പരിഗണിച്ചാൽ ഒരു ശരാശരി ആണിന് അൽപ്പം അസ്വസ്ഥത ഉണ്ടാകും. It's a natural thing, isn't it?) എന്തായാലും ഡേവിഡ് മുന്നോട്ട് ആഞ്ഞിരുന്നു. (അടുത്ത കരു ഞാൻ തന്നെ നീക്കിക്കളയാം, ഒരു രസമല്ലേ?)
"ഡേവിഡ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ രണ്ട് ഫ്രാക്ഷൻസ് ഉണ്ട്, ഒന്ന് princelings പഴയ നേതാക്കളുടെ മക്കൾ. മറ്റേത് tuanpai, ഗോഡ് ഫാദേഴ്സ് ഇല്ലാതെ അടിത്തട്ടിൽ നിന്ന് ഉയർന്ന് വന്നവർ. ഞാൻ ആ ക്ലാസ് സ്ട്രഗിൾ നന്നായി പഠിച്ചിട്ടുണ്ട്. നിങ്ങളേതാണ് ഡേവിഡ്, P or T?"
"ഓഫ് കോഴ്സ്. ഏതാണ്ട് നൂറോളം ചൈന റിലേറ്റഡ് വെബ്സൈറ്റ്കൾ, കോർണർ റ്റു കോർണർ പ്രസന്നൻ തിരഞ്ഞിട്ടുണ്ട്" ഡേവിഡ് മറുനീക്കം മോശമല്ലാത്ത രീതിയിൽ നടത്തി.
"Bernie Madoff ലും Elizabeth Holmes ലും പ്രസന്നനുള്ള താല്പര്യം എന്താണ്?"
ചോദിക്കുന്നതിനിടയിൽ അവൾ ഓവർ കോട്ട് ഊരിയിട്ടു. ആരെയും ആകർഷിക്കാൻ പോന്ന ശരീരഭംഗിയിലേക്ക് അപ്പോൾ കലർന്ന നഗ്നതയുടെ ചിഹ്നങ്ങളെ ഞാൻ അവഗണിച്ചു. പകരം ചോദ്യം ഞാൻ പ്രതീക്ഷിച്ചതാണെന്ന മട്ടിൽ ചെറുതായൊന്ന് ചിരിച്ചു. ബേർണി അമേരിക്കയിലെ സ്റ്റൈലൻ തട്ടിപ്പുകാരനാണ്. ഒരു ഫെയ്ക്ക് കമ്പനി പ്രസിദ്ധപ്പെടുത്തുക, പുതുതായി വരുന്ന നിക്ഷേപകർക്ക് നേരത്തേയുള്ളവരുടെ കാശ് കനത്ത ലാഭമെന്ന പേരിൽ കൊടുത്ത് അടുത്ത ഇരകളെ ആകർഷിക്കുകയെന്ന ഭീകര സാമ്പത്തിക ഉഡായിപ്പിനെയാണ് Ponzi scheme എന്ന് പറയുക. അതിന്റെ ഉസ്താദായിരുന്ന ബേർണിയുടെ ആസ്തി 2008-ൽ 64.8 billion ഡോളർ ആയിരുന്നു. എൻറൊണിന്റെ വൈസ് പ്രസിഡന്റായിരുന്ന ക്രിസ്ത്യൻ ഹോംസിന്റെ മകളാണ് എലിസബത്ത്. ഒരു തുള്ളി ബ്ലഡിൽ നിന്ന് രോഗമേതും നിർണ്ണയിക്കാനുമുള്ള ടെസ്റ്റുകളും അതിന് വേണ്ട മെഷീനുകളും വികസിപ്പിച്ചെടുത്തുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് 2015-ൽ ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന 5 ക്രാന്തദർശികളിൽ ഒരാളായി എലിസബത്ത് മാറി. 9 ബില്യൺ ഡോളറായിരുന്നു എലിസബത്ത് സി.ഇ.ഒ ആയിരുന്ന Theranos കമ്പനിയുടെ സമ്പാദ്യം. 2018-ലാണ് മൊത്തം തട്ടിപ്പാണ് അതെന്ന് മനസ്സിലായത്. എലിസബത്തിന്റെ തട്ടിപ്പിൽ വീണവരിൽ ഹിലരി ക്ലിന്റൺ മുതൽ ഭൂലോക ഫ്രോഡായ മർഡോക്ക് അടക്കം ഒരുപാട് സെലിബ്രെറ്റീസ് ഉണ്ട്. ആ ബേർണിയെയും എലിസബത്തിനെയും കുറിച്ചാണ് ചോദ്യം.
"തട്ടിപ്പിനിരയാകാതിരിക്കാനും, തട്ടിപ്പുകാരനാകാതിരിക്കാനും തട്ടിപ്പ് എന്താണെന്നറിയണമല്ലോ മിസ് മില്ലർ?"
ചുമരിലെ ക്ലോക്കിലെ കിളി ചിലക്കുന്നു. മണി പതിനൊന്നായി. ചതുരംഗ കളങ്ങൾ മായുന്നു. അവരുടെ മുഖത്തെ ഭാവം മാറുന്നു. കാര്യങ്ങൾ അതിന്റെ ട്രിഗ്ഗർ പോയിന്റിലേക്ക് വരുന്നതായി എനിക്ക് തോന്നി.
"പ്രസന്നൻ, നിങ്ങളിൽ ഒരു വിദഗ്ധനായ ഹാക്കർ ഉണ്ട്, എ സൈലന്റ് കില്ലർ, വി വാണ്ട് ഇറ്റ്"
അവളുടെ കണ്ണുകളിൽ മെല്ലെ നിറയുന്ന ഗൗരവത്തെ ഞാൻ അവഗണിച്ചു.
"റിയലി?"
"വി ഹാവ് എ ഗ്രൂപ്പ്, Xenippos. യു ക്യാൻ ഹെൽപ്പ് അസ്"
"വൈ മി?"
"ഇറ്റ്സ് എ സീക്രട്ട് നൗ. സമയമാകുമ്പോൾ യു വിൽ ബി ടോൾഡ്"
"എനിക്ക് സഹായിക്കാൻ സമ്മതമല്ലെങ്കിൽ?"
"കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങളുടെ Malwares നൊപ്പമാണ് നിങ്ങൾ. നിങ്ങളുടെ ബ്രൗസിംഗ് ഡാറ്റ, ബാങ്ക് അക്കൗണ്ട്സ്, ക്രെഡിറ്റ് കാർഡ്, പാസ്സ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്…, ഇറ്റ്സ് വെരി ഈസിറ്റു മെയ്ക് എ വെർച്യുൽ പ്രസന്നൻ, വിത്തൗട് ദി എക്സിസ്റ്റൻസ് ഓഫ് റിയൽ വൺ." ഡേവിഡ് ബട്ടണമർത്തിയതും ചുമരിലെ വെളിച്ചത്തിൽ എന്റെ രേഖാചിത്രം തെളിഞ്ഞു.
"2010-ൽ ദുബായിൽ വെച്ച് ഒരു ഹമാസ് ഒഫീഷ്യൽ കൊല്ലപ്പെട്ടു. കൊന്നത് ഇസ്രായേലി കമാൻഡോസ് ആണ്. രേഖകളിൽ കൊലപാതകി ഒരു ഓസ്ട്രേലിയക്കാരനായിരുന്നു. ഓസ്ട്രേലിയ, ഐർലാൻഡ് പാസ്സ്പോർട്ടുകൾ എത്ര വേണം, മൊസ്സാദിന്റെ കൈയിലുണ്ട്. നാളെ ബുഡാപെസ്റ്റിൽ ഒരു കൊല നടന്നാൽ ചിലപ്പോൾ ഉത്തരവാദി പ്രസന്നൻ ആയിരിക്കും"
അവൾ ചിരിക്കുന്നു.
"ഓക്കെ. ഐ ആം ഇൻ യുവർ ഹാൻഡ്സ്. ഒരു തീരുമാനത്തിലെത്തും മുമ്പ് ഐ നീഡ് സം ഫ്രഷ് എയർ. ക്യാൻ വി ഗോ റ്റു ദി ബീച്ച് ഫോർ എ വൈൽ. എനിക്കൊന്ന് വിശാലമായി ചിന്തിക്കണം"
(തണുപ്പാണെന്നും രാത്രി വൈകിയെന്നുമുള്ള മുന്നറിയിപ്പുകൾ ഞാൻ നിരാകരിച്ചു. ഐ ഹാവ് നതിങ് ടു ലൂസ്)
കാറിൽ കയറുമ്പോൾ ഞാൻ ഗ്ലൗസും ജമ്പറും എടുത്തിട്ടു. ഇത്തവണ എനിക്കരികിൽ ചെൽസിയായിരുന്നു. അംഗുലീദൂരം മാത്രമുള്ള ആകർഷണവലയങ്ങളിലേക്ക് കണ്ണയക്കുമ്പോൾ ഞാൻ യതാർത്ഥത്തിൽ രക്ഷപ്പെടാനുള്ള പദ്ധതികളുടെ കൗണ്ട് ഡൌൺ തുടങ്ങുകയായിരുന്നു. കാർ ബീച്ച് റോഡിലേക്ക് തിരിയാൻ രണ്ട് കിലോമീറ്റർ. പച്ച ബോർഡിലെ അക്ഷരങ്ങൾക്കപ്പുറം റോഡ് സൈഡിൽ കണ്ട വെളിച്ചത്തിൽ എന്നിലെ സകല രാസപ്രവർത്തനങ്ങളും അതിവേഗത്തിലായി.
"ഡേവിഡ്, ആ പബ്ലിക് ടോയ്ലറ്റിനടുത്ത് ഒന്ന് നിർത്താമോ?"
ഒരു നിമിഷത്തെ കൺഫ്യൂഷൻ, ഡേവിഡ് വണ്ടി സൈഡിലേക്കൊതുക്കി. രണ്ടേ രണ്ടു ബുള്ളറ്റ്, ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലും സൂക്ഷ്മതയിലും സ്വിസ്സ് മിനി ഗൺ പദ്ധതി നടപ്പിലാക്കി. സൈഡിലേക്ക് തിരിഞ്ഞ ചെൽസിയും, പിന്നിലേക്ക് നോക്കിയ ഡേവിഡും നിശ്ചലരായി. ഇനി അവർ, കടാവറിക് സ്പാസം, റിജിഡ് മോർട്ടിസ്, ലിവർ മോർട്ടിസ് എന്നീ ഏതെങ്കിലുമൊരു ഫോറൻസിക് പ്രതിഭാസത്തിലൂടെ കടന്ന് പൊയ്ക്കോളും. അതിന് എന്റെ സാന്നിദ്ധ്യം കാറിനകത്ത് ആവശ്യമില്ല. എനിക്കിനി ഗണിന്റേയും.
ഞാനിറങ്ങി നടന്നു. മൊബൈലിൽ മാപ്പ് അപ്പോഴും ജാമായി തന്നെയിരിക്കുന്നു. ഏതാണ്ട് ഒരു കിലോമീറ്റർ നടന്നു കാണും. ഒരു പോലീസ് വണ്ടി സൈറൺ ഇട്ട് വന്ന് മുന്നിൽ നിന്നു.
"വേർ ആർ യു ഗോയിങ് സർ?" പോലീസ് ഓഫീസർ ഒന്നാമൻ അറ്റൻഷനായി.
"ഞാൻ ആ റസ്റ്റോറന്റിൽ വന്നതാണ്, യു നോ ദ വൺ ഇൻ ജോർജ് സ്ട്രീറ്റ്. ഭക്ഷണം കഴിച്ചപ്പോൾ എനിക്ക് തോന്നി ബീച്ചിലൊന്ന് പോയാലോന്ന്, ഐ തിങ്ക് നൗ ഐ ലോസ്റ്റ് ഡിറക്ഷൻ"
"ഡിഡ് യു ഡു സംതിങ് നോട്ടി?" പോലീസ് ഓഫീസർ രണ്ടാമൻ ചിരിക്കുന്നു.
(എങ്കിൽ പിന്നെ തമാശയാക്കി കളയാം)
"ഓഫീസർ, ഞാനൊരു കാര്യം ചോദിക്കട്ടെ?"
"ഗോ എഹെഡ്"
"ഒരു നോവലിസ്റ്റ് അയാളുടെ ആദ്യ നോവലിലെ ഒന്നാം അദ്ധ്യായത്തിൽ തന്നെ രണ്ട് കഥാപാത്രങ്ങളെ കൊന്നാൽ, Is it a cognisable offence?"
"നോ മേൻ, ഹി ക്യാൻ കിൽ ആസ് മെനി ക്യാരക്ടർസ് ഹി വാണ്ട്സ്"
"താങ്ക് യു"
"ലുക്ക്, ഈ വഴി ഈ സമയത്ത് അത്ര സേഫ് അല്ല. വി ക്യാൻ ഡ്രോപ്പ് യു സംവെയർ സേഫ്, ഡു യു വാണ്ട്?"
"ഇൻ ദാറ്റ് കേയ്സ് എന്നെ അടുത്തുള്ള ഒരു മെട്രോ സ്റ്റേഷനിൽ കൊണ്ടാക്കാമോ?"
"ഓഫ് കോഴ്സ്"
ഞാൻ പോലീസ് ജീപ്പിൽ കയറി.
Cheers…