ഡോ. എ.കെ. ജയശ്രീ

വെറുപ്പിന്റെ
വേരും പടലും

മനുഷ്യർ തമ്മിലുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വൈയക്തികവും സാമൂഹികവും രാഷ്​ട്രീയവുമായ കാരണങ്ങളെക്കുറിച്ച്​ ഒരു വിചാരം.

നുഷ്യർ എപ്പോഴും പരസ്പരം സ്‌നേഹിച്ചു കൊണ്ടിരിക്കണം എന്നാണ് നമ്മൾ പഠിക്കുന്നത്. "സ്‌നേഹമാണഖില സാരമൂഴിയിൽ', "നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക,' തുടങ്ങിയ പാഠങ്ങൾ കുഞ്ഞുന്നാളിൽ മുതൽ കേട്ടുവരുന്നതാണ്. "അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരണ' മെന്ന് മലയാളികളുടെ പ്രിയപ്പെട്ട നാരായണഗുരുവും പറയുന്നു.

ഇത് സാദ്ധ്യമാണോ? ചരിത്രത്തിൽ എപ്പോഴെങ്കിലും സാദ്ധ്യമായിട്ടുണ്ടോ? എന്ന് ചിന്തിച്ചാൽ നമ്മൾ കുഴങ്ങുകയേ ഉള്ളൂ. ഇതിൽ പാതി ശരിയും പാതി തെറ്റുമുണ്ട് എന്നുതോന്നുന്നു. മനുഷ്യർ പരസ്പരം സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നവരാണ്. അങ്ങനെ തിരിച്ചറിഞ്ഞില്ലെങ്കിൽ അത് കാപട്യമാവും. മറ്റെല്ലാ മനുഷ്യനിർമിതിയിലും എന്ന പോലെ വെറുപ്പിനെ പരമാവധി നിയന്ത്രിക്കാനും അതുവഴി മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാക്കാനും കഴിയുമോ എന്ന് അന്വേഷിക്കുകയാവും നല്ലത്. വെറുപ്പ് പൂർണമായി ഇല്ലാതാക്കാൻ കഴിയും എന്ന് വെറുതേ കരുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനേക്കാൾ അതിന്റെ വിവിധ തലങ്ങൾ പഠിക്കുകയും അതിനെ അഭിസംബോധന ചെയ്യുകയുമാണെങ്കിൽ അത് കുറെ കൂടി സത്യസന്ധമാകും.

വെറുപ്പ് ഒരു നിമിഷമെങ്കിലും ഉള്ളിൽ നുരയാത്ത മനുഷ്യരുണ്ടാകുമോ? ഇല്ലെന്നാണ് അനുമാനിക്കാവുന്നത്. അത് മുൻവിധിയും പക്ഷപാതവും എന്ന തരത്തിൽ എങ്കിലും എല്ലാവരിലുമുണ്ടാകും. എന്നാൽ, ഈ വികാരത്തിന്റെ അമിതമായ, ഭീമാകാരം പൂണ്ട, സമൂഹങ്ങളിൽ പടർന്നുപിടിക്കുന്ന തരം വളർച്ച നമ്മളെ ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്യുന്നു. മറ്റുള്ളവർക്ക് വേദനിക്കുമ്പോൾ നമുക്കും വേദനിക്കുന്ന ‘അനുതാപ'വും നമ്മൾ ആർജ്ജിച്ചിട്ടുള്ളതുകൊണ്ടാണത്. മാത്രമല്ല, വെറുപ്പിൽ നിന്ന് ഉടലെടുക്കുന്ന അതിക്രമങ്ങളും നാശവും ഏതുനിമിഷവും നമ്മളെ ഓരോരുത്തരേയും ബാധിച്ചെക്കാമെന്ന ആശങ്കയും നമുക്കുണ്ടാവും. അതിനാൽ മനുഷ്യസമൂഹത്തിന്റെ വികാസത്തിനും നിലനിൽപ്പിനും വേണ്ടി ആലോചിക്കുമ്പോൾ, വെറുപ്പ് നമ്മളിലില്ല എന്ന് ഭാവിക്കുന്നതിനെക്കാൾ, കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയും അതിനെ മെരുക്കിയെടുക്കുകയുമാണ് ഉത്തമം.

രഹസ്യമായി ചിലർ ചെവിയിൽ വന്ന് "നമ്മുടെ ആൾക്കാർ' എന്ന് പറയുമ്പോൾ ഞെട്ടി തരിച്ചു പോകാറുണ്ട്. തുടക്കത്തിൽ നിഷ്‌കളങ്കമെന്ന് തോന്നിയാലും പിന്നീട് കലാപങ്ങളുണ്ടാകുന്ന സമയത്ത് അത് പടർന്നുപിടിക്കാൻ ഈ മനസ്ഥിതി കാരണമായേക്കും

ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നുപിടിക്കുന്ന വെറുപ്പുകൾക്ക് ചരിത്രപരമായി ലഭിച്ച നുറുങ്ങുകളോടൊപ്പം സമകാലിക ജീവിതസാഹചര്യങ്ങളുടെ പ്രത്യേകതകളുമുണ്ട്. പരിചയമില്ലാത്ത ഒരാൾ നമ്മുടെ നേർക്ക് നടന്നുവരുമ്പോൾ ഉണ്ടാവുന്ന അലോസരം മുതൽ കൊലപാതകങ്ങളും വംശീയ കുരുതികളും ജെനോസൈഡും (genocide) യുദ്ധനാശവുമെല്ലാം വെറുപ്പിന്റെ വിവിധതരം പ്രകടനങ്ങൾ കൂടിയാണ്. ഇതിന്റെ സൂക്ഷ്മാംശങ്ങൾ അതിജീവനത്തിനായുള്ള ജീവശാസ്ത്രപരമായ ഘടകങ്ങളായും മാനസികതലത്തിലും മനുഷ്യരിൽ കാണുന്നുണ്ട്. അതെപ്പോഴും സമൂഹത്തിന് വിനാശകാരിയാകണമെന്നില്ല. എന്നാൽ, സാമൂഹ്യമായി പടർന്നുപിടിക്കുന്ന മതപരവും രാഷ്ട്രീയവുമൊക്കെയായ അതിവിദ്വേഷങ്ങളെ വേർതിരിച്ച് കാണേണ്ടിവരും. ഇതിന് രണ്ടിനുമിടയിൽ ഇപ്പോൾ സൈബറിടത്തിലെ വാക് പോരുകളും കാണാം. ചെറിയ പരിഹാസങ്ങളിലും അധിക്ഷേപങ്ങളിലും തുടങ്ങി വിധേയരാവുന്നവരെ വിഷാദത്തിലേക്കോ നിരാശയിലേക്കോ തള്ളിയിടുന്നവിധമുള്ള വിഷവാക്കുകൾ വരെ അതെത്തുന്നു. കൂട്ടം ചേർന്നുള്ള അക്രമത്തിന് വിധേയരാകുന്നവർ തകർന്നു പോകുന്നത് കാണാറുണ്ട്. ചിലർ സൈബർ സെല്ലിലൊക്കെ പരാതി നല്കുമെങ്കിലും പരിഹാരം കാണാറില്ല. പലരും സ്വയം അതിജീവിച്ച് കാണുന്നു.

സമൂഹമാധ്യമങ്ങൾ വന്നതോടെ എല്ലാവർക്കും അവരവരുടെ സൃഷ്ടിപരതയും സ്‌നേഹവും അതോടൊപ്പം വെറുപ്പും കൂടുതൽ പ്രദർശിപ്പിക്കാൻ അവസരം കൈ വന്നു. എല്ലാവർക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയാണത്. അവസരം കിട്ടിയാൽ നമ്മൾ എത്രത്തോളം മറ്റുള്ളവരോടുള്ള വെറുപ്പ് പ്രകടിപ്പിക്കുമെന്നത് പല കമന്റുകളും വായിച്ചാൽ ബോദ്ധ്യപ്പെടും. എത്രത്തോളം നമുക്ക് നമ്മുടെ വീക്ഷണങ്ങൾക്കും മൂല്യങ്ങൾക്കും പുറത്തുനിൽക്കുന്ന ഒരാളെ ഉൾക്കൊള്ളാനാവും എന്നതിന്റെ ഒരു ടെസ്റ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും. സമൂഹമാധ്യമങ്ങളുടെ സ്വഭാവം നോക്കൂ: കുടുംബാംഗങ്ങളുടെയും പൂർവ്വ വിദ്യാർഥികളുടെയും ഗ്രൂപ്പുകൾ കഴിഞ്ഞാൽ പിന്നെ, കാര്യനിർവ്വഹണത്തിനായുള്ള ഒഫീഷ്യൽ ഗ്രൂപ്പുകൾ, സംഘടനാംഗങ്ങളുടെ ഗ്രൂപ്പുകൾ, വിദ്യാർഥികൾക്കുള്ള പഠനഗ്രൂപ്പുകൾ, ഒരേ ആശയം പങ്കുവക്കുന്നവർ എന്ന മുൻധാരണയിൽ പുതുതായി രൂപപ്പെടുന്ന സമൂഹങ്ങൾ തുടങ്ങിയവയാണ്​ കാണുന്നത്. സൗഹാർദ്ദത്തോടെ ആരംഭിക്കുന്ന കൂട്ടായ്മകളിൽ, ഇതുവരെ നമ്മൾ പിന്തുടർന്നുവരുന്ന ആശയങ്ങളിൽനിന്ന് വേറിട്ട് എന്തെങ്കിലും കണ്ടാൽ ചിലപ്പോൾ സംഘർഷങ്ങളുണ്ടാകുന്നതുകാണാം. അവിടെ ആളുകൾ പരസ്പരം തെറി വിളിക്കുകയും പിണങ്ങിപ്പിരിയുകയും ചെയ്യുന്നു. വലിയ വഴക്കായി അവസാനം വ്യക്തിഹത്യയിലെത്തുന്നു. നമ്മുടെ ആശയങ്ങളോട് ചേരുന്നില്ലെങ്കിൽ അവരെ മോശക്കാരായ എതിരാളികളായി ചിത്രീകരിക്കുന്ന ലേബൽ ചാർത്തുന്നതും കാണാം. ചിലർ സഹിക്കാൻ കഴിയാതെ ഗ്രൂപ്പ് വിടുന്നു. ചിലരെ പുറത്താക്കുന്നു. വ്യക്തിപരമായി മറ്റൊരാളെ അധിക്ഷേപിക്കാതെ സ്വന്തം ആശയം പ്രകാശിപ്പിക്കണമെങ്കിൽ സ്വയം പരിശീലനം നേടണം. അത് നേടണമെങ്കിൽ നമ്മുടെ ഉള്ളിൽനിന്നുയരുന്ന വെറുപ്പിന്റെ ബാഷ്പങ്ങൾ സ്വയം തിരിച്ചറിയാൻ കഴിയണം.

വർഗീയകലാപങ്ങൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാവുന്ന അന്തരീക്ഷവും ഇപ്പോൾ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദശകങ്ങളിൽ ഗുജറാത്തിലും മറ്റും സംഭവിച്ചതിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. നാട്ടിൽ പല മതക്കാരും ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞിരുന്ന, നമ്മൾ മലയാളികളുടെ ഉള്ളിൽ അറിയാതെ ചില മാറ്റങ്ങൾ വരുന്നതും കാണുന്നു. അത്യാവശ്യത്തിന് തേങ്ങയും മുളകും ഒക്കെ കടം വാങ്ങി പരസ്പരം പങ്കുവക്കുന്ന അയൽക്കാർ, ഒരേ ബഞ്ചിലിരുന്ന് പഠിക്കുന്നവർ, ഒരുമിച്ച് ജോലി ചെയ്യുന്നവർ, യാത്ര ചെയ്യുന്നവർ ഒക്കെ വ്യക്തിപരമായല്ലെങ്കിലും മറ്റു മതക്കാരോടും ജാതിക്കാരോടും ഉള്ളിൽ ഒരു അകൽച്ചയുണ്ടാക്കിവരുന്നു. രഹസ്യമായി ചിലർ ചെവിയിൽ വന്ന് ‘നമ്മുടെ ആൾക്കാർ' എന്നുപറയുമ്പോൾ ഞെട്ടിത്തരിച്ചുപോകാറുണ്ട്. തുടക്കത്തിൽ നിഷ്‌കളങ്കമെന്ന് തോന്നിയാലും പിന്നീട് കലാപങ്ങളുണ്ടാകുന്ന സമയത്ത് അത് പടർന്നുപിടിക്കാൻ ഈ മനഃസ്ഥിതി കാരണമായേക്കും. അങ്ങനെ നമ്മൾ സ്വയം തിരിച്ചറിയാതെ പോലും കലാപങ്ങളിൽ പങ്കാളികളാകുന്നു.

വെറുപ്പ് ഒരു നിമിഷമെങ്കിലും ഉള്ളിൽ നുരയാത്ത മനുഷ്യരുണ്ടാകുമോ? ഇല്ലെന്നാണ് അനുമാനിക്കാവുന്നത്. അത് മുൻവിധിയും പക്ഷപാതവും എന്ന തരത്തിൽ എങ്കിലും എല്ലാവരിലുമുണ്ടാകും

അക്രമകാരികൾ എപ്പോഴും നമുക്ക് പുറത്തുള്ളവരായാണ് സങ്കല്പിക്കപ്പെടുന്നത്. എല്ലാ കലാപത്തിലും യുദ്ധത്തിലും അക്രമത്തിലും ഏതൊരാളും പക്ഷം ചേരും. നമ്മുടെ പക്ഷം ഏറ്റവും ശരിയാണെന്ന് കരുതുകയും അതിനുള്ള ന്യായം കണ്ടെത്തുകയും ചെയ്യും. അങ്ങനെ, വലിയ കൂട്ടക്കൊലകളിലൊക്കെ പരോക്ഷമായി നമുക്കും പങ്കുണ്ടെന്ന് അറിയാതെ പോകുന്നു. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ ഗാന്ധി, അഹിംസ ഒരു സമരമാർഗ്ഗമാക്കിയത് മനുഷ്യരാശിയുടെ തന്നെ വലിയൊരു കണ്ടെത്തലായി കണക്കാക്കേണ്ടി വരും. രാഷ്ട്രീയ- സാമൂഹ്യ തലത്തിലുള്ള ഒരു മാറ്റമായാണ് അത് ദൃശ്യമായതെങ്കിലും ഓരോരുത്തരുടേയും ഉള്ളിൽ വളർത്തിയെടുക്കേണ്ട ജാഗ്രതയും നിയന്ത്രണവും അതാവശ്യപ്പെടുന്നുണ്ട്. അക്രമങ്ങളെ ആഴത്തിലറിയാൻ പുറമേനിന്നുള്ള കാണൽ മാത്രം പോരാ, ഉള്ളിലേക്കുള്ള നോട്ടവും ആവശ്യമാണ്.

അതിജീവനത്തിനായുള്ള സഞ്ചാരവും, മാറി വരുന്ന പരിസ്ഥിതിയും ജനിതകമാറ്റങ്ങൾ അനിവാര്യമാക്കുമ്പോൾ അപരഗോത്രങ്ങളോട് അടുപ്പവും ആകർഷണവും വളർത്തേണ്ടി വരും.

ശരീരകോശങ്ങളിൽനിന്ന് വായിച്ചെടുക്കാവുന്ന ജനിതകം, മനുഷ്യവംശത്തിന്റെ ചരിത്രപഠനം, മനഃശാസ്ത്രം, പരിണാമശാസ്ത്രം, രാഷ്ട്രീയം, സാമൂഹികത തുടങ്ങിയ പല മേഖലകളിലുള്ള അറിവുകളെ ചേർത്തിണക്കിയാൽ മാത്രമേ വെറുപ്പിനെ പറ്റി നമുക്ക് ഉൾക്കാഴ്ച ലഭിക്കൂ. ഉള്ളിലേക്കുള്ള നിരന്തരമായ നോട്ടവും ആവശ്യമാണ്. സ്വന്തം ആൾക്കാരോടുള്ള അടുപ്പവും മറ്റുള്ളവരോടുള്ള അകൽച്ചയും നായാടി ജീവിച്ച പഴയ സമൂഹങ്ങൾ മുതലുണ്ടായിരുന്നതാണ്. ഇത് എപിജെനെറ്റിക് (epigenetics) തന്ത്രം വഴി തലമുറകളിലേക്ക് കൈമാറി വരുകയാണ്. അതിജീവനത്തിന് ഇത് ആവശ്യമായിരുന്നു എന്നും കാണാൻ കഴിയും. എന്നാൽ, അന്യ ഗോത്രങ്ങളിൽ നിന്ന് വിവാഹം ചെയ്യുകയും ജനിതകം കൈമാറുകയും ചെയ്യുന്നതുവഴി അതിജീവനം മെച്ചപ്പെടുത്താമെന്നത്, അന്യരെ സ്‌നേഹിക്കുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെ മറ്റു ഗോത്രങ്ങളോട് വെറുപ്പും എന്നാൽ, സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് ചങ്ങാത്തവും ഉണ്ടായി വന്നു. നായാടി ജീവിതത്തിലും ഗോത്രങ്ങളിലും ആഹാരസാധനങ്ങളുടെ ലഭ്യത, അത് നിലനിർത്താനുള്ള പരിശ്രമം, ലഭ്യതക്ക് കുറവുണ്ടാകുമ്പോൾ മറ്റു വിഭാഗങ്ങളുമായുള്ള ചങ്ങാത്തംകൂടൽ, പ്രായം, ലിംഗം, ശിശുസംരക്ഷണം തുടങ്ങി ജീവിതത്തിന്റെ പല ഘടകങ്ങളും ചരിത്രത്തിൽ സ്വന്തക്കാരോടുള്ള മമതയും അപരരോടുള്ള അകൽച്ചയും ചില ഘട്ടങ്ങളിൽ അടുപ്പവും രൂപപ്പെടുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. അതിജീവനത്തിനായുള്ള സഞ്ചാരവും, മാറിവരുന്ന പരിസ്ഥിതിയും ജനിതകമാറ്റങ്ങൾ അനിവാര്യമാക്കുമ്പോൾ അപരഗോത്രങ്ങളോട് അടുപ്പവും ആകർഷണവും വളർത്തേണ്ടിവരും. ഈ ആകർഷണ വികർഷണങ്ങൾ മൂല്യങ്ങളായി സംസ്‌കാരത്തിലൂടെ പഠിപ്പിക്കപ്പെടുകയാണ്. ചങ്ങാത്തവും വെറുപ്പും, അങ്ങനെ അതോടൊപ്പം പഠിക്കുന്നു. ഇങ്ങനെ അതിജീവനവുമായി സംസ്‌കാരം ബന്ധപ്പെടുകയും അത് പരിതസ്ഥിതിക്കനുസരിച്ച് മാറുകയും ചെയ്യുന്നു. ഇപ്പോൾ കാണുന്ന രാജ്യാതിർത്തി വിഭജനവും ദേശസ്‌നേഹവും വിദേശിയോട് തോന്നുന്ന പുഛവും ഒക്കെ ഇങ്ങനെ വികസിച്ചുവന്നതാണ്. അത് കൊണ്ടുതന്നെ ഇതെല്ലാം ഇനിയും മാറ്റത്തിന് വിധേയപ്പെടാവുന്നതുമാണ്.

വർഗ്ഗീയ കലാപങ്ങൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാവുന്ന അന്തരീക്ഷവും ഇപ്പോൾ ആശങ്ക ഉണ്ടാക്കുന്നുണ്ട് .കഴിഞ്ഞ ദശകങ്ങളിൽ ഗുജറാത്തിലും മറ്റും സംഭവിച്ചതിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല

മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗവും നായാടികളായാണ് ജീവിച്ചിട്ടുള്ളതെന്നതും അക്കാലത്തെ അതിജീവനത്തിനുള്ള ആവശ്യമെന്ന നിലക്ക് ഒരു കൂട്ടത്തിൽ പെടുന്നവർക്കിടയിൽ സ്‌നേഹവും ചിലപ്പോൾ മത്സരവും ആവശ്യമായിരുന്നു എന്നും മനസ്സിലാക്കാൻ കഴിയും. മറ്റു കൂട്ടങ്ങളിൽ പെടുന്നവരോട് ഭക്ഷണത്തിനായുള്ള മത്സരം മൂലവും അപകടഭീതി മൂലവും ശത്രുത നില നിന്നിരുന്നു. അതേസമയം, ജനിതക കൈമാറ്റം നടത്തുന്നത് വ്യത്യസ്ത പരിതസ്ഥിതികളോടിണങ്ങിച്ചേരാനുള്ള കഴിവ് നല്കുമെന്നത്, മറ്റു വിഭാഗങ്ങളിലുള്ളവരോട് ആകർഷണവുമുണ്ടാക്കി. അപരരോട് ഇഷ്ടവും അനിഷ്ടവും എങ്ങനെ നമുക്കുണ്ടാവുന്നു എന്ന് മനസ്സിലാക്കാൻ ഈ കുലചരിത്ര പഠനം സഹായിക്കും. വിഭവങ്ങൾ കൂടുതൽ ലഭ്യമായ ഇക്കാലത്ത് കൂടുതൽ സ്‌നേഹിക്കാൻ കഴിയുമെന്ന യുക്തിയിലേക്കാണ് നമുക്ക് എത്താനാവുന്നത്. താരതമ്യേന, അടുത്ത കാലത്തുമാത്രമുണ്ടായ ആധുനിക ഉപകരണങ്ങളും അതു മൂലം വർദ്ധിച്ച വിഭവങ്ങളും കൂടുതൽ സഹകരണത്തിനും സ്‌നേഹത്തിനുമുള്ള സാഹചര്യങ്ങൾ നൽകിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് മനുഷ്യർ പരസ്പരം വംശീയതയുടെയും ദേശീയതയുടേയും മറ്റു പലതിന്റേയും അടിസ്ഥാനത്തിൽ വെറുക്കുന്നത്, എന്നത് ഇപ്പോൾ വെറുപ്പിനെ പറ്റിയുള്ള ഗവേഷണങ്ങളിൽ കണ്ടു വരുന്നു.

ഇപ്പോൾ കാണുന്ന വംശപരമായും മതപരമായും വ്യക്തികൾക്കിടയിലും മറ്റുമുള്ള വെറുപ്പ് ആധുനികതയിലേക്കെത്തുന്നതിനുമുമ്പ് നമ്മൾ ജീവിച്ച, അതിജീവിച്ച രീതികളുടെ തുടർച്ചയാണെന്നതാണ്. സ്വയം കരുതുന്നതുപോലെ നമ്മൾ ആധുനികരായി തീർന്നിട്ടില്ലെന്നർത്ഥം.

ഇപ്പോഴും വെറുപ്പ് നിലനിൽക്കുന്നതിന് കാരണമായി പറയുന്നത്, പരസ്പര മത്സരത്തിലൂടെ ജീവിച്ച അതിദീർഘകാലം തന്നെയാണ്. നീണ്ടനാളത്തെ അനുഭവം കൊണ്ട് അത് ശരീരത്തിൽ തന്നെ അലിഞ്ഞുചേർന്നുപോയിരിക്കുന്നു. സമാനമായ ഒരുദാഹരണമായി പറയുന്നത്, മനുഷ്യർക്ക് പാമ്പിൽ നിന്നോ വന്യജീവികളിൽ നിന്നോ ഉണ്ടാകുന്ന മരണത്തേക്കാളധികം നമ്മുടെ തന്നെ സൃഷ്ടിയായ മോട്ടോർ വാഹനങ്ങളിൽ നിന്നുണ്ടാകുന്നു എന്നതാണ്. ആദ്യത്തേതുമായി നമുക്ക് ദീർഘകാല പരിചയമുള്ളതുകൊണ്ട് നേരിടാനുള്ള പ്രാപ്തി കൂടുതലാണ്. സ്വന്തം രക്തത്തോടുള്ള ചായ്​വും മറ്റു കുലങ്ങളോടുള്ള വെറുപ്പും എവിടെയോ സൂക്ഷിച്ചിരിക്കുന്നതുകൊണ്ടാണ് ഗാർഹിക പീഡനത്തിൽ കൂടുതലും മറ്റു ബന്ധുക്കളായ സ്ത്രീകളെ അപേക്ഷിച്ച്​, ഭാര്യമാർ കൊല്ലപ്പെടുന്നതെന്നും ചിലർ പറയുന്നുണ്ട്. ഇപ്പോൾ കാണുന്ന വംശപരമായും മതപരമായും വ്യക്തികൾക്കിടയിലും മറ്റുമുള്ള വെറുപ്പ് ആധുനികതയിലേക്കെത്തുന്നതിനുമുമ്പ് നമ്മൾ ജീവിച്ച, അതിജീവിച്ച രീതികളുടെ തുടർച്ചയാണെന്നതാണ്. സ്വയം കരുതുന്നതുപോലെ നമ്മൾ ആധുനികരായി തീർന്നിട്ടില്ലെന്നർത്ഥം.

ഇപ്പോൾ കാണുന്ന രാജ്യാതിർത്തി വിഭജനവും ദേശസ്‌നേഹവും വിദേശിയോട് തോന്നുന്ന പുഛവും ഒക്കെ ഇങ്ങനെ വികസിച്ചു വന്നതാണ്

വൈകാരികവും യുക്തിപരവുമായ മാനസികതലം വെറുപ്പിന്റെ വിഹാരരംഗമാണ്. മസ്തിഷ്‌കത്തിലെ ന്യൂറോണുകൾ അതിനടിസ്ഥാനമായി രൂപപ്പെട്ടിരിക്കും. ദീർഘകാലത്തെ ജീവിതരീതികൾ കൊണ്ടാണ് അവ അത്തരത്തിൽ ഉറച്ചിരിക്കുന്നത്. പഴയ സാഹചര്യങ്ങൾ മാറിയിട്ടും നമുക്ക് വെറുപ്പ് കുറക്കാൻ കഴിയാത്തതിനുകാരണം കുട്ടികൾക്ക് നൽകുന്ന പഴയ മൂല്യങ്ങളടങ്ങുന്ന കഥകളാണെന്നും വിശദീകരണമുണ്ടായിട്ടുണ്ട്. ഒരു വിഭാഗത്തെ, രാക്ഷസന്മാരായും കൊല്ലപ്പെടേണ്ടവരായുമൊക്കെ ചിത്രീകരിച്ചാണല്ലോ കുട്ടികൾക്ക് കഥകൾ പകർന്നുനൽകുന്നത്. ചെറുപ്പകാലത്ത് ഉള്ളിൽ വേരോടുന്ന പക്ഷപാതപരമായ ചിന്തകൾ പിന്നീട് വെറുപ്പായി വളരാനിടയുണ്ട്. കുട്ടിക്കാലത്ത് നേരിടേണ്ടിവരുന്ന അക്രമങ്ങളും ഭാവിയിൽ അക്രമസ്വഭാവമുണ്ടാക്കുന്നു. മറ്റുള്ളവരെ വെറുക്കുന്നതുപോലെ തന്നെ അവർ സ്വയം ഇഷ്ടപ്പെടാത്തവരും ആയി തീരും. മസ്തിഷ്‌കത്തിലെ വിവിധ ഭാഗങ്ങളുടെ വ്യത്യാസങ്ങളും, ഇതിനനുസരിച്ച് ഇമേജിങ് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെറുക്കുന്നവരുടെ മുഖം കാണുമ്പോൾ, അവരുടെ തലച്ചോറിന്റെ പല ഭാഗങ്ങളും ഉത്തേജിപ്പിക്കപ്പെടുന്നതായി കാണുന്നു. കുട്ടികളിൽ വെറുപ്പ് വളരാതിരിക്കാൻ ബോധപൂർവ്വം ശ്രമിക്കാവുന്നതാണ്. കഥകളിൽ പരസ്പരം പോരടിക്കുന്നവർക്കുപകരം ഒരുമിച്ച് ജോലി ചെയ്യുന്നവരാകാം. മത്സരങ്ങളെക്കാളുപരി കുട്ടികൾക്ക് സഹകരണത്തോടെയുള്ള പഠനസംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് നല്ലതായിരിക്കും.

സമൂഹ മാദ്ധ്യമങ്ങൾ വന്നതോടെ എല്ലാവർക്കും അവരവരുടെ സൃഷ്ടിപരതയും സ്‌നേഹവും അതോടൊപ്പം വെറുപ്പും കൂടുതൽ പ്രദർശിപ്പിക്കാൻ അവസരം കൈ വന്നു. എല്ലാവർക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയാണത്

വ്യക്തിതലത്തിൽനിന്ന് സാമൂഹികതലത്തിലേക്ക് വെറുപ്പ് പടരുമ്പോൾ അതിന്റെ മാനം മാറുന്നു. വെറുപ്പ് അധികാരത്തിനുവേണ്ടി, രാഷ്ട്രീയമായി രൂപാന്തരപ്പെടുത്തി എടുക്കുന്നത്, മനുഷ്യരുടെ സ്വഭാവത്തിന്റെ ഭാഗമായി ഉണ്ടായതിൽ നിന്ന് വ്യത്യസ്തമായ തലത്തിൽ കാണേണ്ടതാണ്. അത് സോഷ്യൽ എഞ്ചിനീയറിംഗിലൂടെ ബോധപൂർവ്വം ഉണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായി മാറുന്നു. ഉദ്യോഗസ്ഥരും ഡോക്ടർമാരെ പോലെയുള്ള പ്രൊഫഷണലുകളും പട്ടാളക്കാരുമൊക്കെ ചിലപ്പോൾ അറിയാതെ തന്നെ അതിന്റെ ഭാഗമാവുകയാണ്. ഹോളോകാസ്റ്റ് അതിനുദാഹരണമാണ്. ഇന്ത്യയിൽ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത് മറ്റൊരുദാഹരണമാണ്. അടിയന്തരാവസ്ഥയിലും അങ്ങനെ സംഭവിച്ചിട്ടുണ്ടാകും. പ്രധാന വ്യത്യാസം, അത് പൊടുന്നനെയുണ്ടാകുന്നതല്ല, അധികാരികൾ ലക്ഷ്യം വച്ച് വളർത്തിയെടുക്കുന്നതാണ് എന്നതാണ്. വ്യക്തിതലത്തിലുള്ള വെറുപ്പിൽ വികാരാംശം കൂടുതലാണെങ്കിൽ രാഷ്ട്രീയമായതിന് യുക്തിപരമായ ലക്ഷ്യവും കൃത്യമായ പദ്ധതിയും ഉണ്ടായിരിക്കും. സയൻസും ടെക്​നോളജിയും മറ്റെല്ലാ സംവിധാനങ്ങളും അതിനായി ഉപയോഗപ്പെടുത്തും.

രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളിൽ നിന്ന് / Photo : Wikimedia Commons

വെറുപ്പിന്റെ സ്വഭാവങ്ങൾ പല തരത്തിലാണ് പ്രകടമാകുന്നത്. വെറുക്കപ്പെടേണ്ടവർ ഒരിക്കലും ആ അവസ്ഥയിൽനിന്ന് മാറില്ല എന്നത് അപകടം പിടിച്ച വിശ്വാസമാണ്. വെറുപ്പിന്റെ അനുഭവങ്ങൾ പലരും വിവരിക്കുന്നത് കേൾക്കാറുണ്ട്. ‘അവനെ കണ്ടപ്പോൾ തന്നെ എന്റെ മുഖത്തേക്ക് രക്തം ഇരച്ചുകയറി’, ‘അല്ലെങ്കിലും അതല്ലേ ജാതി?' തുടങ്ങിയ സംഭാഷണങ്ങളൊക്കെ ചില പ്രകടനങ്ങളാണ്. അതിനാൽ വെറുപ്പ് മനസ്സിലെ വികാരമായി മനസ്സിലാക്കപ്പെടുന്നു എങ്കിലും സ്ഥിരമായ ഭാഷാ പ്രയോഗങ്ങളിലൂടെയും ആചാരങ്ങളിലൂടെയും നിയമങ്ങളിലൂടെയും ഒക്കെ സ്ഥാപനവൽക്കരിക്കപ്പെടുന്നുമുണ്ട്. ദലിതുകൾക്കുനേരെ നടക്കുന്ന അക്രമങ്ങളൊക്കെ ഇങ്ങനെ ഉറപ്പിക്കപ്പെട്ടതാണ്. തുല്യത ഘോഷിക്കുന്ന ഭരണഘടന ഉണ്ടായിട്ടും ഇതെല്ലാം തുടരുന്നതും അതുകൊണ്ടാണ്.

മനുഷ്യരിൽനിന്ന്​ വെറുപ്പ് ഉന്മൂലനം ചെയ്യാൻ ഒരുപക്ഷെ കഴിഞ്ഞില്ലെങ്കിലും നിയന്ത്രണവിധേയമാക്കാവുന്നതല്ലേ എന്ന ചോദ്യമാണ് ഇവിടെ ഉയർന്നുവരുന്നത്. എത്രത്തോളം ചുരുക്കിക്കൊണ്ടുവരാൻ കഴിയുമെന്ന് ആധുനികസമൂഹം അന്വേഷിക്കേണ്ടതാണ്.

ദീർഘനാളത്തെ ആചാരങ്ങളായി കഴിയുമ്പോൾ, യാതൊരു വികാരവുമില്ലാതെ അനുഷ്ഠാനം പോലെയുള്ള ചില പ്രവൃത്തികളായി അവ പ്രകടമാക്കുകയാണ്. താഴ്ന്ന ജാതിക്കാർ കടക്കാൻ പാടില്ലാത്തിടത്ത് പ്രവേശിച്ചാൽ അവരെ തല്ലുകയോ കൊല്ലുകയോ ഒക്കെ ചെയ്യുന്നത് ഇങ്ങനെയാണ്. ഇത് ഒരാളിന്റെ ഉള്ളിലെ വികാരം മാത്രമല്ല, പരസ്പരമുള്ള ഇടപെടലുകളിലൂടെ രൂപപ്പെട്ടു വരുമ്പോൾ കൂടുതൽ ഉറപ്പ് നേടുന്നു. വിദ്വേഷപ്രസംഗങ്ങൾ ഒരാളിൽനിന്നു തുടങ്ങി കേൾവിക്കാരിലേക്ക് പ്രസരിക്കുന്നു. മനുഷ്യരെ വേർതിരിക്കുന്ന മതിലുകളും കെട്ടിടങ്ങളും വക വരുത്താനുപയോഗിക്കുന്ന ആയുധങ്ങളും പ്രിൻറ്​ ചെയ്ത വചനങ്ങളും ഇതിന്റെ ഭൗതികമായ അടയാളങ്ങളാണ്. ഈ വസ്തുക്കളെല്ലാം വെറുപ്പിനുള്ള ത്വര ഉണർത്തുന്നതും അതിന്റെ വ്യാഖ്യാനങ്ങളുമാണ്. അത് വികാരം മാത്രമായി നില കൊള്ളുന്നതല്ല. ചിലപ്പോൾ ധാർമികവേഷത്തിലെത്തുന്ന, യുക്തി ഉപയോഗിച്ച് ഉറപ്പിക്കുന്ന മുൻവിധികളുമാണ്. ടെക്​സ്​റ്റുകളിലൂടെയും വസ്തുക്കളിലൂടെയും നടപ്പാക്കുന്നവരിലൂടെയും പ്രകടമാകുന്നതിനാൽ സൂക്ഷ്മമായി അവ പരിശോധിച്ച് ഇല്ലാതാക്കാനും കഴിയും.

വിദ്വേഷപ്രസംഗങ്ങൾ ഒരാളിൽ നിന്നു തുടങ്ങി കേൾവിക്കാരിലേക്ക് പ്രസരിക്കുന്നു. മനുഷ്യരെ വേര് തിരിക്കുന്ന മതിലുകളും കെട്ടിടങ്ങളും വക വരുത്താനുപയോഗിക്കുന്ന ആയുധങ്ങളും പ്രിന്റ് ചെയ്ത വചനങ്ങളും വെറുപ്പിന്റെ ഭൗതികമായ അടയാളങ്ങളാണ്

മനുഷ്യരിൽനിന്ന്​ വെറുപ്പ് ഉന്മൂലനം ചെയ്യാൻ ഒരുപക്ഷെ കഴിഞ്ഞില്ലെങ്കിലും നിയന്ത്രണവിധേയമാക്കാവുന്നതല്ലേ എന്ന ചോദ്യമാണ് ഇവിടെ ഉയർന്നുവരുന്നത്. എത്രത്തോളം ചുരുക്കിക്കൊണ്ടുവരാൻ കഴിയുമെന്ന് ആധുനികസമൂഹം അന്വേഷിക്കേണ്ടതാണ്. അതിനനുകൂലമായ പല കാര്യങ്ങളും ഇന്ന് നമുക്കുണ്ട്. പ്രാകൃതമായ സംസ്‌കാരങ്ങൾ തിരുത്തിയെഴുതാൻ ശ്രമിച്ചാൽ, കാലമെടുത്താലും തലച്ചോറിലെ ന്യൂറോൺ മുദ്രണങ്ങൾ മാറ്റിയുറപ്പിക്കാൻ സാധിച്ചേക്കും. അവ മനസ്സിലാക്കിയെടുക്കാനുള്ള ടെക്​നോളജി വികസിക്കുന്നുണ്ട്. പരിതസ്ഥിതിക്കനുസരിച്ച് ഏറെക്കുറെ മാറാനുള്ള പ്ലാസ്റ്റികത മസ്തിഷ്‌കത്തിനുണ്ടെന്ന കണ്ടെത്തൽ ഇതിന് പ്രേരകമാണ്.

ഇപ്പോൾ വിഭവങ്ങൾ കൂടുതൽ ലഭ്യമാണ്. അതിന്റെ നീതിപൂർവ്വമായ വിതരണത്തിന് തടസം നിൽക്കുന്നതും പഴയ മാത്സര്യത്തിന്റെ യുക്തിയാണ്. ടെക്​നോളജി വികസിച്ച കാലത്ത് പഴയ ഈ സംസ്‌കാരം വലിയ ദുരന്തങ്ങളുണ്ടാക്കിയതിന്റെ അനുഭവങ്ങളുണ്ട്. അത് അങ്ങേയറ്റം മനം മടുപ്പിക്കുന്നതും കുറേ മനുഷ്യരെങ്കിലും ഇഷ്ടപ്പെടാത്തതുമാണ്. ഓരോരുത്തരുടെ ഉള്ളിലും വെറുപ്പിന്റെ അംശങ്ങളുണ്ടെന്ന് പലരും അറിയുന്നില്ല. ആ തിരിച്ചറിവുണ്ടാകുന്നത് മാറ്റത്തിലേക്ക് നയിക്കും. ▮


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments