“ഭൂമദ്ധ്യരേഖയുടെ സാമീപ്യം കാരണം സൂര്യതാപത്തിന് പഞ്ഞമില്ലാത്ത രാജ്യമാണ് എന്റേത്," രംഗം കോലാലമ്പൂരിലെ ട്രാൻസിറ്റ് ലോഞ്ച്. ഡ്യൂട്ടിഫ്രീ ഷോപ്പിൽ പോയാൽ എന്തെങ്കിലുമൊക്കെ വാങ്ങാനുള്ള പ്രേരണ വരും. പിന്നെയുള്ളത് റസ്റ്റോറന്റാണ്. അവിടത്തെ മണവും, സ്വാദും ഡയറ്റിങ്ങിനെ തകിടം മറിക്കും. ആയതിനാൽ ഒരു കോർണർ സീറ്റിലിരുന്ന് ടോട്ടലി ഫ്രീ ആയ ‘പീപ്പിൾ വാച്ചിങ്’ മാന്യമായ രീതിയിൽ നടത്തികൊണ്ടിരിക്കുകയായിരുന്നു ഞാൻ. എന്റെ തൊട്ടടുത്ത സീറ്റിലേക്ക് നാൽപ്പത് വയസ്സിന്റെ മോഡേൺ ലുക്കും, ഹലോ എന്ന ഫുൾ സ്ക്രീൻ ചിരിയുമായി വന്നതാണ് മരിയ. സംഭാഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ എന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ഭൂമദ്ധ്യരേഖ കടന്നുപോയത്.
"ബ്രസീൽ, കെനിയ, ഇക്വഡോർ, ഇന്തോനേഷ്യ...?" ജനറൽ നോളേജ് സ്റ്റോക്ക് തീർന്നപ്പോൾ ഞാൻ പോസ് അമർത്തി.
"യെസ്, ഐ ആം എ നിക്കി (Nikkei)" എന്റെ നാട്ടുകാരിയായ സിനിമാതാരത്തിനെ പോൽ മരിയ കണ്ണിറുക്കി. എന്നിട്ട് എനിക്ക് കാര്യം പിടി കിട്ടാൻ പോകുന്നില്ലെന്ന മട്ടിൽ ഒരു നേരിയ ചിരിയും.
സെറ്റിങ്സ് അപ്പ്റ്റുഡേറ്റ് ആയിട്ടുള്ള ഗൂഗിൾ അസ്സിസ്റ്റന്റുമായി സഞ്ചരിക്കുന്ന ന്യൂജെൻ മിഡിൽ ഓർഡർ ബാറ്റർ (ജീവിതമാകുന്ന ക്രീസിൽ) ആണ് ഞാനെന്ന നൂതനസത്യം മരിയ മനസ്സിലാക്കിയില്ല.
"ജപ്പാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജാപ്പനീസ് താവഴിയിലുള്ള മനുഷ്യർ ഉള്ളത് സാവോ പോളോ നഗരത്തിലാണ് മരിയ," ബ്രസീലിലുള്ള രണ്ട് മില്യൺ ജപ്പാൻ വംശജരെയാണ് നിക്കി എന്ന് വിളിക്കുന്നത് എന്ന എന്റെ അറിവിനുള്ള അനൽപ്പമായ അംഗീകാരമായിരുന്നു മരിയയുടെ പിന്നത്തെ പുഞ്ചിരി.

"എന്നാൽ എന്റെ ബോയ്ഫ്രണ്ടിന്റെ അമ്മയുടെ അച്ഛൻ ഫ്രം ഓൾഡ് ജപ്പാൻ, അച്ഛന്റെ അമ്മ പോർട്ടുഗീസ്, മുത്തച്ഛൻ വന്നത് ലബനോണിൽ നിന്ന്."
സത്യത്തിൽ ബ്രസീലിന്റെ ജപ്പാൻ ആൻഡ് ലബനോൺ ബന്ധം എനിക്ക് അദ്ഭുതമായിരുന്നു.
"1800-കളുടെ അവസാനം. അടിമത്തം അവസാനിപ്പിച്ചപ്പോൾ കാപ്പിത്തോട്ടങ്ങളിൽ പണിയെടുക്കാൻ ബ്രസീലിൽ ആളില്ലാതെ വന്നു. ജപ്പാനിലാണെങ്കിൽ ആ സമയത്ത് ജനപ്പെരുപ്പം. കൃഷി ചെയ്യാൻ ആവശ്യത്തിന് സ്ഥലമില്ല. പട്ടിണി. അങ്ങനെയാണ് ജപ്പാൻകാരുടെ ആദ്യ കുടിയേറ്റം. Meiji ചക്രവർത്തി, അത് കഴിഞ്ഞ് Taisho ചക്രവർത്തിയുടെ കാലം. ഗ്രാമങ്ങൾ തഴയപ്പെട്ടു. അപ്പോഴും ആളുകൾ ജപ്പാൻ വിട്ടുപോയി. പിന്നെ സെക്കൻഡ് വേൾഡ് വാർ കഴിഞ്ഞ് ജപ്പാൻ പാപ്പരായ സമയമുണ്ടായിരുന്നു. ജപ്പാൻ ഗവണ്മെന്റ് പോകുന്നവർക്ക് വേണ്ട സഹായവും ചെയ്തുകൊടുത്തിരുന്നു"
"എന്തൊരു രാജ്യമായിരുന്നു ലബനോൺ. 1950-കളിൽ പാരീസിനേക്കാൾ ഗ്ലാമറായിരുന്നു ബെയ്റൂട്ടിന്. എപ്പോഴാണ് ലെബനീസ് പീപ്പിൾ ബ്രസീലിൽ പോയത്?"
"ഓട്ടോമൻകാരുടെ ഭരണകാലത്ത്, പിന്നെ സിവിൽ വാറിൽ ലബനോൺ തകർന്ന് തരിപ്പണമായപ്പോൾ"
ലബനോണിന്റെ ഇന്നത്തെ ജനസംഖ്യ 5.5 മില്യൺ, ബ്രസീലിൽ ലബനോണിൽ നിന്ന് വന്നവരുടെ പിൻതലമുറ വളർന്ന് 7-10 മില്യൺ ആയിരിക്കുന്നു.
അവിടെയുണ്ടായിരുന്ന ആദിമ മനുഷ്യർ, കോളോണിയലിസ്റ്റുകളായ പോർച്ചുഗീസുകാർ, അവരുടെ കൂടെ വന്ന യൂറോപ്യൻസ്, അടിമത്തത്തിൽ നിന്ന് മോചിതരായ ആഫ്രിക്കൻസ്, പിന്നെ ഇവരുടെയൊക്കെ സങ്കരമായ Pardo എന്ന് പേരുള്ളവരൊക്കെ ചേർന്നതാണ് ബ്രസീലിയൻസ് എന്ന എന്റെ അറിവിലേക്ക് അങ്ങനെ ജപ്പാൻകാരും ലെബനീസ് ജനതയും കടന്നു വന്നു. യുദ്ധാനന്തരം കുതിച്ചുയർന്ന ജപ്പാൻ, യാഥാർഥ്യങ്ങൾക്ക് മുമ്പിൽ ഇന്നും പകച്ച് നിൽക്കുന്ന ലബനോൺ!
എന്റെ ആലോചനയിൽ സംഘർഷഭരിതമായ ബെയ്‌റൂട്ട് ആയിരുന്നു. തത്ഫലമായി കുറച്ചു നേരത്തേക്ക് നിശബ്ദനായി പോയ ഞാൻ പിന്നെ പോയത് വൈരുദ്ധ്യങ്ങളുടെ ഒരു പ്ലാനറ്റിലേക്കായിരുന്നു. ആ യാത്ര ആരംഭിച്ചത് മരിയയുടെ ചോദ്യത്തോടെയാണ്,
"നീ ആലോചിക്കുന്നത് എന്താണെന്ന് ഞാൻ പറയട്ടെ?"
"ഗോ എഹെഡ്, മരിയ ഷെർലക് ഹോംസ്"
"അതിന് ഹോംസൊന്നും വേണ്ട, ലേശം പൊളിറ്റിക്കൽ സെൻസ് മതി"
"അതായാലും മതി, നിന്റെ ഊഹം പറയൂ"
"അന്ന് അമേരിക്കൻ ബോംബിങ്ങിൽ തകർന്നത് 60 നഗരങ്ങൾ, ടോക്കിയോ സിറ്റിയിൽ മാത്രം മരണപ്പെട്ടത് 100,000 ത്തിലധികം സാധാരണക്കാരായ മനുഷ്യർ. മിലിട്ടറിയുടെ സാന്നിദ്ധ്യമില്ലാത്ത നഗരങ്ങളിൽ എന്തിന് ബോംബിട്ടു?, ജപ്പാനെ അമേരിക്ക പരീക്ഷണശാലയാക്കുകയായിരുന്നോ, ബോംബിന്റെ വീര്യം ടെസ്റ്റ് ചെയ്യാനും, സോവിയറ്റ് യൂണിയനെ പേടിപ്പിക്കാനും? നിരുപാധികം കീഴടങ്ങാൻ തയാറായതിന് ശേഷമാണ് ഹിരോഷിമയിൽ അണുബോംബ് ഇട്ടത്. നാഗസാക്കിയിൽ ബോംബിടുമ്പോൾ മനുഷ്യർ പിടഞ്ഞ് വീഴുന്നത് കാണുന്നത് അവർക്ക് ഒരു ലഹരിയായിട്ടുണ്ടാകണം?ജപ്പാനും ജർമ്മനിയും ചെയ്തത് ഒരേ യുദ്ധമാണ്, നീതികരണമില്ലാത്ത യുദ്ധം. പക്ഷേ അമേരിക്ക ജർമ്മനിയിൽ ബോംബിട്ടില്ല. ഹിറ്റ്ലറിനോട് മാത്രമായിരുന്നു അമേരിക്കക്ക് വിരോധം, ജർമ്മൻകാരോട് സ്നേഹമായിരുന്നു. ജപ്പാനിലെ മനുഷ്യരെ മഞ്ഞ നിറമുള്ള പിശാചുക്കളെന്നും (Yellow Peril), മന്ദബുദ്ധികളെന്നുമാണ് (Racially Inferior) അമേരിക്ക ഭരിച്ചിരുന്നവർ വിളിച്ചിരുന്നത്. ഉന്മൂലനമായിരുന്നോ അമേരിക്കൻ ലക്ഷ്യം?"
അവളുടെ നിശ്വാസത്തിൽ നിറയെ ചോദ്യങ്ങളായിരുന്നു. പറഞ്ഞു നിറുത്തുമ്പോൾ മരിയ കിതയ്ക്കുന്നുണ്ടായിരുന്നുവെന്നെനിക്ക് തോന്നി.
ആ കിതപ്പിൽ ഞാൻ കേട്ടത് ഫോട്ടോഗ്രാഫറായിരുന്ന Joe O’Donnell ന്റെ വാക്കുകളായിരുന്നു, “He taught me what dignity means.”
അവൻ പത്തുവയസ്സുള്ള പയ്യനായിരുന്നു. ജോ അവനെ കാണുമ്പോൾ അവന്റെ പുറത്ത് ഒരു കൊച്ചുകുട്ടിയുണ്ടായിരുന്നു. ആ കുട്ടിയുടെ തല കെട്ടിവച്ച സഞ്ചിയിൽ നിന്ന് പുറത്തേക്ക് ചാഞ്ഞ് കിടന്നിരുന്നു. അവൻ ആരെയോ കാത്ത് അവിടെ നിന്നു. അവന്റെ കണ്ണുകൾ ദൂരെയെവിടെയോ ആയിരുന്നു. ചുണ്ടുകൾ അമർത്തിപിടിച്ചിരുന്നു. ഒരു തുള്ളി കണ്ണുനീരോ, വിതുമ്പലോ ഉണ്ടാവരുതെന്ന് തീരുമാനിച്ച പോലെയായിരുന്നു അവൻ നിന്നിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ മാസ്ക് ഇട്ട രണ്ട് മനുഷ്യർ വന്ന് സഞ്ചിയുടെ കെട്ടഴിച്ച് കുട്ടിയെ കൈയിലെടുത്തു. അവർ ആ കുട്ടിയെ കത്തിക്കൊണ്ടിരുന്ന ചിതയിലേക്ക് എടുത്ത് വെച്ചു. അപ്പോഴാണ് ആ കുട്ടി മരിച്ചിരുന്നുവെന്ന് ജോയ്ക്ക് മനസ്സിലായത്. നാഗസാക്കിയിൽ ബോംബ് വീണത് അറുപത് രാത്രികൾക്ക് മുമ്പായിരുന്നു. റേഡിയേഷൻ കൊണ്ടും പട്ടിണികൊണ്ടും മരിച്ച ലക്ഷകണക്കിന് മനുഷ്യർക്കൊപ്പം ആ കുഞ്ഞ് കത്തിത്തീരുന്നത് അവൻ വികാരരഹിതനായി നോക്കി നിന്നു.

പണ്ടെങ്ങോ കണ്ട ശ്മശാനത്തിനരികെ കാത്തുനിൽക്കുന്ന കുട്ടി (The Boy Standing by the Crematory) യുടെ ചിത്രം അവ്യക്തമായി വീണ്ടും ഞാൻ കണ്ടു.
"ഞാൻ പറഞ്ഞത് തന്നെയായിരുന്നില്ലേ നിന്റെ മനസ്സിൽ?" മരിയ വീണ്ടും ചോദിക്കുന്നു.
"യുദ്ധം മാത്രമായിരുന്നില്ല"
"പിന്നെ?"
"ഇനിയൊരു തിരിച്ചു വരവ് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വിധം തകർന്ന് തരിപ്പണമായ രാജ്യം, ക്രൂരതകൾ മാത്രം ചെയ്തിട്ടുള്ള ഒരു കൊളോണിയൽ ഭൂതകാലം, ഈയാംപാറ്റകൾ പോലെ മരിച്ചുവീണ മനുഷ്യർ, മാരിയും മരണവും ഇനിയും എത്രമേൽ വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥ. ക്ഷാമം, പട്ടിണി, ആത്മാഭിമാനം നഷ്ടപ്പെട്ട ഒരു ജനത, യുദ്ധാനന്തരം ഏഴുകൊല്ലത്തെ അമേരിക്കൻ അധിനിവേശം.., ഇതിനെയെല്ലാം ജപ്പാൻ എങ്ങനെ അതിജീവിച്ചു?"
"എല്ലാ ദുരിതങ്ങൾക്കും കാരണക്കാരായ ചക്രവർത്തിക്കും, നാശം വിതച്ചിട്ട് ഭരിക്കാനെത്തിയ അമേരിക്കയ്ക്കും എതിരെ എന്തുകൊണ്ട് ജനം കലാപം നടത്തിയില്ല എന്നതായിരിക്കും ചോദ്യം എന്നാണ് ഞാൻ കരുതിയത്"
"അങ്ങനെയൊരു ചോദ്യം തോന്നിയില്ല കേട്ടോ"
"രണ്ടര മില്യൺ സഹജീവികളാണ് മരിച്ചത്. ജനം മരവിച്ചുപോയി. പൊരുതാനുള്ള ശക്തിയില്ലായിരുന്നു. We had no strength left to hate. അതുകൊണ്ട് സമരസപ്പെട്ടു. അമേരിക്കയും, ജപ്പാനും, സോവിയറ്റ് യൂണിയനും ഉൾപ്പെട്ട ഒരു ത്രിമാനസങ്കേതത്തിലാണ് (Triangular Dynamics) യുദ്ധം ചെന്ന് നിന്നത് എന്നാണ് Tsuyoshi Hasegawa പറയുന്നത്. ‘Racing the Enemy: Stalin, Truman, and the Surrender of Japan’ എന്ന ചരിത്രപുസ്തകം അദ്ദേഹത്തിന്റേതാണ്.

Sadako Kurihara എഴുതിയ ഒരു കവിതയുണ്ട്, Bringing Forth New Life എന്ന പേരിൽ. തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ ഒരു സ്ത്രീ പ്രസവിച്ചു, ആ പ്രസവം എടുത്ത മിഡ്‌വൈഫ് അടുത്ത നിമിഷം പൊള്ളലേറ്റു മരിക്കുന്നു. കവിത ആ മിഡ്‌വൈഫ് നെ കുറിച്ചാണ്. ആ കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, Kazuko Kojima എന്നാണവളുടെ പേര്.
'Cries of a newborn child,
A young mother lying in blood
Others gave birth to death,
She gave birth to life.
The child was named, Hope' എന്നതായിരുന്നു ജപ്പാന്റെ അവസ്ഥ.
"അതിജീവനം സങ്കീർണ്ണമായിരുന്നു"
"സാധാരണക്കാരായ ജപ്പാൻകാർക്ക് ചില പ്രത്യേകതകളുണ്ട്. അവ തീർത്തും സാംസ്കാരികമാണ്. 'Wa' എന്നത് ഒരു ജാപ്പനീസ് ആശയമാണ്. അത് വളരെ സ്ട്രോങ്ങ് ആയി നിലനിന്നിരുന്നു. ഹാർമണി അഥവാ ഐക്യം, അതാണതിന്റെ പൊരുൾ. Wa ജപ്പാൻകാർക്ക് നൽകിയത് സംയമനം, സമവായം, സഹനം, സഹവർത്തിത്വം, പിന്നെ അചഞ്ചലമായ കൂറും.

'Gambaru' ആണ് അടുത്ത ആശയം. നിരന്തരവും, നിതാന്തവുമായ പരിശ്രമമായിരുന്നു ജപ്പാൻകാർ Gambaru-വിൽ നിന്ന് ഉൾക്കൊണ്ടത്. ക്ഷമയോടെ അദ്ധ്വാനിക്കാനുള്ള കരുത്താണ് 'Gaman' എന്ന സാംസ്കാരികമായ പ്രത്യേകത അവരെ പഠിപ്പിച്ചത്. അങ്ങനെയാണ് ഒരുപാട് Konosuke Matsushita കാർ ജപ്പാനിൽ ഉണ്ടായത്. അയാൾ ആദ്യം നിർമ്മിച്ചത് സാധാരണ സൈക്കിൾ ബൾബുകളായിരുന്നു. പണിയെടുത്ത് രാത്രി വൈകി വരുന്നവർക്ക് വഴിയിൽ വെളിച്ചം കിട്ടാൻ വേണ്ടി. പിന്നീട് അയാൾ Panasonic എന്ന ഇലക്ട്രോണിക് പ്രതിഭാസം തന്നെ സൃഷ്ടിച്ചു. ജപ്പാൻ സാമ്പത്തികശക്തിയായി ഉയർന്നതിൽ Panasonic ഒരു വലിയ കാരണമാണ് "
"മരിയ, നീ നന്നായി പറയുന്നു"
"ഒന്നുകൂടെ പറയാം, യുദ്ധമുണ്ടാകുന്നത് പരസ്പരമുള്ള ഭയത്തിൽ നിന്നാണ്, വെറുപ്പിൽ നിന്നാണ്, പിന്നെ അത്യാഗ്രഹങ്ങളിൽ നിന്നും. അതിജീവനം ജൈവികമാണ്, അതിന് പാരസ്പര്യത്തിന്റെ വീഥികൾ വേണം, Wa-യും, Gambaru-വും, Gaman-നും വേണം"
"യുദ്ധങ്ങളില്ലാത്ത നാളുകളിലൊന്നിൽ ഇതുപോലൊരു ട്രാൻസിറ്റിൽ ഇനിയും നമ്മൾ കണ്ടുമുട്ടുമായിരിക്കും"
"തീർച്ചയായും നമ്മൾ വീണ്ടും കാണും"
പ്രതീക്ഷകളോടെ ഞങ്ങൾ രണ്ടു ഗഗനപാതകളിലേക്ക് നടന്നു.
Cheers!!