“ചേട്ടാ… പാർട്ട്ടൈം എന്തെങ്കിലും അറിയാമോ?”. ജിമ്മിലായാലും ക്രിക്കറ്റ് പ്രാക്ടീസിനിടയിലായിലും ഓണാഘോഷ മധ്യേയായാലും, ആളെ ഒന്നു പരിചയപ്പെട്ടു വരുമ്പോഴേക്കും ഈ ചോദ്യം പ്രതീക്ഷിക്കാം. പാർട്ട്ടൈം ജോലിയാണ് ആവശ്യം. എല്ലാ അന്താരാഷ്ട്ര വിദ്യാർത്ഥികളെയും പോലെ കേരളത്തിൽ നിന്ന് ജർമനിയുടെ തലസ്ഥാന നഗരമായ ബെർലിനിലെത്തുന്നവരും തേടുന്നത് മാന്യമായ ഒരു പാർട്ട്ടൈം തൊഴിലിനാണ്. അധികമാർക്കും കിട്ടാത്തതും അതു തന്നെയാണ്.
ഇന്ന് ജർമ്മനിയിലെ സർവകലാശാലകളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. 2022–23 ശീതകാല സെമസ്റ്ററോടെ ഏകദേശം 43,000 ഇന്ത്യൻ വിദ്യാർത്ഥികൾ ജർമ്മനിയിലുണ്ടായിരുന്നു. ഇന്ന് അത് ഇരട്ടിയായെന്ന് വിദഗ്ദ്ധർ പറയുന്നു. കാനഡയുമായുള്ള രാഷ്ട്രീയ വിയോജിപ്പ്, അമേരിക്ക, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ കുടിയേറ്റ നയങ്ങളിൽ, പ്രത്യേകിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട നയങ്ങളിൽ വന്ന മാറ്റങ്ങൾ എന്നിവ കാരണം വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് പുതിയ വഴികൾ തേടേണ്ടി വന്നു.
അതേസമയം, ജർമ്മനിയിലെ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങളുണ്ടായിട്ടുണ്ട്. സർക്കാർ സർവകലാശാലകൾക്ക് ചെലവു ചുരുക്കി വരുമാനം കൂട്ടേണ്ട സാഹചര്യം ഉണ്ടായപ്പോൾ അവർ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികളെ കൂടുതൽ ആകർഷിക്കാനായി പദ്ധതികളിട്ടു. ഇതോടൊപ്പം നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും വളർന്നു. ഇവയിൽ പലതും വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിലുപരി, ജർമ്മനിയിലേക്ക് വരാനുള്ള ഒരു വഴിയെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ കണ്ണുകളിലും വിദേശ ഉപരിപഠനമെന്നാൽ അറിവും ബിരുദവും ജീവിതാനുഭവങ്ങളും നേടുന്നതിനു മാത്രമല്ല വിദേശരാജ്യത്തിലേയ്ക്ക് കുടിയേറാനായുള്ള മാർഗം കൂടിയാണ്. ഇത് കൃത്യമായി മനസ്സിലാക്കി അതിനെ കച്ചവടമാക്കിയാണ് ബെർലിൻ പോലത്തെ യൂറോപ്യൻ നഗരങ്ങളിൽ പല സ്വകാര്യ ഉപരിപഠന സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.

ഇത്തരം സ്വകാര്യ സ്ഥാപനങ്ങളുടെ ഒരു പ്രത്യേകത എന്തെന്നാൽ, അവ നൽകുന്ന ഡിഗ്രി പലപ്പോഴും ജർമ്മനിയിലെ സർവകലാശാലകളുടേതല്ല എന്നതാണ്. പലപ്പോഴും അത് യു.കെ പോലുള്ള മറ്റു രാജ്യങ്ങളിലെ സർവകലാശാലകളുടെ പേരിലാണ് നൽകുന്നത്. അതിലൂടെ ജർമൻ വിദ്യാഭ്യാസ മേഖലയിലെ ചട്ടങ്ങളിൽനിന്നും അവർക്ക് ഒഴിഞ്ഞു മാറാനാവുന്നു. ജർമൻ സർക്കാർ സർവ്വകലാശാലകളുടെ ലോകോത്തര നിലവാരമേന്മ മുതലെടുത്തും, പല ചെലവുകളും കുറച്ചും, കൂടുതൽ വിദ്യാർത്ഥികളെ ചേർക്കുന്നതിലൂടെയും ഈ സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ വരുമാനം വർധിപ്പിക്കുന്നു. ബെർലിനിൽ ഇത്തരം സ്ഥാപനങ്ങളിൽ പലതും സാധാരണ ഓഫീസ് കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വലിയ ലൈബ്രറിയോ, സ്പോർട്സ് സൗകര്യങ്ങളോ ഒന്നും ഇവിടെ ഉണ്ടാവണമെന്നില്ല. പല ക്ലാസുകളും ഓൺലൈനാണ്. അതേ സമയം അവരുടെ പരസ്യങ്ങളിൽ പ്രൗഡിയുള്ള കെട്ടിടങ്ങളും, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും, അവർ തമ്മിലുള്ള പരസ്പര സമ്പർക്കവും ഉള്ളതുപോലെയും, കോഴ്സുകൾ തൊഴിൽ സാധ്യതകൾ കൂട്ടുന്നതായും കാണിക്കും. നവമാധ്യമങ്ങളിലെയും സെർച്ച് എഞ്ചിനുകളിലെയും പരസ്യങ്ങളിൽ അവർ സർക്കാർ സർവ്വകലാശാലകളേക്കാളും സജീവമാണ്. ഇത് വിദ്യാർത്ഥികളിൽ എത്തിക്കാൻ ഇന്ത്യയിൽ “സ്റ്റഡി എബ്രോഡ്” കൺസൾട്ടന്റുമാരുടെ ഒരു ശൃംഖലയും പ്രവർത്തിക്കുന്നു. അഡ്മിഷൻ എടുക്കുന്ന ഓരോ വിദ്യാർത്ഥിയിൽ നിന്നും ഇവർക്ക് കമ്മീഷൻ ലഭിക്കും.
എന്നാൽ, വിദ്യാർത്ഥികളുടെ യാഥാർത്ഥ്യം എന്താണെന്ന് നഗരത്തിലെ ഫുഡ് ഡെലിവറി തൊഴിലാളികളെ നോക്കുമ്പോൾ വ്യക്തമായി മനസ്സിലാക്കാം. ലീഫറാണ്ടോ, വോൾട്ട്, ഊബർ ഈറ്റ്സ് പോലുള്ള ആപ്പുകൾ വഴി ഈ-ബൈക്കുകൾ ഓടിച്ച് ഭക്ഷണവും സാധനങ്ങളും എത്തിക്കുന്നവരിൽ ബഹുഭൂരിഭാഗവും വിദ്യാർത്ഥി വിസയുമായി ജർമ്മനിയിലെത്തിയ ഇന്ത്യക്കാരാണ്. ഇവർ ഈ സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനാലാണ് ജർമ്മനിയിൽ താമസിക്കാനും, ആ രാജ്യത്ത് ഒരു പരിധിവരെ ജോലി ചെയ്യാനും അവകാശമുള്ളത്. ഈ സ്ഥാപനങ്ങളിൽ ഒരു വർഷം പഠിക്കാൻ ഏകദേശം 12,000 യൂറോ ഫീസ് നൽകണം. സർക്കാർ സർവകലാശാലകളിലെ പല കോഴ്സുകൾക്കായി കൊടുക്കേണ്ടതിനേക്കാൾ പലമടങ്ങ് കൂടുതൽ. അതായത് ജർമനിയിൽ വിസ നിലനിർത്താൻ ഓരോ മാസവും 500 യൂറോയിലധികം ഫീസായി നൽകണം. അന്താരാഷ്ട്ര വിദ്യാർഥി എന്ന പദവി നിലനിർത്താൻ മിക്കവർക്കും ജോലിയെടുത്തേ പറ്റൂ.
റഷ്യ – ഉക്രൈൻ യുദ്ധത്തിന് ശേഷം ജീവിതച്ചെലവും വളരെയധികം കൂടിയിട്ടുണ്ട്. അതിനാൽ വിദ്യാർത്ഥികൾ വിസയ്ക്കായി നിർബന്ധമായി നിക്ഷേപിക്കേണ്ട അവരുടെ “ബ്ലോക്ക്ഡ് അക്കൗണ്ട്” എന്ന ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പണം ചിലവാക്കിയും കുറഞ്ഞ ശമ്പളമുള്ള ജോലികൾ ചെയ്തുമാണ് ജീവിക്കുന്നത്. ഉപരിപഠനസ്ഥാപനം എവിടെയായിരുന്നാലും ജോലിയുള്ളത് ബെർലിൻ പോലുള്ള വലിയ നഗരങ്ങളിലാണ്.

ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും ഇപ്പോൾ ചെയ്തു കണ്ടുവരുന്ന ജോലികളിലൂടെ ഭാവിയിൽ ഉപകാരപ്പെടുന്ന കഴിവുകൾ പഠിക്കാനോ ജർമനിയിൽ ബന്ധങ്ങൾ സ്ഥാപിക്കാനോ അവിടുത്തെ ഭാഷ പഠിക്കാനോ ആവില്ല. നഗരമധ്യത്തിലൂടെ അഞ്ചു മിനിട്ടു നടന്നാൽ ഫുഡ് ഡെലവറി ചെയ്യുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ കാണാൻ സാധിക്കും. ജർമ്മനിയിലെ നിയമങ്ങൾ ഇത്തരം ഗിഗ് ജോലികളെ നിയന്ത്രിക്കുന്നുണ്ട്, പ്രായോഗികമായി അവ തൊഴിലാളികളെ സംരക്ഷിക്കുന്നുമില്ല. പല വിദ്യാർത്ഥികളും ഇടനിലക്കാരിലൂടെ ജോലി ചെയ്യുന്നു. അതിനാൽ തൊഴിലാളികൾക്ക് ലഭിക്കേണ്ട നിയമപരമായ സുരക്ഷ ഇവർക്കില്ല. പലപ്പോഴും ഇവർക്ക് മണിക്കൂറിന് ശമ്പളം ലഭിക്കാതെ, ഓരോ ഡെലിവറിക്കും പ്രതിഫലം ലഭിക്കുന്നു, അതും ക്യാഷിൽ. ജോലി സമയത്തിന് കണക്കുപോലുമില്ല. സൈക്കിളിനും ബാഗിനും ജാക്കറ്റിനുമൊക്കെ കൈയ്യിൽ നിന്നും കാശിറക്കണം. നിയമാനുസൃതം ലഭിക്കേണ്ട അസുഖസമയത്തുള്ള ശമ്പളത്തോടെയുള്ള അവധി ലഭിക്കില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികളിലും ഇവരെ ഉൾപ്പെടുത്തുന്നില്ല.
ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിക്ക് ഒരു മാസത്തിൽ പരമാവധി ഇരുപത് ദിവസം ജോലി ചെയ്യാൻ മാത്രമാണ് നിയമപരമായ അനുമതി. ഇത് വർഷം മുഴുവൻ കൂട്ടിച്ചേർത്താൽ 140 മുഴുവൻ ദിവസങ്ങളോ 280 അർദ്ധ ദിവസങ്ങളോ ആയി കണക്കാക്കാം. ഈ പരിധി കാരണമാണ് പാർട്ട്‌ടൈം ജോലിക്കായി തിരച്ചിൽ. സാധാരണയായി വിദ്യാർത്ഥികൾ സെപ്റ്റംബർ മാസത്തിൽ ശീതകാല സെമസ്റ്ററിനായി ജർമ്മനിയിൽ എത്തിയതിന് ശേഷം, ഈ അനുവദിച്ച ജോലി സമയം എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്ന് അവർ പെട്ടെന്ന്തന്നെ പഠിക്കുന്നു.
ബെർലിന് പുറത്തുള്ള വലിയ വെയർഹൗസുകളിലേയ്ക്കുള്ള യാത്ര ഇവരിൽ പലരും ഒരു പര്യടനം പോലെ നടത്തുന്നു. ക്രിസ്മസ് അടുത്തെത്തുമ്പോൾ ഓൺലൈൻ ഷോപ്പിംഗ് കമ്പനി ആയ ആമസോൺ വിദ്യാർത്ഥികളെ ദീർഘ സമയ ഷിഫ്റ്റുകൾക്ക് ജോലിക്ക് എടുക്കുമെന്നത് എല്ലാവർക്കും അറിയാം. ജോലി കിട്ടുന്നവർക്ക് ഡിസംബർ മാസത്തിൽ മാത്രം 3000 യൂറോയ്ക്ക് മുകളിൽ സമ്പാദിക്കാൻ സാധിക്കും. ജർമനിയിൽ എത്തിയിട്ട് അധികം സമയമാവാത്തവർക്കും, അനുവദിച്ചിട്ടുള്ള ജോലി സമയത്തിൽ ഇനിയും ബാക്കിയായി പല ദിവസങ്ങളുള്ളവർക്കും സുവർണ്ണാവസരം.

രാവിലെ ഷിഫ്റ്റിന് പോകുന്നവർക്ക് പക്ഷേ നാലുമണിക്കടുപ്പിച്ചു തന്നെ കൊടും തണുപ്പിൽ വീട്ടിൽ നിന്ന് ഇറങ്ങണം. നഗരത്തിന് പുറത്തുള്ള റെയിൽവേ സ്റ്റേഷനിലെത്തിയാൽ മാത്രമേ കമ്പനിയുടെ ബസിൽ കയറി വെയർഹൗസിലെത്താൻ കഴിയൂ. ആ ബസ് നഷ്ടമായാൽ, ആ ദിവസത്തെ ജോലി നഷ്ടപ്പെടും. വീട്ടിലേക്ക് തിരികെ പോകേണ്ടി വരും. ഒരിക്കൽ ജോലി തുടങ്ങിക്കഴിഞ്ഞാൽ ആറു മണിക്കൂർ വരെ ഇടവേളയില്ലാതെ നിൽക്കുകയും നടക്കുകയും ചെയ്യേണ്ടി വരും. സഹപ്രവർത്തകരോട് ഒന്നു മിണ്ടാനോ ചിരിക്കാനോ പോലും സമയം ലഭിക്കില്ല. ഷിഫ്റ്റ് കഴിഞ്ഞാൽ വീണ്ടും മൂന്ന് മണിക്കൂർ യാത്ര ചെയ്ത് വീട്ടിലെത്തണം. ഇതുപോലെ പല ജോലികളും പേരിനു മാത്രമാണ് പാർട്ട്‌ടൈം. പ്രവാസി ജീവിതത്തിന്റെ ആദ്യകടമ്പകൾ മറികടക്കാൻ ഇവ സഹായിക്കുമെങ്കിലും മറുന്നാട്ടിൽ വേരുകളിടുന്നതിന് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യും.
കുറച്ച് മാസങ്ങൾക്ക് മുൻപ് ഞാൻ അരവിന്ദ് എന്ന ഒരു വിദ്യാർത്ഥിയെ പരിചയപ്പെട്ടു. പെരുമ്പാവൂരിൽ നിന്നുള്ള ഇരുപത്തിരണ്ടു വയസ്സുകാരൻ. ഒരു ദിവസം രാവിലെ, ബർഗർ ഔട്ട്‌ലെറ്റിലെ ജോലിക്കായി എത്തി കട തുറക്കാൻ ശ്രമിച്ചപ്പോൾ കടയുടെ ഗ്ലാസ് വാതിൽ അപ്രതീക്ഷിതമായി പൊട്ടിപ്പൊളിഞ്ഞ് അവന്റെ മേൽ വീണ് അവന് ഗുരുതരമായി പരിക്കേറ്റു. മാസങ്ങൾ കഴിഞ്ഞിട്ടും ആ മുറിവുകളുടെ പാടുകൾ അവന്റെ കൈയിൽ ഇപ്പോഴും കാണാമായിരുന്നു. നിയമപ്രകാരം അവന് ലഭിക്കേണ്ട ശമ്പളമുള്ള അവധി (Paid leave) നൽകാൻ കടയുടമ തയ്യാറായില്ല. പരിക്കുകളിൽ നിന്ന് സുഖം പ്രാപിക്കാൻ എടുത്ത സമയം തന്നെയാണ് അവധിയായി കണക്കാക്കുന്നതെന്ന് തികച്ചും നിയമവിരുദ്ധമായി ഉടമ പറഞ്ഞു. നീയമോപദേശം തേടിയെങ്കിലും അരവിന്ദ് അതിനെതിരെ പോരാടാൻ തയ്യാറായില്ല. ഫാസ്റ്റ് ഫുഡ് ജോലികൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ജോലികളിൽ ഭേദപ്പെട്ട ഒന്നാണ്. ആ ജോലി നഷ്ടപ്പെടാതിരിക്കാനായി, അവൻ തന്റെ അവധി വിട്ടുകൊടുക്കാൻ തയ്യാറായി. ദേഹത്തെ മുറിവുകളുടെ അടയാളങ്ങൾ ഭാവിയിൽ തനിക്കാരെങ്കിലും ജോലി നൽകുന്നതിന് തടസ്സമാവുമോയെന്ന ഭയവും അരവിന്ദിനുണ്ട്. ജീവിച്ചു പോവാൻ മാത്രമല്ല, പ്രവാസിജീവിതത്തിലെ അടുത്ത കടമ്പകൾ കടക്കാനും ഒരു ജോലി ആവശ്യമാണ്. കോഴ്സ് കഴിഞ്ഞു പോസ്റ്റ് സ്റ്റഡി വർക്ക് വിസ പോലയുള്ള മറ്റു വിസകളിലേയ്ക്ക് മാറാനായി പാർട്ട് ടൈം ജോലിയില്ലെങ്കിൽ അതിജീവനമാർഗമുണ്ടെന്ന് തെളിയിക്കാൻ വീണ്ടും ബ്ലോക്ക്ട് അക്കൗണ്ടിൽ വലിയ ഒരു സംഖ്യ നിക്ഷേപിക്കേണ്ടി വരും.

ഇത്തരം ജോലികളോടൊപ്പം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും താൽക്കാലിക വിസയുള്ള കുടിയേറ്റക്കാർക്ക് ജർമ്മനിയിലെ തൊഴിൽ മേഖലയിലേക്ക് പ്രവേശനം എളുപ്പമാക്കുന്നു എന്നത് ശരിയാണ്. എന്നാൽ ഇവരിൽ പലരും വലിയ ശമ്പളമുള്ള ജോലിയല്ല ചെയ്യുന്നത്. കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന നിരവധി ഇന്ത്യക്കാർ ജർമ്മനിയിലുണ്ട്. പടർന്നുപന്തലിച്ച ജർമനിയിലെ സ്വകാര്യ ഉപരിപഠന മേഖലയ്ക്ക് അതിൽ വലിയ പങ്കുണ്ട്. സർക്കാർ സർവകലാശാലകളിൽ പഠിക്കാൻ നല്ല മാർക്ക് ആവശ്യമുള്ളപ്പോൾ, ചില സ്വകാര്യ സ്ഥാപനങ്ങളിൽ ചേരാൻ ജർമൻ പോയിട്ട് ഇംഗ്ലീഷ് അറിയേണ്ട കാര്യം പോലുമില്ല.
ഇരുപത് ലക്ഷം രൂപയിൽ കൂടുതൽ ലോണെടുത്താണ് പല രക്ഷിതാക്കളും മക്കളെ ഉപരിപഠനത്തിന് വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നത്. ജർമനിയിൽ എത്തിപ്പെടുക മാത്രമാണ് ലക്ഷ്യമെങ്കിൽ സാരമില്ല, പക്ഷേ അംഗീകാരമുള്ള ബിരുദമോ, കാര്യങ്ങൾ പഠിക്കാനായുള്ള സമയമോ, അധ്യാപകരോട് അടുത്ത സമ്പർക്കമോ, പ്രഫഷണൽ നെറ്റ്‌വർക്കുകളിൽ അംഗത്വമോ, ജർമൻ ഭാഷയിൽ പ്രാഗൽഭ്യമോ, അതുപോലെ ജർമനിയിൽ താമസം ദീർഘവും സുരക്ഷിതവുമാക്കാനുള്ളയൊന്നും തന്നെ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പ്രതീക്ഷിക്കരുത്. ജർമൻകാർ ചെയ്യാൻ തയാറാവാത്ത ഏതെങ്കിലും തൊഴിലുകൾ ചെയ്ത് ജർമനിയിൽ കുറച്ചുനാൾ നിൽക്കാം. ജർമനിയിലെ നിലവിലുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ, കൂടുതൽ ശമ്പളമുള്ളതും സ്ഥിരത നൽകുന്നതുമായ ഒരു ജോലിയിലേക്ക് ഉള്ള പാതയല്ല ഈ വിലകൂടിയ വിദ്യാഭ്യാസം. പക്ഷേ, സ്വപ്നങ്ങൾ കൈവിടാൻ പക്ഷേ പലരും പെട്ടെന്നുതന്നെ തയാറല്ല.
