കാവുവിളാകം ഗോപന്റെ
‘മഹാസമാധി'യിൽനിന്ന്,
തത്സമയം...

പൊന്നമ്പലമേട്ടിൽ കത്തിച്ചുകാണിക്കുന്ന കർപ്പൂരപ്പന്തങ്ങളുടെ നേർക്ക് ക്യാമറയും കണ്ഠവും തിരിച്ചുവച്ച് ‘മകരജ്യോതി തെളിഞ്ഞു' എന്ന് മുറ തെറ്റാതെ തത്സമയം ആർപ്പുവിളിക്കുന്ന അതേ ചാനൽ ക്യാമറകളിലൂടെ ഇനി നമുക്ക് കാവുവിളാകം ഗോപന്റെ ‘മഹാസമാധി'യും തത്സമയം കാണാം, കാത്തിരിക്കുക. UN MASKING / K KANNAN

തിരുവനന്തപുരത്തെ പ്ലാവിളയിൽ നെയ്ത്തുതൊഴിലാളിയായിരുന്നു മണിയൻ. പിന്നെ ആറാലുംമൂട്ടിലേക്ക് താമസം മാറി. ആദ്യം എ.ഐ.ടി.യു.സി യൂണിയനിലും പിന്നെ ബി.എം.എസിലും ചേർന്ന് ചുമട്ടുതൊഴിലാളിയായി. കാവുവിളയിൽ വീടുവെച്ചതിനൊപ്പം അവിടെ ഒരു ശിവക്ഷേത്രം കൂടി പണിത് പൂജാരിയായി. ഒപ്പം, രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനുമൊക്കെ ചികിത്സ തേടി, മരണത്തിനുതൊട്ടുമുമ്പുവരെ കൃത്യമായി മരുന്നും കഴിച്ച്, കുടുംബത്തോടൊപ്പം ജീവിച്ചുവരികയായിരുന്നു.

കഴിഞ്ഞ ഒമ്പതാം തീയതിവരെയുള്ള മണിയന്റെ ജീവചരിത്രം ഏറ്റവും ചുരുക്കി ഇങ്ങനെ സംഗ്രഹിക്കാം.

ഒമ്പതാം തീയതി, മക്കൾ പതിച്ചുവെച്ച ഒരു പോസ്റ്ററിലൂടെ മണിയൻ മരണശേഷം, കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവക്ഷേത്രത്തിലെ ആചാര്യഗുരു ബ്രഹ്മശ്രീ ഗോപൻ സ്വാമിയായി മാറി.
മരണവുമല്ല, സമാധി തന്നെ.

മരണമാണോ സമാധിയാണോ എന്നതിനെച്ചൊല്ലി തർക്കവും വിവാദവും തകൃതിയായി.

'മക്കൾ സമാധിയെന്നും നാട്ടുകാർ മരണമെന്നും വിളിക്കുന്ന' എന്ന മട്ടിൽ പൊലീസും മാധ്യമങ്ങളും ഇതെല്ലാം കണ്ടും കേട്ടുമിരുന്ന പൊതുസമൂഹവും ഗോപന്റെ മരണത്തിൽ സന്ദേഹികളായി.

ഇതിനിടെ ചില സ്വാമിമാരും സംസ്‌കൃത പണ്ഡിതന്മാരും ചാനലുകളിൽ വന്നിരുന്ന്, വൈദിക ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് സമാധിയുടെ യോഗവിദ്യ സ്ഥാപിച്ചെടുത്തു. മക്കൾ ചാനൽമൈക്കുകൾ കണ്ട പരിഭ്രമത്തിൽ പറഞ്ഞതിന്റെ ഏതാണ്ട് മിക്കവാറും കാര്യങ്ങൾ ഒത്തുവരുന്നതായിരുന്നു ഈ സംസ്‌കൃതപൂണൂൽധാരികൾ നിർവചിച്ച സമാധിവിദ്യ. അങ്ങനെ, ഗോപൻ ഒരു സ്വാമി കൂടിയായതിനാൽ, സമാധിക്കും സാധ്യതയുണ്ട് എന്ന സമവായത്തിലെത്തിച്ച് ചാരിതാർഥ്യം പൂണ്ടു മാധ്യമങ്ങൾ.

എന്നാൽ, ഹൈക്കോടതി കണ്ണു തുറന്നുപിടിച്ച് ഒരു ചോദ്യം ചോദിച്ചു: ഗോപന്റെ മരണസർട്ടിഫിക്കറ്റ് എവിടെ?

ഈ ചോദ്യമാണ്, സമാധിയടഞ്ഞുകൊണ്ടിരുന്ന പൊതുബോധത്തെ ഉണർത്തിയത്. കണ്ണിൽച്ചോരയില്ലാത്ത ഒരു ചോദ്യമായിപ്പോയി അത് എന്ന് കുടുംബം വീണ്ടും കരഞ്ഞു. മരണമല്ല, സമാധിയാണ് എന്ന മക്കളുടെ വിശദീകരണമൊന്നും കോടതിയുടെ മുന്നിൽ ചെലവായില്ല.
ശരിയാണല്ലോ, സമാധിയാണെങ്കിലും, വസ്തുക്കൾ വീതം വെക്കുമ്പോൾ സമാധി സർട്ടിഫിക്കറ്റെങ്കിലും ആവശ്യമായി വരില്ലേ എന്ന ഒരു റിപ്പോർട്ടറുടെ ചോദ്യത്തിനുമുന്നിൽ ഇതേ മകൻ പൊടുന്നനെ നിശ്ശബ്ദനായി.

ഹൈക്കോടതിയുടെ ഈ ചോദ്യത്തോടെ കല്ലറ പൊളിക്കുന്നതിനെതിരായ കുടുംബത്തിന്റെയും ഹിന്ദുത്വ സംഘടനകളുടെയും എതിർപ്പില്ലാതായി. അങ്ങനെ ഗോപന്റെ കല്ലറ പൊലീസ് പൊളിച്ചു. മക്കൾ സത്യമിട്ടതുപോലെ തന്നെ, നെഞ്ചുവരെ ഭസ്മവും കർപ്പൂരവും കുത്തിനിറച്ച് ഇരുത്തിവച്ചിരുന്ന ഗോപന്റെ അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.

കല്ലറ പൊളിച്ച് അച്ഛന്റെ മൃതദേഹം പുറത്തെടുത്താൽ താൻ മൃത്യു വരിക്കുമെന്നും ഹിന്ദു ധർമം തകർന്നുതരിപ്പണമാകുമെന്നും ഇനിയൊരു സ്വാമിക്കും സമാധിയാകാൻ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നെല്ലാം മകൻ കരഞ്ഞുപറഞ്ഞിരുന്നു. മ്ലേച്ഛമായ രീതിയിൽ പോസ്റ്റുമോർട്ടം ചെയ്ത് സമാധിദേഹം അശുദ്ധമാക്കിയെന്നു പറഞ്ഞ് ഗോപന്റെ മൃതദേഹം ഏറ്റുവാങ്ങാൻ മക്കൾ ആദ്യം തയാറായില്ല. പിന്നെയാണ്, സമാധിയേക്കാൾ എന്തുകൊണ്ടും മികച്ചത് ഒരു മഹാസമാധിയാണല്ലോ എന്ന തിരിച്ചറിവിൽ മൃതദേഹം ഏറ്റുവാങ്ങിയത്.

പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ ചതവും മുറിവും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കാണാതായ കേസാണ്. മരിച്ചത് എങ്ങനെയാണ് എന്നു കണ്ടെത്താൻ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരണം. ആന്തരികാവയങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും ഫോറൻസിക്, പാത്തോളജി പരിശോധനകളുടെ റിപ്പോർട്ടുകളും വന്നാലേ മരണം സ്വാഭാവികമോ അസ്വാഭാവികമോ എന്ന് സ്ഥിരീകരിക്കാനാകൂ. അതുവരെ, ദുരൂഹത അതേപടി നിലനിൽക്കും. ഗോപന്റെ ശരീരം കല്ലറയിൽ അടക്കി എന്ന മക്കളുടെ വിശദീകരണത്തിനുമാത്രമാണ് ഇപ്പോൾ തെളിവ് ലഭിച്ചത്. എങ്ങനെ മരണം സംഭവിച്ചു എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതുകൊണ്ട് അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് നെയ്യാറ്റിൻകര സി.ഐ. പറയുന്നുണ്ട്.

എന്നിട്ടും, ഗോപന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയതുമുതൽ മാധ്യമങ്ങൾ ഈ മരണത്തെ സ്വാഭാവികമാക്കാൻ മത്സരിച്ചുകൊണ്ടിരുന്നു.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല എന്ന നിഗമനം വച്ച്, മരണം സ്വാഭാവിക മരണമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി തെറ്റായി റിപ്പോർട്ടു ചെയ്തു.
കാരണം, ഇന്ന് നടക്കാനിരിക്കുന്ന മഹാസമാധിചടങ്ങുകൾ തത്സമയം റിപ്പോർട്ട് ചെയ്യണമെങ്കിൽ ഒരു സ്വാഭാവിക മരണം അവർക്ക് ആവശ്യമാണ്. കാരണം, ഒരു ദുരൂഹമരണത്തെ സമാധിയിരുത്താനാകില്ലല്ലോ. തെളിഞ്ഞുകഴിഞ്ഞാൽ കഥ കഴിയുന്ന ഒരു ദുരൂഹമരണക്കേസിനേക്കാൾ എന്തുകൊണ്ടും ലാഭകരമാണ് ഇനിയൊരിക്കലും പൊളിക്കാനാകാത്തതും വർഷാവർഷം തത്സമയം ആഘോഷിക്കാൻ കഴിയുന്നതുമായ ഈ മഹാസമാധി എന്ന് മാധ്യമങ്ങൾക്ക് നല്ലവണ്ണം അറിയാം.

അങ്ങനെ, അച്ഛന്റെ അവസാന ആഗ്രഹപ്രകാരമാണ് ആരും കാണാതെ സമാധിചടങ്ങുകൾ നടത്തിയതെന്നു പറഞ്ഞ അതേ മക്കൾ ഇതാ, സന്യാസിമാരെയെല്ലാം വിളിച്ചുകൂട്ടി, ഒരു രാജാവിനെപ്പോലെയെന്നു പറഞ്ഞ് ഗോപനെ മഹാസമാധിയിരുത്താൻ പോകുന്നു. അത്, നമ്മുടെ മാധ്യമങ്ങൾ തത്സമയം റിപ്പോർട്ടും ചെയ്‌തേക്കാം.

അങ്ങനെ, ഗോപൻ എന്ന ഒരു സാധാരണ മനുഷ്യൻ സ്വാമിയാക്കപ്പെട്ടിരിക്കുന്നു, അയാളുടെ മരണം ആദ്യം സമാധിയും പിന്നെ മഹാസമാധിയുമാക്കപ്പെട്ടിരിക്കുന്നു. നവോത്ഥാന സമിതിയുണ്ടാക്കി രണ്ടാം നവോത്ഥാനത്തെ ഓടിച്ചിട്ടുപിടിച്ച് മതിലു കെട്ടി സംരക്ഷിക്കുന്ന കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത് എന്നോർക്കണം.

എത്ര വേഗത്തിലാണ്, സാമാന്യയുക്തിയെ പോലും പരിഹസിക്കുന്ന കുറ്റകരമായ ഒരു പ്രവൃത്തിയെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അടയാളപ്പെടുത്താനാകുന്നത്. ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘ്പരിവാർ സംഘടനകൾക്ക് എത്ര വേഗമാണ് ഇതിനെ ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണമായി മുദ്ര കുത്താനാകുന്നത്.
ഹൈന്ദവ ധർമത്തിന്റെയും ആചാരത്തിന്റെയുമെല്ലാം കാഷായമണിയുന്നതോടെ എത്ര വേഗം ഏതു വിശ്വാസത്തിനും സമ്മതി നേടാനാകും എന്ന അവസ്ഥ എന്തുമാത്രം അപകടകരമാണ്. യുക്തിബോധത്തെ ആക്രമിക്കുന്ന വിശ്വാസബാധയേറ്റ ഏതാനും മനുഷ്യർക്കുമുന്നിൽ കേരളം ശങ്കിച്ചുനിൽക്കുന്നത് എന്തുമാത്രം ലജ്ജാകരമാണ്.

1933-ലെ 'ഉണ്ണി നമ്പൂതിരി' മാസികയിൽ വി.ടി. ഭട്ടതിരിപ്പാട് എഴുതി: ‘‘കേരളത്തിൽ എവിടെ നോക്കിയാലും അഹംഭാവം കൊണ്ട് തല ഉയർത്തിപ്പിടിച്ചുനിൽക്കുന്ന പള്ളികളും അമ്പലങ്ങളുമാണ് കാണുന്നത്. ഇത് കണ്ടുകണ്ട് മടുത്തു. അസമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ശവക്കല്ലറകളെ നമുക്കുപൊളിച്ചുകളയണം. അതേ, അമ്പലങ്ങളുടെ മോന്തായങ്ങൾക്കു തീവെക്കണം.....ഹരിജനങ്ങളെ നാം മൃഗങ്ങളാണെന്നു വിചാരിക്കുന്നു. ഒരു കരിങ്കല്ലിനെ നാം ദേവനാണെന്നു കരുതുന്നു. ഈ വ്യസനകരമായ വിശ്വാസത്തെ- മതഭ്രാന്തിനെ- കൈവെടിഞ്ഞേ കഴിയൂ. നമുക്കു കരിങ്കല്ലിനെ കരിങ്കല്ലായി തന്നെ കരുതുക, മനുഷ്യനെ മനുഷ്യനായും...''

വിശ്വാസങ്ങളെ അവിശ്വാസത്തോടെ നേരിട്ട മനുഷ്യരുടെ മുൻകൈയിലാണ് കേരളത്തിലെ പുരോഗമനപരമായ മാറ്റങ്ങളുണ്ടായത്. ആ വിമതപ്രസ്ഥാനത്തിന് ഊർജം പകർന്നത് ഐഡിയോളജിക്കലായ സാമൂഹിക- രാഷ്ട്രീയ മൂവ്‌മെന്റുകളായിരുന്നു. എന്നാൽ, സകല വിശ്വാസങ്ങളെയും അവയുടെ ‘യാഥാസ്ഥിതിക വിശുദ്ധി'യോടെ സംരക്ഷിക്കാൻ കച്ച കെട്ടി നിൽക്കുന്നവരാണ് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവുമെല്ലാം. ഒരു ആചാര- വിശ്വാസ സംരക്ഷണ ഐക്യമുന്നണി ഭരിക്കുന്നതുകൊണ്ടാണ്, ഒരു മനുഷ്യന്റെ കുഴിമാടത്തെ മഹാസമാധിസ്ഥാനമാക്കാൻ ഹിന്ദു ഐക്യവേദിയെപ്പോലൊരു സംഘടനയ്ക്ക് എളുപ്പം കഴിയുന്നത്.

ഇത്തരത്തിൽ ആശ്രമങ്ങളിലിരുന്ന് ആലിംഗനം ചെയ്യുന്ന അമ്മമാരാക്കപ്പെട്ടവരുടേതുകൂടിയാണ് കേരളം.
മതങ്ങളുടെ കല്ലറകളിലും ഖബറുകളിലും കിടന്ന് അനുഗ്രഹം ചൊരിയുന്ന വിശുദ്ധരാക്കപ്പെട്ടവരുടേതുകൂടിയാണ് കേരളം. ഇവരെല്ലാവരും കാവുവിളാകം ഗോപനെ പോലെ മലയാളികൾക്കിടയിൽ ജീവിച്ചിരുന്ന മനുഷ്യരാണ്. മലയാളിയുടെ പൊതുസമ്മതിയോടെതന്നെയാണ് ഇവരെല്ലാവരും ദൈവങ്ങളാക്കപ്പെട്ടത്.

ഇന്ന് ഗോപന്റെ മക്കളെ ട്രോളുകളിലൂടെ പരിഹസിക്കുന്ന മലയാളി നാളെ, ഒരു മഹാസമാധിയുടെ പുരോഹിതന്മാരെന്ന നിലയ്ക്ക് ഇവരെ തൊഴുതുനിൽക്കുന്നതും കാണേണ്ടിവരും.

പൊന്നമ്പലമേട്ടിൽ കത്തിച്ചുകാണിക്കുന്ന കർപ്പൂരപ്പന്തങ്ങളുടെ നേർക്ക് ക്യാമറയും കണ്ഠവും തിരിച്ചുവച്ച് 'മകരജ്യോതി തെളിഞ്ഞു' എന്ന് മുറ തെറ്റാതെ തത്സമയം ആർപ്പുവിളിച്ച അതേ ചാനൽ ക്യാമറകളിലൂടെ ഇനി നമുക്ക് കാവുവിളാകം ഗോപന്റെ ‘മഹാസമാധി'യും തത്സമയം കാണാം, കാത്തിരിക്കുക.

Comments