പോക്‌സോ കേസുകൾ കൂടുന്നു, നിയമം നോക്കുകുത്തിയാകുന്നു

കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. 2023-ൽ സംസ്ഥാനത്ത് 4641 പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ എട്ടു വർഷങ്ങളിലെ ഏറ്റവും ഉയർന്ന എണ്ണം. പോക്‌സോ പോലൊരു സുശക്തമായ നിയമമുണ്ടായിട്ടും എന്തുകൊണ്ടാണ് ഈ വർധന? ഒരു അന്വേഷണം.

ലപ്പുറം ജില്ലയിലെ എടവണ്ണയിൽ കരാട്ടെ അധ്യാപകൻ വർഷങ്ങളായി തന്റെ വിദ്യാർഥിനികളെ കബളിപ്പിച്ച്, ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു. താൻ ഗുരുവും ദൈവവുമാണെന്നും ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി സമർപ്പിക്കണമെന്നും കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ച് അയാൾ നടത്തിയ ലൈംഗികാതിക്രമങ്ങൾ പുറത്തുവരാൻ ഒരു പതിനേഴ് വയസ്സുകാരിയ്ക്ക് ജീവൻ നഷ്ടപ്പെടേണ്ടിവന്നു.
കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ തടയാനും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനും ശക്തമായ നിയമസംവിധാനങ്ങൾ ഉണ്ടെന്നിരിക്കേയാണ് ഈ കരാട്ടെ മാസ്റ്ററെ പോലെയുള്ള ക്രിമിനലുകൾ ലൈംഗികാതിക്രമം നടത്തുന്നത്.

നാഷണൽ ക്രൈം ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്ക് പ്രകാരം ഇന്ത്യയിൽ 2020 - 2022 വരെ കുട്ടികൾക്കെതിരായ ആക്രമണങ്ങളിൽ 1,53,426 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് (20,762) കുട്ടികൾക്കെതിരായ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധ്യപ്രദേശ് (20,415), ഉത്തർപ്രദേശ് (18,682) തുടങ്ങിയ സംസ്ഥാനങ്ങളിലും ഉയർന്ന നിരക്കിലാണ് കുറ്റകൃത്യം. 2022-ൽ കേരളത്തിൽ കുട്ടികൾക്കെതിരായ ആക്രമണത്തിൽ 5640 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാർ ഇടപെടലുകൾ കാര്യക്ഷമമല്ല എന്ന് ഈ കണക്കുകളിൽനിന്ന് വ്യക്തമാണ്.

2020-2022 വരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ കണക്ക്

പോക്‌സോ നിയമവും പരിരക്ഷകളും

ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2012 ജൂൺ 18 ന് പാർലമെന്റ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് അഥവാ പോക്സോ നിയമം പാർലമെന്റിൽ പാസ്സാക്കുന്നത്. ഇന്ത്യൻ പീനൽ കോഡ് ഭേദഗതി ചെയ്താണ് കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണം നടത്തിയത്. ആൺ- പെൺ ലിംഗ വ്യത്യാസങ്ങളില്ലാതെ ലൈംഗികാതിക്രമങ്ങൾക്കിരയാകുന്ന കുട്ടികൾക്ക് നിയമസംരക്ഷണവും നീതിയും ഉറപ്പാക്കുന്ന രീതിയിലാണ് ഇന്ത്യൻ പാർലമെന്റ് ഈ നിയമം നിർമിച്ചിട്ടുള്ളത്. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശക്തമായ വ്യവസ്ഥകളും ശിശുസൗഹാർദ്ദപരമായ നടപടിക്രമങ്ങളുമാണ് പോക്‌സോ ആക്റ്റിലുള്ളത്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടികളുടെ അശ്ലീല ചിത്രങ്ങളെടുക്കൽ, കുട്ടികളെ അശ്ലീല ചിത്രങ്ങൾ കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന തരത്തിലാണ് നിയമം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വിചാരണക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കുക, പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ നിയമിക്കുക, കേസന്വേഷണവും വിചാരണയും ബാലസൗഹാർദ്ദപരമാക്കുക, കുട്ടികളുടെ പുനരധിവാസം, ശാരീരിക, മാനസിക, ആരോഗ്യ, സാമൂഹിക, വികാസത്തിനുവേണ്ടി കുട്ടികളുടെ ഉത്തമതാൽപ്പര്യം മുൻനിർത്തി നടപടികൾ സ്വീകരിക്കുക എന്നിവ പോക്‌സോ നിയമത്തിന്റെ ലക്ഷ്യങ്ങളാണ്. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം, കുറ്റകൃത്യങ്ങൾക്ക് വിധേയരായവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനും പ്രസ്തുത നിയമം ലക്ഷ്യമിടുന്നുണ്ട്.

എന്നാൽ ഈ നിയമം പ്രായോഗികാർത്ഥത്തിൽ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നത് സംശയമാണ്. കാരണം 2022- ലെ എൻ.സി.ആർ.ബി യുടെ കണക്കനുസരിച്ച് രാജ്യത്ത് 63,414 പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു.പി (8,151) മഹാരാഷ്ട്ര (7,527), മധ്യപ്രദേശ് (5,996), തമിഴ്‌നാട് (4,968), രാജസ്ഥാൻ ( 3,371) സംസ്ഥാനങ്ങളിലാണ് കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളുടെ എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. 2023-ൽ കേരളത്തിൽ 4641 പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്ന കണക്കാണിത്. മലപ്പുറം (507), തിരുവനന്തപുരം റൂറൽ (407), പാലക്കാട് (367), എറണാകുളം റൂറൽ (325), ആലപ്പുഴ (257), കോട്ടയം (251) ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2023ൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ കണക്ക്

നിയമം ശക്തം, ​പക്ഷേ…

പോക്‌സോ പോലൊരു സുശക്തമായ നിയമമുണ്ടായിട്ടും രാജ്യത്തും സംസ്ഥാനത്തും പോക്‌സോ കേസുകളിൽ വർധനവുണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് മുൻ എറണാകുളം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സണായ അഡ്വ. ബിറ്റി. കെ ജോസഫ് പറയുന്നത്: ‘‘പോക്‌സോ കേസുകൾക്കെതിരെ ശക്തമായ നിയമസംവിധാനമുണ്ടെങ്കിലും ഫലപ്രദമായി ഈ വിഷയത്തെ നേരിടാനും നീതി നടപ്പിലാക്കാനും നല്ലൊരു ശതമാനം കേസുകളിലും സാധിക്കുന്നില്ല. അതിനുകാരണം പലപ്പോഴും പ്രതി സ്വന്തം വീട്ടുകാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, പരിചയക്കാർ, മുതലായവരാണ് എന്നതാണ്. പോക്‌സോ കേസുകളിൽ വിക്ടിമൈസ് ചെയ്യപ്പെടുന്ന കുട്ടികളെ അവരുടെ പ്രായമനുസരിച്ച് മൂന്നായി തിരിക്കാം. അതിൽ ആദ്യത്തെ, എട്ടു വയസ്സിന് താഴെയുള്ള കുട്ടികളെ ആകർഷകമായി സമ്മാനങ്ങളോ, മധുപലഹാരങ്ങളോ നൽകി പ്രലോഭിപ്പിച്ചാണ് പ്രതികൾ ആക്രമിക്കുന്നത്. ഒമ്പത് വയസ്സിനും പതിമൂന്നിനും ഇടയിലുള്ള കുട്ടികളെ കുടുബത്തിൽ തന്നെയുള്ള ബന്ധുക്കളോ, പരിചയക്കാരോ, സുഹൃത്തുക്കളോ ആണ് കൂടുതൽ ഉപദ്രവിക്കുന്നതായി കണ്ടിട്ടുള്ളത്. കുട്ടികളുമായുള്ള പരിചയവും അടുപ്പവും ദുരുപയോഗം ചെയ്ത്, കുട്ടിക്ക് സംശയം തോന്നാത്ത തരത്തിൽ സെക്ഷ്വലി അബ്യൂസ് ചെയ്യാനാണ് ഈ കൂട്ടർ ശ്രമിക്കുന്നത്. എട്ടു വയസ്സുള്ള കുട്ടികളും കുടുംബബന്ധുക്കളിൽ നിന്ന് ആക്രമണം നേരിടേണ്ടിവരുന്നുണ്ട്. 14- 18 പ്രായക്കാർ പൊതുവെ പ്രണയം പോലുള്ള റിലേഷൻഷിപ്പുകളിൽ കുടുങ്ങി ലൈംഗികാതിക്രമത്തിന് വിധേയാകേണ്ടി വരുന്നതായാണ് കണ്ടിട്ടുള്ളത്.

അഡ്വ.ബിറ്റി.കെ ജോസഫ്

കേസുമായി ബന്ധപ്പെട്ട് പോക്‌സോ അതിജീവിതെയക്കൊണ്ട് മൊഴിമാറ്റിക്കാൻ സ്വന്തം അമ്മമാർ തന്നെ ശ്രമിക്കുകയും അതുവഴി പ്രതികൾ രക്ഷപ്പെടുകയുമാണ് ചെയ്യുന്ന സംഭവങ്ങളുണ്ട്. അതുപോലെ പ്രണയബന്ധത്തിലൂടെ പോക്‌സോ കേസുകളിൽപ്പെടുന്ന പെൺകുട്ടികൾ മിക്കവാറും തങ്ങളുടെ പ്രണയിതാവിനെതിരെ മൊഴി കൊടുക്കുവാൻ തയ്യാറാകുന്നുമില്ല. അയാളെ പൂർണ്ണമായും വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പെൺകുട്ടി പ്രായപൂർത്തിയാകുമ്പോൾ വിവാഹം ചെയ്യുമെന്ന പ്രതീക്ഷയിൽ അയാൾക്ക് വേണ്ടതിനെല്ലാം നിന്നുകൊടുക്കുകയാണ് ചെയ്യുന്നത്. ചില കേസുകളിൽ പെൺകുട്ടിയുടെ വീട്ടുകാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. എട്ടുവയസ്സിന് താഴെയുള്ള് അതിജീവിതക്ക് പലപ്പോഴും പ്രതിയെ തിരിച്ചറിയാനാവാത്ത സ്ഥിതിയുമുണ്ടാകുന്നുണ്ട്. അങ്ങനെ ശക്തമായ തെളിവുകളുടെയും മൊഴികളുടെയും അഭാവത്തിൽ പല കേസുകളും ശിക്ഷിക്കപ്പെടാതെ പോവുകയാണ് ചെയ്യുന്നത്.”

എന്തെല്ലമാണ് കുറ്റകൃത്യങ്ങൾ

പോക്‌സോ കേസുകളിൽ കൃത്യമായ വിചാരണ നടത്തുന്നതിനും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതിനും പോക്‌സോ നിയമത്തെക്കുറിച്ചും ശിക്ഷാനടപടികളെക്കുറിച്ചും കുട്ടികളും സമൂഹവും ഒരു പോലെ ബോധവാമാരാക്കുക എന്നത് പ്രധാനമായ കാര്യമാണ്. പോക്‌സോ നിയമത്തിന് കീഴിൽ കുട്ടികൾക്കെതിരായ ആക്രമണങ്ങൾ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
1) ലൈംഗികാതിക്രമം (sexual assault).
2) ലൈംഗിക പീഡനം (sexual harassment).
3) അശ്ലീലതക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കൽ (using a child for pornography).

ലൈംഗികാതിക്രമം (sexual assault):
ലൈംഗിക ചിന്തയോടെ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതിനെയാണ് ലൈംഗികാതിക്രമം (sexual assault) എന്നു പറയുന്നത്. ലൈംഗികമായി കുട്ടികളെ ഉപയോഗിക്കുന്നതും സ്വകാര്യഭാഗങ്ങൾ സ്പർശിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നതും ലൈംഗിക അതിക്രമത്തിൽ ഉൾപ്പെടുന്നതാണ്.

 • ലൈംഗികാവയവ പ്രവേശനത്തിലൂടെയുള്ള ആക്രമണം (penetrative sexual assault): പത്തുവർഷത്തിൽ കുറയാത്തതും ജിവപര്യന്തം വരെ തടവും പിഴയുമാണ് ശിക്ഷയുള്ളത്. 16 വയസ്സിൽ താഴെയുള്ള കുട്ടിയാണങ്കിൽ 20 വർഷം വരെ തടവും പിഴയും ലഭിക്കാൻ സാധ്യതയുണ്ട്.

 • ലൈംഗികാവയവ പ്രവേശനത്തിലൂടെയുള്ള ഗൗരവതരമായ ആക്രമണത്തിന് (aggravated penetrative sexual assault):
  20 വർഷത്തിൽ കുറയാത്തതും ജീപര്യന്ത തടവും പിഴയും വധശിക്ഷയും വരെ കിട്ടാവുന്ന കുറ്റമാണ്

ലൈംഗിക പീഡനം (sexual harassment): കുട്ടികളോട് അശ്ലീലത നിറഞ്ഞ രീതിയിൽ സംസാരിക്കുക, അശ്ലീലമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുക, ആംഗ്യങ്ങൾ കാണിക്കുക, നഗ്നശരീരം പ്രദർശിപ്പിക്കുക, കുട്ടിയെ നഗ്നരാക്കി നിർത്താൻ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ലൈംഗിക പീഡനം (sexual harassment)

 • ലൈംഗിക പീഡനത്തിന് 3 വർഷത്തിൽ കുറയാത്തതും 5 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും ശിക്ഷയായി വിധിക്കുന്നത്. ഇതിൽ ഗൗരവതരമായ ലൈംഗിക ആക്രമണമാണെങ്കിൽ 5 വർഷത്തിൽ കുറയാത്തതും 7 വർഷം വരെ ആകാവുന്നതുമായ തടവും പിഴയുമാണ് ലഭിക്കാവുന്ന കുറ്റമാണ്.

photo: pixabay

അശ്ലീലതക്ക് കുട്ടികളെ ഉപയോഗിക്കൽ (using a child for pornography):
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലും പ്രചരിപ്പിക്കുന്നതോ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. കുട്ടികളുടെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ/ വീഡിയോകൾ എന്നിവയുടെ പ്രചാരണങ്ങൾ, കുട്ടികളെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുത്തികൊണ്ട് ദൃശ്യങ്ങൾ ചിത്രീകരിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളാണ്

 • കുട്ടികളുടെ അശ്ലീല ചിത്രമെടുക്കൽ, അശ്ലീല സാഹിത്യം തുടങ്ങിയ ആവശ്യങ്ങൾക്ക് കുട്ടിയെ നിർബന്ധിക്കുന്നതിന് 5 വർഷത്തിൽ കുറയാത്തതും തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുന്നത്. ഇതേ കുറ്റത്തിന് തന്നെ വീണ്ടും ശിക്ഷിക്കപ്പെട്ടാൽ 7 വർഷത്തിൽ കുറയാത്ത ശിക്ഷയായിരിക്കും ലഭിക്കുന്നത്. വാണിജ്യ ആവശ്യത്തിനായി കുട്ടികളുടെ അശ്ലീല സാഹിത്യങ്ങൾയ ചിത്രങ്ങൾ ഉപയോഗിക്കുകയോ കൈവശം വെക്കുകയോ സൂക്ഷിക്കുകയോ ചെയ്താലും 5 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്.

 • കുട്ടികളുടെ പോണോഗ്രാഫിക് ദൃശ്യങ്ങൾ കാണാൻ വേണ്ടി സൂക്ഷിക്കുക, മറ്റുളളവർക്ക് അയച്ചുകൊടുക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്നുവർഷം തടവും 5000 മുതൽ 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

 • കുട്ടികളുടെ സംരക്ഷണ ചുമതലയിലുള്ളവർ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ നടത്തിയാൽ ജീവപര്യന്തം തടവും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്

 • ചിൽഡ്രൻസ് ഹോം, പ്രൊട്ടക്ഷൻ ഹോം, അനാഥാലയം, ആശുപത്രികൾ തുടങ്ങിയവയുടെ നടത്തിപ്പുകാർ, പോലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ഡോക്ടർമാർ, ബന്ധുക്കൾ, മാതാപിതാക്കൾ, തുടങ്ങിയവരാണ് പ്രതികളെങ്കിൽ പത്തുവർഷം മുതൽ ആജീവനാന്തം ജീവപര്യന്തം തടവും ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്.

 • കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതിലൂടെ എച്ച്.ഐ.വി അണുബാധയ്ക്ക് കാരണമാവുകയും ഗർഭധാരണം ഉണ്ടാവുകയും ചെയ്താൽ ജീവപര്യന്തം തടവും ശിക്ഷയും ലഭിക്കും

 • കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്കും കുറ്റകൃത്യത്തിന് നിശ്ചയിച്ചിട്ടുള്ള അതേ ശിക്ഷ തന്നെയാണ് ലഭിക്കുക.

photo: pixabay

ലൈംഗികാതിക്രമ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളുടെ പേര്, മേൽവിലാസം, ഫോട്ടോ, കുടുംബവിശദാംശങ്ങൾ, വിദ്യാലയം, സമീപസ്ഥലം, കൂടാതെ കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള വെളിപ്പെടുത്തലിലേക്ക് നയിക്കുന്ന മറ്റേതെങ്കിലും വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ല. പോക്‌സോ കേസ് 23(4) വകുപ്പ് പ്രകാരം കുട്ടിയെ തിരിച്ചറിയാൻ തക്ക വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നത് ഒരു വർഷം വരെ തടവുശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

ബാലവകാശ കമ്മീഷന്റെ കൈപ്പുസ്തകത്തിൽ ലൈംഗികാതിക്രമത്തിന് വിധേയമാകേണ്ടി വരുന്ന കുട്ടികളിൽ പൊതുവായി കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

 • അതിക്രമത്തിന് വിധേയരാകുന്ന കുട്ടികൾ ചില സന്ദർഭങ്ങളിൽ പെട്ടെന്ന് പ്രകോപിതരാകുക, സ്വയം ഹാനി വരുത്തുക, ആത്മഹത്യയെക്കുറിച്ച് സംസാരിക്കുകയോ ശ്രമിക്കുകയോ ചെയ്യാനുള്ള സാധ്യതകളുണ്ട്.

 • വീട്ടിലേക്ക്, സ്‌കൂളിലേക്ക് പോകാൻ മടി, ഭയം കാണിക്കുക.

 • കാലാവസ്ഥയ്ക്കനുസൃതമല്ലാതെ ഒന്നിനു പുറത്ത് മറ്റൊന്നായി കൂടുതൽ വസ്ത്രങ്ങൾ ധരിക്കുക.

 • ഉറക്കമില്ലായ്മ, അടിക്കടി പേടിസ്വപ്‌നങ്ങൾ കാണുക, ഇരുട്ടിനെ ഭയക്കുക.

 • കിടന്ന് മൂത്രമൊഴിക്കുക, കൂടുതലായി കരയുക.

 • കൂട്ടുകാരുമായി സൗഹൃദമില്ലായ്മ.

 • ആഹാരം കഴിക്കാൻ വിമുഖത.

 • പഠനനിവവാരം കുറയുക.

 • സ്വന്തം ലൈംഗികാവയവങ്ങളെപ്പോലും വെറുക്കുകയോ, സാധാരണയിൽ കവിഞ്ഞ സ്വകാര്യത ആവശ്യപ്പെടുകയോ ചെയ്യുക.

 • സ്വന്തം ലിംഗവർഗ്ഗത്തിൽപ്പെടുന്നവരെ വെറുക്കുക.

 • അശ്ലീലവും അനുചിതവുമായ വാക്കുകളും സംസാരത്തിലുടനീളം ഉണ്ടാക്കുക.

 • മറ്റുള്ള കുട്ടികളുമായിച്ചേർന്ന് ലൈംഗികകാര്യങ്ങൾ അനുകരിക്കുക.

 • ലൈംഗികാസ്‌കതിയോടെ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുക.

 • നടക്കുന്നതിനോ ഇരിക്കുന്നതിനോ ബുദ്ധിമുട്ടുകൾ കാണിക്കുക.

 • ജനനേന്ദ്രിയങ്ങളിൽ വേദനയോ ചൊറിച്ചിലോ ഉണ്ടാകുക.

 • അസ്വാഭാവികമായി ശരീരവേദനയോ മുറിവുകളോ ക്ഷതങ്ങളോ ഉണ്ടാകുക.

photo: pexels

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റിലോ, ലോക്കൽ പോലീസിലോ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കുട്ടികളുടെ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി രണ്ട് ചൈൽഡ് വെൽഫയർ പോലീസ് ഓഫീസർ (Cwpo)മാരെ നിയമിച്ചിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടത് ചൈൽഡ് വെൽഫയർ പോലീസ് ഓഫീസർമാരുടെ ചുമതലയാണ്. ഒരു കുട്ടി ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വിധേയമാകുകയോ, കുറ്റകൃത്യം നടത്താൻ സാധ്യതയുള്ളതായോ പോലീസിന് വിവരം ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഒരിക്കലും ഔദ്യോഗിക വേഷം ധരിക്കരുതെന്ന് പ്രത്യേകം നിയമത്തിൽ അനുശാസിക്കുന്നുണ്ട്. കുട്ടി പറയുന്ന ഭാഷയിൽ തന്നെയാവണം മൊഴി രേഖപ്പെടുത്തേണ്ടത്. ആവശ്യമുള്ള പക്ഷം പരിഭാഷകരുടെയോ, ദ്വിഭാഷികളുടെയോ സേവനവും പോലീസിന് തേടാവുന്നതാണ്. കേസിന്റെ എഫ്.ഐ.ആർ പകർപ്പ് വിവരം നൽകുന്ന വ്യക്തിക്ക് 24 മണിക്കൂറിനുള്ളിൽ നൽകുകയും കേസുകളിൽ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് പറയുന്നുണ്ട്. കുറ്റകൃത്യം നടന്നെന്നോ , നടക്കാൻ സാധ്യതയുള്ള വിവരം രേഖപ്പെടുത്തുന്നതിൽ പോലീസ് വീഴ്ച വരുത്തിയാൽ പോക്സോ 21 (1) പ്രകാരം ആറുമാസം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്

കുട്ടികൾക്കെതിരായ അതിക്രമത്തെക്കുറിച്ച് പോലീസിനോട് പേര് വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യണമെന്നുണ്ടെങ്കിൽ ചൈൽഡ് ലൈൻ നമ്പറായ 1098 ലേക്ക് വിളിച്ചു പറയാം. റിപ്പോർട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ രഹസ്യമായി തന്നെ സുക്ഷിക്കുമെന്ന് ചൈൽഡ്‌ലൈൻ ഉറപ്പുതരുന്നുണ്ട്. പോക്‌സോ നിയമപ്രകാരം പോലീസോ, മറ്റ് ബന്ധപ്പെട്ട വകുപ്പുകളോ നടപടികൾ സ്വീകരിക്കാത്ത പക്ഷം സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന് പരാതി സമർപ്പിക്കാവുന്നതാണ്. ഇതിന് അപേക്ഷാ ഫീസ് ആവശ്യമില്ല. വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കി പരാതി ഒപ്പിട്ട് സമർപ്പിക്കാം. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ നിയമം, വകുപ്പ് 44 പ്രകാരം പോക്‌സോ നിയമത്തിന്റെ നിരീക്ഷണ ചുമതല കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷനിൽ നിക്ഷിപ്തമാണ്. ഇതിനായി ബാലവകാശ കമ്മീഷന്റെ കീഴിൽ പോക്‌സോ മോണിറ്ററിങ്ങ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.

photo: pixabay

ചൈൽഡ് വെൽഫയർ കമ്മിറ്റി

കുട്ടികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടി ജില്ലകൾ കേന്ദ്രീകരിച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ജുവനൈൽ ജസ്റ്റിസ് കെയറിങ്ങ് പ്രോട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്റ്റ് 2015 പ്രകാരം ചൈൽഡ് വെൽഫയർ കമ്മിറ്റി മുഖ്യമായും ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ള കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു അതോറിറ്റിയാണ്. ലൈംഗികാതിക്രമത്തെ അതിജീവിച്ച കുട്ടികൾക്ക് ശ്രദ്ധയും സംരക്ഷണവും നൽകുന്നതിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രധാന പങ്ക് വഹിക്കുന്നു. ഓരോ ജില്ലകളിലും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള പോക്‌സോ കേസുകൾ വിശകലനം ചെയ്ത്, പ്രത്യേക പരിഗണന കൊടുക്കേണ്ട കേസുകൾ, അല്ലാത്തവ എന്നീ ക്രമത്തിൽ മുൻഗണനകൊടുക്കുക, കുട്ടികളുടെ പ്രായം, ലിംഗം , വിഭാഗം, കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യം എന്നിവ മുൻനിർത്തി റിപ്പോർട്ടുകൾ ശേഖരിക്കുക, കുട്ടികളുടെ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കി അവർക്ക് അനുയോജ്യമായ പദ്ധതി, പുനരധിവാസം നടപ്പിലാക്കുക തുടങ്ങിയവയാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ പ്രധാന ചുമതലകൾ. ഒരു കുട്ടി ലൈംഗികാതിക്രമത്തിന് വിധേയമാകുകയോ ആകുവാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചാൽ പോലീസ് മുഖാന്തരം ശ്രദ്ധയും സംരക്ഷണത്തിനുമായി 24 മണിക്കൂറിനുള്ളിൽ കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കണമെന്ന് നിയമമുണ്ട്.

കുട്ടികൾക്ക് ഷെൽട്ടർ ആവശ്യമുണ്ടെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് ബോധ്യമായാൽ അവരെ ഒരു ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനിലേക്ക് പ്രവേശിപ്പിക്കവുന്നതാണ്. ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനിൽ വേണ്ടത്ര അന്വേഷണം നടത്തി, അതിന്റെ യോഗ്യത ഉറപ്പുവരുത്തുന്നതും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. പോക്‌സോ അതിജീവിരായ കുട്ടിക്ക് കേസിന്റെ തുടക്കം മുതൽ തന്നെ ഒരു സപ്പോർട്ട് പേഴ്‌സണെ വെച്ച് കൊടുക്കാനും ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. പോക്‌സോ അതിജീവരായ കുട്ടിക്ക് വേണ്ട എല്ലാ നിയമസഹായങ്ങളും ചെയ്ത് കൊടുക്കാനും കമ്മിറ്റി ബാധ്യസ്ഥരാണ്.

പോക്‌സോ നിയമത്തെ സംബന്ധിച്ച് കുട്ടികൾക്ക് കൃത്യമായ ബോധവത്ക്കരണം നൽകിയതാണ്, സംസ്ഥാനത്ത് പോക്‌സോ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായതെന്നാണ് എറണാകുളം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനായ കെ.കെ. ഷാജു പറയുന്നത്:

കെ.കെ. ഷാജു

പോക്‌സോ കേസുകൾ സംബന്ധിച്ച് കുട്ടികൾക്ക് വലിയ രീതിയിലുള്ള ബോധവത്ക്കരണം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ബോധവത്ക്കരണം കിട്ടിയതുകൊണ്ടു തന്നെ ഇത്തരം ആക്രമണമുണ്ടായാൽ ഉടനെ റിപ്പോർട്ട് ചെയ്യണമെന്നും കേസുമായി മുന്നോട്ടുപോകണെമെന്നുമുള്ള ബോധ്യം കുട്ടികൾക്കും കുടുംബത്തിനും ഒരുപോലെയുണ്ട്. ഈ അറിവുള്ളതുകൊണ്ടാണ് സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വർധനവ് കാണിക്കുന്നത്. നേരത്തെ ഇത്തരം വിഷയങ്ങളിൽ ആരെയാണ് അപ്രോച്ച് ചെയ്യേണ്ടതെന്നോ, റിപ്പോർട്ട് ചെയ്യേണ്ടതെന്നോ അറിയില്ലായിരുന്നു. ഇപ്പോൾ എല്ലാവർക്കും ഇതിനെക്കുറിച്ച് കൃത്യമായ ബോധ്യങ്ങളുണ്ട്.”

പോക്‌സോ കേസിനെക്കുറിച്ച് കൃത്യമായ ബോധ്യത്തോടെ റിപ്പോർട്ട് ചെയ്യാൻ ഇന്ന് കുട്ടികളും കുടുംബങ്ങളും ശ്രമിക്കുന്നുണ്ടെന്ന് ഷാജു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്

ബാലവകാശ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ വ്യാഖ്യാതാക്കൾ, പരിഭാഷകർ, പ്രത്യേക അദ്ധ്യാപകർ, വിദഗ്ധർ, പിന്തുണ നൽകുന്ന വ്യക്തികൾ (Support persons) എന്നിവരുടെ മേൽവിലാസം, ഫോൺനമ്പർ, മറ്റ് ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങുന്ന രജിസ്റ്റർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ തയ്യാറാക്കുകയും ആയതിന്റെ പകർപ്പ് സ്‌പെഷ്യൽ ജുവനൈൽ പോലീസിനും മജിസ്‌ട്രേറ്റ് / പേത്യേക കോടതി, ചൈൽഡ് വെൽഫയർ കമ്മിറ്റി എന്നീ വിഭാഗങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. കൂടാതെ എൻ.ജി.ഒ കൾ വഴി നിയമിക്കപ്പെടുന്ന കൗൺസിലിങ് സപ്പോർട്ട് പേഴ്‌സൺ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കാനുള്ള ചുമതലയുമുണ്ട്.

കുട്ടികൾക്ക് തങ്ങൾ നേരിട്ട അതിക്രമത്തെക്കുറിച്ച് പരാതിപ്പെടുന്നതിന് പ്രത്യേക സമയപരിധിയൊന്നുമില്ല. അതിക്രമങ്ങളെക്കുറിച്ച് ഏത് പ്രായത്തിലും പരാതി നൽകാൻ അവകാശമുണ്ട്. പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടാൽ സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും വേഗവിചാരണ നടത്തണമെന്നും പോക്‌സോ നിയമം അനുശാസിക്കുന്നുണ്ട്. കേരളത്തിൽ നിലവിൽ 43 കോടതികൾ നിലവിലുണ്ട്.

പ്രത്യേക കോടതി (special court)

പോക്‌സോ ആക്ട് 28-ാം വകുപ്പ് പ്രകാരം ഓരോ ജില്ലയിലും ശിശുസൗഹാർദ്ധ അന്തരീക്ഷത്തിന് മുൻതൂക്കം കൊടുക്കുന്നതിന് ജില്ലകളിലെ ഫസ്റ്റ് അഡീഷ്ണൽ സെക്ഷൻസ് കോടതികളെ കുട്ടികളുടെ പ്രത്യേക കോടതികളായി സംസ്ഥാന സർക്കാർ നാമകരണം ചെയ്തിട്ടുണ്ട്. പോക്‌സോ കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് അതിവേഗം കോടതികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ കേസിന്റെ വിചാരണയും മറ്റ് നിയമനടപടികളഉം ഫലപ്രദമായ രീതിയിൽ സമയബന്ധിതമായി നടപ്പിലാക്കുവാൻ നിയമത്തിൽ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതിൽ പ്രത്യേക കോടതികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

പോക്‌സോ ചട്ടം ഒമ്പത് പ്രകാരം കുട്ടിക്ക് ഏൽക്കേണ്ടി വരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ, പരിക്കുകൾ, മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ചികിത്സാചിലവ്, കുറ്റകൃത്യം മൂലം വിദ്യാഭ്യാസ അവസരം നഷ്ടമായിട്ടുണ്ടെങ്കിൽ ക്രമീകരണം, കുറ്റകൃത്യഫലമായി ഉണ്ടായിട്ടുള്ള വൈകല്യങ്ങൾ/ സാമ്പത്തികാവസ്ഥ അടിസ്ഥാനമാക്കിയുള്ള പുനരധിവാസം/ കുട്ടി ഗർഭിണിയാണെങ്കിൽ/ കുട്ടിക്ക് ലൈംഗികരോഗങ്ങൽ എച്ച.ഐ.വി എയ്ഡ്‌സ് ബാധിതയാണെങ്കിൽ ഇവ പരിഗണിച്ച് പ്രത്യേക കോടതി നഷ്ടപരിഹാര തുകയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്.

photo: pexels

കുട്ടികൾക്ക് സർക്കാർ തലത്തിൽ നിയമസഹായം ലഭ്യമാക്കുന്ന സംവിധാനമാണ് നിയമസേവന അതോറിറ്റി (Legal service authority). 14 ജില്ലകളിലും നിയമസേവന അതോറിറ്റിയുടെ സേവനം ലഭ്യമാക്കി വരുന്നു, പോക്‌സോ നിയമത്തിലെ 33(8) വകുപ്പ് പ്രകാരം പ്രത്യേക കോടതിയി്‌ലാണ് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയ്ക്ക് ലഭിക്കുന്ന അപേക്ഷ പ്രകാരമോ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലോ നഷ്ടപരിഹാര തുക കുട്ടിക്കോ, കുടുംബത്തിനോ നൽകി വരുന്നു. ഇതിന്റെ ക്രോഡീകരണം നടപ്പിലാക്കേണ്ടത് കേരള സംസ്ഥാന നിയമന അതോറിറ്റിയാണ്.

പോക്‌സോ കേസുകളിൽ ഒരു കൊല്ലത്തിനകം തന്നെ കുറ്റപത്രം നൽകി വിചാരണ പൂർത്തിയാക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. 2022 ൽ ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ ഫണ്ട് നടത്തിയ പഠനത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പോക്‌സോ കേസുകളിൽ മൂന്ന് ശതമാനത്തോളം മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. 2023 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്താകമാനം 2,43,237 കേസുകളാണ് ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതികളിൽ കെട്ടികിടക്കുന്നത്. ഈ കേസുകളെല്ലാം തീർപ്പാക്കാൻ ചുരുങ്ങിയത് ഒമ്പത് വർഷമെങ്കിലും വേണ്ടി വരുമെന്നാണ് പഠനത്തിൽ പറയുന്നത്. നിലവിൽ രാജ്യത്ത് 351 അതിവേഗ കോടതികളും 412 പോക്‌സോ കോടതികളുമുണ്ട്. പക്ഷേ ഈ നിയമം കാര്യക്ഷമമായി നടപ്പിലാക്കാൻ ഇവ പര്യാപ്തമല്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

സുതാര്യത നഷ്ടമാകുന്ന വിചാരണ

പോക്‌സോ കേസ് ഉന്നയിക്കുന്ന കുട്ടി സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന നിലയ്ക്കാണ് നിയമസംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്നും എല്ലാം അധികാരസ്ഥാപനങ്ങളും ആണധികാരസ്ഥാപനങ്ങളായി പ്രവർത്തിക്കുന്നത് കൊണ്ടാണ് പോക്‌സോ കേസുകളിൽ വിചാരണയിൽ സുതാര്യത നഷ്ടപ്പെടുന്നതെന്നാണ് സാമൂഹിക പ്രവർത്തകയായ സുൽഫത്ത് അഭിപ്രായപ്പെടുന്നത്:

സുൽഫത്ത്

ഒരു കൊല്ലത്തിനകം വിചാരണ പൂർത്തിയാക്കിയ അപൂർവ്വം ചില കേസുകൾ മാത്രമേ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ളു. പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നേരേ നടക്കുന്ന ലൈംഗിക പീഡനങ്ങളിൽ പോലും വിചാരണയ്ക്ക് പത്തുവർഷമെങ്കിലും വേണ്ടി വരുന്നുണ്ട്. കേസുകൾതീർപ്പ് കൽപ്പിക്കുന്നതിനുള്ള കാലതാമസം കുട്ടികളിൽ വലിയ തോതിലുള്ള മാനസിക സംഘർഷങ്ങളുണ്ടാക്കാൻ കാരണമാകുന്നുണ്ട്. പോക്‌സോ കേസുകളിൽ പകുതിയിലധികവും പ്രതികൾ കുട്ടികളുടെ ഏറ്റവും അടുത്ത ബന്ധത്തിലുള്ളതോ, പരിചയക്കാരോ, കുട്ടികളുടെ സംരക്ഷണ ചുമതലയുള്ളവരോ ആയിരിക്കും. ഇവർക്കെതിരെ കേസുമായി മുന്നോട്ടുപോകുമ്പോൾ നിരവധി സമർദ്ധങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിടേണ്ടി വരുന്നുണ്ട്. കുറ്റകൃത്യം പുറത്തുവന്നുകഴിഞ്ഞാലും അവർക്ക് ശിക്ഷ ലഭിക്കണമെന്നില്ല. സമർദ്ധങ്ങൾ കാരണം കേസിൽ നിന്ന് പിൻവാങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ പ്രതികൾ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. പിന്നീട് ഇത്തരം കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുകയാണുണ്ടാവുന്നത്.

പോക്‌സോ കേസുകളും ദുരുപയോഗവും

കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് നടപ്പാക്കപ്പെട്ട പോക്‌സോ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സന്ദർഭങ്ങളുമുണ്ടാകാറുണ്ട്. ദമ്പതിമാർ തമ്മിലുള്ള പ്രശ്നങ്ങളിലും പങ്കാളിയോടുള്ള വൈരാഗ്യം തീർക്കാനും മാതാപിതാക്കൾ പോക്‌സോ നിയമത്തെ ദുരുപയോഗം ചെയ്യാറുണ്ടെന്നാണ് ചൈൽഡ് വെൽഫയർ ഓഫീസർമാർ പറയുന്നത്.

കുട്ടികളുടെ കസ്റ്റഡി കിട്ടുന്നതിനായി കുട്ടികളുടെ അച്ഛനും അച്ഛന്റെ കുടുംബങ്ങൾക്കുമെതിരെ അമ്മമാർ പോക്‌സോ ആരോപണം ഉന്നയിക്കാറുണ്ട്. അതേപോലെ അച്ഛൻമാരും കുട്ടികളുടെ അമ്മയുടെ ബന്ധുക്കൾക്കെതിരെ വ്യാജ പോക്‌സോ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. കുടുംബപ്രശ്നങ്ങളിലും സ്വത്ത് തർക്കത്തിലുമൊക്കെ കുട്ടികളെക്കൊണ്ട് കള്ള മൊഴികൾ കൊടുപ്പിച്ച് പോക്സോ കേസിനെ ദുരുപയോഗം ചെയ്യുന്നതും കൂടിവരികയാണ്. അയൽവക്ക കുടുബ തർക്കങ്ങളിലോ, അതിർത്തി തർക്കങ്ങളിലും മറ്റും കുട്ടികളെ ഉപയോഗിച്ച് വ്യാജമായ പോക്‌സോ ആരോപണങ്ങൾ ഉന്നയിച്ച് കേസ് ജയിക്കാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. ജാമ്യം ലഭിക്കാൻ വരെ ബുദ്ധിമുട്ടുള്ള കേസായതിനാൽ പകപോക്കുന്നതിനുള്ള ഉപകരണമായി പോക്സോ നിയമത്തെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. വൈരാഗ്യം തീർക്കുന്നതിനായി കുട്ടികൾ അദ്ധ്യാപകർക്കെതിരെ വ്യാജ ലൈംഗിക അതിക്രമ പരാതികൾ നൽകാറുണ്ട്. നിയമത്തെക്കുറിച്ച് നല്ല ധാരണയുള്ളവരാണ് ഇത്തരത്തിൽ വ്യാജ പോക്‌സോ പരാതികൾ നൽകുന്നതെന്നാണ് ചൈൽഡ് വെൽഫയർ ഓഫീസർമാർ പറയുന്നത്. കുട്ടികളെ ഉപയോഗിച്ച് പോക്സോ കേസുകൾ നൽകുമ്പോൾ അവിടെ ഇരകളാക്കപ്പെടുന്നതും സമ്മർദം അനുഭവിക്കുന്നതും കുട്ടികൾ തന്നെയാണെന്ന വസ്തുത പലപ്പോഴും ഇത്തരക്കാർ തിരിച്ചറിയാതെ പോകുന്നു. പോക്‌സോ ആക്ട് 22 (3) പ്രകാരം വ്യാജ പരാതിയോ വിവരങ്ങളോ നൽകി കേസ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

photo: unsplash

എന്നാൽ പൊതുസമൂഹത്തിൽ നിന്നുള്ള സമർദ്ധങ്ങൾ കാരണം പോക്‌സോ കേസുകൾ പിൻലിക്കാൻ നിർബന്ധതിരാകുന്ന സന്ദർഭത്തെ പോലും പോക്‌സോകേസിനെ ദുരുപയോഗം ചെയ്‌തെന്ന തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. പോക്‌സോ കേസുകൾ തീർപ്പാകുന്നതിന് എടുക്കുന്ന കാലതാമസവും അധികാരികളുടെ ആൺകോയ്മാ മനോഭാവവും സമർദ്ധങ്ങളും കാരണം പലപ്പോഴും കുട്ടികൾ മൊഴിമാറ്റിപറയുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ടെന്നാണ് സുൽഫത്ത് പറയുന്നത്. പോക്‌സോ കേസിൽ വേണ്ട രീതിയിൽ അന്വേഷണം നടത്തി സാക്ഷിമൊഴികൾ രേഖപ്പെടുത്താതെ, പ്രതിക്ക് അനുകൂലമായി അധികാരികൾ പ്രവർത്തിക്കുന്നത് കേസ് പിൻവലിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പിന്നീട് കെട്ടിച്ചമച്ചതാണെന്നും വ്യാജപരാതികളാണെന്നും പറയപ്പെടുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ട്. ഭൂരിപക്ഷം കേസുകളും ഇത്തരത്തിൽ സംഘർഷങ്ങൾ കാരണം കേസ് പിൻവലിക്കുന്നതിലൂടെ ഇല്ലാതാകുന്നതാണ്. അപൂർവ്വം ചില കേസുകളിൽ മാത്രമാണ് വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി പോക്‌സോ കേസുകൾ ദുർവിനിയോഗം ചെയ്യപ്പെടുന്നത്. അതിനെ ആകമാനം പോക്‌സോ കേസുകൾ ദുരുപയോഗം ചെയ്യുകയാണെന്ന വാദത്തിലേക്ക് കൊണ്ടുവരുന്നത് ശരിയല്ലെന്നാണ് സുൽഫത്ത് പറയുന്നത്

അവബോധം അനിവാര്യം

ലൈംഗികാതിക്രമവും ലൈംഗികപീഡനവും ചൂഷണവുമെല്ലാം എന്താണെന്ന് വളരെ ചെറുപ്പം മുതലേ കുട്ടികളെ ബോധവാന്മാരേക്കണ്ടത് അത്യാവശ്യമാണ്. തന്റെ ശരീരത്തിനുനേരെ ഒരാൾ അക്രമം നടത്തിയാൽ അതിനെതിരെ പ്രതികരിക്കണമെന്ന ആദ്യ പാഠം ചെറുപ്പത്തിലെ കുട്ടികൾക്ക് നൽകേണ്ടതുണ്ട്. കുട്ടികൾക്ക് സ്വയംരക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലനം, പ്രായത്തിനനുസരിച്ചുള്ള, ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ക്ലാസ്സുകൾ എന്നിവ നൽകേണ്ടതാണ്.

ലൈംഗിക ചൂഷണത്തിന് വിധേയരാകേണ്ടി വന്നാൽഉത്തരവാദിത്തപ്പെട്ട മാതാപിതാക്കളോടോ, അദ്ധ്യാപകരോടോ, അംഗനവാടി ടീച്ചർമാരോടോ, സ്‌കൂൾ കൗൺസിലർമാരോടോ തുറന്നുപറയാൻ കുട്ടികളെ പ്രീസ്‌കൂൾ മുതൽ തന്നെ പഠിപ്പിക്കണം. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നത് എന്താണെന്നും അതെങ്ങനെ തിരിച്ചറിയണമെന്നും ദുരുദ്ദേശത്തോടെ തന്നെ സമീപിക്കുന്നവരിൽ നിന്നും എങ്ങനെ സ്വയം രക്ഷ കൈവരിക്കണെമെന്നുമുള്ള ട്രെയിനിങ്ങ് കുട്ടികൾക്ക് വളരെ ചെറുപ്പം മുതൽ തന്നെ നൽകണം. കാരണം സ്വന്തം വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കുട്ടികളെ അതിക്രമങ്ങളിൽ നിന്ന് രക്ഷിക്കുന്നതിന് പാരന്റിങ്ങ് ഒരു പ്രധാന ഘടകമാണ്. പോസ്റ്റ് കോവിഡ് കാലത്തിന് ശേഷം കൂട്ടികൾ വലിയ രീതിയിൽ മൊബൈൽ അഡിക്ഷനും സമൂഹമാധ്യമ സ്വാധീനവും കൂടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവാമാരാക്കേണ്ടത് അത്യാവശ്യമാണ്. സമൂഹമാധ്യമങ്ങളിലൂടെ വരുന്ന വ്യാജസന്ദേശങ്ങളിലും മറ്റും കുട്ടികൾ പെട്ടെന്ന് അകപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളത്. മൊബൈൽ അഡിക്ഷൻ പലപ്പോഴും കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള കമ്മ്യൂണിക്കേഷനുകളെയും ദോഷമായി ബാധിക്കുന്നുണ്ട്.

photo: pixabay

പോക്‌സോ ആക്ടിനെ സംബന്ധിച്ചുള്ള വിവരങ്ങൾ കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിൽ സ്‌കൂൾ സിലബസ്സിൽ ഉൾപ്പെടുത്തി അവരെ ബോധവാമാരാക്കാൻ ശ്രമിക്കണം. ലൈംഗികാതിക്രമ കുറ്റകൃത്യങ്ങളെക്കുറിച്ച് പെൺകുട്ടികൾക്ക് മാത്രമല്ല, ആൺകുട്ടികൾക്കും അവബോധം നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പോക്‌സോ നിയമത്തെയും ലൈംഗികാതിക്രമത്തെക്കുറിച്ചും പെൺകുട്ടികളെ വിളിച്ചിരുത്തി ക്ലാസ്സ് നൽകുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ ഈ വിഷയത്തിൽ ലൈംഗികാതിക്രമമെന്താണെന്നും അതിലെ ശിക്ഷകളെന്താണെന്നുമുള്ള അറിവുകൾ പെൺകുട്ടികൾക്കൊപ്പം തന്നെ ആൺകുട്ടികളും അറിയേണ്ടത് അനിവാര്യമാണ്. പാഠ്യപദ്ധതിയിൽ തന്നെ ഈ വിഷയങ്ങൾ ഉൾപ്പെടുത്തണം. അതുപോലെ ലൈംഗികാതിക്രമങ്ങൾ വിധേയരാക്കപ്പെട്ട കുട്ടികൾ മാനസികമായി തളർന്നുപോകുകയും റിപ്പോർട്ട് ചെയ്യാൻ ആരെയാണ് സമീപിക്കേണ്ടതെന്ന് അറിവില്ലായ്മയും വരാറുണ്ട്. ചൈൽഡ്‌ലെൻ, ചൈൽഡ് വെൽഫയർ കമ്മിറ്റി, ഡിസ്‌ക്ട്രിറ്റ് ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റ്, സ്‌പെഷ്യൽ ജുവനെൽ പോലീസ് യൂണിറ്റ്, മറ്റ് പോലീസ് സംവിധാനങ്ങൾ, ചൈൽഡ് റൈറ്റ് കമ്മീഷൻ, ഡിസ്ട്രീക്റ്റ് ലീഗൽ സർവ്വീസ് അതോറിറ്റി, തുടങ്ങിയ സംവിധാനങ്ങൾ കുട്ടികളുമായി നിരന്തരം ഇടപെടുകയും സേവനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും വേണം. കുട്ടികൾക്കെതിരായ ആക്രമണങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകളെക്കുറിച്ച് മാത്രമാണ് പ്രതിപാദിച്ചിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ കണക്കുകളിൽ ഉൾപ്പെടാത്ത നിരവധി കേസുകളുമുണ്ട്. പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ സുതാര്യമായ അന്വേഷണം നടക്കുന്നില്ല. സങ്കീർണ്ണമായ കോടതി നടപടികൾ അനിശ്ചിതമായി നീളുന്നതും ഈ ക്രൂരകൃത്യത്തെ പിന്തുണ നൽകുന്നതുപോലെയാണ്.

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കുക എന്ന ഉദ്ദ്യമത്തെ കാമ്പയിനിങ്ങായി ഏറ്റെടുത്ത് തന്നെ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. റെസിഡ്യൻഷ്യൽ അസോസിയേഷനുകൾ, കുടുംബശ്രീ, എൻ.എസ്.എസ് പോലുള്ള വിദ്യാർഥി സംഘടനകൾ, എൻ.ജി.ഒകൾ തുടങ്ങിയവരെല്ലാം കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും അവബോധവും നൽകാൻ മുൻകൈയ്യെടുക്കേണ്ടതുണ്ട്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളെയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. കുട്ടികളെ മാത്രമല്ല സമൂഹത്തെയാകെ ഈ വിഷയത്തെക്കുറിച്ച് ബോധ്യവമാരാക്കുന്ന പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. പോക്‌സോ കുറ്റകൃത്യങ്ങളുടെ ശിക്ഷകളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന അറിയിപ്പുകൾ വിദ്യാലയങ്ങൾ, ആശുപത്രികൾ, തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലൊരു കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ നമ്മുടെ അടുത്ത തലമുറയിലെ കുട്ടികളെയെങ്കിലും ലൈംഗിക അതിക്രമത്തിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കുകയുള്ളു. പോക്‌സോ നിയമത്തിൽ അനുശാസിക്കുന്ന തരത്തിൽ കേസിൽ വിചാരണ നടത്താനും ശിക്ഷകൾ നടപ്പിലാക്കാനുമുള്ള ആത്മാർഥമായ ശ്രമങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്.

Comments