ജീവിതം ഓരോ ദിവസവും എങ്ങനെ കൂടുതൽ നിറമുള്ളതും സന്തോഷകരവുമാക്കാം, രാവിലെ സന്തോഷത്തോടെ എങ്ങനെ ഉണർന്നെഴുന്നേൽക്കാം എന്നൊക്കെ നമ്മൾ ചിന്തിച്ചിട്ടുണ്ടാവും. കൂടുതൽ പണം, പ്രശസ്തി, ഇഷ്ടമുള്ള ജോലി, നല്ല ഭക്ഷണം, വസ്ത്രങ്ങൾ ഇതൊക്കെ ലഭിച്ചാൽ ജീവിതം സന്തോഷകരമാകും എന്നാവും നമ്മൾ കരുതുക. എന്നാൽ ഇതേ ചോദ്യത്തിന് ഉത്തരമായി ജപ്പാൻകാർ പറയുന്നത് നിങ്ങളുടെ 'ഇകിഗായ് ' (Ikigai) എന്തെന്ന് കണ്ടെത്തൂ, ജീവിതം സന്തോഷകരമാക്കാം എന്നാണ്.
‘ഇകിഗായ്’ എന്നാൽ എന്താണെന്നല്ലേ? ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന രീതിയാണത്. ‘ഇകിഗായി’ എന്ന ജാപ്പനീസ് ആശയം ഒരു ജീവിതദർശനമാണ്. അതായത്, നമ്മുടെ ജീവിതത്തിന്റെ അഭിനിവേശവും ഉദ്ദേശ്യവും കണ്ടെത്തുക, അത് സന്തോഷത്തോടെ ചെയ്യുക. നിങ്ങൾ വളരെ ഇഷ്ടപ്പെടുന്ന, നിങ്ങൾക്ക് ചെയ്യാൻ കഴിവുള്ള, പ്രതിഫലം ലഭിക്കുന്ന ഒന്നായാൽ അത് ഏറെ സന്തോഷപ്രദമാവും.
ആരോഗ്യരംഗത്തും വിദ്യാഭ്യാസത്തിലും കേരളം മുന്നിലാണെങ്കിലും മാനസിക സമ്മർദ്ദം, വിഷാദം, ഏകാന്തത, കുടുംബ ബന്ധങ്ങളുടെ തകർച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ സമൂഹത്തെ വേട്ടയാടുന്നുണ്ട്. പ്രായമായവർക്ക് ജീവിതത്തിൽ അർത്ഥവും സന്തോഷവും കണ്ടെത്താൻ സഹായിക്കുന്ന സാമൂഹിക- മാനസിക സമീപനം ഇന്നത്തെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇവിടെയും ‘ഇകിഗായി’ എന്ന ആശയത്തിന് പ്രസക്തിയേറെയാണ്.

കേരളത്തിലെ ജനസംഖ്യയിൽ വയോധികരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശങ്ങളിലേക്കുള്ള യുവതലമുറയുടെ കുടിയേറ്റം മൂലം പല വീടുകളിലും പ്രായമായവർ ഒറ്റപ്പെട്ടുപോകുന്നു. പുതുതായി അധികാരമേറ്റ സർക്കാർ, ‘വയോജന വകുപ്പ്' രൂപീകരിച്ചത് ഈ പ്രത്യേക സാഹചര്യത്തിലാണ്. ലോകത്തിനുതന്നെ മാതൃകയായ ജപ്പാനിലെ വയോജന ക്ഷേമപദ്ധതിയെ കുറിച്ച്, വകുപ്പ് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സൂചിപ്പിച്ചിരുന്നു. പെൻഷനും സൗജന്യ ചികിത്സയും നൽകുന്നതിനപ്പുറം, പ്രായമായവരുടെ മാനസിക സന്തോഷവും ആരോഗ്യവും വീണ്ടെടുക്കാൻ ജാപ്പനീസ് തത്വശാസ്ത്രമായ ‘ഇകിഗായ്’ കേരളത്തിനും വലിയ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം വയോജനങ്ങൾക്കായി വകുപ്പ് രൂപീകരിക്കുന്നത്.
ദീർഘകാല പരിചരണ ഇൻഷുറൻസ് പദ്ധതി വളരെ കാലം മുൻപേ നടപ്പാക്കിയ രാജ്യമാണ് ജപ്പാൻ. വാർധക്യത്തിലെത്തിയ ഒരാൾ ശാരീരിക- മാനസിക ബുദ്ധിമുട്ടിലാകുമ്പോൾ ഇൻഷുറൻസ് വഴി 90% ചികിത്സചെലവും ജപ്പാൻ സർക്കാർ വഹിക്കുന്നു.
കേരള ജനസംഖ്യയിലെ വലിയൊരു വിഭാഗം 60 വയസിന് മുകളിലുള്ളവരാണ്. കുടുംബഘടനയിൽ വന്ന മാറ്റങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, ഏകാന്തത തുടങ്ങി നിരവധി വെല്ലുവിളികളിലൂടെയാണ് ഈ സമൂഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ‘ഇകിഗായ്’ കേരളീയ സമൂഹത്തിനും പ്രചോദനകരമാണ്.
ജപ്പാൻകാർക്ക് ജീവിതത്തെ കുറിച്ച് മികച്ച ദർശനമുണ്ട്. ഓരോ ജപ്പാൻകാരും ജീവിതത്തിന് ശരിയായ ക്ഷ്യം കണ്ടെത്തുന്നു, സദാ ക്രിയാത്മകമായി അല്ലെങ്കിൽ സജീവമായി ഇരിക്കുന്നതിൽ ആഹ്ളാദം കണ്ടെത്തുന്നു, അവർക്കിഷ്ടമുള്ള കാര്യങ്ങളിലേർപ്പെടുന്നു. ”നിങ്ങൾക്ക് നൂറുവർഷം ജീവിച്ചിരിക്കാൻ ഒരു വഴിയേയുള്ളൂ, അത് സദാ ഊർജസ്വലരായിരിക്കുക എന്നതാണ്” എന്ന് ഒരു ജപ്പാൻ പഴമൊഴി പോലുമുണ്ട്.
ജപ്പാൻകാരെ സംബന്ധിച്ച്, എല്ലാവർക്കും ഒരു ‘ഇകിഗായ്’ ഉണ്ട്. അതായത് ജീവിക്കാൻ ഒരു കാരണം, അഥവാ ലക്ഷ്യം. ലോകത്ത് ഏറ്റവും ദീർഘായുസോടെ ആളുകൾ ജീവിക്കുന്ന ജപ്പാനിലെ ഒരു ഗ്രാമത്തിലുള്ളവർ പറയുന്നു, ആഹ്ളാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി ഓരോരുത്തരും അവരവരുടെ 'ഇകിഗായ്' കണ്ടെത്തുകയാണ് എന്ന്. ജീവിതത്തിന് അർത്ഥവും സന്തോഷവും നൽകുന്ന ‘ഇകിഗായി’ ജീവിതത്തിന് ഇപ്പോഴും ഒരു ലക്ഷ്യമുണ്ട് എന്ന ബോധം മുതിർന്ന പൗരരുടെ മനസിലും വളർത്തുന്നു എന്നതാണ് ശ്രദ്ധേയം.

ജപ്പാനിൽ പ്രായമായവർ പരസ്പരം പിന്തുണയ്ക്കാൻ രൂപീകരിക്കുന്ന ചെറിയ കൂട്ടായ്മകളാണ് 'മോയ്' (Moai). ഇതേ മാതൃകയിൽ കേരളത്തിൽ വാർഡ് തലത്തിൽ പ്രാദേശിക കൂട്ടായ്മകൾ രൂപീകരിച്ച് വയോജനങ്ങളെ ഒരുമിച്ച് ചേർക്കാവുന്നതാണ്. വായനാക്ലബ്ബുകൾ, കൃഷി, കലാപരിപാടികൾ, കുട്ടികൾക്ക് ജീവിതാനുഭവങ്ങൾ പങ്കുവെക്കൽ, ആത്മീയ- സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ മുതിർന്നവരുടെ കൂട്ടായ്മകൾ രൂപീകരിച്ച് നടത്തുന്നത് ജീവിതത്തിൽ പുതുഊർജം പകരുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ മുതിർന്ന പൗരരുടെ ക്ഷേമത്തിന് ‘ഇകിഗായി’ പോലുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികൾ നടപ്പിലായാൽ, അത് രാജ്യത്തിനുതന്നെ മാതൃകയാകും.
ശാരീരികമായി ആരോഗ്യമുള്ള വയോധികർക്ക് അവരുടെ താല്പര്യപ്രകാരം ജൈവകൃഷി, കരകൗശല നിർമ്മാണം, എഴുത്ത്, കൗൺസിലിംഗ് തുടങ്ങിയ മേഖലകളിൽ അവസരം നൽകുക. ഇത് അവർക്ക് ചെറിയൊരു വരുമാനവും അതോടൊപ്പം വലിയ മാനസിക ഉല്ലാസവും നൽകും.
കേരളത്തിൽ മുതിർന്ന പൗരരുടെ ക്ഷേമത്തിന് ‘ഇകിഗായി’ പോലുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികൾ നടപ്പിലായാൽ, അത് രാജ്യത്തിനുതന്നെ മാതൃകയാകും.
‘ഇകിഗായി’ എന്ന മനോഹരമായ ആശയം ലോകശ്രദ്ധയിൽ കൊണ്ടുവന്നത് ഫ്രാഞ്ചെസ്ക് മിറാല്ലെസ്, ഹെക്ടർ ഗാർഷ്യ എന്നിവർ എഴുതിയ 'ഇകിഗായി: ദി ജാപ്പനീസ് സീക്രട്ട് ടു എ ലോങ്ങ് ആൻഡ് ഹാപ്പി ലൈഫ്' (Ikigai: The Japanese Secret to a Long and Happy Life: Héctor García, Francesc Miralles) എന്ന പുസ്തകമാണ്.
ദീർഘകാല പരിചരണ ഇൻഷുറൻസ് പദ്ധതി വളരെ കാലം മുൻപേ നടപ്പാക്കിയ രാജ്യമാണ് ജപ്പാൻ. വാർധക്യത്തിലെത്തിയ ഒരാൾ ശാരീരിക- മാനസിക ബുദ്ധിമുട്ടിലാകുമ്പോൾ ഇൻഷുറൻസ് വഴി 90% ചികിത്സചെലവും ജപ്പാൻ സർക്കാർ വഹിക്കുന്നു. കൂടാതെ, പ്രായമായവരുടെ ആരോഗ്യനില വിലയിരുത്തി ആവശ്യമായ പരിചരണം നൽകൽ, ഡേ കെയർ സെന്ററുകൾ, കിടപ്പുരോഗികളെ പരിചരിക്കുന്ന കെയർ റോബോട്ടുകളെ ഏർപ്പെടുത്തൽ തുടങ്ങിയവ നടപ്പാക്കിവരുന്നു. ഘടനാപരമായ മാറ്റങ്ങൾ, ഫണ്ടിങ്, തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ഇവയൊക്കെ സാധ്യമായാലേ പദ്ധതി വിജയത്തിലെത്തൂ. ജപ്പാൻ തന്നെ ഈ പദ്ധതി വിജയത്തിലെത്തിക്കുന്നതിന് പതിറ്റാണ്ടുകളെടുത്തു.

കേരളത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിൽ നിലവിലുള്ള കുടുംബശ്രീ, ആശാ വർക്കർമാർ തുടങ്ങിയ സംവിധാനങ്ങളുമായി പുതിയ വകുപ്പ് ഒത്തുപോകുന്നതിനെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ വിജയം. കേരളത്തെ സംബന്ധിച്ച് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്തരമൊരു ലക്ഷ്യം കൈവരിക്കാനുള്ള ഫണ്ട് ഒരു പ്രശ്‌നമാണ്.
എന്തായാലും സംസ്ഥാനത്തെ 60 ലക്ഷത്തിലേറെ വരുന്ന വയോജനസമൂഹം, പുതിയ വയോജന വകുപ്പിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. മുതിർന്ന പൗരർക്ക് സാമൂഹിക സുരക്ഷയും ഒപ്പം മാനസിക സന്തോഷവും നൽകാനുള്ള ഈ വലിയ ലക്ഷ്യത്തിന് ഊർജ്ജമാകട്ടെ, ‘ഇകിഗായി’.

