മലയാളി GEN Z യുടെ
സ്വാതന്ത്ര്യാന്വേഷണ പരീക്ഷണങ്ങളുടെ
UK

UK- ൽ രണ്ടു വർഷം പഠിച്ചും ജോലി ചെയ്തും ജീവിച്ച നയൻ സുബ്രഹ്മണ്യം, തന്റെയും സുഹൃത്തുക്കളുടെയും അനുഭവങ്ങളിലൂടെ ഇന്ത്യക്കാരുൾപ്പെടുന്ന മൂന്നാം ലോക കുടിയേറ്റ പൗരർ നേരിടുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നു. പരമ്പരയുടെ രണ്ടാം ഭാഗം.

മൂന്നാം ലോക GEN Z യുടെ
കുടിയേറ്റ ജീവിതം;
സ്വപ്നവും യാഥാർത്ഥ്യവും-
രണ്ട്

“ഒരാളും ഒരു സ്ഥലത്ത് അധികകാലം തങ്ങരുത്. അങ്ങനെ സംഭവിച്ചാൽ ആ പ്രദേശമാണ് ഭൂമിയുടെ ഒത്ത നടു എന്നയാൾക്ക് തോന്നും. അതോടെ അയാൾ മയ്യത്തായി…” വൈക്കം മുഹമ്മദ് ബഷീർ മലയാളച്ചെവികളിൽ ഓതുമ്പോൾ, അതിലൊട്ടാകെ പരക്കുന്നത് സഞ്ചരിച്ചവശനാകാൻ വെമ്പുന്ന മനുഷ്യവാസനയാണ്. ഈ വാസനയെ വെല്ലുവിളിക്കുന്നതാകട്ടെ ജന്മനാടിന്റെ നൊസ്റ്റാൾജിക് ഗുരുത്വാകർഷണവും. ഈ വികാരങ്ങളുടെ വടംവലിയിൽ കഴുത്തു ഞെരിയാത്ത പ്രവാസിയോ സഞ്ചാരിയോ ഇല്ല. എന്നിരുന്നാലും ഇതിലേതിനാണൊരു വ്യക്തിയെ മുഴുവനായും വിഴുങ്ങാൻ കെൽപ്പുള്ളതെന്നത്, തെരഞ്ഞു കണ്ടുപിടിക്കേണ്ട കാര്യം തന്നെയാണ്. Gen-Z കുടിയേറ്റത്തിന്റെ അച്ചുതണ്ട്, അവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് പറയാതെ വയ്യ.

എതിർ സംസ്കാരമോ?

മൂന്നാം ലോകത്തിന്റെ എല്ലാ കോണിലും, എല്ലാ വിഭാഗത്തിലും ഒരേപോലെ അടിച്ചമർത്തപ്പെട്ട നിരായുധ നിഷ്കളങ്ക ജീവികളാണ് കുട്ടികൾ. എന്നാലിവർ വളരുമ്പോൾ കൈവരിക്കുന്ന സ്വാതന്ത്ര്യം, അവരെ പ്രതികാരദാഹികളാക്കുന്നുണ്ടെന്ന് തോന്നാറുണ്ട്. മുതിർന്നപ്പോൾ കൈവരിച്ച സ്വാതന്ത്ര്യത്തെ പ്രതികാരമെന്നവണ്ണം, അധികാരമാക്കി മാറ്റിയ മുൻ തലമുറയിലെ ആണുങ്ങൾ, നമുക്കു മുന്നിലെ വലിയ ഉദാഹരണങ്ങളാണ്. ഇവരെ കീറിമുറിച്ച് പഠിക്കുമ്പോൾ, എന്തുകൊണ്ട് കുടുംബങ്ങളും തൊഴിലിടങ്ങളുമെല്ലാം അധികാരത്തെ ഘനീഭവിപ്പിച്ച് സൂക്ഷിക്കുന്നുവെന്ന് വ്യക്തമാവും. സ്വാതന്ത്ര്യം കിട്ടാതെ വളർന്നവർ, ഒരു ദിവസം വ്യക്തിസ്വാതന്ത്ര്യം കൈവരിക്കുമ്പോൾ, ആർത്തി മൂത്ത് അതിനെ അധികാരമാക്കുന്ന അവസ്ഥ സമൂഹത്തിലെ എല്ലാ വ്യവസ്ഥിതിയിലും തെളിഞ്ഞു കാണാം.

‘എന്തുകൊണ്ടായിരിക്കാം, തങ്ങളാർജിച്ച സ്വാതന്ത്ര്യം പ്രയോഗിക്കാൻ Gen-Z കൾ വിദേശത്തേക്ക് തന്നെ പോകുന്നത്?’ എന്റെയും മറ്റു പലരുടെയും അനുഭവങ്ങൾ ഉത്തരം പറയാൻ മുതിർന്നാൽ, ‘ഇൻക്ലൂസീവ്നസ്‌’ എന്നായിരിക്കും മറുപടി. അവിടങ്ങളിലുള്ള കെട്ടിടങ്ങളുടെ രൂപകൽപ്പനകളിൽ പോലും സഹജീവിയോടുള്ള കരുതൽ മുഴച്ചുനിൽക്കുന്നതായി തോന്നിയിട്ടുണ്ട്.

എന്നാൽ വ്യക്തിസ്വാതന്ത്ര്യമെന്നത് കെട്ടുകഥയായി കരുതി വളർന്ന Gen-Z തലമുറ, തങ്ങൾ കൈവരിച്ച സ്വാതന്ത്ര്യവുമായി നാട് കടക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞാൽ, അത് വെറും അവകാശവാദമാകുമോ? ഇല്ല എന്നതാണ് എന്റെ ഉത്തരം. വ്യക്തിസ്വാതന്ത്ര്യം കൈവരിച്ചെങ്കിലും അത് പ്രയോഗിക്കാനും പരീക്ഷിക്കാനും, വളക്കൂറുള്ള മണ്ണ് തേടിയാണ് അവർ പാശ്ചാത്യത്തിലേക്ക് പറക്കുന്നത്. Gen-Zകൾക്ക് സ്വാതന്ത്ര്യാന്വേഷണ പരീക്ഷണങ്ങൾ നടത്തുവാനുള്ള ‘പൊട്ടാസ്യം’, നാട്ടിലെ മണ്ണിൽ ഇല്ല എന്നതാണ് കാരണം. തെളിവുകളായി രണ്ട് വ്യത്യസ്ത സംഭവങ്ങൾ ചൂണ്ടിക്കാണിക്കാം:

ഒന്നാം സംഭവം:
എൻട്രൻസ് എന്ന ദുഃസ്വപ്നം

2014 - 2020 കാലത്ത് ഇന്ത്യയിൽ ‘എൻട്രൻസ് കോച്ചിങ് സംസ്കാരം’ (Entrance Coaching Culture) വിദ്യാർത്ഥികളുടെ ജീവിതഗതിവരെ നിർണ്ണയിക്കാനാരംഭിച്ചു. പ്ലസ് വൺ- പ്ലസ് ടൂ ക്ലാസുകളിൽ സയൻസ് തെരഞ്ഞെടുത്തവരും, അതിനുശേഷം എഞ്ചിനീയറിങ്ങിന് അഥവാ മെഡിസിന് ചേരുന്നവരും മാത്രമേ ജീവിതത്തിൽ വിജയിക്കുകയുള്ളൂ എന്ന് ‘എൻട്രൻസ് കോച്ചിങ് ലോബി’ വലിയ പ്രചാരം നടത്തി. എന്റെ സഹോദരൻ, അക്കാലത്ത് കുപ്രസിദ്ധമായിരുന്ന തൃശ്ശൂരിലെ ഒരു എൻട്രൻസ് കോച്ചിങ് സെന്ററിൽ താമസിച്ചു പഠിക്കുമ്പോൾ, മനുഷത്വരഹിതമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടിവന്നതായി പങ്കുവെച്ചിട്ടുണ്ട്. ഞാൻ പ്ലസ് ടു കഴിയുന്ന കാലത്ത് ഈ പ്രവണത മൂർദ്ധന്യത്തിലെത്തി. ഒട്ടുമിക്ക വിദ്യാർത്ഥികളും, സമ്മർദ്ദത്താൽ ഈ സാമൂഹ്യ തിരക്കഥക്ക് വിധേയപ്പെട്ട് മുന്നോട്ട് തുടർന്നെങ്കിലും, പലരും പക്വതയാർജിച്ചപ്പോൾ ഇതിനെ തള്ളിക്കളയുകയാണ് ചെയ്തത്. 1997 മുതൽ 2000 വരെയുള്ള കാലയളവിൽ ജനിച്ച, ശരാശരി ഇന്ത്യൻ Gen-Z യുടെ കൗമാരകാല ദുഃസ്വപ്നം തന്നെയായി ഈ സംഭവം നിലകൊള്ളുന്നു.

കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക-സാമ്പത്തിക ഞാറ്റുവേലകൾക്കെതിരെ വീശുന്ന എതിർ സാംസ്കാരമായി (Counter Culture) Gen-Z പലായനത്തെ കാണാം.
കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക-സാമ്പത്തിക ഞാറ്റുവേലകൾക്കെതിരെ വീശുന്ന എതിർ സാംസ്കാരമായി (Counter Culture) Gen-Z പലായനത്തെ കാണാം.

രണ്ടാം സംഭവം:
ലിവിങ് റിലേഷൻഷിപ്പിന്റെ സ്വാതന്ത്ര്യം

2023-ൽ യു.കെയിലെ ഷെഫീൽഡിൽ (Sheffield) പഠിച്ചുകൊണ്ടിരിക്കുമ്പോൾ, മുറിയുടെ വാടകക്കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ കുറച്ചുനാൾ ഒരു സുഹൃത്തിനൊപ്പം താമസിക്കാനിടയായി. അന്നവിടെയുണ്ടായിരുന്ന മലയാളികളായ പ്രണയിതാക്കൾ, ഒരുമിച്ച് തങ്ങിയിരുന്നത് ഞങ്ങൾക്കെല്ലാം വളരെ സാധാരണമായിരുന്നു. ഒരു ദിവസം അത്താഴ നേരത്ത്, ഈ വിഷയം സംസാരിക്കുന്നതിനിടയിൽ പെൺകുട്ടി തമാശയെന്നവണ്ണം പറഞ്ഞു: “പണ്ട്, ലിവിങ് റിലേഷൻഷിപ്പിലായ പെൺകുട്ടികൾ പ്രോസ്റ്റിറ്റ്യൂട്ട്സ് ആണെന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്, ഇപ്പൊ ഞാൻ അതുപോലൊരു ബന്ധത്തിലാണെന്ന് അമ്മയെങ്ങാനും അറിഞ്ഞാ…’’, ഇതുപറഞ്ഞ് ചിരിക്കുമ്പോഴും, തമാശയിൽ പൊതിഞ്ഞ അതിപുരാതന കുന്തമുന, അവിടെയുണ്ടായിരുന്ന എല്ലാപേരിലും തറച്ചുകയറുന്നുണ്ടായിരുന്നു. നേരെ ചൊവ്വേ പ്രണയിക്കാനും ഒരുമിച്ച് ജീവിച്ച് പരീക്ഷിക്കാനുമുള്ള മൗലികാവകാശമില്ലായ്‌മ നാട്ടിൽ വലിയ തമാശയാണല്ലോ.

ഞാൻ യു.കെയിൽ പഠിക്കുന്ന കാലത്ത് (2023), ഒരു സൂപ്പർമാർക്കറ്റ് ജീവനക്കാരനും സർക്കാർ ഉദ്യോഗസ്‌ഥയും ഒരേ പോലുള്ള വീടുകളിൽ ഒരേ രീതിയിൽ ജീവിക്കുന്നത്, വലിയ ഞെട്ടലുണ്ടാക്കിയ കാഴ്ചയായിരുന്നു.

രണ്ടു സംഭവങ്ങളിലും മായാതെ നിൽക്കുന്നത്, താളിയോലയിൽ രചിക്കപ്പെട്ട സാമൂഹ്യ തിരക്കഥകളാണ്; എന്ത് പഠിക്കണമെന്നും ആരെ പ്രണയിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നുമൊക്കെ വ്യക്തിക്ക് നിർദ്ദേശം നൽകുന്ന മാന്വലുകൾ (Manuals). കുടിയേറ്റ വിരുദ്ധ സാഹചര്യങ്ങൾ ഉയർന്നിട്ടും പലായന നിരക്കിൽ ഏറിയ മാറ്റങ്ങൾ കണ്ടുവരാത്തത് - ഇവിടെ നിലനിൽക്കുന്ന, തിരക്കഥകളും ഉപസംസ്കാരങ്ങളും (Subcultures) യുവാക്കളെ ശ്വസിക്കാൻ അനുവദിക്കാത്തതു കൊണ്ടായിരിക്കാം.

അങ്ങനെ നോക്കുമ്പോൾ, ഈ കുടിയേറ്റത്തിന്, ഒരു സാംസ്കാരിക തിരസ്ക്കരണത്തിന്റെ (Cultural Rejection) പിന്നാമ്പുറ കഥയുണ്ടെന്നത് പ്രകടമാണ്. കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക-സാമ്പത്തിക ഞാറ്റുവേലകൾക്കെതിരെ വീശുന്ന എതിർ സാംസ്കാരമായി (Counter Culture) Gen-Z പലായനത്തെ വീക്ഷിക്കാൻ പ്രേരിപ്പിക്കുന്നതും ആ കാരണം തന്നെയാണ്.

എന്ത് പഠിക്കണമെന്നും ആരെ പ്രണയിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നുമൊക്കെ വ്യക്തിക്ക് നിർദ്ദേശം നൽകുന്ന മാന്വലുകൾ, യുവാക്കളെ ശ്വസിക്കാൻ പോലും അനുവദിക്കാത്തവിധം ശക്തമാണ്.
എന്ത് പഠിക്കണമെന്നും ആരെ പ്രണയിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നുമൊക്കെ വ്യക്തിക്ക് നിർദ്ദേശം നൽകുന്ന മാന്വലുകൾ, യുവാക്കളെ ശ്വസിക്കാൻ പോലും അനുവദിക്കാത്തവിധം ശക്തമാണ്.

എന്തുകൊണ്ട് പാശ്ചാത്യ രാജ്യങ്ങൾ?

അപ്പോഴും പതിരായി ബാക്കിനിൽക്കുന്നത്, ‘എന്തുകൊണ്ടായിരിക്കാം, തങ്ങളാർജിച്ച സ്വാതന്ത്ര്യം പ്രയോഗിക്കാൻ Gen-Z കൾ വിദേശത്തേക്ക് തന്നെ പോകുന്നത്?’ എന്ന ചോദ്യമാണ്. എന്റെയും മറ്റു പലരുടെയും അനുഭവങ്ങൾ ഉത്തരം പറയാൻ മുതിർന്നാൽ, ‘ഇൻക്ലൂസീവ്നസ്‌’ (Inclusiveness) എന്നായിരിക്കും മറുപടി. അവിടങ്ങളിലുള്ള കെട്ടിടങ്ങളുടെ രൂപകൽപ്പനകളിൽ പോലും സഹജീവിയോടുള്ള കരുതൽ മുഴച്ചുനിൽക്കുന്നതായി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്, വീൽച്ചെയറിന്റെ സഹായത്താൽ ജീവിക്കുന്നവർക്കായി പ്രത്യേക പാതകൾ, ശുചിമുറികൾ, ഓട്ടോമാറ്റിക് വാതിലുകൾ- ഇതെല്ലാം ഏതൊരു കെട്ടിടത്തിന്റെയും അവിഭാജ്യഭാഗമാണ്.

ഇതിനുപുറമെ, ഞാൻ യു.കെയിൽ പഠിക്കുന്ന കാലത്ത് (2023), ഒരു സൂപ്പർമാർക്കറ്റ് ജീവനക്കാരനും സർക്കാർ ഉദ്യോഗസ്‌ഥയും ഒരേ പോലുള്ള വീടുകളിൽ ഒരേ രീതിയിൽ ജീവിക്കുന്നത്, വലിയ ഞെട്ടലുണ്ടാക്കിയ കാഴ്ചയായിരുന്നു. അവർ ഒരേ കാറുകളിൽ സഞ്ചരിക്കുന്നതും ഒരേ ഭക്ഷണം കഴിക്കുന്നതും, വേനലവധിക്ക് ഒരേയിടത്തേക്ക് യാത്രപോകുന്നതുമെല്ലാം അവിടങ്ങളിലെ യാഥാർത്ഥ്യമാണ്. അതിന് സാധ്യമാക്കുന്നത് ‘കുറഞ്ഞ നിശ്ചിത വേതനം’ (Fixed Minimum Wage) പോലുള്ള, അവരുടെ സർക്കാർ നടപടികളാണ് എന്നതിൽ തർക്കമില്ല.

രാജകിരീടങ്ങൾ ഇന്നും വീഴാതെ കാക്കുന്ന യു.കെ, നെതർലാൻഡ്‌സ് പോലുള്ള രാജ്യങ്ങളിൽ, ഈ മാതൃകയിലുള്ള സോഷ്യലിസ്റ്റ് മൂല്യങ്ങൾ നിങ്ങൾക്ക് കണ്ണടകളില്ലാതെ കാണാം. എന്നാൽ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്, ഭരണഘടനയുടെ ആമുഖത്തിലെ ചെറിയ അക്ഷരങ്ങളായി ‘സോഷ്യലിസം’ വിളങ്ങിനിൽക്കുന്നു. അതു വായിക്കണമെങ്കിൽ ചിലപ്പോൾ നമുക്ക് കട്ടിക്കണ്ണട ധരിക്കേണ്ടിവന്നേക്കാം.

“ചേട്ടാ, ജീവിതം ഒന്നേയുള്ളൂ… നമുക്കറിയാത്ത നാടും മനുഷ്യരും അവിടുത്തെ കൾച്ചറുമെല്ലാം എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയാ അത്രേം നല്ലത്’’, തിരുവനന്തപുരം സ്വദേശിയായ ബാലഭാസ്‌ക്കർ (23) പറയുന്നു.

Gen-Z തലച്ചോറുകൾ
അടക്കം പറയുന്നതെന്ത്?

നമ്മുടെ മുൻഗാമികൾ നാടിനെ പിന്നോട്ട് വലിച്ചിരുന്ന പല സമ്പ്രദായങ്ങൾക്കെതിരെ പൊരുതിയും പോരാടിയുമെല്ലാം, മാറ്റത്തിന്റെ മുറവിളി മുഴക്കിയതായി ചരിത്രം കാട്ടിത്തരുന്നു. ഈ തലമുറയും അങ്ങനെയൊരു മാറ്റത്തിനായി മുറവിളി കൂട്ടി, സാമൂഹിക പരിവർത്തനത്തിന് ചുക്കാൻ പിടിക്കുന്നില്ല എന്ന പരാതി അപ്രസക്തമാണ്. Gen-Z കൾ സ്വാർത്ഥരോ കഴിവുകെട്ടവരോ ആയതുകൊണ്ടല്ല, മറിച്ച് താത്വികമായ പരിവർത്തനമാണ് (Philosophical Shift) അതിനു പിന്നിലെ ഗുട്ടൻസ്.

പഴയ തലമുറയ്ക്ക് നാടും വീടും, വ്യക്തിത്വത്തിന്റെയും സ്വത്വത്തിന്റെയുമെല്ലാം അടിത്തറയായിരുന്നു (ഇപ്പോഴും അങ്ങനെ തന്നെയാണ്). അതുകൊണ്ടാണല്ലോ ‘നൊസ്റ്റാൾജിയ’ (Nostalgia) എന്ന വാക്കിന് മലയാളത്തിൽ ഗൃഹാതുരതയെന്ന് അർത്ഥം വരുന്നതും. എന്നാൽ ടെക്നോളജിയുടെ കുതിപ്പിൽ, അടയ്ക്കാ വലിപ്പത്തിലേക്ക് ചുരുങ്ങിയ ലോകത്തിൽ വളർന്നതും വളരുന്നതുമായവർക്ക്, നാട് / വീട് എന്നത് വ്യക്തിയുടെ ആത്മാവല്ല. മറിച്ച് വ്യക്തി എന്നത്, അതിനെല്ലാം അതീതമായ ഒന്നാണ്. ഈ മനോഭാവം പേറുന്നവർ, ഒരിക്കലും തങ്ങളുടെ ആദർശങ്ങൾ ചേർന്നുപോകാത്ത ഇടങ്ങളെ മാറ്റാൻ മുതിരില്ല. പകരം, തങ്ങളുടെ ആദർശങ്ങൾക്ക് വളമുള്ളയിടത്തേക്ക് മാറാനായി മുതിരും.

തിരുവനന്തപുരം സ്വദേശിയായ ബാലഭാസ്‌ക്കർ (23) എന്റെ സഹോദരനാണ്. വിദേശത്തേക്ക് കുടിയേറാൻ തയ്യാറെടുക്കുകയാണിപ്പോൾ. പുറത്തേക്ക് പോകാനൊരുങ്ങുന്നതിന്റെ കാരണം വെറുതെ അന്വേഷിച്ചപ്പോഴാണ് അവനത് പറഞ്ഞത്: “ചേട്ടാ, ജീവിതം ഒന്നേയുള്ളൂ… നമുക്കറിയാത്ത നാടും മനുഷ്യരും അവിടുത്തെ കൾച്ചറുമെല്ലാം എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയാ അത്രേം നല്ലത്’’.

സ്വന്തം വ്യക്തിത്വത്തെ നാട്ടിലും വീട്ടിലുമെല്ലാം തളച്ചിട്ട് ഭ്രാന്തനായി മാറുമോയെന്ന ഭീതി തന്നെയാണ്, പലരെയും കുടിയേറാൻ പ്രേരിപ്പിക്കുന്നത്.
സ്വന്തം വ്യക്തിത്വത്തെ നാട്ടിലും വീട്ടിലുമെല്ലാം തളച്ചിട്ട് ഭ്രാന്തനായി മാറുമോയെന്ന ഭീതി തന്നെയാണ്, പലരെയും കുടിയേറാൻ പ്രേരിപ്പിക്കുന്നത്.

വിശാലമായ ഒരു ലോകത്തിനുമേൽ, അതിവിശാലമായി പടർന്നുകയറാനുള്ള, ഞാനടങ്ങുന്ന തലമുറയുടെ ത്വര ഈ വാക്കുകളിൽ ഉറയുന്നുണ്ട്. കാമുവും സാർത്രും വാദിച്ചതുപോലുള്ള അർത്ഥശൂന്യമായ ലോകത്ത്, ആത്യന്തികമായി ലക്ഷ്യമില്ലാത്ത ജീവിതം പകരുന്ന മടുപ്പും ആവേശവുമെല്ലാം അവന്റെ വാക്കുകൾ ഒളിപ്പിക്കുന്നുണ്ടാവാം. അങ്ങനെയുള്ള ജീവിതമൊന്നിൽ, സ്വന്തം വ്യക്തിത്വത്തെ നാട്ടിലും വീട്ടിലുമെല്ലാം തളച്ചിട്ട് ഭ്രാന്തനായി മാറുമോയെന്ന ഭീതി തന്നെയാണ്, അവനെ കുടിയേറാൻ പ്രേരിപ്പിക്കുന്നത്. ബഷീർ എഴുതിയതുപോലെ, ഒരിടത്ത് തന്നെ ജീവിച്ച്, അഹംബോധത്തിൽ കാൽവഴുതി വീണ് മയ്യത്താകുമോയെന്ന യമണ്ടൻ ഭയം!

ഇങ്ങനെ, തുടക്കത്തിൽ പരാമർശിച്ച വികാരങ്ങളുടെ വടംവലിയിൽ തെളിയുന്നത്, സഞ്ചരിക്കാനുള്ള മനുഷ്യവാസന തന്നെയാണ്, ഏതൊരു കുടിയേറ്റത്തെപോലെ ഇതിന്റെയും കാതലെന്നാണ്. അങ്ങനെ, ഒരിക്കൽകൂടി ബഷീർ വിജയിച്ചിരിക്കുന്നു.

(അടുത്ത പാക്കറ്റിൽ തുടരും).

Comments