കാഴ്​ചപരിമിതർ ഇനി തൊഴിലെടുക്കേണ്ട എന്നാണോ സർക്കാർ പറയുന്നത്​?

ശാരീരിക ഭിന്നശേഷിയുള്ളവർക്ക് സംവരണം ചെയ്യപ്പെട്ട തൊഴിലുകളുമായി ബന്ധപ്പെട്ട്​, പ്രവർത്തനക്ഷമതയും ഭൗതികക്ഷമതയും വ്യക്തമാക്കിക്കൊണ്ടുള്ള കരടുരേഖ ഈയിടെ സർക്കാർ പ്രസിദ്ധീകരിച്ചു. സർക്കാർ ജോലികളിൽ സംവരണം വഴി ജോലി നേടാനുള്ള കാഴ്​ചപരിമിതരുടെ അവസരം കുറക്കുന്നതാണ്​ ഈ ഉത്തരവ്​. 680 തസ്​തികകളുടെ പട്ടിക പുറത്തുവിട്ടതിൽ പലതിലും, 50 ശതമാനത്തിലധികം കാഴ്​ചപരിമിതിയുള്ളവർക്ക്​ അപേക്ഷിക്കാനാകില്ല. അക്ഷരാർത്ഥത്തിൽ ഈ രേഖ നടപ്പിലാക്കുന്ന പക്ഷം വിദ്യാസമ്പന്നരായ കാഴ്ചയില്ലാത്തവർക്കുമുന്നിൽ ഇനി തൊഴിലവസരങ്ങൾ പൂ​ർണമായും ഇല്ലാതാകുമെന്ന്​ കേരള ഫെഡറേഷൻ ഓഫ്​ ദി ബ്ലൈൻഡ്​ പ്രസിഡൻറ്​ ​ഡോ. ഹബീബ്. സി.

1995ൽ ഇന്ത്യ ഗവൺമെൻറ്​ പാസായ പി.ഡബ്ല്യു.ഡി ആക്റ്റും ( The Persons with Disabilities, Equal Opportunities, Protection of Rights and Full Participation) അതിന്റെ തുടർച്ച എന്ന നിലയ്ക്ക് 2016ൽ വന്ന ആർ.പി.ഡബ്ല്യു.ഡി ആക്റ്റും (The Rights of Persons With Disabilities Act, 2016) ശാരീരിക ഭിന്നതയുള്ളവരുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിൽ സർവ്വതലസ്പർശിയായ മാറ്റമാണ് വിഭാവനം ചെയ്യുന്നത്.

ശാരീരിക ഭിന്നത എന്നത് മനുഷ്യവൈവിധ്യത്തിന്റെ ഒരു സാധ്യതയാണെന്ന് വിവക്ഷിക്കുന്ന ആർ.പി.ഡബ്ല്യു.ഡി ആക്റ്റ് ഇത്തരക്കാരുടെ ഭിന്നതയെയും പരമാധികാരത്തെയും പൊതുസമൂഹം മാനിക്കണമെന്നത് ഊന്നിപ്പറയുന്നു. വിദ്യാഭ്യാസം, തൊഴിൽ സംവരണം ഉൾപ്പടെ ശാരീരിക ഭിന്നശേഷിയുള്ളവരുടെ ജീവിതത്തിന്റെ സമഗ്രമേഖലകളിലും പ്രാപ്യതയും ഇടവും ലക്ഷ്യമാക്കുന്ന ഈ ആക്റ്റിന്റെ തുടർച്ച എന്ന നിലയ്ക്ക് ശാരീരിക ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണവും പുനരധിവാസവും ലക്ഷ്യം വെച്ച് വൈവിധ്യമാർന്ന പരിപാടികളും പദ്ധതികളും ഭരണകൂടങ്ങൾ നടപ്പിലാക്കിയിരുന്നു. പലപ്പോഴും ഈ വിധത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യവും അവരുടെ അനുഭവാധിഷ്ഠിതമായ നയപരമായ ഇടപെടലുകളും ഇല്ലാതാകുന്നത്, ഇത്തരം നയപരിപാടികളിൽ നിന്ന് അവർ ഒഴിവാക്കപ്പെടുന്നതിനും ഒരർത്ഥത്തിൽ അവയുടെ സത്ത തന്നെ ചോർന്നുപോവുന്നതിനും ഇടയാക്കും. ഇതിന് മികച്ച ഉദാഹരണമാണ്, 2022 ജൂലൈ 17ന് സാമൂഹികനീതി വകുപ്പ്​ അവരുടെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച കരടുരേഖ. ഭിന്നശേഷിയുള്ളവർക്ക് സംവരണം ചെയ്യപ്പെട്ട തൊഴിലുകളുമായി ബന്ധപ്പെട്ട പ്രവർത്തനക്ഷമതയും ഭൗതികക്ഷമതയും (Physical and functional Requirements) വ്യക്തമാക്കിക്കൊണ്ടുള്ള കരടുരേഖയാണിത്​.

2022 ജൂലൈ 17ന്  സാമൂഹികനീതി വകുപ്പ്​ അവരുടെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച കരടുരേഖ
2022 ജൂലൈ 17ന് സാമൂഹികനീതി വകുപ്പ്​ അവരുടെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച കരടുരേഖ

സർക്കാർ ജോലികളിൽ സംവരണം വഴി ജോലി നേടാനുള്ള കാഴ്​ചപരിമിതരുടെ അവസരം കുറക്കുന്നതാണ്​ ഈ ഉത്തരവ്​. 680 തസ്​തികകളുടെ പട്ടിക പുറത്തുവിട്ടതിൽ പലതിലും, 50 ശതമാനത്തിലധികം കാഴ്​ചപരിമിതിയുള്ളവർക്ക്​ അപേക്ഷിക്കാനാകില്ല. ഭിന്നശേഷിയുള്ളവരെ ഉൾക്കൊണ്ട് തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനുപകരം പരിമിതികളെ അക്കമിട്ട് നിരത്തി പൂർണമായി കാഴ്ചയില്ലാത്തവരുൾപ്പടെയുള്ള ഭിന്നശേഷിയുള്ളവർക്ക് തൊഴിലവസരം നിഷേധിക്കുന്നതിനാണ് കരട് രേഖ പ്രാധാന്യം നൽകുന്നത്.

ഒറ്റ വായനയിൽ തന്നെ 19/2020 എന്ന, മുൻ സർക്കാർ ഉത്തരവിന്റെ തുടർച്ചയായാണ് ഈ ഉത്തരവും എന്ന്​ ഊഹിക്കാം. ഈ കരടുരേഖകളിൽ പരാമർശിക്കപ്പെടുന്ന ഭിന്നശേഷിയുള്ളവരുടെ തൊഴിലുമായി ബന്ധപ്പെട്ട്​പ്രവർത്തനക്ഷമത തെളിയിക്കേണ്ടതിന്റെ ആവശ്യകത സാമാന്യയുക്തി കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ആർ.പി.ഡബ്ല്യു.ഡി ആക്റ്റിൽ വിവക്ഷിക്കുന്ന ബെഞ്ച്മാർക്ക് ഡിസബിലിറ്റിയുള്ള വിഭാഗങ്ങൾക്കുവേണ്ടി എക്‌സ്‌പർട്ട് കമ്മിറ്റി സംവരണത്തിന്​ തൊഴിലവസരങ്ങൾ നിജപ്പെടുത്തുന്നത്, ഓരോ വിഭാഗത്തിന്റെയും സാധ്യതകളും പരിമിതികളും പരിഗണിച്ചാണെന്നിരിക്കെ ഇത്തരം വിഭാഗങ്ങളോട് വീണ്ടും പ്രവർത്തനക്ഷമതാ പത്രം ഹാജരാക്കാൻ പറയുന്നത് ഇരട്ട വിവേചനമാണ്. ഇത് തീവ്ര വൈകല്യമുള്ളവരെ തൊഴിൽ അവസരങ്ങളിൽ നിന്ന്​ പൂർണമായി ഒഴിവാക്കാനുള്ള ശ്രമമായേ മനസ്സിലാക്കാൻ കഴിയൂ. തീവ്ര വൈകല്യമുള്ളവർക്ക് (reasonable accommodation) അനുയോജ്യമായ സൗകര്യം ഒരുക്കിക്കൊടുത്തും (accessibility) പ്രാപ്യത നൽകിയും പരമാവധി തൊഴിലവസരം നൽകണമെന്ന് ആർ.പി.ഡബ്ല്യു.ഡി ആക്റ്റ് വിവക്ഷിക്കുമ്പോൾ ഇത്തരക്കാരെ പരമാവധി അകറ്റിനിർത്താനാണ് കരടുരേഖ ലക്ഷ്യംവെക്കുന്നത്.

പ്രസ്തുത രേഖയിൽ പ്രതിപാദിക്കുന്ന 680 തസ്തികകളിൽ 550ലധികം പൂർണമായി കാഴ്ചയില്ലാത്തവർക്ക് അപേക്ഷിക്കാൻ കഴിയാത്തവിധം low vision കാറ്റഗറിക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇക്കൂട്ടത്തിൽ നവ സാങ്കേതിക വിദ്യ നൽകുന്ന അന്തരീക്ഷത്തിൽ കാഴ്ചയില്ലാത്തവർക്ക് ചെയ്യാൻ കഴിയുന്ന confidential assistant, university secretariat assistant, clerk, typist എന്നിവ മാത്രമല്ല ഉൾപ്പെടുന്നത്. മറിച്ച് പാരമ്പര്യമായി കാഴ്ചയില്ലാത്തവർ ചെയ്തുപോരുന്ന കോളേജുകളിലും സ്‌ക്കൂളുകളിലുമുള്ള ഭാഷാധ്യാപക തസ്തികകൾ, ബുക്ക് ബൈൻഡർ തസ്തികകൾ, ലിഫ്റ്റ് ഓപറേറ്റർ തസ്തിക എന്നിവ കൂടിയാണ്. അക്ഷരാർത്ഥത്തിൽ ഈ രേഖ നടപ്പിലാക്കുന്ന പക്ഷം വിദ്യാസമ്പന്നരായ കാഴ്ചയില്ലാത്തവർക്കുമുന്നിൽ ഇനി തൊഴിലവസരങ്ങൾ ഉണ്ടാവില്ലെന്നുവേണം മനസ്സിലാക്കാൻ.

ആർ.പി.ഡബ്ല്യു.ഡി ആക്റ്റിന്റെ സത്തയെ എല്ലാ അർത്ഥത്തിലും നിർജീവമാക്കുന്ന ഈ കരടുരേഖയുടെ പശ്ചാത്തലം പരിശോധിക്കുമ്പോൾ വ്യക്തമാവുന്നത്, ഇത് തയ്യാറാക്കിയ വിദഗ്ധ സമിതിയുടെ അപര്യാപ്തത കൂടിയാണ്. ഓരോ മേഖലയിൽ നിന്നും പുനരധിവാസ മേഖലയിൽ ജ്ഞാനവും അനുഭവവുമുള്ള വിദഗ്ധരെ കൂടി ചേർത്താണ് തൊഴിലവസരങ്ങൾ നിജപ്പെടുത്തുന്നതിന്​ അതാതുകാലങ്ങളിൽ വിദഗ്ധ സമിതി രൂപീകരിക്കേണ്ടത് എന്നിരിക്കെ ശ്രവണ- സംസാര പരിമിതികളിൽ മാത്രം അനുഭവജ്ഞാനമുള്ള ‘നിഷ്’ എന്ന സ്ഥാപനത്തിന് വൈവിധ്യത്തിന്റെ കുത്തക നൽകിയതിന്റെ യുക്തി മനസ്സിലാവുന്നില്ല. ‘നിഷി’ന് കാഴ്ചയില്ലാത്തവരുടെ മേഖലയിൽ അനുഭവവും ജ്ഞാനവും ഇല്ല എന്നുള്ളതുകൊണ്ട് അവർ തയ്യാറാക്കുന്ന ഇത്തരമൊരു രേഖയ്ക്ക് ഒരിക്കലും കൃത്യതയുണ്ടാവില്ല, മാത്രമല്ല ഇത് nothing about us without us എന്ന, ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട, ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള നയസമീപനത്തിന് വിരുദ്ധവുമാണ്.

ആർ.പി. ഡബ്ല്യു.ഡി ആക്റ്റിന്റെ വെളിച്ചത്തിൽ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് ഭിന്ന​ശേഷിക്കാർക്കായി കേന്ദ്ര ഗവൺമെൻറ്​ കൊണ്ടുവന്ന ഒരു രേഖയിലും പ്രവർത്തനക്ഷമതയുടെ (functional ability) ആവശ്യകത സൂചിപ്പിക്കുന്നില്ല. എന്നാൽ, ഭിന്നശേഷിക്കാരുടെ സർക്കാർ ഉദ്യോഗത്തിലെ സ്ഥാനക്കയറ്റം സംബന്ധിച്ച് 2022 മെയിൽ കേന്ദ്ര ഗവൺമെൻറ്​ കൊണ്ട് വന്ന ഓർഡറിന്റെ തുടർച്ച എന്ന നിലയ്ക്ക് 2022 ജൂലൈയിൽ സംസ്ഥാന ഗവൺമെൻറ്​ പുറത്തുവിട്ട ഉത്തരവിൽ പോലും പ്രവർത്തനക്ഷമതയ്ക്ക് അസാധാരണമായ ഊന്നൽ നൽകുന്നു. ഇത് അക്ഷരാർത്ഥത്തിൽ അർഹർക്ക് അവസരം നിഷേധിക്കുന്നതിനുവേണ്ടിയാണ്.

നിലവിലെ അവസ്ഥ ഭിന്നശേഷിക്കാർക്ക് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. തൊഴിൽ സംവരണം എന്നത് ഭരണകൂടത്തിന്റെ ഔദാര്യമല്ല മറിച്ച്, ആർ.പി. ഡബ്ല്യു.ഡി ആക്റ്റ് വ്യക്തമാക്കുന്നതുപോലെ ഭിന്നശേഷിക്കാരുടെ അവകാശമാണ് എന്ന വസ്തുത പൂർണമായും സ്ഥാപിക്കപ്പെടണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പ്രാധാന്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കണം.

നിലവിലുള്ള കരടുരേഖ ഉത്തരവാകുമ്പോൾ പൂർണമായും കാഴ്ചയില്ലാത്തവരുൾപ്പടെയുള്ള വിവിധ ഭിന്നശേഷി വിഭാഗങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും അവർക്ക് ചെയ്യാൻ കഴിയുന്നതുമായ എല്ലാ തൊഴിലുകളും അവർക്ക് സംവരണത്തിനായി നിജപ്പെടുത്തണം

ആർ.പി. ഡബ്ല്യു.ഡി ആക്റ്റിൽ വിവക്ഷിക്കുന്ന വിധം വിവിധ മേഖലകളിൽ അനുഭവവും ജ്ഞാനവുമുള്ള വിദഗ്ധരെ ചേർത്ത് തൊഴിൽ നിജപ്പെടുത്തുന്നതിനുള്ള വിദഗ്ധ സമിതി പുനഃസംഘടിപ്പിക്കണം

പുനരധിവാസ മേഖലയിലുള്ള ‘നിഷ്’ എന്ന സ്ഥാപനത്തിന്റെ അധീശത്വം അവസാനിപ്പിക്കുകയും ഭിന്നശേഷിക്കാർക്ക് അർഹമായ ഇടം നൽകുകയും ചെയ്യണം

കാഴ്ചയില്ലാത്തവരെ പ്രതിനിധീകരിച്ച് ഈ മേഖലയിൽ കഴിഞ്ഞ 50 വർഷമായി സക്രിയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള ഫെഡറേഷൻ ഓഫ് ദി ബൈൻഡിന്റെ പ്രതിനിധികളെ തൊഴിൽ നിജപ്പെടുത്തുന്നതിനുള്ള സമിതിയുൾപ്പടെ മേഖലയിലെ പ്രധാനപ്പെട്ട എല്ലാ ഔദ്യോഗിക കൂട്ടായ്മകളിലും ഉൾപ്പെടുത്തണം.

ഭിന്ന ശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ കോമൺ കാറ്റഗറി തസ്തികകൾക്ക് 4% ഭിന്നശേഷി സംവരണം അനുവദിച്ചുള്ള സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവ്‌
ഭിന്ന ശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ കോമൺ കാറ്റഗറി തസ്തികകൾക്ക് 4% ഭിന്നശേഷി സംവരണം അനുവദിച്ചുള്ള സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവ്‌

2018 ൽ കേരള സർക്കാർ സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങളിൽ തൊഴിൽ സംവരണം കൊണ്ടുവന്നത് ഏറെ ആവേശത്തോടെയാണ് ഭിന്നശേഷി മേഖലയിലെ പ്രസ്ഥാനങ്ങളും പ്രവർത്തകരും സ്വീകരിച്ചത്​. ഇതിനെതുടർന്ന് മാനേജ്‌മെൻറ്​ അസോസിയേഷനുകൾ നടത്തിയ നിയമപരമായ ഇടപെടലുകളെയെല്ലാം കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ഉൾപ്പടെയുള്ള പ്രസ്ഥാനങ്ങളും സർക്കാറും ചെറുത്തുതോൽപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തും സ്‌കൂൾ തലങ്ങളിലും മുൻകാല്യ പ്രാബല്യത്തോടെ ഈ സംവരണം നടപ്പാക്കുന്നതിനുള്ള ഉത്തരവുകൾ സർക്കാർ അടുത്ത കാലത്തായി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സംവരണത്തിന്റെ ആനുകൂല്യം വഴി ലഭിക്കാവുന്ന സർവ്വസാധ്യതകളെയും നിർവീര്യമാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കരടുരേഖ തയ്യാറാക്കിയിരിക്കുന്നത്. അഥവാ വലംകൈകൊണ്ട്​ നൽകുമ്പോൾ ഇടം കൈകൊണ്ട് അത് തട്ടിപ്പറിക്കുന്ന സമീപനമാണ് ഭരണകൂടം കാഴ്ചവെക്കുന്നത്. ഈ നീക്കത്തിനുപിന്നിൽ ചില ഉന്നത ഉദ്യോഗസ്ഥരുടെയും മാനേജ്‌മെൻറുകളുടെയും നിഗൂഢ അന്തർ ധാരയാണോ പ്രവർത്തിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സാമൂഹികക്ഷേമ വകുപ്പ് സാമൂഹിക നീതി വകുപ്പ് ആയത് ഏറെ പ്രാധാന്യത്തോടെയാണ് ഈ മേഖലയിലെ ഗുണഭോക്താക്കൾ നോക്കിക്കണ്ടത്. എന്നാൽ പ്രസ്തുത വകുപ്പ് നീതി നടപ്പിലാക്കുന്നതിനുപകരം നീതി നിഷേധത്തിനാണോ കൂടുതൽ പ്രാമുഖ്യം നൽകുന്നതെന്ന് പലപ്പോഴും തോന്നിപ്പോകുന്നു. നിലവിലെ സാഹചര്യത്തിൽ തീവ്ര ഭിന്നശേഷിയുള്ളവർ വർധിച്ച ആശങ്കയിലാണ്. 19/ 2022 പോലുള്ള ഉത്തരവുകൾ പിൻവലിച്ചും കരടുരേഖകൾ നീതിപൂർവ്വകമായി തിരുത്തിയും നീതി നടപ്പിലാക്കാൻ സാമൂഹിക നീതി വകുപ്പ് തയ്യാറാവാത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവാൻ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലെൻഡ് ഉൾപ്പടെയുള്ള പ്രസ്ഥാനങ്ങൾ നിർബന്ധിതരാവും. അപ്രകാരം സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ഭരണകൂടം വരും ദിവസങ്ങളിൽ കാത്തുസൂക്ഷിക്കും എന്ന് വിശ്വസിക്കാം.


Summary: ശാരീരിക ഭിന്നശേഷിയുള്ളവർക്ക് സംവരണം ചെയ്യപ്പെട്ട തൊഴിലുകളുമായി ബന്ധപ്പെട്ട്​, പ്രവർത്തനക്ഷമതയും ഭൗതികക്ഷമതയും വ്യക്തമാക്കിക്കൊണ്ടുള്ള കരടുരേഖ ഈയിടെ സർക്കാർ പ്രസിദ്ധീകരിച്ചു. സർക്കാർ ജോലികളിൽ സംവരണം വഴി ജോലി നേടാനുള്ള കാഴ്​ചപരിമിതരുടെ അവസരം കുറക്കുന്നതാണ്​ ഈ ഉത്തരവ്​. 680 തസ്​തികകളുടെ പട്ടിക പുറത്തുവിട്ടതിൽ പലതിലും, 50 ശതമാനത്തിലധികം കാഴ്​ചപരിമിതിയുള്ളവർക്ക്​ അപേക്ഷിക്കാനാകില്ല. അക്ഷരാർത്ഥത്തിൽ ഈ രേഖ നടപ്പിലാക്കുന്ന പക്ഷം വിദ്യാസമ്പന്നരായ കാഴ്ചയില്ലാത്തവർക്കുമുന്നിൽ ഇനി തൊഴിലവസരങ്ങൾ പൂ​ർണമായും ഇല്ലാതാകുമെന്ന്​ കേരള ഫെഡറേഷൻ ഓഫ്​ ദി ബ്ലൈൻഡ്​ പ്രസിഡൻറ്​ ​ഡോ. ഹബീബ്. സി.


Comments