കേരളത്തിലെ ഡിജിറ്റൽ സേവനങ്ങളെയെല്ലാം ഒരു കുടക്കീഴിലാക്കുന്ന യൂണിഫൈഡ് സിറ്റിസൻ ഡെലിവറി പ്ലാറ്റ്‌ഫോം രൂപപ്പെടുത്താൻ ഒരുങ്ങുകയാണ് കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (KSITM). ആധാർ ആവിഷ്‌കരിച്ച നന്ദൻ നിലെകനിയുടെ ഇ ഗവേണൻസ് ഫൗണ്ടേഷനെയാണ് യൂണിഫൈഡ് സിറ്റിസൻ ഡെലിവറി പ്ലാറ്റ്‌ഫോം കേരളത്തിലെ എൽ.ഡി.എഫ്. സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. യൂണിഫൈഡ് സിറ്റിസൻ ഡെലിവറി പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ കേരള സ്റ്റേറ്റ് ഐ.ടി. മിഷനും നിലെകനിയുടെ ഇ ഗവേണൻസ് ഫൗണ്ടേഷനും ഒപ്പുവെച്ചുകഴിഞ്ഞു. വിവിധ വകുപ്പുകൾ നൽകുന്ന ഓൺലൈൻ സേവനങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ടുവന്ന് സിംഗിൾ എൻഡ്-ടു-എൻഡ് പ്ലാറ്റ്‌ഫോമാക്കുന്നതാണ് പദ്ധതി.
ഓൺലൈൻ സർവീസുകളെ പൊതു പ്ലാറ്റ്‌ഫോമിലാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി ഐ.ടി. മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. "സേവനം' എന്ന പേരിലാണ് ഈ പൊതു പ്ലാറ്റ്‌ഫോം അറിയപ്പെടുക. തടസ്സങ്ങളില്ലത്തതും കൃത്യതയുള്ളതുമായ സേവനം നൽകാൻ ലക്ഷ്യമിട്ടാണ് പൊതു പ്ലാറ്റ്‌ഫോം ഒരുക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.
പൊതു പ്ലാറ്റ്‌ഫോമിലാകുന്നത് വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അതേസമയം, ജനങ്ങൾക്ക് ഡിജിറ്റൽ സേവനം ലഭിക്കുന്നത് കൂടുതൽ എളുപ്പമാകുമെന്നതാണ് പദ്ധതിയുടെ മേൻമയായി സർക്കാർ അവകാശപ്പെടുന്നത്. കൂടാതെ ഇത് ഗവൺമെന്റ് ഒഫീഷ്യൽസിന് റിയൽ ടൈം അപ്‌ഡേറ്റുകളോടുകൂടിയ സ്മാർട്ട് ഡാഷ്‌ബോർഡുകളും നൽകും. ഇത് സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനവും എളുപ്പമാക്കും. ആളുകൾക്ക് സേവനത്തിനായി കാത്തുനിൽക്കേണ്ട അവസ്ഥയും ഒഴിവാകും. സർക്കാർ ഇതൊക്കെയാണ് ലക്ഷ്യമിടുന്നതെന്ന് പറയുമ്പോൾ, യഥാർഥത്തിൽ സംഭവിക്കുന്നത് മറ്റൊന്നാണ്. ജനങ്ങളുടെ സ്വകാര്യതയാണ് വെല്ലുവിളിക്കപ്പെടുന്നത്. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നത് അത്യാവശ്യമായ കാര്യം തന്നെയാണ്. അതിന് സുരക്ഷിതമായ വഴികളാണ് തേടേണ്ടത്. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാർ കൾസൾട്ടൻസികളെ എല്ലാം ഏൽപ്പിച്ചുകൊടുക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഇത് വലിയ അപകടത്തിലേക്കാണ് നാടിനെ നയിക്കുക.
ആധാർ നടപ്പാക്കുന്നതിലും ഡേറ്റ സുരക്ഷയുടെ കാര്യത്തിലുമൊക്കെ ഇടതുപക്ഷം തുടർന്നുവന്ന നിലപാട് പൂർണമായും റദ്ദ് ചെയ്യുന്ന വിധത്തിലാണ് ഇപ്പോൾ നന്ദൻ നിലെകനിയുടെ ഇ ഗവേണൻസ് ഫൗണ്ടേഷന് തന്നെ കേരളത്തിന്റെ ഡേറ്റ ഏൽപ്പിച്ചുകൊടുക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. ആധാർ നടപ്പാക്കുന്ന ഘട്ടത്തിൽ സി.പി.എം. ദേശീയതലത്തിൽ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ പ്രായോഗിക തലത്തിൽ കേന്ദ്ര സർക്കാരിനോട് ചേർന്നുപോകുന്ന നയം തന്നെയാണ് കേരളത്തിലെ സർക്കാർ സ്വീകരിച്ചത്. ഇപ്പോൾ അതിന്റെ തുടർച്ചയായാണ് കേരളത്തിലെ ഓൺലൈൻ സേവനങ്ങളെ മുഴുവനും ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമിലാക്കുന്നതിനായി നിലെകനിയെ ഏൽപ്പിക്കുന്നത്. ജനങ്ങളുടെ സ്വകാര്യതയ്ക്ക് യാതൊരു പ്രസ്‌കതിയുമില്ലെന്നും അത് സ്വകാര്യ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ളതാണെന്നുമുള്ള യു.പി.എ. സർക്കാരിന്റെയും എൻ.ഡി.എ. സർക്കാരിന്റെയും നിലപാടിനൊപ്പം തന്നെയാണ് കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരും പോകുന്നതെന്നതാണ് വൈരുദ്ധ്യം.
രാജ്യത്തെ എല്ലാ പൗരൻമാർക്കും ഏകീകൃത തിരിച്ചറിയൽ നമ്പർ നൽകുന്നതിനായി 2009-ൽ തുടക്കം കുറിച്ച ആധാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനങ്ങൾക്ക് സ്റ്റേറ്റ് റസിഡന്റ് ഡേറ്റ ഹബ് ഉണ്ടാക്കാനുള്ള പദ്ധതിയുണ്ടായിരുന്നു. ഐ.ടി. മിഷന്റെ കീഴിലായിരുന്നു ഈ പദ്ധതി. ഇടതുപക്ഷത്തിന്റെ കാലങ്ങളായിട്ടുള്ള നിലപാട് ആധാറിനും ഡേറ്റ ഇന്റർലിങ്കിങ്ങിനും എതിരായിരുന്നു. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഇടതു നേതാക്കൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഡേറ്റ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രസ്താവനകളാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ഉണ്ടായിട്ടുള്ളത്. എന്നാൽ കേരളത്തിലെ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലം മുതൽ ആധാർ അനുകൂല സമീപനമാണ് സ്വീകരിക്കുന്നത്. ആധാർ കേസിലും സ്വകാര്യതയുമായി ബന്ധപ്പെട്ട കേസുകളിലുമൊക്കെ കേരളം വളരെ പോസിറ്റീവായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ പ്രായോഗിക തലത്തിൽ ആധാർ നടപ്പാക്കുന്നതിനും എല്ലാ വകുപ്പുകളെയും ബന്ധിപ്പിക്കുന്ന ഇന്റർലിങ്കിങ്ങിനും അനുകൂലമായിട്ടുള്ള സമീപനം തന്നെയാണ് കേരളം സ്വീകരിച്ചിട്ടുള്ളത്.
എൽ.ഡി.എഫ്. സർക്കാർ വന്നശേഷം കഴിഞ്ഞ സെപ്റ്റംബറിൽ എല്ലാ സിറ്റിസൺ സർവീസുകളെയും ആധാർ ഉപയോഗിച്ച് ഏകീകരിക്കാനുള്ള തീരുമാനമുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ യൂണിഫൈഡ് സിറ്റിസൺ ഡെലിവറി പ്ലാറ്റ്‌ഫോം രൂപീകരിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്.
യൂണിഫൈഡ് ഡേറ്റ ബേസ് എന്ന സമീപനം തന്നെ ഇടതുപക്ഷ നിലപാടിന് വിരുദ്ധമാണെന്നും കൂടാതെ നന്ദൻ നിലെകനിയുടെ എൻ.ജി.ഒ.യെ തന്നെ അത് ഏൽപ്പിക്കുന്നുവെന്നതാണ് പ്രശ്‌നമെന്നും ഡിജിറ്റൽ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ് അനിവർ അരവിന്ദ് പറഞ്ഞു. ""അതായത് താത്വികമായി യാതൊരു വിരോധവുമില്ല, നിലെകനി എന്താണോ യു.പി.എ.യെക്കൊണ്ടും അതുകഴിഞ്ഞ് എൻ.ഡി.എ.യെക്കൊണ്ടും ചെയ്തുകൊണ്ടിരുന്നത് അത് തന്നെ കേരളത്തിലും വേണമെന്നുള്ളതുകൊണ്ടാണല്ലോ അതേ എൻ.ജി.ഒ.യെ തന്നെ ഇത് ഏൽപ്പിക്കുന്നത്. ഇടതുപക്ഷം നേരത്തെയെടുത്ത എല്ലാ രാഷ്ട്രീയ നിലപാടുകളെയും റദ്ദ് ചെയ്യുന്ന സമീപനമാണിത്.''- അനിവർ അരവിന്ദ് പറയുന്നു.
ഇ ഗവേണൻസ് ഫൗണ്ടേഷൻ എന്നുപറയുന്നത് കുറേക്കാലമായി കേന്ദ്ര സർക്കാരിന്റെയും നിതി ആയോഗിന്റെയും ബാക്ക് ഓഫീസ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും അനിവർ ചൂണ്ടിക്കാട്ടുന്നു. ഏത് രീതിയിൽ ഡേറ്റ സെൻട്രലൈസേഷൻ അല്ലെങ്കിൽ ഐഡന്റിറ്റി പ്രൊജക്റ്റുകൾ ഏത് സർക്കാരുകൾ ആഗ്രഹിക്കുന്നുവോ അവർക്കുവേണ്ടിയാണ് നിലെകനി പ്രവർത്തിക്കുന്നത്. അതോടൊപ്പം തന്നെ സ്വകാര്യ മേഖലയ്ക്കുവേണ്ടി ഈ വിവരങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നുള്ളതുമാണ് ആധാർ പരീക്ഷണങ്ങൾ ഇതുവരെ ചെയ്തത്. അതിനെതിരെ നിലപാടുണ്ടായിരുന്ന വിഭാഗമായിരുന്നു ഇടതുപക്ഷം. ആ നിലപാട് ഐ.ടി. സമീപനത്തിൽ കേരളത്തിൽ കാണാനുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ നിലെകനി പറയുന്നത് തന്നെയാണ് വേണ്ടതെന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്.
കേരളത്തിന് യൂണിഫൈഡ് സിറ്റിസൻ രജിസ്ട്രി വേണോ വേണ്ടയോ എന്നുള്ളതാണ് ഒന്നാമത്തെ ചോദ്യം. ഇനി വേണമെങ്കിൽ അതിന്റെ സമീപനമെന്തായിരിക്കണം. സിറ്റിസൻ രജിസ്ട്രി വേണമെന്നുണ്ടെങ്കിൽ അത് പൗരൻമാരെ ശാക്തീകരിക്കുന്നതായിരിക്കണോ അല്ലെങ്കിൽ പൗരൻമാരെ വെറും ഡേറ്റയായി കാണുന്നതായിരിക്കണോ എന്നുള്ളതാണ് ആലോചിക്കേണ്ടത്. ഏത് കാര്യത്തിനും വ്യക്തിപരമായ ആധാർ നമ്പറിന്റെ ഔദ്യോഗികതലത്തിലുള്ള ഉപയോഗമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് സ്പാർക്ക് പോലെയുള്ള ശമ്പളം കൊടുക്കുന്നതിനുള്ള സംവിധാനത്തിൽ പോലും ലോഗിൻ ചെയ്യണമെങ്കിൽ ആധാർ നമ്പർ നൽകണമെന്ന സ്ഥിതിയാണ്. മൊബൈൽ ഫോൺ പോലും ഔദ്യോഗിക കാര്യത്തിന് ഉപയോഗിക്കാൻ സർക്കാർ പ്രത്യേകം നൽകുന്ന സാഹചര്യത്തിലാണ് ഇതെന്നതും ശ്രദ്ധിക്കണം. അതായത് ഒരു വ്യക്തിയുടെ വിവര സുരക്ഷ ഔദ്യോഗിക കാര്യത്തിനുവേണ്ടി കോംപ്രമൈസ് ചെയ്യേണ്ടിവരുന്ന അവസ്ഥയിലേക്കാണ് കേരളം പോയിക്കൊണ്ടിരിക്കുന്നത്.
എന്താണ് വ്യക്തിപരം, എന്താണ് ഔദ്യോഗികം, എന്താണ് സേവനം, എന്താണ് പൗര ശാക്തീകരണം ഇതൊന്നും നിർവചിക്കാതെ എല്ലാ കാര്യത്തിനും ഒരു ഏകീകൃത സേവനം എന്ന് പറഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് ആലോചിക്കേണ്ടതാണെന്ന് അനിവർ അരവിന്ദ് പറയുന്നു. ഇ ഗവേണൻസ് ഫൗണ്ടേഷൻ ആന്ധ്രയിൽ ചെയ്ത കാര്യം ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ക്ഷേമപദ്ധതികളുടെ ഡേറ്റ ജനങ്ങളുടെ ജിയോ ലൊക്കേഷനടക്കം വെച്ച് ട്രാക്ക് ചെയ്യാൻ ഉപയോഗിക്കപ്പെടുകയും ആ വിവരം തെരഞ്ഞെടുപ്പിന് വരെ ദുരുപയോഗം ചെയ്യുകയും ചെയ്ത അനുഭവമാണ് ആന്ധ്രയിലുള്ളത്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡു സർക്കാരിനുവേണ്ടി നിരവധി പദ്ധതികൾ ഇ ഗവേണൻസ് ഫൗണ്ടേഷൻ ചെയ്തിരുന്നു. അതേ സമീപനമാണോ കേരളത്തിൽ വേണ്ടതെന്നും യൂണിഫൈഡ് പ്ലാറ്റ്‌ഫോം വേണമോ എന്നുമുള്ള ചോദ്യങ്ങൾ നിലനിൽക്കെ തന്നെ യാതൊരു ചർച്ചകളും കൂടാതെയാണ് കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത്. ചർച്ചകൾ നടത്തിയില്ലെന്നത് കൂടാതെ നന്ദൻ നിലെകനിയെ തന്നെ തെരഞ്ഞെടുക്കുന്നതാണ് അടുത്ത സന്ദേശം.
വളരെ കൃത്യമായ ഡേറ്റ കേന്ദ്രീകൃതമായ കൂടുതൽ ട്രേസബിലിറ്റിയും ട്രാക്കിങ്ങും ഫോക്കസ് ചെയ്യുന്ന, ജനങ്ങളെ ഡേറ്റ ബേസ് സബ്ജക്റ്റാക്കി മാറ്റുന്ന യു.പി.എ.യുടെയും എൻ.ഡി.എ.യുടെയും സമീപനം തന്നെയാണ് കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരിനും. ഒരു വ്യക്തിയുടെ അവകാശത്തിനുമുന്നിൽ ആധാർ വെച്ചതിന്റെ കൂട്ടിച്ചേർക്കലായ ഈ പദ്ധതി നിലെകനിയെ തന്നെ ഏൽപ്പിക്കുക എന്നത് രാഷ്ട്രീയപരമായി വളരെ കാതം പിന്നോട്ടു നടക്കൽ തന്നെയാണെന്നും അനിവർ അരവിന്ദ് വ്യക്തമാക്കി.
ഒരു വ്യക്തിക്ക് വില്ലേജ് ഓഫീസിൽ നിന്ന് ഒരു സേവനം ലഭിക്കണമെങ്കിൽ അവിടെ ആധാരവുമായി അല്ലെങ്കിൽ റേഷൻ കാർഡുമായി പോയാൽ മതി. അല്ലാതെ അവിടെ ഡേറ്റ ബേസ് വെച്ച് ഓതന്റിക്കേഷൻ നടപടികളൊന്നും വേണ്ട. അതുപോലെ തന്നെ ഏത് ഐഡി കൊടുക്കണമെന്നുമില്ല. ഓരോ ഡിപ്പാർട്ട്‌മെന്റിലും എന്തൊക്കെ വിവരം കൊടുക്കണമെന്നത് വ്യക്തിയാണ് തീരുമാനിക്കുന്നത്. പക്ഷെ എല്ലാ വകുപ്പുകളും ഒറ്റ പ്ലാറ്റ്‌ഫോമിലാക്കുമ്പോൾ ഈ ഡേറ്റ ബേസുകളുടെ മുഴുവൻ കേന്ദ്രീകരണം സാധ്യമാവുകയും വിവര സുരക്ഷ കൂടുതൽ അപകടത്തിലാവുകയും ചെയ്യുമെന്നതാണ് പ്രശ്‌നം. അതായത് യൂണിഫൈഡ് രജിസ്ട്രി ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ നൽകുന്നതിനു പകരം ഡേറ്റ സുരക്ഷയെ അപകടത്തിലാക്കുകയാണ് ചെയ്യുക.
ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി സേവനങ്ങൾ ലഭ്യമാക്കാനാണെന്ന് പറയുമ്പോൾ കഴിഞ്ഞവർഷം പഞ്ചായത്തിരാജിൽ കൊണ്ടുവന്ന ഐ.എൽ.ജി.എം.എസ്. പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മതി. ഇത് ശരിയായി പ്രവർത്തിക്കാത്തതിനാൽ ഇപ്പോൾ പുതിയ സോഫ്റ്റ് വെയറിനായി ടെൻഡർ വിളിച്ചിരിക്കുകയാണ്.
കേരളത്തിന് ശരിയായ ഐ.ടി. നയമില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് അനിവർ അരവിന്ദ് ചൂണ്ടിക്കാട്ടുന്നു. ""2010 കാലത്തൊക്കെ ഐ.ടി.യിൽ സ്വയം പര്യാപ്തതയുള്ള സംസ്ഥാനമായിരുന്നു കേരളമെന്നും എന്നാൽ അടുത്തഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ ഐ.ടി. പ്രൊജക്റ്റുകളുടെ ഉപഭോക്താവായി മാറുകയാണ് ചെയ്തതെന്നും അനിവർ പറയുന്നു. ഐ.ടി.യിൽ നല്ല വിജയമാതൃകകളുണ്ടായിരുന്ന സ്ഥിതിയിൽ നിന്ന് എല്ലാം നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (NIC) തരുന്ന സോഫ്റ്റ് വെയറുകൾ മാത്രമാവുക എന്ന സ്ഥിതിയിലേക്കാണ് 2010-നുശേഷമുള്ള പത്തുവർഷം കൊണ്ട് കേരളം എത്തിയത്. ഇപ്പോൾ എൻ.ജി.ഒ.കളും കോഓപ്പറേറ്റീവ് സൊസൈറ്റികളും സ്വകാര്യ മേഖലയും ഇതേ കാര്യങ്ങൾ ഏറ്റെടുക്കുന്നു. കേരളത്തിൽ ഐ.ടി. സർവീസുകൾ കൊടുക്കുന്ന സ്റ്റാർട്ടപ്പുകളടക്കം നിരവധി കമ്പനികളുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ടെക്‌നിക്കൽ പ്രൊജക്റ്റ് മാനേജ്‌മെന്റ് എങ്ങനെ ചെയ്യണമെന്ന ധാരണ ഐ.ടി. മിഷനില്ല എന്നതാണ് സ്പ്രിംഗ്‌ളർ വിവാദത്തിലടക്കം കണ്ടത്. സ്വകാര്യ ഏജൻസികൾ ചെയ്യുകയാണെങ്കിൽ തന്നെ, എന്താണ് വേണ്ട സോഫ്റ്റ് വെയർ സ്‌പെസിഫിക്കേഷൻ, അതിൽ എന്തൊക്കെ റൈറ്റ്‌സ് ഉറപ്പുവരുത്തണമെന്നതൊക്ക നിർവചിക്കാനും അത് വാങ്ങിയെടുക്കാനുമുള്ള കരുത്തില്ലാത്ത സ്ഥാപനമാണ് കേരള ഐ.ടി. മിഷൻ.''- അനിവർ വിശദീകരിച്ചു.
എൻ.ഐ.സി. പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന് മാറി കേരളത്തിലെ ഡേറ്റ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നതിൽ കൂടുതൽ വൈദഗ്ധ്യമുള്ള, ഇൻഡസ്ട്രിക്കുവേണ്ടി ഡേറ്റയെ ഒരുക്കിക്കൊടുക്കുന്ന ഏജൻസികളിലേക്കെത്തിയിരിക്കുകയാണിപ്പോൾ. ഇൻഡസ്ട്രിക്കുവേണ്ടി ഡേറ്റ ഒരുക്കിക്കൊടുക്കുന്ന പരിപാടിയാണ് കുറേക്കാലമായിട്ട് ഇ ഗവേണൻസ് ഫൗണ്ടേഷൻ ചെയ്യുന്നതെന്ന് അവരുടെ പ്രവർത്തനചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഒരേ സമയം സർക്കാരിനും ഇൻഡസ്ട്രിക്കും വേണ്ടി ഡേറ്റ റെയിൽ ഉണ്ടാക്കുന്ന ഏജൻസിക്ക് കേരളം ഈ പ്രൊജക്റ്റ് കൊടുക്കുന്നത് ഇടതുപക്ഷത്തിന്റെ പിന്നോട്ടുപോക്കാണ്.
വളരെയധികം ഐ.ടി. വൈദഗ്ധ്യമുള്ള ഒരു സംസ്ഥാനമാണ് കേരളം. പ്രളയത്തിന്റെ സമയത്ത് കേരള റെസ്‌ക്യു പോലെയുള്ള സിസ്റ്റങ്ങൾ വളരെ കുറച്ച് ദിവസം കൊണ്ട് എങ്ങനെയുണ്ടാക്കുന്നു എന്നത് നമ്മൾ കണ്ടതാണ്. ഈ വൈദഗ്ധ്യം ഉപയോഗപ്പെടുത്താതെ വളരെ കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളുള്ള കൺസൾട്ടന്റുകളെയോ എൻ.ജി.ഒ.കളെയോ കൊണ്ടുവരുകയാണ് സർക്കാർ ചെയ്യുന്നത്. ഐ.ടി. മേഖലയിൽ മലയാളികളായ നിരവധി വിദഗ്ധരുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയർ വൈദഗ്ധ്യമുള്ളവരുണ്ട്. കേരളത്തിന് തന്നെ ഓപ്പൺ സോഴ്‌സ് പോളിസിയൊക്കെ ഉണ്ടായിരുന്നതാണ്. അത്തരം വൈദഗ്ധ്യത്തെ ഉപയോഗപ്പെടുത്താതെ കൺസൾട്ടന്റ് രീതിയിലേക്ക് പോവുകയാണുണ്ടായത്. കേന്ദ്ര സർക്കാരും നിതി ആയോഗുമൊക്കെ മുന്നോട്ടുവെക്കുന്ന ആധാർ പോലെയുള്ള ഏകീകൃത രീതികളിലേക്ക് പോവുകയും കേരളത്തിന്റെ സ്വന്തമായിട്ടുള്ള ഐ.ടി. വികസനം ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.
ഒരു ഡിപ്പാർട്ട്‌മെന്റിന്റെ ഡേറ്റ മറ്റൊരു ഡിപ്പാർട്ട്‌മെന്റിന് ആക്‌സസ് ചെയ്യേണ്ട കാര്യമില്ല. അല്ലാതെ തന്നെ ഏകീകരണം സാധ്യമാണ്. യൂണിഫൈഡ് എന്ന് പറയുമ്പോൾ എല്ലാ വിവരങ്ങളും കിട്ടുന്ന ഒരു ഉദ്യോഗസ്ഥന്റെ ഡാഷ് ബോർഡ് എന്നായിരിക്കില്ല. ഒരു ഉദ്യോഗസ്ഥന് തീരുമാനമെടുക്കാൻ വേണ്ട വിവരങ്ങൾ മാത്രം കിട്ടുന്നതും അതേസമയം വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുകയും ചെയ്യുന്ന ഐ.ടി. നയമാണ് നമുക്കുവേണ്ടത്. പേഴ്‌സണൽ ഡേറ്റയും ഡിപ്പാർട്ട്‌മെന്റ് രഹസ്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഐ.ടി. സിസ്റ്റം ഉണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടൊന്നുമല്ല. എന്നാൽ അതിനുള്ള കഴിവില്ലാത്തവരാണ് ഐ.ടി. മിഷനിലും സർക്കാരിലുമുള്ളത്. ഉദ്യോഗസ്ഥരെ തിരുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സർക്കാരിനില്ല. കാരണം, ഇവിടെ ഒരു ഐ.ടി. മന്ത്രി പോലുമില്ല. മുഖ്യമന്ത്രിയുടെ കീഴിലാണ് ഐ.ടി. വകുപ്പ് പ്രവർത്തിക്കുന്നതെങ്കിലും കാലങ്ങളായി ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഭരണം നടത്തുന്നത്.
2007-ലെ ഐ.ടി. പോളിസിക്കുശേഷം കേരളം ഒരു നയവും മുന്നോട്ടുവച്ചിട്ടില്ലെന്ന് അനിവർ ഓർമിപ്പിക്കുന്നു. ""ആകെ കൊണ്ടുവന്നത് കെ ഫോൺ മാത്രമാണ്. അതാണെങ്കിൽ ആന്ധ്രയിൽ നടപ്പാക്കിയ ഒരു പദ്ധതിയുടെ പകർപ്പാണുതാനും. ഡിജിറ്റൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുണ്ടാക്കുന്നതിന് ഒരു ജോബ് പോർട്ടലുണ്ടാക്കുന്നു എന്നുപറഞ്ഞ് അതിന് ജില്ലകൾതോറും ഓഫ്‌ലൈൻ സെന്ററുകളുണ്ടാക്കാൻ കോടികളാണ് ചെലവഴിച്ചത്. ഇതൊക്കെയാണ് കഴിഞ്ഞ രണ്ട് ബജറ്റുകളിൽ കണ്ടിട്ടുള്ള ഐ.ടി. മേഖലയിലെ ഇടപെടൽ. ടെക്‌നോളജിയെക്കുറിച്ചോ എന്താണ് കേരളത്തിന്റെ ഐ.ടി. വികസനത്തിന് വേണ്ടത് എന്നതിനെക്കുറിച്ചോ ഇവിടത്തെ രാഷ്ട്രീയനേതൃത്വത്തിന് ഒരു ധാരണയുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. സർക്കാർ ആകെ ചെയ്യുന്നത് കൂടുതൽ കൂടുതൽ ഡാഷ്‌ബോർഡുകൾ ഉണ്ടാക്കുക എന്നതാണ്. അതുകൊണ്ടാണ് നമ്മൾ ഗുജറാത്തിന്റെ ഡാഷ്‌ബോർഡാണോ കേരളത്തിന്റെ ഡാഷ്‌ബോർഡാണോ നല്ലത് എന്നൊക്കെയുള്ള ചർച്ചകളിലേക്ക് പോകുന്നത്. ജനങ്ങളെ ഡാഷ്‌ബോർഡിലേക്ക് ഇൻഫർമേഷൻ ഫീഡ് ചെയ്യുന്ന സബ്ജക്റ്റുകളായി മാത്രം കാണുന്നുവെന്നതാണ് ഡാഷ്‌ബോർഡ് ഗവണൻസിന്റെ പ്രശ്‌നം. പരമാവധി വിവരങ്ങൾ എക്‌സ്ട്രാക്റ്റ് ഡാഷ്‌ബോർഡിൽ എത്തിക്കുക എന്നതിൽ മാത്രം കേന്ദ്രീകരിക്കുന്നതായി ഇവിടത്തെ ഐ.ടി. ഗവണൻസ് മാറുകയാണ്.'' - അദ്ദേഹം പറയുന്നു.
നിലെകനിയെ വിശുദ്ധനാക്കുകയും അദ്ദേഹത്തിന് കൂടുതൽ കരാറുകൾ കൊടുക്കുകയും ചെയ്യുന്നത് ഇപ്പോൾ തുടങ്ങിയതല്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കൊച്ചിയിൽ ഹൈപവർ ഐ.ടി. കമ്മിറ്റി നടത്തിയ കോൺഫറൻസിൽ നിലെകനിയായിരുന്നു മുഖ്യാതിഥി. അന്ന് നിലെകനി പ്രസംഗിച്ചത്, "നമ്മൾ ഇക്കണോമിക്കലി റിച്ചല്ല, പക്ഷെ ഡേറ്റാ റിച്ചാണ്. ഡേറ്റ വിറ്റിട്ട് ഹെൽത്ത് സർവീസുകൾ വാങ്ങാൻ പറ്റണം' എന്നാണ്. യൂണിഫൈഡ് പ്ലാറ്റ്‌ഫോമിൽ സിറ്റിസൺ ഡേറ്റ മുഴുവൻ വരുന്നു. കൊച്ചി മൊബിലിറ്റി ട്രാൻസ്രപോർട്ടേഷൻ അതോറ്റിറ്റിയുടെ നേതൃത്വത്തിൽ ഓപ്പൺ കൊച്ചി എന്ന പേരിൽ മൊബിലിറ്റി നെറ്റ്‌വർക്ക് പദ്ധതി നടക്കുന്നുണ്ട്. ഇതും നന്ദൻ നിലെകനിയുടെ എന്.ജി.ഒ. തന്നെയാണ് ചെയ്യുന്നത്. ആരോഗ്യരംഗത്ത് വിദഗ്ധനായി പലപ്പോഴും നിലെകനിയെ കൊണ്ടുവരുന്നു. നിലെകനിയെ കേരളത്തിൽ പിടിമുറുക്കാൻ സഹായിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യ മുഴുവൻ ഡേറ്റ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇതിന്റെയൊക്കെ തുടക്കം കേരളത്തിൽ നടക്കുക എന്നുപറയുന്നതിന്റെ ഉദ്ദേശ്യം വളരെ ക്യത്യമാണ്. പൗരസ്വാതന്ത്ര്യത്തിനും ഡേറ്റ സുരക്ഷയ്ക്കും ഭീഷണിയാകുന്ന കാര്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ എതിർപ്പുകൾ ഉണ്ടാകുന്നത് പലപ്പോഴും കേരളത്തിൽ നിന്നാണ്. എന്നാൽ എതിർപ്പുകൾ ഇവിടെ തന്നെ ഇല്ലാതാക്കി കേരളത്തിലെ ഇടതുപക്ഷ സർക്കാർ തന്നെ ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ കേരള മാതൃക എന്ന് പറഞ്ഞ് മറ്റു സംസ്ഥാനങ്ങളിലും ഇത് അവതരിപ്പിക്കപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാകാൻ പോകുന്നത്.