
സാമൂഹികമായി അങ്ങേയേറ്റം പിന്നാക്കം നിൽക്കുന്ന കാസർഗോഡ് ജില്ലയിലെ ഗ്രാമീണജനതയുടെ ജീവിതത്തെ തന്നെയാണ് എൻഡോസൾഫാൻ എന്ന രാസകീടനാശിനി തകിടം മറിച്ചത്. കീടനാശിനി വിതറിയ രോഗാവാസ്ഥകളിൽ നിന്ന് ഇതുവരെയും മോചനം കിട്ടാത്ത കാസർഗോട്ടെ പുതിയ തലമുറയടക്കം 2 പതിറ്റാണ്ടിലേറയായി നിയമപോരാട്ടം തുടരുകയാണ്. എന്നാൽ, അവർക്ക് അർഹമായ നീതി ലഭിച്ചില്ല. അവർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളേറെയും ഇന്നും പരിഗണിക്കപ്പെടാതെ അവശേഷിക്കുന്നു. സംസ്ഥാന സർക്കാറിന്റെ ഭാഗമായ പ്ലാന്റേഷൻ കോർപറേഷൻ കശുമാവ് തോട്ടങ്ങളിൽ നടത്തിയ അമിത കീടനാശിനി പ്രയോഗത്തിന്റെ ഫലമായാണ് തലമുറകൾ നീണ്ട ദുരന്തം സംഭവിച്ചതെങ്കിലും അവരുടെ അതിജീവന സമരങ്ങളെ കേരളത്തിൽ ഒരു സർക്കാറും പരിഗണിച്ചിരുന്നില്ല.
ദുരിതബാധിതർക്ക് ലഭിക്കേണ്ട മെച്ചപ്പെട്ട ചികിത്സ, നഷ്ടപരിഹാരം, ദുരിതാശ്വാസം, പുനരധിവാസം, കടാശ്വാസം, ഭൗതിക സാഹചര്യങ്ങളുടെ ലഭ്യത തുടങ്ങിയവയ്ക്കായി ധാരാളം പ്രത്യക്ഷ സമരങ്ങൾ കാസർഗോട്ട് നടന്നിട്ടുണ്ട്. കോടതിയിൽ നടന്ന നിയമപോരാട്ടങ്ങൾ വേറെയും. അവയിൽ പ്രധാനം, എൻഡോസൾഫാൻ ഇരകൾക്ക് സാന്ത്വനപരിചരണം ഉറപ്പുവരുത്തുന്ന പാലിയേറ്റീവ് കെയർ സെന്ററുകളായിരുന്നു. ഈ ആവശ്യത്തിന്റെ പ്രാധാന്യവും അനിവാര്യതയും തുറന്നുകാട്ടി ട്രൂകോപ്പി തിങ്ക് ദുരിതബാധിതപ്രദേശത്ത് നേരിട്ടെത്തി ഇരകളുടെ വീടുകൾ സന്ദർശിച്ച് അവർ കടന്നുപോകുന്ന അവസ്ഥയുടെ നേരനുഭവങ്ങൾ തുറന്നുകാട്ടി ഡോക്യുമെന്ററി ചെയ്തിരുന്നു. ആ ഡോക്യുമെന്ററിയിൽ അവിടുത്തെ മനുഷ്യർ സംസാരിച്ചതത്രയും പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു.

2017 ജനുവരി 10 ലെ സുപ്രീംകോടതി ഉത്തരവിൽ, എൻഡോസൾഫാന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഉണ്ടാകുന്ന ആജീവനാന്ത ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് മെഡിക്കൽ സൗകര്യങ്ങളോ ചികിത്സയോ നൽകുന്നതിനുള്ള സാധ്യത പരിഗണിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അത് നടപ്പിലായില്ല. പാലിയേറ്റീവ് ആശുപത്രി സ്ഥാപിക്കാനും ദുരിതബാധിതർക്ക് 5 ലക്ഷം രൂപ നൽകാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശകളും നിലവിലുണ്ടായിരുന്നു. എന്നിട്ടും അവയൊന്നും നടപ്പിലാക്കപ്പെടാത്തതിന്റെ ദുരിതം അവിടുത്തെ മനുഷ്യർ അനുഭവിച്ചുപോരുകയായിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് 2022 മെയ് 30-ന് ദുരിതബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തി സ്‌കൂളിലെ പാചകത്തൊഴിലാളിയായിരുന്ന അമ്മ വീടിന് പുറകുവശത്ത് തൂങ്ങിമരിച്ചത്. കേരളം ഞെട്ടാത്ത അനേക വാർത്തകളിൽ ഒന്ന് മാത്രമായിരുന്നു അത്.

“എൻഡോസൾഫാൻ ഇരകളായവർക്ക് ജീവനുള്ളത്രയും കാലം സാന്ത്വനപരിചരണം ഉറപ്പുവരുത്തുകയെന്നത് ഇരകളായ മനുഷ്യരുടെ അവകാശമാണ്. അതുകൊണ്ട് തന്നെയാണ് പാലിയേറ്റീവ് കെയർ സെന്ററുകൾ ആവശ്യമാണെന്ന് ഞങ്ങൾ പ്രത്യേകം പറയുന്നത്. മാസത്തിലൊരു തവണ രോഗിയുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കുന്ന രീതിയിലാണ് നമ്മുടെ നാട്ടിലെ പാലിയേറ്റീവ് പ്രവർത്തനം നടക്കുന്നത്. പക്ഷെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഞാനടക്കമുള്ള മാതാപിതാക്കളെ സംബന്ധിച്ച്, രോഗമെന്താണെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒന്നുകിൽ ശാരീരികമായ പ്രശ്‌നങ്ങളായിരിക്കും, അല്ലെങ്കിൽ ഫിറ്റ്‌സായിരിക്കും, മാനസിക വെല്ലുവിളികളായിരിക്കും, ഇങ്ങനെയോരോ പ്രശ്‌നങ്ങളാണ് കുട്ടികൾക്കുള്ളത്. ഒരു ഘട്ടം കഴിയുന്നതോടെ ഈ കുട്ടികൾക്ക് മറ്റ് ചികിത്സയൊന്നും കൊടുക്കാനുണ്ടാവില്ല. അങ്ങനെ ചികിത്സിക്കുന്ന രീതി നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുമില്ല. ഒരു ഭിന്നശേഷി കുട്ടി ജനിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നത് അമ്മയാണ്. കുട്ടി അനുഭവിക്കുന്നത് ശാരീരികമായ വേദനകളായിരിക്കാം, അമ്മയാകട്ടെ ഇതിന്റെ സാമൂഹികമായ വേദനകൂടി അനുഭവിക്കേണ്ടിവരുന്നുണ്ട്. ഈ സമൂഹത്തിൽ നടക്കുന്ന മറ്റൊന്നുമായി ബന്ധപ്പെടാൻ പോലും ഇത്തരം കുട്ടികളുടെ അമ്മമാർക്ക് കഴിയാറില്ല.”- എൻഡോസൾഫാൻ ഇരയുടെ അമ്മയായ പ്രവീണ.കെ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
‘‘എൻഡോസൾഫാൻ ഇരകളായവർക്ക് ജീവനുള്ളത്രയും കാലം സാന്ത്വനപരിചരണം ഉറപ്പുവരുത്തുകയെന്നത് ഇരകളായ മനുഷ്യരുടെ അവകാശമാണ്. അതുകൊണ്ട് തന്നെയാണ് പാലിയേറ്റീവ് കെയർ സെന്ററുകൾ ആവശ്യമാണെന്ന് ഞങ്ങൾ പ്രത്യേകം പറയുന്നത്’’
എന്നാൽ അവിടുത്തെ മനുഷ്യർ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യത്തിന് വൈകിയെങ്കിലും പരിഹാരമാകാൻ പോവുകയാണ്. കിടപ്പുരോഗികൾക്കും ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ സേവനം സംസ്ഥാന സർക്കാർ ഉറപ്പാക്കാനൊരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് അവിടുത്തെ മനുഷ്യർ സ്വീകരിക്കുന്നത്. സാന്ത്വനചികിത്സ പൗരരുടെ അവകാശമാക്കാൻ ലക്ഷ്യമിട്ട് സാർവത്രിക പാലിയേറ്റീവ് കെയർ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവർത്തനങ്ങളെ ഒരു കുടക്കീഴിലാക്കി 'കേരള കെയർ' എന്ന പേരിൽ പ്രത്യേക ഗ്രിഡ് സ്ഥാപിക്കും. ഇതോടെ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാകും. തദ്ദേശ- ആരോഗ്യവകുപ്പുകൾ ചേർന്നുള്ള പദ്ധതി ഉടൻ നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. വിദഗ്ധ ശുശ്രൂഷ ആവശ്യമുള്ള ഗുരുതര രോഗം ബാധിച്ചവരെയും കൂടി പരിഗണിച്ചാൽ പരിചരണം ആവശ്യമുള്ള മനുഷ്യരുടെ എണ്ണം ആറ് ലക്ഷത്തിന് മുകളിലായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവർക്കെല്ലം വീടുകൾ കേന്ദ്രീകരിച്ചുള്ള പരിചരണവും ആരോഗ്യസേവനവും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രോഗികൾ, പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും കോർപറേഷനിലെയും സെക്രട്ടറിമാർ, ജില്ലാ ജോ.ഡയറക്ടർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർ, സന്നദ്ധ സംഘടനകൾ, വോളന്റിയർമാർ എന്നിവർ ഗ്രിഡിൽ രജിസ്റ്റർ ചെയ്യണം. വാർഡ് മുതൽ സംസ്ഥാനതലം വരെ പാലിയേറ്റീവ് കെയർ പ്രവർത്തനം ഏകോപിപ്പിക്കും. രജിസ്‌ട്രേഷൻ നടപടികൾ അന്തിമഘട്ടത്തിലാണെന്നും അധികൃതർ പറയുന്നു. സന്നദ്ധസേവകർക്കുപുറമെ പ്രത്യേക പരിശീലനം നേടിയ നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. മരുന്നും പരിചരണ സാമഗ്രികളും ഫിസിയോതെറാപ്പി സൗകര്യങ്ങളും ഇതോടൊപ്പം ഉറപ്പാക്കും. ആശാ പ്രവർത്തകരെയും ഈ പദ്ധതിയോടൊപ്പം സഹകരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സർക്കാർ നടപ്പിലാക്കുന്ന പുതിയ പാലിയേറ്റീവ് നയത്തെ സ്വാഗതം ചെയ്യുമ്പോഴും അതിന്റെ പരിമിതികളെ കുറിച്ചും ഇതുവരെയും പൂർണമായി ലഭ്യമാകാത്ത നീതിയെ കുറിച്ചും ട്രൂകോപ്പി തിങ്കുമായി സംസാരിക്കുകയാണ് ‘സെർവ്’ കൂട്ടായ്മ സെക്രട്ടറി കെ.കെ. അശോകൻ:
“2010-ലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവോടു കൂടിയാണ് പാലിയേറ്റീവ് കെയർ സെന്ററിന് നിയമപ്രാബല്യം വരുന്നത്. ഇരകൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക എന്നതിനോടൊപ്പം അന്നത്തെ വിധിയിൽ മറ്റൊരു കാര്യം വളരെ പ്രാധാന്യത്തോടെ വ്യക്തമാക്കിയിരുന്നു. ഒരു പ്രദേശത്ത് ആറായിരത്തോളം രോഗികളുണ്ടെന്നും അവർക്ക് സാന്ത്വന പരിചരണം ഉറപ്പുവരുത്താൻ കേന്ദ്രീകൃത പാലിയേറ്റീവ് സംവിധാനം വേണമെന്നും പറയുന്നുണ്ട്. 2010-ൽ പുറത്തിറങ്ങിയ റിപ്പോർട്ടിൽ 2025-ലും നടപടിയെടുത്തിട്ടില്ല. 2022-ൽ സെർവ് കളക്ടീവ് കണ്ടംപ്റ്റ് പെറ്റീഷൻ കൊടുത്തശേഷമാണ് ആശ്വാസധനമായ അഞ്ച് ലക്ഷം രൂപ പോലും ദുരിതബാധിതർക്ക് ലഭിക്കുന്നത്. എൻഡോസൾഫാൻ ഒരു അന്താരാഷ്ട്ര പ്രശ്‌നം കൂടിയാണല്ലോ? അതോടൊപ്പം ലോക ഭിന്നശേഷി നയം രൂപീകൃതമാകുകയും അവരെ സമൂഹത്തിന്റെ ഭാഗമാക്കുന്നതിന് പുതിയ കാഴ്ചപ്പാടുകൾ വരുന്നു. അതായത് പഴയ നിലയിൽ നിന്നല്ല പാലിയേറ്റീവ് സംവിധാനത്തെ ഇന്ന് ലോകം നോക്കി കാണുന്നത്. രോഗ കേന്ദ്രീകൃത സംവിധാനം എന്ന നിലയിൽ നിന്നു മാറി ഏതൊരു രോഗിക്കും പരിചരണം ഉറപ്പുവരുത്ത സംവിധാനമായി അത് മാറിയിട്ടുണ്ട്. വേദനിക്കുന്ന, രോഗിയായ മനുഷ്യന് പാലിയേറ്റീവ് പരിചരണം ലഭ്യമാകുന്നില്ല എന്നത് അവരുടെ മൗലികാവകാശങ്ങളുടയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. കേരളത്തിലെ പാലിയേറ്റീവ് സംവിധാനം കൊട്ടിഘോഷിക്കപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മതലത്തിൽ പരിശോധിക്കുമ്പോൾ മനസിലാകും അത് എത്രമാത്രം പരിമിതമാണെന്ന്. ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും കീഴിൽ ഒരു വണ്ടിയും ഒരാളെയും നൽകി മാസത്തിലൊരിക്കൽ രോഗികളുടെ വീട് സന്ദർശിച്ചതുകൊണ്ട് വലിയ കാര്യമില്ല. ആ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പാലിയേറ്റീവ് നയം നടപ്പിലാക്കാൻ സർക്കാർ പോലും നിർബന്ധിതരാകുന്നത്. പാലിയേറ്റീവ് ആശുപത്രിക്കുവേണ്ടിയുള്ള ഒരു കേസ് സെർവ് കളക്ടീവ് സുപ്രീംകോടതയിൽ ഫയൽ ചെയ്തിരുന്നു. ആ കേസ് മോണിറ്റർ ചെയ്യുന്നതിന് ഹൈക്കോടതിക്ക് കൈമാറിയിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഇന്നും പൂർണമായ വിധി വന്നിട്ടില്ല, മാത്രമല്ല, അതുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്. മെയ് 21-ന് ഈ കേസ് കോടതി പരിഗണിക്കും.

ട്രൂകോപ്പി തിങ്ക് പോലെ കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനമാണ് ആദ്യമായി കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് കേന്ദ്രീകൃത പാലിയേറ്റീവ് സംവിധാനം ലഭ്യമാകേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഒരു ഡോക്യുമെന്ററി ചെയ്യുന്നത്. എന്റെ ശ്രദ്ധയിൽ വേറൊരു മാധ്യമവും ഈ വിഷയത്തെ ഇങ്ങനെ കൈകാര്യം ചെയ്തിട്ടില്ല. സർക്കാർ സംവിധാനങ്ങളിൽ നിന്നുള്ളവരടക്കം നിരവധിയാളുകൾ അത് കാണുകയും ഞങ്ങളെ വിളിച്ചന്വേഷിക്കുകയുമൊക്കെ ചെയ്തിരുന്നു. പുതിയൊരു പാലിയേറ്റീവ് നയം രൂപീകരിക്കുന്നതിൽ ആ വർക്കിനൊരു പങ്കുണ്ടെന്ന് കരുതുന്നു’’.
‘‘ഇങ്ങനെയൊരു നയം രൂപീകരിക്കുമ്പോഴും ഇതിന് നിരവധി പരിമിതികളുണ്ടെന്നുകൂടി മനസിലാക്കണം. ലോകാരോഗ്യസംഘടന മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് നയം രൂപീകരിക്കപ്പെടേണ്ടതുണ്ട്. പുതിയ നയം രൂപീകരിക്കുമ്പോഴും മനുഷ്യാവകാശ കമ്മീഷൻ മുന്നോട്ടുവെച്ച ആവശ്യം നടപ്പിലാക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ദുരിതബാധിതരായ കുട്ടികൾ മരിക്കുന്നുണ്ട്. അപ്പോഴും കാസർഗോഡിന് ഒരു ഹോസ്പിറ്റൽ എന്ന ആവശ്യം നടപ്പിലാക്കപ്പെട്ടിട്ടില്ല. എന്നാൽ കാസർഗോട്ട് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ടെന്നാണ് സർക്കാർ കോടതിയിൽ നൽകിയ മറുപടി. അവിടെ നിലനിൽക്കുന്ന ആശുപത്രിയെന്ന പ്രശ്‌നത്തെ സർക്കാർ കൈകാര്യം ചെയ്യുന്നത് കൃത്യമായ രീതിയിലല്ല. അത് അഡ്രസ് ചെയ്യപ്പെട്ടിരുന്നുവെങ്കിൽ ഭരണഘടനാസ്ഥാപനങ്ങളുടെ നിർദേശപ്രകാരം ദുരിതബാധിത പ്രദേശത്ത് കേന്ദ്രീകൃത പാലിയേറ്റീവ് സംവിധാനം വരുമായിരുന്നു’’.
‘‘പുതിയ നയത്തിൽ എല്ലാ സംഘടനകൾക്കും രജിസ്‌ട്രേഷൻ വേണമെന്ന് പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഒരു കേന്ദ്രീകൃത സംവിധാനം നിലവിൽ വരാതെ എങ്ങനെയാണ് ഇത് നടപ്പിലാക്കപ്പെടുക. ഈ ചോദ്യം വലിയൊരു ആശങ്കയാണ്. ഉദാഹരണത്തിന് കാസർഗോഡ് ജില്ലയുടെ ജില്ലാ ആശുപത്രി കാഞ്ഞങ്ങാടാണ്. അഞ്ച് പേർക്ക് മാത്രമെ അവിടെ കടത്തി ചികിത്സയുള്ളൂ. ആറാമത്തെയൊരാൾ വന്നാൽ ആദ്യം വന്നയാളെ ഡിസ്റ്റാർജ് ചെയ്യും. ഒരാൾക്ക് എന്തെങ്കിലും രോഗം വന്നുകഴിഞ്ഞാൽ ഇനി ചികിത്സയൊന്നും നൽകേണ്ടതില്ലെങ്കിൽ അയാൾക്ക് പാലിയേറ്റീവ് പരിചരണം ഉറപ്പുവരുത്തപ്പെടണം. അത്തരം ഘട്ടങ്ങളിലാണ് ഞങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് ഓരോ ജില്ല കേന്ദ്രീകരിച്ചും പാലിയേറ്റീവ് ചികിത്സ മാത്രം ഉറപ്പുവരുത്തുന്ന ആശുപത്രികൾ ആവശ്യമായി വരുന്നത്’’- കെ.കെ. അശോകൻ പറഞ്ഞു.