‘ഭാഷകളുടെ ചരമക്കുറിപ്പുകൾ തയാറാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്​, നാം നമ്മുടെ ഭാഷയുടെ അതിജീവനത്തെക്കുറിച്ച്​ ആലോചിക്കുന്നു’

‘സ്വന്തം ഭാഷകൊണ്ടുള്ള ഭൗതിക പ്രയോജനം കുറയുന്നതാണ് മാതൃഭാഷയുടെ അപചയത്തിനുള്ള കാരണങ്ങളിൽ ഒന്ന്. ജീവിത സാഹചര്യങ്ങളിൽ വരുന്ന മാറ്റവും, പ്രവാസ ജീവിതവും കർമ മണ്ഡലത്തിലെ സാഹചര്യങ്ങളും ഈ അപചയത്തിന് ആക്കം കൂട്ടുന്നു.’

ഭാഷ എന്നാൽ നിഘണ്ടുവിലുള്ള മൃതശബ്ദങ്ങളുടെ കോശമല്ലന്നും അത് സജീവമായി നമ്മുടെ ജീവിത വ്യവഹാരങ്ങളിൽ ഇടപെടുന്ന, നമ്മുടെ സ്വത്വബോധത്തെയും സംസ്‌കാരത്തെയും ലോകവീക്ഷണത്തെയും നിർവചിക്കുന്ന ഒരു ശക്തിയാണെന്നും സച്ചിദാനന്ദൻ. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം മാതൃഭാഷാദിനത്തിൽ നടത്തിയ സർഗസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

""ലോകമെമ്പാടും ഭാഷയുടെ ചരമക്കുറിപ്പുകളും മഹസ്സറുകളും തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം നമ്മുടെ ഭാഷയുടെ ശാക്തീകരണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ആലോചിക്കുന്നത്. സ്വന്തം ഭാഷകൊണ്ടുള്ള ഭൗതിക പ്രയോജനം കുറയുന്നതാണ് മാതൃഭാഷയുടെ അപചയത്തിനുള്ള കാരണങ്ങളിൽ ഒന്ന്. ജീവിത സാഹചര്യങ്ങളിൽ വരുന്ന മാറ്റവും, പ്രവാസ ജീവിതവും കർമമണ്ഡലത്തിലെ സാഹചര്യങ്ങളും ഈ അപചയത്തിന് ആക്കം കൂട്ടുന്നു. എന്തിനെയും നീതിയുടെ പക്ഷത്തുനിന്ന്​ചോദ്യം ചെയ്യാനുള്ള പ്രവണത മലയാളി സ്വത്വത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഭാഷ മലയാളിയുടെ സ്വത്വത്തെയും, മതങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും നിർവചിക്കുന്ന ഒന്നാണ്''- സച്ചിദാനന്ദൻ പറഞ്ഞു.

സച്ചിദാനന്ദൻ

മാതൃഭാഷ നഷ്ടപ്പെടുന്നവർ സാംസ്‌കാരികമായി പ്രവാസികളാവുകയും സാമൂഹികമായി ഭവനരഹിതരാവുകയും ചെയ്യുന്നു എന്ന് ചരിത്രകാരനായ രാജൻ ഗുരുക്കൾ പറഞ്ഞു: ""മാതൃഭാഷയിലാണ്​ നമ്മൾ ജനിച്ചു വളർന്നത്. ഹൃദയത്തിലാണതിന്റെ സ്ഥാനം. ജീവിതവും സംസ്‌കാരവുമാണത്. ഭാഷ നാം ബോധപൂർവ്വം പഠിക്കുമ്പോൾ മാതൃഭാഷ സ്വാഭാവികമായി സ്വായത്തമാക്കുകയാണ്. നമുക്കു സ്വന്തമാണത്. ഒരുഭാഷ നമ്മെ പഠിക്കാനും ആവർത്തിക്കാനും സഹായിക്കുമ്പോൾ മാതൃഭാഷ നമ്മെ മനസ്സിലാക്കാനും നിരാകരിക്കാനും പഠിപ്പിക്കുന്നു,'' ഗുരുക്കൾ പറഞ്ഞു.

മാതൃഭാഷ ഒരു വ്യക്തിയുടെ അനുഭവത്തിന്റെയും അനുഭൂതിലോകങ്ങളുടെയും ഭാഷയാണെന്ന്​ സുനിൽ പി. ഇളയിടം പറഞ്ഞു: ""ഒരു വ്യക്തി ചരിത്രത്തെ അറിയുകയും, സമൂഹത്തെ ഉൾക്കൊള്ളുകയും, സാമൂഹിക ജീവിയായി സ്വയം നിലനിൽക്കുകയും ചെയ്യുന്നത് ഏതു ഭാഷയിലാണോ ആ ഭാഷയാണ് അയാളുടെ മാതൃഭാഷ. മാതൃഭാഷ അനുഭൂതിയുടെ ഭാഷയെന്നു പറയുന്നത് നമുക്ക് ചുറ്റുമുള്ള അനുഭവത്തെ ആന്തരികമായി സ്വാംശീകരിക്കാൻ അതിനു കഴിയുന്നത് കൊണ്ടാണ്. കേവല വിവരങ്ങൾക്കപ്പുറം സമൂഹത്തെ അനുഭൂതിപരമായി സ്വാംശീകരിക്കാനും ആ സ്വാംശീകരണത്തിലൂടെ ജീവിതത്തെ ആകമാനമായി അഭിസംബോധന ചെയ്യാനും നമുക്ക് പ്രാപ്തി കൈവരുന്നത് മാതൃഭാഷാ ബോധത്തിലൂടെയാണ്,'' സുനിൽ പറഞ്ഞു.

സുനിൽ പി. ഇളയിടം, രാജൻ ഗുരുക്കൾ

ബുദ്ധിയും ജ്ഞാനവും മാത്രമല്ലെന്നും വൈകാരികമായ ഒരു പൂർണത കൂടി മനുഷ്യനാവശ്യമാണെന്നും ആ വൈകാരികതയുടെ കൊടുക്കൽ വാങ്ങലുകൾക്ക്​ മാതൃഭാഷ തന്നെയാണ് വേണ്ടതെന്നും ഡോ. ഖദീജ മുംതാസ് പറഞ്ഞു: ""സ്വന്തം ഭാഷയിൽ പഠിക്കുകയും സംവദിക്കുകയും ചെയ്യുമ്പോൾ നമ്മൾ നാടിനെ അറിയുന്നു, മനുഷ്യരെ അറിയുന്നു, പ്രകൃതിയെ അറിയുന്നു. അതൊരു വൈകാരിക സംരക്ഷണം കൂടിയാണ്,'' ഡോ. മുംതാസ് പറഞ്ഞു.

ചെറുഭാഷകൾ വറ്റിപ്പോകുന്ന ഒരു കാലമാണ് നമ്മുടേതെന്ന് ഉണ്ണി ആർ. പറഞ്ഞു: ""ലോകം എകഭാഷയിലേക്കോ അല്ലെങ്കിൽ കുറച്ചു മാത്രം ഭാഷകളിലേക്കോ ചുരുക്കപ്പെടുമ്പോൾ മാതൃഭാഷാ ദിനമെന്നത് ഒരു ഓർമപ്പെടുത്തൽ മാത്രമല്ല. പ്രതിരോധത്തിനുള്ള ആഹ്വാനം കൂടിയാണ്. എന്റെ ഭാഷയിൽ തന്നെ എത്രയെത്ര ചെറു വഴികൾ, എത്രയെത്ര പിരിവുകളും കുന്നുകളും ആഴങ്ങളും! ഇതൊക്കെയും മൂടുവാൻ വാ തുറക്കപ്പെടുന്ന ഏക ഭാഷാ അധികാരത്തിനോട് നമുക്ക് നമ്മുടെ ഭാഷയിൽ മിണ്ടിയും എഴുതിയും എതിരിടാം,'' ഉണ്ണി പറഞ്ഞു.

ഭരണ ഭാഷയും വ്യവഹാര ഭാഷയും എല്ലാം മലയാളത്തിലാക്കണമെന്നു പറയുന്ന മലയാളികൾ മലയാളികളോടുതന്നെ ഇക്കാര്യത്തിൽ സമരം ചെയ്യേണ്ടിവരുന്ന വിചിത്രമായ ഒരു അവസ്ഥ കേരളത്തിലുണ്ടെന്ന്​ എം.എൻ. കാരശ്ശേരി പറഞ്ഞു: ""ഗാന്ധിജി എല്ലാക്കാലത്തും മാതൃഭാഷയ്ക്കു വേണ്ടി പ്രവർത്തിച്ച ഒരാളാണ്. വ്യത്യസ്ത ഭാഷകൾ അറിയാവുന്ന അദ്ദേഹം മാതൃഭാഷയെ മുലപ്പാലെന്നാണ് വിശേഷിപ്പിച്ചത്.'' ഭാഷയുടെ രാഷ്ട്രീയം ദേശീയ തലത്തിൽ തിരിച്ചറിഞ്ഞ രണ്ടുപേർ ഗാന്ധിജിയും റാംമനോഹർ ലോഹ്യയുമായിരുന്നു എന്നും കാരശ്ശേരി പറഞ്ഞു.

ഉണ്ണി ആർ., ഖദീജ മുംതാസ്, എം.എൻ. കാരശ്ശേരി

മാതൃഭാഷയെക്കുറിച്ചു ഇന്ന് ആർക്കെങ്കിലും അപകർഷതാബോധം ഉണ്ടെങ്കിൽ അവർ ഇപ്പോഴും കൊളോണിയൽ, ഫ്യൂഡൽ, മേലാള, ജാതിവ്യവസ്ഥയുടെ പിടിയിലാണെന്ന്​ ഫാ. കെ.എം. ജോർജ് പറഞ്ഞു. രാജ്യം സ്വതന്ത്രമായതുപോലെ ഭാഷയും സ്വതന്ത്രമാകണമെന്നും ഇത്തരഭാഷകളുമായി സർഗാത്മകമായ കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകേണ്ടതുണ്ടെന്നും ഫാ. ജോർജ് ഓർമിപ്പിച്ചു.

മലയാളഭാഷയിൽ ഇതിനുമുൻപുണ്ടായിട്ടില്ലാത്ത വിധത്തിൽ ഒരു നവോന്മേഷം ഉണ്ടെന്ന്​ എസ്. ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി: ""പാരമ്പര്യവിധിയാൽ സാഹിത്യമെന്ന് വിവക്ഷിക്കപ്പെടുന്ന മണ്ഡലങ്ങളിൽ ആയിരിക്കണമെന്നില്ല ഈ ഊർജ്ജദായകമായ വീണ്ടെടുക്കലുകൾ നടക്കുന്നത്. എന്നാൽ ഈ വീണ്ടെടുക്കലുകളുടെ പ്രതിഫലനം മലയാളിയുടെ സർഗ്ഗാത്മക കൃതികളിൽ ഉണ്ടാകുന്നുണ്ടുതാനും. മലയാളി എന്ന ഏകശിലയല്ല നമ്മുടെ ആധുനികമായ സ്വത്വബോധങ്ങളിലെ തരാതരങ്ങൾ. ഭാഷയല്ല നമ്മുടെ ദേശീയതയുടെ ഇന്നത്തെ മൂലമൂലകം. ഭാഷയുടെ അടിസ്ഥാനത്തിലാണ് എല്ലാ ദേശീയതകളും അടിസ്ഥാനപരമായി നിലനിൽക്കുന്നതെങ്കിലും, ഐക്യകേരളം അങ്ങനെയാണ് ഉണ്ടായതെങ്കിലും നിരവധി സ്വത്വലോകങ്ങളുടെ സംയോഗമാണ് മലയാളി എന്ന് നാം പേരിട്ടുവിളിക്കുന്ന ദേശവാസി ഇക്കാലത്ത്. ഭാഷ അതിലൊരു പ്രധാന ഘടകം മാത്രമായി നമ്മെ കോർത്തിണക്കുന്നുവെങ്കിലും.

ഡോ. ബി. ഇക്ബാൽ, എസ്. ഗോപാലകൃഷ്ണൻ, ഫാ. കെ.എം. ജോർജ്

മലയാള ഭാഷയിലുണ്ടാകുന്ന നവോന്മേഷത്തെ കുറിച്ച് പറഞ്ഞത് നമ്മുടെ വൈജ്ഞാനിക മേഖലകളിലെ പുതിയ ചിന്തകൾ പ്രകാശിക്കപ്പെടാനുള്ള ശേഷി അത് നേടിയെടുക്കുന്നു എന്നതിലാണ്. ശാസ്ത്ര -ചരിത്ര രചനയിലെ പ്രപിതാമഹന്മാർ മണിപ്രവാളകാലം മുതൽ ഇങ്ങോട്ട് ചെയ്ത വലിയ സംഭാവനകളെ മനസാ സ്മരിച്ചുകൊണ്ടുതന്നെയാണ് ഞാൻ ഭാഷയിലെ നവോന്മേഷത്തിൽ ആഹ്ലാദചിത്തനാകുന്നത്. പുത്തൻ വിദ്യാഭ്യാസം തുറന്ന ചിന്താലോകങ്ങളുടെ വെട്ടത്തിലും, ഭൂതകാലവിജ്ഞാനക്ഷേത്രങ്ങളിലെ ഇരുട്ടിലും ഒരേസമയം തെരയാനും പുതിയ കാഴ്ചകളിലേക്ക് നോട്ടങ്ങളെ നീട്ടാനും കഴിവുള്ള മലയാളികളാണ്, മലയാളിയല്ല നമ്മുടെ ഭാഷകളെ, ഭാഷയെയല്ല, ഇപ്പോൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരു കാര്യം കൂടിപ്പറയാം. ഭാഷയെ ശക്തിപ്പെടുത്തുവാൻ ഉദ്ദേശിക്കപ്പെട്ടുണ്ടായ സ്ഥാപനങ്ങളിലൂടെയല്ല മലയാളികൾ ഇതുചെയ്യുന്നത്, അതിനുപുറത്തുള്ള ബഹുസ്വരതയിലാണ് എന്നതാണ്,'' ഗോപാലകൃഷ്ണൻ പറഞ്ഞു.

നമ്മുടെ കുട്ടികൾ തെളിഞ്ഞ മലയാളഭാഷ മനസ്സിലാക്കാനും പഠിക്കാനും ഭാഷയുടെ സൗന്ദര്യം ആസ്വദിക്കാനും മലയാളത്തിലെ ആത്മകഥകൾ ചെറുപ്പം മുതൽ വായിച്ച് തുടങ്ങണമെന്ന്​ ഡോ. ബി. ഇക്ബാൽ പറഞ്ഞു. മലയാളത്തിലെ ആത്മകഥകൾ ചെറുപ്പം മുതൽ കുട്ടികൾ വായിച്ച് തുടങ്ങണമെന്നും മാതാപിതാക്കളും ബന്ധുക്കളും അദ്ധ്യാപകരും അതിനായി അവരെ പ്രോത്സാഹിപ്പിക്കണമെന്നും ഡോ. ഇക്ബാൽ പറഞ്ഞു.

Comments