അശ്വവേഗങ്ങൾ കീഴടക്കിയ ജാമി, മെൽബൺ കപ്പിലെ പെൺവിജയം

“2023-ൽ കുതിരപ്പുറത്ത് നിന്ന് വീണ് അതിഗുരുതര പരിക്കുകളോടെ കുറേദിവസം കോമയിൽ കിടന്നിട്ടുണ്ട് ജാമി. അവിടെ നിന്നാണ് ഫീനിക്സ് പറവ പോൽ വന്ന് ജാമി അശ്വവേഗങ്ങൾ കീഴടക്കി മെൽബൺ കപ്പിൽ വിജയം നേടിയത്.” ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

രാത്രി വൈകിയാണ് കിടന്നത്. എന്നിട്ടും നേരത്തെ ഉറക്കമുണർന്നു. അവധി ദിവസമായതുകൊണ്ട് കാപ്പിയും ഫോണുമായി ഞാൻ ബാൽക്കണിയിലിരുന്നു. ഓഗസ്റ്റ് 31-ന് ഔദ്യോഗിക കാലാവധി തീർന്നിട്ടും വിട്ടുപോകില്ലെന്ന ശൈത്യത്തിന്റെ പിടിവാശിക്ക് മുമ്പിൽ പരിഭവിച്ചു മങ്ങി നിൽക്കുകയാണ് പ്രഭാതം. 'നവംബർ വന്നു കഴിഞ്ഞു, ഇനി ഒരു മാസവും കൂടെ കഴിഞ്ഞാൽ വേനൽക്കാലമാകും. ഇതിനിടയിൽ ഞങ്ങൾ എപ്പോൾ വിടരും?' എന്റെ അയൽക്കാരൻ ചാർളിയുടെ മുറ്റത്തെ റോസാപ്പൂമൊട്ടുകളുടെ ദുഖം എനിക്ക് കാണാം. ഇതൊന്നും ഒരു പ്രശ്നമല്ലെന്ന മട്ടിൽ 12 ഡിഗ്രി താപനിലയിൽ തുടരുകയാണ് ശൈത്യം.

ഈ സന്ദർഭത്തിൽ ചൂടുള്ള കാപ്പിയാണ് ഒരു ആശ്വാസം. ചായയായിരുന്നു പതിവ്. ഒരു നേരം ചായ മിസ്സ് ആയാൽ തലവേദന വരുമെന്ന സ്ഥിതിയായപ്പോൾ കാപ്പിയിലോട്ട് മാറി. 3 ശതമാനം മാത്രം Caffeine ഉള്ള Decaffeinated Coffee (Decaf). ചായയാലും കാപ്പിയായാലും കൽപ്പിക്കരുത്. കുടിക്കണമെന്ന് എനിക്ക് തോന്നുമ്പോഴെ കുടിക്കൂ. എന്നാൽ വെറും വെള്ളം കുടിക്കുന്ന വിരസത മാറ്റുകയും, ഡിഅഡിക്ഷൻ സംഭവിക്കുകയും വേണം. കഫീൻ കുറഞ്ഞാലും കാപ്പിയുടെ ഹെൽത്ത് ബെനിഫിറ്റ്‌സ് ആയ ആന്റിഓക്സിഡന്റ്സ് ലഭിക്കുന്നുവെന്നതാണ് Decaf-ന്റെ മെച്ചം.

ആ സമയത്താണ് ഒരു കുതിരവണ്ടി സ്ട്രീറ്റിലൂടെ പോകുന്നത്. കുതിര കൊണ്ടുപോകുന്ന വണ്ടിയല്ല, കുതിരയെ കൊണ്ടുപോകുന്ന സ്പെഷ്യൽ വാഹനം. ശകടം അധികം ശബ്ദമില്ലാതെ കടന്നുപോയി. പക്ഷേ എന്റെ ചിന്തകൾ അശ്വമയമായി.

ഈ കുതിരക്കെങ്ങിനെ ഇത്ര സ്പീഡ് വന്നു?

നാലഞ്ച് കുതിരകളെ പരിപാലിക്കുക എന്നത് ഒരു ഹോബിയായി മാറ്റിയ നേഴ്സ് ബെവേർലി (ബെവ്‌) ആണ് ഒരിക്കൽ ആ കഥ പറഞ്ഞത്.

കുതിരയുടെ പൂർവികനായ Eohippus-ന് നാല് വിരലുകൾ മുൻപാദത്തിലും മൂന്നെണ്ണം പിന്നിലുമുണ്ടായിരുന്നു. ഇതെല്ലാം ഒട്ടിച്ചേർന്ന് ഒറ്റ കുളമ്പായി കുതിരയിൽ. കാലുകൾക്ക് വണ്ണം കുറഞ്ഞു, ശ്വാസകോശം വികസിച്ചു, എല്ലിന്റെ ഘടനമാറി, പിന്നെ പല്ലുകൾ സ്ട്രോങ്ങ് ആയപ്പോൾ നല്ല ഒന്നാന്തരം പോഷകസമൃദ്ധമായ പുല്ല് തിന്നാൻ പറ്റി. ഇതെല്ലാം കുതിരകളുടെ സ്റ്റാമിനയും, സ്പീഡും കൂട്ടി. അനന്തരം അറേബ്യൻ സ്റ്റാലിയോൺസും, യൂറോപ്യൻ കുതിരകളും ചേർന്ന മനുഷ്യനിർമ്മിതമായ സങ്കരവർഗ്ഗം വന്നു.

അതിപുരാതനകാലത്ത് കുതിരകളെ കൊന്ന് തിന്നിരുന്ന മനുഷ്യൻ പിന്നീട് അവയെ യുദ്ധത്തിനും, ഗതാഗതത്തിനും ഉപയോഗിക്കാൻ തുടങ്ങി. ടെക്നോളോജി വന്നതോടെ കുതിരകൾ ഹോബിക്കും, ടൂറിസത്തിനും, മത്സരത്തിനും, പന്തയത്തിനും മാത്രമായി.

വിഷയം കുതിരയായത് യാദൃച്ഛികമല്ലായിരുന്നു. അവധി കിട്ടാൻ കാരണം കുതിരയാണ്. വിക്ടോറിയ സംസ്ഥാനത്തെ കുതിരയോട്ടമത്സരം, മെൽബൺ കപ്പ്. പൊതു അവധിയാണ്.

"ആത്യന്തികമായി അതൊരു ചൂതാട്ടമാണ്. കൂടെ ഫാഷനും, ഫെസ്റ്റിവൽ മൂഡും ഗ്ളാമറും, അത്‍ലറ്റിക്‌സും"

ബെവ് പറഞ്ഞതിൽ ശരിയുണ്ട്. നിയമവിധേയമായ ചൂതാട്ടങ്ങളിൽ; സ്പോർട്സ് ആൻഡ് റേസ് ബെറ്റിങ്, കാസിനോകളിലും, ക്ളബുകളിലുമുള്ള ഇലക്ട്രോണിക് ഗാബിളിംഗ് മെഷീൻസ്, ലോട്ടറീസ്.., ഓസ്‌ട്രേലിയൻസ് നഷ്ടപ്പെടുത്തുന്നത് ഒരു കൊല്ലം 31.5 ബില്യൺ ഡോളർ ആണ്.

ടിക്കറ്റ് വില, മീഡിയ റൈറ്റ്സ്, സ്‌പോൺസർഷിപ്പ്, ഡ്രിങ്ക്‌സ്-ഫുഡ്-ഫാൻസി ഐറ്റം വിൽപ്പന എന്നിവയെക്കാൾ മെൽബൺ കപ്പിന്റെയെന്നല്ല ഏതൊരു ഹോഴ്സ് റേസിന്റെയും വരുമാനം കുതിരകൾക്ക് മേൽ വെക്കുന്ന പന്തയത്തുകയാണ്.

"മെൽബൺ കപ്പിൽ പങ്കെടുക്കുന്ന കുതിരകളുടെ സുരക്ഷ ഉറപ്പുവരുത്താൻ കർശനമായ ചട്ടങ്ങൾ ഉടമകൾ പാലിക്കേണ്ടതുണ്ട്. മത്സരത്തിന് മുമ്പ് കുതിരയുടെ നാല് കാലുകളുടെയും സിടി സ്കാനെടുത്ത് പരുക്ക് പറ്റാനുള്ള സാദ്ധ്യതയില്ലെന്ന് സ്വതന്ത്രമായ ഇന്റർനാഷണൽ വെറ്ററിനറി വിദഗ്ധരുടെ കമ്മിറ്റി സർട്ടിഫൈ ചെയ്യണം. സി.ടി യിൽ സംശയമുണ്ടെങ്കിൽ ചിലവേറിയ PET സ്കാൻ ചെയ്യണം.

ഒന്നാം സ്ഥാനത്തെത്തുന്ന കുതിരയ്ക്ക് 45 ലക്ഷം ഡോളർ കിട്ടും, 85% ഉടമസ്ഥന്. 10% ട്രെയിനർക്ക്. 5%-വും പ്രശസ്തിയും കുതിരയെ ഓടിച്ച ആൾക്ക്. 24 കുതിരകളുണ്ടാകും. ലാസ്‌റ്റായാലും ഒരു ലക്ഷം കിട്ടും. പിന്നെ മെൽബൺ കപ്പിൽ സോഷ്യലിസം ഉണ്ട്.
ഒന്നാം സ്ഥാനത്തെത്തുന്ന കുതിരയ്ക്ക് 45 ലക്ഷം ഡോളർ കിട്ടും, 85% ഉടമസ്ഥന്. 10% ട്രെയിനർക്ക്. 5%-വും പ്രശസ്തിയും കുതിരയെ ഓടിച്ച ആൾക്ക്. 24 കുതിരകളുണ്ടാകും. ലാസ്‌റ്റായാലും ഒരു ലക്ഷം കിട്ടും. പിന്നെ മെൽബൺ കപ്പിൽ സോഷ്യലിസം ഉണ്ട്.

വിദേശത്തുള്ള കുതിരകൾക്ക് ഇതൊക്കെ കൂടാതെ അസുഖമില്ലെന്ന് ഉറപ്പുവരുത്താൻ ക്വാറന്റീനും വേണം. മത്സരത്തിന് മുമ്പായി വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തണം. ചാട്ടവാർ ഉപയോഗിക്കുന്നതും ചട്ടങ്ങൾ അനുസരിച്ച് മാത്രം, മൃഗസ്നേഹികൾ അംഗീകരിച്ചിട്ടില്ലെങ്കിലും. ഒരു കുതിരയെ മത്സരത്തിന് പാകമാക്കണമെങ്കിൽ ഉടമസ്ഥൻ ഒരു കൊല്ലം ഏതാണ്ട് 50000 ഡോളർ ചിലവാക്കണം. ഓസ്‌ട്രേലിയയിലെ മൊത്തം പ്രൈസ് മണി ഒരു ബില്യൺ ഡോളർ വരും. ഓടാൻ 38000 കുതിരകളും"

"പിന്നെന്താണ് മെൽബൺ കപ്പിന്റെ ഗ്ളാമർ?"

"ഒന്നാം സ്ഥാനത്തെത്തുന്ന കുതിരയ്ക്ക് 45 ലക്ഷം ഡോളർ കിട്ടും, 85% ഉടമസ്ഥന്. 10% ട്രെയിനർക്ക്. 5%-വും പ്രശസ്തിയും കുതിരയെ ഓടിച്ച ആൾക്ക്. 24 കുതിരകളുണ്ടാകും. ലാസ്‌റ്റായാലും ഒരു ലക്ഷം കിട്ടും. പിന്നെ മെൽബൺ കപ്പിൽ സോഷ്യലിസം ഉണ്ട്"

"ഇന്ററസ്റ്റിംഗ്"

"നല്ല ട്രാക്ക് റെക്കോർഡുള്ള കുതിര കൂടുതൽ വെയ്റ്റ് എടുത്ത് ഓടണം, അത്ര മിടുക്കില്ലാത്ത കുതിര കുറഞ്ഞ വെയ്റ്റ് എടുത്താൽ മതി. ഭാരം തീരുമാനിക്കാൻ ഫോർമുലയും, എക്സ്പെർട്ട്സുമുണ്ട്‌. ആയതിനാൽ മെൽബൺ കപ്പ് ഒരു ഹാൻഡികാപ്പ്ഡ് റേസ് ആണ്"

"ഹാൻഡികാപ്പ്ഡ്?"

"Handicap എന്ന ഇംഗ്ലീഷ് വാക്കിന് ഒരർത്ഥമല്ല. ആവശ്യമായ ഒരു സംഗതി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ശരീരത്തിന് ഹാൻഡികാപ്പ്. ഹോഴ്സ് റേസ് പോലുള്ള ചിലതരം സ്പോർട്സിൽ ഇത് വിജയസാധ്യത തുല്യമാക്കുന്നതിനായി, മികച്ച എതിരാളിക്ക് നൽകുന്ന മനഃപൂർവമായ പോരായ്മ (ഉദാ. അധിക ഭാരം, സ്ട്രോക്കുകൾ അല്ലെങ്കിൽ സമയം), അല്ലെങ്കിൽ ദുർബലനായ എതിരാളിക്ക് നൽകുന്ന ഒരു മുൻതൂക്കം ആണ്. പഴയൊരു കച്ചവട സമ്പ്രദായത്തിൽ നിന്ന് വന്നതാണ് ഹാൻഡികാപ്പ്.

പതിനേഴാം നൂറ്റാണ്ടിന്റെ പരിസരത്തുള്ള ഇംഗ്ലണ്ടിൽ ആളുകൾ സാധനങ്ങളാണ് (Goods) പരസ്പരം കച്ചവടം ചെയ്തിരുന്നത്. ഒരേ മൂല്യമാണോ രണ്ട് പേർ കൈമാറ്റം ചെയ്യുന്ന സാധന-സാമഗ്രികൾക്കെന്ന് ഉറപ്പിക്കാൻ ഒരു മൂന്നാമൻ (അമ്പയർ) ഉണ്ടാകും. തീരുമാനം നിഷ്പക്ഷമാകുമെന്ന് ഉറപ്പിക്കാൻ മൂന്ന് കൂട്ടരും ചെറിയൊരു തുക ഒരു തൊപ്പിയിലിടും. തീരുമാനത്തിന്റെ മെറിറ്റനുസരിച്ച് ഈ തുക ആർക്കെന്ന് തീരുമാനിക്കപ്പെടും. അവരത് കൈയിട്ട് തൊപ്പിയിൽ നിന്നെടുക്കും, അങ്ങനെയാണ് ഹാൻഡികാപ് (Hand-in -cap) വന്നത്."

"മെൽബൺ കപ്പ് ഏറ്റവും സമ്പത്തുള്ള ഹാന്ഡികാപ്പ്ഡ് റേസ് ആണ്."

അപ്പോഴേക്കും മഴ വന്നു. കാറ്റും. ഐസിന്റെ തണുപ്പാണ് മഴത്തുള്ളികൾക്ക്. ആ തണുപ്പ് വീണപ്പോൾ ചിന്തയിൽ നിന്ന് നേഴ്‌സ് ബെവ് പോയി. ബാൽക്കണി ഇനി ഒരു ഓപ്ഷൻ അല്ല. അകത്തിരിക്കാനേ പറ്റൂ.

വായനയും അല്ലറ ചില്ലറ വീട്ടുപണികളും, ഉച്ചയുറക്കവുമായി നേരം പോയി.

വൈകുന്നേരം Jamie Melham എന്ന പെൺജോക്കി മെൽബൺ കപ്പ് നേടി. 2023-ൽ കുതിരപ്പുറത്ത് നിന്ന് വീണ് അതിഗുരുതര പരിക്കുകളോടെ കുറേദിവസം കോമയിൽ കിടന്നിട്ടുണ്ട് ജാമി. അവിടെ നിന്നാണ് ഫീനിക്സ് പറവ പോൽ വന്ന് ജാമി അശ്വവേഗങ്ങൾ കീഴടക്കിയത്. ജാമിയുടെ ഭർത്താവ് ഓടിച്ച കുതിരക്കായിരുന്നു പതിനാലാം സ്ഥാനം. കുറച്ച് ദിവസം മുൻപ് നടന്ന വേറൊരു വമ്പൻ റേസിലും ജാമിക്ക് തന്നെയായിരുന്നു വിജയം. ആണുങ്ങൾ അടക്കി ഭരിക്കുന്ന കുതിരയോട്ട മൈതാനങ്ങളിൽ പെൺവിജയം അപൂർവ്വമാണ്. ലോകത്ത് തന്നെ വൻവിജയം നേടിയിട്ടുള്ള പെൺജോക്കിമാർ ജാമിയടക്കം അഞ്ചു പേർ മാത്രം.

 Jamie Melham
Jamie Melham

രാത്രി വാർത്താവലോകനത്തിൽ ആദ്യം ജാമി വന്നു. പിന്നെ തലേദിവസം ലോകകപ്പ് നേടിയ ഇന്ത്യൻ ലേഡീസും. വനിതകൾക്കെല്ലാം ലാവിഷായി മനസ്സിൽ കൈയടി കൊടുത്ത് എണീറ്റപ്പോൾ പ്രകാശിന്റെ കോൾ.

"ഇന്നലെ പോയോ സിനിമക്ക്?"

"അതല്ലേ മാഷേ ഇന്നലെ ഉറങ്ങാൻ വൈകിയത്?"

"എങ്ങനെയുണ്ട് Dies Irae?" പ്രകാശൻ കണ്ടതാണ്. എന്റെ അഭിപ്രായം അറിയാൻ മാത്രമാണീ ചോദ്യം.

"അവസാന സീനിൽ കഥാപാത്രം രോഹൻ എയർപോർട്ടിലേക്ക് പോകും മുമ്പ് കിടക്ക കുടഞ്ഞ് വിരിക്കുന്നുണ്ടല്ലോ? ആകാംക്ഷാഭരിതമായ നിമിഷങ്ങളിൽ മരിച്ച് പോയ കഥാപാത്രം കനി കിടക്ക വിരിക്കുള്ളിലൂടെ ഉയർന്നു വരുന്നു. അപ്പോൾ രോഹൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, “What the f***!”. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സീനിൽ നോക്കി ഞാനിത് രണ്ട് മൂന്ന് പ്രാവശ്യം ശബ്ദരഹിതമായി ചോദിച്ചു"

"പോസിറ്റിവ് ആയിട്ടോ, നെഗറ്റീവ് ആയിട്ടോ?''

"അത് ഞാൻ പ്രകാശന്റെ തീരുമാനത്തിന് വിട്ടു തരുന്നു"

"കം ഓൺ"

"അഭിപ്രായം പറഞ്ഞുകഴിഞ്ഞാൽ കേൾക്കുന്നവരാണല്ലോ വിലയിരുത്തേണ്ടത്?"

പ്രകാശൻ ഗുഡ് നൈറ്റ് പറഞ്ഞ് ചിരിച്ചു. ആ ചിരിയും ഒരു പ്രേക്ഷകന്റെ പ്രതികരണമാണ്.

രണ്ട് ദിവസം കഴിഞ്ഞ് ഞാൻ എഴുതാനിരുന്നപ്പോഴാണ് കോളിംഗ് ബെൽ മ്യൂസിക്. ഇന്റർകോമിൽ ചാർളിയുടെ മുഖം.

വാതിൽ തുറന്നപ്പോൾ ഒരുപിടി ചോക്ലേറ്റും, ചാർളിയുടെ സന്തോഷം നിറഞ്ഞ ചിരിയും.

"എന്താണ് ചാർളി, റോസാപ്പൂ വിരിഞ്ഞോ?" മേപ്പിൾ മരത്തിന്റെ ഇലകൾക്ക് കളർ വന്നാലും, സിട്രസ് മരം കായ്ച്ചാലും ആനന്ദം പങ്കിടുന്ന ആളാണ് ചാർളി.

"റോസയല്ല, ഡെമോക്രസിയിൽ ഒരു സോഷ്യലിസ്റ്റ് പുഷ്പം വിടർന്നിരിക്കുന്നു. അയാൾക്ക് എന്റെ ഇളയ മകന്റെ പ്രായമേയുള്ളുവെന്നേയ്" അപ്പോൾ അതാണ് കാര്യം. ട്രംപ് ജയിച്ച സമയത്ത് ജാനറ്റ് പറഞ്ഞതോർത്തു, "ചാർളി ദുഖാചാരണത്തിലാണ്, ചിലപ്പോ ഒരാഴ്ച്ച പിടിക്കും പുറത്തിറങ്ങാൻ"

"പ്രസന്നനറിയും, അടിസ്ഥാനപരമായ കണ്ടുപിടുത്തങ്ങളിൽ, മനുഷ്യന് ആയുസ്സ് കൂട്ടികൊടുത്തവയിൽ പ്രധാനപ്പെട്ടതാണ്...?"

"മോഡേൺ ടോയ്‌ലെറ്റ്സ്, സാനിറ്റേഷൻ, വാക്സിൻസ്" ചാർളി എന്താണ് വിഷയം മാറ്റിയതെന്ന കൺഫ്യൂഷനിലും ഞാൻ ഉത്തരം പറഞ്ഞു.

"യെസ്, മലിനജല സംവിധാനവും" ചാർളി ആവേശത്തിലായി. അവിടന്നാണ് ചാർളി ചരിത്രത്തിലേക്ക് കടന്നത്.

1910 മുതൽ 1960 വരെ മിൽവോക്കി (Milwaukee) നഗരം സോഷ്യലിസ്റ്റുകളെ പ്രണയിച്ചു. അവരിൽ നിന്ന് മേയർമാരുണ്ടായി. അവരാണ് ആദ്യമായി സ്റ്റേറ്റ് ബസ്സ് സർവീസ് ആരംഭിച്ചത്, പബ്ലിക് ഹൗസിങ് കൊണ്ടുവന്നത്, മലിനജലനിർമ്മാർജ്ജനപദ്ധതി (sewer and sanitation systems) നടപ്പാക്കിയത്. അതുകൊണ്ട് അവരെ കളിയാക്കി sewer socialists എന്ന് വിളിച്ചു. 1960-കൾക്കപ്പുറം അവർക്ക് വംശനാശം സംഭവിച്ചു. പിന്നെ Bernie Sanders-നെ പോലെ ഒന്നോ രണ്ടോ പേർ പ്രതീക്ഷ നൽകി.

മിൽവോക്കി  നഗരം
മിൽവോക്കി നഗരം

ട്രംപിസമെന്നത് ഒരു സാംക്രമികരോഗമായി മാറുമോയെന്ന ഭീതിയിലേക്കാണ്, 'ഇന്ന് വൈകുന്നേരം നമ്മുടെ നഗരത്തിന് മുകളിൽ സൂര്യൻ അസ്തമിച്ചിരിക്കാം, പക്ഷേ യൂജിൻ ഡെബ്സ് ഒരിക്കൽ പറഞ്ഞതുപോലെ: എനിക്ക് കാണാൻ കഴിയുന്നത് മനുഷ്യരാശിക്ക് വേണ്ടിയുള്ള ഒരു നല്ല നാളെയുടെ ഉദയമാണ് (The sun may have set over our city this evening, but as Eugene Debs once said: “I can see the dawn of a better day for humanity). നിങ്ങൾ വോള്യം കൂട്ടിവെച്ചോളു, വാക്കുകൾ വന്നുകഴിഞ്ഞു." എന്നുറക്കെ പറഞ്ഞ് Zohran Mamdani കടന്നുവരുന്നത്.

ചാർളിയുടെ കൈയിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, പ്രതീക്ഷയും നുണഞ്ഞുകൊണ്ട് ഞാൻ വീണ്ടും എഴുതാനിരുന്നു.

Cheers!


Summary: Dr. Prasannan P.A writes about Jamie Melham's victory in Melbourne Cup. Good Evening Friday column continues from Australia.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments