വിദ്യാർഥികൾക്ക് നെറ്റിയിൽ കുറിയും കൈയിൽ ചരടും സ്കൂളുകൾക്ക് ജാതിപ്പേരും വേണ്ട,
ജാതിചിഹ്നങ്ങൾക്കെതിരെ തമിഴ്നാട്

സ്‌കൂളുകൾക്ക് ജാതി ചിഹ്നമോ ജാതി സൂചിപ്പിക്കുന്ന പേരോ പാടില്ല, സ്വകാര്യ സ്‌കൂളുകൾക്ക് ജാതിപ്പേരുണ്ടെങ്കിൽ നീക്കം ചെയ്യണം. നിർദ്ദേശങ്ങൾ ഹിന്ദു വിരുദ്ധമെന്ന് ബി.ജെ.പി.

Think

സ്കൂളുകളിൽ വിദ്യാർഥികൾ നെറ്റിയിൽ കുറിയിട്ടും കൈകളിൽ ചരട് കെട്ടിയും വരുന്നത് നിരോധിക്കണമെന്ന് തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് ചന്ദ്രു കമ്മിറ്റിയുടെ റിപ്പോർട്ടിൽ ശുപാർശ. സ്‌കൂളുകൾക്ക് ജാതിചിഹ്നമോ ജാതി സൂചിപ്പിക്കുന്ന പേരോ പാടില്ല, സ്വകാര്യ സ്‌കൂളുകൾക്ക് ജാതിപ്പേരുണ്ടെങ്കിൽ നീക്കം ചെയ്യണം തുടങ്ങി 20 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി- വംശീയ വികാരങ്ങൾ മൂലമുണ്ടാകുന്ന സംഘർഷം ഒഴിവാക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാർശ സമർപ്പിക്കാനാണ് തമിഴ്‌നാട് സർക്കാർ ജസ്റ്റിസ് ചന്ദ്രു കമ്മിറ്റിയെ നിയോഗിച്ചത്.

 ജസ്റ്റിസ് ചന്ദ്രു കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി സ്റ്റാലിന് സമര്‍പ്പിക്കുന്നു
ജസ്റ്റിസ് ചന്ദ്രു കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി സ്റ്റാലിന് സമര്‍പ്പിക്കുന്നു

2023 ആഗസ്റ്റിൽ തിരുനൽവേലിയിൽ പട്ടികജാതിക്കാരായ രണ്ട് സ്‌കൂൾ വിദ്യാർഥികളെ സവർണ വിഭാഗക്കാരായ സഹപാഠികൾ വെട്ടിക്കൊന്നിരുന്നു. തുടർന്നാണ് സ്‌കൂൾ- കോളേജ് വിദ്യാർഥികൾക്കിടയിൽ ജാതിയുടെ പേരിൽ വളർന്നുവരുന്ന ആക്രമണങ്ങൾ തടയുന്നതിന് നിർദേശം സമർപ്പിക്കാൻ ജസ്റ്റിസ് ചന്ദ്രുവിന്റെ നേതൃത്വത്തിൽ ഏകാംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ചന്ദ്രു കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൈമാറി.

സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പാഠ്യപദ്ധതികൾ പരിശോധിക്കാനും പരിഷ്‌കാരം നിർദേശിക്കാനും സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്തുന്ന വിവേചനരഹിതമായ പാഠ്യപദ്ധതി പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനും അക്കാദമിക് വിദഗ്ധരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്ന സോഷ്യൽ ജസ്റ്റിസ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും നിർദേശമുണ്ട്. ബി.എഡ് അടക്കമുള്ള അക്കാദിക് മേഖലകളിലും ഇത്തരം പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് സ്വാഗതാർഹമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഒരു പ്രത്യേക ജാതി വിഭാഗക്കാർ കൂടുതലുള്ള പ്രദേശങ്ങളിൽ അതേ സമുദായത്തിൽപ്പെട്ടവരെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരായി നിയമിക്കാൻ പാടില്ല. പ്രധാനാധ്യാപകർ പട്ടികവർഗ വിദ്യാർഥികളുടെ പെരുമാറ്റം പഠിച്ച് വാർഷിക റിപ്പോർട്ട് തയ്യാറാക്കണം. വിദ്യാർഥികളുടെ ഹാജർ രജിസ്റ്ററിൽ ജാതിപ്പേര് ഉൾപ്പെടുത്തരുത്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ അടുക്കളകൾ ഒഴിവാക്കണം. എല്ലാ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ഒരു കേന്ദ്രീകൃത അടുക്കള സംവിധാനം നടപ്പിലാക്കണം തുടങ്ങിയ നിർദേശങ്ങളും കമ്മിറ്റി മുന്നോട്ടുവച്ചു.

 സ്‌കൂളുകളിലും കോളേജുകളിലും അക്ഷരമാല ക്രമത്തിലായിരിക്കണം വിദ്യാർഥികളുടെ ഇരിപ്പിടം ക്രമീകരിക്കേണ്ടത്.
സ്‌കൂളുകളിലും കോളേജുകളിലും അക്ഷരമാല ക്രമത്തിലായിരിക്കണം വിദ്യാർഥികളുടെ ഇരിപ്പിടം ക്രമീകരിക്കേണ്ടത്.

ജാതിയെ സൂചിപ്പിക്കുന്ന തരത്തിലുള്ള നിറങ്ങൾ പൂശിയ സൈക്കിളിൽ വിദ്യാർഥികൾ സ്‌കൂളിലേക്ക് വരുന്നത് ഒഴിവാക്കുക, ജാതിയുമായി ബന്ധപ്പെട്ട സൂചനകൾ പ്രദർശിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ഈ നിയമങ്ങൾ പാലിക്കുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കണം. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണം.

വിദ്യാർഥികളുടെ ജാതിയെ നേരിട്ടോ അല്ലാതെയോ പരമാർശിക്കാനുള്ള അധികാരം അധ്യാപകർക്കില്ല. അതോടൊപ്പം വിദ്യാർഥികളുടെ ജാതിയെ കുറിച്ചോ ജാതിയിൽ ആരോപിക്കപ്പെടുന്ന സ്വഭാവത്തെ കുറിച്ചോ അപകീർത്തികരമായ പരാമർശങ്ങൾ നടത്താനും പാടില്ല. സ്‌കൂളുകളിലും കോളേജുകളിലും അക്ഷരമാല ക്രമത്തിലായിരിക്കണം വിദ്യാർഥികളുടെ ഇരിപ്പിടം ക്രമീകരിക്കേണ്ടത്. ജാതിവിവേചനം ഇല്ലാതാക്കുന്നതിന് സ്‌കൂളുകൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ എല്ലാ വിദ്യാർത്ഥികളെയും നിയന്ത്രിക്കുന്ന പ്രത്യേക നിയമനിർമ്മാണം നടപ്പിലാക്കണം. സ്‌കൂൾ കാമ്പസുകളിൽ വിദ്യാർഥികൾ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കണം.

ബി.ജെ.പി നേതാവ് എച്ച്. രാജ
ബി.ജെ.പി നേതാവ് എച്ച്. രാജ

ജസ്റ്റിസ് ചന്ദ്രു മുന്നോട്ടുവെച്ച പരിഷ്‌കാര നടപടികൾക്കെതിരെ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ മുന്നോട്ടുവന്നു. ഗൂഢലക്ഷ്യത്തോടെ ഹിന്ദുക്കൾക്കെതിരായ റിപ്പോർട്ടാണിതെന്നും കമ്മിറ്റി ശുപാർശകൾ തമിഴ്‌നാട് സർക്കാർ തള്ളിക്കളയണമെന്നും ബി.ജെ.പി നേതാവ് എച്ച്. രാജ ആവശ്യപ്പെട്ടു.

Comments