Good Evening Friday - 17
‘‘എന്തിനാണ് ഈ സ്ത്രീ എന്നെയിങ്ങനെ നോക്കുന്നത്?"
ഫ്രണ്ട്ലി അല്ല നോട്ടം.
ഇനി എന്നെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന സംശയം കൊണ്ടാണോ?
തോന്നുന്നില്ല.
നോട്ടത്തിന്റെ പ്രകൃതം കാരണം പൂർവ വൈരാഗ്യമുണ്ടോ എന്ന തോന്നലിന് പ്രസക്തിയുണ്ട്. ആംഗ്ലോ സാക്സൺ കണ്ണുകളായതുകൊണ്ട് വംശീയ വിദ്വേഷത്തിന്റെ കണികകൾ ഉണ്ടാകാനുള്ള സാദ്ധ്യതയും ശക്തമാണ്.
ടോറോന്റോയിൽ നിന്ന് വാങ്‌കൂവറിലേക്കുള്ള ഫ്ലൈറ്റിൽ എന്റെ സീറ്റിന് തൊട്ടടുത്തായിരുന്നു അവളുടെ സീറ്റ്. ഫ്ലൈറ്റ് കയറുന്നതിന് അൽപം മുമ്പാണ് എന്റെ സുഹൃത്ത് മോഹന്റെ വാട്ട്സാപ്പ് മെസ്സേജ് വന്നത്, "ഡാ നാളെയാണ് ലാസ്റ്റ് ഡേറ്റ്, കഥ എഴുതി കഴിഞ്ഞോ?’’
മത്സരത്തിന് ഒരു കഥ അയക്കാമെന്ന് ഞാൻ സമ്മതിച്ചിരുന്നു. എന്റെ കൈയിൽ മത്സരത്തിന് പാകത്തിൽ കഥയുണ്ടെന്ന് മോഹന് ഒരു തെറ്റിദ്ധാരണ. ആ ധാരണ തിരുത്തേണ്ടയെന്ന് ഞാനും കരുതി. കനേഡിയൻ പര്യടനതിരക്കിൽ ഞാനത് മറന്ന് പോയി.
ഫ്ലൈറ്റിൽ കയറിയ ഉടനെ മൊബൈലിൽ വിരലുകൊണ്ട് കഥ എഴുതുന്ന തിരക്കിലായിരുന്നു ഞാൻ. കഥയാകുമോ, വൃഥാവിലാകുമോ എന്നൊന്നും നോക്കാതെ spontaneously വന്ന വാക്കുകൾ ഞാനങ്ങ് ധൃതഗതിയിൽ പകർത്തി.
മൂന്ന് പാരഗ്രാഫ് കഴിഞ്ഞപ്പോൾ എനിക്ക് കഥാഗതിയെ കുറിച്ച് ഒരു ആശങ്ക വന്നു. തത്സമയം എയർഹോസ്റ്റസ് പൈനാപ്പിൾ ജ്യൂസുമായി പ്രത്യക്ഷപ്പെട്ടു. ഒരു കൈയിൽ ജ്യൂസും, മറ്റേ കൈയിൽ മൊബൈലും പിടിച്ച് ഇരിക്കുമ്പോഴാണ് നോട്ടത്തിന്റെ ഹൃസ്വദൂരമിസ്സൈലുകൾ എന്റെ ശ്രദ്ധയിൽ പെടുന്നത്.
'ഇതെന്താണപ്പാ സംഭവം' എന്ന തോന്നലും, എഴുത്തിന്റെ തുടർച്ചയും ഒരുമിച്ചാണ് വന്നത്. സ്വാഭാവികമായും എന്റെ ശ്രദ്ധ വീണ്ടും കഥയിലേക്ക് തിരിഞ്ഞു.
ഒരു ഘട്ടമെത്തിയപ്പോൾ ഒരു കഥാപാത്രത്തിന് തോക്ക് ഉപയോഗിക്കേണ്ടതായി വന്നു. തോക്കിന്റെ സാങ്കേതികകാര്യങ്ങളും ലോ എൻഫോഴ്‌സ്‌മെന്റിനെ കുറിച്ചുള്ള ചില സംഗതികളും അറിയണം, കഥയുടെ വികാസത്തിന് അത് അത്യാവശ്യമാണ്.
ഞാൻ keep notes-ൽ ‘ഗൺ ആൻഡ് ക്രിമിനൽ ലോ റ്റു ബി ചെക്ക്ഡ്’ എന്ന് ഇംഗ്ലീഷിൽ എഴുതി. എന്നിട്ട് ഒന്ന് ചാഞ്ഞിരുന്നു.
നോക്കിയപ്പോൾ ചാരക്കണ്ണുകൾ അതേ തീവ്രതയോടെ എനിക്കുനേരെ തന്നെയുണ്ട്. ഞാൻ ഒരു മിസൈൽ വേധനോട്ടം അങ്ങോട്ട് നടത്തിയപ്പോൾ അവൾ ഝടുതിയിൽ മുഖം തിരിച്ചു.
പെട്ടെന്നാണ് ചിന്തയിൽ ഒരു സ്പാർക്ക് ഉണ്ടാകുന്നത്. അത് കഥയുടെ ക്ലൈമാക്സായി പരിണമിച്ചു. ക്ലൈമാക്സ് എഴുതിത്തീർന്നതും ഫ്ലൈറ്റ് വാങ്‌കൂവറിലെത്തിയതും ഏതാണ്ട് ഒരുമിച്ചായിരുന്നു. ആ തിരക്കിൽ ലേഡി ഫെയ്സ് നോക്കാൻ സമയം കിട്ടിയില്ല.
വാങ്‌കൂവർ എയർപോർട്ടിലെ മെയിൻ lounge റിനോവേഷൻ ആയതുകൊണ്ട് ഒരു ടെംപററി ഏരിയയാണ് അറേഞ്ച് ചെയ്തിരുന്നത്. സോഫയും, ചെയറും ടേബിളും ഉള്ള വലിയ ഹാൾ. ഞാനും നിഷയും രണ്ട് ലൈം വാട്ടർ എടുത്ത് സോഫയിലിരുന്നു. ഞാൻ ലാപ്ടോപ്പ് എടുത്ത് വൈഫൈ വഴി തോക്കിനെ കുറിച്ച് ഗവേഷണം നടത്തി. വിവരണങ്ങൾക്കൊപ്പം കുറച്ച് തോക്കുകളുടെ പടം ഡൌൺലോഡും ചെയ്തു. പിന്നെ അറിയാവുന്ന ഒരു ബാരിസ്റ്റർക്ക് വാട്ട്സപ്പ് കാൾ ചെയ്ത് ലോ എൻഫോഴ്‌സ്‌മെന്റ് സംശയങ്ങൾ പരിഹരിച്ചു.
ഇനി കഥയുടെ പ്ലോട്ടിനെ ക്ലൈമാക്സിലേക്ക് എത്തിക്കുന്ന സരണിയൊന്ന് സ്മൂത്താക്കണം, അതിന്റെ ആലോചനയിലാണ് ഞാൻ തിരിഞ്ഞ് നോക്കുന്നത്, ആ സ്ത്രീ തൊട്ടുപിന്നിലെ സീറ്റിൽ. ഞാൻ നിഷയുടെ സഹായം തേടി, ‘‘ഇപ്പൊ തിരിയരുത്, ഒരു പെണ്ണ് പിന്നിലുണ്ട്. സൗകര്യം പോലെ ഒന്ന് നോക്കിയേക്കണം’’.
ബിസ്കറ്റ് എടുക്കാനെന്ന ഭാവത്തിൽ പോയി നിഷ തിരിച്ചുവന്നു, ‘‘ചുള്ളത്തിയാണല്ലോ?"
‘‘എന്തെങ്കിലും ഡെയ്ഞ്ചർ സിഗ്നൽ?"
‘‘ഹെർ ഐസ് ആർ ബിറ്റ് ഷാർപ്പ്, അല്ലാതെ നതിങ്".

വാങ്‌കൂവർ എയർപോർട്ടിലെ മെയിൻ lounge റിനോവേഷൻ ആയതുകൊണ്ട് ഒരു ടെംപററി ഏരിയയാണ് അറേഞ്ച് ചെയ്തിരുന്നത്.
ഞാൻ എന്റെ സംശയങ്ങൾ തൽക്കാലം പറഞ്ഞില്ല. അടുത്ത ഫ്ലൈറ്റിനുള്ള സമയവുമായി.
ജപ്പാൻ സ്റ്റാഫിന്റെ നടു കുനിഞ്ഞുള്ള ഗ്രീറ്റിങ്‌സും, ആതിഥേയഭാവങ്ങളും ആസ്വദിച്ച് ടോക്കിയോയിലേക്കുള്ള വിമാനം ബോർഡ് ചെയ്യാനുള്ള ലൈനിൽ നിൽക്കുമ്പോഴാണ് ആ ലേഡി പ്രത്യക്ഷപ്പെടുന്നത്, ‘‘ഇതെന്തൊരു കഷ്ടം, ഇവളും, അങ്ങോട്ടാണോ" എന്ന് മനസ്സിൽ പറഞ്ഞ്, ‘‘നിങ്ങളെ ഞാൻ കണ്ടു, കേട്ടാ" എന്നർത്ഥമുള്ള നോട്ടത്തെ ഞാൻ അങ്ങോട്ടയച്ചു. എന്നിട്ട് പ്രതികരണം അവഗണിച്ച് പാസ്പോർട്ടും, ബോർഡിങ് പാസുമായി ജപ്പാൻ എയർമാർഗ്ഗത്തിലേക്ക് നീങ്ങി.
ഐയ്‌റോ ബ്രിഡ്ജിലൂടെ വിമാനത്തിലേക്ക് നടക്കുമ്പോഴാണ് കഥയുടെ പ്ലോട്ട് ക്ലൈമാക്സുമായി ബന്ധിക്കപ്പെടുന്നത്. കൈവന്ന സംഭവം മറന്ന് പോകും മുമ്പ് എഴുതാനുള്ള തിരക്കായിരുന്നു സീറ്റിലെത്തിയപ്പോൾ. പരിസമാപ്തിയും എഴുതിതീർന്നപ്പോഴാണ് ടേക്ക് ഓഫും കഴിഞ്ഞ് സീറ്റ് ബെൽറ്റ് സൈനും പോയിരിക്കുന്നു എന്ന് മനസ്സിലായത്.
നിഷയാണെങ്കിൽ സീറ്റിലിരുന്ന് ഉറക്കം തൂങ്ങുന്നു.
ഞാൻ ഒന്നും കൂടെ കഥ വായിച്ചു. ചില്ലറ മാറ്റങ്ങളേ വേണ്ടി വന്നതുള്ളൂ. ലാപ്ടോപ്പെടുത്ത് തോക്കിന്റെ ടെക്നിക്കൽ സംഗതികൾ തെറ്റിയിട്ടില്ലെന്ന് ഉറപ്പാക്കി. ഇനി ടോക്കിയോയിൽ എത്തി ഇ-മെയിൽ ചെയ്താൽ കഥ മത്സരലക്ഷ്യത്തിലെത്തും, മോഹന് കൊടുത്ത വാക്ക് പാലിക്കപ്പെടും, പണി തീരും. ആ ചിന്തയിൽ നിന്നാണ് എന്നെ എയർഹോസ്റ്റസ് വിളിക്കുന്നത്, ‘‘എനിതിങ് റ്റു ഡ്രിങ്ക്?"
കഥ തീർന്ന സാഹചര്യത്തിൽ, ഒരു സെറിബ്രൽ ലുബ്രിക്കേഷൻ ആവശ്യമാണ്, ‘‘വോഡ്ക ഓൺ ദ റോക്ക്സ്".
ഹോസ്റ്റസ് ജപ്പാൻ മര്യാദകൾ ആവർത്തിച്ച് മടങ്ങി പോയി. ഞാൻ ചുമ്മാ ഒന്ന് നാല് പാടും നോക്കി. എന്റെ ഒരു റോ പുറകിൽ ഇടത് വശത്ത് ലേഡി ഇരിക്കുന്നു. നോട്ടം കുറെ കൂടി ശക്തമാക്കിയിരിക്കുന്നു. ഇത്തവണ അണ്വായുധപ്രയോഗം കൂടെ ഉദ്ദേശിച്ചിട്ടുണ്ടെന്ന മട്ടിലാണ്.
വോഡ്ക തന്നിട്ട് പോകാൻ നിന്ന എയർഹോസ്റ്റസിനെ അവൾ വിളിച്ചു. ഞാൻ ശ്രവണ ഗ്രന്ഥികൾ ഒന്ന് ഉഷാറാക്കി നിർത്തി. സീരിയസ് ടോണിലാണ്, പക്ഷേ മാറ്റർ പിടികിട്ടിയില്ല. തിരിച്ച് ക്യാബിനിലേക്ക് പോകുമ്പോൾ ഹോസ്റ്റസ് എന്നെ നോക്കി. പഴയ സൗഹൃദം മുഖത്തില്ലായിരുന്നു.
പതിഞ്ചു മിനിറ്റ് കഴിഞ്ഞ് കാണും. ഹോസ്റ്റസ് പകുതി സൗഹൃദവും പാതി ഗൗരവവുമായി മുന്നിൽ നിന്നു, ‘‘ക്യാപ്റ്റൻ വാണ്ട്സ് റ്റു ടോക് റ്റു യു. പ്ളീസ് കം വിത്ത് യുവർ മൊബൈൽ ആൻഡ് ലാപ്ടോപ്പ്’’.
ഹോസ്റ്റസിനൊപ്പം പോകുന്നതിന് മുമ്പ് ഞാൻ ഇംഗ്ലീഷുകാരിയെ നോക്കി. എന്തോ വലിയ ഇന്റർനാഷണൽ കടമ നിർവഹിച്ച സംതൃപ്തിയോടെയാണ് ഇരിപ്പ്. കോക്ക്പിറ്റിന് പുറത്ത് ക്യാപ്റ്റൻ എന്നെയും കാത്തിരുന്നു. പരമ്പരാഗതമായ ആദരവ് പ്രകാശനത്തിനുശേഷം വളരെ സൗമ്യനായി ക്യാപ്റ്റൻ എന്റെ പേരും, ഊരും, പെരുമയുമെല്ലാം ചോദിച്ചു.
‘‘കാര്യമായി എന്തോ എഴുതുന്നുണ്ടായിരുന്നല്ലോ" ടിപ്പിക്കൽ ‘മെയ്ഡ് ഇൻ ജപ്പാൻ' ഇംഗ്ലീഷ്.
‘‘കഥയായിരുന്നു"
‘‘എഴുത്തുകാരനുമാണ്?"
‘‘എഴുതും, പക്ഷെ എഴുത്തുകാരനല്ല’’.
വളരെ അച്ചടക്കത്തോടു കൂടിയ ജാപ്പനീസ് ചിരി.
‘‘ക്യാപ്റ്റൻ, താങ്കൾക്ക് ഇതിലും സീരിയസായ എന്തോ എന്നോട് ചോദിക്കാനുണ്ടെന്ന് തോന്നുന്നു’’, തൃശ്ശൂർ -ഓസ്‌ട്രേലിയൻ കോമ്പിനേഷനിൽ ഞാനും ചിരിച്ചു.
ക്യാപ്റ്റൻ ഉള്ള കാര്യം പറഞ്ഞു, എന്തെന്നാൽ നോട്ടക്കാരി ലേഡി എന്റെ ചില നീക്കങ്ങൾ സംശയാസ്പദമാണെന്നും, വിവിധതരം തോക്കുകൾ എങ്ങനെയാണ് ഉപയോഗിക്കുകയെന്നത് ഇന്റർനെറ്റിൽ തിരയുന്നുണ്ടായിരുന്നെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഞാൻ സംഭവം വിശദീകരിച്ചു. കഥയുടെ സമ്മറി പറഞ്ഞുകൊടുത്തു.
‘‘ഗൺ ഈസ് എ കാരക്ടർ ഇൻ യുവർ സ്റ്റോറി"
‘‘കറക്ട്"
‘‘എനിക്ക് ലാപ്ടോപ്പിൽ ആ ഗണിന്റെ കാര്യങ്ങൾ ഒന്ന് കാണിച്ച് തരാമോ?"
ഞാൻ കാണിച്ചുകൊടുത്തു. ഇംഗ്ലീഷിലായതുകൊണ്ട് തർജ്ജമ വേണ്ടിവന്നില്ല.
ക്യാപ്റ്റൻ കൺവിൻസ്‌ഡ്. അപ്പോളജി എന്ന നിലയിൽ ഒരു പാക്കറ്റ് ജപ്പാൻ സ്വീറ്റ്‌സ് ഓഫർ ചെയ്തു. ഞാൻ മേടിച്ചില്ല.
‘‘സംശയത്തിനും ചോദ്യം ചെയ്യലിനും വിധേയമാക്കിയത്, മാന്യനും, law abiding citizen നുമായ എനിക്ക് വലിയ ഇമോഷണൽ ട്രോമായാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന് ഈ ചോക്‌ലേറ്റ് തീരെ പോരാ’’, ഞാൻ വ്യസനം പരമാവധി അഭിനയിച്ചു.
‘‘വാട്ട് ക്യാൻ ഐ ഡു ഫോർ യു? ഈ ഫ്ലൈറ്റിൽ ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നെങ്കിൽ ഞാൻ താങ്കളുടെ സീറ്റ് അവിടേക്ക് മാറ്റി തന്നേനേ" തൊട്ടെടുക്കാം, അത്രക്കുണ്ട് ക്യാപ്റ്റന്റെ മുഖത്തെ ആത്മാർത്ഥത.
ഹി ഈസ് സിൻസിയർ.
‘‘ടോക്കിയോ എയർപോർട്ടിൽ ഫസ്റ്റ് ക്ലാസ്സ് ലോഞ്ച് ഉണ്ടല്ലോ?" കിട്ടിയാ ഊട്ടി, ഇല്ലെങ്കിൽ പോട്ട് എന്ന മട്ടിൽ ഞാനും.
‘‘ഷുവർ, യു ക്യാൻ സ്പെൻഡ് ട്രാൻസിറ്റ് ടൈം ദേർ. ഐ വിൽ അറേഞ്ച് ഇറ്റ്’’.
എയർഹോസ്റ്റസ് എന്നെ വി.ഐ.പി സ്റ്റൈലിൽ സീറ്റിലേക്ക് നയിച്ചു. നോട്ടക്കാരിക്ക് ഒന്നും മനസ്സിലായില്ല. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ അവളുടെ നോട്ടം ചൂറ്റിപോയ സ്കഡ് മിസൈൽ പോലെയായിരിക്കുന്നു. നെവർ മൈൻഡ്. അവളത് അർഹിക്കുന്നുണ്ട്.

ടോക്കിയോയിൽ ചെന്നിറങ്ങിയപ്പോൾ ഒരു എയർപോർട്ട് സ്റ്റാഫ് വന്ന് ഞങ്ങളെ ഫസ്റ്റ് ക്ലാസ്സ് ലോഞ്ചിലേക്ക് കൂട്ടികൊണ്ടുപോയി. അവിടം ലാവിഷായിരുന്നു. ഗംഭീരമായ ആമ്പിയൻസ്, സ്റ്റൈലൻ ഫുഡ്, വെറൈറ്റി ഡ്രിങ്ക്സ്. സർപ്രൈസ്ഡ് ആയ നിഷയോട് ഞാൻ പറഞ്ഞു, ‘‘എഴുത്ത് കൊണ്ട് കിട്ടുന്ന അല്ലറ- ചില്ലറ ബഹുമതികൾ".
അനന്തരം നടന്ന സംഭവം അല്പം സ്‌പൈസ് ഇട്ട് പറഞ്ഞുകൊടുത്തു. അവിടെയിരുന്ന് കഥ ഇ-മെയിലിൽ അയച്ചു. കഥയുടെ നിലവാരം എന്തുതന്നെയായാലും, അയച്ചത് ഫസ്റ്റ് ക്ലാസ്സായിട്ടാണ്. അതാണ് അതിന്റെ ഹൈലൈറ്റ്. സമയമായപ്പോൾ സ്റ്റാഫ് വന്നു. അതേ ആഡംബരത്തോടെ മെൽബൺ ഫ്ലൈറ്റിലേക്ക്. പിന്നെയുള്ള 10 മണിക്കൂറിൽ അധികസമയവും ഉറക്കം ശരീരത്തിൽ നീണ്ടുനിവർന്ന് കിടക്കുകയായിരുന്നു. മെൽബണിൽ ഇറങ്ങി ലഗേജ് വരാൻ വെയിറ്റ് ചെയ്യുമ്പോൾ തൊട്ടടുത്ത് നോട്ടക്കാരി ലേഡി.
‘‘ഐ ആം സോറി ഫോർ ദ ട്രബിൾ" കണ്ണിൽ ഏതാണ്ട് മുഴുവൻ പശ്ചാത്താപമാണ്. എന്നാൽ ഇംഗ്ലീഷ് മേൽക്കോയ്മയുടെ ചെറുകണങ്ങൾ ഇല്ലേ എന്ന് ചോദിച്ചാൽ, ഉണ്ടു താനും.
ഒന്ന് രണ്ട് നിമിഷങ്ങൾ കൊണ്ട് ഞങ്ങളുടെ വെർബൽ ഇന്ററാക്ഷൻ പുരോഗമിച്ചു. ഒരു ലോഹ്യത്തിനായി അവൾ എന്റെ എഴുത്തിനെ പറ്റി ചോദിച്ചു.
‘‘യു നോ ആർതർ കൊനാൻ ഡോയൽ?" എന്നായി ഞാൻ.
‘‘ഓഫ് കോഴ്സ്" എന്ന് അവളും.
‘‘ആ കഥ കേൾക്കണോ?"
‘‘ഐ വുഡ് ലവ് റ്റു", ജിജ്ഞാസ കൊണ്ട് മുഖമല്പം ആർദ്രമായി.
‘‘എന്റെ മുത്തശ്ശിയുടെ അമ്മ, അതായത് മുതുമുത്തശ്ശി എഡിൻബറോക്കാരിയായിരുന്നു, ആർതർ കൊനാൻ ഡോയലിന്റെ അയൽക്കാരിയും. അങ്ങനെയാണ് മുത്തശ്ശിയുണ്ടായത്. മുത്തശ്ശി കേരളത്തിൽവന്ന് ഒരു ആദിമ ദ്രാവിഡനെ പ്രണയിച്ചു. ആ പ്രണയത്തിന്റെ പേരക്കുട്ടിയാണ് ഞാൻ. ഡോക്ടർ ജീൻ കിട്ടിയപ്പോൾ എഴുത്തിന്റെ ജീൻ കുറഞ്ഞ് പോയി".
‘‘ഇറ്റ് ഈസ് ഇന്ററസ്റ്റിംഗ്, ഈസ് ഇറ്റ് ട്രൂ?" ആംഗലേയമിഴികളിൽ അത്ഭുതം.
‘‘How often have I said to you that when you have eliminated the impossible, whatever remains, however improbable, must be the truth’’- അങ്ങനെയാണ് ആർതർ മുത്തച്ഛൻ പറഞ്ഞിരിക്കുന്നത്. കേട്ടിട്ടില്ലേ...?"
‘‘എലിസബത്ത്, മൈ നെയിം ഈസ് എലിസബത്ത്"
‘‘കേട്ടിട്ടില്ലേ എലിസബത്ത്?"
‘‘യെസ്’’
‘‘ദെൻ ഇറ്റ്സ് ട്രൂ"
ഇംഗ്ലീഷ് മേൽക്കോയ്മ അവസാനിച്ചു.
അപ്പോഴേക്കും ലഗ്ഗേജ് വന്നു.
പെർമനന്റ് സീസ്ഫയർ ഉടമ്പടി ഒപ്പിട്ട് ഞങ്ങൾ നടന്നു.
Cheers!