മതേതര യോഗയും
വർഗീയ യോഗയും

ശ്രീബുദ്ധനും രാമകൃഷ്ണപരമഹംസരും വിവേകാനന്ദനും ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച മതേതരമായ യോഗയുടെ സന്ദേശം മനുഷ്യമനസ്സുകളിൽ ഐക്യവും താളാത്മകതയും രൂപപ്പെടുത്തുക എന്നതാണ്. എന്നാൽ നരേ​ന്ദ്രമോദി യോഗയെ വംശഹത്യക്കുള്ള ആയോധനകലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ആർ.എസ്.എസിന്റെ ചരിത്രവും മോദിയുടെ അജണ്ടയുമറിയാവുന്ന ആരും സംശയിച്ചുപോകും- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ന്ത്യയുടെ പൗരാണിക ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് യോഗ പോലൊരു വ്യായാമമുറ. അതിനെ മതവൽക്കരിക്കുന്നതും ഹിന്ദുത്വ പ്രത്യയശാസ്ത്രവൽക്കരണത്തിനുള്ള ഉപാധിയാക്കുന്നതും ചരിത്രത്തോടും പാരമ്പര്യത്തോടും കാണിക്കുന്ന അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ്.

5000 വർഷങ്ങൾക്കുമുമ്പ് വേദകാലത്തിനുമുമ്പ് ഹിമാലയസാനുക്കളിലെ മനുഷ്യ അധിവാസ മേഖലകളിൽ ജന്മമെടുത്തതാകാം ധ്യാനത്തിന്റെയും കായികമുറയുടെയും സംയോജനമായ യോഗയെന്നാണ് പല ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും നിരീക്ഷിക്കുന്നത്. ശരീരത്തെയും മനസ്സിനെയും താളാത്മകവും ഏകാഗ്രവുമാക്കുവാനുള്ള വ്യായാമമുറ എന്നനിലക്കാണ് ഇന്ത്യയുടെ ഷഡ്ദർശനങ്ങളിൽ ഒന്നായ യോഗ വിശദീകരിക്കപ്പെട്ടിട്ടുള്ളത്.

യോഗ എന്ന സംസ്‌കൃത പദത്തിന്റെ അർത്ഥം കൂട്ടിയോജിപ്പിക്കുക, ഐക്യപ്പെടുക എന്നൊക്കെയാണ്. തീർത്തും വ്യക്ത്യാധിഷ്ഠിതമായ, മനസ്സിനെയും ശരീരത്തെയും താളാത്മകമായി കൂട്ടിയിണക്കാനുള്ള ഒരു പരിശീലന പദ്ധതിയാണ് യോഗ എന്നത്. ദേവിപ്രസാദ് ചതോബാധ്യായയും കെ. ദാമോദരനുമൊക്കെ യോഗയുടെ ഉദ്ഭവത്തെയും ഒരു ദർശനപദ്ധതി എന്ന നിലക്ക് ഇന്ത്യയുടെ വൈദികസമൂഹം അതിനെ ആത്മീയ വാദമായി പരിമിതപ്പെടുത്തിയെടുത്തതിനെയും കുറിച്ച് നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

ഇരുകൈകളും പരസ്പരം ചേർത്ത് ആയുധങ്ങളുണ്ടാക്കി ഇര തേടാൻ തുടങ്ങിയതോടെയാണല്ലോ മനുഷ്യൻ എന്ന ജീവിയുടെ പരിണാമം സംഭവിക്കുന്നത്. വാനരനിൽ നിന്ന് നരനിലേക്കുള്ള വളർച്ചയിൽ അധ്വാനം വഹിച്ച പങ്ക് എന്ന കൃതിയിൽ എംഗൽസ് ഈ പരിണാമപ്രക്രിയയെ ആ കാലത്ത് ലഭ്യമായ നരവംശശാസ്ത്ര വിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ചിട്ടുണ്ടല്ലോ.

പണിയായുധങ്ങളുടെ കണ്ടുപിടുത്തവും കൃഷിയും അതിനായുള്ള ഭൂസംസ്കരണ പ്രവർത്തനങ്ങളു മെല്ലാമാണ് മനുഷ്യനെ സാമൂഹ്യജീവിയായി രൂപാന്തരപ്പെടുത്തിയത്. വ്യക്ത്യാധിഷ്ഠിതമായ മാനുഷികപ്രവർത്തി സാമൂഹ്യ ഉൽപാദനത്തിലേക്ക് കടക്കുകയും പ്രകൃതിയെ തങ്ങൾക്കാവശ്യമായ രീതിയിൽ പുനർനിർമ്മിക്കാൻ മനുഷ്യൻ പ്രാപ്തി നേടുകയും ചെയ്തു.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഒരു കാർഷിക സംസ്കൃതിയിലേക്ക് വികസിച്ചതോടെയാണ് മനസ്സിനെയും ശരീരത്തെയും കൂട്ടിയോജിപ്പിക്കുന്ന യോഗ എന്ന വ്യായാമമുറയും രൂപമെടുത്തിട്ടുണ്ടാവുക. കെ.ദാമോദരൻ നിരീക്ഷിക്കുന്നതുപോലെ, പുരാതനകാലത്തെ ഇന്ത്യൻ ദർശനങ്ങളെ ആത്മീയവാദികളായ ശുഷ്‌കപണ്ഡിതന്മാരാകാം ആസ്തിക ദർശനമെന്നും നാസ്തിക ദർശനമെന്നും രണ്ടായി വേർതിരിച്ചത്. ഈ വിഭജനത്തിന് ആഴത്തിലുള്ള പരിശോധനകളുടെയും പരിഗണനകളുടെയും അടിസ്ഥാനങ്ങളൊന്നുമില്ല എന്നതാണ് യാഥാർത്ഥ്യം.

ഹിന്ദുമതമെന്ന് പിൽക്കാലത്ത് വിവക്ഷിക്കപ്പെട്ട ബ്രാഹ്മണമതത്തിന്റെ ആദ്യത്തെ ആധികാരിക വചനങ്ങളായി ഗണിക്കുന്ന വേദങ്ങളെ മൂലപ്രമാണങ്ങളായി അംഗീകരിക്കുന്ന ദർശനങ്ങളെന്നും, വേദങ്ങളെ നിഷേധിക്കുന്ന ദർശനങ്ങളെന്നുമുള്ള രീതിയിലാണ് ആസ്തിക-നാസ്തിക വിഭജനം ഉണ്ടാക്കിയത്. സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം എന്നീ ഷഡ്ദർശനങ്ങളെ ആസ്തികമെന്നും ബൗദ്ധം, ജൈനം, ചാർവാകം എന്നിവയെ നാസ്തികമെന്നും കൃത്രിമമായി വേർതിരിക്കുകയായിരുന്നു. നാസ്തിക ഗണത്തിൽപെടുന്ന ദർശനങ്ങൾ പൊതുവെ ലോകായതം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.

യഥാർത്ഥത്തിൽ ഇത് കൃത്രിമവും സത്താരഹിതവുമായ വിഭജനമായിരുന്നു. ബ്രാഹ്മണാധികാരത്തെയും വൈദികാധിപത്യത്തെയും അതിന്റെ അശ്ലീലകരമായ യാഗസംസ്കാരത്തെയും ചോദ്യം ചെയ്തവരെ ചാർവാകരും ബൗദ്ധരും ലോകായതരുമൊക്കെയാക്കി ആധിപത്യശക്തികൾ വേട്ടയാടുകയാണ് ചെയ്തത്.

ഇന്ത്യയുടെ പൗരാണിക ദർശനങ്ങളിൽ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ലോകായതം (ചാർവാക ദർശനം) യഥാർത്ഥത്തിൽ ഭൗതികവാദത്തിൽ അധിഷ്ഠിതമായിരുന്നു. പ്രാചീന ഭാരതത്തിലെ ആസ്തിക ദർശനങ്ങളായി ആർഷസംസ്കാരികവാദികളായ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാർ ഉയർത്തിക്കാട്ടുന്ന ഷഡ്ദർശനങ്ങളിൽ വേദാന്തം മാത്രമാണ് പൂർണമായും ആത്മീയവാദവും ആസ്തികവുമെന്ന് പറയാവുന്ന ഒരേയൊരു ദർശനപദ്ധതി. യഥാർത്ഥത്തിൽ ഹിന്ദുത്വവാദികളോളം നീളുന്ന ഇന്ത്യൻ പാരമ്പര്യ ആത്മീയവാദികൾ വേദാന്തദർശനത്തിലെ ആത്മീയതയെ മറ്റെല്ലാ ദർശനങ്ങളിലും വാരിവിതറി ഇന്ത്യൻ ദർശനങ്ങളെയാകെ പ്രതിലോമകരമാക്കി തങ്ങളുടെ സങ്കുചിതതാല്പര്യങ്ങൾക്കനുസൃതമായ രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്തത്.

യോഗ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ പുരോഗമനവാദികൾ അത്യന്തം പ്രത്യയശാസ്ത്രജാഗ്രതയോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വേദാന്തത്തിലെ ആത്മീയത ഇന്ത്യൻ ദർശനങ്ങളിലാകെ ആരോപിച്ച് നമ്മുടെ പൗരാണിക ദർശനങ്ങളുടെ സാരസർവ്വസ്വം ആത്മീതയാണെന്ന് വരുത്തി തീർക്കുകയായിരുന്നു. സാംഖ്യവും അതിന്റെ ഉപജ്ഞാതാവയി കണക്കാക്കപ്പെടുന്ന കണാദനും ഈ പ്രപഞ്ചത്തെ ഭൗതികവാദ അടിസ്ഥാനത്തിൽ വിശദീകരിക്കാനാണ് ശ്രമിച്ചത്. ഈ പ്രപഞ്ചത്തിന്റെ ഉല്പത്തിയുടെ കാരണം ദ്രവ്യമാണോ മനസ്സാണോ എന്നതാണല്ലോ ദർശനത്തിലെ അടിസ്ഥാന സമസ്യ. പുരാതന ഭാരതത്തിലെ ആദിസാംഖ്യം പ്രകൃതിയാണ് അല്ലെങ്കിൽ ദ്രവ്യമാണ് പ്രഥമമെന്ന് ഉത്തരം നൽകി. വൈശേഷിക ദർശനത്തിന്റെ പ്രണേതാവായി കണക്കാക്കുന്ന കണാദൻ പ്രപഞ്ചത്തിന്റെ മൂലകാരണം പരമാണുക്കളാണെന്നാണ് സിദ്ധാന്തിച്ചത്. യോഗദർശനമാകട്ടെ സാംഖ്യദർശനത്തോടാണ് അടുപ്പം കാണിക്കുന്നത്. ഇന്ത്യയുടെ ഷഡ്ദർശനങ്ങളിൽ ഒന്നായി അവതരിപ്പിക്കുമ്പോഴും സാംഖ്യത്തിലെ ദർശനതത്വങ്ങൾക്കനുയോജ്യമായ ഒരഭ്യാസക്രമം മാത്രമായിട്ടാണ് യോഗ പരിഗണിക്കപ്പെട്ടുപോന്നത്. ഒരു സവിശേഷ ദർശനവും വ്യായാമമുറയുമായി യോഗയെ പിൽക്കാലത്ത് മാറ്റിയെടുത്തത് ഓറിയന്റലിസ്റ്റുകളായ പുനരുത്ഥാനവാദികളാണ്.

ഇതിൽ നിന്ന് വ്യത്യസ്തമായ വീക്ഷണത്തോടെ ആത്മജ്ഞാനത്തിനുള്ള മാർഗമായി യോഗയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് ബുദ്ധമതമാണ്. ബുദ്ധമതത്തിന്റെ തകർച്ചക്കുശേഷമാണ് ഇന്ന് ഹിന്ദുമതം എന്ന് പറയപ്പെടുന്ന സനാതനമതം യോഗയെ അതിന്റെ ഷഡ്ദർശനങ്ങളിൽ ഒന്നായി അംഗീകരിച്ചത്. വേദം ഉപനിഷത്തുകളും ബ്രാഹ്മണ്യവുമായി വേർപിരിഞ്ഞപ്പോൾ യോഗയും വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ വേദത്തെ മന്ത്രോച്ചാരണമാക്കിയ ബ്രാഹ്മണ്യം യോഗയെ മതാചാരമാക്കി പരിമിതപ്പെടുത്തി.

ആത്മജ്ഞാനത്തിനുള്ള മാർഗമായി യോഗയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് ബുദ്ധമതമാണ്. ബുദ്ധമതത്തിന്റെ തകർച്ചക്കുശേഷമാണ് സനാതനമതം യോഗയെ അതിന്റെ ഷഡ്ദർശനങ്ങളിൽ ഒന്നായി അംഗീകരിച്ചത്.
ആത്മജ്ഞാനത്തിനുള്ള മാർഗമായി യോഗയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് ബുദ്ധമതമാണ്. ബുദ്ധമതത്തിന്റെ തകർച്ചക്കുശേഷമാണ് സനാതനമതം യോഗയെ അതിന്റെ ഷഡ്ദർശനങ്ങളിൽ ഒന്നായി അംഗീകരിച്ചത്.

ഇന്നിപ്പോൾ യോഗ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ പുരോഗമനവാദികൾ അത്യന്തം പ്രത്യയശാസ്ത്ര ജാഗ്രതയോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്. ബ്രാഹ്മണ്യത്തിനെതിരായി കലഹിച്ചുകൊണ്ടാണ് ബുദ്ധൻ ഭാരതീയ പാരമ്പര്യത്തിന്റെ ധനാത്മകമായ വശങ്ങളെ പ്രചരിപ്പിച്ചത്. ബ്രാഹ്മണ്യം മതാചാരമാക്കിയ യോഗ ഇന്ത്യയിലെ ഒരു ചെറുവിഭാഗത്തിന്റെ ആത്മീയതലത്തിലുള്ള ഒരാചാരക്രമമായിട്ടാണ് ദീർഘകാലം നിലനിന്നുപോന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്വാമി വിവേകാനന്ദൻ യുവാക്കളെ ഉത്തേജിപ്പിക്കാനായി വ്യായാമമുറയുടെ സന്ദേശം പരത്തിയതോടെ യോഗ പുനരുജ്ജീവിപ്പിക്കപ്പെടുകയും അതിന്റെ ആത്മീയതലത്തിനപ്പുറത്ത് ഭൗതികമായ ഉള്ളടക്കത്തോടെ പരിചയപ്പെടുത്തപ്പെടുകയും ചെയ്തു.

ഒരു മതേതര രാജ്യത്തിന്റെ വിശ്വാസങ്ങളെയും ബഹുത്വത്തെയും കാണാതെ യോഗ അടിച്ചേൽപ്പിക്കുന്നതിനോട് ഒരു ജനാധിപത്യവാദിക്കും യോജിക്കാനാവില്ല.

നരേന്ദ്രമോദി സർക്കാർ അന്താരാഷ്ട്ര യോഗാചരണം ഉയർത്തിക്കാട്ടി ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും ആഗോളതലത്തിലുണ്ടായ അംഗീകാരത്തിൽ അഹങ്കരിക്കുകയാന്നെന്ന കാര്യം നമുക്കറിയാം. യോഗയെ അതിന്റെ പൗരാണികവും മതപരവുമായ അർത്ഥത്തിൽ ഒരു ആചാരാനുഷ്ഠാനമായി കാണുന്ന സംഘപരിവാർ ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങൾക്കുമേലും അത് അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്‌കൂളുകളിൽ മതചിഹ്നങ്ങളും മന്ത്രോച്ചാരണത്തോടും കൂടിയുള്ള യോഗ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടത്. ഇതിനെതിരെ മതനിരപേക്ഷ ശക്തികളിൽ നിന്നും ന്യൂനപക്ഷ ജനസമൂഹങ്ങളിൽ നിന്നും പ്രതിഷേധമുയർന്നപ്പോൾ യോഗയെ എതിർക്കുന്നവർ ഇന്ത്യ വിടണമെന്ന ആക്രോശവും സംഘപരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടായി. ഒരു മതേതര രാജ്യത്തിന്റെ വിശ്വാസങ്ങളെയും ബഹുത്വത്തെയും കാണാതെ യോഗ അടിച്ചേൽപ്പിക്കുന്നതിനോട് ഒരു ജനാധിപത്യവാദിക്കും യോജിക്കാനാവില്ല. ഹിറ്റ്‌ലറെ പോലെ വ്യായാമമുറകളെ തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കെതിരായുള്ള ആയോധന കലയാക്കാനാണ് ഇവിടെ ആർ.എസ്.എസ് ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നത്.

ശ്രീബുദ്ധനും രാമകൃഷ്ണപരമഹംസരും വിവേകാനന്ദനും ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച മതേതരമായ യോഗയുടെ സന്ദേശം മനുഷ്യമനസ്സുകളിൽ ഐക്യവും താളാത്മകതയും രൂപപ്പെടുത്തുക എന്നതാണ്. എന്നാൽ നരേ​ന്ദ്രമോദി യോഗയെ വംശഹത്യക്കുള്ള ആയോധനകലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ആർ.എസ്.എസിന്റെ ചരിത്രവും മോദിയുടെ അജണ്ടയുമറിയാവുന്ന ആരും സംശയിച്ചുപോകും. അതിനവരെ യോഗയെ എതിർക്കുന്നവരായി അടച്ചാക്ഷേപിക്കേണ്ട കാര്യവുമില്ല.

Comments