Masha Bear / Shutterstock.com

അമ്മമാരെ പ്രതികളാക്കുന്ന ബാലാവകാശം

സമകാലിക മലയാളി ജീവിതത്തെ മുൻനിർത്തി ഒരന്വേഷണം

ബാലാവകാശങ്ങളുടെ ലംഘനങ്ങളിൽ അമ്മയുടെ പിടിപ്പുകേടിനെ പെരുപ്പിക്കുന്നതും ബാലാവകാശനിയമങ്ങൾ ഉപയോഗിച്ചു അമ്മമാരെ കുറ്റവാളികളാക്കുന്ന പ്രവണതയും ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ചരിത്രങ്ങളുടെ കെട്ടുപിണയലുകൾ തിരക്കേണ്ടത് ഈയവസരത്തിൽ അനിവാര്യമായിരിക്കുന്നു.


ധുനിക കേരള ചരിത്രത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലും സമീപ ദശകങ്ങളിലുമായി ബാല്യം എന്ന ജീവിതഘട്ടത്തെ രൂപപ്പെടുത്തിയ നിർണയ വ്യവസ്ഥകളെ (regimes) തിരിച്ചറിയാനുള്ള പ്രാഥമികശ്രമമാണ് ഈ ലേഖനം. സാമൂഹ്യമാറ്റത്തെ രേഖീയമായി അടയാളപ്പെടുത്തുന്ന ആഖ്യാനങ്ങൾക്കുപകരം ഒരേ സമയം ദീർഘമായി നിലനിന്ന, നിലനിൽക്കുന്ന, മൂന്നു നിർണയ വ്യവസ്ഥകളെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്- ‘ഉത്തരവാദിത്വ രക്ഷാകർതൃ ധർമം' (responsible parenting), ‘മേൽനോക്കി ബാല്യം' (aspirational childhood), ‘ഭരണീയ ബാല്യം' (child-governance) എന്നിങ്ങനെ മൂന്നു വ്യവസ്ഥകളും, കൂടാതെ, ‘സുരക്ഷാവത്കൃത-ബാല്യം' (securitized childhood) എന്ന സമീപകാല നിർണയ വ്യവസ്ഥയും. ഇപ്പറഞ്ഞ കാലഘട്ടത്തിൽ ഈ വിഷയങ്ങളെപ്പറ്റി ഉണ്ടായിവന്ന എഴുത്തുകളും സമകാലിക മലയാളി സാമൂഹ്യജീവിതത്തെപ്പറ്റി ലഭ്യമായ നരവംശശാസ്ത്രപരമായ പഠനങ്ങളുമാണ് ഈ ലേഖനത്തിന് ആധാരം.

ആമുഖം

ബാല്യം എന്ന ജീവിതഘട്ടത്തെ ചരിത്രത്തിൽ പ്രത്യക്ഷമായും പരോക്ഷമായും സവിശേഷ രീതികളിൽ രൂപപ്പെടുത്തിയ, രൂപപ്പെടുത്തുന്ന നിയമങ്ങൾ, ചട്ടങ്ങൾ, ആശയങ്ങൾ, പ്രയോഗങ്ങൾ, പ്രക്രിയകൾ, സ്ഥാപനങ്ങൾ, കർതൃത്വങ്ങൾ എന്നിവയുടെ പ്രത്യേക സമന്വയങ്ങളെയാണ് ബാല്യകാല നിർണയ വ്യവസ്ഥകൾ എന്ന് വിശേഷിപ്പിക്കുന്നത്.

കേരളത്തെ കേന്ദ്രീകരിക്കുന്ന ഫെമിനിസ്റ്റ് ഗവേഷണം പിതൃമേധാവിത്വത്തിന്റെ തുടർച്ചകളെയാണ് അധികവും അന്വേഷിക്കുന്നത്

19-ാം നൂറ്റാണ്ടിൽ രൂപപ്പെട്ട ആധുനിക മലയാളിസമൂഹം എന്ന പദ്ധതിയുടെ അവിഭാജ്യഘടകം തന്നെയായിരുന്നു കുട്ടിയും കുട്ടിക്കാലവും. ആ കാലങ്ങളിൽ ഉണ്ടായിവന്ന അഭ്യസ്തവിദ്യരായ വരേണ്യവിഭാഗങ്ങൾ നേടിയെടുക്കേണ്ട ലക്ഷ്യമായിയാണ് അതാദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും പിൽക്കാലത്ത് എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമായ ഒരു സാമൂഹ്യലക്ഷ്യമായി ആധുനിക ബാല്യം മാറി. (Jacques Donzelot -1980- അടക്കമുള്ള പലരും ഇതേ കാര്യത്തെ മറ്റു സാമൂഹ്യസാഹചര്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്). അധികവും ദരിദ്രവും കാർഷികവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ താരതമ്യേന അരികുവത്ക്കരിക്കപ്പെട്ടതുമായ നിലയിൽനിന്ന്, പ്രദേശത്തിൽ നിന്ന്, ധനികവും ആഗോളീകൃതവും പ്രവാസത്തെ ആശ്രയിക്കുന്നതുമായ പ്രദേശമായി മാറിയ കാലമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.

19-ാം നൂറ്റാണ്ടിൽ രൂപപ്പെട്ട ആധുനിക മലയാളിസമൂഹം എന്ന പദ്ധതിയുടെ അവിഭാജ്യഘടകം തന്നെയായിരുന്നു കുട്ടിയും കുട്ടിക്കാലവും. / There Comes Papa, Raja Ravi Varma, Wikimedia Commons
19-ാം നൂറ്റാണ്ടിൽ രൂപപ്പെട്ട ആധുനിക മലയാളിസമൂഹം എന്ന പദ്ധതിയുടെ അവിഭാജ്യഘടകം തന്നെയായിരുന്നു കുട്ടിയും കുട്ടിക്കാലവും. / There Comes Papa, Raja Ravi Varma, Wikimedia Commons

കേരളത്തെ കേന്ദ്രീകരിക്കുന്ന ഫെമിനിസ്റ്റ് ഗവേഷണം പിതൃമേധാവിത്വത്തിന്റെ തുടർച്ചകളെയാണ് അധികവും അന്വേഷിക്കുന്നത് - ഉദാഹരണത്തിന്, തൊഴിൽ വിപണിയിലേക്ക് സ്ത്രീകൾ കുടിയേറുന്നതിന്​ വളരെക്കാലമായി തടസം നിൽക്കുന്ന പ്രജനന ഉത്തരവാദിത്വങ്ങളെ ചൂണ്ടിക്കാട്ടുന്ന ഫെമിനിസ്റ്റ് പഠനങ്ങൾ അനവധിയുണ്ട് (ഒരു ഉദാഹരണം - George 2013).
പിതൃമേധാവിത്വ ചട്ടക്കൂടുകൾക്ക് ഇരുപതാം നൂറ്റാണ്ടിനു ശേഷം ഉണ്ടായ രൂപാന്തരങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ വന്നുതുടങ്ങുന്നതേയുള്ളൂ.
കേരളീയ പിതൃമേധാവിത്വത്തിനുള്ളിൽ ഉരുത്തിരിയുന്ന ബാല്യത്തെപ്പറ്റി പഠനങ്ങൾ നന്നേ കുറവാണ്. കുട്ടി, കുട്ടിക്കാലം എന്നിവയെപ്പറ്റിയുള്ള ആശയങ്ങൾ, ധാരണകൾ, ബാലപരിചരണം, അഭ്യസനം എന്നിവയുടെ പ്രയോഗങ്ങൾ, ഇവയുടെ ഉത്തരവാദിത്വം വഹിക്കുന്ന സ്ഥാപനങ്ങൾ, മേൽനോട്ട- അധികാരികൾ, കുട്ടികളുടെ മൂർത്ത ജീവിതം - ഇവയെല്ലാം ചേർന്ന്​ രൂപമെടുക്കുന്ന ബാല്യ- നിർണയ വ്യവസ്ഥകൾ (regimes of childhood) ഇനിയും കാര്യമായി പരിശോധിക്കപ്പെട്ടിട്ടില്ല. ഇത് ശരിക്കും അപ്രതീക്ഷിതമാണ്. കാരണം സമീപകാലത്ത് കാര്യമായ മാറ്റങ്ങൾ ബാലപരിചരണ- അഭ്യസനരീതികളിലും മറ്റും നേരിട്ടുതന്നെ അനുഭവിച്ചവരാണ് മലയാളികൾ.

ജനസംഖ്യാ പരിണാമാനന്തര കാലത്തിന്റെ സാഹചര്യം, വർദ്ധിച്ചു കൊണ്ടേയിരിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ, പൊതുവിദ്യാലയങ്ങളിൽ നിന്ന് സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള കൂട്ടമാറ്റം, ആഗോള ബാലാവകാശ വ്യവഹാരത്തിന്റെ രംഗപ്രവേശം മുതലായ പ്രക്രിയകളും അവസ്ഥകളും ബാല്യാവസ്ഥയുടെ അനുഭവത്തെത്തന്നെ കേരളത്തിൽ മാറ്റിമറിച്ചിരിക്കുന്നു. എന്നിട്ടും കാര്യമായ പഠനങ്ങൾ ഈ വിഷയത്തിൽ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ കുട്ടികളെപ്പറ്റിയുള്ള പഠനസാഹിത്യം വിപുലമല്ലെങ്കിലും ഉൾക്കാഴ്ചാ പൂർണമാണ്. മുൻദശകങ്ങളിൽ ബാലവേലയെ കേന്ദ്രീകരിച്ചിരുന്ന ഈ സാഹിത്യത്തിൽ (ഉദാഹരണത്തിന് Nieuwenhuys 1994) ഇന്ന് കൗമാരകാലാനുഭവങ്ങളെ അന്വേഷിക്കുന്ന പഠനങ്ങളും ഉണ്ട്. എന്നാൽ സർക്കാർ സ്ഥാപനങ്ങൾ വഴിയും എൻ.ജി.ഒകൾ വഴിയും വ്യാപിച്ച ബാല്യകാലത്തെപ്പറ്റിയുള്ള ആഗോള നിർമിതികളിൽ നിന്ന് വിമർശനപരമായ അകലം പുലർത്താൻ ഇവയ്ക്കു പലപ്പോഴും കഴിയുന്നില്ല. ഈ പ്രവണതയ്ക്ക്​, പക്ഷേ, ചില അപവാദങ്ങൾ തീർച്ചയായും ഉണ്ട് (ഉദാഹരണത്തിന്, Sancho 2012).

കേരളത്തിലെ ജനസംഖ്യാ പരിണാമാനന്തരാവസ്ഥകളെപ്പറ്റി കാര്യമായ പഠനങ്ങൾ ഉണ്ടാവേണ്ടതാണെന്ന് മറ്റൊരിടത്ത് ഞാൻ വാദിച്ചിട്ടുണ്ട് (Devika 2008).
ഈയവസ്ഥയും നമ്മുടെ പ്രവാസാശ്രിതത്വവും കൂടിക്കലരുമ്പോൾ കുട്ടി എന്നത് ആഗോളതൊഴിൽ വിപണിക്കുവേണ്ടി വിൽപനായോഗ്യമായ സവിശേഷ അദ്ധ്വാനശേഷിയെ ഉത്പാദിപ്പിക്കാനുള്ള ഒരുതരം അസംസ്‌കൃത വസ്തുവായി മാറുമെന്നും, ബാലപരിചരണം മാതാപിതാക്കൾ ചെയ്യുന്ന കുടിൽ വ്യവസായമോ കൈവേലയോ പോലെയാകുമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മലയാളി സമൂഹത്തിൽ പ്രായമെന്നത് പിതൃമേധാവിത്വ അധികാരത്തിന്റെ മുഖ്യ അച്ചുതണ്ടുകളുലൊന്നായി മാറിയതോടെ ചെറുപ്പക്കാരുടെ സമരങ്ങൾ പിതൃമേധാവിത്വ അധികാരത്തിനെതിരെയുള്ള സമരത്തിൽ പുതിയ ഒരു മുന്നണി തുറന്നിരിക്കുന്നുവെന്നും ഞാൻ വാദിച്ചിട്ടുണ്ട് (Devika 2018; 2020). ഈ ഉൾക്കാഴ്ച കുട്ടികളെ സംബന്ധിച്ച അന്വേഷണങ്ങളിലും പ്രസക്തമായിരിക്കുന്നു. എന്നാൽ പിതൃമേധാവിത്വത്തെപ്പറ്റിയുള്ള പഠനങ്ങളിൽ സ്ത്രീകൾ എന്ന കേന്ദ്ര സംവർഗത്തോടൊപ്പം കുട്ടികളെയും ഉൾപ്പെടുത്തണമെന്ന ലളിതമായ നിർദ്ദേശമല്ല ഇത്. മറിച്ച്, ‘‘കുട്ടികളും സ്ത്രീകളും തമ്മിലുള്ള ബന്ധങ്ങളെ രുപീകരിക്കുന്ന, പരിമിതപ്പെടുത്തുന്ന, ഘടനാപരമായി വിന്യസിക്കപ്പെട്ട സാമൂഹ്യ- രാഷ്ട്രീയ നിലകളെ''യാണ് നാം പഠിക്കേണ്ടത് ( Burman 2018 :12).

ബാലാവകാശങ്ങളുടെ ലംഘനങ്ങളിൽ പലപ്പോഴും അമ്മയുടെ പിടിപ്പുകേടിനെ പെരുപ്പിക്കുന്നതും ബാലാവകാശനിയമങ്ങൾ ഉപയോഗിച്ച് അമ്മമാരെ കുറ്റവാളികളാക്കുന്ന പ്രവണതയും ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു.

ബാലപരിചരണം അതിതീവ്രമായ ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീകളുടെ താത്പര്യങ്ങളെ കുട്ടികളുടെ താത്പര്യത്തിനെതിരെ തിരിക്കുന്ന വ്യവഹാരങ്ങളെ വിമർശിക്കുന്ന പഠനങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ധാരാളമുണ്ടാകുന്നുണ്ട്. ലോകമുതലാളിത്തം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക കാർക്കശ്യം മൂലം ജനസമൂഹങ്ങളുടെ ആവശ്യങ്ങളുടെ നിർവഹണം കൂടുതൽക്കൂടുതൽ കുടുംബങ്ങളുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. നിർബന്ധിത സ്‌ക്കൂൾ വിദ്യാഭ്യാസം പോലെ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന നിർദ്ദേശങ്ങൾ പോലും പലപ്പോഴും ഈ വൈരുദ്ധ്യത്തെ വളർത്തുംവിധമാണ്. പലപ്പോഴും സാമൂഹ്യപുനരുത്പാദനം സ്ത്രീകളും കുട്ടികളും ഒരുമിച്ചാണ് നിർവഹിച്ചിരുന്നത്. എന്നാൽ മേൽപ്പറഞ്ഞ ശൈശവ വിദ്യാഭ്യാസ- നിർബന്ധിത സ്‌കൂൾ വിദ്യാഭ്യാസ നിർദ്ദേശങ്ങൾ സ്ത്രീകളുടെയും കുട്ടികളെയും താത്പര്യങ്ങളെ സാമൂഹ്യപുനരുത്പാദനത്തിൽ പരസ്പരവിരുദ്ധങ്ങളാക്കിത്തീർത്തിരിക്കുന്നു (Rosen and Twamley 2018: 12-3).

കേരളത്തിലിന്ന് ഈ പ്രശ്‌നം കാര്യമായി ഉയർന്നുവരുന്നുണ്ടെന്ന കാര്യം ഈ അന്വേഷണത്തിന്റെ പ്രസക്തിയെ വർദ്ധിപ്പിക്കുന്നു. ബാലാവകാശങ്ങളുടെ ലംഘനങ്ങളിൽ പലപ്പോഴും അമ്മയുടെ പിടിപ്പുകേടിനെ പെരുപ്പിക്കുന്നതും ബാലാവകാശനിയമങ്ങൾ ഉപയോഗിച്ച് അമ്മമാരെ കുറ്റവാളികളാക്കുന്ന പ്രവണതയും ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ചരിത്രങ്ങളുടെ കെട്ടുപിണയലുകൾ തിരക്കേണ്ടത് ഈയവസരത്തിൽ അനിവാര്യമായിരിക്കുന്നു.

ബാല്യകാലത്തിനു ചുറ്റും ഇന്ന് ചുരുളഴിയുന്ന രാഷ്ട്രീയത്തിൽ അറിഞ്ഞോ അറിയാതെയോ ഗൃഹാതുരത്വത്തിലേക്ക്​ കൂപ്പുകുത്തുന്ന രീതിയ്ക്കുള്ള മറുമരുന്നെന്ന നിലയ്ക്കും ചരിത്രഗവേഷണം പ്രധാനമാണ്.  / ഫോട്ടോ: മുഹമ്മദ് ഫാസിൽ
ബാല്യകാലത്തിനു ചുറ്റും ഇന്ന് ചുരുളഴിയുന്ന രാഷ്ട്രീയത്തിൽ അറിഞ്ഞോ അറിയാതെയോ ഗൃഹാതുരത്വത്തിലേക്ക്​ കൂപ്പുകുത്തുന്ന രീതിയ്ക്കുള്ള മറുമരുന്നെന്ന നിലയ്ക്കും ചരിത്രഗവേഷണം പ്രധാനമാണ്. / ഫോട്ടോ: മുഹമ്മദ് ഫാസിൽ

ബാല്യകാലത്തിന്റെ ചിഹ്നരാഷ്ട്രീയത്തിന് ലിംഗഭേദരാഷ്ട്രീയത്തോട് അഭേദ്യബന്ധമുണ്ടെന്ന് പണ്ടേ തിരിച്ചറിയപ്പെട്ടിട്ടുണ്ട് (Enloe 1993). ‘‘കുട്ടികളെ നാം നമ്മുടെ കുറേക്കൂടി മെച്ചപ്പെട്ട സ്വത്വങ്ങളെ സൗകര്യപൂർവം സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളായി കാണുന്നു, അവരെ ഉപയോഗിച്ച് നാം വാദങ്ങൾ ഉന്നയിക്കുന്നു, നിയമങ്ങൾ ഉണ്ടാക്കുന്നു, തെരെഞ്ഞെടുപ്പുകൾ വിജയിക്കുന്നു'' (Fass and Mason 2000: 1) - ഇതും മുൻപേ തിരിച്ചറിയപ്പെട്ടതു തന്നെ. ആദ്യകാല ഫെമിനിസങ്ങൾ പലപ്പോഴും പിതൃമേധാവിത്വം സ്ത്രീകളെ ശിശുവത്ക്കരിക്കുകയും കുട്ടികളെ അടിച്ചമർത്തുകയും ചെയ്യുന്നതു തമ്മിലുള്ള പരസ്പരബന്ധത്തെ എടുത്തുകാണിക്കാൻ ശ്രമിച്ചിരുന്നു (ഉദാഹരണത്തിന്, ഷുളാമിറ്റ് ഫയർ‌സ്റ്റോൺ -Zehavi 2018). ബാല്യകാലത്തിന്റെ ചിഹ്നരാഷ്ട്രീയത്തെ കുറിച്ചുള്ള അന്വേഷണം ലിംഗഭേദ വ്യവസ്ഥയുടെ പരിണാമത്തെപ്പറ്റിത്തന്നെ പല ഉൾക്കാഴ്ചകളും സമ്മാനിച്ചേക്കാം.

രണ്ടാമതായി, ബാല്യകാലത്തിനു ചുറ്റും ഇന്ന് ചുരുളഴിയുന്ന രാഷ്ട്രീയത്തിൽ അറിഞ്ഞോ അറിയാതെയോ ഗൃഹാതുരത്വത്തിലേക്ക്​ കൂപ്പുകുത്തുന്ന രീതിയ്ക്കുള്ള മറുമരുന്നെന്ന നിലയ്ക്കും ചരിത്രഗവേഷണം പ്രധാനമാണ്. ബാല്യത്തെ നിർമിച്ചെടുക്കുന്ന അധികാര വ്യവസ്ഥകളിൽ നിന്ന് മതിയായ ബൗദ്ധിക അകലം നേടുന്നതിന്റെ വഴിയിലെ വലിയ തടസമത്രെ ഈ ഗൃഹാതുരത്വം. പലപ്പോഴും ഇത് യൂറോകേന്ദ്രിതമോ വരേണ്യമോ, കാലബന്ധിതമോ ആയ ബാല്യകാലസങ്കല്പങ്ങളോടുള്ള ആകർഷണം മാത്രമാണ്. നല്ല ഉദാഹരണം, ഡേവിഡ് എൽകിൻഡ് (David Elkind) രചിച്ച ‘തിരക്കുപിടിച്ച ബാല്യ'ത്തെപ്പറ്റിയുള്ള പുസ്തകമാണ് (1981). ഈ വാദത്തിന്റെ ഇന്ത്യൻ വകഭേദങ്ങൾ വിരളമല്ല (ഉദാഹരണത്തിന്, Kumar 2006).

കേരളത്തിൽ ബാല്യ നിർണയവ്യവസ്ഥകളെ തിരിച്ചറിയാനുള്ള പ്രാഥമികമായ ഒരു ശ്രമം മാത്രമാണിത്. അതുപോലെ, ചില സാമൂഹ്യ പ്രക്രിയകൾ ബാല്യകാലത്തെ ബോധപൂർവം നിർമിക്കാൻ ഉന്നംവച്ചു എന്നല്ല അവകാശപ്പെടുന്നത്. മറിച്ച്, വിശാല സാമൂഹ്യപ്രക്രിയകളുടെ പരസ്പരമുള്ള ഇടപെടലിലൂടെ ബാല്യകാലാനുഭവങ്ങളെ നിർണയിച്ച സാമൂഹ്യപ്രയോഗങ്ങളെയും ആശയങ്ങളെയും സ്ഥാപനങ്ങളെയും അവയുടെ കെട്ടുപിണയലിനെയും (Alanen 1988: 64) അല്പം കൂടി അടുത്ത് അറിയുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

ഈ പ്രബന്ധത്തിന് രണ്ടു മുഖ്യഭാഗങ്ങളാണുള്ളത്. ഇനിയുള്ള ഭാഗത്തിൽ 19-20 നൂറ്റാണ്ടുകളിൽ മലയാളി സമൂഹത്തിൽ ഉണ്ടായിവന്ന സാമുദായിക- സാമൂഹ്യ നവീകരണപ്രസ്ഥാനങ്ങളിലൂടെയും ദേശീയവാദത്തിലൂടെയും മറ്റും പ്രചരിച്ച മുഖ്യ ബാല്യ നിർണയ വ്യവസ്ഥയെയാണ് ചർച്ച ചെയ്യുന്നത് - ‘ഉത്തരവാദിത്വ രക്ഷാകർതൃധർമ്മം' (responsible parenting). ഈ വ്യവസ്ഥയോടുള്ള വിമർശനം ‘കാല്പനിക ബാല്യം' (Romatic childhood) എന്ന ഭാവനയിൽ ഇതേ കാലത്ത് ഉയർന്നെങ്കിലും അത് മറ്റൊരു നിർണയ വ്യവസ്ഥയായി മാറിയില്ല. ഇവ രണ്ടും ആധുനിക സ്വത്വത്തെയും സ്വത്വസാദ്ധ്യതകളെയും കുറിച്ചുള്ള വ്യത്യസ്ത സങ്കല്പനങ്ങളെ ആശ്രയിച്ചു - ഇവ പലപ്പോഴും പരസ്പരം പൂർണമായി വിയോജിച്ചിരുന്നു. ഉദാഹരണത്തിന്, ഉത്തരവാദപ്പെട്ട ശിശുപരിപാലനം ലിംഗഭേദത്തെപ്പറ്റിയുള്ള ജീവശാസ്ത്ര- ആധാരവാദത്തിന്മേലാണ് പടുത്തുയർത്തപ്പെട്ടത് (biological foundationalism). എന്നാൽ കാല്പനിക ബാല്യത്തിന്റെ ചട്ടക്കൂടിൽ അതങ്ങനെയായിരുന്നില്ല. സ്വാഭാവികമായും കുട്ടിയെപ്പറ്റി, പ്രത്യേകിച്ചും പെൺകുട്ടിയെപ്പറ്റി, അവ വച്ചുപുലർത്തിയ സങ്കല്പങ്ങൾ ഏറെ വ്യത്യസ്തങ്ങളായിരുന്നു.

പ്രബന്ധത്തിന്റെ രണ്ടാംഭാഗം 20-ാ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും അതിനു ശേഷവും ഇവിടെ ഉരുത്തിരിഞ്ഞു വന്ന പ്രബല ബാല്യ നിർണയ വ്യവസ്ഥകളെക്കുറിച്ചാണ്. മലയാള സമൂഹത്തെ സമൂലം മാറ്റി നിരവധി സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ- സാംസ്‌കാരിക പ്രക്രിയകൾക്ക് സാക്ഷ്യം വഹിച്ച കാലമാണിത്. ബാലപരിചരണത്തിലും പൊതുവിൽ ഗാർഹിക അദ്ധ്വാനത്തിലും ഉണ്ടായ കാര്യമായ മാറ്റങ്ങൾ, പ്രവാസത്തോടുള്ള ആശ്രിതത്വം, സാമൂഹ്യ അസമത്വങ്ങളുടെ വർദ്ധന, നവലിബറൽ സ്വത്വത്തിന് ലഭിച്ചു തുടങ്ങിയ പൊതുസ്വീകാര്യത, ആഗോള ബാലാവകാശ വ്യവഹാരത്തിന്റെ വരവ്, പെൺകുട്ടികളുടെ ലൈംഗികതയെപ്പറ്റിയുള്ള സദാചാരഭീതികൾ, പെൺകുട്ടികളെ കർതൃത്വവിഹീനരായ ഇരകളായി ചിത്രീകരിക്കാനുള്ള പ്രവണത - ഈ മാറ്റങ്ങളെല്ലാം ഒരേ കാലത്ത് ചുരുളഴിഞ്ഞവയാണ്. ഇന്ന് ബാല്യത്തെക്കുറിച്ചുള്ള മലയാളികളുടെ ധാരണകളിൽ ജാതി- വർഗ വേർതിരിവുണ്ട് - പരസ്പരം തൊട്ടുകിടക്കുന്നവയെങ്കിലും കൃത്യമായും വേർതിരിച്ചു കാണാവുന്ന രണ്ടു സുവ്യക്ത ബാല്യ നിർണയ വ്യവസ്ഥകളുണ്ട് - മേൽനോക്കി ബാല്യമെന്നും ഭരണീയ ബാല്യമെന്നും വിശേഷിപ്പിക്കാവുന്നവ.

ഒന്ന്

19-ാം നൂറ്റാണ്ടിലെ സംസ്‌കാര പ്രചാരണ വ്യവഹാരം, വിശേഷിച്ചും മിഷണറിമാരുടെ പ്രചാരണം കുടുംബജീവിതം, വിവാഹം എന്നിവയെ പൊതുവെ പരിഷ്‌ക്കരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന ബാലപരിചരണം കഠിനമായി വിമർശിക്കപ്പെട്ടു. ശരിയായ ബാലപരിചരണം ഉന്നതസംസ്‌കാരത്തിന്റെ ലക്ഷണം മാത്രമല്ല, അവിടേയ്ക്കുള്ള പാത കൂടിയായി കണക്കാക്കപ്പെട്ടു. ശരിയായ ബാലപരിചരണത്തിന്റെ ഒന്നാമത്തെ ആവശ്യം അച്ഛനമ്മമാർ പൂർണമായും കുട്ടികളോടും കുടുംബജീവിതത്തോടും പ്രതിബദ്ധത കാട്ടണമെന്നതായിരുന്നു. മറിച്ച് ഈവിധത്തിലുള്ള പ്രതിബദ്ധത സ്വീകരിക്കുന്ന മാതാപിതാക്കൾക്ക് കുട്ടികളുടെമേൽ പരിപൂർണവും ചോദ്യം ചെയ്യാനാവാത്തതുമായ അവകാശവും അധികാരവും ഉണ്ടാകണമെന്നും വാദിക്കപ്പെട്ടു. അതായത്, കുട്ടികളുടെ വികാസത്തിന്റെ പൂർണ ഉത്തരവാദികൾ അവർക്ക്​ ജന്മം നൽകിയ മാതാപിതാക്കളാണെന്നുവന്നു. ഈ ആശയങ്ങളധികവും യൂറോപ്പിൽ നിന്ന്, സൂക്ഷ്മമായിപ്പറഞ്ഞാൽ, ബ്രിട്ടിഷ് ഉദാരവാദത്തിൽ നിന്ന്, അധിനിവേശത്തിന്റെ ചില്ലുകളിലൂടെ, ആണ് ഇവിടെ എത്തിയത്. ഇതേ കാലത്ത് അവിടങ്ങളിൽ കുട്ടിയെ മാതാപിതാക്കളുടെ കഴിവോ കഴിവുകേടോ മൂലം നന്നാകാനോ നശിക്കാനോ സാദ്ധ്യതയുള്ള, എളുപ്പം പൊട്ടിപ്പോകാനിടയുള്ള ഒരു പളുങ്കുപാത്രം പോലെ ചിത്രീകരിക്കുന്ന രീതിയും, ബാലപരിചരണത്തിൽ ഭരണകൂടം കാര്യമായ താത്പര്യമെടുക്കണമെന്നും, അതിനാവശ്യമായ പരിഷ്‌ക്കാരങ്ങൾ കുടുംബത്തിനുള്ളിൽ വരുത്തണമെന്നുമുള്ള വാദവും വരേണ്യരുടെയിടയിൽ സുസ്ഥാപിതമായി തീർന്നിരുന്നെന്ന് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നു (Heywood 2001; Stearns 2006). ഈ ആശയങ്ങളിലൂടെയാണ് ഉത്തരവാദപ്പെട്ട രക്ഷാകർതൃധർമ്മം എന്ന ബാല്യ നിർണയവ്യവസ്ഥ അവതരിപ്പിക്കപ്പെട്ടത്.

ഉത്തരവാദപ്പെട്ട രക്ഷാകർതൃധർമ്മം 20-ാം നൂറ്റാണ്ടിലെ മലയാളി സമൂഹത്തിലെ ബാലപരിചരണ സംബന്ധമായ പൊതുചർച്ചകളെ ആഴത്തിൽ സ്വാധീനിച്ചുവെന്നു തന്നെ പറയാം.

ഈ ആശയങ്ങൾക്ക് എളുപ്പം വേരോട്ടം സിദ്ധിക്കാവുന്ന മണ്ണായിരുന്നില്ല അക്കാലത്തെ മലയാളിസമൂഹം (മറ്റു പല പാശ്ചാത്യേതര സമൂഹങ്ങളും അപ്രകാരമായിരുന്നു - കാണുക, Brockliss 2016). മരണനിരക്ക് ഉയർന്ന ഈ കാർഷികസമൂഹത്തിൽ കുട്ടികളുടെ കൂടിയ എണ്ണം പ്രശ്‌നമായിരുന്നില്ല - തൊഴിൽ ശക്തിയായും കുടുംബതുടർച്ചയായും കുട്ടികൾ ആവശ്യം തന്നെയായിരുന്നു. ഉത്തരവാദപ്പെട്ട മാതാക്കൾ പ്രകൃതിനിർണിതമായി കുട്ടികളുടെ മേൽ മുതൽമുടക്കുകയും രൂപശൂന്യങ്ങളായ ജീവന് ശരിയായ ബാലപരിചരണത്തിലൂടെ വ്യക്തവും ശരിയുമായ രൂപം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. ഇന്ന് നമുക്ക് പരിചിതമായിത്തീർന്നിരിക്കുന്ന ത്രികോണ വിന്യാസരൂപം (triangular configuration) - അതായത്, സമൂഹബാഹ്യമെന്ന കരുതപ്പെട്ട ബാല്യം, ബാല്യകാലത്തിന്റെ ഉത്തമപശ്ചാത്തലമായ എണ്ണപ്പെട്ട കുടുംബം, ബാലവികാസത്തിന്റെ കേന്ദ്രപ്രക്രിയായ സാമൂഹ്യവത്കരണം എന്നിവ മൂന്നു കോണുകളായി വർത്തിക്കുന്ന ആ രൂപരേഖ (Alanen 1988) - മലയാളിസമൂഹത്തിൽ 20-ാം നൂറ്റാണ്ടിൽ അധികമധികം സ്വീകാര്യമായി. കുടുംബതുടർച്ച, കുടുംബ അദ്ധ്വാനം എന്നിവയ്ക്കുപരിയായി, കുട്ടികൾ വിവാഹബന്ധത്തിന്റെ ദൃഢതയെ ഉറപ്പുവരുത്തുന്ന കണ്ണികൾ കൂടിയായി മാറിത്തുടങ്ങി. (ഇത്തരം ആലോചനകൾക്ക് നല്ലൊരുദാഹരണം സി.എം.എസ് മിഷണറി ജോർജ് മാത്തൻ 1865ൽ രചിച്ച ദീർഘമായ പ്രബന്ധമാണ്. ഈ ലേഖനത്തിന്റെ രചയിതാവായി അദ്ദേഹത്തിന്റെ പേര് സൂചിക്കപ്പെട്ടിട്ടില്ല, പക്ഷേ അദ്ദേഹത്തെപ്പറ്റിയുള്ള പിൽക്കാലഗവേഷണം ഇതു സ്ഥിരീകരിക്കുന്നു -കാണുക Chandanappally 1993, 574), മാത്രമല്ല, അക്കാലത്ത് രൂപപ്പെട്ടുവന്ന ആധുനികഭരണകൂടത്തെ (പ്രത്യേകിച്ച് നാട്ടുരാജ്യങ്ങളിൽ) ഒറ്റപ്പെട്ട കുടുംബങ്ങളുമായി ബന്ധപ്പെടുത്തുന്ന കണ്ണിയായും കുട്ടികൾ അധികാരത്തിന്റെ ശ്രദ്ധയിൽ ഉൾപ്പെട്ടു.

ജോർജ് മാത്തൻ
ജോർജ് മാത്തൻ

തിരുവികാംകൂർ ദിവാനായിരുന്ന ടി. മാധവറാവു 1889ൽ പ്രസിദ്ധീകരിച്ച ബാലപരിചരണപുസ്തകം - ആരോഗ്യവും, സ്വഭാവശുദ്ധിയുമുള്ള നന്നായി വളർത്തിയെടുത്ത കുട്ടികൾ കുടുംബത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ആവശ്യമാണെന്ന് പ്രഖ്യാപിച്ചു. കുടുബം ആധുനികരാജ്യത്തിനാവശ്യമായ ഉത്തമപ്രജകളെ വാർത്തെടുക്കാനുള്ള പ്രാഥമിക കളരികളാണെന്നും അവിടെയാണ് കുട്ടികൾ ആദ്യമായി നേരിട്ടു ഹിംസാത്മകമല്ലാത്ത രാഷ്ട്രീയ അധികാരത്തെ ആദ്യം പരിചയപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സ്‌നേഹവാനായ പിതാവ് മക്കളെ ഏതുവിധമാണോ പോറ്റിവളർത്തുന്നത്, അതേവിധത്തിലാണ് നീതിബോധമുള്ള സർക്കാർ പ്രജാക്ഷേമം ഉറപ്പാക്കുന്നതെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്താൻ മാധവറാവു പിതാക്കന്മാരോട് ആവശ്യപ്പെടുന്നു (Row 1889: 60). കായികശിക്ഷകൾ വീടുകളിലും വിദ്യാലയങ്ങളിലും പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. കുട്ടികളെ കായികമായി ശിക്ഷിക്കുന്ന രീതി പരമാവധി കുറയ്ക്കണമെന്നും, ഹിംസാത്മകമല്ലാത്ത അധികാരത്തിന് വിധേയരാകാൻ അവരെ സാവധാനം പരിശീലിപ്പിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ ഇവിടുത്തെ സ്‌കൂൾ വിദ്യാഭ്യാസാധികാരികൾ പലപ്പോഴും പുറപ്പെടുവിച്ചു (ഉദാഹരണത്തിന്, കാണുക, Sealy 1890). ഈ ആശയങ്ങൾ പലതരം വ്യവഹാരങ്ങളിലൂടെ ഈ ദശകങ്ങളിലും തുടർന്നുള്ള 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും മലയാളിസമൂഹത്തിൽ അതിവേഗം പടർന്നു - മിഷണറിമാർ, ആധുനിക വിദ്യാഭ്യാസ അധികാരികൾ, ആധുനികവിദ്യാഭ്യാസം നേടിയ നവവരേണ്യർ, ബ്രിട്ടിഷ് ഉദ്യോഗസ്ഥർ, സാമൂഹ്യ-സാമുദായിക പരിഷ്‌ക്കർത്താക്കൾ, പത്ര-മാസികകൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ, ആധുനിക സാഹിത്യം മുതലായവയിലൂടെ (Devika 2007).

മാത്രമല്ല, ഉത്തമ ലിംഗവത്കൃത സ്വത്വങ്ങളെ വളർത്തിയെടുക്കാനുള്ള വിത്തുകളായും കുട്ടികൾ കണക്കാക്കപ്പെട്ടു. അതായത്, കായികവും ജീവശാസ്ത്രപരമായ വേരുകളുണ്ടെങ്കിലും, ലിംഗസ്വഭാവങ്ങളെ സാമൂഹ്യനേട്ടങ്ങളായിത്തന്നെയാണ് ഈ വ്യവഹാരം വീക്ഷിക്കുന്നത്. നന്നായി വളർത്തപ്പെട്ട കുട്ടി തന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന (ജീവശാസ്ത്ര നിർണിതമെന്ന് കരുതപ്പെട്ട) ആൺ അല്ലെങ്കിൽ പെൺ- സ്വഭാവങ്ങൾ പ്രകടിപ്പിക്കും. ആൺ-പെൺ എന്ന വിധം ലിംഗവത്കൃത ഇടങ്ങളിൽ കൃത്യമായി ഉൾച്ചേരാൻ കഴിയാത്തവർ മുതിരൽപ്രക്രിയകളിൽ പരാജയപ്പെട്ടവരായി എണ്ണപ്പെടുന്നു.

ടി. മാധവ റാവു
ടി. മാധവ റാവു

ഉത്തരവാദപ്പെട്ട രക്ഷാകർതൃധർമ്മം 20-ാം നൂറ്റാണ്ടിലെ മലയാളി സമൂഹത്തിലെ ബാലപരിചരണ സംബന്ധമായ പൊതുചർച്ചകളെ ആഴത്തിൽ സ്വാധീനിച്ചുവെന്നു തന്നെ പറയാം. കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനെപ്പറ്റി 1950കളിലും അതിനു ശേഷവും ഇവിടെ നടന്ന ചർച്ചകളിൽ - സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണം മുഖ്യ ചർച്ചവിഷയമായ വേളയിൽ - ബാലപരിചരണത്തെപ്പറ്റിയുള്ള ഈ ധാരണകൾ അടിത്തറയായിത്തന്നെ പ്രവർത്തിച്ചു. കുട്ടികൾ കുറവു മതി എന്നു കരുതിയവരും, കുട്ടികൾ അധികമുള്ളതിനെ അനുകൂലിച്ചവരും ഒരുപോലെ ഈ അടിത്തറയെ ആശ്രയിച്ചു. 19-ാം നൂറ്റാണ്ടിലെ മരുമക്കത്തായ വിമർശനം എല്ലായ്‌പ്പോഴും വലിയ കുടുംബങ്ങൾക്കെതിരായിരുന്നില്ല. പിതൃകേന്ദ്രിത കുടുംബവ്യവസ്ഥ കുട്ടികളെ ശരിയായി വളർത്താൻ ഉത്തമസ്ഥാപനമാണെന്ന വാദമാണ് റവ. ജോർജ്ജു മാത്തനെപ്പോലുള്ളവർ ഉന്നയിച്ചത്. ലൈംഗിക അച്ചടക്കം പാലിച്ച്​ സഹജീവിതം നയിക്കുന്ന ദമ്പതികളുടെ മക്കൾ ആരോഗ്യമുള്ളവരും മനഃശക്തിയുള്ളവരുമായിരിക്കുമെന്നും, എന്നാൽ കുത്തഴിഞ്ഞ ജീവിതം പിൻതുടരുന്നവർക്ക് രോഗികളും ദുർബലമനസ്‌കരുമായ സന്തതികളുണ്ടാകാനാണിട എന്നും ജോർജ് മാത്തൻ കരുതി (Mathen 1865: 351). ഏകദേശം നൂറു വർഷത്തിനു ശേഷം കുടുംബജീവിതത്തോട്​പ്രതിബദ്ധയുണ്ടാകണമെങ്കിൽ കുട്ടികളുടെ എണ്ണം പരിമിതമായിരിക്കണം, മാതാപിതാക്കൾക്ക് വേണ്ടാതെ പിറക്കുന്ന മകൻ നാടിനും വീടിനും ഒരുപോലെ ഉപദ്രവം ചെയ്യും, മാതാപിതാക്കൾ ആത്മാർത്ഥമായി ആഗ്രഹിക്കാത്ത കുട്ടി വഴിപിഴച്ചു പോകും - 1970ൽ ഗർഭമഴിക്കലിനെ (abortion) അനുകൂലിച്ചുകൊണ്ട് അഭിഭാഷകനായ കെ. ഐ. നൈനാൻ വാദിച്ചു (കെ. ഐ. നൈനാൻ, ഗർഭഛിദ്രം സാധൂകരിക്കാമോ, മലയാള മനോരമ , 5 ജൂലൈ 1970, സൺഡേ സപ്‌ളിമെൻറ്​, പുറം 1.). തങ്ങളുടെ പൂർണസാദ്ധ്യതകളിലേക്കു നന്നായി വളർന്നു വലുതാകുന്ന (കൂടിയതോ കുറഞ്ഞതോ എണ്ണത്തിലുള്ള) കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ടു തന്നെയാണ് ഒരു നൂറ്റാണ്ടിനപ്പുറവും ഇപ്പുറവുമായി മാത്തനും നൈനാനും തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നത്. പരസ്പരം വിശ്വസ്തരായ ഭാര്യാഭർത്തന്മാർക്ക് സൽസന്തതികൾ ഉറപ്പാണെന്ന്​ മാത്തൻ പറയുന്നു. വേണ്ടാത്ത കുട്ടികൾ വൈവാഹിക ജീവിതത്തിൽ കല്ലുകടിയുണ്ടാക്കുന്നു. ശല്യമായ കുട്ടിയുടെ വളർച്ച അപൂർണമാകാതെ തരമില്ല, നൈനാൻ പറയുന്നു.

ഉത്തരവാദപ്പെട്ട മാതൃത്വത്തിന്റെ ഉത്തരവാദിത്വം കുഞ്ഞിനോടു മാത്രമല്ല, ആധുനിക ദേശരാഷ്ട്രത്തോടും ഭരണകൂടത്തോടും കൂടിയായിരുന്നുവെന്ന് ചർച്ചകളിൽ നിന്ന് വ്യക്തമാണ്. നൂറു വർഷത്തിനിട കൊണ്ട് ഈ ബാല്യനിർണയ വ്യവസ്ഥയ്ക്ക് കാര്യമായ വേരുകൾ കേരളത്തിലുണ്ടായിക്കഴിഞ്ഞിരുന്നു.

ഇതേ സമയത്ത് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ചുണ്ടായ ചർച്ചകളിലും കാണാം. വിവാഹപ്രായമുയർത്തിയാൽ പെൺകുട്ടികൾ വഴിപിഴയ്ക്കുമെന്നും പുരുഷന്മാർക്കു താത്പര്യമില്ലാതാവുമെന്നും ഈ ചർച്ചയിൽ പലരും വാദിച്ചു - പലരും അതിനെ എതിർത്തു. മലയാള മനോരമ 1970ൽ ഇതേപ്പറ്റി പ്രസിദ്ധീകരിച്ച ചർച്ചയിലും വിവാഹിതയാകുന്ന സ്ത്രീയ്ക്ക് ഉത്തരവാദപ്പെട്ട മാതൃത്വം ഏൽക്കാൻ കഴിയുമോ ഇല്ലയോ എന്ന പ്രശ്‌നമാണ് വിവാഹപ്രായ പ്രശ്‌നത്തിന്റെ മറവിൽ ചർച്ച ചെയ്യപ്പെട്ടത്. ചർച്ചയിൽ വിരുദ്ധ അഭിപ്രായങ്ങൾ സ്വീകരിച്ചവരും മദ്ധ്യമാർഗങ്ങൾ ഉപദേശിച്ചവരുമെല്ലാം തങ്ങളുടെ നിർദ്ദേശങ്ങൾ സ്ത്രീയെ ഉത്തരവാദപ്പെട്ട മാതാവാക്കിത്തീർക്കും എന്ന ഉറപ്പു നൽകുന്നുണ്ട് (മലയാള മനോരമ, 21 ആഗസ്റ്റ്, 1970, പുറം 6).

ഉത്തരവാദപ്പെട്ട മാതൃത്വത്തിന്റെ ഉത്തരവാദിത്വം കുഞ്ഞിനോടു മാത്രമല്ല, ആധുനിക ദേശരാഷ്ട്രത്തോടും ഭരണകൂടത്തോടും കൂടിയായിരുന്നുവെന്ന് ഈ ചർച്ചകളിൽ നിന്ന് വ്യക്തമാണ്. നൂറു വർഷത്തിനിട കൊണ്ട് ഈ ബാല്യനിർണയ വ്യവസ്ഥയ്ക്ക് കാര്യമായ വേരുകൾ കേരളത്തിലുണ്ടായിക്കഴിഞ്ഞിരുന്നു.
കുട്ടികളുടെ സഹജമെന്ന് കരുതപ്പെട്ട ലിംഗവാസനകളെ പൂർണമായും വികസിപ്പിക്കണമെങ്കിൽ ശരിയായ ലിംഗമുറകൾ പിൻതുടരുന്ന കുടുംബം ആവശ്യമാണെന്ന ധാരണയും ഇതിനു പിന്നാലെ തന്നെയുണ്ടായിരുന്നു. കുട്ടിയുടെ ദേഹപുഷ്ടി മാത്രമല്ല, മനഃസംസ്‌കരണവും മാതാപിതാക്കളുടെ, പ്രത്യേകിച്ച് മാതാക്കളുടെ, ചുമതലയായി കണക്കാക്കുന്നതിനു പുറമെ ആ അദ്ധ്വാനം ആധുനികപൂർവ കുടുംബങ്ങളുടെ രീതികളിൽ നിന്ന് നൂറുശതമാനം വ്യത്യസ്തവുമാണെന്ന്​ സ്ഥാപിക്കാൻ പുതിയ കുടുംബത്തിന്റെയും ബാലപരിചരണ രീതികളുടെയും വക്താക്കൾ കിണഞ്ഞു ശ്രമിച്ചു. 19-ാം നൂറ്റാണ്ടിലുണ്ടായ ആദ്യ മലയാള നോവലുകളിൽ പലതിലും ഇത് പ്രധാനപ്പെട്ട ഒരു പ്രമേയം തന്നെയായിരുന്നു. ഉദാഹരണത്തിന് 1892ൽ പ്രസിദ്ധീകരിക്കപ്പെട്ട കോമാട്ടിൽ പാടു മേനോന്റെ മീനാക്ഷിയിൽ പഴയമട്ടിലുള്ള ബാലപരിചരണം വെറും അനാവശ്യവും അസംബന്ധവും കുട്ടികളെ ഭയചകിതരാക്കുന്ന വിഡ്ഢികഥകൾ പറഞ്ഞുകൊടുക്കലും മറ്റുമാണെന്നും സാമൂഹ്യപരിഷ്‌ക്കരണ കുതുകിയായ പുരുഷകഥാപാത്രം പ്രഖ്യാപിക്കുന്നു.

1932ലും ഇതേ ശകാരം മലയാള പത്ര- മാസികാലോകത്തിൽ കുറേക്കൂടി ശക്തിയോടെ അലയടിച്ചു. ഉമ്മ വെച്ചും കെട്ടിപ്പിടിച്ചും മറ്റും പ്രകടമായ പഴയകാല മാതൃസ്‌നേഹം ഏതാണ്ട്​ മൃഗതുല്യമാണെന്നും പുതിയ മാതാവിന്റെ സ്‌നേഹം ശുചിത്വം, പോഷകാഹാരം മുതലായവയിലാണ് പ്രകടമാകുന്നതെന്നും മഹിളയുടെ ലേഖിക അവകാശപ്പെട്ടു. ദണ്ഡന സ്വഭാവമുള്ള ശിക്ഷ പോലെ തന്നെ വർജ്ജ്യമാണ് (സ്വതവേ അമിതമായ) വാത്സല്യവും. മീനാക്ഷിയിലെ അതേ പേരുകാരിയായ നായിക നന്നായി വളർത്തപ്പെട്ട പന്ത്രണ്ടുകാരിയാണ്. അവളുടെ രക്ഷകർത്താക്കളുടെ സൂക്ഷ്മമായ മേൽനോട്ടത്തിൽ സ്ത്രീത്വത്തിന്റെ തികവിലേക്കുള്ള യാത്രയിലാണവൾ.

 മാതാവിനെ മുഖ്യ ഉത്തരവാദിയായി ചിത്രീകരിക്കുന്ന പിതൃമേധാവിത്വം ഇപ്പോഴും തഴച്ചുവളരുന്ന ഒരു പ്രദേശത്ത്, ബാലാവകാശങ്ങളെ ഭരണകൂടം പലപ്പോഴും സ്ത്രീകളുടെ താത്പര്യങ്ങൾക്ക് എതിരെ നിർത്തുന്നു.
മാതാവിനെ മുഖ്യ ഉത്തരവാദിയായി ചിത്രീകരിക്കുന്ന പിതൃമേധാവിത്വം ഇപ്പോഴും തഴച്ചുവളരുന്ന ഒരു പ്രദേശത്ത്, ബാലാവകാശങ്ങളെ ഭരണകൂടം പലപ്പോഴും സ്ത്രീകളുടെ താത്പര്യങ്ങൾക്ക് എതിരെ നിർത്തുന്നു.

അവളുടെ വിദ്യാഭ്യാസത്തിന്റെ ചുമതല പ്രായവും പക്വതയുമുള്ള പുരുഷന്മാരുടെ ഉത്തരവാദിത്വത്തിലാണ്. അവൾ ഇംഗ്‌ളിഷ് ഭാഷയും ചിത്രത്തുന്നലും അഭ്യസിക്കുന്നുണ്ട്. പെൺകുട്ടികളെ ചെറുപ്പത്തിൽ തന്നെ ഉചിതമായ അടക്കവും ഒതുക്കവും പഠിപ്പിക്കണമെന്നും അപരിചിതരുടെ കഴുത്തിൽ തൂങ്ങാൻ അവരെ വിടരുതെന്നും, വീട്ടിലെ ആണുങ്ങൾ നല്ല ശ്രദ്ധയുള്ളവരായിരിക്കണമെന്നും മറ്റും മീനാക്ഷിയുടെ മാതാവ് അവരുടെ സഹോദരിമാരെ ഉപദേശിക്കുന്നു (പുറം 67). നാലു വർഷത്തിനു ശേഷം മീനാക്ഷി തനിക്ക് എല്ലാവിധത്തിലും അനുയോജ്യനായ ഒരു പുരുഷനെ ഭർത്താവായി സ്വീകരിക്കുന്നു. അങ്ങനെ അവളുടെ തികഞ്ഞ സ്ത്രീത്വത്തിനുള്ള തെളിവ് പൊതുജനസമക്ഷം വെളിവാകുന്നു. പൊതുവേ ഇക്കാലത്തു നടന്ന വിദ്യാഭ്യാസ ചർച്ചകളിൽ, പ്രത്യേകിച്ച് സ്ത്രീവിദ്യാഭ്യാസ ചർച്ചകളിൽ, പ്രത്യേക (ആൺ അല്ലെങ്കിൽ പെൺ) ജീവശാസ്ത്രസ്വഭാവമുള്ള ശിശുശരീരങ്ങളെ ഉത്തമലിംഗസ്വഭാവമുള്ള യുവാക്കളായി വളർത്തിയെടുക്കുന്ന വെല്ലുവിളിയ്ക്ക് വലിയ പ്രാധാന്യമാണുണ്ടായിരുന്നത് (വിശദമായ ചർച്ചയ്ക്ക് Devika 2007).

ഓരോ കുട്ടിയ്ക്കും വേണ്ടി ചെലവഴിക്കേണ്ടി വന്ന വിഭവങ്ങൾ, സമയം, ഊർജം, എന്നിവയെല്ലാം ഉയർന്നു. ഇവയെല്ലമാം ചേർന്ന് 1980കളുടെ അവസാനത്തോടെ ജനസംഖ്യാപരിണാമാനന്തര പൊതുസാഹചര്യം കേരളത്തിൽ രൂപപ്പെട്ടുവെന്ന് ജനസംഖ്യാശാസ്ത്രജ്ഞർ അവകാശപ്പെട്ടു

ഉത്തരവാദപ്പെട്ട രക്ഷാകർതൃധർമ്മം ഇരുപതാം നൂറ്റാണ്ടിലെ മലയാളി സമൂഹത്തിലെ ഏറ്റവും സ്വാംശീകരിക്കപ്പെട്ട സാമാന്യബോധമായെങ്കിൽ, അതേ കാലത്തു തന്നെ അതിനോടുള്ള പ്രതിഷേധമെന്നോ വിമർശനമെന്നോ വിളിക്കാവുന്ന മറ്റൊരു ബാല്യഭാവനയും ഇവിടെ നിലവിൽ വന്നിരുന്നു. കാല്പനിക ബാല്യം എന്നു വിളിക്കാവുന്ന ഈ ബദൽ 1930കളിലും അതിനു ശേഷവും - അതായത്, സാമൂഹ്യ- സാമുദായിക പരിഷ്‌ക്കരണശ്രമങ്ങളുടെ ആന്തരിക വിമർശനങ്ങൾ കേട്ടുതുടങ്ങിയ കാലത്ത് പ്രത്യക്ഷമായിത്തുടങ്ങി. ഉദാഹരണത്തിന് ലളിതാംബികാ അന്തർജനത്തിന്റെയും ബാലാമണിയമ്മയുടെയും മാതൃത്വവിചിന്തനങ്ങളിൽ. ബാലാമണിയമ്മയുടെ ആദ്യകാല രചനകളിൽ ഇപ്പറഞ്ഞ രണ്ടു ബാല്യ നിർണയവ്യവസ്ഥകളും തമ്മിലുള്ള സംഘർഷം തെളിഞ്ഞുകാണുന്നുണ്ട്. കുട്ടിയെ ഭാവി മനുഷ്യനായി മാറാൻ പോകുന്ന അസംസ്‌കൃത വസ്തുവായി കണക്കാക്കുന്ന രീതിയും ശിശുവിനെ അനന്യവും സ്വയംപൂർണവുമായ ജീവനായി വാഴ്ത്തുന്ന രീതിയും ഈ കൃതികളിൽ പരസ്പരം സംഘർഷപ്പെട്ടു നിൽക്കുന്നു. കാല്പനിക ബാല്യത്തിന്റെ വക്താക്കൾ കുട്ടിയെ തല്ലിവളർത്തുന്ന പഴയ രീതിയെയും ഒപ്പം കുട്ടിയുടെ ഓരോ ചലനത്തെയും ഏതെങ്കിലും ഫലമുണ്ടാക്കുംവിധം നിയന്ത്രിക്കാൻ ആധുനിക ബാലപരിചരണത്തിന്റെ വക്താക്കൾ നടത്തുന്ന ശ്രമത്തെയും ഒരു പോലെ അപലപിച്ചു. 1951ൽ എഴുതിയ ഒരു ലേഖനത്തിൽ ബാലാമണിയമ്മ ഇവ രണ്ടിനെയും വിമർശിച്ച്​ സ്‌നേഹത്തിൽ വേരോടാത്ത ആരോഗ്യവും അടിമ മനോഭാവം വളർത്തുന്ന പഠിത്തവും വെളിച്ചമല്ല, പുകയാണ് സൃഷ്ടിക്കുന്നതെന്ന് ഓർമപ്പെടുത്തി (Amma 1951: 26-7).

സാമൂഹ്യപരിഷ്‌ക്കരണ വ്യവഹാരങ്ങളിൽ സ്‌ത്രൈണ ഗുണങ്ങളായി എണ്ണപ്പെടുന്നത്​ സ്‌നേഹം, ദയ, ക്ഷമാശീലം, മാർദ്ദവം മുതലായവയാണ്​. / Photo: Shutterstock
സാമൂഹ്യപരിഷ്‌ക്കരണ വ്യവഹാരങ്ങളിൽ സ്‌ത്രൈണ ഗുണങ്ങളായി എണ്ണപ്പെടുന്നത്​ സ്‌നേഹം, ദയ, ക്ഷമാശീലം, മാർദ്ദവം മുതലായവയാണ്​. / Photo: Shutterstock

ഉത്തരവാദപ്പെട്ട രക്ഷാകർതൃനിലത്തിൽ നിന്ന്​ വ്യത്യസ്തമായി കാല്പനിക ബാല്യം ജീവശാസ്ത്ര- അടിസ്ഥാനവാദത്തെ എല്ലായ്‌പ്പോഴും ആശ്രയിക്കുന്നില്ല. ഈ വ്യവഹാരത്തിൽ പലപ്പോഴും സ്ത്രീത്വം പെൺകുഞ്ഞിന് സഹജമായിത്തന്നെ ലഭിക്കുന്ന സ്‌ത്രൈണതയുടെ തികച്ചും സ്വാഭാവികവും മിക്കവാറും സമൂഹബാഹ്യം തന്നെയുമായ ശക്തിയാണ്. അക്കാലത്തെ വലിയ മലയാള കവികളിൽ പലരും കാല്പനിക ബാല്യത്തെ പരിചിതമാക്കിയെങ്കിലും കെ. എസ്. കെ. തളിക്കുളത്തിന്റെ അമ്മുവിന്റെ ആട്ടിൻകുട്ടിയിലൂടെയാണ് അതിന് കാര്യമായ പ്രചാരം സിദ്ധിച്ചത്. അതിലെ എട്ടു വയസ്സുകാരി അമ്മു, കുട്ടൻ എന്ന് അവൾ പേരിട്ടുകൊടുത്ത ആട്ടിൻകുട്ടിയുടെ അമ്മയാണ്. ആ കുട്ടനെ അടുത്തൊരു പണക്കാരന്റെ വീട്ടിലെ കല്ല്യാണവിരുന്നിന് വെട്ടാനായി അവളുടെ അച്ഛൻ വിറ്റപ്പോൾ തനിക്കാകെയുള്ള സ്വർണാഭരണം ആ ധനികന് കാഴ്ചവച്ചുകൊണ്ട് തന്റെ മകനെ വിട്ടുതരണം എന്നാവശ്യപ്പെടാൻ മാത്രം ശക്തമാണ് അവളുടെ മാതൃസ്‌നേഹം. ഒരു അമ്മ വികൃതിയായ കൊച്ചുമകനെ സ്‌നേഹിക്കുകയും ശാസിക്കുകയും പോറ്റുകയും ചെയ്യുന്നതു പോലെയാണ് അമ്മു തന്റെ ആട്ടിൻകുട്ടിയെ വളർത്തുന്നത്. അമ്മുവിന്റെ സ്‌നേഹശക്തിക്കു മുന്നിൽ ധനികൻ കീഴടങ്ങിപ്പോകുന്നു. അതു മൂലം കുട്ടനെ തിരിച്ചുനൽകാനും മാലയോ പണമോ വാങ്ങാതിരിക്കാനും അയാൾ തയ്യാറാകുന്നു. അമ്മുവിന്റെ സ്‌നേഹശക്തി ധനികനിൽ സമൂലമായ ധാർമ്മികമാറ്റമുണ്ടാക്കുന്നു - വിവാഹസൽക്കാരത്തിൽ മാംസാഹാരം ഉണ്ടായിരിക്കില്ല എന്നദ്ദേഹം പ്രഖ്യാപിക്കുന്നു.

അക്കാലങ്ങളിലെ സാമൂഹ്യപരിഷ്‌ക്കരണ വ്യവഹാരങ്ങളിൽ സ്‌ത്രൈണ ഗുണങ്ങളായി എണ്ണപ്പെടുന്ന സ്‌നേഹം, ദയ, ക്ഷമാശീലം, മാർദ്ദവം മുതലായവ എട്ടു വയസ്സുകാരിയായ അമ്മുവിൽ സ്വതവേ പ്രകാശിക്കുന്നു - അതിനെ വളർത്തിയെടുക്കേണ്ട കാര്യമില്ല. തളിക്കുളത്തിന്റെ രചനകളിൽ ഇങ്ങനെ ബാല്യത്തിൽ തന്നെ സ്‌ത്രൈണതയുടെ മൂർത്തീകരണങ്ങളായ പെൺകുട്ടികളുടെ ചിത്രങ്ങൾ വേറെയുമുണ്ട് - ചെടികൾക്ക് വെള്ളം കോരുകയും വീട്ടിലെല്ലാവരെയും സഹായിക്കുകയും ചെയ്യുന്ന മാലതി, മൃതപ്രായനായ ഒരു യാചകനെ സഹായിക്കുന്ന പത്മിനി. ഉത്തരവാദപ്പെട്ട രക്ഷാകർതൃനിലത്തിൽ നിന്നു വ്യത്യസ്തമായി കാല്പനിക ബാല്യം വാത്സല്യത്തെ വാഴ്ത്തുന്നു. 1
ഇപ്പറഞ്ഞ കുഞ്ഞുനായികമാരെല്ലാം വാത്സല്യത്തോടെ വളരുന്നവരാണ്. വിദ്യാലയത്തിൽ പോകുന്നവരെങ്കിലും, മുതിർന്നവർക്കു കീഴിൽ കഴിയുന്നവരെങ്കിലും ഈ സ്ഥാപനങ്ങൾ ഇവരെ രൂപപ്പെടുത്തുന്നില്ല - സഹജമായ സ്‌ത്രൈണത ഇവരിലൂടെ തനിയെ ഉദിച്ചുയരുന്ന കാഴ്ചയാണ് കവി വർണിക്കാൻ ശ്രമിക്കുന്നത്.

ഈ കൊച്ചുപെണ്ണുങ്ങളെ പോലയല്ല ആൺകുട്ടി - തളിക്കുളത്തിന്റെ ഭാവനയിൽ. വാസുവിന്റെ ജോലിത്തിരക്ക് എന്ന കവിതയിൽ വാസു ബാല്യത്തിന്റേതായ മായാലോകത്തിലാണ് - ആനന്ദം മാത്രമായ ഒരിടത്തിൽ. വാസുവിനെ ഗൃഹപാഠം ചെയ്യാൻ വിളിക്കുന്ന മാതാവിനോട് അവന് വല്ലാത്ത ജോലിത്തിരക്കാണെന്ന് കവി പറയുന്നു. വാസു എന്ന ബാലൻ സമൂഹപൂർവ്വം, സമൂഹബാഹ്യം എന്നൊക്കെ വിളിക്കാവുന്ന അവസ്ഥയിലാണ് - അവന് പുരുഷനായി വളരാൻ സമൂഹത്തിന്റെ സമ്മർദ്ദം വേണ്ടിവരും, പക്ഷേ കൊച്ചുപെൺകുട്ടികൾ സ്വാഭാവികമായി, പ്രകൃതിശക്തിയുടെ പ്രവാഹമെന്നോണം ബാല്യത്തിൽ തന്നെ സ്‌ത്രൈണതയുടെ വാഹകരാണ്.

തളിക്കുളത്തിന്റെ രചനകളിൽ മാത്രമല്ല, ആ കാലത്തെ സാഹിത്യത്തിലും ബാലസാഹിത്യത്തിലുമെല്ലാം പെൺകുട്ടികളെ സ്ത്രീകളായി ചിത്രീകരിച്ച് മുതിർന്നവരുടെ ജീവിതഭാരങ്ങൾ അവരുടെ തലയിൽ കെട്ടിവയ്ക്കലല്ലേ ഇതെന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ മറ്റൊരു വായന, അമ്മു ഒരു ദരിദ്ര കർഷക കുടുംബത്തിലെ മൂത്ത സന്തതിയും പരമ്പരാഗത വളർത്തൽ രീതികൾക്കു വിധേയയുമാണ് (കുട്ടന്റെ വികൃതി മൂലം അച്ഛന്റെ തല്ല് കൊള്ളുന്നവളാണവൾ). പക്ഷേ അവൾ മുതിർന്നവരുമായി ഉത്തരവാദിത്വങ്ങൾ പങ്കിടുന്നു, വിദ്യാലയവും വീടും തമ്മിൽ സമയം പകുക്കുന്നു, അന്യരായ മുതിർന്നവരോടു പേശി ജയിക്കുകയും സ്വന്തം പിതാവിനെ ധിക്കരിച്ചുകൊണ്ടു കച്ചവടത്തിനു മുതിരുക പോലും ചെയ്യുന്നു. അദ്ധ്വാനഭാരം വഹിക്കുന്നവരെങ്കിലും തളിക്കുളത്തിന്റെ നായികമായ സക്രിയർ തന്നെയാണ്. മാലതി സ്വന്തം വീട്ടിൽ ഏറെ മാനിക്കപ്പെടുന്നവളാണ്. പത്മിനി അന്യനായ ഒരു വൃദ്ധനെ സ്വയം സഹായിക്കാനുള്ള തീരുമാനം സ്വയം എടുക്കുന്നവളും.

ചുരുക്കിപ്പറഞ്ഞാൽ, കാല്പനിക ബാല്യവ്യവഹാരം എല്ലായ്‌പ്പോഴും പെൺകുട്ടികളെ ശക്തിയില്ലാത്തവരാക്കുന്നില്ല, ഉത്തരവാദപ്പെട്ട രക്ഷാകർതൃത്വത്തിലെന്ന പോലെ ഇവിടെയും ലിംഗസ്വത്വത്തിനുള്ളിൽ അവർക്ക് ഒതുങ്ങേണ്ടിവരുന്നെങ്കിലും.
പൊതുവെ കാല്പനിക ബാല്യത്തിൽ സമുദായമോ ഭരണകൂടമോ കടന്നു വരുന്നില്ല. കാല്പനികവത്ക്കരിക്കപ്പെട്ട ദേശം 1950കളിലെ കാല്പനിക ബാല്യവ്യവഹാരത്തിൽ കാര്യമായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും. അതുകൊണ്ടുതന്നെ കാല്പനിക ബാല്യത്തെ ഒരു ബാല്യ നിർണയവ്യവസ്ഥയായി കരുതാനാകുമോ, അതോ, ഉത്തരവാദപ്പെട്ട രക്ഷാകർതൃനിലത്തോടുള്ള ചെറുത്തുനില്പ്, നിഷേധം എന്നിവയായി അതിനെ കാണേണ്ടതുണ്ടോ എന്ന ചോദ്യം തീർച്ചയായും അവശേഷിക്കുന്നു. കൂടുതൽ ഗവേഷണത്തിലൂടെ ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണിത്.

വിദേശത്തു നിന്ന് കേരളീയ കുടുംബങ്ങളിലേക്ക് ഒഴുകിയെത്തുന്ന വരുമാനം സുരക്ഷിതം എന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന സാമ്പത്തിക കാര്യങ്ങളിൽ മുതൽമുടക്കുന്ന രീതിയാണ് സാധാരണയായി കാണപ്പെടുന്നത്

രണ്ട്

അമ്മുവിന്റെ ആട്ടിൻകുട്ടി സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ ദശകത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതുപോലുള്ള കാല്പനിക ബാല്യഭാവനകൾക്ക് പുതുതായി പിറന്ന (ബാലദശയിൽ എന്നു പലപ്പോഴും വിശേഷിപ്പിക്കപ്പെട്ട) ഇന്ത്യയിൽ പ്രത്യേക പ്രസക്തിയുണ്ടായിരുന്നുവെന്ന് സാംസ്‌കാരിക ചരിത്രപഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ സമൂഹത്തെ ദീർഘകാലം ശിശുവത്ക്കരിച്ച, ഇന്ത്യൻ ബാല്യത്തെ ഇകഴ്​ത്തുകയും ചെയ്തിരുന്ന അധിനിവേശ വ്യവഹാരങ്ങളെ ചെറുക്കാൻ അവ ആവശ്യമായിരുന്നു (Sriprakash et al 2019). കേരളത്തിനു പക്ഷേ ഇത് അത്രയും ബാധകമായിരുന്നെന്ന് തോന്നുന്നില്ല. ഇവിടെ ഇതോടടുത്ത കാലഘട്ടത്തിൽ (1960കളിൽ) വലിയ കുടുംബങ്ങളെ സാമൂഹിക വിപത്തായി ചിത്രീകരിച്ച ജനസംഖ്യാനിയന്ത്രണ വ്യവഹാരം അതിശക്തമായിത്തീർന്നിരുന്നു. 1967ൽ എഴുതിയ ലേഖനത്തിൽ അന്നത്തെ പ്രമുഖ ബുദ്ധിജീവിയും രാഷ്ട്രീയപ്രവർത്തകനുമായ എ. പി. ഉദയഭാനു ഈ മാറ്റങ്ങളെ ശ്രദ്ധിച്ചുകൊണ്ട് നാലാമത്തെ കുട്ടി കുടുംബങ്ങൾക്ക് നാണക്കേടായിത്തുടങ്ങിയിട്ടുണ്ടെന്നും അധിക കാലതാമസം കൂടാതെ വലിയ കുടുംബങ്ങൾ ഉത്തവവാദിത്വമില്ലായ്മയെയും നാണക്കേടിനെയും സൂചിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു (Udayabhanu 1967).

അതായത്, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളുടെ അവസാനത്തോടു കൂടി കേരളത്തിലെ കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. 21-ാം നൂറ്റാണ്ടോടുകൂടി ഈ പ്രവണത ഉച്ചസ്ഥായിയിൽ ആവുകയും ചെയ്തു. 1961ൽ കേരള ജനസംഖ്യയുടെ 42.6 ശതമാനം കുട്ടികളായിരുന്നെങ്കിൽ, 2011ൽ കുട്ടികൾ ജനസംഖ്യയുടെ 23.4 ശതമാനം മാത്രമായി (Rajan and Mishra 2017:4). ശിശുമരണനിരക്ക് 1971ൽ 51 ആയിരുന്നത് 2013ൽ 12 ആയി കുറഞ്ഞു (Compendium of India's Fertility and Mortality Indicators, 1971 - 2013, Available online: http://www.censusindia.gov.in/vital_statistics/Compendium/Srs_ data.html).
​കേരള മൈഗ്രേഷൻ സർവ്വേ (2017)യുടെ കണക്കുപ്രകാരം കേരളത്തിലെ 85.6 ശതമാനം കുടുംബങ്ങളിലും നാലു വയസ്സിൽ താഴെയുള്ള കുട്ടികളില്ല. ഇതേകാലത്ത് ബാലവേലയും നന്നേ കുറയാൻ തുടങ്ങി. കുട്ടികൾ അധികവും, കൂടുതൽകാലത്തേക്ക് വിദ്യാലയങ്ങളിലെത്തിയതോടെ ഓരോ കുട്ടിയ്ക്കും വേണ്ടി ചെലവഴിക്കേണ്ടി വന്ന വിഭവങ്ങൾ, സമയം, ഊർജം, എന്നിവയെല്ലാം ഉയർന്നു. ഇവയെല്ലമാം ചേർന്ന് 1980കളുടെ അവസാനത്തോടെ ജനസംഖ്യാപരിണാമാനന്തര പൊതുസാഹചര്യം കേരളത്തിൽ രൂപപ്പെട്ടുവെന്ന് ജനസംഖ്യാശാസ്ത്രജ്ഞർ അവകാശപ്പെട്ടു (Mahadevan and Sumangala 1987). സമീപകാല ഗവേഷണം ഈ പ്രവണതയുടെ ശക്തമായ പിൻതുടർച്ചകളിലേക്കു വെളിച്ചം വീശുന്നു - 1960കളെ അപേക്ഷിച്ച് അണുകുടുംബ രൂപത്തിന് ലഭിച്ചു കഴിഞ്ഞിരിക്കുന്ന വർദ്ധിച്ച സ്വീകാര്യത, ഉന്നത വിദ്യാഭ്യാസത്തിലേക്കു ഉയർന്ന തോതിൽ സ്ത്രീകളുടെ പ്രവേശനം, ബാലപരിചരണത്തിന്റെ ഭാരമേറിവരുന്നത്, സമുദായ-ജാതി-വർഗഭേദങ്ങൾക്കപ്പുറം വിദ്യാഭ്യാസത്തിലൂടെയും ശമ്പള ജോലികളിലൂടെയും പ്രവാസത്തിലൂടെയും സാമൂഹ്യ ഉയർച്ച കാംക്ഷിക്കുന്ന രീതിയുടെ വ്യാപനം (Osella and Osella 2000; den Uyl 1995; Thampi 2007; Arun 2018; Chua 2014; Devika 2019).

കുട്ടികളുടെ സമ്പൂർണ വിദ്യാലയപ്രവേശം അതിവേഗം യാഥാർത്ഥ്യമായി മാറിക്കൊണ്ടിരിക്കുന്ന സമയമാണിത്.  Photo: PI, shutterstock.com
കുട്ടികളുടെ സമ്പൂർണ വിദ്യാലയപ്രവേശം അതിവേഗം യാഥാർത്ഥ്യമായി മാറിക്കൊണ്ടിരിക്കുന്ന സമയമാണിത്. Photo: PI, shutterstock.com

1970കൾ മുതൽ മലയാളി പുരുഷന്മാർ പേർഷ്യൻ ഗൾഫ് നാടുകളിലേക്ക് തൊഴിലിനായി കുടിയേറാൻ തുടങ്ങിയതിനു ശേഷമുള്ള ദശകങ്ങളിൽ കേരളം ക്രമേണ കുടിയേറ്റത്തെ ആശ്രയിക്കുന്ന സമൂഹമായി മാറി (Rajan and Mishra 2017: 12). വിദേശത്തു നിന്ന് കേരളീയ കുടുംബങ്ങളിലേക്ക് ഒഴുകിയെത്തുന്ന വരുമാനം സുരക്ഷിതം എന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന സാമ്പത്തിക കാര്യങ്ങളിൽ മുതൽമുടക്കുന്ന രീതിയാണ് സാധാരണയായി കാണപ്പെടുന്നത് - ഭൂമി, വീടുപണി, ആഡംബര വിവാഹം മുതലായ അഭിമാന ചെലവുകൾ, കുട്ടികളെ ആഗോള തൊഴിൽവിപണികളിൽ പ്രവേശിക്കാനാവശ്യമായ തൊഴിൽശേഷിയുള്ളവരാക്കിത്തീർക്കാനുതകുന്ന വിദ്യാഭ്യാസം, ഇവയൊക്കെയാണ് പ്രധാന ചെലവിനങ്ങൾ. കേരളത്തിലെ ശരാശരി ഉപഭോഗച്ചെലവ് 1970കളിൽ ദേശീയ ശരാശരിക്കു താഴെയായിരുന്നു, പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അത് ദേശീയശരാശരിയെക്കാൾ നാല്പത്തിയൊന്നു ശതമാനം മുകളിലായി (Kannan and Hari 2002: 201).

വളരെ പ്രധാനപ്പെട്ട മറ്റൊരു ഘടകം, യൂറോകേന്ദ്രിതവും അങ്ങേയറ്റം വ്യക്തിവത്കൃതവുമായ ആഗോള ബാലാവകാശവ്യവഹാരത്തിന്റെ രംഗപ്രവേശമാണ് (Balagopalan 2002; Raman 2000) ഒപ്പം, 1990കൾ പ്രാദേശിക ഭരണകൂടം ജനക്ഷേമാഭിമുഖ്യമുള്ള വികസനവാദത്തിൽ നിന്ന് മെല്ലെ നവഉദാരവത്തിലേക്കും ഗവേണൻസ് (governance) ഊന്നലിലേക്കും മാറുന്ന കാലം കൂടിയായിരുന്നു. സ്വയംസഹായ പ്രത്യയശാസ്ത്രവും വ്യക്തിവത്കൃത സർക്കാർ ആനുകൂല്യങ്ങളും വഴി ജനക്ഷേമം തന്നെ ഉത്തരവാദിത്വപൂർണമാക്കപ്പെട്ട കാലം. സമുദായം (community) എന്ന സങ്കല്പനം തന്നെ ഉദാരവാദപരമായ രീതിയിൽ - ഒറ്റയ്ക്ക് നിലനിൽക്കുന്ന കുടുംബങ്ങളുടെ കൂട്ടം എന്ന നിലയ്ക്ക് - മനസ്സിലാക്കപ്പെട്ടു തുടങ്ങി (Devika 2016). കേരളീയകുടുംബങ്ങളിലുണ്ടായ വരുമാന വർദ്ധനയും കുടുംബത്തിന്റെ ചെറുതാകലും ബാലവേലയിൽ കാര്യമായ കുറവുണ്ടാക്കുകയും കുട്ടികളുടെ സമ്പൂർണ വിദ്യാലയ പ്രവേശം അതിവേഗം യാഥാർത്ഥ്യമായി മാറിക്കൊണ്ടിരിക്കുകയും ചെയ്ത സമയമാണിത്. 1980കളിൽ ഫീൽഡ് ഗവേഷണത്തിലേർപ്പെട്ട ഗവേഷകർ കയർ പോലുള്ള പരമ്പരാഗത വ്യവസായങ്ങളിൽ കുട്ടികൾ തൊഴിലാളികളായി ജോലിയെടുക്കുന്നുവെന്ന് നിരീക്ഷിച്ചിരുന്നു (Gulati 1980; Nieuwenhuys 1994). വീടുകളിൽ കുട്ടികൾ ചെയ്യുന്ന ജോലികളിൽ ആൺ-പെൺഭേദം രൂക്ഷമാണെന്നും, ആൺകുട്ടികളെ പുറംവേലയ്ക്കു തയ്യാറെടുപ്പിക്കുകയും പെൺകുട്ടികളെ വീട്ടുവേലകൾക്കാണ് ഒരുക്കുന്നതെന്നും അവർ കണ്ടു (Nieuwenhuys 1994- ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിൽ ബാലവേല വളരെ വ്യാപകമായിരുന്നു. കയർ, കശുവണ്ടി മുതലായ പരമ്പരാഗത വ്യവസായങ്ങൾ ഒരുകാലത്ത് ഇവിടെ കൊയ്തിരുന്ന ഉയർന്ന ലാഭത്തിന്റെ പല കാരണങ്ങളിൽ ഒന്ന് തീർച്ചയായും ബാലവേലയുടെ സാധാരണത്വം തന്നെയായിരുന്നു. കാണുക, ആ കാലത്തെ വ്യാവസായിക റിപ്പോർട്ടുകൾ, ഉദാഹരണത്തിന് Klyuver 1923. Nieuwenhuys 1994ൽ പരാമർശിക്കപ്പെട്ടത്, പുറം 179-80, 181-83 . ഇതു കൂടാതെ കാണുക, Lindberg 2001).

ബാലവേലയ്‌ക്കെതിരെയുള്ള വ്യവഹാരം പലപ്പോഴും കുട്ടികൾ വീട്ടുവേലയിൽ നേരിട്ട അന്തമില്ലാത്ത ചൂഷണത്തെ മറച്ചുവയ്ക്കാൻ സഹായിച്ചുവെന്ന് ഓൾഗാ ന്യൂവെൻഹ്യൂസ് എന്ന ഗവേഷക വാദിച്ചു. മാത്രമല്ല, 1970കൾ മുതൽ 1990കൾ വരെ കേരളത്തിൽ താൻ നടത്തിയ ഫീൽഡ് പഠനങ്ങളെ ആശ്രയിച്ചുകൊണ്ട് ന്യൂവെൻഹ്യൂസ് കുട്ടികൾ ജോലിചെയ്യുന്നതും അവരുടെ സ്‌ക്കൂൾ പഠനവും തമ്മിൽ പരസ്പരവൈരുദ്ധ്യം കല്പിക്കുന്ന രീതിയെ കാര്യമായി വിമർശിച്ചു.

എന്നാൽ ഗവേഷകർ കാര്യങ്ങളെ കണ്ടത് ഇങ്ങനെയായിരുന്നെങ്കിൽ പത്രമാധ്യമങ്ങൾ തികച്ചും മറ്റൊരുവിധത്തിലാണ് ബാലവേലയുടെ പ്രശ്‌നത്തെ സമീപിച്ചത്. 1980കളിലെയും 90കളിലെയും മലയാള പത്രമാദ്ധ്യമങ്ങൾ അതിദരിദ്രകുടുംബങ്ങളിലെ കൗമാരപ്രായക്കാർ വേലയെടുക്കുന്നതിനെ കുടുംബത്തിന്റെ ധാർമിക വീഴ്ചയായും മറ്റും ചിത്രീകരിക്കാൻ മടിച്ചില്ല. ഉദാഹരണത്തിന്, കേരളത്തിലെ തീരദേശ ഗ്രാമങ്ങളിൽ നിന്ന് കൗമാരപ്രായക്കാരികൾ ദൂരെ ഗുജറാത്തിലും മറ്റുമുള്ള ചെമ്മീൻ ഫാക്ടറികളേക്ക് തൊഴിലാളികളായി പോകുന്നതിനെപ്പറ്റി 1980കളിലെയും 90കളിലെയും മലയാള പത്രമാസികകളിൽ ഒരുപാടു രോഷം പ്രകടിപ്പിക്കപ്പെട്ടു. ഈ പെൺകുട്ടികളെപ്പറ്റി നടന്ന ഗവേഷണം മറ്റൊരു ചിത്രമായിരുന്നു വെളിപ്പെടുത്തിയത്. മിക്കപ്പോഴും തങ്ങളുടെ അറിവോടെയും പൂർണസമ്മതത്തോടെയുമാണ് അവർ കുടിയേറിയതെന്നും, പലപ്പോഴും അച്ഛനമ്മമാരുടെ എതിർപ്പിനെ പറഞ്ഞുമനസ്സിലാക്കിയും മറ്റും മറികടന്നാണവർ പോയതെന്നും, തങ്ങളുടെ കൂട്ടുകാർക്കൊപ്പം പ്രയാസങ്ങൾ സഹിച്ചുകൊണ്ടുതന്നെ ജോലിസ്ഥലങ്ങളിൽ താമസിക്കാൻ അവർ ഇഷ്ടപ്പെടുന്നുവെന്നും മറ്റും ഗവേഷകരുടെ പഠനങ്ങളിൽ വ്യക്തമായെങ്കിലും ഇതേപ്പറ്റി കേരളത്തിലുണ്ടായ പൊതുചർച്ച ഇതിനെ കുട്ടിക്കടത്തിന്റെ (child trafficking) ഒരു വകഭേദമായിയാണ് ചിത്രീകരിച്ചത് (Nieuwenhuys 1995)

ആൺമക്കളെപ്പറ്റി മാതാപിതാക്കൾ എടുക്കുന്ന തീരുമാനങ്ങൾ ലളിതമായ ഒരു ഫോർമുലയെ പിൻതുടരുന്നുവെന്ന് സാഞ്ചോ പറയുന്നു - ഉന്നതസ്ഥാനവും മാനവും വരുമാനവും ഉറപ്പാക്കുന്ന ജോലിയെ ഉന്നം വയ്ക്കുക.

1990കളുടെ അവസാനത്തിലും പുതിയ നൂറ്റാണ്ടിലും കേരളത്തിൽ പൊട്ടിപ്പുറപ്പെട്ട സെക്‌സ് റാക്കറ്റ് കേസുകൾ മിക്കതും കൗമാരക്കാരികളെ കേന്ദ്രീകരിച്ചായിരുന്നു. പെൺകുട്ടികളെ ലൈംഗികക്കച്ചവടത്തിനിരയാക്കിയ ഈ കേസുകളെക്കുറിച്ചുള്ള മാധ്യമറിപ്പോർട്ടിങ് ബാലാവകാശങ്ങളെ കുട്ടികളുടെ സ്വാതന്ത്ര്യങ്ങളെക്കാളേറെ അവരെ നിരന്തരം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലാണ് ഊന്നിയത്. കൗമാരക്കാരികളെ നിഷ്‌ക്രിയ ഇരകളോ, അതല്ലെങ്കിൽ നാണംകെട്ട ഇളക്കക്കാരികളോ ആയി ചിത്രീകരിക്കുന്ന രീതി ഈ കാലത്ത് കേരളമാകെ പടർന്നു (Sreekumar 2001; Devika 2009). പലപ്പോഴും രണ്ടാമത്തെ ചിത്രീകരണത്തിൽ ബാല്യകാലമെന്ന കണക്കാക്കപ്പെടുന്ന പ്രായം പത്തുവയസ്സോ അതിൽ താഴെയോ മാത്രമായി. പതിനഞ്ചുവയസ്സുകാരിയെ കാമാതുരയായ സ്ത്രീയായി കണക്കാക്കാമെന്നും, അതല്ലെങ്കിൽ ദ്രോഹിക്കപ്പെട്ട നിഷ്‌ക്കളങ്കതയായോ ആയി കാണുന്ന രണ്ടു പക്ഷങ്ങളുണ്ടായി. എങ്കിലും രണ്ടവസ്ഥകളും അനഭിമതങ്ങളും സർക്കാർ ഇടപെടൽ ആവശ്യമുള്ളവയാണെന്നും വന്നു.

മേൽവിവരിച്ച സാഹചര്യങ്ങളുടെ പരസ്പരപ്രവർത്തനത്തിലൂടെ, അവയോടുള്ള പ്രതികരണമായി, രണ്ടുതരം ബാല്യ നിർണയവ്യവസ്ഥകൾ കേരളത്തിൽ നിലവിൽ വന്നു. മലയാളി മദ്ധ്യവർഗത്തിന്റെ മേൽനോക്കി വ്യവസ്ഥയാണ് അവയിലൊന്ന്. ഇതിൽ കുട്ടി മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള വസ്തുവായി കണക്കാക്കപ്പെടുന്നു. കുടുംബത്തിന്റെ സാമൂഹ്യസ്ഥാനം ഉയർത്തുംവിധം ആ വസ്തുവിനെ പഠിപ്പിച്ചുവലുതാക്കുക -ഇതാണിതിൽ മാതൃ-പിതൃധർമ്മം (Sancho 2012: 110). ഇരുപതാം നൂറ്റാണ്ടിലെ ഉത്തരവാദപ്പെട്ട രക്ഷാകർതൃധർമ്മം കുട്ടിയെ സമുദായത്തിനും രാജ്യത്തിനും (ഭരണകൂടത്തിന്റെ ബാഹ്യ മേൽനോട്ടത്തിനു കീഴിൽ) വേണ്ടിയുള്ള ഭാവി പൗരനോ പൗരിയോ ആക്കിയെടുക്കലായിരുന്നെങ്കിൽ മേൽനോക്കി വ്യവസ്ഥയിൽ കുട്ടിയുടെ ആന്തരികലോകവും ബൗദ്ധിക കഴിവുകളും കായികശേഷിയും എല്ലാം രൂപപ്പെടുത്തുന്നത് ഒരു കുടുംബ വ്യായാമമായാണ് തിരിച്ചറിയപ്പെടുന്നത്. മേൽനോക്കി വ്യവസ്ഥയ്ക്കു വിധേയരായ കുട്ടികളെ സംബന്ധിച്ച്​ ഭരണകൂടമെന്നത് വിദൂരത്തിൽ വഴിയൊരുക്കൽ ധർമ്മം നിറവേറ്റുന്ന സാന്നിദ്ധ്യം മാത്രമാണ്.

ഇതേ സമയത്തു തന്നെ വ്യക്തിവത്ക്കരണസ്വഭാവമുള്ള ആഗോള ബാലാവകാശ വ്യവഹാരം കേരളത്തിന്റെ സർക്കാർ നയങ്ങളിൽ കാര്യമായി സന്നിവേശിച്ചു. ഈ വ്യവഹാരത്തിന്റെ ആന്തരിക വൈരുദ്ധ്യം - അതായത്, കുട്ടികൾ മനുഷ്യരായതു കൊണ്ടുതന്നെ അവർക്ക് അടിസ്ഥാനപരവും അനിഷേധ്യവുമായ അവകാശങ്ങളുണ്ടെന്ന വാദം മുന്നോട്ടു വയക്കുന്നുണ്ടെങ്കിലും ബാലാവകാശങ്ങൾ സ്ഥാപിക്കാനുള്ള നിയമനിർമാണം മിക്കപ്പോഴും ബാല്യകാലം (മനുഷ്യാവസ്ഥയിൽ നിന്ന്) സവിശേഷമായി വേർതിരിക്കപ്പെട്ട കാലമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് (Shanahan 2007: 417) - ഇവിടെയും പ്രകടമായിട്ടുണ്ട്. ഈ വ്യവഹാരവും അതിനായി സ്ഥാപിക്കപ്പെട്ട സ്ഥാപന ശൃംഖലയും (ബാലാവകാശ സമിതികൾ, പഞ്ചായത്തിലെ പ്രത്യേക സമിതികൾ മുതലായവ) അധികവും ദരിദ്രരോ താണ-ഇടത്തരക്കാരോ ആയവരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. ഭരണീയ ബാല്യ വ്യവസ്ഥ എന്നു വേണമെങ്കിൽ ഇതിനെ വിളിക്കാവുന്നതാണ്. മേൽനോക്കി വ്യവസ്ഥയുമായി ഇത് പലതും പങ്കിടുന്നുണ്ട്. ഉദാഹരണത്തിന് രണ്ടിലും കുട്ടി മാതാപിതാക്കൾക്കു രൂപപ്പെടുത്താവുന്ന വസ്തുവാണ്. പക്ഷേ ലയാ മാത്യു ദരിദ്രകുടുബങ്ങളുടെ ബാലപരിചരണത്തെയും വിദ്യാഭ്യാസത്തെയും പറ്റിയുള്ള തന്റെ പഠനത്തിൽ വാദിക്കുന്നതുപോലെ, ദരിദ്രസ്ത്രീകൾ തങ്ങളുടെ കുട്ടികളെ രൂപീകരിക്കാൻ ശ്രമിക്കുന്നതും മേൽനോക്കി ബാല്യവ്യവസ്ഥയിലെ വരേണ്യരുടെ പരിശ്രമങ്ങളും തുലോം വ്യത്യസ്തങ്ങളാണ്. ചരിത്രപരമായി തുടർന്നുകൊണ്ടേയിരിക്കുന്ന ജാതീയ അപമാനത്തിൽ നിന്ന് രക്ഷപ്രാപിക്കാനുള്ള മാർഗമായാണ് വിദ്യാഭ്യാസത്തിലൂടെയുള്ള മേൽഗതിയെ അവർ കാണുന്നതെന്ന് ലയാ മാത്യു പറയുന്നു (Mathew 2016). അവരുടെ ആ അഭിലാഷങ്ങളാകട്ടെ, വരേണ്യരിൽ ഈർഷ്യയും ദേഷ്യവും മാത്രമല്ല, അറപ്പുപോലും ഉളവാക്കുന്നു. മേൽനോക്കി ബാല്യവ്യവസ്ഥയിൽ കുടുംബമാണ് ഈ പ്രക്രിയയുടെ പ്രഭവകേന്ദ്രമെങ്കിൽ ഭരണീയബാല്യവ്യവസ്ഥയിൽ നവഉദാരവാദ-സുരക്ഷാഭരണകൂടത്തിന്റെ പിതൃഅധികാരം കൂടുതൽ ശക്തമായ സാന്നിദ്ധ്യമാണ്.

അച്ഛനമ്മമാർ കുട്ടിയുടെ ഭാവിയ്ക്കു വേണ്ടി വലിയ ത്യാഗങ്ങളനുഭവിക്കാൻ തയ്യാറാകുന്നു. കുട്ടി ഈ പദ്ധതിയ്ക്കു പൂർണമായും കീഴ്‌പ്പെട്ട് അനുസരണയോടെ ചുവടുകൾ വയ്ക്കുന്നു.  / Photo: Wikimedia Commons
അച്ഛനമ്മമാർ കുട്ടിയുടെ ഭാവിയ്ക്കു വേണ്ടി വലിയ ത്യാഗങ്ങളനുഭവിക്കാൻ തയ്യാറാകുന്നു. കുട്ടി ഈ പദ്ധതിയ്ക്കു പൂർണമായും കീഴ്‌പ്പെട്ട് അനുസരണയോടെ ചുവടുകൾ വയ്ക്കുന്നു. / Photo: Wikimedia Commons

കേരളത്തിലെ മേൽനോക്കി ബാല്യ നിർണയ വ്യവസ്ഥയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പഠനമാണ് ഡേവിഡ് സാഞ്ചോ എന്ന ഗവേഷന്റേത്. കേരളീയ മധ്യവർഗത്തിലേക്കും മദ്ധ്യവർഗ ശീലങ്ങളിലേക്കും സമീപകാലത്തു മാത്രം പ്രവേശിച്ച കുടുംബങ്ങളെയാണ് സാഞ്ചോ തന്റെ പഠനത്തിൽ പരിശോധിക്കുന്നത്. പ്രവാസത്തിലൂടെയോ സാങ്കേതികവിദ്യാഭ്യാസത്തിലൂടെയോ നേടിയ ഈ കയറ്റത്തെ ഉന്നതവിദ്യാഭ്യാസത്തിലൂടെ ഉറപ്പിക്കാനും പുതിയതും വിലപ്പെട്ടതുമായ സാമൂഹ്യമൂലധനം അതിലൂടെ കൊയ്‌തെടുക്കാനുമാണ് ഈ കുടുംബങ്ങൾ ശ്രമിക്കുന്നതെന്ന് ഈ പഠനം പറയുന്നു (Sancho 2012: 109-10). മേൽനോക്കി വ്യവസ്ഥയിൽ കുടുംബങ്ങൾ ഉന്നംവയ്ക്കുന്ന മേൽഗതി മാതാപിതാക്കളും കുട്ടികളും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന കൂട്ടുപദ്ധതിയിലൂടെ നേടിയെടുക്കുന്ന ഒന്നാണ്. അച്ഛനമ്മമാർ കുട്ടിയുടെ ഭാവിയ്ക്കു വേണ്ടി വലിയ ത്യാഗങ്ങളനുഭവിക്കാൻ തയ്യാറാകുന്നു. കുട്ടി ഈ പദ്ധതിയ്ക്കു പൂർണമായും കീഴ്‌പ്പെട്ട് അനുസരണയോടെ ചുവടുകൾ വയ്ക്കുന്നു. പൊതുവെ ഈ യാത്ര കുട്ടി സ്വയം തെരെഞ്ഞെടുത്തതാണെന്നു സ്ഥാപിക്കാൻ നിരന്തരശ്രമം ഉണ്ടാവുകയും ചെയ്യുന്നു.

വ്യക്തിപരമായ ജീവിതകാംക്ഷ, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മുതലായ ആധുനികസാദ്ധ്യതകളുടെ ഭാഷയുപയോഗിച്ചും കുടുംബം, യുവത്വം മുതലായവയെപ്പറ്റിയുള്ള വാർപ്പുമാതൃകൾ - ത്യാഗമൂർത്തികളായ മാതാപിതാക്കൾ, വണക്കവും അനുസരണയും മാതാപിതാക്കളോടു കൂറുള്ളവരുമായ മക്കൾ എന്നിങ്ങനെയൊക്കെ - ഉപയോഗിച്ചും കുടുംബാധികാരത്തെ മറച്ചുപിടിക്കുന്ന പ്രയോഗങ്ങളെയാണ് സാഞ്ചോ തന്റെ പഠനത്തിലൂടെ വെളിവാക്കുന്നത് (Sancho 2012: 130-32- ഇതുപോലുള്ള മേൽനോക്കി ബാല്യവ്യവസ്ഥകൾ ഇന്ത്യയിലെ മറ്റുഭാഗങ്ങളിലെ മദ്ധ്യവർഗങ്ങൾക്കിടയിലും പ്രവർത്തിക്കുന്നതിനെപ്പറ്റി ഇന്ന് സാമാന്യം വിപുലമായ പഠനസാഹിത്യമുണ്ട്. കാണുക Kumar 2011; Donner 2006; Tuli and Chaudhary 2010; Seymour 1999, Bhatia 2006, Uberoi 2007, Sharma 2003, Gupta and Panda 2002).

മേൽനോക്കി വ്യവസ്ഥയിൽ കൗമാരക്കാരുടെ അഭ്യുദായഭിലാഷങ്ങൾക്ക് ലിംഗസ്വഭാവമേയില്ലെന്നു തോന്നിയേക്കാമെങ്കിലും സൂക്ഷ്മദൃഷ്ടിയിൽ ആ തോന്നൽ ശരിയല്ലെന്നും സാഞ്ചോ പറയുന്നു. മേൽഗതി നേടേണ്ടതിന്റെ ആവശ്യകത, അത്തരം പ്രതീക്ഷകൾ, ആൺ- പെൺ ഭേദമന്യേ കുട്ടികളിൽ പ്രക്ഷേപിക്കുന്നുവെങ്കിലും കുഞ്ഞുനാൾ മുതൽ തന്നെ അവരിൽ ചാർത്തപ്പെടുന്ന ലിംഗവത്കൃതമായ പ്രതീക്ഷകളെ ഇത് കാര്യമായി ബാധിക്കുന്നില്ല. ആൺകുട്ടികൾ പുറംലോകത്ത് പ്രകാശിക്കേണ്ടവരാണെന്നും പെൺകുട്ടികൾ നല്ല വിദ്യാർത്ഥിനികളാകണമെന്ന പ്രതീക്ഷ നിലനിൽക്കവേ തന്നെ അകം, വീട്, എന്നിവയോട് ചേർന്നു നിൽക്കുകയും വിവാഹത്തെ മുന്നിൽ കണ്ടുകൊണ്ട് ജീവിതപന്ഥാവ് തെരെഞ്ഞെടുക്കേണ്ടവരാണെന്നുമുള്ള സാമാന്യബോധം വ്യാപകമാണ്.

മേൽനോക്കി വ്യവസ്ഥയിൽ ആൺമക്കളെപ്പറ്റി മാതാപിതാക്കൾ എടുക്കുന്ന തീരുമാനങ്ങൾ ലളിതമായ ഒരു ഫോർമുലയെ പിൻതുടരുന്നുവെന്ന് സാഞ്ചോ പറയുന്നു - ഉന്നതസ്ഥാനവും മാനവും വരുമാനവും ഉറപ്പാക്കുന്ന ജോലിയെ ഉന്നം വയ്ക്കുക. എന്നാൽ പെൺമക്കളെ സംബന്ധിച്ചിടത്തോളം ഭാവിയിൽ നടക്കാനിരിക്കുന്ന വിവാഹം, വിവാഹാനന്തരം പെൺകുട്ടി പ്രവേശിക്കേണ്ട കുടുംബത്തെപ്പറ്റിയുള്ള പ്രതീക്ഷകൾ എന്നിവയ്ക്കും നിർണായക പങ്ക് മാതാപിതാക്കൾ കല്പിക്കുന്നു (Sancho 2012:121). എങ്കിലും ഉത്തരവാദപ്പെട്ട രക്ഷാകർതൃനില വ്യവസ്ഥയോടു താരതമ്യം ചെയ്താൽ ഇപ്പോൾ പെൺകുട്ടിയുടെ മേലുള്ള ലിംഗവത്കൃത പ്രതീക്ഷകൾക്ക് കനം അല്പം കുറഞ്ഞിട്ടുണ്ടെന്നു പറയാം. ഒരു സാമൂഹ്യ ആവശ്യം, നിർമ്മിതി എന്ന രീതിയിൽ മനസ്സിലാക്കപ്പെടുന്നുവെങ്കിലും ലിംഗസ്വഭാവത്തിന് മുൻപ് കല്പിച്ചിരുന്ന പൂർണനിർണയം ഇപ്പോൾ കുറവായിക്കൊണ്ടിരിക്കുന്നു. പെൺകുട്ടിയെ സ്ത്രീത്വപ്രത്യയശാസ്ത്രങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കമെങ്കിലും സാമൂഹ്യ ഉയർച്ചയെ സംബന്ധിച്ച കാംക്ഷകൾക്ക് അത് വഴിതടസ്സമാകാതെ, താത്കാലികമായെങ്കിലും മാറ്റിനിർത്താനുള്ള ഇടം മേൽനോക്കി വ്യവസ്ഥയിൽ ഉണ്ട്.

ദരിദ്രരായ കുട്ടികൾക്ക് പങ്കാളിത്തവും ശാക്തീകരണവും സംരക്ഷണവും മറ്റും വാഗ്ദാനം ചെയ്യുന്ന കേരളാ പോലീസിന്റെ കമ്യൂണിറ്റി പൊലീസിങ്ങും, കൗമാരക്കാരായ ആൺകുട്ടികൾക്കെതിരെ, കേരള പൊലീസ് അഴിച്ചു വിട്ടിട്ടുള്ള ഹിംസയും തമ്മിൽ കാര്യമായ അന്തരം കാണാനുണ്ട്.

ഭരണീയ ബാല്യവ്യവസ്ഥയ്ക്ക കീഴിൽ വരുന്നത് മിക്കപ്പോഴും ദരിദ്രരുടെയോ താണ ഇടത്തരക്കാരുടെയോ കുട്ടികളാണ് - സർക്കാർ വിദ്യാലയങ്ങളിൽ പോകുന്നവർ (Ortiz et al 2013; Chacko 2019; Mathew 2019). മേൽനോക്കി വ്യവസ്ഥയിൽ മാതാപിതാക്കൾ വെറും വഴിയൊരുക്കുന്നവർ മാത്രമായി തങ്ങളെ ചിത്രീകരിക്കുന്നെങ്കിൽ, ഭരണീയബാല്യത്തിൽ കുട്ടികളുടെ ഭാവിപ്രതീക്ഷകളെ രൂപപ്പെടുത്തുന്ന, അതുവഴി വഴിയൊരുക്കുന്ന സാന്നിദ്ധ്യം ഭരണകൂടമാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ശൃംഖല ഈ കുട്ടികൾക്ക് ഇടങ്ങളും വിഭവങ്ങളും നൽകുന്നുണ്ടെങ്കിലും എല്ലാ സാമൂഹ്യ വർഗങ്ങളിൽ നിന്നും കുട്ടികളെ ആകർഷിക്കുന്ന ആസൂത്രണവും കുട്ടികളെ നിഷ്‌ക്രിയഗുണഭോക്താക്കളായല്ലാതെ സക്രിയ പങ്കാളികളാക്കുന്ന പരിപാടികളും ഇല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു (Ortiz et al 2013: 42).

മേരി ആൻ ചാക്കോ കേരളാ പൊലീസിന്റെ സ്റ്റുഡൻറ്​ കാഡറ്റ് പ്രോഗ്രാമിനെപ്പറ്റി നടത്തുന്ന പഠനത്തിലും ഭരണീയ ബാല്യത്തിന്റെ ആന്തരിക പൊരുത്തമില്ലായ്മകൾ തെളിയുന്നുണ്ട്. പൂർണമായും ലിംഗനിരപേക്ഷമായിരിക്കും, പെൺകുട്ടികളെ ശാക്തീകരിക്കും എന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ പലപ്പോഴും പലതരം വ്യവസ്ഥകൾക്കു വിധേയവും ഭാഗികവുമാണെന്ന് അവർ പറയുന്നു. ഈ പരിപാടികളിൽ പങ്കാളികളാകുന്നത് അധികവും താണ ഇടത്തരം കുടുബങ്ങളിലെയോ ദരിദ്രകുടുംബങ്ങളിലെയോ കുട്ടികളാണ്. വ്യക്തിവത്ക്കുന്നതും ഒരു പ്രത്യേകതരം അച്ചടക്കപൂർണമായ സ്ത്രീത്വം ആവശ്യപ്പെടുന്നതുമായ പരിശീലനമാണ് ഈ പരിപാടിയിലൂടെ പെൺകുട്ടികൾക്കു ലഭിക്കുന്നത്. മാത്രമല്ല, പുരുഷന്മാർ അനുഭവിക്കുന്ന സവിശേഷ ആനുകൂല്യങ്ങളെയും സ്ത്രീകളെ ആന്തരികമായി ശാക്തീകരിക്കുന്നതിനു പകരം അവരെ സംരക്ഷിക്കുന്ന രീതിയേയും അതു ന്യായീകരിക്കുന്നു - വിരോധാഭാസമെന്നു തോന്നുമെങ്കിലും (Chacko 2019:14). പൊതുവെ പറഞ്ഞാൽ, ദരിദ്രരായ കുട്ടികൾക്ക് പങ്കാളിത്തവും ശാക്തീകരണവും സംരക്ഷണവും മറ്റും വാഗ്ദാനം ചെയ്യുന്ന കേരളാപോലീസിന്റെ കമ്യൂണിറ്റി പൊലീസിങ് പരിപാടികളും, പലപ്പോഴും കൗമാരക്കാർക്കെതിരെ, പ്രത്യേകിച്ച് കൗമാരക്കാരായ ആൺകുട്ടികൾക്കെതിരെ, കേരള പൊലീസ് അഴിച്ചു വിട്ടിട്ടുള്ള ഹിംസയും തമ്മിൽ കാര്യമായ അന്തരം കാണാനുണ്ട്. പ്രശ്‌നക്കാർ എന്നു കരുതപ്പെടുന്ന കുട്ടികളെ ചൂരലിനടിക്കുക, മുടി മുറിക്കുക മുതലായ പൊലീസ് ശിക്ഷാനടപടികൾ കഴിഞ്ഞ വർഷങ്ങളിൽ കാര്യമായി വിമർശിക്കപ്പെട്ടു. 4 മാത്രമല്ല, എൻട്രൻസു പരീക്ഷകളെ ഉന്നം വയ്ക്കുകയും ഇംഗ്ലീഷ് മീഡിയം സ്വീകരിക്കുകയും ചെയ്യുന്ന (മേൽനോക്കി വ്യവസ്ഥയ്ക്കു കീഴിലുള്ള) വിദ്യാർത്ഥികളെ അപേക്ഷിച്ച് മലയാളത്തെ വിദ്യാഭ്യാസമാദ്ധ്യമമായി സ്വീകരിച്ചവരുടെയും സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നവരുടെയും മേൽ മലയാളഭാഷാതന്മയുടെയും, പൗരത്വ ഉത്തരവാദിത്വങ്ങളുടെയും മറ്റും ഭാരം ഏറുകയും ചെയ്യുന്നു.

എങ്കിലും ഈ രണ്ടു നിർണയ വ്യവസ്ഥകളിലും കുട്ടിയെ കഠിനാദ്ധ്വാനത്തിലൂടെ വാർത്തെടുക്കാമെന്ന വിശ്വാസം പൊതുവായി ഉണ്ട്. സ്വാഭാവികമായും ‘തോറ്റുപോയ കുട്ടി' പൊതു ചർച്ചകളിൽ നിരന്തരം കടന്നുവരുന്നു - ഇരു നിർണയ വ്യവസ്ഥകളും തോറ്റ കുട്ടിയെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. മധ്യവർഗ മേൽനോക്കി കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ചിടത്തോളം കർതൃത്വമെന്നത് മാതാപിതാക്കന്മാർ നിർവ്വചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒന്നാണ്. ഉന്നതങ്ങളിൽ എത്തുക എന്ന ലക്ഷ്യത്തോടെയുള്ള പഠനം, അതു സംബന്ധമായി സ്വയം എടുക്കുന്ന തീരുമാനങ്ങൾ, ഇവ സ്വതന്ത്രവും ആരോഗ്യകരവുമായ കർതൃത്വത്തിന്റെ ലക്ഷണങ്ങളായി എണ്ണപ്പെടും, പക്ഷേ ജീവിതപങ്കാളിയെ സ്വയം തെരെഞ്ഞെടുക്കുക, ലൈംഗിക കാര്യങ്ങൾ, ലിംഗതന്മ ഇവയെപ്പറ്റി സ്വയം തീരുമാനിക്കുക - ഇവ തീർച്ചയായും തോറ്റ കുട്ടിയുടെ ലക്ഷണമായി കണക്കാക്കപ്പെടും. ഈ വേർതിരിവിനെ മുതിർന്നവർ പല തരം പ്രയോഗങ്ങളിലൂടെ നിലനിർത്തുന്നു. ഉദാഹരണത്തിന്, ബാല്യവും പ്രായപൂർത്തിയും തമ്മിലുള്ള അതിരിനെ പറ്റി തീരുമാനങ്ങളത്രയും മുതിർന്നവർ കൈയ്യിൽ വയ്ക്കും. അല്ലെങ്കിൽ, കുട്ടികളെ സംസാരിക്കാൻ അനുവദിച്ചാലും, സംഭാഷണത്തിന്റെ വ്യവസ്ഥകൾ തീരുമാനിക്കുന്നത് മുതിർന്നവരായിരിക്കും (Dunne and Kelley 2002).

മധ്യവർഗ കുടുംബത്തിലെ സന്തതി ‘തോറ്റു പോയാൽ' (അതായത്, മാതാപിതാക്കളുടെ പ്രതീക്ഷയെ നിറവേറ്റാതിരുന്നാൽ) രക്ഷിതാക്കളുടെ അമിത സംരക്ഷണത്തെ കുറ്റപ്പെടുത്തൽ, അമിതലാളന, അമിത ഉപഭോഗം എന്നിവ മൂലം കുട്ടികൾ ദുർബലരാകുന്നു എന്ന വാദം മുതലായവ ഉന്നയിക്കപ്പെടുന്നു. ഉപഭോഗം കൗമാരക്കാരികളെ വഴിതെറ്റി എന്നു പരക്കെ പറയപ്പെടുന്നു. വഴിപിഴച്ചു പോയി എന്ന പ്രയോഗം പലപ്പോഴും ഉപഭോഗകാര്യങ്ങളിൽ അല്പം കർതൃത്വം നേടാൻ ശ്രമിക്കുന്ന പെൺകുട്ടികളെ വർണിക്കാനുള്ള കോഡുവാക്കു പോലെയാണെന്ന് നരവംശശാസ്ത്രജ്ഞയായ റിറ്റി ലൂക്കോസ് നിരീക്ഷിക്കുന്നു (Lukose 2005). മധ്യവർഗാംഗങ്ങളായ കുട്ടികൾക്കിടയിലെ ആത്മഹത്യയെപ്പറ്റിയുള്ള പൊതുചർച്ചകളിൽ സാധാരണയായി ഉയർന്നുവരുന്ന വാദമാണിത് (ഉദാഹരണത്തിന്, Chua 2014). എന്നാൽ സമൂഹത്തിൽ മുറ്റിത്തഴച്ചുനിൽക്കുന്ന ഉപഭോഗവാസനകളെ ചുരുക്കാനല്ല, മറിച്ച് കുട്ടികളിൽ ഇത്തരം ആത്മവിനാശപ്രവണതകൾക്കെതിരെയുള്ള ‘രോഗപ്രതിരോധശക്തി' വളർത്തിയെടുക്കുക, ‘ശരിയായ' കർതൃത്വമാർഗങ്ങളിലേക്ക് അവരെ തിരിച്ചുവിടുക, മുതലായ ഉന്നങ്ങളോടു കൂടിയ തെറാപ്പിയും മറ്റുമാണ് പരിഹാരങ്ങളായി ഉയർത്തപ്പെടുന്നത് (Chua 2014: 177).

ദരിദ്ര- താണ ഇടത്തരം കുടുംബങ്ങളിലെ ‘തോറ്റ' കുട്ടികൾ ഭരണീയ ബാല്യ വ്യവസ്ഥയുടെ സ്ഥാപന ശൃംഖലയുടെ മേൽനോട്ടത്തിനു കീഴിൽ വരുന്നു. മർദ്ദിത ജാതി- വർഗപശ്ചാത്തലങ്ങളിൽ നിന്നുള്ള കൗമാരക്കാരുടെ പരാജയം വികൃതമായ കർതൃത്വം മൂലമാണെന്നും, രക്ഷിതാക്കളുടെ അശ്രദ്ധ മൂലമാണെന്നും എളുപ്പത്തിൽ ആരോപിക്കപ്പെടുന്നു. കുടുംബത്തിന്റെ മൊത്തം പരാജയമായി അത് എണ്ണപ്പെടുന്നു - കുട്ടിയെക്കുറിച്ച് അവർക്കുള്ള പ്രതീക്ഷയടക്കം പ്രശ്‌നകരമാകുന്നു. ഈ വിഭാഗങ്ങളിൽ പെട്ട മാതാപിതാക്കന്മാരുടെ മേലുള്ള ഘടനാപരമായ സമ്മർദ്ദങ്ങളും ഇല്ലായ്മകളും പലപ്പോഴും അവഗണിക്കുംവിധമാണ് പൊതുചർച്ചകൾ. ഉദാഹരണത്തിന്, കേരളത്തിലെ അതിദരിദ്രർ പഠിക്കുന്ന വിദ്യാലയങ്ങളിൽ വളരെ വേദനാജനകാംവിധം ജാതിമർദനം നടക്കുന്നുവെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു - ഇപ്പോഴും ഇവർ ജാതിപ്പേർ വിളിച്ച് ആക്ഷേപിക്കപ്പെടുന്നു (Mathews 2016). കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന തിരക്കുകൾ ഉളവാക്കിയേക്കാവുന്ന ഫലങ്ങളെപ്പറ്റി ചർച്ചയുണ്ടെങ്കിലും കുട്ടികളെ അസംസ്‌കൃതവസ്തുവായി കാണാനുള്ള പ്രേരണയ്ക്കു പിന്നിലെ ഘടനാപരമായ കാരണങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങൾ കുറവാണ്.

എന്നാൽ എല്ലാ സാമൂഹ്യവിഭാഗങ്ങളിലേയും കുട്ടികൾ കാര്യമായ ഗാർഹിക ഹിംസയ്ക്ക്, പലപ്പോഴും ശാരീരിക പീഡനങ്ങൾക്ക്, വിധേയരാണെന്നതാണ് ഏറ്റവും ദുഃഖകരമായ മറ്റൊരു യാഥാർത്ഥ്യം (Sancho 2012; Mathew 2016; Kumar et al 2019). കേരളത്തിലെ ഒരു നഗരത്തിൽ നിന്നു ശേഖരിച്ച 7000 സാംപിളുകൾ ഉൾപ്പെട്ട ഒരു പഠനപ്രകാരം ഒരു വർഷത്തിന്റെ കാലയളവിനിടയിൽ തൊണ്ണൂറു ശതമാനത്തോളം കുട്ടികളും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് വിധേയരായി (Kumar et al 2019). ഇരുപതു ശതമാനത്തോളം കുട്ടികൾ ജീവിതകാലം മുഴുവനും ലൈംഗികപീഡനം അനുഭവിച്ചതായി പറഞ്ഞു. എന്നാൽ മറ്റു തരം പീഡനങ്ങളെയപേക്ഷിച്ച് ലൈംഗിക പീഡനത്തിന്റെ തോത് കുറവായിരുന്നു . ആൺകുട്ടികളാണ് കൂടുതലായി പീഡിപ്പിക്കപ്പെടുന്നത് (മാനസിക പീഡനം, ശാരീരികമായ ശിക്ഷകൾ അവയെല്ലാം ബാലപീഡനമായി തിരിച്ചറിയുന്ന പഠനമാണിത്- Kumar et al 2019). എന്നാൽ കുട്ടികളോടുള്ള ദൈനംദിന ഹിംസയ്ക്ക് വല്ലാത്തൊരു സാധാരണത്വം കല്പിക്കപ്പെട്ടിട്ടുണ്ട്. കുട്ടിയ്ക്ക് കഠിനമായി ശാരീരികാഘാതമുണ്ടായാലോ, ലൈംഗികമായ പീഡനം കൂടിയുൾപ്പെട്ടാലോ മാത്രമേ ഇത്തരം സംഭവങ്ങൾക്ക് പൊതുദൃഷ്ടിയിൽ ഗൗരവം കല്പിക്കപ്പെടൂ. ചെറിയകുട്ടികൾ രക്ഷിതാക്കളുടെ, പ്രത്യേകിച്ചും അമ്മമാരുടെ, കഠിനമായ മർദ്ദനത്തിനും പീഡനത്തിനുമൊടുവിൽ മരണപ്പെട്ട സംഭവങ്ങളെ ഊതിവീർപ്പിച്ചും വികൃതവത്ക്കരിച്ചും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഇന്ന് സാധാരണമാണ്. 6

​സമീപകാലത്ത് മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ച കേസുകളിലധികവും ദരിദ്രരോ താണ ഇടത്തരക്കാരോ ആണ് സർക്കാർ ദൃഷ്ടിയിൽ പെട്ട മോശക്കാരായ രക്ഷിതാക്കൾ

കേരളത്തിൽ സമീപകാലത്ത് കാര്യമായി ചർച്ച ചെയ്യപ്പെട്ട രണ്ടു സംഭവങ്ങൾ മേൽപ്പറഞ്ഞ വാദങ്ങൾക്ക് തെളിവാണ്. ഒന്ന്, രണ്ടു ദരിദ്രബാലികമാർ 2017ൽ ദാരുണമായി മരണപ്പെട്ട വാളയാർ സംഭവം. 7 ഭരണീയ ബാല്യവ്യവസ്ഥ പൊളിഞ്ഞുവീണുകഴിഞ്ഞെന്ന ആരോപണത്തിനിടയാക്കിയ ഈ സംഭവത്തിൽ പൊലീസധികാരികളും ബാലസംരക്ഷണ സംവിധാനങ്ങളും കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നുവെന്ന് പരക്കെ ആരോപിക്കപ്പെട്ടു. അധികാരികളാകട്ടെ, രക്ഷിതാക്കളുടെ പക്ഷത്ത് പിടിപ്പുകേടും ബോധപൂർവമുള്ള വീഴ്ചകളും മറ്റും ഉണ്ടായെന്ന മറു- ആരോപണം ഉന്നയിച്ചു. വാളയാർ കുട്ടികൾക്കു നീതിയ്ക്കു വേണ്ടിയുള്ള സമരത്തിൽ ഉപയോഗിക്കപ്പെട്ട ഭാഷ, പക്ഷേ, ബാലാവകാശങ്ങളുടെ, പ്രത്യേകിച്ച്​പെൺകുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണപ്രധാനമായ ഒരു വായനയാണ് പ്രയോഗിച്ചത്- പെൺകുട്ടികളുടെ നിഷ്‌ക്കളങ്കത, നിസ്സഹായത മുതലായവയിൽ ഊന്നുന്നത്. ഈ വിധത്തിൽ നിഷ്‌ക്കളങ്കരോ നിസ്സഹായരോ അല്ലായിരുന്നെങ്കിൽപ്പോലും ഈ ഹിംസ കുട്ടികളോടുള്ള കടുത്ത, പൊറുക്കാനാവാത്ത അനീതി തന്നെയാണെന്ന വാദം കാര്യമായി കേട്ടതേയില്ല. മാത്രമല്ല, മെല്ലെ കുറ്റം മുഴുവൻ രക്ഷിതാക്കളുടെ ചുമലുകളിലേക്കു മാറ്റുന്ന കാഴ്ചയായിരുന്നു ഇതേ പിൻതുടർന്നുണ്ടായത്.

ഫാത്തിമ ലത്തീഫ്
ഫാത്തിമ ലത്തീഫ്

രണ്ടാമത്തെ സംഭവം മദ്രാസ് ഐ.ഐ.ടിയിൽ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമാ ലത്തിഫിന്റെ ആത്മഹത്യയെ ചുറ്റിപ്പറ്റിയുണ്ടായ പൊതുചർച്ചയാണ്. ആ ആത്മഹത്യയുടെ കാരണങ്ങളെപ്പറ്റിയുള്ള വിവാദം ഇന്നും അവസാനിച്ചിട്ടില്ല. പക്ഷേ ആ മരണം മേൽനോക്കി ബാല്യനിർണയ വ്യവസ്ഥയുടെ ആദർശ ബാല്യത്തെപ്പറ്റിയുള്ള ചർച്ചയ്ക്ക് ഇടയായി (സാങ്കേതികാർത്ഥത്തിൽ ഫാത്തിമ ബാല്യം പിന്നിട്ടിരുന്നെങ്കിലും). ഫാത്തിമ തോറ്റ കുട്ടിയുടെ പരിചിതവകഭേദങ്ങളിൽ ഒതുങ്ങിയില്ല എന്നത് ആ മരണമുണ്ടാക്കിയ പൊതുരോഷത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായിരുന്നു. 8 ഫാത്തിമ ഒരു തോറ്റ കുട്ടിയായിരുന്നെങ്കിൽ പൊതുചർച്ച ഈവിധമായിരുന്നിരിക്കുമോ, ആ മരണത്തെത്തുടർന്ന് ഇത്രയധികം പൊതുരോഷം ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്. പെൺകുട്ടികളുടെ മേലുള്ള ലിംഗവത്കൃത സാമൂഹ്യപ്രതീക്ഷകളുടെ കനം മേൽനോക്കി ബാല്യവ്യവസ്ഥയിൽ കുറഞ്ഞതിന്റെ ഗുണഭോക്താവായിരുന്നു ഫാത്തിമ - ആഗോളതലത്തിൽ ഗേൾ പവർ (girl power) എന്നും മറ്റും കൊണ്ടാടപ്പെടുന്ന വ്യവഹാരത്തിൽ (Lesko et al 2015: 38; Khoja-Moolji 2018; Caputo 2018) ഭംഗിയായി ചേരേണ്ടിയിരുന്നവൾ . ഐ.ഐ.ടിയിൽ മുസ്​ലിം വിരോധമുണ്ടെന്നു പരാതിപ്പെട്ടുകൊണ്ടാണ് ഫാത്തിമ സ്വന്തം ജീവനെടുത്തത്. എന്നാൽ നല്ല വിദ്യാർത്ഥിനി അല്ലാത്ത, രാഷ്ട്രീയബോധമൊന്നും കാര്യമായി പ്രദർശിപ്പിക്കാത്ത, ഒരുവാളായിരുന്നു ആ സ്ഥാനത്തെങ്കിൽ? 2004ൽ കേരളത്തിലെ ഒരു സ്വകാര്യ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു രജനി ആനന്ദ്. പഠിത്തം തുടരാനുള്ള വഴി കാണാതെ സ്വന്തം ജീവിനെടുത്തു. താണ- ഇടത്തരം ദലിത് കുടുംബാംഗമായ ഈ വിദ്യാർത്ഥിനിയും ഫാത്തിമയെപ്പോലെ ബാല്യകാലം ‘വിജയകര'മായി (ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള മത്സരപ്പരീക്ഷയിലൂടെ) പൂർത്തിയാക്കി വ്യക്തിയായിരുന്നു. ആ മരണത്തെത്തുടർന്നും പൊതുപ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നിട്ടും രജനിയുടെ മരണത്തെ ലൈംഗികവത്ക്കരിക്കാൻ - ആ ശരീരത്തിൽ കന്യാകത്വ പരിശോധന നടത്താൻ - അധികാരികൾ ശ്രമിച്ചു (Devika 2009: 32).
അവസാനമായി, നാലാമതൊരു ബാല്യനിർണയ വ്യവസ്ഥ കൂടി കേരളത്തിൽ രൂപമെടുക്കുന്നുണ്ട്. സുരക്ഷാവത്കൃത ബാല്യം (securitized childhood) എന്നു വേണമെങ്കിൽ ഇതിനെ വിളിക്കാം. സുരക്ഷാ പ്രശ്‌നമാകാനിടയുള്ള കുട്ടികൾ - മുസ്​ലിം കുട്ടികൾ, മാവോയിസ്റ്റുകളാകാനിടയുണ്ടെന്ന് അധികാരികൾ സംശയിക്കുന്ന കുട്ടികൾ - ആണ് ഈ വ്യവസ്ഥയുടെ ഉന്നം.

അലൻ ഷുഹൈബ്, താഹ ഫസൽ
അലൻ ഷുഹൈബ്, താഹ ഫസൽ

സമീപകാലത്ത് കേരളത്തിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയ അലൻ- താഹ കേസ് - രണ്ടു യുവാക്കളെ മാവോയിസ്റ്റുകൾ എന്ന പേരിൽ യു.എ.പി.എ നിയമപ്രകാരം അറസ്റ്റുചെയ്ത കേസിൽ - ഈ വ്യവസ്ഥയുടെ ഉദയം ദൃശ്യമാകുന്നുണ്ട്. തീവ്രവാദങ്ങളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ ലോകത്ത് പലയിടത്തും ഇത്തരം ബാല്യവ്യവസ്ഥകൾ ഇന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ യു കെ (UK) പോലുള്ള രാജ്യങ്ങളിൽ ഇതേപ്പറ്റി നടന്നിട്ടുള്ള ഗവേഷണ പഠനങ്ങൾ തെളിയിക്കുന്നതു ഇത്തരം പദ്ധതികൾ തിരിച്ചടിക്കാനുള്ള സാദ്ധ്യതയാണ്. കൗമാരക്കാരുടെ ഉത്തമ താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ഈ ശ്രമങ്ങൾ പലപ്പോഴും അവരുടെ കർതൃത്വ നിരാസത്തിലാണ് കലാശിക്കുന്നത് (Coppock et. al 2018). ഈ ബാല്യ നിർണയവ്യവസ്ഥയുടെ അപകടം, പക്ഷേ, കുറേക്കൂടി ആഴത്തിലാണ്. ഇതിന്റെ പൂർണരൂപത്തിന് ബ്രിട്ടിഷ് അധിനിവേശകാലത്ത് ഇന്ത്യൻ കുട്ടികൾക്കു മേൽ അധികാരികൾ കെട്ടിവച്ച മർദ്ദനവ്യവസ്ഥയോടാണ് സാമ്യം (Topdar 2015).

ഉപസംഹാരം

ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ബാല്യകാലത്തിന്റെ നിർണയത്തെപ്പറ്റിയാണ് ഈ പ്രബന്ധം ചർച്ച ചെയ്തത്. ഒന്നിനു പുറകേ ഒന്നെന്ന മട്ടിൽ ചുരുളഴിയാത്ത മൂന്നു സവിശേഷ ബാല്യനിർണയ വ്യവസ്ഥകൾ നാം കണ്ടു. ഇവയിലോരോന്നും കുട്ടിയെയും കുട്ടിക്കാലത്തെയും തികച്ചും പ്രത്യേക രീതികളിൽ തിരിച്ചറിഞ്ഞു. രണ്ടാമത്തേതും മൂന്നാമത്തേതുമായവ വ്യത്യസ്ഥ സാമൂഹ്യവിഭാഗങ്ങളെ ഉന്നം വച്ചു (ഉന്നം വയ്ക്കുന്നു). ഭരണകൂടത്തിനു സംഭവിച്ച കാതലായി മാറ്റങ്ങളുമായി, ഭരണകൂടത്തെ കാണുന്ന വിധത്തിലുള്ള മാറ്റങ്ങളുമായി ഇവയിലോരോന്നും പ്രത്യേക രീതികളിൽ ബന്ധപ്പെട്ടു നിൽക്കുന്നു.

കേരളീയ സമൂഹത്തിൽ ഇന്ന് വളർന്നു പന്തലിക്കുന്ന സാമൂഹ്യ അസമത്വങ്ങളുടെ വ്യക്തമായ പ്രതിഫലനം മേൽനോക്കി - ഭരണീയ ബാല്യ നിർണയ വ്യവസ്ഥകൾ തമ്മിലുള്ള അന്തരത്തിൽ കാണാം. രണ്ടിലും കുട്ടികൾക്ക് അസംസ്‌കൃതവസ്തുക്കളുടെ സ്ഥാനമാണുള്ളത്. എന്നാൽ കുട്ടികളുടെ കർതൃത്വത്തെപ്പറ്റിയുള്ള വ്യാജവ്യവഹാരം മേൽനോക്കി നിർണയ വ്യവസ്ഥയുടെ മുഖമുദ്രയാണ്. ഭരണീയ ബാല്യവ്യവസ്ഥയിൽ ഭരണകൂടത്തിന്റെ സഹായത്തോടെ തങ്ങളുടെ (ശരിയായ) കർതൃത്വം കണ്ടെത്തേണ്ടവരത്രെ ദരിദ്ര- ഇടത്തരം കുടുംബങ്ങളിലെ കുട്ടികൾ. എന്നാൽ ഇത് അസമത്വങ്ങളെ കുറയ്ക്കുന്നു എന്നു പറയാനാവില്ല, മാത്രമല്ല, ഘടനാപരമായ അകലങ്ങളെ തൊടുന്നു പോലുമില്ല.

ലിംഗാധികാരത്തിന്റെ രാഷ്ട്രീയവും ബാല്യകാലത്തിന്റെ രാഷ്ട്രീയവും എത്രത്തോളം കെട്ടുപിണഞ്ഞാണു കിടക്കുന്നതെന്നു കൂടിപ്പറയാനാണ് ഞാനിവിടെ ശ്രമിച്ചത്.

മോശം മാതാപിതാക്കൾ എന്നു ഭരണകൂടം തീരുമാനിക്കുന്നവരെ - സമീപകാലത്ത് മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ച കേസുകളിലധികവും ദരിദ്രരോ താണ ഇടത്തരക്കാരോ ആണ് സർക്കാർ ദൃഷ്ടിയിൽ പെട്ട മോശക്കാരായ രക്ഷിതാക്കൾ - ചിലപ്പോൾ രക്ഷാകർതൃസ്ഥാനത്തു നിന്നു തന്നെ മാറ്റാൻ പോലും ഭരണീയ ബാല്യനിർണയവ്യവസ്ഥയിൽ സർക്കാർ മടിക്കില്ല. കാരണം രാജ്യത്തിനു വിലപ്പെട്ട അദ്ധ്വാനശേഷിയെ നോട്ടക്കുറവുമൂലം കേടുവരുത്തുന്നവരെ ഭരണകൂടത്തിന് ശിക്ഷിക്കാമെന്നു തന്നെയാണ് പൊതുസമ്മതം. ഇരുപതാം നൂറ്റാണ്ടിലധികവും പ്രബലമായിരുന്ന ഉത്തരവാദപ്പെട്ട രക്ഷാകർതൃത്വത്തിൽ ഇത് അത്ര എളുപ്പമായിരുന്നില്ല. ആ ചട്ടക്കൂടിനുള്ളിൽ ഇന്ത്യൻ കുടുംബജീവിതത്തിൽ ഇടപെടാൻ ദേശീയമോ അന്തർദേശീയമോ ആയ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അനുവാദം എളുപ്പത്തിൽ കിട്ടിയിരുന്നില്ല (Sriprakash et al 2019: 354). ഇപ്പറഞ്ഞവയുടെ തദ്ദേശ സ്ഥാപനങ്ങളുടെ മേൽ അധിനിവേശപരമായ തന്തചമയൽ അത്രയധികം പ്രോത്സാപിക്കപ്പെട്ടിരുന്നില്ല. കേരളത്തിൽ ഇന്നു നിലവിലുള്ള ഭരണീയ ബാല്യനിർണയ വ്യവസ്ഥയുടെ സ്ഥാപന ശൃംഖല ഈ ധർമം നിർവ്വഹിക്കുന്നതെങ്ങനെയെന്നതിനെപ്പറ്റിയുള്ള ആഴവും ഗൗരവമുള്ള പഠനങ്ങൾ ഭരണകൂടത്തന്റെയും സിവിൽ സമൂഹത്തിന്റെയും മാറിവരുന്ന സ്വഭാവത്തെയും സാമൂഹ്യാധികാരത്തിന്റെ മാറുന്ന മുഖവും വെളിപ്പെടുത്തും. ബാല്യത്തെ പൊലീസിങിനു വിധേയമാക്കുന്ന സുരക്ഷാവത്കൃത ബാല്യനിർണയ വ്യവസ്ഥ ഇവിടുത്തെ മാറിവരുന്ന ഭരണകൂടത്തിന്റെ സ്വഭാവത്തെ നമ്മുടെ മുന്നിൽ തുറന്നിടുന്നു.

ആമുഖത്തിൽ ഉയർത്തിയ പ്രശ്‌നത്തിലേക്കു മടങ്ങിയാൽ, സ്ത്രീകളുടെയും കുട്ടികളുടെയും താത്പര്യങ്ങളെ ഒന്നിനെ മറ്റൊന്നിനെതിരെ നിർത്താതെ വേർതിരിച്ചു കാണാനുള്ള ശ്രമമാണ് ഈ പ്രബന്ധം എന്ന് ഒരിക്കൽ കൂടി പറയുന്നു. ലിംഗാധികാരത്തിന്റെ രാഷ്ട്രീയവും ബാല്യകാലത്തിന്റെ രാഷ്ട്രീയവും എത്രത്തോളം കെട്ടുപിണഞ്ഞാണു കിടക്കുന്നതെന്നു കൂടിപ്പറയാനാണ് ഞാനിവിടെ ശ്രമിച്ചത്. ഈ മൂന്നു ബാല്യനിർണയ വ്യവസ്ഥയിലും മാതാവിന് പ്രാമുഖ്യമുണ്ടെങ്കിലും മാതൃധർമ്മത്തെക്കുറിച്ചുള്ള ധാരണകൾ വ്യത്യസ്ഥമാണ്. ഉത്തരവാദപ്പെട്ട രക്ഷാകർതൃത്വത്തിൽ മാതാവ് പ്രത്യാശയുടെ കേന്ദ്രവും വികസനപാഠങ്ങളുടെ മുഖ്യ ഉന്നവും ആയിരുന്നെങ്കിൽ ഇന്നത്തെ ബാലാവകാശവ്യവസ്ഥയിൽ കുട്ടികളെ ഉപേക്ഷിച്ചു പോകുന്ന മാതാവിനെ ബാലപീഡനക്കുറ്റത്തിന് ജയിലിൽ അടയ്ക്കുന്നതുപോലും ന്യായീകരിക്കപ്പെടുന്നു. കുട്ടികളുടെ ആവശ്യങ്ങളെയത്രയും ഒറ്റ തിരിഞ്ഞ കുടുംബങ്ങളുടേതായി ചിത്രീകരിക്കുന്ന നവ ഉദാരവാദകാലത്തിൽ, അതിൽ തന്നെ മാതാവിനെ മുഖ്യ ഉത്തരവാദിയായി ചിത്രീകരിക്കുന്ന പിതൃമേധാവിത്വം ഇപ്പോഴും തഴച്ചുവളരുന്ന ഒരു പ്രദേശത്ത്, ബാലാവകാശങ്ങളെ ഭരണകൂടം പലപ്പോഴും സ്ത്രീകളുടെ താത്പര്യങ്ങൾക്ക് എതിരെ നിർത്തുന്നു. സ്ത്രീകളുടെ കീഴ്‌പ്പെടലും കുട്ടികളുടെ കീഴ്‌പ്പെടലും ഒന്നുതന്നെയെന്നല്ല, പക്ഷേ അവ തമ്മിൽ സംഗമിക്കുന്ന പല സന്ദർഭങ്ങളും തീർച്ചയായുമുണ്ട്. ഈ പ്രബന്ധം ആ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണ്.

കുറിപ്പുകൾ:

1. ഇന്ത്യൻ പാരമ്പര്യങ്ങളിൽ വാത്സല്യത്തെപ്പറ്റിയുള്ള തങ്ങളുടെ പഠനത്തിൽ രേഖാ ശർമ സെന്നും ശില്പാ പണ്ഡിറ്റും ഭക്തിപാരമ്പര്യത്തിലെ വാത്സല്യസങ്കല്പത്തെ അനുഗ്രഹവും ആശിർവാദവും അളവറ്റു ചൊരിഞ്ഞുകൊണ്ട് പോറ്റിവളർത്താനുള്ള അദമ്യയായ ആഗ്രഹമായി നിർവചിക്കുന്നു. ശാരീരികമായ സ്‌നേഹപ്രകടനത്തിന് ഇതിൽ വലിയ പ്രാധാന്യമുണ്ട്. വാത്സല്യം മുതിർന്നവരിൽ നിന്ന് കുട്ടികളിലേക്കുള്ള ഏകദിശാപ്രവാഹമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു - കുഞ്ഞിന്റെ ശബ്ദത്തിൽ തന്നെ മുതിർന്നവരോടുള്ള അതിരറ്റ സ്‌നേഹപ്രകടനവും അതിന്റെ ഭാഗമാണ്. Sen and Pandit 2013.
2. ഐക്യരാഷ്ട്രസഭയുടെ ബാലാവകാശ കൺവെൻഷൻ കേരളത്തിൽ എത്തിയത് 1990കളിലാണ് - ഇന്ത്യയിൽ കേന്ദ്രസർക്കാർ 1992ൽ കുട്ടികൾക്കു വേണ്ടിയുള്ള ആക്ഷൻ പ്‌ളാൻ തയ്യാറാക്കിയതിനു ശേഷം കേരള സർക്കാർ 1995 ലും 2004ലും പിന്നീട് 2011ലും ബാലാവകാശവ്യവഹാരത്തിനു ഊന്നൽ നൽകുക്കൊണ്ടുതന്ന സംസ്ഥാനതല ആക്ഷൻ പ്‌ളാനുകൾ മുന്നോട്ടുവച്ചു. ബാലക്ഷേമ സമിതികളടക്കം അതിനാവശ്യമായ സ്ഥാപന ശൃംഖലയും ഇതേ കാലയളവിൽ രൂപീകരിക്കപ്പെട്ടു. കേരള സംസ്ഥാന ബാലാവകാശ കമ്മിഷൻ 2013ൽ പ്രവർത്തിച്ചു തുടങ്ങി. പുതിയ നൂറ്റാണ്ടിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് (2001), ലൈംഗികുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന പോക്‌സോ നിയമം (2012), സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസാവകാശനിയമം (2009) മുതലായ ബാല്യകാല സംബന്ധമായ ഭരണ-ഉപകരണങ്ങൾ കേരളത്തിലും പ്രയോഗിക്കപ്പെട്ടു. ഡോൺ ബോസ്‌കോ വീട് സൊസൈറ്റി തുടങ്ങിയ എൻജിഒകൾ മുതൽ കേരള മഹിളാ സമഖ്യ പോലുള്ള സർക്കാർ സംഘടനകൾ വരെ ഈ ഭരണദൗത്യത്തിലേർപ്പെടുന്നു. പഞ്ചായത്തുതലത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളും ഇതിന്റെ ഭാഗമാണ്. കുടുംബശ്രീയുടെ ഭാഗമായുള്ള ബാലസഭകളും ബാലാവകാശസംരക്ഷണശ്രമങ്ങളും ഇതിൽ ഉൾപ്പെടും. കാണുക, Ortiz et al 2013.
3. Iversen (2006) വാദിക്കുന്നതുപോലെ, ബാലവേല കുട്ടികൾക്ക് ഗുണകരമോ അവർ സ്വമേധയാ ഏറ്റെയടുക്കുന്നതോ ആകണമെന്നില്ല. പക്ഷേ എല്ലാത്തരം ബാലവേലയേയും ഒരേ ചില്ലുകളിലൂടെ വിലയിരുത്തി തള്ളിക്കളയുന്നതും സഹായകരമല്ല. ഇവർസെൻ നൽകുന്ന ഉദാഹരണം ലിംഗവ്യത്യാസം ഉണ്ടാക്കുന്ന ഫലങ്ങളിലേക്കു വിരൽചൂണ്ടുന്നു. വീട്ടുജോലിക്കാരായി വേലയെടുക്കുന്ന പെൺകുട്ടികൾക്ക് സ്വാതന്ത്ര്യമോ കർതൃത്വമോ മിക്കപ്പോഴും നിഷേധിക്കപ്പെടും, എന്നാൽ ഭക്ഷണശാലകളിൽ പണിയെടുക്കുന്ന ആൺകുട്ടികൾക്ക് കാര്യമായ തെരെഞ്ഞെടുപ്പുകളും ചലനസ്വാതന്ത്ര്യവും ഉണ്ടാകാകറുണ്ട്. കടുത്ത തൊഴിൽ നിയമങ്ങളെയും നിരോധനങ്ങളെയും അപേക്ഷിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം ജീവിതസുരക്ഷ, മുതലായ ആകർഷകങ്ങളായ ഘടകങ്ങൾ നൽകിക്കൊണ്ടു വേണം ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യാൻ (പുറം 12). കടുത്ത തൊഴിൽ നിരോധനങ്ങളെപ്പോലെ ധാർമ്മികഭീതി പടർത്തുന്ന പൊതുചർചകളും അവസാനവിശകലനത്തിൽ കുട്ടികളുടെ അദ്ധ്വാനത്തിന്റെ വിലയിടിക്കുകാനും അതിനെ അദൃശ്യമാക്കാനും മാത്രമേ ഉതകൂ.
4. http://timesofindia.indiatimes.com/city/thiruvananthapuram/Low-rise-jeans-high-crime-in-Kerala-district/articleshow/7130625.cms . Also, 'Police Chop Hair of Kids Bunking Classes in Kerala' 17 Jan. 2015, News Minute, http://webcache.googleusercontent.com/search?q=cache:UD3z_CxVRJgJ:www.thenewsminute.com/keralas/645&hl=en&gl=in&strip=1&vwsrc0 , accessed 9 Sept. 2015;http://www.abplive.in/incoming/2015/06/16/article620376.ece/At-least-60-students-bunk-classes-to-watch-Malayalam-blockbuster-Premam-in-Kerala-caught , accessed 9 Sept. 2015. See also, https://www.thenewsminute.com/article/kerala-dalit-teen-alleged-torture-police-custody-crime-branch-submit-report-soon-69626 , accessed 16 March 2020. കൂടാതെ, https://www.bprd.nic.in/WriteReadData/userfiles/file/201907030901335393404ACommunityPolicingInitiativeforChildren-MM-02.pdf , accessed 16 March 2020.5. കേരളാ പോലീസിൽ നിന്നു ലഭിക്കുന്ന സ്ഥിതിവിവരക്കണക്കുപ്രകാരം കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം ആശങ്കാജനകമാംവിധം വർദ്ധിക്കുന്നു. അവ 2009ൽ 206 ആയിരുന്നെങ്കിൽ 2018ൽ 2824 ആയി. കുട്ടികളെ ബലാൽസംഗം ചെയ്ത സംഭവങ്ങൾ 235 ൽ നിന്ന് 1137 ആയി ഉയർന്നു. കാണുക, https://keralapolice.gov.in/public-information/crime-statistics/crime-against-children , accessed 15 March 2020.6. ഉദാഹരണങ്ങൾ, https://www.news18.com/news/india/to-save-extramarital-affair-kerala-mother-smashes-baby-against-rocks-repeats-act-to-ensure-death-2507043.html, accessed 15 March 2020 ; https://www.thenewsminute.com/article/kerala-mother-lover-arrested-slowly-torturing-her-2-year-old-son-death-93637 , accessed 15 March 2020 ; https://www.thehindu.com/news/national/kerala/mother-arrested-on-charge-of-killing-toddler/article26974561.ece , accessed 15 March 2020; https://english.manoramaonline.com/news/kerala/2019/03/29/thodupuzha-child-torture-arrest.html , accessed 15 March 2020.7. https://indianexpress.com/article/india/kerala/walayar-minor-sisters-rape-case-everything-you-need-to-know-6096348/, accessed 15 March 2020; https://kochipost.com/2019/10/29/how-the-system-conspired-to-deny-justice-in-the-walayar-case/ , accessed 15 March 2020; https://www.thenewsminute.com/article/punish-dysp-sojan-justice-walayar-kids-forum-demands-3rd-day-satyagraha-116748 , accessed 15 March 2020.8. https://openthemagazine.com/features/fathima-latheef-death-on-the-campus/ , accessed 15 March 2020; https://openthemagazine.com/features/fathima-latheef-death-on-the-campus/ , accessed 15 March 2020.9. https://www.edexlive.com/news/2019/nov/08/how-the-kerala-polices-use-of-uapa-against-two-students-has-got-kerala-raging-8980.html , accessed 17 March 2020.10. https://timesofindia.indiatimes.com/city/thiruvananthapuram/dont-extol-maoists-cm-to-oppn/articleshow/73944408.cms , accessed 17 March 2020.

​റഫറൻസ്​:

Alanen, Leena. 1988. 'Rethinking Childhood', Acta Sociologica 31, 1, 53-67.അമ്മ, ബാലാമണി. 1951. 'കുട്ടികളുടെ രക്ഷ', മാതൃഭൂമി ആഴ്ചപ്പതിപ്പ്. Aradau, C. 2004, 'The Perverse Politics of Four-Letter Words: Risk and Pity in the Securitisation of Human Trafficking', Millennium: Journal of International Studies 33, 2, 251-77.Arun, Shoba. 2018. Development and Gender Capital in India: Change, Continuity, and Conflict in Kerala. New York and Oxford: Routledge.

Balagopalan, Sarada. 2002. 'Constructing Indigenous Childhoods: Colonialism, Vocational Education, and the Working Child', Childhood 9, 19, 19-34.

Bhatia S. 2006. 'Reinterpreting the Inner Self in Global India: Malevolent Mothers, Distant Fathers, and the Development of Children's Identity', Culture and Psychology 12, 3, 378-92.Brockliss, Lawrence. 2016. 'Introduction: The Western Concept of Childhood', in Benjamin C Fortna (ed), Childhood in the Late Ottoman Empire and After, Leiden: Brill, 1-19. Burman, Erica. 2018. 'A Necessary Struggle-In-Relation', in R Rosen and K Twamley (eds), Feminism and the Politics of Childhood, London : UCL Press , 23-39.

Caputo, Virginia. 2018. 'Too Young to Wed: Envisioning a 'Generous Encounter' Between Feminism and the Politics of Childhood', in R Rosen and K Twamley (eds), Feminism and the Politics of Childhood, London : UCL Press , 201-17.

Chacko, Mary Ann. 2019. 'Freedom in the Khaki: Gendering a Gender-Neutral Uniform', Gender and Education, DOI: 10.1080/09540253.2019.1632419.

ചന്ദനപ്പള്ളി, എസ്., S. 1992. റവറണ്ട് ജോർജ് മാത്തൻ കൃതികളും പഠനവും, ചന്ദനപ്പള്ളി.

Chua, Jocelyn L. 2014. In Pursuit of the Good Life: Aspiration and Suicide in Globalising South India, Berkeley: University of California Press.

Coppock, Vicki, Surinder Guru, Tony Stanley. 2018. 'On Becoming 'Radicalised': Pre-emptive Surveillance and Intervention to 'Save' the Young Muslim in UK' , in Maria T Grasso, Judith Bessant (eds), Governing Youth Politics in the Age of Surveillance, Abingdon: Routledge, 108-22.

den Uyl, Marion. 1995. Invisible Barriers: Gender, Caste and Kinship in a Southern Indian Village, Utrecht: International Books.

Devika, J. 2007. En-Gendering Individuals: The Language of Re-forming in Early Twentieth Century Keralam. Hyderabad: Orient Longman.--- 2008. 'Post-Demographic Transition Research on Childcare in Kerala', Economic and Political Weekly, 2 February, 2008, 15-18.----- 2008a. Individuals, Householders, Citizens: Malayalees and Family Planning, 1930s-1970. New Delhi: Zubaan.----- 2009. 'Bodies Gone Awry: The Abjection of Sexuality in Development Discourse in Contemporary Kerala', Indian Journal of Gender Studies 16, 1, 21-46.---- 2016. 'Participatory Democracy or 'Transformative Appropriation'? The People's Planning Campaign in Kerala', History and Sociology of South Asia 10, 2, 115-37.---- 2019. 'Women's Labour, Patriarchy and Feminism in Twenty-first Century Kerala: Reflections on the Glocal Present', Review of Development and Change, 2019. https://doi.org/10.1177%2F0972266119845940

---forthcoming. 'The Kiss of Love Protests: A Report on Resistance to Abjection in Kerala', in Sexuality, Abjection and Queer Existence in Contemporary India, Pushpesh Kumar and Rukmini Sen (eds) , forthcoming from Routledge India.

Donner. Henrike. 2006. 'Committed Mothers and Well-Adjusted Children: Privatisation, Early Years Education, and Motherhood in Calcutta', Modern Asian Studies 40, 2, 371-95.

Donzelot, Jacques. 1980. The Policing of Families, NY: Random House.

Dunne J, J Kelly, 2002. Childhood and Its Discontents: The Seamus Heaney Lectures, Dublin: Liffey.

Enloe, Cynthia.1993. ' 'Womenandchildren' : Making Feminist Sense of the Persian Gulf Crisis, Village Voice Sept 25, 19.

Elkind, D. 1981. The Hurried Child: Growing Up too Fast, Too Soon, MA: Addison- Wesley.

Fass, Paula S, Mary Ann Mason. 2000. Childhood in America, New York: NYU Press.

George, Sonia M. 2013. 'Enabling Subjectivities - Economic and Cultural Negotiations: A Gendered Reading of the Handloom Sector and the Special Economic Zone of Kerala', Indian Journal of Gender Studies, 20, 2 , 305-34.

Gulati, Leela. 1976. 'Age of Marriage of Women and Population Growth: The Kerala Experience', Economic and Political Weekly. Vol. 11, No. 31/33, Special Number: Population and Poverty (Aug., 1976), 1225-34.-- 1980. 'Child Labour in Kerala's Coir Industry: Study of a Few Selected Villages', CDS Working Paper No. 10, Thiruvananthapuram: Centre for Development Studies.

Gupta RK and A Panda. 2003. 'Individualised Familial Self: The Evolving Self of Qualified Technocrats in India', Psychology and Developing Societies 15, 1, 1-29.Heywood, Colin. 2001. A History of Childhood: Children and Childhood in the West from Medieval to Modern Times, Cambridge: Polity Press.Iversen, Vegard. 2006. 'Children's Work in Fisheries: A Cause for Alarm?', FAO, http://www.fao.org/fishery/docs/DOCUMENT/sflp/SFLP_publications/English/child_labour.pdf, accessed 14 March 2020.

Kannan, K.P. & K.S. Hari .2002. 'Kerala's Gulf Connection: Emigration, Remittances and their Macroeconomic Impact, 1972-2000', CDS Working Paper Series 328, Thiruvananthapuram: Centre for Development Studies.

Keddel, Emily. 2017. 'The Vulnerable Child in Neoliberal Contexts: The Construction of Children in Aotearoa in New Zealand Child Protection Reforms', Childhood 25, 1, 93-108.

Khoja-Moolji, Shemila. 2018. The Production of Desirable Subjects in Muslim South Asia, Los Angeles: University of California Press.Krishnan, P. 1977. 'Age of Marriage in a Nineteenth Century Indian Parish', Annales de Demographie Historique 1, https://www.persee.fr/doc/adh_0066-2062_1977_num_1977_1_1353 , accessed 16 March 2020.Kumar, Krishna. 2006. 'Childhood in the Globalising World', Economic and Political Weekly 41, 38, 4030-34.Kumar, Nita. 2011. 'The Middle-Class Child: Ruminations on Failure', in Elite and Everyman: The Cultral Politics of the Indian Middle-Classes, New Delhi: Routledge, 220-45.

Kumar, Santhosh E. 2000. Galapagos, Kottayam: DC Books.

Kumar, Manoj T, N Kar, S Kumar. 2019. 'Prevalence of Child Abuse in Kerala, India: An ICAST-NH Based Survey', Child Abuse and Neglect 89, 87-98.

Lesko, Nancy , M A Chacko, and S Khoja-Moolji. . 'The Promises of Empowered Girls', in J Wyn and H Cahill (eds), Handbook of Children and Youth Studies, Singapore: Springer, 35-48.

Lindberg, Anna. 2001. Experience and Identity: A Historical Account of Class, Caste and Gender among the Cashew Workers of Kerala, 1930-2000. Lund: Department of History, University of Lund.--- 2014. 'Child Marriage in Late Travancore Religion, Modernity and Change', Economic and Political Weekly xlix no 17, Review of Women's Studies, 79-87.Lukose, Ritty A. 2005. 'Consuming Globalization: Youth and Gender in Kerala, India', https://repository.upenn.edu/cgi/viewcontent.cgi?article=1029&context=gse_pubs , accessed 17 March 2020.Mahadevan, K; Sumangala, M. 1987. Social Development, Cultural Change and Fertility Decline: A Study of Fertility Change in Kerala, New Delhi: Sage. മഹിള . 1932. 'സന്താന നിയന്ത്രണം' Vol 12, 11-12, 373.മാത്തൻ, റവ. ജോർജ്ജ്. 1865. 'മരുമക്കത്തായത്താലുള്ള ദോഷങ്ങൾ' (The Evils of Matriliny), വിദ്യാസംഗ്രഹം 1, 5, 345-52.Mathew, Leya. 2016.'Aspiring India: The Politics of Mothering, Education Reforms, and English' , Publicly Accessible Penn Dissertations. 1885.https://repository.upenn.edu/edissertations/1885 , accessed 15 March 2020.Mathew, Phillip, K.M. 2005. 'Attitudes of Adolescent Students in Thiruvananthapuramtowards Gender, Sexuality, Sexual and Reproductive Health and Rights', Thiruvananthapuram: Achutha Menon Centre for Health Science Studies, Sree Chitra Tirunal Institute for Medical Sciences and Technology.

മേനോൻ, കോമാട്ടിൽ പാടു .1892/1985. ലക്ഷ്മീകേശവം, ജോർജ് ഇരുംബയം (എഡി.) നാലു നോവലുകൾ, തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി.

നായർ, ചെറുവലത്തു ചാത്തു. 1890/1990. മീനാക്ഷി , തൃശ്ശൂർ: കേരളസാഹിത്യ അക്കദമി.

Nieuwenhuys, Olga. 1994. Children's Lifeworlds: Gender, Welfare and Labour in the Developing World, London and New York: Routledge.

---- 1995. 'The Domestic Economy and the Exploitation of Children's Work: The Case of Kerala', The International Journal of Children's Rights 3: 213-25.

---- 1998. 'Global Childhood and the Politics of Contempt', Childhood 23, 3, 267-89.

Ortiz, Celia, C Bishai, J Rashid, Z Khan. 2013. 'Child-Friendly Local Governance in Kerala: A Case-Study of Two Panchayats', Thrissur: Knowledge Community on Children in India, KILA. https://www.panchayatgyan.gov.in/documents/30336/0/1+KCCI+KeralaLocalGovernance+final.pdf/fd469601-d074-4aa7-b885-9335dba81059 , accessed 15 March 2020.

Osella, Filippo and Caroline Osella. 2000. Social Mobility in Kerala: Modernity and Identity in Conflict. London: Pluto Press.

Rajan, S Irudaya and U S Mishra. 2017. 'Demographic Dynamics and Labour Force, Draft Thematic Paper I, ILO, http://cds.edu/wp-content/uploads/2018/05/ILO-CDS-Thematic-Paper-1.pdf , accessed, 17 March 2020.

Raman, Vasanthi. 2000. 'Politics of Childhood: Perspectives from the South', Economic and Political Weekly 35,46, 4055-64. Row, T. Madava. 1889. Hints on the Training of Native Children, Kottayam: CMS Press, 1889.

Sealy, A F. 1890/1993 . Circular No. 26 regarding Corporal Punishment, Jul. 1890. Reprinted in The Archives Treasury, Thiruvananthapuram: Kerala State Archives, 99-100. Sen, Rekha Sharma and Silpa Pandit. 2013. 'Exploring Vatsalyam: The Emotion of Love for the Child', Psychology and Developing Societies 25, 1, 165-93, Available from: https://www.researchgate.net/publication/270486558_Exploring_Vatsalyam_The_Emotion_of_Love_for_the_Child [accessed Mar 12 2020].Seymour, S C. 1999. Women, Family and Children in India: A World in Transition, Cambridge: CUP.Shanahan, S. 2007. 'Lost and Found: The Sociological Ambivalence Towards Childhood', Annual Review of Sociology 33, 407-28.Sharma, D (ed). 2003. Childhood, Family and Socio-Cultural Change in India: Reinterpreting the Inner World, New Delhi: OUP.Sreekumar, Sharmila. 2009. Scripting Lives: Narratives of 'Dominant Women' in Kerala, New Delhi: Orient Blackswan.

Sriprakash, Arathi, Peter Sutoris, Kevin Myers. 2019. 'The Science of Childhood and the Pedagogy of the State: Postcolonial Development in India, 1950s', Journal of Historical Sociology 32, 345-59.Stearns, Peter. 2006. Childhood in World History, Abingdon: Routledge.
തളിക്കുളം, കെ എസ് കെ. 1963. 'പൂമൊട്ടുകൾ', അമ്മുവിന്റെ ആട്ടിൻകുട്ടി, തൃശ്ശൂർ: കറന്റ് ബുക്‌സ്.Thampi, Binitha V. 2007. 'Economic Role of Women and Its Impact on Child Health and Care: A Study in Kerala', PhD thesis submitted to ISEC, Bangalore.

Topdar, Sudipa. 2015. 'Duties of a 'Good Citizen': Colonial Secondary School Textbook Policies in Late Nineteenth Century India', South Asian History of Culture 6, 3, 417-39.

Tuli, Mila and N Chaudhary. 2010. 'Elective Interdependence: Understanding Individual Agency and Interpersonal Relationships in Indian Families', Culture and Psychology 16, 4, 477-96.

Udayabhanu, A P. 1967. 'Entoru Jeevitamanu Ningal Enikku Tannatu'(What a Life have You Given Me), Mathrubhumi 19 September, 4.

Uberoi,P. 2007. Freedom and Destiny: Gender, Family, and Popular Culture in India, New Delhi: OUP.Zehavi, Ohad. 2018. 'Becoming-Woman, Becoming Child: A Joint Political Programme', in Feminism and the Politics of Childhood, R Rosen and K Twamley (eds), London: UCL Press, 241-56.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments