ജനാധിപത്യ ലോകത്ത് പൗരർക്ക് കിട്ടുന്ന പുണ്യമാസമാണ് ഇലക്ഷൻ ദിനങ്ങൾ. ഒരു വിശ്വാസിക്ക് സ്വർഗം തിരഞ്ഞെടുക്കാൻ കിട്ടുന്ന അവസരം പോലെ, ആര് തന്നെ ഭരിക്കണം എന്ന് അടയാളപ്പെടുത്താനുള്ള അവസരം.
റമളാൻ ഇരുപത്തേഴാം രാവിൽ ഈ ലേഖനമെഴുതുമ്പോൾ, പല പല കാര്യങ്ങൾ പരാമർശിച്ചുപോകേണ്ടതുണ്ട്. പലതരം രക്ഷാകർതൃത്വങ്ങളിലൂടെയാണ് ലോക മുസ്ലിം സമൂഹം എന്ന പോലെ, മലയാളി മുസ്ലിം സമൂഹവും കടന്നുപോകുന്നത്.
ആഖിറിനും ദുൻയാവിനു (ഈ ലോകം / പരലോകം) മിടയിൽ, നിതാന്തമായ ജാഗ്രതകളും നിരീക്ഷണങ്ങളും കൊണ്ട് ദൈവത്താലും അമേരിക്കയാലും ഇസ്രയേലിനാലും ഇത്രയധികം പരീക്ഷിക്കപ്പെട്ട ഒരു ജനത വേറെയില്ല. പശ്ചിമേഷ്യയിൽ നടക്കുന്ന ഏതു പ്രശ്നവും മലയാളി മുസ്ലിംകളുടെ വിങ്ങിപ്പൊട്ടലായി പര്യവസാനിക്കേണ്ടതായിരുന്നു, പാചക വാതക സിലിണ്ടർ ക്ഷാമം വന്നില്ലായിരുന്നെങ്കിൽ! ഇന്ത്യൻ അടുക്കളയിലേക്ക് കൂടി മൂകമായ ഒരനിശ്ചിതത്വം കയറിവരാൻ തുടങ്ങി.

ഇന്ത്യൻ ഭരണകൂടത്തിന്റെ അമേരിക്കയോടുള്ള പ്രത്യക്ഷ വിധേയത്വങ്ങളെ ഗ്യാസിനെ സിംബലാക്കി പലതരം റീലുകളിലൂടെ പൗരർ ട്രോളിത്തുടങ്ങി. അടുക്കളയിലാണ് അമേരിക്ക എന്നും ഇതൊന്നും 'കൊണം (ഗുണം) പിടിക്ക്ന്ന പരിപാടി' യല്ലെന്നും മാടായിയിലെ ആമിനുമ്മയും പയ്യന്നൂരെ മാധവിയമ്മയും പറയാൻ തുടങ്ങി. ട്രംപിനെ പോലെ ഇത്രയധികം പരിഹസിക്കപ്പെട്ട ഒരു മനുഷ്യൻ ഭൂമിയിൽ ഇന്നുണ്ടാവില്ല. ഇതെഴുതുമ്പോഴും പക്ഷെ, കുട്ടികളടക്കമുള്ള നിസ്സഹായരായ മനുഷ്യർ എവിടെയൊക്കയോ പിടഞ്ഞുവീഴുന്നു.
' വെള്ളിയാഴ്ച മുസ്ലിം ' എന്നാണ്, മിക്കവാറും, ഞാൻ എന്നെത്തന്നെ വിളിച്ചിരുന്നത്. വെള്ളിയാഴ്ച വീട്ടിലുണ്ടെങ്കിൽ ഞാൻ ജുമുഅക്ക് പോകും. ഉമ്മ സങ്കടപ്പെടാതിരിക്കാൻ വേണ്ടി മാത്രം. ഉമ്മാക്കുവേണ്ടി മാത്രമാണ് എന്റെ ഇബാദത്തുകൾ. അള്ളാഹു കൂലി തരുമോ എന്നത് എന്റെ പ്രശ്നമല്ല. കാരണം, പ്രാർഥന അല്ലെങ്കിൽ ഇബാദത്ത് ഒരു കൂലിപ്പണിയല്ല. അപ്പോൾ തന്നെ അള്ളാഹു എന്റെ ദൃഢമായ ഉറപ്പാണ്. സ്വപ്നങ്ങൾ കാണാനുള്ള തലച്ചോറ് തന്നതിനും ഇന്ത്യയിൽ തന്നെ ഒരു മലയാളിയായി പിറക്കാനും ബദ് രീങ്ങളുടെ ആണ്ടിന് ബീഫും പള്ളിച്ചോറും കഴിക്കാനും ഇഷ്ടമുള്ള സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാനും ഒക്കെ ഭാഗ്യം കിട്ടിയ ഒരാൾ എന്ന നിലയിൽ ഞാൻ അള്ളാഹുവിനോട് കടപ്പെട്ടിരിക്കുന്നു. എവിടെ മനുഷ്യർ നിന്ദിതരും പീഡിതരുമാകുന്നുവോ, എവിടെ നിരപരാധികൾ ചാട്ടുളികൾക്ക് വിധേയരാകുന്നുവോ അപ്പോഴെല്ലാം അത് എന്റെ 'നടുപ്പുറത്ത് വീഴുന്ന' അടി കൂടിയാണ് എന്ന് ബോധ്യമാവുന്നത്, ഇടശ്ശേരിയും എൻ.വി. കൃഷ്ണവാര്യരും ഒക്കെ മതാതീത മനുഷ്യരായി കാവ്യദുഃഖങ്ങൾ പങ്കിട്ട ഒരു നാട്ടിൽ പിറന്നതു കൊണ്ടുകൂടിയാണ്. സോഷ്യൽ മീഡിയ വൈറൽ താരം സൽമാൻ എന്ന ഭിന്നശേഷി പ്രതിഭ പറയുന്നത് പോലെ, 'അള്ള പാവാണ്'.
എന്നാൽ, ഒരു മലയാളി മുസ്ലിം എന്ന നിലയിൽ ഖേദത്തോടെ മനസ്സിലാക്കുന്ന കാര്യമുണ്ട്, ഇത്രയധികം രക്ഷാകർതൃത്വഭാരങ്ങൾ പേറുന്ന ഒരു മതം / സമൂഹം / സമുദായം - ലോകത്ത് വേറെയുണ്ടാവില്ല. അത്ര സങ്കീർണ്ണമാണ് അതിന്റെ ഘടന. ഉദാഹരണത്തിന് ഇറാൻ ഇപ്പോൾ അഭീമുഖീകരിക്കുന്ന ഭയാനകമായ പ്രശ്നങ്ങളും വയോധികനായ ഖമേനിയെ ഉന്മൂലനം ചെയ്ത രീതികളെയും വിമർശിക്കുമ്പോൾ, മുസ്ലിം സ്ത്രീകളുടെ ആന്തരികമായ യാതനകൾ, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മോഹങ്ങൾ മനസ്സിലാക്കാത്ത ഒരു ഭരണകൂടം നിലനിൽക്കുന്നതിനേക്കാൾ തകരുന്നതല്ലേ നല്ലത് എന്നത് ലിബറൽ മുസ്ലിം ബുദ്ധിജീവികളും ചോദിക്കും. അത്ര നിഷ്കളങ്കമല്ല ആ ചോദ്യം . അധിനിവേശമാണ് / സാമ്രാജ്യത്വമാണ് അപകടകരമായ ഒരു യാഥാർഥ്യമായി ആയുധബലത്തിൽ പടർന്നുകയറുന്നത്.

എന്നാൽ, രാഷ്ട്രീയ ഇസ്ലാം ഏറെ അപകടകരമായ ഒരു പാതയാണ്. അവിടെ വ്യക്തിഗത സർഗാത്മക പ്രകാശനങ്ങൾക്ക് വഴിയും വെളിച്ചവുമില്ല. നമ്മൾ ഏത് സ്ഥാനാർഥിക്കു വോട്ടു ചെയ്യും എന്നത് ജനാധിപത്യസമൂഹത്തിൽ എളുപ്പമാണ്. മതം, അക്ഷരാർഥത്തിൽ പ്രയോഗത്തിൽ വരുമ്പോൾ ഇത്തരം തെരഞ്ഞെടുപ്പുകൾക്കുള്ള സാധ്യതകൾ അടയുന്നു. ബാല്യത്തിൽ ഒരു ഉസ്താദ് എന്നോട് പറഞ്ഞു: 'മോനേ, സ്വപ്നം കാണുന്നതിനുപോലും ഇസ്ലാമില് അതിരുണ്ട്. വേണ്ടാത്ത സ്വപ്നം കണ്ടാൽ അപ്പോ തന്നെ' അസ്തഹ് ഫിറുള്ളാ" എന്ന് പറയണം.
ഓരോ സ്വപ്നം കാണുമ്പോഴും ഓരോ അസ്തഹ്ഫിറുള്ളാ!
പടച്ചോനേ, മാപ്പാക്കണം. എന്നാൽ, സ്വപ്നങ്ങൾ താന്തോന്നിച്ചിറകുകളുള്ള പൂമ്പാറ്റകളായി പറന്നുകൊണ്ടേയിരുന്നു. മതം, അക്ഷരാർഥത്തിൽ തന്നെയെടുത്താൽ, ആരെയും ഒരു ചിത്രശലഭമാക്കുന്നില്ല. അതുകൊണ്ടാണ് മതവേദികളിൽ സ്ത്രീകൾക്ക് ഇരിപ്പിടം കിട്ടാത്തത്. മതവേദികളിൽ സുദേഷ് എം. രഘുവിന് പ്രസംഗിക്കാൻ അവസരം കിട്ടിയെന്നിരിക്കും, ഒരു മുസ്ലിം സ്ത്രീക്ക് ആ അവസരം കിട്ടില്ല. മതം പിടിച്ചുവെക്കുകയോ റദ്ദാക്കുകയോ ചെയ്ത നിരവധി വ്യക്തിഗത സർഗാത്മക സ്വാതന്ത്ര്യങ്ങളുണ്ട്. പുറത്തല്ല, ഉള്ളിൽ തന്നെയാണ് ഭൂതഗണങ്ങൾ. ‘മുസ്ലിം സമൂഹത്തെ ഭൂതം പിടിച്ചു തിന്നാൻ വരുന്നേ’ എന്നുപറയാൻ സാധിക്കുന്നതുപോലെ, അതിനകത്തു തന്നെയുള്ള ഭൂതങ്ങളെക്കുറിച്ച് പറയേണ്ടതുണ്ട്.
ഇസ്ലാമിനു മാത്രമല്ല ഈ പ്രശ്നം. കേരളത്തിലെ സി.പി.എമ്മിനെയും ഇത് ബാധിച്ചിട്ടുണ്ട്. അത് ആ പാർട്ടിക്കാരെ സംബന്ധിച്ചിച്ച് മതം പോലെ ആയി തീർന്നിട്ടുണ്ട്. വിമർശനാതീതമായ വിശുദ്ധ പ്രസ്ഥാനം! യഥാർഥത്തിൽ, വിമർശിക്കപ്പെടുന്ന ഇടത്താണ് ‘ഇടതു’ണ്ടാവുക. പുകഴ്ത്തലുകൾ കൊണ്ട് ഒരാളും പുതുക്കപ്പെടുന്നില്ല.

മതം പ്രവർത്തിക്കുന്ന ചരിത്രപരവും കാലികവുമായ മാനങ്ങൾ തിരിച്ചറിയപ്പെടുന്നതും ഒരർഥത്തിൽ 'തിളച്ച'റിയപ്പെടുന്നതും യുദ്ധത്തിന്റെ സന്ദർഭങ്ങളിലാണ്. എല്ലാ യുദ്ധങ്ങളിലും ഉൾപ്പെട്ടു കിടക്കുന്ന ഒരവസ്ഥയാണത്. നിസ്സഹായരായ മനുഷ്യർ ദൈവത്തിന്റെ ഒരിടപെടൽ ആഗ്രഹിക്കുന്നു. സമാധാനത്തിനു വേണ്ടിയോ യുദ്ധത്തിനു വേണ്ടിയോ ആ ഇടപെടൽ ആഗ്രഹിക്കുന്നത്? മനുഷ്യരെപ്പോലെ ദൈവവും സന്ദേഹവാദിയാകുന്നത് ഇവിടെയാണ്. ദൈവം, ഒരർഥത്തിൽ, ഒരോ ജനതയുടെ കഴുത്തിലും ഒരു ഊരാക്കുരുക്ക് ഇട്ടു വെച്ചിട്ടുണ്ട്. കാഫ്കയുടെ ഏതോ കഥാപാത്രം പോലെ മനുഷ്യർ, ലൗകികവും ആത്മീയവുമായ ദൈവശാസ്ത്രഭാഷയുടെ അകം പൊരുൾ അറിയാതെ പോവുകയാണ്.
ദൈവശാസ്ത്രത്തിന്റെ ദുരൂഹമായ ആത്മീയവിച്ഛിന്നതകൾ തിരിച്ചറിഞ്ഞ ഒരു സംഭവത്തെക്കുറിച്ചാണ് ഓർമ വരുന്നത്.
1990 / 91 ഗൾഫ് യുദ്ധം.
ഓരോ മലയാളിയും ഉൾ വിറയലോടെയാണ് ആ കാലം അനുഭവിച്ചത്. ശ്രീകണ്ഠേശ്വരം ജീവിച്ചിരിപ്പുണ്ടെങ്കിൽ ശബ്ദതാരാവലിയിൽ ഗൾഫിന് മലയാളികളുടെ വളർത്തു രാജ്യം / പോറ്റു രാജ്യം - എന്നിങ്ങനെയുള്ള അർഥങ്ങൾ കൂടി കൊടുക്കുമായിരുന്നു. മലയാളി കേരളത്തിൽ ‘മലയാളി’യായി അഭിനയിക്കുകയും ഗൾഫിൽ 'മലയാളി' യായി ജീവിക്കുകയുമാണ് ചെയ്യുന്നത്. മലയാളി ഹിന്ദു / മുസ്ലിം സഹോദരങ്ങൾക്കിടയിൽ 'അന്യൻ' ( Other ) എന്ന വേർതിരിച്ചിടൽ അവിടെയില്ല. കേരളം എന്ന പ്രത്യേക ഭൂവിഭാഗത്തിൽ നിന്ന് വന്നവർ എന്ന നിലയിൽ ഉള്ള ഒരു ഏകാത്മകത അവിടെ കാണാം.
ഏറെ കാലമായി നടക്കുന്ന ഗൾഫ് യാത്രയ്ക്കിടയിൽ നിന്ന് ഒരെഴുത്തുകാരൻ എന്ന നിലയിൽ ബോധ്യപ്പെട്ടത്, ഗൾഫിലെ ബാച്ചിലേഴ്സ് റൂമുകളിൽ തന്നെ കാണാവുന്ന ഏകാത്മതയാണ്. കേരളത്തിൽ വ്യത്യസ്തകളോടെ നിലനിൽക്കുകയും പ്രകടമാവുകയും ചെയ്യുന്ന ജാതിയുടെ ഉൾപ്പിരിവുകൾ അവിടെ അത്രമേൽ പ്രകടമല്ല. അതുപോലെതന്നെ നമ്മുടെ ഗൃഹാതുര പ്രതീകങ്ങൾക്കുപകരം ആധുനികമായ പുതിയ തരം എടുപ്പുകളും ഉടുപ്പുകളും കാണുന്നു. തെയ്യം , നാലുകെട്ടുകൾ, നിളാനദി, ഉറൂസുകൾ, നേർച്ചകൾ - ഇങ്ങനെ മലയാളീയതയെ നിർവചിക്കുന്ന ഗൃഹാതുരമാതൃകകൾക്കു പകരം, മരുഭൂമിയാണെങ്കിലും നഗരവൽകൃതമായ ഒരു ലോകത്തെ അവർ അഭിമുഖീകരിക്കുന്നു. നമ്മുടെ ഗൃഹാതുരതകൾ പോലെ അറേബ്യൻ വംശജരുടെ ഗോത്രസ്മൃതികൾ ആ നഗരവത്കൃതലോകത്ത് കാണുന്നില്ല. ഗോത്രകാലങ്ങളുടെ നൊസ്റ്റാൾജിക് ആയ മൃതഭാരമില്ലാത്ത നഗരങ്ങൾ.

ഇങ്ങനെ നഗരചിഹ്നങ്ങളായി ആകാശം മുട്ടുന്ന നഗരസ്തംഭങ്ങൾ ളള്ളപ്പോഴും, മലയാളികളുടെ ജീവിതം ഗൾഫിൽ മറ്റൊരു വിധത്തിലാണ് പരുവപ്പെട്ടതും പടർന്നതും. കേരളം എന്ന സ്തംഭനാവസ്ഥയുള്ള സാമ്പത്തിക ഭൂമികയെ ഗൾഫിൽനിന്ന് കൊടുത്തയച്ച സമ്പാദ്യങ്ങളിലൂടെ അവർ ചലനാത്മകമാക്കി. മലയാളികൾ ഉണർന്നു, ഉയർന്നു, പറന്നു, പടർന്നു.
ഇവിടെയാണ് നാം ഇറാൻ ഇസ്ലാമിക വിപ്ലവകാലത്തേക്കും ആയത്തുള്ള ഖൊമേനിയുടെ പ്രശസ്തമായ 'കാസെറ്റ്' വിപ്ലവത്തിലേക്കും ഒരു തിരിഞ്ഞുനോട്ടം നടത്തേണ്ടത്. ഖൊമേനിയുടെ കാസെറ്റ് പ്രഭാഷണങ്ങൾ അവിടെ പുതിയൊരു ഭരണകൂടത്തെ കൊണ്ടുവന്നു. തികച്ചും മതാത്മകമായ ആ ഭരണകൂടം ഏതെങ്കിലും നിലക്ക് പ്രസക്തമാകുന്നത്, അതിന്റെ അടിയുറച്ച അമേരിക്കൻ വിരുദ്ധത കൊണ്ടു മാത്രമാണ്. രാഷ്ട്രീയമായി നീതീകരിക്കാവുന്ന ഒരു ഉള്ളടക്കം ആ അമേരിക്കൻ വിരുദ്ധതയിലുണ്ട്. തദ്ദേശീയമായി എന്നാൽ അത് തുറസ്സില്ലാത്തതും പെൺസ്വാതന്ത്രത്തിന്റെ വായുസഞ്ചാരങ്ങളെ തടഞ്ഞുവെക്കുന്നതമായ ഒരിടമായി മാറി. മുടി പുറത്തുകാണിച്ചതിന് മഹ്സി അമീനിമാർ കൊല്ലപ്പെട്ട, ഗോത്രകാല നീതികളുടെ ഇടം. ഗോത്ര / ഭൂതകാലത്തിന്റെ പുനരവതാരമായി അവിടെ മതാത്മക അധികാരത്തിന്റെ സിംഹാസനങ്ങൾ മാറി. ഇസ്ലാമിക വിപ്ലവം, അവിടെ ഭൂതകാലത്തെ നിഷ്കരുണമായി ഉപയോഗിക്കാനുള്ള ചാലക ശക്തിയായി.

എന്നാൽ, മലയാളികൾ മുഖ്യ വരുമാന സ്രോതസ്സുകൾക്കായി കുടിയേറിയ ഗൾഫ്, രാജ്യങ്ങളായ യു എ ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ - തുടങ്ങിയ രാജ്യങ്ങൾ, ഗോത്രഭൂതകാലത്തിന്റെ ഇരുണ്ട വിനിയോഗങ്ങൾ കുറഞ്ഞ രാജ്യങ്ങളായിരുന്നു. ഇറാനിൽ ഖൊമേനിയുടെ കാസറ്റ് വിപ്ലവം നടക്കുമ്പോൾ, കത്തുപാട്ടുകളുടെ പ്രണയാർദ്രമായ കാലം മലയാളികൾ തുറന്നു. 'എത്രയും പ്രിയപ്പെട്ട ഭാര്യ ' അറിയുവാൻ അവർ കാസറ്റുകളിൽ ഹൃദയ നൊമ്പരങ്ങൾ ചാലിച്ച ഭാഷയിൽ പാട്ടുകൾ അയച്ചു . മലയാളികളുടെ ആദ്യത്തെ സാക്ഷരതായജ്ഞം ഗൾഫിൽനിന്ന് മക്കൾ ഉമ്മമാർക്ക് അയച്ച കത്തുകളായിരുന്നു എന്ന് എം. എൻ. വിജയൻ നിരീക്ഷിച്ചിട്ടുണ്ട്. അക്ഷരമറിയാത്ത ഉമ്മമാർ അക്ഷരത്തിന്റെ ശാശ്വതവും ഹൃദ്യവുമായ വിശുദ്ധി തിരിച്ചറിഞ്ഞു. അധിനിവേശ ആധിപത്യത്തിനെതിരെ ഖൊമേനി ഉപയോഗിച്ച കാസറ്റിലെ ഭാഷ, സാംസ്കാരിക പ്രതിരോധം എന്നതിനപ്പുറം, ഇസ്ലാമികമായ മതസ്വത്വം വാർത്തെടുക്കുകയാണ് ചെയ്തത്. ആധുനിക മൂല്യങ്ങൾക്കെതിരെ അത് അലോസകരമായ സ്തംഭനാവസ്ഥകൾ കൊണ്ടുവന്നു. ഗൾഫിലെ മലയാളികൾ കാസെറ്റിൽ ഒരു പാട്ടുകാലം തീർത്തു. പാട്ടു കൊണ്ട് കാലത്തെ ഉമ്മ വെച്ചു.
ഇപ്പോൾ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ നിൽക്കുമ്പോൾ മറ്റൊരു ഓർമയെ തൊടുന്നു. ആദ്യ ഗൾഫ് യുദ്ധകാലത്ത് നാട്ടിലേക്ക്, വ്യഥിത മുഖങ്ങളുമായി തിരിച്ചുവന്ന എത്രയോ മലയാളികൾ ഉണ്ട്. അവരെ പരപുച്ഛത്തോടെയാണ് ചിലരെങ്കിലും നോക്കിയത്. വീടെടുക്കാനും മീൻ വാങ്ങാനും പാവപ്പെട്ട അയൽക്കാരെ സഹായിക്കാനും ഉദാരത കാണിച്ച ആ മനുഷ്യരെ ‘ധാരാളി' എന്ന പേരിൽ ചിലരെങ്കിലും മുദ്ര കുത്തി. നിർമ്മാണാത്മകമായ പുതിയൊരു കേരളത്തെ രൂപപ്പെടുത്താൻ, സമ്പാദ്യ ശീലങ്ങളിലും ചെലവഴിക്കുന്നതിലും പുതിയൊരു ജീവിതക്രമം കൊണ്ടുവന്നത് ഗൾഫ് മലയാളികളാണ്. ആ മലയാളികൾ ചരിത്രത്തിന്റെ നിശിതമായ ആവർത്തനങ്ങൾ വീണ്ടും മുഖാമുഖം കാണുകയാണ്.

തൊണ്ണൂറ്റിയൊന്നിലെ ഗൾഫ് യുദ്ധത്തിന്റെ ആ കാലം. ഗൾഫിൽ നിന്ന് തിരിച്ചുവന്ന ചിലരുടെ അനുഭവങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതിലൊരാൾക്ക് അവയാളുടെ അറബി കൊടുത്തത് ഒരു അത്തർ കുപ്പിയാണ്. അത് കൊടുത്തു കൊണ്ടു ആ അറബി പറഞ്ഞു: ‘‘ഈ സുഗന്ധത്തിനുവേണ്ടിയല്ല യുദ്ധം. പെട്രോളിന് വേണ്ടിയാണ്. ഒരു ചെറിയ കുപ്പിയിൽ പെട്രോൾ തന്നിട്ട് നിനക്കെന്ത് ചെയ്യാനാണ്?".
എന്റെ പുറം കൈയിൽ' അത്തർ പുരട്ടി, ആ തിരിച്ചു വന്ന മനുഷ്യൻ ചോദിച്ചു: "നല്ല മണമില്ലേ?"
തീർച്ചയായും അതിന് നല്ല ഗന്ധമുണ്ടായിരുന്നു.
‘‘ഈ മണം മാത്രമാണ് ഞാൻ കൊണ്ടുവന്നത്’’. അയാളുടെ മുഖത്ത്, സൂഫികളുടെ മുഖത്തുണ്ട് എന്ന് കേട്ടിട്ടുള്ള ഭാരരഹിതമായ ഒരു ഭാവമുണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ, ചെറിയൊരു പെട്ടിയിൽ പലതരം അത്തറുകൾ നിറച്ച് അയാൾ ചെറുകിട അത്തർ വ്യാപാരിയായി.
മറ്റൊരാൾ ആടുകളെ പോറ്റുന്ന ഒരാളായി മാറി. ഞങ്ങളുടെ വീടിന് മുന്നിലൂടെ അയാൾ ആടുകളുമായി വയലിലേക്ക് പോയി . അയാൾ പലരോടും പറഞ്ഞത് ഇതു മാത്രമായിരുന്നു:
‘‘ആടുകൾ ബോംബിടില്ല കേട്ടോ. ആടുകൾ പെട്രോളിന് പകരം പാൽ തരുന്നു ... ഈ ആടുകളെ കൊണ്ട് ബുഷ് തോറ്റു".

ആ മനുഷ്യന്റെ മുഖത്തും കണ്ടു, ഭാരരഹിതമായ ഒരവസ്ഥ. ഇപ്പോൾ, രണ്ടാം ഖൊമേനിയും കൊല്ലപ്പെട്ടു. ഹിംസയുടെ മാരകമായ അവതരങ്ങൾ തുടരുന്നു. അത്തറിനു വേണ്ടിയല്ല ഈ യുദ്ധങ്ങൾ. അധിനിവേശമാണ്. കണ്ണിൽച്ചോരയില്ലാത്ത അധിനിവേശം.
ഗ്രീക്ക് പുരാണത്തിൽ കാലിപ്സോ എന്ന ഒരു മോഹിനിയുണ്ട്. അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടയാവുന്നവരെ ആ മോഹിനി, പന്നിക്കൂട്ടങ്ങളാക്കി മാറ്റും. ആധുനിക കാലത്തെ കാലിപ്സോ ആണ് ഇസ്രായേൽ. മോഹവലയത്തിൽ വീഴുന്നവരെ പന്നിക്കൂട്ടങ്ങളാക്കി മാറ്റുകയാണ്. അങ്ങനെ പുതിയ മിത്തുകൾ സൃഷ്ടിക്കപ്പെടുന്നു. പുതിയ അധിനിവേശങ്ങൾ, പുതിയ മിത്തുകൾ.
ഒരു തിരഞ്ഞെടുപ്പിന് മുമ്പിൽ നിൽക്കുമ്പോൾ, മലയാളി മുസ്ലിം എന്ന നിലയിൽ എനിക്കൊരു ചോയ്സുണ്ട്. എന്നാൽ, പശ്ചിമേഷ്യൻ മുസ്ലിമിന് മുന്നിൽ എന്താണ് ചോയ്സ്?
ഇരുകൈകളും ഉയർത്തി പ്രാർഥിക്കാനേ സാധിക്കുന്നുള്ളൂ, അള്ളാ, ഈ യുദ്ധം നിർത്തണേ!
പ്രാർഥനകൾക്ക് പ്രതിഫലം കിട്ടുന്ന ഇരുപത്തേഴാം രാവ് ആണല്ലോ. പ്രാർഥന ഒരു കൂലിപ്പണി അല്ലെങ്കിലും ഇതിന് കൂലി ചോദിക്കുന്നു.

