വികസന രാഷ്ട്രീയത്തിലെ മനുഷ്യവിരുദ്ധതകൾ

ബുള്ളറ്റ് ട്രെയിൻ മുതൽ അതിവേഗ റെയിൽവേ വരെ

വികസനം എന്നാൽ മാനുഷിക വികസനവും അതോടൊപ്പം സ്വാതന്ത്യവും കൂടിയാണ് എന്ന കാഴ്ചപ്പാടിനെ തിരുത്താൻ കൂടി കെ റെയിൽ പദ്ധതിക്ക് കഴിയും

കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള 'കേരള നിർമ്മിതി' എന്ന പരിപാടിയിൽ കെ. റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് പാത പദ്ധതി അവതരിപ്പിച്ചപ്പോൾ / Photo: Twitter, Kerala rail
കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള 'കേരള നിർമ്മിതി' എന്ന പരിപാടിയിൽ കെ. റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് പാത പദ്ധതി അവതരിപ്പിച്ചപ്പോൾ / Photo: Twitter, Kerala rail

‘വികസനം എന്നാൽ സ്വാതന്ത്ര്യമാണ്’ എന്ന പുസ്തകത്തിൽ അമർത്യ സെൻ, വികസനത്തെ സാമ്പ്രദായിക രീതിക്കപ്പുറത്തേക്ക്​ വിശദീകരിക്കുന്നുണ്ട്​. ദേശീയോൽപാദനം, വ്യവസായിക വളർച്ച, വരുമാനം അതോടൊപ്പം ആധുനികവൽക്കരണം എന്നിവയുടെ അടിസ്ഥാനത്തിലല്ലാതെ, വ്യക്തിക്ക് ഉറപ്പാക്കുന്ന സ്വാതന്ത്ര്യം, അതിൽ തന്നെ ജനാധിപത്യം വഹിക്കുന്ന പങ്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ്​ അദ്ദേഹം വികസന​ത്തെ മുന്നോട്ടുവെക്കുന്നത്. ഈ പുസ്തകത്തോട് പലതലങ്ങളിൽ വിയോജിപ്പും ഉണ്ടായിട്ടുണ്ട്, എന്നാൽ നിലവിലെ ഇന്ത്യൻ ജനാധിപത്യവും അതിനുമുകളിലുള്ള മൂലധന നിയന്ത്രണവും പരിഗണിക്കുമ്പോൾ മനുഷ്യസ്വാതന്ത്ര്യത്തെ കുറിച്ചുള്ള സെന്നിന്റെ നിലപാടുകൾ ഗൗരവമായി തന്നെ വിലയിരുത്തണം.

വികസനം എന്നതിന് സർക്കാർ നൽകുന്ന നിർവചനത്തെ ജനം അംഗീകരിക്കുന്നില്ല എന്നതാണ് വർത്തമാന കാലത്തിന്റെ പ്രത്യകത. അങ്ങനെ ആയിരുന്നു എങ്കിൽ ലക്ഷദീപ് ജനത പ്രതികരിക്കില്ലായിരുന്നു. വികസനം എന്നാൽ പൗരന്റെ സ്വാതന്ത്ര്യം എന്നതിനേക്കാൾ സർക്കാരിന്റെ അധികാരം സ്ഥാപിക്കാനുള്ള ഒന്നാണ്​ ഇന്ന്​. സമൂഹത്തിലെ സാമ്പത്തിക ക്രയശേഷി കൂടുതലുള്ള ഒരു വിഭാഗത്തെ കൂടി പരിഗണിച്ചുകൊണ്ടുള്ള വികസനനയം പലപ്പോഴും ജനാധിപത്യാവകാശങ്ങളുടെയും സെൻ ചൂണ്ടിക്കാണിച്ച സ്വാതന്ത്ര്യത്തിന്റെയും നിഷേധം കൂടിയാണ്. മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയും കേരള സർക്കാരിന്റെ കെ- റെയിൽ പദ്ധതിയും ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്തേണ്ടത്.

സാമൂഹിക മേഖലയിൽ പണം ചെലവാക്കുന്നത് ക്രമബന്ധിതമായി കുറച്ചുകൊണ്ടുവരികയാണ് സർക്കാർ. പകരം, സമൂഹത്തിലെ ചെറിയ വിഭാഗം വരുന്ന താരതമ്യേന വർധിച്ച ക്രയശേഷിയുള്ള വിഭാഗത്തിന്റെ ഉപഭോഗച്ചെലവിനെ ഭാഗികമായിട്ടെങ്കിലും പിന്തുണക്കുകയും ചെയ്യുന്നു.

നരേന്ദ്ര മോദി സർക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിയായിരുന്നു മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. 1,10,000 കോടി രൂപ വരുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഏകദേശം 1396 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഗുജറാത്ത് സർക്കാർ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വലിയതോതിൽ മുന്നോട്ടുകൊണ്ടുപോയി. കർഷകരുടെ എതിർപ്പുണ്ടായെങ്കിലും അവ മറികടന്ന് ഭൂമി ഏറ്റെടുക്കാൻ സർക്കാരുകൾക്ക് കഴിയും എന്നുതന്നെയാണ് കണക്കാക്കാൻ കഴിയുന്നത്. വിമാനയാത്രാച്ചെലവിൽ മുംബൈ നഗരത്തിൽനിന്ന് അഹമ്മദബാദ് വരെ യാത്ര ചെയ്യാം എന്നതിനപ്പുറം ഈ പദ്ധതി രാജ്യത്തിന്റെ അഭിമാന പദ്ധതിയായാണ് സർക്കാർ അവതരിപ്പിക്കുന്നത്. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ചെറുകിട കച്ചവടക്കാർക്ക് ഈ ട്രെയിനിൽ യാത്ര അപ്രാപ്ര്യമാണ്.

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്‌ക്കെതിരെ പാൽഘറിൽ ആദിവാസികൾ നടത്തിയ പ്രതിഷേധത്തിൽ നിന്ന്./ Photo: Twitter
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്‌ക്കെതിരെ പാൽഘറിൽ ആദിവാസികൾ നടത്തിയ പ്രതിഷേധത്തിൽ നിന്ന്./ Photo: Twitter

വിദേശവായ്പയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് പ്രധാനമായും ഒരു കാര്യമാണ്; മറ്റ് വികസിത രാജ്യങ്ങളിലുള്ള പരിമിതമായ എന്നാൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന ഒരു വിഭാഗത്തിന്റെ ഉപഭോഗത്തെ ആശ്രയിച്ചുകൊണ്ടുള്ള വൻകിട പദ്ധതികൾ രാജ്യത്തെ മൂലധന കേന്ദ്രീകൃത വികസനത്തിന് വലിയ പരിരക്ഷ നൽകും. സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാക്കുന്നതാണ് ഈ പദ്ധതി. എന്നാൽ ഈ നഷ്ടം ഏറ്റെടുക്കാൻ സർക്കാർ സന്നദ്ധമാണ്. പൊതുമുതലാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. ഈ നഷ്ടത്തെ സാമൂഹിക വികസനം, തൊഴിൽ സംരക്ഷണം, ദാരിദ്ര്യ നിർമാർജനം എന്നീ മേഖലകളിൽനിന്ന് സർക്കാർ പിന്നാക്കം പോകുന്നതിന്റെയും ചെലവാക്കുന്ന പണത്തിൽ വരുത്തുന്ന കുറവിന്റെയും അടിസ്ഥാനത്തിൽ വേണം മനസിലാക്കാൻ. സാമൂഹിക മേഖലയിൽ പണം ചെലവാക്കുന്നത് ക്രമബന്ധിതമായി കുറച്ചുകൊണ്ടുവരികയാണ് സർക്കാർ. പകരം, സമൂഹത്തിലെ ചെറിയ വിഭാഗം വരുന്ന താരതമ്യേന വർധിച്ച ക്രയശേഷിയുള്ള വിഭാഗത്തിന്റെ ഉപഭോഗച്ചെലവിനെ ഭാഗികമായിട്ടെങ്കിലും പിന്തുണക്കുകയും ചെയ്യുന്നു.

വിഴിഞ്ഞം പദ്ധതിയെ അംഗീകരിക്കുക വഴി ഏറെക്കുറെ ഈ പ്രശ്‌നത്തെ കേരളവും ഇടതു പാർട്ടികളും മറികടന്നതിനാൽ കെ- റെയിൽ പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം കേരളത്തിൽ രാഷ്ട്രീയ പ്രശ്‌നമായി അവതരിപ്പിക്കുന്നതിൽ നിന്ന് ഇടതുപക്ഷം പിൻവാങ്ങും.

ജനപങ്കാളിത്തത്തോടെ എന്ന പേരിൽ നൂറു ശതമാനം പ്രവർത്തനച്ചെലവ് സാധാരണക്കാരിൽ നിന്നും തൊഴിലാളികളിൽ നിന്നും ഈടാക്കുന്ന ജലനിധി, സ്വജൽധാരാ പോലെയുള്ള പദ്ധതികൾ നടപ്പിലാക്കിയ രാജ്യത്താണ് വലിയ തോതിൽ സർക്കാർ സബ്സിഡിയോടെ ബുള്ളറ്റ് ട്രെയിൻ യാത്ര ഒരുക്കുന്നത്. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിൽ നടപ്പിലാകും എന്ന് സർക്കാർ ഉറപ്പിച്ചു പറയുന്ന കെ- റെയിൽ പദ്ധതിയെ കാണേണ്ടത്.

കാസർകോട്ടുനിന്ന് നാലു മണിക്കൂർ കൊണ്ട് തിരുവന്തപുരത്ത് എത്താം എന്നതാണ് ഈ പദ്ധതിയുടെ ആകർഷണം. സമയലാഭം ഏകദേശം എട്ടു മണിക്കൂർ. 64,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഏഷ്യൻ വികസന ബാങ്കിന്റെയും (എ.ഡി.ബി) ജപ്പാൻ ബാങ്ക് ഓഫ് ഇന്റർനാഷണൽ കോ ഓപ്പറേഷന്റെയും ധനസഹായം പ്രതീക്ഷിക്കുന്നുമുണ്ട് (മുൻപ് എ.ഡി.ബി ക്കെതിരെയും ജെ.ബി.ഐ.സി ക്കെതിരെയും ഇടതുപക്ഷം സമരം ചെയ്തിരുന്നു എന്ന ചരിത്രം തൽകാലം വിസ്മരിക്കാം). ഈ പദ്ധതിയെ എതിർക്കാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവരില്ല എന്നതാണ് വസ്തുത. സർക്കാരിന്റെ പ്രതീക്ഷയും ആത്മവിശ്വാസവും അതുതന്നെയാണ്.

ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് കോൺക്ലെയ്‌വിൽ കെ റെയിൽ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്ന കേരള റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എം.ഡി. വി. അജിത് കുമാർ
ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് കോൺക്ലെയ്‌വിൽ കെ റെയിൽ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്ന കേരള റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എം.ഡി. വി. അജിത് കുമാർ

കെ- റെയിൽ പദ്ധതിക്ക് ഏക്കർ കണക്കിന് ഭൂമി ഏറ്റെടുക്കേണ്ടിവരും. ഒരു പക്ഷെ വലിയ നഷ്ടപരിഹാരം നൽകി സർക്കാർ ഭൂമി ഏറ്റെടുത്താൽ തന്നെ പദ്ധതി കേരളത്തിൽ സൃഷ്ടിക്കുന്ന നയപരമായ മാറ്റങ്ങൾ കൂടി ഗൗരവമായി കാണണം. ഒന്നാമതായി, പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ ഈ പദ്ധതി നടപ്പിലാകൂ. സ്വാഭാവികമായും അടിസ്ഥാന മേഖല വികസനത്തിൽ കേന്ദ്രസർക്കാർ അംഗീകരിച്ച നയം പിന്തുടരുക എന്ന രാഷ്ട്രീയ പ്രശ്‌നം ഇടതുസർക്കാർ നേരിടും.

കെ- റെയിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് മുന്നിൽ കാര്യമായ തടസമില്ല. ഈ പദ്ധതിയെ ‘പൊതു ഗതാഗതം' എന്ന ഗണത്തിൽ ഉൾപെടുത്താൻ കഴിയില്ല, അതുകൊണ്ടുതന്നെ സാമ്പ്രദായിക രീതിയിൽ ഇടതു സർക്കാരിന് വലിയ അവകാശ വാദത്തിന് സാധ്യതയില്ല.

വിഴിഞ്ഞം പദ്ധതിയെ അംഗീകരിക്കുക വഴി ഏറെക്കുറെ ഈ പ്രശ്‌നത്തെ കേരളവും ഇടതു പാർട്ടികളും മറികടന്നതിനാൽ കെ- റെയിൽ പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം കേരളത്തിൽ രാഷ്ട്രീയ പ്രശ്‌നമായി അവതരിപ്പിക്കുന്നതിൽ നിന്ന് ഇടതുപക്ഷം പിൻവാങ്ങും. പിന്നെയുള്ളത് കോൺഗ്രസും, മുസ്‌ലിം ലീഗുമാണ്. ഈ രണ്ടു പാർട്ടികളും ഇക്കാര്യത്തിൽ സർക്കാരിന് പിന്തുണ നൽകും. എല്ലാവർക്കും അറിയാവുന്നതുപോലെ ഈ പദ്ധതിയെ എതിർക്കുന്നവരെല്ലാം വികസന വിരോധികളോ മതതീവ്രവാദികളോ ആയി മുദ്രകുത്തപ്പെടാൻ ഇടയുള്ളതുകൊണ്ട് വലിയ ജനപങ്കാളിത്തം ഉണ്ടാകാൻ ഇടയില്ല. ചുരുക്കത്തിൽ കെ- റെയിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് മുന്നിൽ കാര്യമായ തടസങ്ങളില്ല. അതോടൊപ്പം ഈ പദ്ധതിയെ ‘പൊതു ഗതാഗതം' എന്ന ഗണത്തിൽ ഉൾപെടുത്താൻ കഴിയില്ല, അതുകൊണ്ടുതന്നെ സാമ്പ്രദായിക രീതിയിൽ ഇടതു സർക്കാരിന് വലിയ അവകാശവാദത്തിന് സാധ്യതയില്ല.

കെ. റെയിൽ പദ്ധതിയ്‌ക്കെതിരെ കോഴിക്കോട് വടകരയിലെ ചോറോട് നടന്ന പ്രതിഷേധത്തിൽ നിന്ന്‌ / Photo: facebook
കെ. റെയിൽ പദ്ധതിയ്‌ക്കെതിരെ കോഴിക്കോട് വടകരയിലെ ചോറോട് നടന്ന പ്രതിഷേധത്തിൽ നിന്ന്‌ / Photo: facebook

നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇടതുപക്ഷത്തിന് കിട്ടിയ വലിയ ഭൂരിപക്ഷവും മുഖ്യമന്ത്രിക്ക് കിട്ടിയ അംഗീകാരവും അതോടൊപ്പം തീരുമാനങ്ങളിലെ അധികാര കേന്ദ്രീകരണവും ഫലത്തിൽ സ്വകാര്യ മൂലധനത്തിന്റെ സുഗമമായ കടന്നുവരവിന് കാരണമാകുന്ന കാഴ്ചയോട് കേരളത്തിലെ ഇടതു സംഘടനകൾ ( യുവജന വിഭാഗം) എങ്ങനെ പ്രതികരിക്കും എന്നത് അടുത്ത അഞ്ചുവർഷം കേരളം കാണാൻ പോകുന്ന കൗതുകക്കാഴ്ചകളിൽ ഒന്നായിരിക്കും. പൊതുമണ്ഡലത്തിൽ ഇടതു വികസന രാഷ്ട്രീയം ചർച്ച ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ ഇടതുപാർട്ടികൾക്ക് പോലും കഴിയാതെ വരും എന്നത് ഗൗരവമായി തന്നെ നോക്കി കാണേണ്ടതാണ്.

വികസനം എന്നാൽ മാനുഷിക വികസനവും അതോടൊപ്പം സ്വാതന്ത്യവും കൂടിയാണ് എന്ന കാഴ്ചപ്പാടിനെ തിരുത്താൻ കൂടി കെ- റെയിൽ പദ്ധതിക്ക് കഴിയും

കേരളം മറ്റ് വികസിത വ്യാവസായിക രാജ്യങ്ങൾക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാൻ ഈ പദ്ധതിക്ക് കഴിയും. ഒരു പക്ഷെ സർക്കാർ ഉദേശിക്കുന്നതും അതുതന്നെയായിരിക്കും. ഈ പദ്ധതിയുടെ നടത്തിപ്പ് മാത്രമല്ല അത്, നിലനിർത്തേണ്ടതും ബുള്ളറ്റ് ട്രെയിൻ പദ്ധതി പോലെ സർക്കാർ ഉത്തരവാദിത്തമായി തീരും എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. വികസനം എന്നാൽ മാനുഷിക വികസനവും അതോടൊപ്പം സ്വാതന്ത്യവും കൂടിയാണ് എന്ന കാഴ്ചപ്പാടിനെ തിരുത്താൻ കൂടി കെ- റെയിൽ പദ്ധതിക്ക് കഴിയും. നവ ഉദാരവൽക്കരണ (neo-liberal development) നയത്തിന്റെ ഏറ്റവും വലിയ വിജയം എന്നത് മൂലധനത്തിന്, ഉൽപാദനമില്ലാതെ സർക്കാർ സംരക്ഷണത്തോടെ കിട്ടുന്ന മൂല്യവർധനവാണ്. അതോടൊപ്പം, എല്ലാവരുടെയും ഉപഭോഗം എന്നതിൽ നിന്ന് മാറി മൂല്യവർധിത ഉപഭോഗത്തെ ത്വരിതപ്പെടുത്തുന്ന വിപണി എന്ന ആശയവുമായി ബന്ധപ്പെടുത്തിവേണം കെ- റെയിൽ പദ്ധതിയെ നോക്കിക്കാണേണ്ടത്.▮

Comments