ഡിജിറ്റൽ കേരളത്തിലെ ഗുരു

‘‘ശ്രീനാരായണ ഗുരുവിന്റെ തത്വശാസ്ത്രം വികസിപ്പിച്ച് പരിപൂർണമാക്കണമെങ്കിൽ, ദുർബലർക്ക്, ജാതിവ്യവസ്ഥയുടെ ഇരകളായിരുന്നവർക്ക് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ രംഗങ്ങളിലേക്ക് കടന്നുവരാൻകഴിയണം. ഇത് ഉറപ്പുവരുത്തിയാൽ മാത്രമേ കേരളത്തിന് ഗുരുവിനോട് നീതി കാണിക്കാൻ കഴിഞ്ഞു എന്നവകാശപ്പെടാൻ കഴിയുകയുള്ളൂ.’’

ശ്രീനാരായണ ഗുരുവിനെ പല പരിപ്രേക്ഷ്യത്തിലും നോക്കിക്കാണാം, പല നിലയിലും നിന്ന് ചർച്ച ചെയ്യാം, വിലയിരുത്താം. അത്ര വിപുലമായ ഒരു ചിന്താപദ്ധതിയാണ് അദ്ദേഹം സൃഷ്ടിച്ചത്. അവ അവതരിപ്പിക്കപ്പെട്ട സമയത്തുതന്നെ വിവാദങ്ങളുണ്ടായിരുന്നു. എന്നാൽ, ആ ആശയങ്ങൾ തള്ളിക്കളയുന്നതിനുപകരം പലതരം പഠനങ്ങൾക്ക് കാരണമാകുകയാണുണ്ടായത്.

വിമർശനത്തിലൂടെയാണ് ആശയങ്ങൾ വളരുന്നത്. ആശയങ്ങളിലൂടെയാണ് മനുഷ്യസമൂഹം മുന്നോട്ടുപോകുന്നതും പരിപ്രേക്ഷ്യങ്ങളുണ്ടാകുന്നതും, മറിച്ച് പ്രത്യയശാസ്ത്രത്തിലൂടെയല്ല. ഏതു പ്രത്യയശാസ്ത്രമായാലും പലപ്പോഴും ആശയങ്ങളുടെ വളർച്ചയെ തടഞ്ഞുനിർത്തുകയാണ് ചെയ്യുന്നത്. മാർക്സിയൻ, ഗാന്ധിയൻ, അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രങ്ങളോ നവ ലിബറലിസമോ ആകട്ടെ, ആശയങ്ങളുടെ വളർച്ചയെ തടഞ്ഞുനിർത്തുകയാണ് ചെയ്യുന്നത്. അതിന് ആരാധകരുണ്ടാകുന്നു. പലപ്പോഴും അവരുടെ നിലപാടുകൾ യാഥാസ്ഥിതിക- മൗലികവാദ തലത്തിലേക്ക് പരിണമിക്കാറുണ്ട്. രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും പ്രതികരണങ്ങളിൽനിന്ന് ഇത് മനസ്സിലാക്കാം. അവർക്കിഷ്ടമില്ലാത്ത ഒരു കാര്യം പറഞ്ഞാൽ അതിനെ അക്രമാസക്തമായാണ് നേരിടുക.

കാള്‍ മാര്‍ക്സ്, അംബേദ്കര്‍, ഗാന്ധി

ഇതിൽനിന്ന് വ്യത്യസ്തമായി, ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ പരിപ്രേക്ഷ്യപരമായി വളർത്തിയെടുക്കാൻ കഴിയും. അദ്ദേഹത്തിന്റെ ആശയങ്ങൾ പലതും പൂർണരൂപത്തിലുള്ളതായിരുന്നുവെന്ന് പറയാൻ പറ്റില്ല. ആ ആശയങ്ങളെ നമ്മളാണ് കാലത്തിനനുസരിച്ച് പരിവർത്തനത്തിപ്പിക്കേണ്ടതും വളർത്തിയെടുക്കേണ്ടതും.

ഹിന്ദുത്വയുടെ ആളുകൾ ഇപ്പോൾ പറയാറുണ്ട്, ശ്രീനാരായണ ഗുരു എല്ലാവർക്കും സ്വീകാര്യനായ ലോക ചിന്തകനായിരുന്നു എന്ന്. എന്നാൽ, എല്ലാവർക്കും സ്വീകാര്യനായി ഒരു ചിന്തകനും ലോകത്തുണ്ടായിട്ടില്ല. അത് ഗുരു തന്നെ സമ്മതിച്ചതാണ്. 1888- ലെ അരുവിപ്പുറം പ്രതിഷ്ഠയുടെ സമയത്ത് ഗുരു പറഞ്ഞത്, ‘ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ്’ എന്നാണ്. അദ്ദേഹത്തിന്റെ പക്ഷപാതിത്വം ഇവിടെ വ്യക്തമാണ്. ഇവിടുത്തെ താഴ്ന്നവരോടൊപ്പമാണ്

അരുവിപ്പുറം ക്ഷേത്രം

താൻ എന്ന പ്രഖ്യാപനമായിരുന്നു അത്. അത്തരം പക്ഷപാതിത്വമുള്ള ആശയങ്ങളാണ് രാഷ്ട്രീയ ചിന്തയിലേക്ക് വികസിക്കുന്നത്. സാമ്പത്തികമായും സാമൂഹ്യമായും വിഭജിക്കപ്പെട്ട ഒരു സമൂഹത്തിൽ തീർച്ചയായും നമുക്ക് ഒരു പക്ഷം ചേർന്നേ പറ്റൂ. മർദ്ദിതരും അവശതയും ദാരിദ്ര്യവും അനുഭവിക്കുന്നവരുമായ വിഭാഗങ്ങളുടെ പക്ഷം ചേരുക, അല്ലെങ്കിൽ സമ്പന്ന വിഭാഗങ്ങളുടെ പക്ഷം ചേരുക എന്നിങ്ങനെ ചരിത്രത്തിൽ വളരെ ബ്രോഡ് ആയ സമീപനങ്ങളാണ് ഉണ്ടായിട്ടുള്ളത്. പകരം, എല്ലാവരെയും ഉൾക്കൊള്ളുന്ന തത്വശാസ്ത്രമല്ല ചരിത്രത്തിൽ വളർന്നുവന്നിട്ടുള്ളത്. ‘ഞങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു’ എന്നത് മതത്തിന്റെ ആളുകൾ പറയുന്നതാണ്.

പുതിയ ആശയങ്ങൾക്ക് രൂപം കൊടുക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്, നവീനമായ ആശയപദ്ധതിക്ക് രൂപം കൊടുക്കുന്ന തരത്തിൽ. നവോത്ഥാനം എന്നാൽ പുതിയ ആശയങ്ങളുടെ ആവിർഭാവമാണ്. അവ അംഗീകരിക്കപ്പെടലാണ്. നേരെ മറിച്ച് ഇപ്പോൾ നവോത്ഥാനം എന്ന പേരിൽ ചെയ്യുന്നത്, കുറെ ജാതിനേതാക്കളെ ഒരുമിച്ചുകൊണ്ടുവരലാണ്. സത്യത്തിൽ, ഇതിലൂടെ അവരെ താഴ്ത്തിനിർത്തുകയാണ്, വേറിട്ടുനിർത്തുകയാണ് ചെയ്യുന്നത് എന്ന് അവർക്കും മനസ്സിലാകുന്നില്ല.

ബ്രാഹ്മണിസത്തെ വിശ്വാസത്തിന്റെ മാത്രം പ്രശ്നമായല്ല ഗുരു കണ്ടത്. അത് ഇവിടുത്തെ സാമൂഹ്യമായ സംഘടനയെ നിശ്ചയിച്ചു, അങ്ങനെ ബ്രാഹ്മണിക്കലായ ശ്രേണീബദ്ധത വന്നു, ബ്രാഹ്മണിസം അതിന്റെ ടോപ്പിലാണ്. ബ്രാഹ്മണർ സമൂഹത്തിലെ ചെറിയൊരു വിഭാഗമായിരുന്നു. എങ്കിലും മൊത്തത്തിലുള്ള സാമൂഹ്യവ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത് അവരായിരുന്നു. അങ്ങനെയാണ് അവർക്ക് സാമ്പത്തികാവസ്ഥയെ നിയന്ത്രിക്കാനായത്. അതിലൂടെയാണ് അവർ അധികാരം നിയന്ത്രിച്ചത്.

ഇപ്പോൾ നവോത്ഥാനം എന്ന പേരിൽ ചെയ്യുന്നത്, കുറെ ജാതിനേതാക്കളെ ഒരുമിച്ചുകൊണ്ടുവരലാണ്.

ചെറിയ വിഭാഗമാണെങ്കിലും അവർക്ക് അതിന് കഴിഞ്ഞത്, വിജ്ഞാനമേഖലയുടെ ഉയരത്തിൽ നിൽക്കാനായതുകൊണ്ടാണ്. ആ ഒരു അപ്രമാദിത്തം തകർക്കുകയാണ്, ചോദ്യം ചെയ്യുകയാണ് സാമൂഹിക മാറ്റത്തിന്റെ അന്തഃസ്സത്ത. ശ്രീനാരായണ ഗുരു ചെയ്തത്, ഉണ്ടാക്കിവച്ച പാണ്ഡിത്യം സ്വാംശീകരിച്ച് അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. തിരിഞ്ഞുനോക്കിയാൽ കാൾ മാർക്സ് ചെയ്തതും ഇതുതന്നെയാണ് എന്ന് മനസ്സിലാക്കാം. അങ്ങനെ പാണ്ഡിത്യം ഉൾക്കൊണ്ട് വ്യക്തിപരമായ ഔന്നത്യം സ്ഥാപിക്കാൻ ഗുരുവിന് കഴിഞ്ഞു. ശരിയായ രാഷ്ട്രീയം എന്നത്, അധികാരത്തെ ചോദ്യം ചെയ്യലാണ്. അതിനുവേണ്ടിയാണ് ആശയങ്ങളെയും പാണ്ഡിത്യത്തെയും ഗുരു രാഷ്ട്രീയപരമായി ഉപയോഗിച്ചത്.

ഗുരു ആൾക്കൂട്ടത്തിൽ തനിയെ സഞ്ചരിച്ച ആളായിരുന്നു. എല്ലാ കാര്യങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആൾക്കൂട്ടത്തിൽ തനിയെ സഞ്ചരിക്കുന്നവരാണ് ചിന്തിക്കുന്നത്. അവരാണ് ചിന്തിപ്പിക്കുന്നത്. അത്തരം ആളുകളെല്ലാം തനിച്ചായിരിക്കും, അതേസമയം അവർ മറ്റു കാര്യങ്ങളിൽ വ്യാപൃതരുമായിരിക്കും. ഗുരുവിന്റേത് അത്തരത്തിലൊരു ദാർശനികവും ക്രിയേറ്റീവായതുമായ മൈൻഡായിരുന്നു.

ഗുരുവിന്റെ
സാമ്പത്തിക തത്വശാസ്ത്രം

ഗുരുവിന്റെ ആശയങ്ങളിൽ അധിഷ്ഠിതമായ ഒരു സാമ്പത്തിക തത്വശാസ്ത്രം കേരളം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം വളരെ മൗലികമാണ്, അതുണ്ടാകുമ്പോഴാണ് സാമൂഹ്യമായ പുരോഗതിയിലേക്ക് മനുഷ്യർക്ക് പ്രവേശിക്കാനാകൂ. കൃഷിക്കും വ്യവസായത്തിനും ശ്രീനാരായണ ഗുരു നൽകിയ പ്രാധാന്യം ഈയൊരർഥത്തിലാണ് പ്രസക്തമാകുന്നത്.

ചിന്ത വളർത്തിയെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ് ഒഴിവുസമയം. സദാ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾക്ക് ചിന്ത വളർത്തിയെടുക്കാൻ സമയം കിട്ടില്ല.

കേരളത്തിന്റെ വികസന പ്രക്രിയയെക്കുറിച്ച് ആലോചിക്കാം. അതിൽ, അർധസത്യങ്ങളും അസത്യങ്ങളും നിലനിൽക്കുന്നു. പ്രാന്തവൽക്കരിക്കപ്പെട്ട പല വിഭാഗങ്ങളും വികസന പ്രക്രിയയിൽനിന്ന് മാറ്റിനിർത്തപ്പെട്ടു. ആദിവാസി- ദളിത് വിഭാഗങ്ങൾ, ചേരിനിവാസികൾ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ- കേരളത്തെ സംബന്ധിച്ച് മൊത്തം വികസനത്തിന്റെ ഗുണഭോക്താക്കളാകാനും അതിന്റെ നേട്ടം ഉപയോഗപ്പെടുത്താനും ഇവർക്ക് കഴിഞ്ഞില്ല. ഈ ദരിദ്ര വിഭാഗങ്ങളെ പുറംതള്ളിയും പിന്തള്ളിയുമാണ് വികസനപ്രക്രിയ മുന്നോട്ടുപോയത്. ഈയൊരു പുറന്തള്ളലിലെ എതിർക്കാനുള്ള രാഷ്ട്രീയശക്തിയായി തീരാൻ ഈ വിഭാഗങ്ങൾക്ക് കഴിഞ്ഞില്ല. അത്തരമൊരു ശക്തമായ രാഷ്ട്രീയ പ്രക്രിയയുടെ അഭാവത്തിൽ, എപ്പോഴും ഒരാശ്രിതത്വത്തിൽ- മറ്റുള്ളവർ കൊടുക്കുന്നത് പ്രതീക്ഷിച്ച്- കഴിയേണ്ടിവന്നു ഇവർക്ക്. നിലവിലെ രാഷ്ട്രീയ- സാമ്പത്തിക മാറ്റങ്ങൾക്കും വരേണ്യവർഗ സ്വഭാവമുണ്ട്- അതായത്, മേലാളന്റെ വർഗതാൽപര്യവും മേൽക്കോയ്മയും നിലനിർത്തുന്നതിന് ഉപയുക്​തമായ ഒരു വികസന പന്ഥാവുണ്ടാക്കുക എന്നതാണത്.

പ്രാന്തവൽകൃതരായ, നിഷ്കാസിതരാക്കപ്പെട്ട വിഭാഗങ്ങൾ സാമ്പത്തിക രംഗത്തേക്ക് വരേണ്ടതുണ്ട്. അവർ സമ്പത്ത് ഉൽപ്പാദിപ്പിക്കണം, ഉയർന്ന വരുമാനമുണ്ടാക്കണം. കാരണം, ഉയർന്ന വരുമാനമുണ്ടാക്കുമ്പോഴേ ഇവർക്ക് കുറച്ച് ഒഴിവുസമയം കിട്ടുകയുള്ളൂ. ചിന്ത വളർത്തിയെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ് ഒഴിവുസമയം. സദാ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾക്ക് ചിന്ത വളർത്തിയെടുക്കാൻ കഴിയില്ല. പലപ്പോഴും ദലിത്- ആദിവാസി വിഭാഗങ്ങളിൽനിന്ന് ചിന്തകർ ഉയർന്നുവരാത്തത് ഇതുകൊണ്ടുകൂടിയാണ്. അവരിൽനിന്ന് ധാരാളം നേതാക്കന്മാരും അധികാരികളും ഉയർന്നുവന്നിട്ടുണ്ട്. അത് രാഷ്ട്രീയപരവും ഭരണപരവുമായ പുതിയ അറൈജ്മെന്റിന്റെ ഭാഗമായിട്ടാണ്. അല്ലെങ്കിൽ മതപരമായിട്ടായിരിക്കും.

സമ്പത്തിന്റെ വളർച്ചയുണ്ടാകുമ്പോഴാണ് സാംസ്കാരിക വളർച്ചയുണ്ടാകുന്നത്. സമ്പത്തിന്റെ വളർച്ചയുണ്ടാകണമെങ്കിൽ ശാസ്ത്രം ജയിക്കണം. ശാസ്ത്രമാണ് ശരിക്കും മതേതരത്വം. ശാസ്ത്രമില്ലാത്തവർക്ക് മതേതരത്വമില്ല. ഒരു വിശ്വാസിക്ക് മതേതരത്വം ഉൾക്കൊള്ളാൻ സാധ്യമല്ല. സെക്യുലറിസം എന്നത് ഒരു അവിശ്വാസിയുടെ, പഴയ മൂല്യങ്ങളിൽ വിശ്വസിക്കാത്ത ഒരാളുടെ തത്വശാസ്ത്രമാണ്. വിശ്വാസിക്ക് ഒരിക്കലും മതനിരപേക്ഷമായും ശാസ്ത്രീമായും ചിന്തിക്കാൻ സാധ്യമല്ല.

ഐസക് ന്യൂട്ടൻ

യൂറോപ്യൻ നവോത്ഥാന കാലത്തുതന്നെ ഉയർന്നുവന്ന ചോദ്യമായിരുന്നു ഇത്. 17-ാം നൂറ്റാണ്ടിൽ ഐസക് ന്യൂട്ടൻ പറഞ്ഞത്; Victory of reason over faith എന്നാണ്. Reason ആണ് സയൻസിന്റെ ചാലകശക്തി. സയൻസ് മതത്തെ കീഴടക്കുമ്പോഴാണ് സമൂഹത്തിൽ നവോത്ഥാനമുണ്ടാകുന്നത്. ന്യൂട്ടന്റെ പ്രധാന ആശയങ്ങളും ശാസ്ത്രീയ ചിന്താപദ്ധതികളുമെല്ലാം ഈയൊരു ദിശയിലുള്ളതായിരുന്നു. റിനൈസെൻസ്, സാർവലൗകികത, മതേതരത്വം, വിക്ടറി ഓഫ് സയൻസ് തുടങ്ങിയ ആധുനിക ആശയങ്ങളെല്ലാം ഇങ്ങനെയാണുണ്ടാകുന്നത്.

പാണ്ഡിത്യം വളർത്തിയെടുത്ത്, ആഴത്തിൽ ചിന്തിച്ച്, അതിന്റെ സാമൂഹ്യമാനങ്ങൾ മനസ്സിലാക്കി ചോദ്യം ചെയ്യാനാണ് ഗുരു ഉപയോഗിച്ചത്. എവിടെയാണ് വ്യത്യസ്ത ചോദ്യങ്ങളുള്ളത്, അവിടെയാണ് വ്യത്യസ്ത ഉത്തരങ്ങളുള്ളത്. കൃഷിക്കും വ്യവസായത്തിനും പ്രാധാന്യം നൽകി, ഭൗതിക ജീവിതത്തിൽ പുരോഗതിയുണ്ടാക്കുന്നതിലൂടെ മാത്രമേ ബൗദ്ധികമായ കഴിവ് വികസിക്കുകയുള്ളൂ. അത് വളരെ മൗലികമായ ചിന്തയാണ്. ഗുരുവിന്റെ ഈ ചിന്തയെ, സമകാലിക കേരളത്തിലെ ഒരു ഉദാഹരണവുമായി ബന്ധിപ്പിക്കാം.

പുതിയ സാങ്കേതിക വിദ്യ എന്നാൽ Information and Communication technology ആണ്. പുതിയ ടെക്നോളജി വളരെ ഇൻക്ലൂസീവാണ്.

പുതിയ സാങ്കേതിക വിദ്യ എന്നാൽ Information and Communication technology ആണ്. പുതിയ ടെക്നോളജി വളരെ ഇൻക്ലൂസീവാണ്. ആർക്കും എന്തിനും ഉപയോഗിക്കാം. ഡിജിറ്റൽ അല്ലാത്ത ഒരു മേഖലയും നമ്മുടെ സമൂഹത്തിലില്ല. ഇതുകൊണ്ട് പല ഉപയോഗങ്ങളുമുണ്ടായിട്ടുണ്ട്, പല അപകടങ്ങളുമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഭീകരവാദികൾ പുതിയ ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. മതങ്ങളും ഉപയോഗിക്കുന്നുണ്ട്.

ശ്രീനാരായണ ഗുരു പറഞ്ഞത് വിദ്യ കൊണ്ട് വിജ്ഞരാകുക എന്നാണ്. വിജ്ഞരാകുക എന്നാൽ വെറും അറിവുണ്ടാക്കുകയല്ല, മറിച്ച്, അറിവിനേക്കാൾ ഉയർന്ന വിസ്ഡമാണ്. അധ്യാപകർ നമ്മളെ പഠിപ്പിക്കും. അത് പരീക്ഷയായി എഴുതി മാർക്ക് വാങ്ങുന്നു. അതുകൊണ്ട് നമ്മൾ വിജ്ഞരായില്ല. ചിലപ്പോൾ പരീക്ഷ കഴിയുന്നതോടെ പഠിച്ചത് മറന്നുപോകും. എന്നാൽ, ചില സമയത്ത് വിജ്ഞാനം ഉൾക്കൊള്ളുന്നതിനേക്കാൾ അത് മറക്കാനാണ് പ്രയാസം. മർദ്ദിത വിഭാഗങ്ങളിൽ ഫ്യൂഡൽ കാലഘട്ടം സൃഷ്ടിച്ച മൂല്യങ്ങളും ആശയങ്ങളും ഇല്ലാതാക്കാൻ വലിയ പാടാണ്. എപ്പോഴും ഓർത്തുകൊണ്ടിരിക്കലല്ല ആവശ്യം, പല കാര്യങ്ങളും മറക്കേണ്ടതുണ്ട്. പലപ്പോഴും അത് പ്രയാസമായി വരുന്നു.

ഗുരുവിന്റെ ഈ ആശയത്തിന്റെ ആധുനികവൽക്കരണമായിട്ടാണ് സ്റ്റാർട്ടപ്പ് പരിപാടികളെ കാണാൻ കഴിയുന്നത്.

വികസനത്തിന്റെ കാര്യത്തിൽ ഇപ്പോൾ കേരളം വളർത്തിയെടുത്തിട്ടുള്ള ഒരു ദിശാബോധം- കേരള മോഡൽ അല്ല- സാർവലൗകികമായ ദിശാബോധത്തിന്റെ ഭാഗമാണ്. യൂണിവേഴ്സലായ ഒന്ന്. അതിന്റെ ഭാഗമായി നമ്മളും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. അത് ഉയർത്തിപ്പിടിച്ചാണ് കേരളത്തിൽ സ്റ്റാർട്ടപ്പുകൾ വരുന്നത്. ഇവയെ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാനുള്ള അവസരമായാണ് കേരള സർക്കാർ കാണുന്നത്. അത് വളരെ സ്വീകാര്യമായ, അംഗീകൃതമായ ഒരു കാര്യമാണ്. പുതിയ സാങ്കേതികവിദ്യയിലൂടെ മാത്രമേ ഒരു സമൂഹത്തിന് മുന്നോട്ടുപോകാൻ പറ്റൂ. വിജ്ഞാനം ഉൽപാദനരംഗത്ത് ഉപയോഗിക്കുമ്പോൾ മാത്രമാണ് സമ്പത്തിന്റെ ഉൽപാദനം വർധിക്കുക. അപ്പോഴാണ് ഒരു സമൂഹം പുരോഗമിക്കുന്നത്. ചിന്തിക്കുന്നവരാണ് സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈയൊരു ആശയത്തിന്റെ ആധുനികവൽക്കരണമായിട്ടാണ് സ്റ്റാർട്ടപ്പ് പരിപാടികളെ കാണാൻ കഴിയുന്നത്.

40 സ്റ്റാര്‍ട്ട് അപ്പുകളെ ഭാഗമാക്കി സംഘടിപ്പിച്ച സ്റ്റാര്‍ട്ട് അപ് കണക്ട് എന്ന പരിപാടിയില്‍ നിന്ന്

പുതിയ സാങ്കേതികവിദ്യ ഉൾക്കൊള്ളണമെങ്കിൽ, ആ കാര്യങ്ങൾ അറിയണം. അതിനുള്ള സാമൂഹ്യ സാഹചര്യങ്ങൾ വേണം. ഡിജിറ്റൽ ഡിവൈഡ് എന്നു പറയുന്നത് ഇന്ന് വലിയ പ്രശ്നമാണ്. ഇപ്പോൾ മിക്കവർക്കും ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷെ, ഇന്നുള്ളത് ഡിജിറ്റൽ ദാരിദ്ര്യമാണ്. ചരിത്രപരമായി സാമ്പത്തികമായി പിന്നാക്കം നിന്നവർക്കുതന്നെയാണ് ഇപ്പോൾ ഡിജിറ്റൽ ദാരിദ്ര്യവും ഉള്ളത്.

പണ്ടും ഈ ഡിവൈഡ് ഉണ്ടായിരുന്നു. ഞങ്ങൾ പഠിച്ചിരുന്ന കാലത്ത് ചില കുട്ടികൾക്ക് പുസ്തകവും പെൻസിലും ഇൻസ്ട്രുമെന്റ് ബോക്സും ഉണ്ടായിരുന്നില്ല. അതൊക്കെ ഇല്ലാതിരുന്ന അതേ ആളുകൾക്കുതന്നെയാണ് ഇപ്പോൾ ഡിജിറ്റലായിട്ടും ദാരിദ്ര്യമുള്ളത്. ഗുരുവിന്റെ ആശയങ്ങളെ നമ്മൾ ശ്ലാഘിക്കുമ്പോൾ തന്നെ, സമൂഹം എന്ന നിലയ്ക്ക് ചെയ്യേണ്ടത് നമ്മൾ ചെയ്തിട്ടില്ല. ഇപ്പോഴും പല സാമൂഹിക വിഭാഗങ്ങളും പഴയ നിലയിലേക്ക് തിരിച്ചുപോകുകയാണ്.

ഇപ്പോൾ മിക്കവർക്കും ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷെ, ഇന്നുള്ളത് ഡിജിറ്റൽ ദാരിദ്ര്യമാണ്.

ഉദാഹരണത്തിന്, നിലമ്പൂരിൽ വയലുകളിലും തോട്ടങ്ങളിലും ആദിവാസികൾക്കിടയിൽ അടിമവേലയും ബാലവേലയും വ്യാപകമാകുകയാണ്. കോഴിക്കോട്- മലപ്പുറം അതിർത്തി പ്രദേശങ്ങളിൽ കുട്ടികൾക്ക് 350- 400 രൂപ ദിവസം കൂലി കിട്ടുന്നു. ഇത് വലിയ സംഖ്യയാണ്. ഇത് ചെലവഴിക്കപ്പെടുന്നത് ലഹരി ഉപയോഗിക്കാനാണ്. ഇത്തരം സാധനങ്ങളുടെ ലഭ്യതയും അവിടെ കൂടിക്കൊണ്ടിരിക്കുന്നു. വയനാട്ടിലെ ആദിവാസികൾക്കിയിലും അടിമപ്പണി വ്യാപകമാകുന്നുണ്ട്. പൊന്നാനി പോലുള്ള തീരപ്രദേശങ്ങളിൽ കോവിഡ് കാലത്ത് കുട്ടികൾ സ്കൂളിൽ പോകാതെ പണിക്കിറങ്ങി. ഇത് ബാലവേലക്ക് ന്യായീകരണം നൽകി.

സമൂഹം എന്ന നിലയ്ക്ക് കേരളത്തിൽ ദാരിദ്ര്യം നിലനിൽക്കുന്നു, അതിന്റെ സ്വഭാവം വ്യത്യസ്തമാണെന്നുമാത്രം. അതായത്, ഡിജിറ്റൽ ദാരിദ്ര്യം. ഇത് നിർമാർജനം ചെയ്യേണ്ടത് ആധുനികവൽക്കരണത്തിന്റെ ആദ്യ പടിയാണ്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ സാമൂഹിക നീതിയിലധിഷ്ഠിതമായ ആധുനിക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാൻ കേരളത്തിന് കഴിയുമായിരുന്നു. ഗുരുവിന്റെ തത്വശാസ്ത്രപരമായ വീക്ഷണം കാലികമായി വളർത്തിയെടുക്കാൻ കഴിയാത്തതുകൊണ്ടാണ് കേരളീയ സമൂഹത്തിന് ഈ പരാജയം സംഭവിച്ചത്. അത് ഗുരുവിനോട് ചെയ്ത വലിയ അനീതിയും കൂടിയാണ്. ഒരു ഭാഗത്ത് നമ്മൾ ഗുരുവിനെ നവോത്ഥാന നായകൻ എന്നെല്ലാം പ്രകീർത്തിക്കുന്നു, അതേസമയം, അദ്ദേഹം പറഞ്ഞ, പുതിയ ആശയങ്ങൾ എന്ന നിലയ്ക്കുള്ള നവോത്ഥാനത്തെ തള്ളിക്കളയുന്നു. ആ തരത്തിൽ കേരളം ഗുരുവിനോട് നീതി കാണിച്ചില്ല എന്നു പറയാം.

സമൂഹം എന്ന നിലയ്ക്ക് കേരളത്തിൽ ദാരിദ്ര്യം നിലനിൽക്കുന്നു, അതിന്റെ സ്വഭാവം വ്യത്യസ്തമാണെന്നുമാത്രം. / Photo: An Adivasi school in Wayanadu

ഗുരുവിന്റെ ഏറ്റവും വിശ്വസ്ത ശിഷ്യനായ കുമാരനാശാൻ, ചണ്ഡാലഭിക്ഷുകി എന്ന കൃതിയിൽ പറഞ്ഞത് എന്താണ്? നെല്ലിൻചുവട്ടിൽ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയൻ. ആ സ്ഥിതി ആദ്യം മാറ്റിയെടുക്കണം. ഈ സാമൂഹിക പരിവർത്തനം കൊണ്ടുവരേണ്ടത് രാഷ്ട്രീയ നേതാക്കളുടെയും ഭരണകർത്താക്കളുടെയും ഉത്തരവാദിത്തമാണ്. അത് നമ്മൾ ചെയ്യുന്നില്ല.

ആശാൻ മറ്റൊന്നുകൂടി പറഞ്ഞു, ‘മാറ്റുവൻ ചട്ടങ്ങളെ’. ഇന്ന് ആശാന്റെ ശിഷ്യന്മാരും അനുയായികളും പറയുന്നത്, പഴയ നിയമങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ നിയമം കൊണ്ടുവരണം എന്നാണ്. ഒരു സമൂഹം എന്ന നിലയ്ക്ക് ഗുരുവും ആശാനും നൽകിയ ഒരു വീക്ഷണത്തിൽനിന്ന് കേരളം എങ്ങോട്ടാണ് മാറിക്കൊണ്ടിരിക്കുന്നത്. ആചാരങ്ങൾ പുനഃസ്ഥാപിക്കപ്പെടുകയാണ്. പഴയ ആചാരങ്ങളായ ബാലവേലയും അടിമപ്പണിയും ന്യായീകരിക്കപ്പെടുന്നു. ഗുരുവിന്റെ ‘വിദ്യ കൊണ്ട് വിജ്ഞരാകുക’ എന്നത് വെറുമൊരു പ്രഖ്യാപനമായി അവശേഷിക്കുന്നു. സമൂഹത്തെ വിപ്ലവാത്മകമായി പുനഃസംവിധാനം ചെയ്യാനുള്ള പരിപാടിയായിട്ടാണ് ഈയൊരു പ്രഖ്യാപനത്തെ ഗുരു കണ്ടത്. അവിടെയാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രസക്തി.

ശ്രീനാരായണ ഗുരു, കുമാരനാശാന്‍

സമൂഹത്തിലെ ദുർബല ജനതക്ക് ആധുനിക വിദ്യാഭ്യാസവും ആധുനിക സാങ്കേതിക വിദ്യയും പ്രാപ്യമായിരിക്കണം. അതിനുപറ്റിയ സാമൂഹിക സംവിധാനം പുനഃസൃഷ്ടിക്കണം എന്നതാണ് ഗുരു വിവക്ഷിച്ചത്. എന്നാൽ, ഗുരുവിന്റെ അനുയായികൾ വിജ്ഞാനത്തെ വിപണിവൽക്കരിക്കുകയാണ് ചെയ്യുന്നത്. ദുർബലർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നീതി ഉറപ്പാക്കുന്നില്ല. ഗുരുവിന്റെ തത്വശാസ്ത്രം വികസിപ്പിച്ച് പരിപൂർണമാക്കണമെങ്കിൽ, ദുർബലർക്ക്, ജാതിവ്യവസ്ഥയുടെ ഇരകളായിരുന്നവർക്ക് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ രംഗങ്ങളിലേക്ക് കടന്നുവരാൻ കഴിയണം. ഇത് ഉറപ്പുവരുത്തിയാൽ മാത്രമേ കേരളത്തിന് ഗുരുവിനോട് നീതി കാണിക്കാൻ കഴിഞ്ഞു എന്നവകാശപ്പെടാൻ കഴിയുകയുള്ളൂ.


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments