ജാതി എന്ന ആശയം പൗരാണിക കാലം മുതലേ മനുഷ്യരിൽ നിലനിൽക്കുന്നുണ്ട്. ജാതി എന്നത് ഒരേ സമയം ഒരു യാഥാസ്ഥിതിക ആശയവും ഒപ്പം പുരോഗമനാത്മകമായ വിഷയവുമാണ്. യാഥാസ്ഥിതികതയിൽ നിന്നാണ് ജാതി രൂപപ്പെടുന്നത്. അതിനെ നിലനിർത്തുന്നതും യാഥാസ്ഥിതികതയാണ്. ജാതി മനുഷ്യരിൽ സൃഷ്ടിക്കുന്ന വരേണ്യ ബോധങ്ങളെയും മാനവിക വിരുദ്ധതയേയും ചെറുത്ത് തോല്പിക്കാനായി നമുക്ക് ജാതി എന്ന യാഥാർത്ഥ്യത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. കാരണം, അവഗണിച്ച് ഒഴിവാക്കാൻ പറ്റുന്നത്ര ലഘുവായതല്ല ജാതി ബോധം സൃഷ്ടിക്കുന്ന ജനാധിപത്യ, മനുഷ്യത്വ വിരുദ്ധതകളുടെ വ്യാപ്തി. പുരോഗമനപരമായ ബോധത്തിൽ നിന്ന് മാത്രമേ ഇങ്ങനെയൊരു അഭിസംബോധന സാധ്യമാവുകയുള്ളൂ. ജാതി എന്ന് നാം പറയുമ്പോൾ ഹിന്ദു സമൂഹത്തിലുള്ള ചാതുർ വർണ്യത്തെ മാത്രം സങ്കൽപിക്കേണ്ടതില്ല. മറ്റനേകം സമൂഹങ്ങളിലും ജാതി പ്രവർത്തിക്കുന്നുണ്ട്. ചാതുർവർണ്യം ഘടനാപരമായി ആധികാരികതകളുള്ളതും സ്പഷ്ടമായതുമാണ്. ഇങ്ങനെ ഘടനാപരമായ ആധികാരികതകൾ എല്ലാ ജാതിബോധങ്ങൾക്കും ഉണ്ടാകണമെന്നില്ല. ഒരു അമൂർത്തമായ ആശയമായാണ് ജാതി പ്രവർത്തിച്ച് തുടങ്ങുന്നത്. പിന്നീടാണ് ഘടനാപരമായ ആധികാരികതകളും ഉള്ളടക്കങ്ങളും അതിനുണ്ടാകുന്നത്.
സൂക്ഷ്മമായി വിലയിരുത്തിയാൽ പ്രധാനമായും മൂന്ന് കാര്യങ്ങളെ ആശ്രയിച്ചാണ് ജാതി രൂപപ്പെടുന്നത് എന്ന് നമുക്ക് കണ്ടെത്താം. ലോകത്തെ ജാതി വിവേചനങ്ങളുടെ ഒന്നാമത്തെ കാരണം നിറമാണ്. നിറത്തെ മനുഷ്യനെ വിലയിരുത്താനുള്ള ഒരുപകരണമാക്കി മാറ്റുന്നു എന്നതാണ് ജാതിയും നിറവും തമ്മിൽ നില നിൽക്കുന്ന ബന്ധം. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ലോകത്തെല്ലായിടത്തുമായി പരന്ന മനുഷ്യ വർഗം ജനിതകം കൊണ്ട് ഒന്നാകുമ്പോഴും നിറവും ഘടനയും രൂപ ഭാവങ്ങളും കൊണ്ട് വേറിട്ട് പോയതിനു പിറകിൽ കുറെ കാരണങ്ങളുണ്ട്. ഭൂമി ശാസ്ത്രപരമായ കാരണങ്ങളാണ് അതിൽ മുഖ്യം. എത്തിച്ചേർന്ന പലയിടങ്ങളിലെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ഒറ്റപ്പെട്ട് ജീവിച്ച മനുഷ്യർ കൂടുതൽ ജനിതക സങ്കലനങ്ങൾക്ക് വിധേയരായില്ല. ഇങ്ങനെ ഭൂമിശാസ്ത്രവും ജനിതക സങ്കലനങ്ങളിലെ വ്യാപനക്കുറവും കൊണ്ട് സ്വഭാവികമായ ഇരുണ്ട നിറത്തിൽ തന്നെ കഴിഞ്ഞ് വന്ന മനുഷ്യരോട് കൂടുതൽ ജനിതക സങ്കലനങ്ങൾക്ക് വിധേയരായി നേർത്ത നിറമുണ്ടായ മനുഷ്യർക്ക് അനുഭവപ്പെട്ട അകൽച്ചയാണ് നിറത്തിൻ്റെ പേരിൽ മനുഷ്യരിൽ സംഭവിച്ച ജാതി ബോധങ്ങളുടെ അടിസ്ഥാന കാരണം.
മദ്യപാനം ഇസ്‌ലാം നിരോധിച്ചിട്ടുണ്ട് എന്നതിനെ മുൻനിർത്തി, മദ്യപാനികൾ മുസ്‌ലിം സമൂഹത്തിൽ ഇല്ല എന്ന് പറയുന്നത് പോലെയാണ് ജാതിയുടെ കാര്യവും.
രണ്ടാമത്തെ കാരണം തൊഴിലാണ്. തൊഴിലുകൾ മനുഷ്യരെ വിഭജിക്കാനുള്ള ഏറ്റവും പ്രത്യക്ഷമായ ഒരു ഉപാധിയായിരുന്നു. തൊഴിലുകൾ ശ്രേണി ബദ്ധമായ ഒരു സംസ്കാരമായി രൂപപ്പെട്ട ജന സമൂഹങ്ങളിൽ, ഉയർന്ന തട്ടിലുള്ള തൊഴിലുകളിൽ ഏർപ്പെട്ടവർ വരേണ്യരും താഴെ തട്ടിലുള്ള തൊഴിലുകളിൽ ഇടപെടുന്നവർ മ്ലേച്ഛരുമായി കള്ളികളിൽ തിരിക്കപ്പെട്ടു. നിറവും തൊഴിലും മാത്രമല്ല കൂടുതൽ സങ്കീർണമായ നിലയിൽ മറ്റനേകം ഘടകങ്ങളും ജാതീയത എന്ന ആശയം രൂപപ്പെടാൻ കാരണമായിട്ടുണ്ട്. ആധിപത്യങ്ങൾ, പിടിച്ചടക്കലുകൾ തുടങ്ങിയ രാഷ്ട്രീയ കാരണങ്ങളും ജാതിയുടെ രൂപീകരണങ്ങൾക്ക് കാരണമായിട്ടുണ്ട്. അധീശപ്പെടുത്തപ്പെട്ട ജനവിഭാഗങ്ങളെ അധീശ ജനത തങ്ങളിൽ നിന്ന് താഴ്ന്നവരായി കണ്ടു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജാതി സങ്കൽപ്പങ്ങൾക്ക് മുകളിൽ പറഞ്ഞ കാരണങ്ങളൊക്കെ നിദാനമായിട്ടുണ്ട്. തൊഴിൽ സംബന്ധിയായ ഉച്ചനീചത്വങ്ങൾക്ക് കാരണമായി വർത്തിച്ചത് നിറവും ആധിപത്യ ബോധവുമാണ് എന്നാണ് വിശദീകരിക്കപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ നിറം, ഭൂമിശാസ്ത്രപരവും തൊഴിൽപരവുമായ കാരണങ്ങൾ, ആധിപത്യ ബോധം എന്നിവയൊക്കെയാണ് ജാതി സങ്കൽപങ്ങളുടെ മൂലാധാരങ്ങളായി നിലനിൽക്കുന്നത്.

ജാതി സങ്കല്പങ്ങളില്ലാത്ത ഒരു വിഭാഗമാണ് മുസ്ലിംകൾ എന്നാണ് പൊതുവെ വിശദീകരിക്കാറുള്ളത്. മനുഷ്യരെ തുല്യരായി കാണുന്നു എന്നത് ഇസ്ലാമിൻ്റെ ദാർശനികമായ സവിശേഷതയാണ്. പക്ഷേ പ്രായോഗിക തലത്തിൽ ഈ തുല്യത എത്രത്തോളം പ്രവർത്തിക്കുന്നുണ്ട് എന്നത് വിമർശനപരതയോടെ പരിശോധിക്കുമ്പോൾ വരേണ്യത, നിറം, ഭൂമിശാസ്ത്രപരമായ വിവേചനങ്ങൾ, ആധിപത്യപരമായ വിവേചനങ്ങൾ എന്നിവയെ മുൻ നിർത്തി ഘടനാത്മകമല്ലാത്ത ഒരു ജാതി ബോധം ലോകത്തെ അനേകം മുസ്‌ലിം സമൂഹങ്ങളിൽ പ്രവർത്തിക്കുന്നത് കാണാൻ സാധിക്കും. മദ്യപാനം ഇസ്‌ലാം നിരോധിച്ചിട്ടുണ്ട് എന്നതിനെ മുൻനിർത്തി, മദ്യപാനികൾ മുസ്‌ലിം സമൂഹത്തിൽ ഇല്ല എന്ന് പറയുന്നത് പോലെയാണ് ജാതിയുടെ കാര്യവും. ദാർശനികമായി ജാതി വിരുദ്ധമായ ഒരു ആശയത്തെയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നതെങ്കിൽ പോലും പ്രായോഗിക തലത്തിൽ മുസ്‌ലിം സമൂഹങ്ങളിൽ വരേണ്യതയും ജാതീയതയും വലിയ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
സയ്യിദ്, തങ്ങൾ എന്നൊക്കെ സ്വന്തം പേരിന് മുന്നിലും പിന്നിലുമായി കൂട്ടിയോജിപ്പിച്ച് നടക്കുന്നവർ ജാതീയമായ വരേണ്യത ആഗ്രഹിക്കുന്നവരാണ്.
ഇസ്‌ലാമിൻ്റെ ആവിർഭാവ കാലത്ത് അടിമത്ത സമ്പ്രദായം നില നിന്നിരുന്നു. ജാതീയതയുടെ അടിസ്ഥാനപരമായ ഒരംശം അടിമത്ത സമ്പ്രദായത്തിലുമുണ്ടായിരുന്നു. ജാതീയതയേക്കാൾ രൂക്ഷവും കഠിനവുമായ മനുഷ്യത്വ വിരുദ്ധതയായിരുന്നു അടിമത്തം. പുരുഷൻ്റെ ലൈംഗിക ആവശ്യത്തിന് സ്വന്തം അടിമയെ ഉപയോഗിക്കാവുന്ന വിധം കീഴാളത്വം അടിമകൾക്ക് മേൽ ചുമത്തപ്പെട്ടിരുന്നു. ആഫ്രിക്കൻ അടിമകളും നിറം നേർത്ത തദ്ദേശീയ അടിമകളും അക്കാലത്തുണ്ടായിരുന്നു. യുദ്ധങ്ങളിൽ പിടി കൂടുന്നവരായിരുന്നു വെളുത്ത അടിമകൾ. ചന്തകളിൽ ലേലം വിളിച്ചും വിലക്ക് വാങ്ങിയും അടിമകളെ ക്രയ വിക്രയം നടത്തിയിരുന്നു. ഇഷ്ടപ്പെട്ടവർക്ക് അടിമകളെ സമ്മാനിക്കുകയും ചെയ്തിരുന്നു. ഇവിടെയെല്ലാം വെളുത്ത അടിമകൾക്കായിരുന്നു കറുത്ത അടിമകളേക്കാൾ വിപണി മൂല്യം. വെളുത്ത അടിമകൾക്ക് നാഥനുണ്ടാകുമായിരുന്നു. അവരുടെ കുടുംബക്കാർ മോചന ദ്രവ്യം സമാഹരിച്ച് നൽകി ഇവരെ സ്വതന്ത്രരാക്കുമായിരുന്നു. എന്നാൽ ആഫ്രിക്കൻ അടിമകൾ ഒരു ജാതി പോലെയാണ് വളർന്നിരുന്നത്. അവരെ മോചിപ്പിക്കാൻ ഒരു കുടുംബക്കാരും വന്നിരുന്നില്ല. ഉടമയ്ക്ക് വേണ്ടി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടവായിരുന്നു ഈ അടിമകൾ. അവരുടെ പ്രത്യുൽപാദനവും വംശ വർദ്ധനവും പോലും ഉടമയ്ക്ക് വേണ്ടിയായിരുന്നു.

അധികാരത്തിൽ നിന്നും പ്രതിനിധാനങ്ങളിൽ നിന്നും അകറ്റപ്പെട്ടവരായി കഴിഞ്ഞിരുന്ന അടിമകളെ ഒരു പ്രത്യേക ജാതിയെന്ന് വിളിക്കാൻ പൂർണമായും കഴിയില്ലെങ്കിലും ജാതീയമായ വേർതിരിവുകൾക്ക് സമാനമായ നിലയിലുള്ള സാമൂഹ്യ വേർതിരിവുകളെല്ലാം ഇവർ അനുഭവിച്ചിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അടിമ കുടുംബത്തിൽ പിറക്കുന്നവരെല്ലാം ഈ വേർതിരിവുകൾ അനുഭവിച്ച് കൊണ്ട് അടിമകളായി തന്നെ കഴിഞ്ഞ് കൂടുകയായിരുന്നു പതിവ്. ഈ വ്യവസ്ഥിതിയെ അനുഭാവപൂർവമാണ് ഇസ്‌ലാം സ്വീകരിച്ചത്. അടിമ മോചനത്തെ പുണ്യമായി ഇസ്‌ലാം വീക്ഷിച്ചപ്പോഴും അടിമകൾക്ക് സമൂഹത്തിൽ അനുഭവിക്കേണ്ട ഇരട്ടനീതിയെയും തുല്യതാ വിരുദ്ധതകളെയും പൂർണാർഥത്തിൽ അഭിസംബോധന ചെയ്യാൻ പിന്നീടുണ്ടായ മുസ്‌ലിം സമൂഹങ്ങൾക്ക് സാധിച്ചിട്ടില്ല. ആധുനിക കാലത്ത് മനുഷ്യാവകാശങ്ങളെയും തുല്യതയെയും സംബന്ധിച്ച് പുതിയ ബോധങ്ങളും തിരിച്ചറിവുകളുമുണ്ടായി. ജനാധിപത്യ ഭരണകൂടങ്ങൾ നിയമം മൂലം അടിമത്തം നിരോധിക്കും വരെ പല മുസ്‌ലിം സമൂഹങ്ങളിലും ഇത് തുടർന്ന് വന്നിരുന്നു.
ശബരിമല മേൽശാന്തിമാരായി താഴമൺ കുടുംബത്തിലുള്ള ബ്രാഹ്മണരെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാൻ കഴിയാത്തത് ഹിന്ദു മതത്തിലെ ബ്രാഹ്മണ്യ ബോധമാണെങ്കിൽ അതിന് സമാനമായ ബോധമാണ് മുസ്ലിം ലീഗിൻ്റെ അധ്യക്ഷൻമാരെ കണ്ടെത്തുന്നതിലും പ്രവർത്തിക്കുന്നത്.
മുഹമ്മദ് നബി അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മക്ക സ്വദേശിയായിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ പ്രധാന കർമ മണ്ഡലം മദീന എന്ന് അറിയപ്പെട്ട ചെറു പട്ടണമായിരുന്നു. ആ പട്ടണത്തിലും അതിന് ചുറ്റുമുള്ള ചെറിയ ഒരു പ്രദേശത്തും അദ്ദേഹം നടപ്പിലാക്കിയ അധികാര ഘടനയും അതിനകത്തുള്ള വ്യവസ്ഥിതിയുമാണ് ഇസ്‌ലാമിക രാഷ്ട്രം എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. ഔസ് എന്നും ഖസ്റജ് എന്നും അറിയപ്പെട്ടിരുന്ന, ജാതീയമായ രണ്ട് വൈര ഗോത്രങ്ങൾക്കിടയിൽ രമ്യത വരുത്തിക്കൊണ്ട് ഒരു മധ്യസ്ഥനായാണ് അദ്ദേഹം മദീനയിലേക്ക് കടന്നുവരുന്നത്. ഈ മധ്യസ്ഥം അദ്ദേഹത്തെ മദീനയുടെ ഭരണാധികാരിയാക്കി. അന്നത്തെ കാലത്തിൻ്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അദ്ദേഹത്തെ വായിക്കുമ്പോൾ മാത്രമേ അക്കാലത്ത് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ വിപ്ലവാത്മകത ബോധ്യപ്പെടുകയുള്ളൂ. നിറത്തിനും പദവിക്കും ഗോത്രീയ ഉച്ഛനീചത്വങ്ങൾക്കുമതീതമായി മനുഷ്യരിൽ മാനവികത വളർത്താനുള്ള ഒരുപാധിയായി അദ്ദേഹം ഇസ്ലാമിനെ മുന്നിൽ വെച്ചു. അടിമകളെ സ്വതന്ത്രരാക്കി കൂടെ കൂട്ടിയും ഗോത്രീയവും വംശീയവുമായ ബോധങ്ങളെ നിരാകരിച്ച് കൊണ്ട് ആളുകളെ കൂട്ടിയിണക്കിയും അദ്ദേഹം തൻ്റെ വ്യവസ്ഥിതിക്കുള്ളിൽ വിശാലമായ ഒരു മാനവിക ബോധത്തെ കൊണ്ട് വരാൻ ശ്രമിച്ചു. എങ്കിലും പൂർണമായ ഒരു അടിമത്ത നിരോധനം അക്കാലത്ത് സാധ്യമായില്ല.

മുഹമ്മദ് നബിയുടെ നിര്യാണത്തിന് ശേഷം മുസ്‌ലിം സമൂഹത്തിൽ ആദ്യമായുണ്ടായ ജാതിബോധം അദ്ദേഹത്തിൻ്റെ വംശവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അദ്ദേഹത്തിൻ്റെ വംശവും കുടുംബവും അനന്തര തലമുറയും സ്വയം വരേണ്യത അവകാശപ്പെടുകയും മുസ്‌ലിം സമൂഹം അതംഗീകരിച്ച് കൊടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വരേണ്യതയുടെ എല്ലാ സ്വഭാവവും നിലനിർത്തിക്കൊണ്ടാണ് നബി കുടുംബം എന്നൊരു വംശീയ കാഴ്ചപ്പാട് രൂപപ്പെട്ടത്. അനേകം ഏഷ്യൻ രാജ്യങ്ങളിൽ അതൊരു അപ്രഖ്യാപിത ജാതീയായി പരിവർത്തിച്ചു. ബാഹ്യ സമ്പർക്കങ്ങൾ പരമാവധി കുറച്ചും വൈവാഹിക ബന്ധങ്ങൾ അടക്കമുള്ളവ സ്വന്തം ജാതിയിൽ നിന്ന് മാത്രം പരിമിതപ്പെടുത്തിയും വംശീയ ബോധങ്ങളെ താലോലിക്കുന്ന ഈ വിഭാഗം കേരളത്തിലടക്കമുണ്ട്. ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻമാരായി വരുന്നത് ഈ വരേണ്യ വിഭാഗത്തിൻ്റെ - അതിൽ തന്നെ ഒരു പ്രത്യേക കുടുംബത്തിൻ്റെ - പ്രതിനിധികൾ മാത്രമാണ് എന്ന് കൂടി ചേർത്ത് വായിക്കുമ്പോഴാണ് അമൂർത്തമായ ബ്രാഹ്മണ്യം കേരള മുസ്ലിം സമൂഹത്തിൽ പോലും എത്ര ശക്തമായി പ്രവർത്തിക്കുന്നുണ്ട് എന്ന് നമുക്ക് ബോധ്യപ്പെടുന്നത്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതം പ്രചരിച്ചപ്പോൾ ഇവിടെ നിലനിന്ന ജാതീയതയുടെ കാറ്റ് അതിനേറ്റിട്ടുണ്ട്. അതനുസരിച്ച് അതിൻ്റെ സാമൂഹ്യ ഘടനയിൽ മാറ്റമുണ്ടാകുകയും ചെയ്തു. അതിൻ്റെ തുടർച്ചകൾ ഇന്നും നിലനിൽക്കുന്നുണ്ട്.
ശബരിമലയിലെ മേൽശാന്തിമാരായി താഴമൺ കുടുംബത്തിലുള്ള ബ്രാഹ്മണരെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാൻ കഴിയാത്തത് ഹിന്ദു മതത്തിലെ ബ്രാഹ്മണ്യ ബോധമാണെങ്കിൽ അതിന് സമാനമായ ബോധമാണ് മുസ്ലിം ലീഗിൻ്റെ അധ്യക്ഷൻമാരെ കണ്ടെത്തുന്നതിലും പ്രവർത്തിക്കുന്നത്. അത് രാഷ്ട്രീയ ബോധമോ ജനാധിപത്യ ബോധമോ അല്ല. പൂർണമായ വരേണ്യ, ജാതി ബോധങ്ങളുടേ മതകീയ ഭാഷ്യം തന്നെയാണ് ഇതിലും പ്രവർത്തിക്കുന്നത്. സയ്യിദ്, തങ്ങൾ എന്നൊക്കെ സ്വന്തം പേരിന് മുന്നിലും പിന്നിലുമായി കൂട്ടി യോജിപ്പിച്ച് നടക്കുന്നവർ ജാതീയമായ വരേണ്യത ആഗ്രഹിക്കുന്നവരാണ്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മാനവിക സങ്കല്പങ്ങളെ പറ്റിയും തുല്യതയെ പറ്റിയും പരാമർശിക്കുമ്പോൾ കല്ലു കടിയായി അനുഭവപ്പെടുന്ന ഇത്തരം വരേണ്യ ബോധങ്ങൾ ഒരു ജനാധിപത്യ സമൂഹത്തിൽ ഒട്ടും അഭിലഷണീയമല്ല.
അറേബ്യൻ ഘടനയിൽ നിന്ന് മുസ്‌ലിം സമൂഹം വിവിധ ഭൂപ്രദേശങ്ങളിലേക്ക് വികസിച്ചപ്പോൾ സാമൂഹ്യവും സാംസ്കാരികവുമായ ആദാന പ്രദാനങ്ങൾക്കും തദ്ദേശീയമായ സ്വാധീനങ്ങൾക്കും മുസ്‌ലിം സമൂഹങ്ങൾ വിധേയപ്പെട്ടിട്ടുള്ളതായി കാണാവുന്നതാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതം പ്രചരിച്ചപ്പോൾ ഇവിടെ നിലനിന്ന ജാതീയതയുടെ കാറ്റ് അതിനേറ്റിട്ടുണ്ട്. അതനുസരിച്ച് അതിൻ്റെ സാമൂഹ്യ ഘടനയിൽ മാറ്റമുണ്ടാകുകയും ചെയ്തു. അതിൻ്റെ തുടർച്ചകൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഇസ്‌ലാം സൈനികമായി വ്യാപിച്ച ഉത്തരേന്ത്യയിൽ മുസ്‌ലിം സമൂഹത്തിനുള്ളിയിൽ പല തട്ടുകൾ രൂപപ്പെടുന്നത് ജാതീയമായ സ്വാധീനങ്ങൾ കൊണ്ടാണ്. ഇസ്‌ലാം ആശ്ലേഷിച്ച ആളുകൾ നിലനിന്ന ജാതീയതയെ ഇസ്ലാമിനുള്ളിലും നിശ്ശബ്ദമായി കൊണ്ട് നടന്നു. ഉത്തരേന്ത്യയിലെ അഷ്റഫി മുസ്ലിംകൾ നേരത്തേ ഇസ്‌ലാമിന് പുറത്ത് വരേണ്യരായി തന്നെ നിലനിന്ന ജനതതയായിരുന്നു. മുസ്‌ലിം സമൂഹത്തിനുള്ളിലും ഈ വരേണ്യതയെ അവർക്ക് നിലനിർത്താൻ സാധിച്ചത് അതിന് പറ്റിയ ഒരിടം അവർക്കതിൽ ലഭിച്ചത് കൊണ്ടാണ്. ചക്രവർത്തിമാരുടെയും രാജാക്കൻമാരുടെയും ചാർച്ചക്കാരും സിൽബന്തികളുമായി അഷ്റഫി മുസ്ലിംകൾ കഴിഞ്ഞ് പോന്നതും കൃത്യമായ ഒരു ജാതി ഘടനയുടെ പിൻബലത്തിലായിരുന്നു. തങ്ങന്മാരെയും സയ്യിദന്മാരെയും പോലെ വൈവാഹിക ബന്ധങ്ങളിലടക്കം ഈ വരേണ്യ ബോധം അവർ നിലനിർത്തിയിട്ടുണ്ട്. ഗുജറാത്തിലും സിന്ധിലുമുള്ള പല കച്ചവട വിഭാഗങ്ങളും ആഭ്യന്തരമായി ജാതിവൽക്കരിക്കപ്പെട്ടിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പാദങ്ങളിലും കേരളത്തിൽ നടന്ന മുസ്‌ലിം സാമുദായിക പരിഷ്കരണ ശ്രമങ്ങളിലെ ഒരു പ്രധാന ലക്ഷ്യം മുസ്‌ലിം സമൂഹത്തിൽ ജാതീയതയ്ക്ക് സമാനമായ നിലയിൽ നിലനിന്ന ഉച്ഛ നീചത്വങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുക എന്നത് കൂടിയായിരുന്നു. അക്കാലത്ത് രചിക്കപ്പെട്ട പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഇത് നമുക്ക് വായിക്കാവുന്നതാണ്. ക്ഷുരകരും മത്സ്യവ്യാപാരികളും പ്രത്യേക ജാതികളായി പരിഗണിക്കപ്പെടുകയും അവരുമായി വൈവാഹിക ബന്ധങ്ങൾ നടത്താതിരിക്കുകയും ചെയ്യുന്ന പ്രവണത ഈയടുത്ത കാലം വരെ കേരളത്തിലെ മുഖ്യധാരാ മുസ്‌ലിംകൾക്കിടയിൽ നില നിന്നിരുന്നു. ആധുനിക വിദ്യാഭ്യാസവും വികസ്വരമായ സാംസ്കാരിക ബോധവുമാണ് ഇത്തരം ജാതി ബോധങ്ങൾക്ക് അറുതി വരുത്താൻ കാരണമായത്.
അറബ് വംശീയതയോടുള്ള വിധേയത്വം ഇന്ത്യയടക്കമുള്ള പല അനറബ് മുസ്‌ലിം സമൂഹങ്ങളിലും വളരെ സ്വഭാവികമായി തന്നെ ഇന്നും കാണാവുന്നതാണ്.
ഇസ്‌ലാമിൻ്റെ ആവിർഭാവ പ്രദേശങ്ങളിലും ജാതീയതയും ഗോത്രീയതയും വലിയ നിലയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ഗോത്രീയതയും വംശീയതയും ശ്രേണീബദ്ധമായ നിലയിൽ തന്നെ ജാതീയതയുടെ സ്വഭാവം പ്രാപിച്ചിട്ടുണ്ട്. അധികാരങ്ങൾ പങ്ക് വെക്കപ്പെടുന്നതിലും അധികാര ബന്ധങ്ങൾ രൂപപ്പെടുന്നതിലും അറേബ്യൻ സമൂഹങ്ങളിൽ ഇന്നും ഗോത്രീയമായ ജാതി ബോധങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതോടൊപ്പം തന്നെ, അറബ് വംശീയതയും അനറബ് വംശീയതയും ആഗോള മുസ്ലിംകൾക്കിടയിൽ ജാതീയത നിലനിർത്തുന്ന പ്രധാന ഘടകമാണ്. പല മുസ്‌ലിം രാജ്യങ്ങളും അനറബികളായ വിദേശികൾക്ക് പൗരത്വം നൽകുന്ന വിഷയങ്ങളിൽ ഈ വേർതിരിവ് ഇന്നും വ്യക്തമായി തന്നെ പുലർത്തുന്നുണ്ട്. യുഎഇയെ പോലെയുള്ള ലിബറൽ നിലപാടുകളുള്ള മുസ്‌ലിം രാജ്യങ്ങളാണ് പരിമിതമായെങ്കിലും വ്യത്യസ്തത പുലർത്തുന്നത്. അറബ് വംശീയതയോടുള്ള വിധേയത്വം ഇന്ത്യയടക്കമുള്ള പല അനറബ് മുസ്‌ലിം സമൂഹങ്ങളിലും വളരെ സ്വാഭാവികമായി തന്നെ ഇന്നും കാണാവുന്നതാണ്.
