ലഹരിക്കെതിരായ പോരാട്ടം ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുക്കുന്നതിലും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലും മാത്രം അവസാനിക്കുന്നതല്ല. ഒരാൾ എങ്ങനെയാണ് ലഹരിയിലേക്ക് എത്തുന്നത് എന്ന ചോദ്യം കൂടി അതിന്റെ ഭാഗമാണ്. ഒരു പാക്കറ്റ് ലഹരിപദാർത്ഥം എവിടെ നിന്നെത്തി എന്നതുപോലെ തന്നെ, അത് ഉപയോഗിക്കുന്ന ഒരാളുടെ ജീവിതത്തിൽ ഏത് ഘട്ടത്തിലാണ് ആ വാതിൽ തുറന്നതെന്നതും പ്രധാനമാണ്. കൗതുകമായിരിക്കാം ആ വാതിൽ തുറന്നത്. കൂട്ടുകാരുടെ സ്വാധീനമായിരിക്കാം. മാനസിക സമ്മർദ്ദമാകാം. ഒറ്റപ്പെടലാകാം. കുടുംബത്തിലെ ആശയവിനിമയക്കുറവാകാം. അല്ലെങ്കിൽ എളുപ്പത്തിൽ ലഭ്യമായ ലഹരി പദാർത്ഥങ്ങളുടെ സാന്നിധ്യം. പലപ്പോഴും ഇവയിൽ ഒന്നുമാത്രമല്ല കാരണം. പല ഘടകങ്ങൾ ഒരുമിച്ചാണ് ഒരാളെ ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുന്നത്.
“ലഹരി ഉപയോഗത്തിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണമെന്നില്ല. പല കാരണങ്ങൾ കൊണ്ടും ഒരാൾ ലഹരി ഉപയോഗത്തിലേക്ക് എത്തിപ്പെടാം. കൂട്ടുകാരുടെ സ്വാധീനം, മാനസിക സമ്മർദ്ദം, കൗതുകം, കുടുംബത്തിലെ ആശയവിനിമയക്കുറവ്, ലഹരി പദാർത്ഥങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത, സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയവയെല്ലാം ഒരു ഘടകമാണ്.” ന്യൂറോ സൈക്യാട്രിസ്റ്റായ ഡോ. ഷാലിമ ഷംസുദ്ദീൻ ട്രൂകോപ്പി തിങ്കിനോട് സംസാരിക്കവേ പറഞ്ഞു.
‘ഒരിക്കൽ മാത്രം’ എന്ന തോന്നലിൽ തുടങ്ങുന്ന ഉപയോഗം എല്ലായ്പ്പോഴും അവിടെ അവസാനിക്കണമെന്നില്ല. ആദ്യത്തെ ഉപയോഗത്തിന് പിന്നിൽ കൗതുകമോ കൂട്ടുകാരുടെ പ്രേരണയോ ഉണ്ടാകാം. എന്നാൽ വീണ്ടും ഉപയോഗിക്കാനുള്ള കാരണം മറ്റൊന്നാകാം. ആദ്യ ഉപയോഗത്തിൽ ലഭിച്ച ആനന്ദം. അല്ലെങ്കിൽ മാനസിക സമ്മർദ്ദത്തിൽ നിന്ന് ലഭിച്ച താൽക്കാലിക ആശ്വാസം.
“ആദ്യത്തെ ഉപയോഗം പലപ്പോഴും കൂട്ടുകാരുടെ പ്രേരണയാലോ കൗതുകത്താലോ ആയിരിക്കും. എന്നാൽ, വീണ്ടും ഉപയോഗിക്കാനുള്ള കാരണം മുമ്പ് ഉപയോഗിച്ചതിൽ നിന്നുള്ള ആനന്ദമോ എന്തിലെങ്കിലും നിന്നുള്ള താൽക്കാലിക ആശ്വാസമോ ആയിരിക്കും.”
ഇവിടെയാണ് ലഹരി ഉപയോഗത്തിന്റെ മനഃശാസ്ത്രം കൂടുതൽ സങ്കീർണമാകുന്നത്. ഉപയോഗം ആവർത്തിക്കുമ്പോൾ cravings, tolerance, withdrawal തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകാം. ഇനി ഉപയോഗിക്കരുതെന്ന് തീരുമാനിച്ചാലും ഉപയോഗിക്കണമെന്ന ശക്തമായ തോന്നൽ രൂപപ്പെടാം. ഒരാളുടെ തീരുമാനശേഷിയെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന തരത്തിലേക്ക് ഉപയോഗം മാറാം. അതുകൊണ്ടാണ് ലഹരി ഉപയോഗത്തെ വെറും ഇച്ഛാശക്തിയുടെ പ്രശ്നമായി മാത്രം കാണരുതെന്ന് ഡോക്ടർമാർ പറയുന്നത്. ചികിത്സ ആവശ്യമായ ഒരു മാനസികാരോഗ്യ പ്രശ്നമായി അതിനെ മനസ്സിലാക്കേണ്ടതുണ്ട്.
“ലഹരിയിലേക്ക് എത്തുന്ന വഴികളിൽ മാനസികാരോഗ്യത്തിനും വലിയ പങ്കുണ്ട്. Anxiety, depression, loneliness, trauma തുടങ്ങിയ അവസ്ഥകളും ലഹരി ഉപയോഗവും തമ്മിലുള്ള ബന്ധം രണ്ടുവശത്തേക്കും സ്വാധീനിക്കുന്നതാണ്. മാനസിക വേവലാതികളിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെടാൻ ചിലർ ലഹരിയെ ആശ്രയിക്കുന്നു. പ്രത്യേകിച്ച്, മാനസിക സമ്മർദ്ദങ്ങളെ ആരോഗ്യപരമായി കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ ചിലർ ലഹരിയെ ഒരു താത്കാലിക ആശ്വാസമായി കാണാറുണ്ട്,” ഡോ. ഷാലിമ വിശദീകരിക്കുന്നു.

പക്ഷേ ആ ആശ്വാസം താൽക്കാലികമാണ്. പിന്നീട് ലഹരി ഉപയോഗം തന്നെ anxiety, depression, ഉറക്കപ്രശ്നങ്ങൾ, സാമൂഹിക ഒറ്റപ്പെടൽ എന്നിവ കൂടുതൽ വഷളാക്കാം. ചില ലഹരി പദാർത്ഥങ്ങൾ നേരിട്ടോ അല്ലാതെയോ മാനസിക ലക്ഷണങ്ങൾ ഉണ്ടാക്കുകയോ നിലവിലുള്ള ലക്ഷണങ്ങളെ വർധിപ്പിക്കുകയോ ചെയ്യാം. അങ്ങനെ രക്ഷപ്പെടാൻ തേടിയ വഴി തന്നെ മറ്റൊരു പ്രശ്നത്തിന്റെ കാരണമായി മാറുന്നു. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ പങ്ക് നിർണായകമാണ്. ഒരു കുട്ടിയുടെ ആദ്യത്തെ സുരക്ഷിത ഇടം കുടുംബമാണ്. സംസാരിക്കാനും വിഷമങ്ങൾ പങ്കുവയ്ക്കാനും പരാജയങ്ങളെക്കുറിച്ച് പറയാനും കഴിയുന്ന ഇടം. ആ ഇടത്ത് തുറന്ന ആശയവിനിമയവും വൈകാരിക പിന്തുണയും ഇല്ലാതാകുമ്പോൾ കുട്ടി ആശ്വാസവും അംഗീകാരവും പുറത്തുള്ള ഇടങ്ങളിൽ തേടിയേക്കാം.
“കുടുംബം എന്നത് ഒരു കുട്ടിയുടെ ആദ്യത്തെ സുരക്ഷിത ഇടമാണ്. അവിടെ തുറന്ന ആശയവിനിമയവും വൈകാരിക പിന്തുണയുമില്ലാതെ വരുമ്പോൾ കുട്ടി ആശ്വാസവും അംഗീകാരവും പുറത്തുള്ള ഇടങ്ങളിൽ നിന്നും തേടാം. നിരന്തരമായ കുടുംബസംഘർഷങ്ങൾ, അവഗണന, അമിതനിയന്ത്രണം, മാതാപിതാക്കളുടെ തന്നെ ലഹരി ഉപയോഗം തുടങ്ങിയവ അപകടസാധ്യത വർധിപ്പിക്കാവുന്ന ഘടകങ്ങളാണ്. അതേസമയം സ്നേഹവും കരുതലും ആരോഗ്യകരമായ അതിരുകളും ഒരുമിച്ചുള്ള മാതാപിതൃബന്ധം ലഹരിക്കെതിരെയുള്ള പ്രധാന സംരക്ഷണ ഘടകമാകാം,” ഡോ. ഷാലിമ പറഞ്ഞു.
കുടുംബത്തിനും വ്യക്തിക്കും പുറത്തുള്ള മറ്റൊരു ലോകമാണ് സമൂഹമാധ്യമങ്ങൾ. അവിടെയും ലഹരിയുടെ പ്രതിനിധാനം മാറിയിട്ടുണ്ട്. ലഹരിയുടെ അപകടങ്ങളെക്കുറിച്ചുള്ള ദൃശ്യങ്ങൾക്കൊപ്പം അതിനെ ആഘോഷത്തിന്റെയും സൗഹൃദത്തിന്റെയും ‘കൂൾ’ ജീവിതശൈലിയുടെയും ഭാഗമായി അവതരിപ്പിക്കുന്ന ഉള്ളടക്കങ്ങളും കാണാം. ചില സൗഹൃദവലയങ്ങളിൽ ലഹരി ഒരു സ്റ്റാറ്റസ് സിംബലായും ആഘോഷത്തിന്റെ ഭാഗമായും പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഇതിന്റെ പേരിൽ ഇന്നത്തെ തലമുറ മുഴുവനും ലഹരിയുടെ പിടിയിലാണെന്ന പൊതുവൽക്കരണം ശരിയല്ല. ലഹരിയുടെ അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും അതിനെതിരായ സാമൂഹിക പ്രതിരോധവും ഒരേസമയം നിലനിൽക്കുന്നുണ്ട്. എങ്കിലും സമൂഹമാധ്യമങ്ങളിലെ ലഹരിയുടെ അവതരണം യുവാക്കളുടെ അപകടധാരണയെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടറുടെ അഭിപ്രായം.

“സോഷ്യൽ മീഡിയയിൽ പലപ്പോഴും അതിന്റെ ദോഷങ്ങൾ കാണിക്കാതെ ആഘോഷത്തിന്റെയും സൗഹൃദത്തിന്റെയും കൂളായ ജീവിതശൈലിയുടെയും ഭാഗമായി അവതരിപ്പിക്കപ്പെടുന്നു. ഇത് യുവാക്കളിൽ ലഹരിയെക്കുറിച്ചുള്ള അപകടധാരണ കുറയ്ക്കുകയും സാമൂഹിക അംഗീകാരം ഉണ്ടെന്ന തെറ്റായ ധാരണ സൃഷ്ടിക്കുകയും കൗതുകവും പരീക്ഷിക്കാനുള്ള താൽപര്യവും വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് വ്യക്തിപരമായ അഭിപ്രായമുണ്ട്.”- ഡോ. ഷാലിമ പറഞ്ഞു.
ലഹരി ഉപയോഗം ആരംഭിക്കുന്ന സാഹചര്യങ്ങളെ മനസ്സിലാക്കുന്നതുപോലെ തന്നെ, അതിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങളെയും മനസ്സിലാക്കേണ്ടതുണ്ട്. ചികിത്സ തേടിയെത്തുന്ന പലരുടെയും ജീവിതത്തിൽ ആദ്യത്തെ ഉപയോഗവും പിന്നീട് രൂപപ്പെടുന്ന ആശ്രിതത്വവും തമ്മിൽ വലിയ അകലമുണ്ടാകണമെന്നില്ല. ചിലർ കൂട്ടുകാരുടെ സ്വാധീനത്തിൽ തുടങ്ങുന്നു. പിന്നീട് അത് നിയന്ത്രിക്കാൻ കഴിയാത്ത ഉപയോഗമായി മാറുന്നു. ഉപയോഗം നിർത്തിയാലും കഥ അവിടെ അവസാനിക്കുന്നില്ല. തിരിച്ചുവരവ് അഥവാ relapse ചികിത്സയിലെ പ്രധാന വെല്ലുവിളിയാണ്. പഴയ കൂട്ടുകാർ, ലഹരി ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ, പ്രത്യേക സാഹചര്യങ്ങൾ, മാനസിക സമ്മർദ്ദം, craving, ഉറക്കക്കുറവ്, anxiety, depression എന്നിവ വീണ്ടും ഉപയോഗത്തിലേക്ക് നയിച്ചേക്കാം.

“റീലാപ്സ് ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. മാനസിക സമ്മർദ്ദം, പഴയ കൂട്ടുകാർ, ലഹരി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളോ സാഹചര്യങ്ങളോ, craving, ഉറക്കക്കുറവ്, anxiety, depression തുടങ്ങിയവയൊക്കെ പ്രധാന triggers ആണ്. ഉപയോഗം നിർത്തി മാസങ്ങൾ കഴിഞ്ഞാലും വീണ്ടും ഉപയോഗിക്കണമെന്ന ശക്തമായ തോന്നൽ ഉണ്ടാകാം. ലഹരി ഉപയോഗത്തിലൂടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളും ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് ചികിത്സയുടെ ലക്ഷ്യം ഉപയോഗം നിർത്തിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. തിരിച്ചുവരവിന് കാരണമാകാവുന്ന സാഹചര്യങ്ങളെ തിരിച്ചറിയാനും അവയെ നേരിടാനുള്ള കഴിവുകൾ വികസിപ്പിക്കാനും കഴിയണം. ഇവിടെയാണ് സമൂഹത്തിന്റെ സമീപനവും പ്രധാനമാകുന്നത്. ലഹരി ഉപയോഗിക്കുന്ന ഒരാളെ കുറ്റക്കാരനായി മാത്രം കാണുമ്പോൾ ചികിത്സയിലേക്കുള്ള വഴിയാണ് അടയുന്നത്. അപമാനവും ഒറ്റപ്പെടലും പലരെയും അവരുടെ പ്രശ്നം മറച്ചുവയ്ക്കാൻ പ്രേരിപ്പിക്കാം. ലഹരി ഉപയോഗിക്കുന്നവരെ കുറ്റക്കാരായി മാത്രം കാണുമ്പോൾ അവർ ചികിത്സ തേടുന്നതിന് പകരം മറച്ചുവയ്ക്കാനുള്ള സാധ്യത കൂടുതലാണ്. അപമാനവും ഒറ്റപ്പെടലും ആത്മവിശ്വാസം കുറയ്ക്കുകയും തിരിച്ചുവരവിനെ ബുദ്ധിമുട്ടാക്കുകയും ചെയ്യും. ഒരു വ്യക്തിയെ അപമാനിക്കാതെ ഉത്തരവാദിത്തത്തോടെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും നയിക്കുകയാണ് വേണ്ടത്,” ഡോ. ഷാലിമ വ്യക്തമാക്കി.

അതുകൊണ്ട് ലഹരി പ്രതിരോധം ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടിയിൽ അവസാനിക്കേണ്ടതല്ല. കുടുംബം, സ്കൂൾ, സമൂഹം, മാനസികാരോഗ്യ വിദഗ്ധർ എന്നിവർ ചേർന്നുള്ള തുടർച്ചയായ ഇടപെടലാണ് ആവശ്യം. കുടുംബത്തിൽ കുട്ടികളുമായി തുറന്ന ആശയവിനിമയം വേണം. വൈകാരിക പിന്തുണ നൽകണം. ആരോഗ്യകരമായ അതിരുകൾ വേണം. കുട്ടികളുടെ ജീവിതത്തിൽ മാതാപിതാക്കളുടെ ശ്രദ്ധ ഉണ്ടായിരിക്കണം. സ്കൂളുകളിൽ ലഹരിയുടെ ദോഷങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതോടൊപ്പം, ജീവിതത്തെ നേരിടാനുള്ള കഴിവുകളും വളർത്തേണ്ടതുണ്ട്.
Life skills, emotion regulation, stress management, decision-making, peer pressure നേരിടാനുള്ള കഴിവുകൾ - ഇവയെല്ലാം ലഹരി പ്രതിരോധത്തിന്റെ ഭാഗമാകണം. ലഹരി ഉപയോഗിക്കരുതെന്ന് പറയുന്നതിന് അപ്പുറം, സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, കൂട്ടുകാരുടെ സമ്മർദ്ദത്തെ എങ്ങനെ നേരിടാം, വിഷമങ്ങൾ ആരോട് പങ്കുവയ്ക്കാം എന്നതും കുട്ടികൾ അറിയണം. ഓപ്പറേഷൻ തൂഫാൻ പോലുള്ള ലഹരിവിരുദ്ധ ഇടപെടലുകൾ അതുകൊണ്ടുതന്നെ ഒരു വലിയ സാമൂഹിക ചർച്ചയ്ക്കുള്ള അവസരവുമാണ്. ലഹരി എവിടെ നിന്നെത്തുന്നു എന്ന അന്വേഷണത്തിനൊപ്പം, എന്തുകൊണ്ടാണ് ഒരാൾ അതിലേക്ക് എത്തുന്നത് എന്ന അന്വേഷണവും നടക്കേണ്ടതുണ്ട്.
കാരണം ലഹരിയിലേക്കുള്ള വഴികൾ ഒരുപോലെയല്ല. ഒരാൾക്ക് അത് കൗതുകത്തിൽ തുടങ്ങാം. മറ്റൊരാൾക്ക് കൂട്ടുകാരുടെ സ്വാധീനത്തിൽ. മറ്റൊരാൾക്ക് മാനസിക സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമായി. മറ്റൊരാൾക്ക് കുടുംബത്തിലെ ശൂന്യതയിൽ നിന്ന്. അതിനാൽ ലഹരിക്കെതിരായ പോരാട്ടം ലഹരി പദാർത്ഥങ്ങൾക്കെതിരായ മാത്രം പോരാട്ടമല്ല. അത് മാനസിക സമ്മർദ്ദത്തിനെതിരെയും ഒറ്റപ്പെടലിനെതിരെയും കുടുംബത്തിലെ ആശയവിനിമയക്കുറവിനെതിരെയും സാമൂഹിക അംഗീകാരത്തിന്റെ തെറ്റായ ധാരണകൾക്കെതിരെയും കൂടിയുള്ള ഇടപെടലാണ്. ലഹരിയിലേക്ക് ഒരാൾ എത്തുന്ന വഴികൾ പലതാണെങ്കിൽ, അവിടെനിന്ന് തിരിച്ചുവരാനുള്ള വഴികളും പലതായിരിക്കണം. നിയമനടപടികൾക്കൊപ്പം ചികിത്സയും പുനരധിവാസവും കുടുംബപിന്തുണയും സാമൂഹിക പിന്തുണയും അതിന്റെ ഭാഗമാകണം. ഒരാൾ ലഹരി ഉപയോഗിച്ചോ എന്നതിലപ്പുറം, അവർ എന്തിനാണ് അതിലേക്ക് എത്തിയത്, അവിടെനിന്ന് പുറത്തുകടക്കാൻ എന്താണ് വേണ്ടത് എന്നാണ് മനസ്സിലാക്കേണ്ടത്.

