പണ്ട് കേരളത്തിൽ മാർട്ടിൻ ലോട്ടറി ഉണ്ടായിരുന്നല്ലോ.
പത്ത് രൂപയായിരുന്നു ടിക്കറ്റുവില. സൂപ്പറും, ഡിയറും, സിങ്കവും, കുയിലും, മയിലുമൊക്കെ നാട്ടുകാരുടെ പണം കവർന്നെടുത്ത് അപ്രത്യക്ഷമായി.
ഞാൻ ഈ ലോട്ടറി വിറ്റിട്ടുണ്ട്. സുഹൃത്തിന്റെ കടയിൽനിന്ന് ഒന്നിച്ചെടുത്ത് ചെറിയ ചെറിയ കവലകളിലും ബസിലുമൊക്കെയായി ഞാൻ അന്ന് വിറ്റത് 38,500 രൂപയുടെ ടിക്കറ്റാണ്. അതിൽ സമ്മാനം അടിച്ചത് ആകെ എഴുന്നൂറ് രൂപയ്ക്കാണ്. ഒരാൾക്ക് 500 രൂപയും, പിന്നെ രണ്ടുപേർക്ക് 100 രൂപ വീതവും.
16 ദിവസത്തെ എന്റെ വായിട്ടലക്കൽ കൊണ്ടാണ് അത്രയും രൂപയുടെ ടിക്കറ്റ് വിൽക്കാൻ കഴിഞ്ഞത്.
17ാം ദിവസം ഞാൻ ടിക്കറ്റ് വിൽപ്പന നിർത്തി. 38, 500 രൂപയുടെ ടിക്കറ്റിന് 700 രൂപ സമ്മാനം മാത്രം ലഭിക്കുന്ന ആ ഉഡായിപ്പിന് അന്നത്തോടെ ഫുൾസ്റ്റോപ്പിട്ടു. പെയിൻറ് പണി കുറഞ്ഞപ്പോഴാണ് ടിക്കറ്റ് വിൽപനയിലേക്ക് തിരിഞ്ഞത്.
അക്കാലത്ത് ഈ ലോട്ടറികൾ വിറ്റ് കുറേ കച്ചവടക്കാർ സമ്പന്നരായി. ടിക്കറ്റ് എടുത്തവർ അതേ നിരത്തുകളിലൂടെ മൂന്നക്കത്തിന്റെ മാറിമറിയലുകൾ കണക്കുകൂട്ടി ഭ്രാന്തെടുത്ത് നടന്നു. പിന്നീട് അച്യുതാനന്ദൻ സർക്കാർ അന്യസംസ്ഥാന ടിക്കറ്റ് നിരോധിച്ചു. ലോട്ടറി വില്പനക്കാർ സർക്കാരിനെ ചീത്ത വിളിച്ചു. ടിക്കറ്റ് എടുക്കുന്നവർ തങ്ങൾക്ക് നഷ്ടമായ പണത്തിന്റെ കണക്കും കൂട്ടി ജീവിതത്തിന്റെ പൊരിവെയിലിലൂടെ നടന്നു.
ഇത്രയും എഴുതാൻ കാരണം ഇപ്പോൾ സർക്കാർ ലോട്ടറിയുടെ മറവിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടം മലയാളിയെ ഒന്നാകെ പിച്ചച്ചട്ടി എടുപ്പിക്കുന്ന തരത്തിലേക്ക് നീങ്ങുന്നത് കണ്ടാണ്. സർക്കാർ ലോട്ടറിയുടെ മറയില്ലാതെ തന്നെ പലരും ഈ എഴുത്ത് ലോട്ടറി നടത്തുന്നുമുണ്ട്. എഴുത്ത് ലോട്ടറി എന്നും മൂന്നക്ക ലോട്ടറി എന്നും അറിയപ്പെടുന്ന ഈ കലാപരിപാടി കേരളത്തിൽ എവിടെയും നിങ്ങൾക്ക് കാണാം.
പത്ത് രൂപ കൊടുത്ത് നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ള മൂന്നക്ക നമ്പറുകൾ ഏജന്റിന് കൈമാറുന്നു. വൈകീട്ട് സർക്കാർ ലോട്ടറിയുടെ ഫലം വരുമ്പോൾ അതിന്റെ അവസാന മൂന്നക്കങ്ങൾ, നിങ്ങൾ എഴുതിക്കൊടുത്ത നമ്പറിലുണ്ടെങ്കിൽ സമ്മാനം അടിക്കും. ഏതാണ്ട് ഇങ്ങനെയാണ് ഇതിന്റെ ഘടന. വേറെയും ചില വക ദേദങ്ങളുണ്ട്. അതിന്റെ വിശദാംശങ്ങൾ എനിക്കറിയില്ല.
എന്റെ ഗ്രാമത്തിലും ഇതിന്റെ ഏജന്റുമാരുണ്ട്. കോട്ടക്കൽ ടൗണിലെ ഏജന്റുമാരുടെ കണക്ക്, എണ്ണിയാൽ തീരില്ല. അങ്ങനെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും നഗരത്തിലുമായി ഈ എഴുത്ത് ലോട്ടറി തടിച്ചുകൊഴുക്കുന്നുണ്ട്.
എഴുത്ത് ലോട്ടറി നടത്തി പണം കൊയ്തവർ ധാരാളം. ലോട്ടറി എഴുതുന്നവർ ഇപ്പോഴും മൂന്നക്കത്തിന്റെ മാറി മറിയലുകൾ കണക്കുകൂട്ടി അന്നന്നത്തെ കൂലിപ്പണം പൊലിച്ച് കളയുന്നു. ആ സങ്കടം തീർക്കാൻ പലരും മദ്യത്തിൽ അഭയം തേടുന്നു. മദ്യവും ഓൺലൈൻ ചൂതാട്ടവും കാരണം കൂലിപ്പണിക്കാരും ചെറുകിട കച്ചവടക്കാരും കടക്കാരായി മാറുന്നു.
മദ്യത്തേക്കാൾ ലഹരിയുണ്ട് ഈ ചൂതാട്ടത്തിന്. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരാൾക്ക് 5,000 രൂപ സമ്മാനം കിട്ടിയെന്ന് നാടാകെ അറിയും. അയാൾ എഴുതി പൊലിച്ച പണം എത്രയെന്ന് ആരും അറിയുന്നില്ല. കടം വാങ്ങി ചൂതാടുന്നവരുണ്ട്. ഉള്ള മുതലെടുത്ത് ചൂതാടി ചൂതാടി ആത്മഹത്യയിലേക്കും ഉന്മാദത്തിലേക്കും നടന്നവരുണ്ട്.
എനിക്ക് നേരിട്ടറിയുന്ന ഒരാൾക്ക് അഞ്ച് ടിപ്പറുകളും സാമാന്യം കച്ചവടമുള്ള ഒരു ഹോട്ടലും ഉണ്ടായിരുന്നു. ഈ ചൂതാട്ടലഹരിയിൽ കുടുങ്ങിയ അയാൾ ആയിരത്തിൽ തുടങ്ങി, ആ ആയിരം തിരികെ കിട്ടാൻ രണ്ടായിരം മുടക്കി, പിന്നെ അതിന്റെ ഇരട്ടി മുടക്കി നഷ്ടമാക്കി, ചിലത് നേടി, ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് കോട്ടക്കൽ അങ്ങാടിയിലൂടെ തെണ്ടി നടക്കുന്നുണ്ട്.
ദിവസം കിട്ടുന്ന കൂലിപ്പണത്തിന്റെ മുക്കാൽ പങ്കും എഴുത്ത് ലോട്ടറിക്ക് ചെലവാക്കി ഭാര്യയെയും കുട്ടികളേയും പട്ടിണിക്കിട്ട്,നഷ്ടമായ കാശ് തിരിച്ചുപിടിക്കാൻ പലരിൽ നിന്നും കടം വാങ്ങി മുടിഞ്ഞ് ആത്മഹത്യ ചെയ്ത രണ്ടാളെ നേരിട്ടുതന്നെ അറിയാം .
അടുത്ത സുഹൃത്തുക്കളെ ഇതിന്റെ അപകടം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, ഞാൻ ചൂതാട്ടത്തിന് എതിരുനിൽക്കുന്ന മതവാദിയായി മാറാറുണ്ട്. പലതരം ബിരുദങ്ങൾ കിട്ടിയിട്ടുള്ളതുകൊണ്ട് ഈ മതവാദിയുടെ ബിരുദവും ഞാൻ കീശയിലിടാറുണ്ട്.
ഇത് വായിക്കുന്ന നിങ്ങളിൽ പലരും ഇത്തരം കാഴ്ചകൾ കാണുന്നുണ്ടാവും. ഈ എഴുത്ത് ലോട്ടറിയുടെ ബുദ്ധി ആരുടെതായാലും ഇതിന്റെ ഒടുക്കത്തെ കണ്ണികൾ ഇപ്പോൾ സാധാരണക്കാരന്റെ ഇല്ലായ്മകളെ ചൂഷണം ചെയ്ത് കോടികൾ നേടിയിട്ടുണ്ടാവും. ഇടയ്‌ക്കൊക്കെ പൊലീസ് റെയ്ഡ് നടത്താറുണ്ട്. ചിലരെയൊക്കെ പിടിച്ചു കൊണ്ടുപോവും. രണ്ടു ദിവസം കഴിയുമ്പോൾ അവർ പൂർവാധികം ശക്തിയോടെ തിരിച്ചെത്തി അന്യന്റെ വിയർപ്പ് ആർത്തിയോടെ വീണ്ടും രുചിച്ചു തുടങ്ങും.
എന്നെന്നേക്കുമായുള്ള ഒരു പരിഹാരം ഇതിന് കണ്ടെത്തിയില്ലെങ്കിൽ ഭാര്യയുടെ കെട്ടുതാലി വരെ വിറ്റ്,ചൂതാടി തീർത്തവർ മരണത്തിലേക്കും ഭ്രാന്തിലേക്കും കൂട്ടത്തോടെ നടക്കും. ‘കടബാധ്യത കാരണം ആത്മഹത്യ ചെയ്തു’ എന്ന ഒറ്റ വാർത്തയിൽ ഈ ജീവിതങ്ങളെ നമ്മൾ മറക്കും.
ഈ ചൂതാട്ടത്തിന് മറയായി ഉപയോഗിക്കുന്നത് സർക്കാർ ലോട്ടറിയെയാണ്. സർക്കാർ ലോട്ടറി വിൽക്കുന്ന ഏജന്റുമാരുടെ പത്ത് കടകളുണ്ടെങ്കിൽ അതിൽ ഒമ്പതിലും ഈ എഴുത്ത് ലോട്ടറിയുണ്ട്. വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും, ദിവസം ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനു മൊക്കെ, ലോട്ടറി എഴുതി കളിക്കുന്ന പണക്കാരുമുണ്ട്. ഏജന്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടു കൊടുത്ത്, അയാളുടെ വാട്സ്ആപ്പിലേക്ക് നമ്പറുകൾ മെസ്സേജ് ചെയ്യലാണ് ഇവരുടെ രീതി.
പൊലിച്ചു കളയാൻ ഇഷ്ടംപോലെ പണമുള്ളവരെ അവരുടെ വഴിക്കുവിടാം. പക്ഷേ ദിവസക്കൂലിക്കാരനായ ഒരാൾ തന്റെ കൂലിയുടെ ഏറിയ പങ്കും ഈ ചൂതാട്ടത്തിന് ചെലവിട്ട്, കുടുംബത്തെ പട്ടിണിയിലാക്കി കള്ളിലേക്കും കഞ്ചാവിലേക്കും, പിന്നെ സ്വയംഹത്യയിലേക്കും ഉന്മാദത്തിലേക്കും നടന്നടുക്കുന്നത് ഇടതുപക്ഷം നാടുഭരിക്കുന്ന കാലത്താണെന്ന് പറയേണ്ടി വരുന്നതിൽ ലജ്ജയുണ്ട്.
ഇടതുപക്ഷത്തിന് ഇതിൽ എന്തുകാര്യം എന്ന് ചോദിച്ചാൽ, സർക്കാരിന്റെ ലോട്ടറിയുടെ മറവിലാണ് ഇത് നടക്കുന്നത് എന്നാണ് ഉത്തരം.
പത്ത് സർക്കാർ ലോട്ടറി ഏജന്റുമാരിൽ എത്രപേർ പെട്ടെന്ന് ലക്ഷാധിപതികളായി എന്നന്വേഷിച്ചാൽ , ഈ ചൂതാട്ടത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കാം.
ഇതിനായി ഒരു ബാഗും കക്ഷത്തിൽ വെച്ച് ബൈക്കിൽ കവലകളിലും ഹോട്ടലുകളിലും വന്നിറങ്ങുന്ന ഏജന്റുമാരും ഉണ്ട്. അവരിൽ ഒരാളോട് ദിവസം എന്ത് കിട്ടുമെന്ന് ചോദ്യത്തിന്, ‘ഓ...ഒര് അഞ്ചോ ആറോ രൂപ കിട്ടും' എന്നായിരുന്നു മറുപടി. ഈ അഞ്ചും ആറും എന്ന് നിസാരമായി പറയുന്നത് അയ്യായിരവും ആറായിരവും രൂപയാണ്. ഇത്ര ചെറിയ ഒരു ഏജന്റിന്റെ ദിവസ വരുമാനം ആറായിരം രൂപയാണെങ്കിൽ, ഇതിനായി കടമുറി വാടകയ്‌ക്കെടുത്ത് അവിടെ പേരിന് പത്ത് സർക്കാർ ലോട്ടറിയും നിരത്തിവെച്ച് ചൂതാട്ടം നടത്തുന്നവരുടെ വരുമാനം എത്രയായിരിക്കുമെന്ന് ഊഹിച്ചുനോക്കുക.
ഈ ഏജൻറുമാരൊക്കെ പെട്ടെന്ന് പണക്കാരാവുന്ന കാഴ്ച സുലഭമാണ്. ഒറ്റ വർഷത്തെ എഴുത്ത് ലോട്ടറി കൊണ്ട് പറമ്പും പുത്തൻവീടും പിന്നെയും പറമ്പുമൊക്കെ വാങ്ങിക്കൂട്ടുന്നവരെ ധാരാളമായി നിങ്ങൾക്ക് കാണാം. പൊതുവേ അന്തർ സംസ്ഥാന തൊഴിലാളികൾ ഈ കത്തിക്ക് തല വെച്ച് കൊടുക്കാറില്ല.അവർ ഒന്നോ രണ്ടോ സർക്കാർ ലോട്ടറിയെടുത്ത്,
സുലഭമായി സ്വപ്നങ്ങൾ കണ്ട് സുഖമായിട്ട് ഉറങ്ങും.
കേരളത്തിലെ ബസ് സ്റ്റോപ്പുകളിൽ, കവലയിൽ, സിനിമാ തിയേറ്ററുകളിൽ, ബാറിൽ, തൊഴിലിടങ്ങളിൽ എവിടെയും നിങ്ങൾക്ക് ഈ മൂന്നക്കത്തിന്റെ കണക്ക് കൂട്ടുന്നവരെ കാണാം. ചിലരുടെ കീശയിൽ മൂന്നക്ക നമ്പറുകൾ എഴുതിയ നീണ്ട ചാർട്ടുകൾ തന്നെ ഉണ്ടാവും. ഇന്ന് ഈ നമ്പറിലാണ് സമ്മാനം എന്ന് അവർ ഉറപ്പിച്ചു പറയുകയും വിശ്വസിക്കുകയും ചെയ്യും. ചില വിരുതൻ ഏജന്റുമാർ കളിക്കാരെ ആകർഷിക്കാൻ (കെണിയിൽ വീഴ്ത്താൻ) അവരോടൊപ്പം, ഇന്ന് വരാൻ സാധ്യതയുള്ള നമ്പറുകളെ കുറിച്ച് സംസാരിക്കും, തർക്കിക്കും, വഴക്കും കൂടും. സർക്കാർ, ലോട്ടറി വിൽപ്പനക്കാർക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും കൈപറ്റിയിട്ടാണ് ഏജൻറുമാർ, സർക്കാർ ലോട്ടറിയെ ഒറ്റിക്കൊടുക്കുന്നത് എന്നുകൂടി ഓർക്കണം .
മൂന്നക്കമുള്ള ഒരു സംഖ്യക്ക് അനന്തമായ സാധ്യതകളുണ്ടല്ലോ. തിരിച്ചും മറിച്ചും, മറിച്ചും തിരിച്ചും എത്രയിട്ടാലും ആ ചങ്ങല നീണ്ടു
നീണ്ടങ്ങനെ പോവും. അതാണ് ഈ ലോട്ടറി നടത്തുന്നവരുടെ വിജയം. എല്ലാം വിറ്റ് ഒടുക്കം വീടിന്റെ ആധാരം എടുത്തുകൊണ്ടുപോകാനൊരുങ്ങിയ ഉപ്പാനെ വീട്ടിലടച്ചിട്ട മക്കളുമുണ്ട്. കാതിലെ അവസാന തരി സ്വർണവും ഭർത്താവിനെ പേടിച്ച് ഊരിക്കൊടുക്കുന്ന ഭാര്യമാരും ഉണ്ട്.
എന്നുമെന്നും പണം നഷ്ടമാവുന്നവരുടെ മാനസികനില വിചിത്രമായിരിക്കും. ഇതുവരെ പോയത് നാളെ പിടിച്ചെടുക്കാം എന്ന പ്രതീക്ഷയിൽ, മക്കളുടെ ദേഹത്തെ ചെറിയ ആഭരണങ്ങൾ വരെ ഊരി വിറ്റ് കളിക്കുന്നവരുണ്ട്. അന്നും നഷ്ടം തന്നെയാവും അവർക്ക് ഫലം .ഇടയ്ക്ക് ആർക്കെങ്കിലും 50,000 രൂപ സമ്മാനം അടിച്ചാൽ ഏജൻറുമാർ അത് പറഞ്ഞു പരത്തും. അതിന് വല്ലാത്ത പ്രചാരം കൊടുക്കും. ആ പ്രചാരണത്തിൽ പെട്ട് പ്രതീക്ഷയറ്റവർ വീണ്ടും പ്രതീക്ഷയുടെ മലകയറും, പുതിയ കളിക്കാർ വന്നെത്തും.
ഇതെല്ലാം പൂട്ടിക്കെട്ടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മനസ്സ് വെച്ചാൽ ഒറ്റ ദിവസം പോലും വേണ്ട. പിടികൂടുന്ന ചെറിയ ഏജന്റിനോട് തന്റെ കമീഷൻ കഴിച്ചുള്ള ബാക്കി പണം എവിടേക്കാണ് പോവുന്നതെന്ന കൃത്യമായ ചോദ്യം മാത്രം മതി. ആ ഏജന്റിനെ പിടികിട്ടിയാൽ പിന്നെ, ഒരു ജില്ലയിലെ ഏറ്റവും ഉയരത്തിലെ ഏജന്റിലേക്ക് അധികം ദൂരമുണ്ടാവില്ല. സ്വന്തം പണം മുടക്കി ഒറ്റയ്ക്ക് നടത്തി വൻ വിജയം നേടുന്നവരുമുണ്ട് ഈ ചൂതാട്ടക്കളരിയിൽ. അവരെ പിടിക്കൽ വളരെ എളുപ്പമാണുതാനും.
പക്ഷേ ഇന്ന ദിവസം റെയ്ഡ് ഉണ്ടാവുമെന്ന് ഏജൻറുമാർക്ക് മുൻകൂട്ടി വിവരം ലഭിക്കുന്ന ഈ പ്രത്യേക മക്കൊണ്ടയിൽ നമ്മുടെ യുക്തികൾക്ക് എന്ത് വിലയാണുള്ളത്?
വിലയുള്ള ഒന്നുണ്ട് . അച്ഛൻ ജോലികഴിഞ്ഞ് വരുന്നതും കാത്ത് വിശന്നിരിക്കുന്ന കുഞ്ഞിന്റെ കണ്ണീരിന്, ആ വീട്ടിലെ പുകയാത്ത അടുപ്പിന്, ഭാര്യ കൊള്ളേണ്ട തല്ലിന്, എല്ലാം നഷ്ടമായി നാട്ടിൽ എവിടെ നിന്നും കടം കിട്ടാതെയായി മരണത്തിലേക്ക് കുരുക്കിടുന്ന ജീവിതങ്ങൾക്ക് വിലയുണ്ട്. ആ വില അറിയാത്ത ഒരു പക്ഷം ഇടതുപക്ഷമാവില്ല. ഹൃദയപക്ഷം ഒട്ടുമാവില്ല. സമൂഹം വില കൊടുത്തുകൊണ്ടിരിക്കുന്ന ഈ അർബുദത്തിന്റെ മരുന്ന് സർക്കാരിന്റെ കയ്യിലുണ്ട്.അത് കൃത്യമായി പ്രയോഗിച്ചാൽ മാത്രം മതി.