എം. കുഞ്ഞാമൻ / ഫോട്ടോ : ധനൂജ്

അന്ന് എ.കെ. ജി സെന്റർ ഒരു പാർട്ടി ഓഫീസായിരുന്നില്ല

ഏതൊരു പ്രത്യയശാസ്ത്രവും വളരുന്നത് അതിന്റെ വിമർശകരിലൂടെയും തളരുന്നത് അതിന്റെ ആരാധകരിലൂടെയുമാണ്.

സംവാദങ്ങളുടെ അടിസ്ഥാനം, നമ്മുടെ ജീവിതാനുഭവങ്ങളും വായിച്ചും ചിന്തിച്ചുമുള്ള അനുഭവങ്ങളുമാണ്. ഇവ സമ്മേളിക്കുകയാണ് സംവാദത്തിലൂടെ ചെയ്യുന്നത്. സംവാദങ്ങളിൽ പ്രകടിപ്പിക്കപ്പെടുന്ന ആശയഗതികൾക്ക് പ്രയോഗതലത്തിൽ എത്ര പ്രസക്തയും പ്രാധാന്യവുമുണ്ട്? നവമാധ്യമങ്ങളിലടക്കം ഇപ്പോൾ നടക്കുന്ന ചർച്ചകൾ എത്രത്തോളം വിപ്ലവകരമാണ്?
വിപ്ലവ ചിന്തകളും ആശയങ്ങളും ശക്തമായി ഉരുത്തിരിഞ്ഞത് ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തിനും മുമ്പാണ്. ഇപ്പോൾ, വിപ്ലവകരവും നവീനവുമായ ആശയങ്ങൾ കുറവാണ്. സംവാദങ്ങളിൽനിന്നും ചർച്ചകളിൽനിന്നും ഒരു പുതിയ രാഷ്ട്രീയം രൂപപ്പെട്ടുവരുന്നതായി കാണുന്നില്ല. ഇതിന് പ്രധാന കാരണം, നയം രൂപീകരിക്കുന്നത് എപ്പോഴും സമ്പന്നരാണ് എന്നതാണ്. ഇപ്പോൾ പോലും നയരൂപീകരണ രംഗത്ത് ദരിദ്രർക്ക്, മർദ്ദിതർക്ക്, ചൂഷിതർക്ക് വേണ്ടത്ര പ്രാധാന്യമോ പ്രസക്തിയോ കിട്ടിയെന്ന് പറയാനാകില്ല. അവർക്കുവേണ്ടി ചിന്തിക്കുന്നത് മറ്റുള്ളവരാണ്. സംവാദത്തിന്റെ പ്ലാറ്റുഫോമുകൾ വിപുലമായി എന്ന് പറയുമ്പോഴും അടിസ്ഥാനകാര്യങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്.

അന്ന്​ എ.കെ.ജി സെൻററിൽ നടന്നിരുന്ന അക്കാദമിക ചർച്ചകളിൽ പാർട്ടി കാര്യങ്ങൾ പ്രതിഫലിച്ചിരുന്നില്ല. അസഹിഷ്ണുത ഉണ്ടായിരുന്നില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നൊരു സന്ദേശം എനിക്ക് അവിടെനിന്നാണ് കിട്ടിയത്.

എ.കെ.ജി സെന്റർ എന്ന സംവാദകേന്ദ്രം

കേരള യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി തിരുവനന്തപുരത്ത് കഴിയുന്ന കാലം ഞാൻ ഓർക്കുകയാണ്. അക്കാലത്ത് ഞാൻ എ.കെ.ജി സെന്റർ എന്ന യൂണിവേഴ്‌സിറ്റിയിൽ പഠിക്കുകയും കേരള യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുകയുമായിരുന്നുവെന്ന് മുമ്പ് എഴുതിയിട്ടുണ്ട്. അത് വളരെ ആത്മാർഥമായി പറഞ്ഞ കാര്യമാണ്.
അന്ന് എ.കെ.ജി സെന്റർ ഒരു പാർട്ടി ഓഫീസായല്ല പരിഗണിക്കപ്പെട്ടിരുന്നത്, അതൊരു റിസർച്ച് സെന്ററായിരുന്നു. അവിടെ പ്രഗൽഭരായ പണ്ഡിതന്മാരും ചിന്തകരും വരും. അത്തരം ചർച്ചയിൽ പങ്കെടുക്കുക എന്നത് എന്നെ സംബന്ധിച്ച് പഠിക്കാനുള്ള അവസരമായിരുന്നു. ഓരോ കാര്യങ്ങളെയും വിശകലനാത്മകമായും വിമർശനാത്മകമായും എങ്ങനെ സമീപിക്കണം? ഇത്തരത്തിലൊരു പഠനക്കളരിയായാണ് ഞാനതിനെ കണ്ടിരുന്നത്. അന്നത്തെ അക്കാദമിക ചർച്ചകളിൽ പാർട്ടി കാര്യങ്ങൾ പ്രതിഫലിച്ചിരുന്നില്ല. അസഹിഷ്ണുത ഉണ്ടായിരുന്നില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നൊരു സന്ദേശം എനിക്ക് അവിടെനിന്നാണ് കിട്ടിയത്. വളരെ ഉയർന്ന തലത്തിലുള്ള ഒരു സ്‌പെയ്‌സ് എനിക്ക് അവിടെ ലഭിച്ചിരുന്നു. വളരെ ഉയർന്ന തലത്തിൽ അഭിപ്രായങ്ങൾ പറയാൻ അവസരം കിട്ടി. സമൂഹത്തിൽ ഒരു പദവി കിട്ടുക എന്നത് വലിയ കാര്യമായി ഞാൻ കാണുന്നില്ല, പകരം പഠിക്കാനും ചിന്തിക്കാനും നമ്മളെയും സമൂഹത്തെയും മനസ്സിലാക്കാനും ഒരു അവസരം കിട്ടുന്നു എന്നതാണ് പ്രധാനം. സാമൂഹികശാസ്ത്രപരമായ സമീപനത്തിന്റെ അന്തഃസ്സത്ത അതാണ്. അതിനുള്ള സ്‌പെയ്‌സ് അവിടെയുണ്ടായിരുന്നു. കേരള സ്‌റ്റേറ്റ് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. പ്രഭാത് പട്‌നായിക് ചെയർമാനായി രൂപീകരിച്ച "കമീഷൻ ഫോർ റീ സ്ട്രക്ചറിങ് ഹയർ എഡ്യുക്കേഷൻ' എന്ന സമിതിയിൽ ഡോ. മൈക്കിൾ തരകനും ഞാനുമൊക്കെ അംഗങ്ങളായിരുന്ന കാര്യം ഇപ്പോൾ ഓർക്കുന്നു.

റൊമില ഥാപ്പർ

ഇത്തരത്തിൽ അക്കാദമിക് കാര്യങ്ങളെ സമീപിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കേ കഴിയൂ. അത് അവർക്കുമാത്രം ഉണ്ടായിരുന്ന കഴിവാണ്. മറ്റു രാഷ്ട്രീയപാർട്ടികൾ വെറും രാഷ്ട്രീയമാണ് നോക്കുക. അന്നത്തെ നേതൃത്വവും ബുദ്ധിപരമായി വളരെ ഉയർന്ന തരത്തിലുള്ളതായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ളവരോടൊക്കെ ആളുകൾക്ക് പ്രത്യേക രീതിയിൽ മതിപ്പുണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ചിലരിൽ നിന്ന് പഠിച്ചിട്ടുണ്ട്. എന്നാൽ അവരെയൊന്നും ‘ദൈവിക'മായി കണ്ടിട്ടില്ല. കാരണം, മേലാളന്മാരെ വലിയ ആളുകളായി കാണുന്ന മനസ്ഥിതി എന്നെപ്പോലുള്ളവർക്ക് വലിയ അപകടം സൃഷ്ടിച്ചിട്ടുണ്ട്. ഇനിയും ആ അപകടം പാടില്ല എന്നത് എനിക്ക് നിർബന്ധമാണ്. നമ്മൾ അവരെ അംഗീകരിച്ചിരുന്നു എന്നു പറയുമ്പോൾ അവരെ ആരാധിച്ചിരുന്നു എന്നല്ല അർഥം. ഏതൊരു പ്രത്യയശാസ്ത്രവും വളരുന്നത് അതിന്റെ വിമർശകരിലൂടെയും തളരുന്നത് അതിന്റെ ആരാധകരിലൂടെയുമാണ്. ആരാധകർ ഒരു പ്രത്യയശാസ്ത്രത്തെ വളർത്താൻ സഹായിക്കുന്നില്ല. ചരിത്രത്തിൽ, സാമൂഹികശാസ്ത്രത്തിൽ ഏറ്റവും വിമർശിക്കപ്പെടുന്ന ചിന്തകൻ മാർക്‌സ് ആണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ പ്രാധാന്യവും. മാർക്‌സിന് ഭക്തരെയല്ല ആവശ്യം. ആരാധകരും ഭക്തരും വേണ്ടത് മതത്തിനും രാഷ്ട്രീയ പാർട്ടികൾക്കുമാണ്. ഒരു പ്രക്രിയയെ മുന്നോട്ടുനയിക്കുന്നത് വിമർശകരാണ്. മതത്തിൽ വിമർശനം പാടില്ല. ഒന്നുകിൽ വിശ്വാസി, അല്ലെങ്കിൽ വിശ്വാസയല്ലാതിരിക്കുക- ഇതിനിടയിൽ മതത്തിൽ ഒരു സ്‌പെയ്‌സ് ഇല്ല. പാർട്ടികളിലും വിയോജിക്കുന്നവർ പുറത്താണ്. ചിന്താപദ്ധതിയുടെ അഭാവത്തെയാണ് ഇത് കാണിക്കുന്നത്.

ഒരു ചിന്തകന് സ്വാതന്ത്ര്യം അത്ര പ്രധാനപ്പെട്ട കാര്യമല്ല. സപ്രസ്‌സ് ആകുമ്പോഴായിരിക്കും അവരിലെ ചിന്താശക്തി തീവ്രമാകുന്നത്. അതായത്​, സ്വതന്ത്രചിന്തക്ക്​ സ്വാത​ന്ത്ര്യം അനിവാര്യമല്ല.

ഉയർന്ന നിലവാരത്തിലുള്ള ചർച്ചയുടെ അന്തരീക്ഷം പിന്നീട് മാറിപ്പോയതായി തോന്നിയിട്ടുണ്ട്. അത് പുനഃസൃഷ്ടിക്കാൻ എം.എ. ബേബി ശ്രമിച്ചിരുന്നു. ‘റീ സ്ട്രക്ചറിംഗ് സോഷ്യൽ സയൻസസ്' എന്നൊരു ഇനീഷിയേറ്റീവ് എടുത്തു. റൊമില ഥാപ്പറായിരുന്നു ആ ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ, ഞാൻ അംഗമായിരുന്നു. ഇപ്പോൾ അതിന് സ്‌പെയ്‌സുണ്ടോ എന്ന് സംശയമാണ്. കാരണം, ചിന്താപരമായോ ദാർശനികമായോ സൈദ്ധാന്തികമായോ ദൈനംദിന രാഷ്ട്രീയത്തിന് ഉയരാൻ കഴിയുന്നില്ല. ഉദാഹരണത്തിന് ന്യൂസ് കേൾക്കുമ്പോൾ ഇപ്പോൾ ഒരു മടുപ്പാണ് തോന്നുക. പരസ്പരം കുറ്റപ്പെടുത്തൽ, കുറ്റകൃത്യങ്ങളേറുന്നു, സമൂഹത്തിലെ ദുർബലരായ ആളുകൾക്കെതിരായ ശക്തിപ്രകടനം... സമരം ചെയ്യേണ്ടത് ശക്തരോടായിരിക്കണം. ശക്തി, ശക്തരോട് കാണിക്കേണ്ടതാണ്, അശക്തരോട് കാണിക്കേണ്ടതല്ല. ശക്തി അശക്തരോട് കാണിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. അത് എന്നെപ്പോലുള്ളവരെ സംബന്ധിച്ച് പ്രയാസം സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. ഞാനതിനെ വൈകാരികമായി കാണാൻ ഇഷ്ടപ്പെടുന്നില്ല, വൈരുധ്യാത്മകമായേ കാണുന്നുള്ളൂ. കാരണം, സമൂഹത്തിലെ പ്രോസസ് ആണത്. സാമൂഹികമാറ്റമുണ്ടാകുന്നത് വൈരുധ്യാത്മകമായ ശക്തികളുണ്ടാകുമ്പോഴാണ്. സഹകരണത്തിലൂടെയല്ല സാമൂഹിക മാറ്റമുണ്ടാകുന്നത്. വൈരുധ്യാത്മകമായി സാമൂഹികശക്തികൾ സംഘർഷത്തിലേർപ്പെടുമ്പോഴും വിയോജിക്കുമ്പോഴുമാണ്. അത് മൗലികമായ ഹെഗേലിയൻ, മാർക്‌സിയൻ തത്വചിന്തയാണ്.

എന്നാൽ, ഇന്ന് സമന്വയത്തെക്കുറിച്ചാണ് കൂടുതൽ കേൾക്കുന്നത്. സംഘർഷം എന്നത് ഒരു ചീത്ത വാക്കായി ഉച്ചരിക്കപ്പെടുന്നു. സമന്വയത്തിലൂടെ പുതിയൊരു പ്രക്രിയ ഉണ്ടാകില്ല. മേലാള വിഭാഗത്തിലുള്ള പലരും പുരോഗമന വാദികളും വിപ്ലവകാരികളുമാണ്. പക്ഷെ, ഈ പുരോഗനമന ചിന്താഗതിക്കാരും വിപ്ലവകാരികളും എന്നുണ്ടായി, എന്തിനുണ്ടായി - ഈ രണ്ടു ചോദ്യങ്ങൾ സാമൂഹികമായി ഉയർത്തപ്പെടേണ്ടതുണ്ട്. കാരണം, അവർ വ്യത്യസ്ത റോളുകളിൽ വരികയാണിപ്പോൾ. ഇപ്പോൾ ലക്ഷ്യം സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരലല്ല, അധികാരം പിടിച്ചെടുക്കലാണ്. അധികാരത്തിനുവേണ്ടി പ്രവർത്തിക്കുമ്പോഴാണ് ഇത്തരത്തിൽ സമന്വയത്തിന്റെ ആവശ്യം വരുന്നത്. ഒരു കമ്യൂണിസ്റ്റ് പാർട്ടി എല്ലാവരുടെയും പാർട്ടിയല്ല, അത് തൊഴിലാളി വർഗത്തിന്റെ പാർട്ടിയാണ്. അവർ എല്ലാവരുടെയും പാർട്ടിയായി മാറിയിട്ടുണ്ടെങ്കിൽ വർഗപരമായ അവരുടെ സ്വത്വം നഷ്ടപ്പെട്ടു എന്നാണർഥം. അത്തരമൊരു പാർട്ടിയെ ചൂഷണം ചെയ്യപ്പെടുന്ന വർഗത്തിന് വിശ്വസിക്കാനും കഴിയില്ല. അതാണ് ഇവിടെ സംഭവിക്കുന്നത്.

അംബേദ്കറെ നമ്മൾ മുൻ നിയമമന്ത്രി എന്ന് പറയുന്നില്ലല്ലോ. അംബേദ്കർ എന്നു പറഞ്ഞാൽ മതി, നെഹ്‌റു എന്നു പറഞ്ഞാൽ മതി. കേരളത്തിൽ, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി എന്നൊക്കെ പറയാറുണ്ട്. എന്നാൽ ഈ വിശേഷണം ഇ.എം.എസിന് ആവശ്യമില്ല. ഭരണാധികാരികളെ സമൂഹം ഓർമിക്കില്ല. ദർശനമുള്ള, മുന്നോട്ടുള്ള കാഴ്ചപ്പാടുള്ള വ്യക്തികളാണ് ഓർമിക്കപ്പെടുന്നത്.

തെരഞ്ഞെടുപ്പുരാഷ്ട്രീയം സമൂല രാഷ്ട്രീയത്തിന്റെ മീതെ വരുമ്പോഴാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. സമന്വയം ആവശ്യമായി വരുന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്ത്രങ്ങളുണ്ടാക്കേണ്ടിവരുമ്പോഴാണ്. അപ്പോഴാണ് ഒരു ക്ലാസ് പാർട്ടിക്ക് മാസ് പാർട്ടിയാകേണ്ടിവരുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം സൃഷ്ടിക്കുന്ന നിർബന്ധിത സാഹചര്യമാണിത്. വർഗരാഷ്ട്രീയത്തെ തെരഞ്ഞെടുപ്പിന്റെ പേരിൽ വിലയിരുത്താനാകില്ല. രാഷ്ട്രീയം സമൂലമാണ്, തെരഞ്ഞെടുപ്പുവിജയം ഒരു തന്ത്രത്തിന്റെ വിജയമാണ്. സമന്വയ രാഷ്ട്രീയം എന്നതുതന്നെ ഒരു രാഷ്ട്രീയമല്ല, അത് മേലേയുള്ള വ്യവസ്ഥിതിയെ നിലനിർത്താനും സ്ഥിരപ്പെടുത്താനും സ്വാംശീകരിക്കാനുമുള്ള ഒരു അടവാണ്. അവിടെയാണ് ഭരണത്തുടർച്ചയുണ്ടാകുന്നത്. അതുകൊണ്ട് ഭരണത്തുടർച്ച എന്നത് പുതിയ കാര്യമല്ല. മറ്റൊരു മുന്നണി വന്നാലും ഇതേ ഭരണം തന്നെയാണ് നടക്കുക. ഭരണത്തുടർച്ചയേ ഇന്ത്യയിലുണ്ടായിട്ടുള്ളൂ. വ്യത്യസ്ത രാഷ്ട്രീയമല്ല, നിലവിലെ വ്യവസ്ഥിതിയെ ശക്തിപ്പെടുത്തുന്ന ഒരു തുടർച്ചയാണ്, ഭരണവ്യവസ്ഥയാണ് ഇവിടെയുണ്ടാകുന്നത്. അവിടെയാണ് സമന്വയത്തിന്റെ ആവശ്യം വരുന്നത്.
ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് വിപ്ലവപാർട്ടിയാകാൻ കഴിയില്ല, ഭരണത്തിലിരിക്കുന്ന ഒരു മുന്നണിക്ക് വിപ്ലവമുന്നണിയാകാൻ കഴിയില്ല. ഒരു ഭരണാധികാരിക്ക് ഒരു വിപ്ലവകാരിയാകാൻ കഴിയില്ല. വിപ്ലവകാരി എന്നാൽ, വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നവരും വേറൊരു വ്യവസ്ഥിതിയെ ദർശനം കാണുന്നവരുമാണ്. അവർ അധികാരം ഉപയോഗിക്കുന്നവരല്ല. നമ്മുടെ സമൂഹത്തിൽ, ധാരാളം ഭരണാധികാരികൾ സൃഷ്ടിക്കപ്പെട്ടു, എന്നാൽ എടുത്തുപറയാവുന്ന നേതാക്കളില്ല. അംബേദ്കറെ നമ്മൾ മുൻ നിയമമന്ത്രി എന്ന് പറയുന്നില്ലല്ലോ. അംബേദ്കർ എന്നു പറഞ്ഞാൽ മതി, നെഹ്‌റു എന്നു പറഞ്ഞാൽ മതി. കേരളത്തിൽ, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി എന്നൊക്കെ പറയാറുണ്ട്. എന്നാൽ ഈ വിശേഷണം ഇ.എം.എസിന് ആവശ്യമില്ല. ഭരണാധികാരികളെ സമൂഹം ഓർമിക്കില്ല. ദർശനമുള്ള, മുന്നോട്ടുള്ള കാഴ്ചപ്പാടുള്ള വ്യക്തികളാണ് ഓർമിക്കപ്പെടുന്നത്.

​'here and now' എങ്ങനെ തരണം ചെയ്യും?

സാങ്കേതിക വിദ്യയും അത് നൽകുന്ന സൗകര്യങ്ങളുമല്ല ആശയങ്ങൾ രൂപീകരിക്കുന്നത്. 17ാം നൂറ്റാണ്ടിൽ ഷെയ്ക്‌സ്പിയർ പറഞ്ഞു, Man is the architect of his destiny. മാക്ബത്തിലെ വാചകമാണ്. അത്യന്താധുനിക സാങ്കേതികവിദ്യ ഇല്ലാതിരുന്ന ഒരു കാലത്താണ് അദ്ദേഹം ഇത് എഴുതുന്നത്. മാർക്‌സും അംബേദ്കറും എഴുതിയത് സാങ്കേതികവിദ്യയുടെ സഹായത്തോടെയല്ല. അക്കാദമിക് ഗവേഷകരെ നോക്കൂ, അവരും എഴുതുന്നുണ്ട്. പക്ഷെ, അത് പരിമിതമാണ്. മാർക്‌സ് എഴുതിയതിന്റെ പത്തു ശതമാനം പോലും ഒരു അക്കാദമിക് പണ്ഡിതനോ ഗവേഷകനോ എഴുതുന്നില്ല. ഇതെന്തുകൊണ്ട് എന്നു ചോദിച്ചാൽ, മാർക്‌സിനോ അംബേദ്കർക്കോ എന്തോ പറയാനുണ്ടായിരുന്നു, അക്കാദമിക് ഗവേഷകർക്ക് എന്തെങ്കിലും പറയേണ്ടതുണ്ട്, അത് അവരുടെ നിലനിൽപിന്റെ ഭാഗമാണ്. എന്തെങ്കിലും പറയേണ്ടതുണ്ട് എന്ന തരത്തിൽ, വായിക്കുകയും ചിന്തിക്കുകയും ആശയങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളുകൾക്ക് താത്വികമായോ സൈദ്ധാന്തികമായോ പരിപ്രേക്ഷ്യപരമായോതത്വശാസ്ത്രപരമായോ ഒന്നും മുന്നോട്ടുവെക്കാനില്ല. ഇപ്പോൾ വരുന്ന പല ഗവേഷണ പ്രബന്ധങ്ങൾക്കും ചിന്തിപ്പിക്കാനുള്ള കഴിവ് കുറവാണ്. അവർ ഇൻഫോം ചെയ്യുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ തന്നെ പ്രത്യേകത, അത് ഇൻഫോം ചെയ്യുന്നുവെന്നതാണ്. ചിന്തിപ്പിക്കുകയല്ല. അക്കാദമിക് ഗവേഷണങ്ങളിൽനിന്ന് ചിന്താപരമായ ഒന്നും ഉണ്ടാകാത്തത് ഇതുമൂലമാണ്.

വ്യക്തികൾ പാർട്ടിക്ക് വിധേയരാകുകയാണ്. പാർട്ടികൾ വ്യക്തികളെ നിയന്ത്രിക്കുന്നു. ഭരണകൂടം വ്യക്തികളെ നിയന്ത്രിക്കുന്നു. അങ്ങനെയൊരു പാർട്ടിയിൽ പെടുന്നവർക്ക് പ്രാധാന്യം ലഭിക്കുന്നില്ല

മറ്റൊന്ന്, സ്വാതന്ത്ര്യം ഇല്ലെങ്കിലും ആളുകൾ ചിന്തിച്ചിരുന്നു. ഗ്രാംഷിയൊക്കെ ജയിലിൽ വച്ചല്ലേ പ്രിസൺ നോട്ടുബുക്ക് എഴുതിയത്. നെഹ്‌റു ജയിലിൽ കിടക്കുമ്പോഴാണ് ഡിസ്‌കവറി ഓഫ് ഇന്ത്യ എഴുതിയത്. ​കൊബാദ്​ ഗാന്ദി എന്ന റവല്യൂഷണറിയായ ചിന്തകൻ തീഹാർ ജയിലിൽ കഴിയുന്ന കാലത്ത് ഏറെ എഴുതിയ ആളാണ്. ഒരു ചിന്തകന് സ്വാതന്ത്ര്യം അത്ര പ്രധാനപ്പെട്ട കാര്യമല്ല. സപ്രസ്‌സ് ആകുമ്പോഴായിരിക്കും അവരിലെ ചിന്താശക്തി തീവ്രമാകുന്നത്. അതായത്​, സ്വതന്ത്രചിന്തക്ക്​ സ്വാത​ന്ത്ര്യം അനിവാര്യമല്ല. ഒരു ഏകാധിപതിക്ക്​ സ്വതന്ത്രചിന്തയുടെ സ്രോതസ്സിനെ തടഞ്ഞുനിർത്താൻ കഴിയില്ല. സ്വതന്ത്രചിന്തയെ തടഞ്ഞുനിർത്താൻ സ്​റ്റേറ്റ്​ മാരകമായ നിയമങ്ങൾ ​പ്രയോഗിക്കുന്നത്​ മൗഢ്യമാണ്​. സ്​റ്റേറ്റ്​ കൂടുതൽ ക്രൂരമാകു​മ്പോൾ സ്വതന്ത്രചിന്തയുടെ ആഴവും വ്യാപനവും വർധിക്കുകയാണ്​ ചെയ്യുക.

ഇ.എം.എസ്.

ഒരു സമൂഹത്തിൽ ആരാണ് സ്മരിക്കപ്പെടുന്നത്? പണ്ഡിതന്മാരാണ്, സാങ്കേതിക വിദഗ്ധരല്ല. 17ാം നൂറ്റാണ്ടിൽ എത്രയോ വിദഗ്ധരുണ്ടായിരുന്നു, എന്നാൽ, നമ്മൾ ന്യൂട്ടനെക്കുറിച്ചും ഷേക്സ്പിയറെക്കുറിച്ചുമാണ് ഇന്നും കേൾക്കുന്നത്. അന്നു ജീവിച്ചിരുന്ന ഒരു വിദഗ്ധനെ ആരാണ് ഓർക്കുന്നത്? വിദഗ്ധർ മരിക്കുന്നു, ചിന്തകൻ ജീവിക്കുന്നു. ചിന്തക്ക് മരണമില്ല എന്നു പറയുന്നതുപോലെ ചിന്തകർക്കും മരണമില്ല. കാലഘട്ടം മാറിമറിഞ്ഞാലും മാർക്‌സിന്റെ ആശയങ്ങൾക്ക് പ്രാധാന്യം കുറയുന്നില്ല. ചിന്തയുടെ മൗലികതയാണ് ഇത് കാണിക്കുന്നത്. ഒരാളെ അടിച്ചമർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ചിന്തയെ നശിപ്പിക്കാൻ പറ്റില്ല. സ്ഥലകാലപരിമിതികളെ അതിലംഘിക്കുന്നവരാണ് സ്മരിക്കപ്പെടുന്നത്.

ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ചും ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നവർക്ക് ഒരു transcendence ഉണ്ടാകുന്നില്ല. അവർക്ക് മീതെ പോകാൻ കഴിയുന്നില്ല. മീതെ പോകുന്നരാണ് സൈദ്ധാന്തികമായും തത്വശാസ്ത്രപരമായിട്ടും ചിന്തിക്കുന്നത്. "here and now' എങ്ങനെ തരണം ചെയ്യും എന്നത് ഉദാത്തമായ ചിന്തയാണ്. ഇന്നത്തെ പ്രശ്‌നങ്ങളിൽ ആഗിരണം ചെയ്യപ്പെട്ടവർക്ക് സ്ഥലകാലസീമകളെ ഭേദിച്ച് തത്വശാസ്ത്രപരമായും സൈദ്ധാന്തികമായും ഒന്നും പറഞ്ഞുവെക്കാൻ കഴിയില്ല.

ഏറ്റവും best ആയ വ്യക്തികളല്ല ചരിത്രത്തിൽ ഓർമിക്കപ്പെടുന്നത്, വ്യത്യസ്തരായവരാണ്. ആൾക്കൂട്ടത്തിൽ തനിയെ നിൽക്കുന്ന വ്യക്തികളെയാണ് സമൂഹം ശ്രദ്ധിക്കുന്നത്.

ഉദാഹരണത്തിന് പാർട്ടി നേതാക്കളെ നോക്കൂ; വ്യക്തികൾ പാർട്ടിക്ക് വിധേയരാകുകയാണ്. പാർട്ടികൾ വ്യക്തികളെ നിയന്ത്രിക്കുന്നു. ഭരണകൂടം വ്യക്തികളെ നിയന്ത്രിക്കുന്നു. അങ്ങനെയൊരു പാർട്ടിയിൽ പെടുന്നവർക്ക് പ്രാധാന്യം ലഭിക്കുന്നില്ല. അവർ പറയും, ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് എന്ന്. കുറച്ചുകാലം ഇവർ സ്മരിക്കപ്പെടുന്നത് അധികാരം കൊണ്ടാണ്. അതുകഴിഞ്ഞാൽ ചരിത്രത്തിൽ ഇവർക്ക് ഒരു സ്ഥാനവുമില്ല. ചരിത്രത്തിൽ സ്ഥാനം ലഭിക്കുന്നത് പ്രസ്ഥാനങ്ങൾക്കും പാർട്ടികൾക്കും അതീതരായി ഉയർന്നുപോയ വ്യക്തികൾക്കാണ്. അതെന്തുകൊണ്ടാണെന്നു ചോദിച്ചാൽ, വ്യക്തികളാണ് ചിന്തിക്കുന്നത്, ഒരു സമൂഹം, പാർട്ടി ചിന്തിക്കുന്നില്ല. പാർട്ടിക്ക് കീഴടങ്ങി വ്യക്തി ജീവിക്കണമെന്നുപറയുന്നത് മൗഢ്യമാണ്. വ്യക്തികളാണ്, ചിന്താശക്തിയാണ് മുന്നോട്ടുള്ള പോക്കിന് ദിശ നിശ്ചയിക്കുന്നത്. എത്രയോ പാർട്ടി പ്രവർത്തകരുണ്ടായിട്ടുണ്ട്, അവരെയൊന്നും ചരിത്രം ഓർമിക്കുന്നില്ല. നേരെ മറിച്ച് ഇതിന് അതീതരായി നിന്ന വ്യക്തികളാണ് ഓർമിക്കപ്പെടുന്നത്.

സ്വതന്ത്ര ഇന്ത്യയിൽ മൂന്നു വ്യക്തികളാണ് ഒരു ദിശയും മാർഗവും നിർദേശിച്ചത്- ഗാന്ധി, അംബേദ്കർ, നെഹ്‌റു. ഈ മൂന്നുപേരെ വെല്ലാൻ കഴിവുള്ള വ്യക്തികൾ ഇന്ത്യയിലുണ്ടായിട്ടില്ല. ഈ മൂന്നുപേരും തെറ്റുചെയ്തിട്ടില്ല എന്നോ മറ്റുള്ളവർ ഇവരുടെ ഭക്തന്മാരാകണമോ എന്നല്ല ഇതിനർഥം. ഈ വ്യക്തികൾ കാലാതീതമായി ചിന്തിച്ചു. അതുകൊണ്ടാണവർ വ്യത്യസ്തരായത്. സമൂഹം എപ്പോഴും ഓർമിക്കുന്നത് ഏറ്റവും കഴിവുള്ളവരെയല്ല. നിങ്ങളേക്കാൾ കൂടുതൽ ബുദ്ധിശക്തിയും സൗന്ദര്യവും സാമ്പത്തിക കഴിവും ധൈര്യവും ഉള്ളവരുണ്ട്, ഒരിക്കലും ഏറ്റവും മികച്ചത് എന്നത് ലക്ഷ്യമായി കാണരുത്. ഏറ്റവും best ആയ വ്യക്തികളല്ല ചരിത്രത്തിൽ ഓർമിക്കപ്പെടുന്നത്, വ്യത്യസ്തരായവരാണ്. ആൾക്കൂട്ടത്തിൽ തനിയെ നിൽക്കുന്ന വ്യക്തികളെയാണ് സമൂഹം ശ്രദ്ധിക്കുന്നത്. വ്യത്യസ്തമായ ഒരു ഐഡന്റിറ്റി നിലനിർത്താൻ കഴിയുന്ന വ്യക്തികളെയാണ് ചരിത്രം ഓർമിക്കുന്നത്, കഴിവുള്ളവരെയല്ല. സാമൂഹിക ദർശനം, ചിന്ത, വിഭാവനം ചെയ്യുന്ന, സ്വപ്‌നം കാണുന്ന രീതിയിലൊക്കെയാണ് അവർ വ്യത്യസ്തരാകുന്നത്.
ചിന്തിക്കുന്നവർക്കേ സ്വത്വം സൃഷ്ടിക്കാനാകൂ. ഒരു പ്രസ്ഥാനത്തിന്റെ നയത്തിനനുസരിച്ച് ജീവിക്കുന്നവർക്ക് വ്യത്യസ്തമായി ചിന്തിക്കാനാകില്ല. മതരംഗത്ത് എത്രയോ പേരുണ്ടായിട്ടുണ്ട്, ബിഷപ്പും തന്ത്രിയുമൊക്കെയായി. ഇവരെയൊക്കെ ആരാണ് ഓർമിക്കുക? ശ്രദ്ധിക്കപ്പെടണമെങ്കിൽ വ്യത്യസ്തരും ചിന്താപരമായ സ്വത്വവും ഉള്ളവരായിരിക്കണം. അവരെ മാത്രമേ സമൂഹം ഓർക്കൂ. ക്രൂരന്മാർക്കിടയിൽ ഏറ്റവും ക്രൂരരായ ആളാകുക, കള്ളന്മാർക്കിടയിൽ ഏറ്റവും വലിയ കള്ളനാകുക, ഇതൊന്നും ഒരു സാമൂഹിക ദർശന പരിപ്രേക്ഷ്യത്തിൽ സ്വീകാര്യമല്ല. ഇങ്ങനെയൊരു അർഥത്തിലല്ല കാര്യങ്ങളെ കാണേണ്ടത്.

ജനാധിപത്യത്തിനു വേണ്ടി ആരും ജീവിക്കരുത്, ആരും മരിക്കരുത്, ജനാധിപത്യപരമായി ജീവിക്കുകയാണ് വേണ്ടത്. അപ്പോഴാണ് ജനാധിപത്യം എന്ന ആശയം സാർഥകമാകുന്നത്.

ബ്രാഹ്‌മണിക്കൽ ഹൈറാർക്കി അപ്രത്യക്ഷമാകുന്നു

സംവാദത്തിന്റെ മറ്റൊരു അടിസ്ഥാനം സ്വാതന്ത്ര്യവും ജനാധിപത്യവുമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനാണ് ഭരണഘടന പ്രാമുഖ്യം നൽകുന്നത്. സ്‌റ്റേറ്റ് എന്നാൽ വ്യക്തിയെ നിയന്ത്രിക്കാനുള്ള മെക്കാനിസമല്ല. അസന്തുലിതാവസ്ഥയും അസമത്വങ്ങളും നിലനിൽക്കുന്നതുകൊണ്ട് ചിലർ നിയമവാഴ്ചക്ക് വിധേയരാകുന്നു. ചിലർ നിയമത്തിന് അതീതരാണ്, ചിലർ നിയമമില്ലാതെ തന്നെ നിയന്ത്രിക്കപ്പെടുന്നു. റൂൾ ഓഫ് ലോ എന്നത് വ്യക്തികളെ നിയന്ത്രിക്കാനുള്ളതല്ല. വ്യക്തിസ്വാതന്ത്ര്യം പുഷ്ടിപ്പെടുത്താനും ഉറപ്പുവരുത്താനുമുള്ളതാണ്.
പരിമിതിയില്ലാത്ത, സീമാതീതമായ ഒന്നാണ് സ്വാതന്ത്ര്യം. ഒരു ഭരണാധികാരി അനുവദിച്ചുതരുന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ഭരണകൂടമല്ല സ്വാതന്ത്ര്യം തരുന്നത്, അവർ സ്വാതന്ത്ര്യം പ്രൊട്ടക്റ്റ് ചെയ്യേണ്ടവരാണ്. മനുഷ്യാവകാശ പ്രവർത്തകനായിരുന്ന അഡ്വ. കെ.ബി. കണ്ണബിരാൻ, മദ്രാസ് ഹൈകോടതിയിൽ ഒരു കേസ് വാദിക്കുമ്പോൾ പറഞ്ഞ ഒരു കാര്യമുണ്ട്: Crime is defined by Law, but criminal is determined by the State. ആരാണ് കുറ്റവാളി എന്നത് ഭരണകൂടമാണ് നിശ്ചയിക്കുന്നത്, എന്താണ് കുറ്റം എന്നത് നിയമമാണ് നിശ്ചയിക്കുന്നത്. ഈയൊരു അവസ്ഥ ചിന്തിക്കുന്നവർക്ക് ഒരു ലിമിറ്റ് കൽപ്പിക്കുകയാണ്.

ജനാധിപത്യം ഒരു ലക്ഷ്യമല്ല, മാർഗമാണ്. ജനാധിപത്യം വേണമെന്നു പറയുമ്പോൾ അത് ഇലക്ഷൻ നടത്തി സർക്കാറിനെ തെരഞ്ഞെടുക്കലല്ല, ജനാധിപത്യത്തിനു വേണ്ടി ആരും ജീവിക്കരുത്, ആരും മരിക്കരുത്, ജനാധിപത്യപരമായി ജീവിക്കുകയാണ് വേണ്ടത്. അപ്പോഴാണ് ജനാധിപത്യം എന്ന ആശയം സാർഥകമാകുന്നത്.

എം. കുഞ്ഞാമൻ / ഫോട്ടോ : ധനൂജ്

എന്തിന് ജനാധിപത്യം വേണം?.
അത് തുല്യതക്കുള്ളതാണ്, തുല്യമായ അഭിപ്രായപ്രകടനം. തുല്യത എവിടെനിന്ന് വരുന്നു? തുല്യത വരുന്നത് നോൺ ഹൈാർക്കിക്കലായ ഒരു സാമൂഹിക വ്യവസ്ഥിതിയിൽനിന്നാണ്. ഘടനാബദ്ധമായ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ തുല്യത സാധ്യമല്ല. അത്തരമൊരു സമൂഹത്തിൽ സ്വതന്ത്രമായി, തുല്യമായി കാര്യങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും സാധ്യമല്ല.

ഇപ്പോൾ, സാധാരണ ആളുകളുടെ ജീവിതത്തിൽ ബ്രാഹ്‌മണിക്കൽ ഹൈറാർക്കി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജാതീയമായ കാര്യങ്ങളിലും അയവുവന്നുകൊണ്ടിരിക്കുകയാണ്. അഞ്ചോ ആറോ പതിറ്റാണ്ടുമുമ്പുണ്ടായിരുന്ന ജാതിവ്യവസ്ഥയല്ല ഇന്ന്. ഇന്ന് ജാതികളുണ്ട്, സമുദായങ്ങളുണ്ട്, ഡോമിനന്റായ ജാതികളും സമുദായങ്ങളുമുണ്ടെങ്കിലും ഡോമിനേറ്റിംഗായ ജാതികളും സമുദായങ്ങളുമില്ല. ന്യൂമറിക്കലി, ഇക്കണോമിക്കലി ഡോമിനന്റ് ആകാൻ കഴിയും, എന്നാൽ ഇന്ന് ഒരു ജാതിക്കും ഡോമിനേറ്റിംഗ് ആയി പ്രവർത്തിക്കാൻ കഴിയില്ല. ഇപ്പോൾ അവർ ശക്തി പ്രകടിപ്പിക്കുന്നത് സമ്പത്തും സ്ഥാപനങ്ങളും നിയന്ത്രിച്ചുകൊണ്ടാണ്, അല്ലാതെ ജാതി പറഞ്ഞുകൊണ്ടല്ല. ഞങ്ങൾ ബ്രാഹ്‌മണരാണ്, നായരാണ് അതുകൊണ്ട് ഞങ്ങളെ അംഗീകരിക്കണം എന്നല്ല അവർ പറയുന്നത്. ഞങ്ങൾക്ക് ഇത്ര കോളേജുണ്ട്, ഇത്ര യൂണിവേഴ്‌സിറ്റികളുണ്ട്, ഇത്ര മെഡിക്കൽ കോളേജുകളുണ്ട് എന്നു പറഞ്ഞാണ് അവർ നമ്മളെ നിയന്ത്രിക്കുന്നത്, അതിലൂടെയാണ് നിലനിൽക്കുന്ന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ ഇത്തരം ശക്തികൾക്ക് എളുപ്പമാണ്.

എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ കഴിയും. പുലയ മഹാസഭക്കോ ആദിവാസി ക്ഷേമ സമിതിക്കോ കഴിയില്ല. കാരണം, പുലയ മഹാസഭ സാമ്പത്തിക ശക്തിയല്ല

കേരളത്തിൽ, എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ കഴിയും. പുലയ മഹാസഭക്കോ ആദിവാസി ക്ഷേമ സമിതിക്കോ കഴിയില്ല. കാരണം, പുലയ മഹാസഭ സാമ്പത്തിക ശക്തിയല്ല. ചില വ്യക്തികളുടെ പദവിക്കും അംഗീകാരത്തിനും വേണ്ടി നിലകൊള്ളുന്നവരാണ് ഇത്തരം സംഘടനകൾ. അംബാനിക്കോ അമൃതാനന്ദമയിക്കോ വെള്ളാപ്പള്ളി നടേശനോ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പോലും അധികാരമില്ല. എന്നാൽ, പ്രസിഡന്റും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും അവരെ ചെന്നുകാണും. അവിടെ ശക്തിയാണ് പ്രധാനം.

ചർച്ചകളിലെ 'പവിത്ര കുടുംബങ്ങൾ'

പാർശ്വവൽക്കരിക്കപ്പെട്ടവർ തെറ്റിധാരണയിലാണ് ജീവിക്കുന്നത്. വ്യവസ്ഥിതിയുടെ സ്വഭാവം എന്തുതന്നെയായാലും അവർക്ക് ആപേക്ഷികമായ പ്രാതിനിധ്യവും അധികാരത്തിൽ പങ്കാളിത്തവും കിട്ടിക്കഴിഞ്ഞാൽ അവർ സംതൃപ്തരാകും. ഈ വിഭാഗങ്ങളെല്ലാം അധികാരത്തെ വർഷിപ്പ് ചെയ്യുന്നവരാണ്, ചോദ്യം ചെയ്യുന്നവരല്ല. രാഷ്ട്രീയം എന്നു പറയുന്നത് അധികാരത്തിൽ പങ്കാളിത്തമോ പ്രാതിനിധ്യമോ ലഭിക്കാനുള്ളതല്ല, അധികാരത്തെ ചോദ്യം ചെയ്യലാണ് രാഷ്ട്രീയം. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ ഇത്തരം ചോദ്യം ചെയ്യലുകളില്ല. അവിടെ ചർച്ചകൾ വൈകാരികമായാണ് നടക്കുന്നത്. ഉദാഹരണത്തിന് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ചർച്ച നോക്കുക. അത് സ്ത്രീധനവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. അധികാരികളും പ്രസ്ഥാനക്കാരുമെല്ലാം വികാരപ്രകടനം നടത്തുന്നു. ഈ വികാരപ്രകടനം താൽക്കാലികമാണ്. ആ പ്രകടനങ്ങൾ കഴിഞ്ഞാൽ ഈ വ്യവസ്ഥിതി പൂർവസ്ഥിതി വീണ്ടെടുക്കും. വൈകാരികമായി സമീപിക്കേണ്ടതല്ല, സ്ത്രീപ്രശ്‌നവും ഗാർഹിക പ്രശ്‌നങ്ങളും. സ്ത്രീ സ്വാതന്ത്ര്യം സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ടതാണ്. സ്വത്തിന്റെ നിയന്ത്രണവും കുടുംബത്തിന്റെ ഘടനയും ചർച്ചാവിഷയമാകണം. കുടുംബത്തിന് ഇത്ര പവിത്രത ആവശ്യമുണ്ടോ? ഏംഗൽസ് എഴുതിയ ‘ഒറിജിൻ ഓഫ് ഫാമിലി, പ്രൈവറ്റ് പ്രോപർട്ടി ആന്റ് സ്‌റ്റേറ്റ്' എന്ന പുസ്തകത്തിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പക്ഷെ, കമ്യൂണിസ്റ്റുകാരുപോലും ഫാമിലിയെയും ഭരണകൂടത്തെയും ഉയർത്തിപ്പിടിക്കുന്നു, സ്വത്തുടമസ്ഥതയെ എതിർക്കുന്നു. അവർക്ക് അവിടെ ബാലൻസ്ഡ് ആയ സമീപനമില്ല.

അന്റോണിയോ ഗ്രാംഷി

സ്ത്രീകളെ സംബന്ധിച്ച് സ്വത്തുടമസ്ഥത, കുടുംബ ഘടന, ബന്ധങ്ങളിൽ വരേണ്ട മാറ്റങ്ങൾ... ഇതെല്ലാം പരിഗണിക്കപ്പെടേണ്ടതാണ്. ഫാമിലിക്ക് ഇത്ര പ്രാതിനിധ്യവും പവിത്രയയും വേണോ? പെർമെനന്റ് ആയ ബന്ധങ്ങൾ അപകടകരമാണ്. നിലനിൽക്കുന്ന ബന്ധങ്ങളാണ് വേണ്ടത്. പ്രോപ്പർട്ടിയുമായി ബന്ധപ്പെടുത്തിയുള്ള സാമൂഹിക കാര്യങ്ങളിൽ റീ സ്ട്രക്ചറിംഗ് വേണം. സമൂഹ മാധ്യമചർച്ചകൾ പൊതുവേ വൈയക്തികമാണ്. വ്യക്തികളെ തോജോവധം ചെയ്യുക, ഭരണാധികാരികളെ വ്യക്തിപരമായി വിമർശിക്കുക, നയങ്ങളോ സമീപനങ്ങളോ ചർച്ച തന്നെയാകുന്നില്ല.

കീഴാള വിഭാഗങ്ങളുടെ ചർച്ചകളും വൈകാരികം

കീഴാള വിഭാഗങ്ങൾ നടത്തുന്ന ചർച്ചക്കും ഇതേ അവസ്ഥയാണ്. ഇത്തരം ചർച്ചകളിലും പലപ്പോഴും ജാതി പ്രശ്‌നമാണ് വൈകാരികമായി ചർച്ച ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന്, സംവരണം. സംവരണവുമായി ബന്ധപ്പെട്ട് പ്രതികരിക്കും. എന്നാൽ, നിലവിലുള്ള അധികാരഘടന, സാമ്പത്തിക നയങ്ങൾ, ഇവക്ക് ആര് രൂപം കൊടുക്കുന്നു, ഇവ എങ്ങനെയാണ് പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രതികൂലമായി വരുന്നത്- ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും സമൂഹമാധ്യമങ്ങളിൽ നടക്കുന്നില്ല. വൈകാരികമായി ടേയ്ക്കപ്പ് ചെയ്യാവുന്ന പ്രശ്‌നങ്ങളാണ് അവർ ഏറ്റെടുക്കുന്നത്.

ഞാനൊരു വിശകലനം നടത്തി അതിൽനിന്ന് ഉരുത്തിരിയുന്ന കാര്യങ്ങൾ മറ്റുള്ളവർ അംഗീകരിച്ചാൽ എനിക്ക് വലിയ നേട്ടമൊന്നുമില്ല, അതല്ല, അവർ അംഗീകരിച്ചില്ല എന്നുവെച്ചാൽ എനിക്കൊരു കോട്ടവുമില്ല. കാരണം എന്റെ ഉദ്ദേശ്യം അതല്ല

സാമൂഹ്യഘടനയിൽ സമൂലവും ഘടനാപരവുമായ മാറ്റം വരുത്തേണ്ടതിനെക്കുറിച്ചുള്ള ഒരു ദർശനം സമൂഹമാധ്യമചർച്ചകൾക്ക് മുന്നോട്ടുവെക്കാനാകുന്നില്ല. ഇതാണ് ഇവയുടെ ഒരു അപര്യാപ്തത. ചർച്ചകൾ നടക്കുന്നുണ്ട്, പക്ഷെ, ഫലപ്രദമായ വിധത്തിൽ, ആഴത്തിലും പരപ്പിലുമുള്ള ചിന്താവിശകലനങ്ങൾ ഇല്ല, അതുകൊണ്ടുതന്നെ പുതിയ ആശയങ്ങളും പുതിയ സമൂഹത്തെക്കുറിച്ചുമുള്ള ദർശനങ്ങളും ഉണ്ടാകുന്നില്ല. ഇവിടെ, ഭരണമാണ്, അധികാരമാണ് കാര്യം. അധികാരികൾ തരുന്ന സ്വാതന്ത്ര്യമേ ഉപയോഗിക്കാൻ പറ്റൂ. വ്യക്തികളെ ചുരുക്കുന്ന പ്രക്രിയയാണ് വ്യവസ്ഥിതിയിലുണ്ടാകുന്നത്. വ്യക്തി എപ്പോഴും അൺലിമിറ്റഡ് ആയിരിക്കണം എന്ന കാര്യം മറന്നുപോകുന്നു.
ഞാൻ ജനങ്ങൾക്കുവേണ്ടി ചിന്തിക്കുന്ന ആളല്ല. രാഷ്ട്രീയക്കാരാണ് അങ്ങനെ പറയുക. എന്നെ സംബന്ധിച്ച് ജനങ്ങൾക്കുവേണ്ടി ചിന്തിക്കാനുള്ള മാൻഡേറ്റ് ഇല്ല. ഞാൻ സാമൂഹികശാസ്ത്രം കൈകാര്യം ചെയ്യുന്ന ആളാണ്. അധ്യാപകനാണ്. എഴുതുന്നയാളാണ്. ഞാൻ ജനങ്ങൾക്കുവേണ്ടി, പ്രത്യേക സാമൂഹിക വിഭാഗത്തിനുവേണ്ടി സംസാരിക്കാൻ നിർബന്ധിതനായ ആളല്ല. സാമൂഹിക ശാസ്ത്രപരമായി നമ്മൾ കാര്യങ്ങളെ കാണുന്നു. ഞാനൊരു വിശകലനം നടത്തി അതിൽനിന്ന് ഉരുത്തിരിയുന്ന കാര്യങ്ങൾ മറ്റുള്ളവർ അംഗീകരിച്ചാൽ എനിക്ക് വലിയ നേട്ടമൊന്നുമില്ല, അതല്ല, അവർ അംഗീകരിച്ചില്ല എന്നുവെച്ചാൽ എനിക്കൊരു കോട്ടവുമില്ല. കാരണം എന്റെ ഉദ്ദേശ്യം അതല്ല. ഞാൻ പറയുന്ന അഭിപ്രായങ്ങൾ തെറ്റാകാം. കാരണം സാമൂഹിക പ്രക്രിയ എപ്പോഴും മാറിക്കൊണ്ടിരിക്കും. അത് ഡൈനാമിക്കാണ്. ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഇന്ന് തെറ്റായിരിക്കാം, ഞാൻ തെറ്റാണ് എന്നല്ല അതിനർഥം. സാമൂഹിക പ്രക്രിയ മാറി, പുതിയ ശക്തികളുണ്ടായി വരുന്നു. അതുകൊണ്ട് എനിക്ക് തെറ്റുപറ്റില്ല എന്നൊരു മൗഢ്യം എനിക്ക് പാടില്ല. എന്റെ ചെറുപ്പത്തിൽ പ്രബലമായി നിന്നിരുന്ന മൂല്യങ്ങൾ ഇന്നത്തെ തലമുറ അംഗീകരിക്കില്ല. അച്ചടക്കം, കഠിനാധ്വാനം, വിധേയത്വം തുടങ്ങിയ ഫ്യൂഡൽ മൂല്യങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്. ആ ഫ്യൂഡൽ മൂല്യങ്ങൾ ഇന്നത്തെ തലമുറ അംഗീകരിക്കില്ല. അത് നമ്മൾ മനസ്സിലാക്കിയേ പറ്റൂ. മാറണം, മാറിക്കൊണ്ടിരിക്കും. ഏതെങ്കിലുമൊരു പ്രത്യേക ഗ്രൂപ്പിനുവേണ്ടി സംസാരിക്കലല്ല ഒരു സാമൂഹിക ശാസ്ത്രഗവേഷകന്റെ ലക്ഷ്യം. അദ്ദേഹത്തിന് അതിനൊരു മാൻഡേറ്റുമില്ല.

ക്ലാസ് റൂം എന്ന സംവാദ സ്‌പേസ്

എന്നെ സംബന്ധിച്ച് ക്ലാസ് റൂം വലിയൊരു സംവാദ സ്‌പെയ്‌സ് ആയിരുന്നു. ഞാൻ അപൂർണനായ അധ്യാപകനായിരുന്നു. പെർഫെക്ഷൻ ഒരു നല്ല അധ്യാപകന്റെ ലക്ഷ്യമായിരിക്കരുത്. ഓരോ ക്ലാസ്‌റൂമും ഓരോ വിദ്യാർഥിയും ഒരു പരീക്ഷണശാലയാണ്. മൂല്യങ്ങൾ വേണം അധ്യാപകന്, അത് പക്ഷേ, അടിച്ചേൽപ്പിക്കരുത്. വ്യത്യസ്തമായി ചിന്തിക്കുന്ന, ആർക്കും കീഴടങ്ങാത്ത, ചില മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നയാളായിരിക്കണം അധ്യാപകൻ. പകരം പദവിക്കോ സ്ഥാനത്തിനോ ശ്രമിക്കുന്ന ആളാകരുത്. അങ്ങനെ നോക്കുമ്പോൾ ഒരു അധ്യാപകൻ വിദ്യാർഥികളെ പഠിക്കണം, വിദ്യാർഥികളിൽനിന്ന് പഠിക്കണം. അപ്പോഴാണ് ഒരു അധ്യാപനം സക്രിയമായ പ്രവർത്തനമായി മാറുന്നത്.
ക്ലാസ്മുറിയിൽ വൈവിധ്യമുണ്ട്- അവിടെ സമ്പന്നരുണ്ട്, പാവപ്പെട്ടവരുണ്ട്, ദരിദ്രരുണ്ട്, സാമൂഹികമായി ദുർബലരായവരുണ്ട്. അതുകൊണ്ടുതന്നെ അവിടെ സാമൂഹിക പ്രക്രിയയെ സംബന്ധിച്ച് വിമർശനാത്മകമായും വിശകലാത്മകമായും സമീപിക്കേണ്ടതിന്റെ ആവശ്യമുണ്ട്. അതേസമയം, നമ്മളെ നയിക്കുന്ന മൂല്യങ്ങൾ
ഉദാത്തമായിരിക്കുകയും വേണം. ഒരു കാര്യം മനസ്സിലാക്കണം; ഇന്നത്തെ സാമൂഹികസൃഷ്ടിയുടെ കർത്താക്കൾ ഇന്നത്തെ വിദ്യാർഥികളല്ല. അതിന് ചരിത്രപശ്ചാത്തലമുണ്ട്. സാമൂഹിക പ്രക്രിയയായിരിക്കണം നമ്മൾ ലക്ഷ്യം വെക്കുന്നത്, വിമർശനത്തിന്റെ ലക്ഷ്യവും അതായിരിക്കണം.

ടീച്ചിങ് എന്നത് എനിക്കൊരു ലഹരിയായിരുന്നു. അതിൽ നാം മുഴുകുമ്പോൾ അതിലെ ശരിയും തെറ്റിന്റെയും പ്രശ്‌നം വരുന്നില്ല. ചില വിദ്യാർഥികൾ നമ്മളോട് വിയോജിക്കും, അതാണ് നമ്മുടെ പ്രവർത്തനത്തിന്റെ ബലം

ഞാൻ ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ക്ലാസും പ്രത്യേക അനുഭവമായിരുന്നു. ഒരു വിഷയത്തെക്കുറിച്ച് വായിച്ചു മനസ്സിലാക്കണം, മാനസികമായി തയാറെടുക്കണം, അത് ക്ലാസിൽ അവതരിപ്പിക്കണം. അതുകഴിഞ്ഞുവന്നാലും അതിനെക്കുറിച്ച് ചിന്തിക്കണം. ആഡംസ്മിത്ത് പറഞ്ഞു, വളരുന്ന വ്യക്തികൾക്കും പ്രക്രിയകൾക്കും രണ്ടു കാര്യങ്ങൾ വേണം- റിഫ്‌ളക്ഷൻ ആന്റ് സ്‌പെക്കുലേഷൻ. സ്വാതന്ത്ര്യത്തിന്റെ ആവശ്യമാണ് ഇവിടെ വരുന്നത്. ഹെഗൽ property is freedom എന്നു പറഞ്ഞു. 19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മാർക്‌സ് പറഞ്ഞത്, essence of existence is human freedom എന്നാണ്. നിലനിൽപിന്റെ അന്തഃസ്സത്ത മനുഷ്യസ്വാതന്ത്ര്യമാണ്. ഇവരെല്ലാവരും സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ വ്യക്തമായ ധാരണകളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നവരാണ്. ഇത്തരം ശാശ്വതമായ മൂല്യങ്ങളായിരിക്കണം അധ്യാപകനിൽ ഉണ്ടാകേണ്ടത് എന്നാണ് ഞാൻ കരുതിയിരുന്നത്, ഇപ്പോഴും കരുതുന്നത്.

ഡോ. ബി.ആർ അംബേദ്കർ

സ്വതന്ത്രനായ ഒരധ്യാപകൻ ഏതെങ്കിലും രീതിയിൽ വിദ്യാർഥിയെ ഷേപ്പ് ചെയ്യുന്ന ആളല്ല, ചിന്താപരമായി, വിജ്ഞാനപരമായി ഡിസ്റ്റർബ് ചെയ്യുന്ന ആളാണ്. ഇതിൽ വിദ്യാർഥികളുടെ പ്രതികരണത്തിന് പ്രസക്തിയില്ല. 50 വിദ്യാർഥികളുള്ള ക്ലാസിൽ പഠിപ്പിക്കുമ്പോൾ, 50 പേരും ഒരേ സന്ദേശമല്ല എന്റെ ക്ലാസിൽനിന്ന് ആർജിക്കുന്നത്, ചിലർ ഞാൻ പറയുന്നതിനോട് യോജിക്കും, ചിലർ വിയോജിക്കും, ചിലർ നിസ്സംഗരായിരിക്കും, അത് സ്വഭാവികമാണ്. എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഒരു ക്ലാസിൽ ഒന്നോ രണ്ടോ പേരായിരിക്കും വിമർശനാത്മകമായും വിശകലനാത്മകമായും നമ്മൾ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്നത്. ഈ രണ്ടോ മൂന്നോ പേർ ഏതു ലെവലിൽ പോയാലും ഇങ്ങനെ തന്നെയായിരിക്കും. ഇവരായിരിക്കും ദീർഘകാലാടിസ്ഥാനത്തിൽ സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നത്. അത്തരം ഒന്നോ രണ്ടോ വ്യക്തികളെ സൃഷ്ടിക്കാൻ കഴിയുന്നുണ്ടോ എന്നതായിരിക്കണം നമ്മുടെ മാനദണ്ഡം, അല്ലാതെ അധ്യാപകർ അംഗീകരിക്കപ്പെടുന്നുണ്ടോ എന്നതായിരിക്കരുത്. ആ മാനദണ്ഡം യു.ജി.സി ഉണ്ടാക്കിയതാണ്. ടീച്ചിംഗ് ഒരു കരിയർ ആകുമ്പോഴാണ് ഇത്തരം മാനദണ്ഡങ്ങളുണ്ടാകുന്നത്. എനിക്ക് ടീച്ചിംഗ് ഒരു കരിയർ അല്ലായിരുന്നു, എനിക്ക് ശമ്പളം കിട്ടുന്നുണ്ട്, എന്റെ ജോലി അതാണ് എന്നത് ശരി തന്നെ. എങ്കിലും ടീച്ചിങ് എന്നത് എനിക്കൊരു പാഷൻ, ലഹരിയായിരുന്നു. അതിൽ നാം മുഴുകുമ്പോൾ അതിലെ ശരിയും തെറ്റിന്റെയും പ്രശ്‌നം വരുന്നില്ല. ചില വിദ്യാർഥികൾ നമ്മളോട് വിയോജിക്കും, അതാണ് നമ്മുടെ പ്രവർത്തനത്തിന്റെ ബലം. അവർ നമ്മളെ ചോദ്യം ചെയ്യും. അധ്യാപകൻ ചോദ്യം ചെയ്യപ്പെടാത്ത ആളല്ല, അത്തരമൊരു സ്ഥാനം ഒരു അധ്യാപകനില്ല.

ചിന്ത വളരണമെങ്കിൽ ഒരു അനാർക്കി വേണം. അനിശ്ചിതാവസ്ഥയും അരക്ഷിതത്വവും വേണം, സ്വതന്ത്ര ചിന്ത വളരാൻ. ഈ അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും ഭരണകൂടം അനുവദിക്കുന്നില്ല.

സ്വതന്ത്ര ചിന്ത വളരാൻ അനാർക്കി വേണം

സാമൂഹിക ജീവിതത്തിൽ ബ്രാഹ്‌മണിക്കൽ ശ്രേണീബദ്ധത കുറഞ്ഞുവരികയാണ്. ശ്രേണീബദ്ധത ശക്തമായി നിലനിൽക്കുന്ന അഞ്ച് മേഖലകളുണ്ട്: ബ്യൂറോക്രസി, രാഷ്ട്രീയം, മതം, അക്കാദമിക് രംഗം, മീഡിയ. "ഹൈ ആന്റ് ലോ' രീതിയാണിവിടെ. അതുകൊണ്ട് ഈ മേഖലകളിൽ സ്വാതന്ത്ര്യം സാധ്യമല്ല. മാധ്യമരംഗത്തുള്ള വ്യക്തിക്ക് കിട്ടുന്നത് ഫംഗ്ഷണൽ ഫ്രീഡമാണ്, സ്വന്തമായ സ്വാതന്ത്ര്യം പ്രയോഗിക്കാൻ മാധ്യമപ്രവർത്തകന് സാധ്യമല്ല. He can choose and exercise what is given to him. നമ്മുടെ റോൾ മറ്റുള്ളവരാണ് നിശ്ചയിക്കുന്നത്. ഏത് ചിന്ത വളരുന്നതും അരക്ഷിതാവസ്ഥയുടെ സാഹചര്യത്തിലാണ്. ചിന്ത വളരണമെങ്കിൽ ഒരു അനാർക്കി വേണം. അനിശ്ചിതാവസ്ഥയും അരക്ഷിതത്വവും വേണം, സ്വതന്ത്ര ചിന്ത വളരാൻ. ഈ അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും ഭരണകൂടം അനുവദിക്കുന്നില്ല. ഭരണകൂടം എപ്പോഴും നിയമപുസ്തകം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇന്നത് ചെയ്യുക, ഇന്നത് ചെയ്യാതിരിക്കുക- അത്യന്താധുനിക സാങ്കേതിക വിദ്യ എത്ര വികസിച്ചാലും അവിടെ സ്വതന്ത്ര ചിന്തയും സംവാദങ്ങളും വളരില്ല. അക്കാദമിക് രംഗത്തും മീഡിയയിലുമാണ് നാം സ്വതന്ത്രചിന്ത നമ്മൾ പ്രതീക്ഷിക്കുന്നത്. അതുണ്ടാകാൻ കഴിയാത്ത രണ്ടു മേഖലകളും ഇതുതന്നെയാണ്. കാരണം, ഈ ഹൈറാർക്കി. അതുകൊണ്ടുതന്നെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഒരു ചിന്തക്ക് ദിശാബോധം കൊടുക്കാൻ വിദ്യാഭ്യാസ- മാധ്യമ മേഖലകൾക്ക് കഴിയാതെ പോകുന്നു. അതുകൊണ്ടാണ്, സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചിന്തകൾക്ക് വേണ്ടത്ര ആഴവും പരപ്പും ഇല്ലാതെപോകുന്നത്. ▮


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments