വിദ്യാർത്ഥികളും ജോലിചെയ്യുന്നവരുമായി, രാജ്യത്താകെ വലിയൊരു വിഭാഗം ആളുകൾ അവരുടെ താമസ സൗകര്യത്തിനായി നഗരങ്ങളിലും മറ്റും പ്രധാനമായി ആശ്രയിക്കുന്നത് ഹോസ്റ്റലുകളെയാണ്. സ്വകാര്യ ഹോസ്റ്റലുകളും കോളേജ് ഹോസ്റ്റലുകളുമാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. രാജ്യത്താകെ 50,000-ൽ അധികം സ്റ്റുഡന്റ് ഹോസ്റ്റലുകൾ ഉണ്ടെന്നാണ് 2022-ലെ ഓൾ ഇന്ത്യാ സർവ്വേ ഓൺ ഹയർ എജുക്കേഷൻ പറയുന്നത്. സ്വകാര്യ മേഖലയിലും മറ്റുമായി ജോലി ചെയ്യുന്ന സ്ത്രീകളുൾപ്പടെയുള്ള നിരവധി പേർ അവരുടെ താമസ സൗകര്യത്തിനായി തിരഞ്ഞെടുക്കുന്നതും ഇത്തരം പ്രൈവറ്റ് ഹോസ്റ്റലുകളെയാണ്.
താമസിക്കുന്നവരെ കുരുക്കുന്ന നിയമങ്ങൾ
ഹോസ്റ്റൽ നിയമങ്ങൾ എന്ന പേരിൽ കർശനമായ സമയ നിയന്ത്രണങ്ങൾ നടപ്പാക്കിയും, ജോലിയുടെയോ പഠനത്തിന്റെയോ ഭാഗമായിട്ടാണെങ്കിൽ പോലും സ്ത്രീകളെയും പെൺകുട്ടികളെയും രാത്രി വൈകിയെത്തുന്നതിൽ നിന്ന് തടയുന്നതിനും അത് ചോദ്യം ചെയ്യുന്നതിനുമൊക്കെയാണ് ഹോസ്റ്റലുകൾക്ക് ഇപ്പോഴും താത്പര്യം എന്നതാണ് സത്യം. ഹോസ്റ്റൽ നിയമം എന്ന പേരിൽ നടപ്പാക്കുന്ന കർശന സമയ നിയന്ത്രണങ്ങൾ മിക്ക ഹോസ്റ്റലുകളിലുമുണ്ട്. ലേഡീസ് ഹോസ്റ്റലുകളിലാണ് ഇത് ഏറ്റവും കർശനമായി നടപ്പാക്കുന്നത്. രാത്രി എട്ടുമണിക്ക് മുമ്പ് ഹോസ്റ്റലിന് അകത്ത് കയറിയിരിക്കണം എന്നാണ് അഡ്മിഷൻ എടുക്കുന്ന സമയത്ത് തന്നെ അറിയിക്കുന്ന പ്രധാന നിർദേശം. നേരം വൈകിയെത്തുന്നതിന് കാരണം ബോധിപ്പിക്കുക പോലും വേണമെന്ന സ്ഥിതിയും മിക്ക ഹോസ്റ്റലുകളിലുമുണ്ട്.
തങ്ങൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ട്രൂ കോപ്പി തിങ്കിനോട് ചിലർ തുറന്ന് സംസാരിക്കുകയുണ്ടായി. “7.30ന് കർശനമായും ഹോസ്റ്റലിൽ എത്തിയിരിക്കണം എന്നാണ് നിർദേശം. അതിന് ശേഷം എത്തുന്നവരുടെ വീടുകളിലേക്ക് ഹോസ്റ്റൽ അധികൃതർ നേരിട്ട് വിളിച്ച് വിവരമറിയിക്കുകയാണ് ചെയ്യുക. അതിന് ശേഷം മാത്രമേ അകത്തു പ്രവേശിപ്പിക്കുകയുള്ളൂ. ജോലി സംബന്ധമായോ മറ്റോ താമസിച്ചതാണെങ്കിൽ പോലും വൈകിയെത്തിയാൽ ഈ രീതി നേരിടേണ്ടതുണ്ട്. പിന്നീട് അകത്ത് കയറാൻ കഴിഞ്ഞാൽ തന്നെ വൈകിയെത്തുന്നവരെ മറ്റൊരു കണ്ണിലൂടെയാണ് ഹോസ്റ്റൽ അധികൃതർ കാണുക. 7.30-ന് ശേഷം ഒരു കുട്ടിക്ക് പുറത്തുപോകണമെങ്കിൽ ഒരു മാർഗവുമില്ല. പെൺകുട്ടികൾ രാത്രി പുറത്തുപോകരുത് എന്ന മനോഭാവമാണ് ഹോസ്റ്റൽ അധികൃതർക്ക് ഇപ്പോഴും. ഞങ്ങളുടെ സുരക്ഷ എന്ന പേരിലാണ് ഇതെല്ലാം നടപ്പാക്കാൻ ശ്രമിക്കുന്നത് എന്നതാണ് വിരോധാഭാസം”- കോഴിക്കോട് പാളയത്തിനടുത്ത് ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്ന അമ്പിളി കെ. ചന്ദ്രൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“ഡിഗ്രി ചെയ്തത് വയനാട് എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിലായിരുന്നു. അന്നും ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചത്, കോളേജ് ഹോസ്റ്റലിൽ. എന്നാൽ അന്നൊന്നും ഹോസ്റ്റൽ വാർഡനോ മറ്റുള്ളവരോ ഈ തരത്തിൽ പെരുമാറിയിരുന്നില്ല. പെൺകുട്ടി ആയതുകൊണ്ടുമാത്രം ഒരിക്കലും മാറ്റിനിർത്തപ്പെട്ടിട്ടില്ല. അവിടെ സ്വാതന്ത്യമുണ്ടായിരുന്നു. എന്നാൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അനുഭവമാണ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്നും നേരിടേണ്ടി വരുന്നത്. മറ്റ് ജില്ലകളിൽ നിന്നുമെത്തുന്ന കുട്ടികൾക്ക് താമസിക്കുന്ന നഗരത്തിൽ വൈകുന്നേരം ഒന്ന് സ്വസ്ഥമായി പുറത്തിറങ്ങാൻ പോലും സാധിക്കില്ല. സമയം വൈകുമോയെന്ന ഭയം എപ്പോഴും മനസ്സിലുണ്ടാവും. ഞായറാഴ്ച്ച പകൽ മാത്രമേ സ്വസ്ഥമായി പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. പെൺകുട്ടികൾ ഓഫീസിൽ പോവുക ഹോസ്റ്റലിൽ തിരിച്ചെത്തുക, എന്നിങ്ങനെ തിരിച്ചും മറിച്ചുമുള്ള സഞ്ചാരം മാത്രമേ പാടുള്ളൂവെന്നാണ് ഈ നിയമങ്ങൾ പറയുന്നത്. ആഘോഷങ്ങളും സന്തോഷങ്ങളുമെല്ലാം വൈകീട്ട് 7.30നുള്ളിൽ അവസാനിപ്പിക്കണമെന്ന അവസ്ഥയാണ്. 7.30ൽ ഞങ്ങളുടെ ഒരു ദിവസം അവസാനിക്കുന്നു. ജോലി കഴിഞ്ഞുള്ള സമയമോ, ക്ലാസിന് ശേഷമുള്ള സമയമോ പോലും ഹോസ്റ്റലിൽ തന്നെ ചെലവഴിക്കണമെന്ന് നിർബന്ധമാണ്,” അമ്പിളി കെ. ചന്ദ്രൻ പ്രതികരിച്ചു.
എന്നാൽ ഇത് പ്രൈവറ്റ് ഹോസ്റ്റലുകളുടെ മാത്രം സ്ഥിതിയല്ല. ഇതേ രീതികൾ പിന്തുടരുന്ന സർക്കാർ/ സ്വാശ്രയ കോളേജ് ഹോസ്റ്റലുകളുമുണ്ടെന്നതാണ് വാസ്തവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ സമയ നിയന്ത്രണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.ജി വിദ്യാർത്ഥികൾ 2022-ൽ സമരവുമായി രംഗത്തെത്തിയിരുന്നു. രാത്രി ഡ്യൂട്ടി ഉള്ളവർക്കും മറ്റും സമയ നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും നിയന്ത്രണം ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. പെൺകുട്ടികളുടെ ഹോസ്റ്റൽ സമയം രാത്രി 9.30 വരെ പരിമിതപ്പെടുത്തുന്നതായിരുന്നു ഹോസ്റ്റൽ നിയമം. അതേ സമയം ആൺകുട്ടികളുടെ ഹോസ്റ്റലിൽ സമയ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നതുമില്ല. ഹോസ്റ്റലിലെ ഈ ഇരട്ടനീതിക്കെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹോസ്റ്റൽ അധികൃതരുടെ വിശദീകരണം ഒരു പുരോഗമന സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നാണ് അന്ന്, കേരള ഹൈക്കോടതി വിമർശിച്ചത്. നിയന്ത്രണങ്ങൾ ആണധികാര വ്യവസ്ഥയുടെ ഭാഗമായി മാറുകയായിരുന്നു ഇവിടെ. സമാന ആവശ്യമുന്നയിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു. എന്നാൽ ആൺകുട്ടികളുടെ ഹോസ്റ്റൽ സമയം കൂടെ 9.30 ആക്കി ചുരുക്കി പ്രശ്നത്തിന് പരിഹാരം കാണാനാണ് സംസ്ഥാന സർക്കാർ അന്ന് ശ്രമിച്ചത്. ഹോസ്റ്റലുകളിലെ പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ തന്നെ ശരിയായ തരത്തിൽ അഭിസംബോധന ചെയ്തിട്ടുണ്ടോ എന്നത് സംശയമാണ്.
ഭക്ഷണവും നിഷേധിക്കുന്ന ഹോസ്റ്റലുകൾ
സമയ നിയന്ത്രണത്തിന്റെ പേരിൽ, വൈകിയെത്തിയെന്ന കാരണത്താൽ ഭക്ഷണം നിഷേധിച്ച സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. നിശ്ചിത സമയത്തിന് ശേഷം ഭക്ഷണം ഓർഡർ ചെയ്യുന്നതിനോ, പുറത്തുനിന്നുള്ള ഭക്ഷണം ഹോസ്റ്റലിനകത്ത് കൊണ്ടുവരുന്നതിനോ പോലും വിലക്ക് നിലനിൽക്കുന്ന ഹോസ്റ്റലുകളുണ്ട്.
“ഒമ്പത് മണി വരെയാണ് ഞങ്ങളുടെ മെസ് സമയം അനുവദിച്ചിരിക്കുന്നത്. അത് ഞങ്ങൾക്ക് ഒ.കെയാണ്. ഏതാണ്ട് ഒമ്പത് മണിക്കുള്ളിൽ തന്നെ മിക്കവരും ഭക്ഷണം കഴിക്കാൻ എത്താറുണ്ട്. കഴിച്ച് കഴിയാറുമുണ്ട്. ഒമ്പതിന് മെസ് അടക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ജോലി സംബന്ധമായോ, മറ്റ് കാരണങ്ങൾ കൊണ്ടോ വൈകിയെത്തുന്നവർക്ക് ഭക്ഷണം കഴിക്കാൻ കഴിയാറില്ല. ഭക്ഷണം ഓർഡർ ചെയ്തു വരുത്താം എന്ന് കരുതിയാൽ അത് വാങ്ങാൻ സമ്മതിക്കില്ലെന്നിത്താണ് പ്രശ്നം. ഒമ്പതു മണിക്ക് ശേഷം പുറത്തുനിന്നുള്ള ഭക്ഷണം അകത്ത് കയറ്റരുത് എന്നാണ് താക്കീത്. എന്തുകൊണ്ടാണ് അങ്ങനെ എന്ന് ചോദിച്ചാൽ അതിന് മതിയായ കാരണങ്ങളും അവർക്ക് പറയാനില്ല. ഒമ്പത് മണിക്ക് ശേഷം വിശക്കുന്നവർ വിശന്നിരിക്കട്ടെ എന്ന മനോഭാവമാണ് ഹോസ്റ്റൽ അധികൃതർക്ക് -” അമ്പിളി കെ. ചന്ദ്രൻ പറഞ്ഞു.
“11.30 ആണ് ഞങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയം. അതിന് ശേഷം ഹോസ്റ്റൽ അടക്കും. ഗേറ്റും, മുൻവശത്തെ ഗ്രില്ലും ഉൾപ്പെടെയാണ് അടക്കുക. പിന്നൊരാൾക്കും മുറ്റത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വൈകിയെത്തിയൊരാൾ വിശന്ന് ഭക്ഷണമെന്തെങ്കിലും ഓർഡർ ചെയ്താൽ അത് പുറത്തുപോയി വാങ്ങാൻ പോലും മുറ്റത്തിറങ്ങാൻ കഴിയില്ലെന്ന സ്ഥിതിയാണ്. വൈകിയെത്തുന്നവരുടെ മാത്രം കാര്യമല്ല ഇത്. ഹോസ്റ്റലിൽ ഒരു ദിവസത്തെ ഭക്ഷണം ഇഷ്ടപ്പെടാത്ത കാരണം കൊണ്ട് രാത്രി ഭക്ഷണം കഴിക്കാതിരിക്കേണ്ടി വന്ന നിരവധി പേരുണ്ട്. അവരായാലും ഓർഡർ ചെയത് ഭക്ഷണം പുറത്തിറങ്ങി വാങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഗേറ്റ അടയ്ക്കുന്നത് ഞങ്ങൾക്ക് മനസ്സിലാകും. എന്നാൽ അതിനൊപ്പം മുറ്റത്തിറങ്ങാൻ പോലും കഴിയാത്ത വിധം മുൻവശത്തെ ഗ്രില്ലുൾപ്പടെ അടച്ചിട്ട് ഞങ്ങളെ അകത്താക്കുന്നതെന്തിന് എന്ന ചോദ്യത്തിന് ഹോസ്റ്റൽ അധികൃതർക്ക് ഉത്തരമില്ല. സി.സി.ടി.വി സംവിധാനം ഉൾപ്പടെയുണ്ടായിട്ടും ഗേറ്റും ഗ്രില്ലുമുൾപ്പടെ പൂട്ടിയിട്ട് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്”- കോഴിക്കോട് നഗരത്തിൽ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന സഹൽ മുഹമ്മദ് ട്രൂകോപ്പി തിങ്കിനോട് പ്രതികരിച്ചു.
സുരക്ഷയുടെ പേരുപറഞ്ഞാണ് താമസക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിൽ, ഹോസ്റ്റലുകൾ ഇത്തരം നിയമങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്നത്. ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് പകരം, ആരും പുറത്തിറങ്ങേണ്ട എന്ന മനോഭാവമാണ് ഹോസ്റ്റൽ അധികൃതർക്ക്.
സ്വന്തം ഫോൺ പിടിച്ചുവാങ്ങുന്ന ഹോസ്റ്റലുകൾ
ഹോസ്റ്റലുകളിലെ അവകാശ ലംഘനങ്ങൾ കേരളത്തിൽ മാത്രമുള്ള സംഭവമല്ല. രാജ്യത്ത് എറ്റവും കൂടുതൽ ഹോസ്റ്റലുകളുള്ള സംസ്ഥാനം കർണാടകയാണെന്നാണ് കഴിഞ്ഞ വർഷം പുറത്തുവന്ന കണക്ക്. ഏതാണ്ട് 6300 ഹോസ്റ്റലുകൾ കർണാടക സംസ്ഥാനത്തിൽ മാത്രമുണ്ട്. മംഗലാപുരത്തും ബാംഗ്ലൂരിലും മറ്റുമായി നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന മലായാളി വിദ്യാർത്ഥികൾ നിരവധിയാണ്. കോളേജ് ഹോസ്റ്റലുകളിലും മറ്റും താമസിച്ച് പഠിക്കുന്നവരാണ് ഇതിലധികവും. ഈ ഹോസ്റ്റലുകളിലെ അവസ്ഥയും മറ്റൊന്നല്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
“നഴ്സിംഗ് പഠനത്തിനായാണ് മംഗലാപുരത്ത് ചേർന്നത്. കോളേജ് ഹോസ്റ്റലിൽ തന്നെ താമസം ശരിയായിരുന്നു. ഹോസ്റ്റൽ അഡ്മിഷന് ചെന്നപ്പോൾ തന്നെ ആദ്യം അറിയിച്ചത് ഹോസ്റ്റലിലെ നിയന്ത്രണങ്ങളെക്കുറിച്ചാണ്. ലേഡീസ് ഹോസ്റ്റലുകളിൽ നിയന്ത്രണങ്ങൾ അൽപ്പം കൂടുതലുമാണ്. ഫോൺ ചെയ്യുന്നതിന് പോലും ഹോസ്റ്റൽ അധികൃതരുടെ അനുവാദം വേണം. നിശ്ചിത സമയം മാത്രമേ ഹോസ്റ്റലിനകത്ത് ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അതിന് ശേഷം നമ്മുടെ ഫോൺ ഹോസ്റ്റൽ അധികൃതർ വാങ്ങി സൂക്ഷിക്കുകയാണ്. സ്വന്തം ഫോൺ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാൻ പോലും വിദ്യാർത്ഥികളെ അനുവദിക്കാറില്ല. മെഡിക്കൽ, പാരാ മെഡിക്കൽ കോഴ്സുകൾ പഠിപ്പിക്കുന്ന മിക്ക കോളേജുകളുടെയും ഹോസ്റ്റലുകളിൽ ഇത് സ്ഥിര സംഭവമാണ്. അയേൺ ബോക്സ് ഉപയോഗിക്കാനോ ലാപ്ടോപ്പ് ചാർജ് ചെയ്യാനോ ഒന്നും അനുവദിക്കില്ല.” പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കൂട്ടം മലയാളി വിദ്യാർത്ഥികൾ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
കേരളത്തിലെയും, രാജ്യത്താകെയും കോളേജ് - പ്രൈവറ്റ് ഹോസ്റ്റലുകളിലെ താമസക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിൽ, നിയമങ്ങൾ എന്ന പേരിൽ ഹോസ്റ്റൽ മാനേജ്മെന്റുകൾ നടപ്പാക്കുന്നത് താമസക്കാരെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളാണ്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ മുൻപ് പല തവണ ചർച്ച ചെയ്തിട്ടുള്ളതാണെങ്കിലും പ്രൈവറ്റ് - കോളേജ് ഹോസ്റ്റലുകളിലെ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരമായിട്ടില്ലെന്നതാണ് യാഥാർഥ്യം. സർക്കാരോ മറ്റ് സംവിധാനങ്ങളോ, പ്രൈവറ്റ് ഹോസ്റ്റൽ മേഖലയെ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. സുരക്ഷയുടെ പേരിലാണ് ഹോസ്റ്റൽ മാനേജ് മെന്റുകൾ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത്. സുരക്ഷയും സ്വതന്ത്രവും ഒരുപോലെ ഉറപ്പാക്കിക്കൊണ്ട് നമ്മുടെ ഹോസ്റ്റൽ സംവിധാനങ്ങൾ ഇനിയുമേറെ മാറേണ്ടതുണ്ട്.