ലഹരിയിൽ നിന്ന് പുറത്ത് കടക്കുംവരെ ചേർത്ത്പിടിക്കും Narcotics Anonymous

ലഹരിക്കെതിരെ പ്രതിരോധം തീർക്കുകയാണ് Narcotics Anonymous എന്ന അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കൂട്ടായ്മ. ലഹരിയിൽ നിന്ന് മോചനം നേടാനാഗ്രഹിക്കുന്നവരുടെ ഈ കൂട്ടായ്മ കേരളത്തിലും സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. എങ്ങനെയാണ് ഒരാൾക്ക് ഈ കൂട്ടായ്മയുടെ ഭാഗമാവാൻ സാധിക്കുക? എന്തെല്ലാം തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്? ഇവയെല്ലാം വിശദീകരിക്കുന്നു നിവേദ്യ കെ.സി. തയ്യാറാക്കിയ റിപ്പോർട്ട്.

ലഹരി അഡിക്ഷനിൽ നിന്ന് ഒരാൾ എങ്ങനെയാണ് തിരിച്ചുവരുന്നത്? ചികിത്സയും മരുന്നും കൗൺസലിങ്ങും മാത്രമല്ല അതിനുള്ള വഴികൾ. ‘ഞാൻ കടന്നുപോയതെന്താണെന്ന് നിനക്ക് മനസ്സിലാകും’ എന്ന് പറയാൻ കഴിയുന്ന മറ്റൊരാളുടെ സാന്നിധ്യവും ചിലപ്പോൾ വീണ്ടെടുപ്പിന് കാരണമായേക്കാം. അവിടെയാണ് Narcotics Anonymous (NA) എന്ന കൂട്ടായ്മയുടെ പ്രസക്തി.

1953-ൽ അമേരിക്കയിലെ കാലിഫോർണിയയിൽ ആരംഭിച്ച Narcotics Anonymous, ലഹരി ഉപയോഗത്തിൽ നിന്ന് മോചനം തേടുന്നവരുടെ പരസ്പര പിന്തുണ കൂട്ടായ്മയായാണ് രൂപപ്പെട്ടത്. Alcoholics Anonymous-ന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു തുടക്കം. ലഹരി ഉപേക്ഷിക്കുന്നതിനൊപ്പം, ലഹരിയില്ലാത്ത ജീവിതം തുടരാനുള്ള പിന്തുണയും കൂട്ടായ്മയും നൽകുക എന്നതായിരുന്നു ലക്ഷ്യം. ചെറിയ യോഗങ്ങളിൽ നിന്ന് ആരംഭിച്ച NA പിന്നീട് രാജ്യാതിർത്തികൾ കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

NAയുടെ ഔദ്യോഗിക 2024 Membership Survey പ്രകാരം, 125 രാജ്യങ്ങളിൽ നിന്നുള്ള 32,398 അംഗങ്ങളുടെ വിവരങ്ങളാണ് ശേഖരിച്ചത്. (ഇത് NAയിലെ മുഴുവൻ അംഗങ്ങളുടെയും കണക്കല്ല; സർവേയിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ്).

  • 55% പുരുഷന്മാർ

  • 44% സ്ത്രീകൾ

  • 1% മറ്റ് വിഭാഗങ്ങൾ

പ്രായത്തിൽ 60 വയസ്സിന് മുകളിലുള്ളവരാണ് ഏറ്റവും വലിയ വിഭാഗം (26%). 51–60 വയസ്സ് 22%, 41–50 വയസ്സ് 22%, 31–40 വയസ്സ് 21%, 21–30 വയസ്സ് 8%, 21 വയസ്സിന് താഴെയുള്ളവർ 1% എന്നിങ്ങനെയാണ് കണക്ക്.

NAയിലേക്ക് ആളുകൾ എത്തുന്നതിന് മറ്റൊരു NA അംഗത്തിനാണ് പ്രധാന പങ്ക്. 55% പേർ മറ്റൊരു അംഗം വഴിയാണ് NA യിലേക്ക് എത്തിയത്. 38% പേർ treatment/counselling centres വഴിയും 29% പേർ കുടുംബാംഗങ്ങൾ വഴിയും എത്തുന്നു. NA attendance records സൂക്ഷിക്കുന്നില്ല. അതുപോലെ അംഗങ്ങൾ മുമ്പ് ഉപയോഗിച്ചിരുന്ന പ്രത്യേക ലഹരിവസ്തുക്കളുടെ അടിസ്ഥാനത്തിലുള്ള വിശദമായ കണക്കുകളും ഈ survey നൽകുന്നില്ല.

ആഗോളതലത്തിൽ NAയുടെ വ്യാപനം മനസ്സിലാക്കാൻ മറ്റൊരു കണക്കുണ്ട്: 2023 മേയ് വരെ 143 രാജ്യങ്ങളിലായി 72,200-ലധികം weekly meetings ഉണ്ടായിരുന്നുവെന്ന് NA World Services പറയുന്നു.

NAയുടെ ചരിത്രം ഒരു സംഘടന വളർന്നുവന്നതിന്റെ ചരിത്രം മാത്രമല്ല. ലഹരി ഉപയോഗത്തെ ഒരു വ്യക്തിയുടെ ‘തെറ്റ്’ എന്ന ഒറ്റവാക്കിൽ ഒതുക്കാതെ, അതിൽ നിന്ന് പുറത്തുവരാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ച ഒരു കൂട്ടായ്മയുടെ ചരിത്രം കൂടിയാണ്. പേരോ പദവിയോ ഭൂതകാലമോ ചോദിക്കാതെ, സ്വന്തം അനുഭവങ്ങൾ പങ്കുവെക്കാനും മറ്റുള്ളവരുടെ അനുഭവങ്ങൾ കേൾക്കാനും കഴിയുന്ന ഇടമാണ് NA. അതുകൊണ്ടുതന്നെ സ്വകാര്യതയും പരസ്പര പിന്തുണയും അതിന്റെ പ്രവർത്തനത്തിന്റെ പ്രധാന ഭാഗങ്ങളായി മാറി.

ആഗോളതലത്തിൽ NAയുടെ വ്യാപനം മനസ്സിലാക്കാൻ മറ്റൊരു കണക്കുണ്ട്: 2023 മേയ് വരെ 143 രാജ്യങ്ങളിലായി 72,200-ലധികം weekly meetings ഉണ്ടായിരുന്നുവെന്ന് NA World Services പറയുന്നു.
ആഗോളതലത്തിൽ NAയുടെ വ്യാപനം മനസ്സിലാക്കാൻ മറ്റൊരു കണക്കുണ്ട്: 2023 മേയ് വരെ 143 രാജ്യങ്ങളിലായി 72,200-ലധികം weekly meetings ഉണ്ടായിരുന്നുവെന്ന് NA World Services പറയുന്നു.

കേരളത്തിലും NAയുടെ യോഗങ്ങൾ വിവിധ ഇടങ്ങളിൽ നടക്കുന്നുണ്ട്. ലഹരിയുടെ വ്യാപനത്തെക്കുറിച്ചും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന കാലത്ത്, ലഹരിയിൽ നിന്ന് പുറത്തുകടന്നവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടതുമുണ്ട്. ഒരു NA യോഗത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നത്? വർഷങ്ങളായി ലഹരി വിമുക്തമായി ജീവിക്കുന്നവർ തങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് കാണുന്നത്?

”ലഹരി ഉപയോഗം നിർത്തിയ ഒരാൾ വീണ്ടും അതിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ തിരിച്ചുപോക്ക് കുറയ്ക്കുക എന്നതാണ് NA പ്രധാനമായും ചെയ്യുന്നത്. ലഹരി ഉപയോഗം നിർത്തിയ ആളുകളുടെ കൂട്ടായ്മയാണ് ഇത്. നമ്മളെപ്പോലെ അതേ അനുഭവത്തിലൂടെ കടന്നുപോയ ആളുകൾ പരസ്പരം സംസാരിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യും. അതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

NA ഒരു സാധാരണ രീതിയിലുള്ള സംഘടിത പ്രസ്ഥാനമല്ല. ഇതൊരു അസംഘടിത പ്രസ്ഥാനമാണ്. പക്ഷേ കമ്മിറ്റികളും ബോർഡുമൊക്കെയുണ്ട്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സംവിധാനവുമാണ്. എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ടത് ഇവിടെ ഒരാൾ മറ്റൊരാളെ പിന്തുണയ്ക്കുന്നു എന്നതാണ്. ലഹരിയിലേക്ക് തിരിച്ചുപോകാതെ മുന്നോട്ടുപോകാൻ ആ കൂട്ടായ്മ ഒരുപാട് സഹായിക്കും.”- കേരളത്തിലെ നാർക്കോട്ടിക്‌സ് അനോണിമസ് അംഗങ്ങളിലൊരാൾ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

ലഹരി ഉപയോഗം നിർത്തുക എന്ന ഒരു തീരുമാനം എടുക്കുന്നതോടെ ഒന്നും അവസാനിക്കില്ല. ഉപയോഗം നിർത്തിയ ശേഷമുള്ള ജീവിതവും പലർക്കും ബുദ്ധിമുട്ടേറിയതാണ്. പഴയ കൂട്ടുകെട്ടുകൾ, പഴയ സാഹചര്യങ്ങൾ, ഒറ്റപ്പെടൽ, വീണ്ടും ഉപയോഗിക്കണമെന്ന തോന്നൽ തുടങ്ങിയവ തിരിച്ചുവരവിന് കാരണമാകാം. അതുകൊണ്ടാണ് NA-യിൽ ലഹരി ഉപേക്ഷിച്ചതിന് ശേഷമുള്ള ജീവിതത്തിനും പ്രാധാന്യം നൽകുന്നത്. ‘ഇതിലൂടെ ഞാൻ മാത്രമല്ല കടന്നുപോയത്’ എന്ന തിരിച്ചറിവ് പലർക്കും വലിയ ആശ്വാസമാകാം.

“NA-യെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് പുതുതായി വരുന്ന ആളുകളാണ്. അവർ ആദ്യമായി ഇവിടെ എത്തുന്നു എന്നത് തന്നെ പ്രധാനമാണ്. അതിന് ശേഷമുള്ള ഘട്ടമാണ് മീറ്റിങ്ങുകളിൽ പങ്കെടുക്കുക എന്നത്. NAയിൽ അംഗമാകാൻ പ്രത്യേകിച്ച് ഒരു കരാറോ കമ്മിറ്റ്മെന്റോ ഒന്നും ആവശ്യമില്ല. ഞങ്ങൾ പറയുന്ന ഒരു നിർദേശം 90 ദിവസം തുടർച്ചയായി മീറ്റിങ്ങുകളിൽ പങ്കെടുക്കുക എന്നത് മാത്രമാണ്. അതിലൂടെ ആ വ്യക്തിക്ക് ഈ കൂട്ടായ്മയെ മനസ്സിലാക്കാനും recovery-യിൽ മുന്നോട്ടുപോകാനും കഴിയും.”- നാർക്കോട്ടിക്‌സ് അനോണിമസ് അംഗം പറഞ്ഞു.

NAയിൽ സ്വകാര്യതയ്ക്കും പ്രാധാന്യമുണ്ട്. ഒരാളുടെ പേര്, ജോലി, സാമൂഹിക സ്ഥാനം, ഭൂതകാലം എന്നിവയേക്കാൾ പ്രധാനമായി കാണുന്നത് അയാൾ ലഹരിയിൽ നിന്ന് മാറിനിൽക്കാനുള്ള ശ്രമമാണ്. അതുകൊണ്ടുതന്നെ സ്വന്തം കാര്യങ്ങൾ തുറന്ന് പറയാൻ കഴിയുന്ന ഒരു ഇടമായി NA യോഗങ്ങൾ മാറുന്നു. NAയുടെ വീണ്ടെടുപ്പ് രീതിയിൽ Twelve Steps എന്ന രീതിക്കും പ്രാധാന്യമുണ്ട്. ലഹരി ഉപേക്ഷിക്കുന്നതിനൊപ്പം സ്വന്തം ജീവിതത്തെയും പെരുമാറ്റങ്ങളെയും ബന്ധങ്ങളെയും കുറിച്ച് ചിന്തിക്കാനും ഈ രീതിയിലൂടെ ശ്രമിക്കുന്നു.

എന്താണ് നാർക്കോട്ടിക്‌സ് അനോണിമസിന്റെ മൂന്ന് തരത്തിലുള്ള മീറ്റിങ്ങുകൾ?

NAയുടെ പ്രവർത്തനത്തിലെ പ്രധാന ഭാഗമാണ് മീറ്റിങ്ങുകൾ. ഒരേ രീതിയിലുള്ള മീറ്റിങ്ങുകളല്ല ഇവിടെ നടക്കുന്നത്. പങ്കെടുക്കുന്ന ആളുകളുടെയും സംസാരിക്കുന്ന വിഷയങ്ങളുടെയും രീതിയനുസരിച്ച് മീറ്റിങ്ങുകൾക്ക് വ്യത്യാസമുണ്ട്. പ്രധാനമായും ക്ലോസ്ഡ് മീറ്റിങ്, ഓപ്പൺ മീറ്റിങ്, ടോപ്പിക് മീറ്റിങ് എന്നിങ്ങനെ മൂന്ന് രീതിയിലുള്ള മീറ്റിങ്ങുകളാണ് നടക്കുന്നത്.

ക്ലോസ്ഡ് മീറ്റിങ്

NAയിലെ അംഗങ്ങൾ മാത്രം പങ്കെടുക്കുന്ന മീറ്റിങ്ങുകളാണ് ക്ലോസ്ഡ് മീറ്റിങ്ങുകൾ. ലഹരി ഉപയോഗത്തിന്റെ അനുഭവങ്ങളിലൂടെയും അതിൽനിന്നുള്ള recovery-യിലൂടെയും കടന്നുപോകുന്നവർക്ക് സ്വന്തം കാര്യങ്ങൾ തുറന്ന് സംസാരിക്കാനുള്ള ഇടമാണിത്.

ഓരോരുത്തരും അതാത് ദിവസങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വ്യക്തിപരമായ അനുഭവങ്ങളും പങ്കുവെക്കും. മറ്റൊരാൾക്ക് ഉപദേശം നൽകുക എന്നതിലുപരി, സ്വന്തം അനുഭവം പറയുകയും മറ്റുള്ളവരുടെ അനുഭവങ്ങൾ കേൾക്കുകയുമാണ് പ്രധാനമായും നടക്കുന്നത്.

മീറ്റിങ് നിയന്ത്രിക്കാൻ ഒരു അധ്യക്ഷൻ ഉണ്ടാകും. പങ്കെടുക്കുന്ന എല്ലാവർക്കും സംസാരിക്കാൻ അവസരം ലഭിക്കും. ഒരു ദിവസം എല്ലാവർക്കും സംസാരിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത മീറ്റിങ്ങിൽ അവസരം ലഭിക്കും. സാധാരണയായി ഒരാൾക്ക് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെയാണ് സംസാരിക്കാൻ സമയം ലഭിക്കുക. ഇതിലൂടെ ഓരോരുത്തർക്കും സ്വന്തം അനുഭവം പറയാനുള്ള അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഓപ്പൺ മീറ്റിങ്

പേരുപോലെ തന്നെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന മീറ്റിങ്ങുകളാണ് ഓപ്പൺ മീറ്റിങ്ങുകൾ. NA അംഗങ്ങൾക്കു പുറമെ, NAയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മറ്റ് താൽപര്യമുള്ളവർക്കും ഇത്തരം മീറ്റിങ്ങുകളിൽ പങ്കെടുക്കാം.

പ്രത്യേകിച്ച് ആഘോഷ പരിപാടികളിലും പ്രധാനപ്പെട്ട അവസരങ്ങളിലുമാണ് ഓപ്പൺ മീറ്റിങ്ങുകൾ കൂടുതലായി നടക്കുന്നത്. എന്നാൽ ഇവിടെ പങ്കെടുക്കുന്ന എല്ലാവരും സംസാരിക്കണമെന്നില്ല. തിരഞ്ഞെടുത്ത ചില NA അംഗങ്ങൾ അവരുടെ recovery അനുഭവങ്ങൾ പങ്കുവെക്കും. NAയുടെ പ്രവർത്തനവും recovery-യും പുറത്തുള്ളവർക്ക് മനസ്സിലാക്കാനുള്ള ഒരു അവസരമായും ഇത്തരം മീറ്റിങ്ങുകൾ മാറുന്നു.

ടോപ്പിക് മീറ്റിങ്

ഒരു പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ച് നടത്തുന്ന മീറ്റിങ്ങുകളാണ് ടോപ്പിക് മീറ്റിങ്ങുകൾ. ഓരോ മീറ്റിങ്ങിലും ഒരു വിഷയം തിരഞ്ഞെടുക്കും. അതുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങൾ അംഗങ്ങൾ പങ്കുവെക്കും. ഉദാഹരണത്തിന്, ദേഷ്യം, കുടുംബബന്ധങ്ങൾ, ഒറ്റപ്പെടൽ, പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാനുള്ള തോന്നൽ, recovery തുടരുന്നതിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയ്ക്കായി തിരഞ്ഞെടുക്കാം. വിഷയം ഒരാൾക്ക് സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി സംസാരിക്കാനും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാനും അവസരം നൽകുന്നു. മീറ്റിങ്ങുകളുടെ രീതിയിൽ വ്യത്യാസമുണ്ടെങ്കിലും ലക്ഷ്യം ഒന്നുതന്നെയാണ്.


NAയിൽ ആര്‍ക്കൊക്കെ വരാം?

NAയിൽ പങ്കെടുക്കുന്നതിനോ അംഗമാകുന്നതിനോ പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിധിയില്ല. അതുപോലെ തന്നെ ഏത് തരത്തിലുള്ള ലഹരി ഉപയോഗിച്ചിരുന്നുവെന്നതും അംഗത്വത്തിന് തടസ്സമല്ല. ലഹരിയിൽ നിന്ന് മാറിനിൽക്കണം എന്ന ആഗ്രഹമാണ് NAയിലേക്ക് വരാനുള്ള പ്രധാന യോഗ്യത.

“നിങ്ങൾ ആരാണ്, എന്താണ് ചെയ്യുന്നത്, എവിടെ നിന്നാണ് വരുന്നത്” എന്നതൊന്നും NAയിൽ പ്രധാനമല്ല. ഒരാളുടെ പേര്, ജോലി, സാമൂഹിക സ്ഥാനം, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങൾ നോക്കിയല്ല ഇവിടെ ആളുകളെ സ്വീകരിക്കുന്നത്. ലഹരി ഉപേക്ഷിച്ച് മുന്നോട്ടുപോകാൻ ഒരാൾ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായി നോക്കുന്നത്.

NAയുടെ രീതിയിൽ എല്ലാ വസ്തുക്കളെയും ഒരേ രീതിയിൽ കാണുന്നില്ല. സിഗരറ്റ്, മദ്യം തുടങ്ങിയവയെ NAയുടെ പ്രധാന recovery programme-ന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നില്ല. അതേസമയം കഞ്ചാവ്, ബ്രൗൺ ഷുഗർ, വിവിധ തരത്തിലുള്ള ഗുളികകൾ, സിന്തറ്റിക് ഡ്രഗ്സ് തുടങ്ങിയ മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുന്നവരാണ് സാധാരണയായി NAയിൽ എത്തുന്നത്. ഒരാൾ ഒന്നിലധികം തരത്തിലുള്ള ലഹരി ഉപയോഗിച്ചിരുന്നാലും അതിന്റെ അടിസ്ഥാനത്തിൽ NAയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നില്ല.

പ്രായം സംബന്ധിച്ചും ഇതേ രീതിയാണ്. ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ യോഗങ്ങളിൽ എത്താം. കേരളത്തിൽ കുട്ടികൾ NAയിലേക്ക് എത്തുന്ന സാഹചര്യം ഇപ്പോഴും കുറവാണെന്നാണ് അംഗങ്ങൾ പറയുന്നത്. എന്നാൽ ഡൽഹി പോലുള്ള നഗരങ്ങളിൽ ചെറുപ്പക്കാരും കുട്ടികളും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് NA പോലുള്ള കൂട്ടായ്മകളിലേക്ക് എത്തുന്നുണ്ടെന്നും അവർ പറയുന്നു.

എങ്ങനെയാണ് NAയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്?

നാർക്കോട്ടിക്‌സ് അനോണിമസിന്റെ പ്രവർത്തനങ്ങൾക്ക് പുറത്ത് നിന്നുള്ള സ്പോൺസർഷിപ്പുകളോ വലിയ സാമ്പത്തിക സഹായങ്ങളോ ഇല്ലെന്നാണ് NA അംഗങ്ങൾ പറയുന്നത്. യോഗങ്ങൾ നടത്തുന്നതിനും മറ്റ് പ്രാദേശിക ആവശ്യങ്ങൾക്കുമായി ആവശ്യമായ തുക പ്രധാനമായും NAയിൽ പങ്കെടുക്കുന്ന അംഗങ്ങൾ തന്നെ ചെറിയ സംഭാവനകളായി നൽകുന്നതിലൂടെയാണ് കണ്ടെത്തുന്നത്.

പ്രാദേശിക ആവശ്യങ്ങൾക്കാണ് ഈ തുക ആദ്യം ഉപയോഗിക്കുന്നത്. അതിന് ശേഷം ബാക്കി വരുന്ന തുക NAയുടെ മേൽഘടകങ്ങൾക്ക് കൈമാറും. വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും ആവശ്യമായിടത്ത് സാമ്പത്തിക സഹായം നൽകുന്നതിനുമാണ് ഈ തുക ഉപയോഗിക്കുന്നത്. NAയുടെ പ്രവർത്തനം ഒരു സ്ഥലത്തെ യോഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രാദേശിക തലത്തിലുള്ള കൂട്ടായ്മകൾക്ക് പുറമെ റീജിയണൽ തലത്തിലും വേൾഡ് സർവീസ് തലത്തിലും സംവിധാനങ്ങളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള NA കൂട്ടായ്മകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആവശ്യമായ സേവനങ്ങളും സഹായങ്ങളും എത്തിക്കുന്നതിനുമാണ് ഈ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.

കോഴിക്കോട് 2011-ലാണ് NA പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് പല ഘട്ടങ്ങളിലും മീറ്റിങ്ങുകൾ നിർത്തിവെക്കുകയും വീണ്ടും തുടരുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി എല്ലാ ഞായറാഴ്ചകളിലും കോഴിക്കോട് സ്ഥിരമായി മീറ്റിങ്ങുകൾ നടക്കുന്നുണ്ട്. ഏകദേശം അഞ്ച് വർഷമായി ഓൺലൈൻ മീറ്റിങ്ങുകളും സജീവമാണ്. NA ഒരു അനോണിമസ് കൂട്ടായ്മയായതിനാൽ, അംഗങ്ങളുടെ കൃത്യമായ എണ്ണം ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പൊതുവായി പങ്കുവയ്ക്കാറില്ല. സ്ത്രീകളുടെ പങ്കാളിത്തം ഓൺലൈൻ മീറ്റിങ്ങുകളിലാണ് കൂടുതലായി കാണുന്നത്. എന്നാൽ ഇപ്പോൾ സ്ത്രീകൾ ഓഫ്‌ലൈൻ മീറ്റിങ്ങുകളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട കൂട്ടായ്മയായിരുന്ന NA ഇന്ന് ട്രാൻസ്‌ജെൻഡർ വ്യക്തികളെയും ഉൾക്കൊള്ളുന്ന കൂടുതൽ വൈവിധ്യമാർന്ന കൂട്ടായ്മയായി മാറിയിട്ടുണ്ട്. അതേസമയം NA ഒരു ചികിത്സാകേന്ദ്രമല്ല. ഡോക്ടറുടെ ചികിത്സയ്ക്കോ മരുന്നിനോ പകരമായും ഇത് പ്രവർത്തിക്കുന്നില്ല. ആവശ്യമായവർക്ക് ചികിത്സയും മാനസികാരോഗ്യ സഹായവും തേടുന്നതിനൊപ്പം NA പോലുള്ള peer-support കൂട്ടായ്മകളെയും ആശ്രയിക്കാം.

Comments