കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ, അമ്മ അണ്ണമ്മാൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ / ഫോട്ടോ: ഷഫീഖ് താമരശ്ശേരി

ഏറ്റുമുട്ടൽ കമാൻഡോ സേനയെ കേരളത്തിന് ആവശ്യമുണ്ടോ?

1970 ഫെബ്രുവരിയിൽ വർഗീസ് കൊല്ലപ്പെട്ട 'ഏറ്റുമുട്ടൽ' മുതൽ 2020 നവംബറിൽ വേൽമുരുകൻ കൊല്ലപ്പെട്ട ഏറ്റുമുട്ടൽ വരെയുള്ള സംഭവങ്ങളുടെ ഔദ്യോഗിക ഭാഷ്യം സമാനമായിരുന്നു. 'ഏറ്റുമുട്ടലുകൾ' നടപ്പിലാക്കുന്ന കമാൻഡോകളുടെ സേനയെ കേരളത്തിന് ആവശ്യമാണോയെന്ന ചോദ്യം പൗരസമൂഹം ചോദിക്കേണ്ട കാലമായിരിക്കുന്നു

ദുരന്തത്തിനുശേഷം ആവർത്തനമാവുന്ന പ്രഹസനത്തെക്കുറിച്ചുള്ള ചരിത്രപാഠം സ്വാഭാവികമായും മുന്നിൽ വയ്ക്കുന്ന സമസ്യ, പ്രഹസനത്തിനുശേഷം എന്താവും1 എന്നാവും എന്ന് കരുതിയാൽ അത്ഭുതപ്പെടാനാവില്ല.

മിന്നിമറയുന്ന പ്രഹസനങ്ങളുടെ ആവർത്തനങ്ങൾ മാത്രമായി ചരിത്രം അനുഭവവേദ്യമാവുന്ന കാലത്തിന്റെ ചിഹ്നമായി ലജ്ജാനന്തരം (പോസ്റ്റ്-ഷെയിം) എന്ന പ്രയോഗം ഭാഷയിൽ സ്വീകാര്യത നേടുമ്പോൾ ഏറ്റുമുട്ടലുകളുടെ ദുരന്തം ഏതു ഭാഷയിലാവും എഴുതാനാവുകയെന്നു നിശ്ചയമില്ല.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കൊന്നിനും തരിമ്പും വിലകൽപ്പിക്കാത്ത ഭരണകൂട അടിച്ചമർത്തലുകളുടെ വിവരണം ലജ്ജാനന്തര കാലത്തെ ഭാഷയുടെ ചിഹ്നവ്യവസ്ഥയെ എങ്ങനെയാവും അതിജീവിക്കുകയെന്നും അറിയില്ല. നിയമവ്യവസ്ഥയിൽ അന്തസ്ഥിതമായ പരിരക്ഷകളുടെ ആസൂത്രിതവും, സംഘടിതവുമായ നിഷേധത്തിന്റെ ലക്ഷണമൊത്ത സൂചികയായി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മാറിയെന്ന തിരിച്ചറിവിന്റെ ബലത്തിൽ മാത്രം ചരിത്രഗതിയുടെ തലതിരിഞ്ഞ പോക്കിനെക്കുറിച്ചുള്ള രാഷ്ട്രീയ ബോധ്യങ്ങളുടെ ഊടും പാവും എങ്ങനെയാവും നിർണ്ണയിക്കുക. "തോഴർ വേൽമുരുകന് വീരവണക്കം' 2 എന്ന് ഉറക്കെ പറഞ്ഞ്​ കേരളത്തിന്റെ പാതയോരങ്ങളിൽ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട ചെറിയ കൂട്ടങ്ങൾ "നാം നാളെയുടെ നാണക്കേട്' 3 എന്ന സ്ഥിതിവിശേഷത്തെ അതിജീവിക്കുന്നതിന്റെ സൂചനകൾ ആണോ?

ഈ അങ്കലാപ്പുകൾക്കൊന്നും ഉത്തരമില്ലെങ്കിലും നിയമവ്യവസ്ഥയെ പൂർണമായും നിരാകരിക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സ്വാഭാവികമായും സൃഷ്ടിക്കുന്ന ഫാസിസ്റ്റുവിപത്തിനെപ്പറ്റി നാം നിരന്തരം സംസാരിക്കേണ്ടിയിരിക്കുന്നു. ഒരോരുത്തരും അവരവരോടും മറ്റുള്ളവരോടും.

ഏറ്റുമുട്ടൽ കൊലയുടെ ദേശീയ ടെംപ്ലേറ്റ്

ഏറ്റുമുട്ടൽ കൊലകൾ നടപ്പിലാക്കുന്നതിൽ ഇന്ത്യയിലുടനീളം പിന്തുടരുന്ന ടെംപ്ലേറ്റിൽ നിന്ന്​ കേരളവും ഒട്ടും ഭിന്നമല്ലെന്ന് ചരിത്രം സാക്ഷി. ഇന്ത്യയിൽ നടന്ന ആദ്യ ഏറ്റുമുട്ടൽ കൊലകളിൽ ഒരെണ്ണം കേരളത്തിലായിരുന്നു. നക്സലൈറ്റു നേതാവായിരുന്ന വർഗീസിനെ 1970 ഫെബ്രുവരിയിൽ കസ്റ്റഡിയിലെടുത്ത ശേഷം കൊലപ്പെടുത്തിയതായിരുന്നു സംസ്ഥാനത്തെ ആദ്യ ഏറ്റുമുട്ടൽ.

​​​​​​​കോമ്പിംഗിനിടയിൽ കമാൻഡോ സംഘത്തിന്റെ മുന്നിൽ അകപ്പെടുന്ന മാവോവാദികൾ കീഴടങ്ങാനുള്ള നിർദ്ദേശം തള്ളിക്കളഞ്ഞ് കമാൻഡോകളെ ആക്രമിക്കുമ്പോൾ, ആത്മരക്ഷക്ക് നടത്തുന്ന പ്രത്യാക്രമണത്തിൽ കലാപകാരികൾ കൊല്ലപ്പെടുന്നു എന്നാണ് ഇതഃപര്യന്തമുള്ള ഏറ്റുമുട്ടലുകളുടെ ഔദ്യോഗിക ഭാഷ്യം. ഒരേ അച്ചിൽ വാർത്തതുപോലെ ഇന്ത്യയിലാകെ പ്രത്യക്ഷപ്പെടുന്ന ഏറ്റുമുട്ടലുകളുടെ ഔദ്യോഗിക ഭാഷ്യം എല്ലാക്കാലവും ഇതായിരിക്കും.

1970 ഫെബ്രുവരി 18ന് പൊലീസ് പിടികൂടി വെടിവെച്ചുകൊന്ന നക്‌സലൈറ്റ് നേതാവ് എ. വർഗീസ്‌

കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നടന്ന നാലു ഏറ്റുമുട്ടലുകളും സമാന സ്വഭാവം പുലർത്തുന്നു. രണ്ടു സ്ത്രീകളടക്കം എട്ടു പേരാണ് ഈ നാലു സംഭവങ്ങളിൽ കൊല്ലപ്പെട്ടത്. തണ്ടർബോൾട്ട് കമാൻഡോകൾ കോമ്പിംഗ് ഓപ്പറേഷൻ നടത്തുന്നതിനിടയിൽ കണ്ടെത്തിയ മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്നു എന്നാണ് പൊലീസും, സർക്കാരും അവ സംബന്ധിച്ച് നൽകുന്ന വിവരം. മാവോയിസ്റ്റ് തീവ്രവാദത്തെ നേരിടാൻ രൂപീകരിച്ച പ്രത്യേക സായുധ സംഘമാണ് തണ്ടർബോൾട്ട് കമാൻഡോകൾ.

മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേക മുന്നറിയിപ്പില്ലാതെ സായുധ പൊലീസ് നടത്തുന്ന പരിശോധനയാണ് പൊതുവെ കോമ്പിംഗ് ഓപ്പറേഷൻസ് എന്നറിയപ്പെടുന്നത്.

സായുധകലാപം പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ തമ്പടിക്കുന്നുവെന്നു സംശയിക്കുന്ന സ്ഥലങ്ങൾ, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ താവളങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥിരമായ സായുധ പരിശോധന നടക്കുന്നത്. ചില പ്രത്യേക സംഭവങ്ങൾക്കുശേഷം ഒളിത്താവളങ്ങളായി കുറ്റവാളികൾ എന്നു സംശയിക്കുന്നവർ തെരഞ്ഞെടുക്കുന്ന പ്രദേശങ്ങളും സായുധ പൊലീസിന്റെ പരിശോധനക്കു വിധേയമാവുക പതിവാണ്. കോമ്പിംഗിനിടയിൽ കമാൻഡോ സംഘത്തിന്റെ മുന്നിൽ അകപ്പെടുന്ന മാവോവാദികൾ കീഴടങ്ങാനുള്ള നിർദ്ദേശം തള്ളിക്കളഞ്ഞ് കമാൻഡോകളെ ആക്രമിക്കുമ്പോൾ, ആത്മരക്ഷക്ക് നടത്തുന്ന പ്രത്യാക്രമണത്തിൽ കലാപകാരികൾ കൊല്ലപ്പെടുന്നു എന്നാണ് ഇതഃപര്യന്തമുള്ള ഏറ്റുമുട്ടലുകളുടെ ഔദ്യോഗിക ഭാഷ്യം. ഒരേ അച്ചിൽ വാർത്തതുപോലെ ഇന്ത്യയിലാകെ പ്രത്യക്ഷപ്പെടുന്ന ഏറ്റുമുട്ടലുകളുടെ ഔദ്യോഗിക ഭാഷ്യം എല്ലാക്കാലവും ഇതായിരിക്കും. കേരളത്തിലും സ്ഥിതി സമാനമാണ്. 1970 ഫെബ്രുവരിയിൽ വർഗീസ് കൊല്ലപ്പെട്ട "ഏറ്റുമുട്ടൽ' മുതൽ 2020 നവംബറിൽ വേൽമുരുകൻ കൊല്ലപ്പെട്ട ഏറ്റുമുട്ടൽ വരെയുള്ള സംഭവങ്ങളുടെ ഔദ്യോഗിക വിവരണം അതായിരുന്നു.

ഏറ്റുമുട്ടൽ എന്ന വ്യാജനിർമിതി

ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യങ്ങളുടെ വ്യാജനിർമിതികളെ പറ്റി മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ മാത്രമല്ല, മറ്റു നിരവധി പഠനങ്ങളും സാക്ഷ്യം പറയുന്നു. വ്യാജ ഏറ്റുമുട്ടലുകളെ തിരിച്ചറിയുന്നതിനുള്ള നിരവധി മാനദണ്ഡങ്ങൾ അതിന്റെ ഭാഗമായി ഇപ്പോൾ ലഭ്യമാണ്. ആത്മരക്ഷക്കുവേണ്ടി മാത്രം വെടിവയ്ക്കുന്നതായി അവകാശപ്പെടുന്ന പൊലീസ് സേനയിലെ ഒരാൾക്കും ഒരിക്കലും പോറൽ പോലും ഏൽക്കാതിരിക്കുന്നതാണ് വ്യാജ ഏറ്റുമുട്ടലുകളെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡം. ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് ലഭിക്കുന്ന തെളിവുകൾ, വെടിക്കോപ്പുകളുടെ പാടുകൾ, കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ പരിക്കുകൾ, ഏറ്റുമുട്ടലിന്റെ സമയം, പ്രദേശവാസികളായ ജനങ്ങളിൽ നിന്നുള്ള വിവരങ്ങൾ, ഔദ്യോഗികമായ അന്വേഷണ റിപ്പേർട്ടുകളിലെ പൊരുത്തക്കേടുകൾ തുടങ്ങിയവയും ഏറ്റുമുട്ടലിന്റെ വ്യാജ നിർമിതികളുടെ വാസ്തവം തിരിച്ചറിയാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

നിലമ്പൂരിനടുത്ത കരുളായി വനം മുതൽ ഏറ്റവുമൊടുവിൽ വയനാട്ടിലെ ബാണാസുര വനമേഖലയിൽ വരെ നടന്നുവെന്നു പറയുന്ന കേരളത്തിലെ നാലു ഏറ്റുമുട്ടലുകളുടെയും വിശ്വാസ്യത തുടക്കം മുതൽ സംശയ നിഴലിലാണ്.
സായുധ കലാപകാരികളും, സുരക്ഷാസേനയും നേർക്കുനേർ ഏറ്റുമുട്ടിയതിന്റെ ഭൗതിക ലക്ഷണങ്ങളൊന്നും ഏറ്റുമുട്ടൽ നടന്നുവെന്നു പറയുന്ന പ്രദേശങ്ങളിൽ കണ്ടെത്താനായില്ലെന്ന് ഇപ്പറഞ്ഞ സംഭവങ്ങൾക്കുശേഷം ഈ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ള വസ്തുതാന്വേഷണ സംഘങ്ങൾ വെളിപ്പെടുത്തുന്നു. മനുഷ്യാവകാശ പ്രവർത്തകർ മാത്രമല്ല ഇപ്പോഴത്തെ ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ സി.പി.ഐയുടെ പ്രതിനിധികൾ അടങ്ങുന്ന വസ്തുതാന്വേഷണ സംഘവും ഇതേ അഭിപ്രായം പങ്കിടുന്നു. നാലു ഏറ്റുമുട്ടലുകളിലും പങ്കെടുത്ത കമാൻഡോകളിൽ ആർക്കും പരിക്കില്ലാത്തതും ഏറ്റുമുട്ടലുകൾ വ്യാജമാണെന്ന നിഗമനങ്ങളെ ശക്തിപ്പെടുത്തുന്നു.

മഞ്ചിക്കണ്ടിയിൽ പൊലീസ്​ വെടിവെച്ചുകൊന്ന മാവോയിസ്റ്റുകളായ മണിവാസകം, കാർത്തി, അരവിന്ദ്, രമ എന്നിവർ

നാലുപേർ കൊല്ലപ്പെട്ട മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ വ്യാജമായിരുന്നുവെന്ന് തദ്ദേശവാസികളായ നിരവധി പേർ പരസ്യമായി തന്നെ അഭിപ്രായപ്പെട്ടിരുന്നു. വൈത്തിരിയിലെ റിസോർട്ടിൽ സി.പി. ജലീൽ കൊല്ലപ്പെട്ട ഏറ്റുമുട്ടലും വ്യാജമാണെന്നു സാഹചര്യത്തെളിവുകളും, ദൃക്സാക്ഷി വിവരണങ്ങളും, ഔദ്യോഗിക അന്വേഷണ റിപ്പോർട്ടുകളിലെ പൊരുത്തക്കേടുകളും സൂചിപ്പിക്കുന്നു. നിലമ്പൂരിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജനും, അജിതയും രോഗബാധിതരായി അവശനിലയിൽ കഴിയുന്ന സാഹചര്യത്തിലാണ് കൊല്ലപ്പെടുന്നത്. വേൽ മുരുകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഭാഷ്യത്തിലെ പൊരുത്തക്കേടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സമയത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരവും നാട്ടുകാർ വെടിയൊച്ച കേട്ട സമയവുമായി ബന്ധമില്ലെന്ന് മാധ്യമവാർത്തകൾ ചൂണ്ടിക്കാട്ടുന്നു.

കൗണ്ടർ ഇൻസർജൻസി

ഭരണകൂടം ആസൂത്രിതമായി നടപ്പിലാക്കുന്ന കൗണ്ടർ ഇൻസർജൻസി പദ്ധതിയുടെ ഭാഗമായി ഏറ്റുമുട്ടലുകൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത് 1960-കളുടെ അവസാനവും 70-കളുടെ തുടക്കത്തിലുമാണ്. നക്സലൈറ്റു പ്രസ്ഥാനമെന്ന് പൊതുവെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് സായുധവിപ്ലവ ശ്രമങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിൽ വരുന്നത്. പശ്ചിമബംഗാളും, ആന്ധ്രപ്രദേശും ആയിരുന്നു തുടക്കത്തിൽ ഏറ്റവുമധികം ‘ഏറ്റുമുട്ടലുകൾ' നടന്ന സംസ്ഥാനങ്ങൾ.

ആന്ധ്രപ്രദേശിൽ പൊലീസ് നേരിട്ടാണ് ഈ കർമം നിർവഹിച്ചതെങ്കിൽ പശ്ചിമ ബംഗാളിൽ പൊലീസുകാർക്കൊപ്പം പ്രവർത്തിച്ചിരുന്ന സാമൂഹ്യവിരുദ്ധരായ ആൾക്കൂട്ടങ്ങളും നക്സലൈറ്റ് അനുഭാവികളെന്നും, പ്രവർത്തകരെന്നും സംശയിക്കുന്നവരെ വേട്ടയാടുന്നതിൽ വ്യാപക പങ്കു വഹിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത്തരം ആൾക്കൂട്ട രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നതിനെപ്പറ്റി ശക്തമായ ആരോപണം നിലനിൽക്കുന്നു. സായുധമായ ഉയർത്തെഴുന്നേൽപ്പുകളെ അടിച്ചമർത്തുന്നതിന് ഭരണകൂടം സ്വീകരിക്കുന്ന കൗണ്ടർ ഇൻസർജൻസി നയങ്ങളുടെ ഒരു അവിഭാജ്യഘടകമാണ് ഏറ്റുമുട്ടലുകൾ.
ഇന്ത്യയിൽ മാത്രമല്ല ലോകത്തുടനീളം ആവർത്തിക്കുന്ന ഇത്തരം നയങ്ങളുടെ വ്യാപനത്തോടെ നിയമസംവിധാനത്തിനപ്പുറമുളള കൊലപാതകങ്ങൾ (എക്സ്ട്രാ ജുഡീഷ്യൽ കില്ലിംഗ്സ്) എന്ന മാനദണ്ഡം ഭരണകൂട ഭീകരതയെ വിലയിരുത്തുന്നതിനുള്ള അളവുകോലായി ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

സ്വതന്ത്ര രാഷ്ട്രവാദമുയർത്തി 1950-കളുടെ പകുതിയിൽ നാഗാലാന്റിലുണ്ടായ കലാപം അടിച്ചമർത്തിയശേഷം നടന്ന പ്രധാന കൗണ്ടർ ഇൻസർജൻസി പ്രവർത്തനം നക്സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതായിരുന്നു. "ഓപ്പറേഷൻ സ്റ്റീപിൾചെയ്സ്' എന്ന പേരിൽ കരസേനയുടെ ഈസ്റ്റേൺ കമാൻഡിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി 1971 ജൂലൈ- ആഗസ്റ്റ് മാസങ്ങളിലാണ് പ്രധാനമായും അരങ്ങേറിയത്. പശ്ചിമ ബംഗാളും, അതിന്റെ അതിർത്തി സംസ്ഥാനങ്ങളായ ബീഹാറും, ഒഡീഷയും ആയിരുന്നു ഓപ്പറേഷന്റെ പ്രഭവകേന്ദ്രം. ഇതു സംബന്ധിച്ച ഔദ്യോഗിക രേഖകൾ ഒന്നും നിലവിൽ ഇല്ല എന്നതാണ് ‘ഓപ്പറേഷൻ സ്റ്റീപിൾചെയ്സി'ന്റെ സവിശേഷത.

‘ഓപ്പറേഷൻസ് സ്റ്റീപിൾചെയ്​സ്​’ ആസൂത്രണം ചെയ്​ത കാലത്തെ കര​സേന മേധാവി സാം മനേക്ഷാ

1969 ഒക്ടോബറിൽ ആസൂത്രണം ചെയ്ത ഓപ്പറേഷൻ നടപ്പിലാക്കുന്നത് 71-ലായിരുന്നു. അന്നത്തെ കരസേന മേധാവി സാം മനേക്ഷായും, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് നാരായണും, ഈസ്റ്റേൺ കമാൻഡ് മേധാവി ആയിരുന്ന ലഫ്. ജനറൽ ജെ.എഫ്.ആർ. ജേക്കബുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഓപ്പറേഷന്റെ അന്തിമരൂപം നിശ്ചയിക്കുന്നത്. ഓപ്പറേഷനെ പറ്റി രേഖാപരമായ ഒരുത്തരവും ഉണ്ടാവില്ലെന്ന് മനേക്ഷ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നതായി ലഫ്.ജനറൽ ജേക്കബ് വർഷങ്ങൾക്കുശേഷം ടെലിവിഷൻ അഭിമുഖത്തിൽ വെളിപ്പടുത്തി4.

40,000ത്തോളം സൈനികരും പാരാ കമാൻഡോസിന്റെ ഒരു ബ്രിഗേഡും സജീവ പങ്കാളിത്തം വഹിച്ച ഓപ്പറേഷനിൽ സൈന്യത്തിന് ഒരു വെടിയുണ്ട പോലും ചെലവഴിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു. നക്സലൈറ്റുകളുടെ താവളപ്രദേശങ്ങൾ ചുറ്റിവളയുന്ന ചുമതല ആയിരുന്നു സൈന്യം നിറവേറ്റിയത്. തിരിച്ചറിയപ്പെട്ട നകസ്ലൈറ്റു താവളങ്ങൾ സൈന്യം ചുറ്റി വളഞ്ഞശേഷം അർദ്ധ സൈനിക വിഭാഗമായ ഈസ്റ്റേൺ റൈഫിൾസും, പൊലീസും സംയുക്തമായി പരിശോധനയും, അറസ്റ്റുകളും നടത്തുക എന്നതായിരുന്നു രീതി. കൊൽക്കത്തയിലും ബംഗാളിലെ മറ്റു നഗരങ്ങളിലും പട്ടണങ്ങളിലും കോളേജുകൾ, ഫാക്ടറികൾ, പാർപ്പിട പ്രദേശങ്ങൾ എന്നിവിടങ്ങളിലും, ഗ്രാമീണ മേഖലയിൽ ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള ‘കോർഡൺ ആന്റ് സെർച്ച്' പരിപാടികൾ വ്യാപകമായി നടപ്പിലാക്കിയിരുന്നു.

ഇടതുപക്ഷ സായുധ വിപ്ലവശ്രമങ്ങളെ അടിച്ചമർത്തുന്ന ചരിത്രത്തിന് ‘ഓപ്പറേഷൻ സ്റ്റീപിൾ ചെയ്സി'ന്റെ കാലത്തിൽ നിന്ന് ‘ഓപ്പറേഷൻ ഗ്രീൻഹണ്ടി'ന്റെ കാലത്തിലേക്ക് 38 വർഷത്തിന്റെ ഇടവേളയുണ്ടെങ്കിലും കൗണ്ടർ ഇൻസർജൻസിയുടെ അടിസ്ഥാന ടെംപ്ലേറ്റുകളിൽ വലിയ മാറ്റമുണ്ടായില്ലെന്ന് കഴിഞ്ഞ ഒരു ദശകകാലത്തെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു

ജൂലൈ- ആഗസ്റ്റു മാസങ്ങളിൽ ഏറ്റവും തീവ്രമായ നിലയിൽ നടപ്പിലാക്കിയ ഈ സൈനിക നടപടിയുടെ ഒരു ലക്ഷ്യം ബംഗ്ലാദേശ് യുദ്ധത്തിനുതൊട്ടുമുമ്പ് പശ്ചിമ

ബംഗാളിലും, സമീപ സംസ്ഥാനങ്ങളിലും ആഭ്യന്തര കലാപങ്ങളുടെ സാധ്യത പൂർണ്ണമായും തുടച്ചു നീക്കുകയെന്നതായിരുന്നു. ഈ സൈനിക നടപടിയിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് ഇപ്പോഴും നിശ്ചയമില്ല. അറസ്റ്റു ചെയ്യപ്പെട്ടവരുടെ കണക്കും ലഭ്യമല്ല. 1973-ന്റെ തുടക്കത്തോടെ ഏതാണ്ട് മുഴുവൻ നക്സലൈറ്റുകളും കൊല്ലപ്പെടുകയോ, അറസ്റ്റിലാവുകയോ, കീഴടങ്ങുകയോ ചെയ്തതായി ഗ്രെഗറി ഫ്രെമോന്റ് ബാൺസ് എഡിറ്റു ചെയ്ത കൗണ്ടർ ഇൻസർജൻസിയുടെ ചരിത്രം 5 എന്ന പുസ്തകം വെളിപ്പെടുത്തുന്നു.

‘നിയമവിരുദ്ധ തടവുകൾ, ക്രൂരമായ പൊലീസ് പീഢനം, സംശയകരമായ കസ്റ്റഡി മരണങ്ങൾ, ക്രിമിനൽ കൊലപാതക സംഘങ്ങളുടെ നിയമവിരുദ്ധ കൊലപാതകങ്ങൾ എന്നിവയെല്ലാം ചേർന്ന ക്രൂരമായ അടിച്ചമർത്തൽ വിജയകരമായി നടപ്പിലാക്കിയ കൗണ്ടർ ഇൻസർജൻസി പദ്ധതിയെ കരിനിഴലിൽ ആക്കി' എന്നും പ്രസ്തുത കൃതി അഭിപ്രായപ്പെടുന്നു. 1980-കളിൽ പഞ്ചാബിലെ ഖാലിസ്ഥാൻ വാദികളെ നേരിടുന്നതിനും, അസമിൽ ഉൾഫ എന്ന പേരിൽ അറിയപ്പെടുന്ന സ്വതന്ത്രരാഷ്ട്ര വാദികളെ നേരിടുന്നതിനും കൗണ്ടർ ഇൻസർജൻസി പദ്ധതികൾ വ്യാപകമായി നടപ്പിലാക്കിയിരുന്നു. കാശ്മീരിലും, വടക്കു-കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളിലും കൗണ്ടർ ഇൻസർജൻസി കാലങ്ങളായി നാട്ടുനടപ്പായതിനാൽ അവ പ്രത്യേകമായി പരാമർശിക്കുന്നില്ല.

അർധ സൈനികർ, ആയുധങ്ങൾ, കോടികൾ...

ഇടതുപക്ഷ സായുധ വിപ്ലവശ്രമങ്ങളെ അടിച്ചമർത്തുന്ന ചരിത്രത്തിന് ഓപ്പറേഷൻ സ്റ്റീപിൾ ചെയ്സി'ന്റെ കാലത്തിൽ നിന്ന് ‘ഓപ്പറേഷൻ ഗ്രീൻഹണ്ടി'ന്റെ കാലത്തിലേക്ക് 38 വർഷത്തിന്റെ ഇടവേളയുണ്ടെങ്കിലും കൗണ്ടർ ഇൻസർജൻസിയുടെ അടിസ്ഥാന ടെംപ്ലേറ്റുകളിൽ വലിയ മാറ്റമുണ്ടായില്ലെന്ന് കഴിഞ്ഞ ഒരു ദശകകാലത്തെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു. ‘ഓപ്പറേഷൻ സ്റ്റീപിൾചെയ്സ്' ഏറെക്കുറെ പുറംലോകം അറിയാത്ത പരിപാടി ആയിരുന്നുവെങ്കിൽ ‘ഓപ്പറേഷൻ ഗ്രീൻഹണ്ട്' അനൗദ്യോഗിക നിലയിലെങ്കിലും വലിയ പ്രചാരണത്തിന്റെ അകമ്പടിയോടെ അരങ്ങേറിയ പദ്ധതി ആയിരുന്നു.

2009-ൽ തുടങ്ങിയ ‘ഗ്രീൻ ഹണ്ട്' 2015-ആയതോടെ കുറുച്ചുകൂടി സംഘടിതമായ നിലയിൽ "ഓപ്പറേഷൻ സമാധാൻ' എന്ന നിലയിൽ പുനരാവിഷ്‌ക്കരിക്കപ്പെട്ടു. ഇംഗ്ലീഷിൽ ‘സമാധാൻ' എന്നെഴുതാനുള്ള എട്ടക്ഷരങ്ങൾ ചേർന്ന ചുരുക്കപ്പേരാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കാർമികത്വത്തിൽ കഴിഞ്ഞ അഞ്ചു കൊല്ലമായി അരങ്ങേറുന്ന ഈ ഓപ്പറേഷൻ.

ഈ അക്ഷരങ്ങൾ ഒരോന്നും ഓപ്പറേഷന്റെ എട്ടു പ്രധാന ലക്ഷ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. എസ്-സ്മാർട്ട് ലീഡർഷിപ്പ്, എ-അഗ്രസ്സീവ് സ്ട്രാറ്റജി, എം-മോട്ടിവേഷൻ ആന്റ് ട്രെയിനിംഗ്, എ-ആക്ഷനബിൾ ഇന്റലിജൻസ്, ഡി- ഡാഷ്ബോർഡ് ബേസ്ഡ് പെർഫോർമൻസ്, എച്ച്-ഹാർനസിംഗ് ടെക്നോളജി, എ-ആക്ഷൻ പ്ലാൻ ഫോർ ഈച്ച് തിയേറ്റർ, എൻ-നോ അക്സസ് ടു ഫൈനാൻസിംഗ്. ഇത്രയുമാണ് സമാധാനിന്റെ സുപ്രധാന ലക്ഷ്യങ്ങൾ. ‘ഓപ്പറേഷൻ സമാധാൻ' പദ്ധതിയുടെ പൊതുവായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുളള സവിശേഷമായ ‘ഓപ്പറേഷൻ പ്രഹാർ' പോലുള്ള തീവ്രമായ സൈനിക നീക്കങ്ങൾ മാവോയിസ്റ്റുകളുടെ സ്വാധീന കേന്ദ്രങ്ങളെന്നു കരുതപ്പെടുന്ന ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇടക്കിടെ അരങ്ങേറുന്നുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കഴിഞ്ഞ ഒക്ടോബറിൽ അധ്യക്ഷത വഹിച്ച ഒരു വിലയിരുത്തൽ യോഗം ബീഹാർ, ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് അടുത്ത വർഷം വേനൽക്കാലത്തോടെ മാവോയിസ്റ്റുകളെ തുടച്ചു നീക്കുകയെന്ന ലക്ഷ്യം മുന്നോട്ടു വച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്നതിൽ കൈവരിച്ച പുരോഗതി വിലയിരുത്തിയ ഷാ തന്റെ അസംതൃപ്തി ഒട്ടും മറച്ചുവെച്ചില്ലെന്ന് നവംബർ 8-ലെ ഒരു സി.എൻ.എൻ-ന്യൂസ്18 റിപ്പോർട്ട് പറയുന്നു.

ഫലപ്രദമായ നടപടികൾ എന്തുകൊണ്ട് സാധ്യമാവുന്നില്ല എന്ന വിഷയത്തിൽ കർശനമായ വിലയിരുത്തൽ നടത്തണമെന്ന് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും, കേന്ദ്ര രഹസ്യാന്വേഷണ വകുപ്പ്, അർദ്ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്ത യോഗത്തിൽ കേന്ദ്രസേനകളും, സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണവും ക്രോഡീകരണവും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഷാ ഊന്നിപ്പറഞ്ഞു.

ആന്ധ്ര-ഒഡീഷ അതിർത്തിയായ മൽക്കൻഗിരിയിൽ അതിർത്തി രക്ഷ സേന (ബി.എസ്.എഫ്), ഝാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽ ശസ്ത്ര സീമബൽ, ഛത്തീസ്ഗഢിൽ സി.ആർ.പി.എഫ്, ഐ.ടി.ബി.പി, ബി.എസ്.എഫ് എന്ന രീതിയിൽ കേന്ദ്രസേനകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് യോഗ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെപറ്റി മാവോവാദികൾക്ക് ബോധ്യമുണ്ടെന്ന് നവംബർ 2-ന് അവർ പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കുന്നു. സൈനിക ശക്തി ഉപയോഗിച്ച് ജനങ്ങളുടെ പ്രക്ഷോഭത്തെ ഇല്ലാതാക്കുന്നതിനാണ് ‘ഓപ്പറേഷൻ പ്രഹാർ-3'ലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ-മാവോയിസ്റ്റ് പ്രസ്താവനയിൽ ആരോപിച്ചുവെന്ന് ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു. "സൈനിക നടപടിയുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആയിരക്കണക്കിനു അർദ്ധസൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഹെലിക്കോപ്റ്ററുകളും, ആയുധങ്ങളും, വെടിക്കോപ്പുകളും സംഭരിക്കുന്നതിന് കോടികളാണ് ചെലവഴിക്കുന്നത്'- പ്രസ്താവനയിൽ പറയുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി മാർച്ചിൽ രാജ്യസഭയിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനം ക്രമേണ ദുർബലപ്പെടുകയാണെന്ന് അവകാശപ്പെടുന്നു. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ എണ്ണത്തിൽ 2014-മായി താരതമ്യം ചെയ്യുമ്പോൾ 38 ശതമാനം കുറവ് 2019-ൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 2015-ൽ മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട 1089 സംഭവങ്ങളുടെ സ്ഥാനത്ത് 2019-ൽ 670 സംഭവങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ, സുരക്ഷ സൈനികർ കൊല്ലപ്പെടുന്നതിൽ അത്ര കുറവുണ്ടായിട്ടില്ല. 2015-ൽ 56 പേർ കൊല്ലപ്പെട്ടപ്പോൾ 2019-ൽ 52 പേർ മരിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം അതേ കാലയളവിൽ 89-ൽ നിന്ന് 145 ആയി ഉയർന്നു. സെപ്തംബർ 2020-ൽ രാകേഷ് സിൻഹ എം.പിയുടെ ചോദ്യത്തിന് റെഡ്ഡി നൽകിയ മറ്റൊരു മറുപടിയിൽ, 11 സംസ്ഥാനങ്ങളിലെ 90 ജില്ലകളിൽ മാവോയിസ്റ്റു സാന്നിദ്ധ്യം ഉള്ളതായി വ്യക്തമാവുന്നു. 2019ൽ 61 ജില്ലകളിൽ നിന്ന് അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തപ്പോൾ 2020 ജൂൺ വരെ 46 ജില്ലകളിൽ നിന്ന് അക്രമങ്ങൾ ഉണ്ടായതായി മന്ത്രി വ്യക്തമാക്കി.

സൈനിക പരിഹാരം എന്ന ഭരണകൂട ഒറ്റമൂലി

മാവോയിസ്റ്റു കലാപം വെറുമൊരു ക്രമസമാധാന പ്രശ്നം മാത്രമല്ലെന്ന പരിപ്രേക്ഷ്യം സർക്കാരുകളുടെ നയരൂപീകരണ പ്രക്രിയയിൽ നിന്ന് മാത്രമല്ല മുഖ്യധാരയിലെ രാഷ്ട്രീയ കക്ഷികളുടെ സംവാദ മണ്ഡലങ്ങളിലും നിന്നും അപ്രത്യക്ഷമായതിന്റെ ചരിത്രം കൂടിയാണ് "ഓപ്പറേഷൻ സ്റ്റീപിൾചെയ്സ്' മുതൽ "ഓപ്പറേഷൻ സമാധാൻ' വരെയുള്ള പ്രവർത്തന പദ്ധതികളിൽ തെളിയുന്നതെന്ന വിലയിരുത്തലുകളുണ്ട്. കേരളമടക്കമുള്ള പ്രദേശങ്ങളിൽ പെരുകുന്ന ഏറ്റുമുട്ടലുകളെ അതിന്റെ സൂചകമായി കൂടി കണക്കിലെടുക്കാം. കേന്ദ്ര സർക്കാർ കൈക്കൊണ്ട ചില തീരുമാനങ്ങൾ ഈയൊരു മാറ്റത്തിന് വഴിതെളിച്ചുവെന്നു കരുതാം. സാമൂഹിക-സാമ്പത്തിക മേഖലയിലെ ഘടനപരമായ അനീതികളാണ് നക്സലൈറ്റ്-മാവോയിസ്റ്റ് കലാപങ്ങളുടെ കാരണമെന്ന വീക്ഷണം ഔദ്യോഗിക വൃത്തങ്ങളിൽ 1960-കളുടെ അവസാനം മുതൽ സ്ഥാനം പിടിച്ചിരുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാഭീഷണി മാവോയിസ്റ്റുകളാണെന്ന് 2006ൽ വിലയിരുത്തൽ നടത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, 1980കളിൽ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ നക്സലൈറ്റ് കലാപങ്ങളുടെ സാമൂഹ്യ-സാമ്പത്തിക കാരണങ്ങൾ വിശദമായി രേഖപ്പെടുത്തുന്നു. ഈയൊരു ധാര 2006വരെ നിലനിന്നിരുന്നു.

ഇടതുപക്ഷ തീവ്രവാദത്തെ പറ്റി പഠിക്കുന്നതിന് 2006 മെയ് മാസത്തിൽ പ്ലാനിംഗ് കമീഷന്റെ ആഭിമുഖ്യത്തിൽ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. കെ. ബാലഗോപാലിനെയും, ബേല ബട്ടിനെയും പോലുള്ള മനുഷ്യാവകാശ പ്രവർത്തകരും, സാമൂഹിക ശാസ്ത്രജ്ഞരും അടങ്ങുന്നതായിരുന്നു 16പേരടങ്ങുന്ന സമിതി. "ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ വികസന വെല്ലുവിളികൾ' എന്ന പേരിൽ 95 പേജുള്ള റിപ്പോർട്ട് സമിതി ഏപ്രിൽ 2008ൽ കമീഷന് സമർപ്പിച്ചു.

പ്ലാനിംഗ് കമീഷൻ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ വിശദീകരിച്ച ഘടനപരമായ ചൂഷണവും, സാമ്പത്തിക-സാമൂഹിക ഉച്ചനീചത്വങ്ങളുമെല്ലാം ഭരണകൂടത്തെയും അതിനെ നയിക്കുന്ന രാഷ്ട്രീയത്തിന്റെയും ചർച്ചകളിൽ പരിഗണന വിഷയം പോലും അല്ലാതായതോടെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലെ ഒരു വിഭാഗം ജനങ്ങളുടെ രാഷ്ട്രീയമായ ഉണർവുകൾ ദേശദ്രോഹത്തിന്റെയും ശത്രു നിർമിതികളുടെയും ചേരുവകളിലൊന്നായി മുദ്രയടിക്കപ്പെട്ടു

സാമൂഹ്യ-സാമ്പത്തിക വിഷയമെന്നതിനു പകരം ക്രമസമാധാന പാലനത്തിന്റെ പരിപ്രേക്ഷ്യത്തിൽ മാത്രം ഈ വിഷയത്തെ സമീപിക്കുന്ന ധാരയും സർക്കാർ നയരൂപീകരണത്തിൽ സജീവമായിരുന്നു. പ്ലാനിംഗ് കമീഷൻ 2006ൽ വിദഗ്ധ സമിതി രൂപീകരിച്ചതിന്റെ തൊട്ടുപിന്നാലെ ഒക്ടോബറിൽ ഇടതുപക്ഷ തീവ്രവാദം കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ഡിവിഷൻ രൂപീകരിച്ചത് അതിന്റെ ഉദാഹരണമാണ്. ഇടതുപക്ഷ തീവ്രവാദ ബാധിത സംസ്ഥാനങ്ങളിൽ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ കേന്ദ്രീകൃതമായി നടപ്പിലാക്കലും, അവയുടെ സുരക്ഷ ശേഷി ഉയർത്തലുമായിരുന്നു ഡിവിഷന്റെ മുഖ്യ ലക്ഷ്യങ്ങൾ. പ്ലാനിംഗ് കമീഷൻ നിയമിച്ച വിദഗ്ധ സമിതി ഇടതുപക്ഷ തീവ്രവാദത്തിനു കാരണമായ സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളിൽ അന്തർലീനമായിരുന്ന ഘടനപരമായ അനീതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ആഭ്യന്തര മന്ത്രാലയത്തിൽ പുതുതായി രൂപീകരിച്ച ഡിവിഷൻ പ്രധാനമായും ഊന്നിയത് സായുധ നടപടികളിലൂടെ മാവോയിസ്റ്റുകളുടെ സ്വാധീനം ഇല്ലാതാക്കുന്നതിലായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വീക്ഷണമാണ് സർക്കാർ നയരൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ചതെന്ന് കഴിഞ്ഞ 10-14 വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നു.

പ്ലാനിംഗ് കമീഷൻ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ വിശദീകരിച്ച ഘടനപരമായ ചൂഷണവും, സാമ്പത്തിക-സാമൂഹിക ഉച്ചനീചത്വങ്ങളുമെല്ലാം ഭരണകൂടത്തെയും അതിനെ നയിക്കുന്ന രാഷ്ട്രീയത്തിന്റെയും ചർച്ചകളിൽ പരിഗണന വിഷയം പോലും അല്ലാതായതോടെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലെ ഒരു വിഭാഗം ജനങ്ങളുടെ രാഷ്ട്രീയമായ ഉണർവുകൾ ദേശദ്രോഹത്തിന്റെയും ശത്രു നിർമിതികളുടെയും ചേരുവകളിലൊന്നായി മുദ്രയടിക്കപ്പെട്ടു. അതോടെ വിദഗ്ധസമിതിയുടെ കണ്ടെത്തലുകൾ എടുക്കാച്ചരക്കായി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇടതുപക്ഷ തീവ്രവാദ ഡിവിഷന്റെ പേജുകളിലെ വിവരണങ്ങൾ സൈനികപരിഹാരം മാത്രമാണ് ആശാസ്യമെന്ന വീക്ഷണത്തിന്റെ രേഖാചിത്രമായി കരുതാവുന്നതാണ്. ഈയൊരു വീക്ഷണം രാജ്യമാകെ കൂടുതലായി പ്രാബല്യത്തിൽ വരുന്നതിന്റെ ലക്ഷണം കൂടിയാണ് കേരളത്തിലും വർദ്ധിച്ചുവരുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ.

നിയമ വാഴ്ചയുടെ അവസാനം

ഏറ്റുമുട്ടൽ മരണങ്ങളിൽ അന്തർലീനമായ നിയമരാഹിത്യം അസഹനീയമായ നിലയിലെത്തിയതോടെ ഇത്തരം സംഭവങ്ങളുണ്ടായാൽ പാലിക്കപ്പെടേണ്ട നിയമനടപടികളെ പറ്റി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ സുപ്രീംകോടതി നിർബന്ധിതമായി. സുപ്രീംകോടതി പുറപ്പെടുവിച്ച 16 മാർഗനിർദ്ദേശങ്ങൾ ആസൂത്രിതമായ നിലയിൽ ലംഘിക്കുന്നതും, ഇല്ലാതാക്കുന്നതും നിരവധി പ്രബന്ധങ്ങൾ രചിക്കാവുന്നത്ര തരത്തിൽ വിപുലമായ പ്രക്രിയ ആയി മാറിയിരിക്കുന്നു. അത്രയധികം വിവരങ്ങൾ ഈ വിഷയത്തിൽ ഇപ്പോൾ ലഭ്യമാണ്.

വയനാട്ടിലെ വൈത്തിരിക്കടുത്ത റിസോർട്ടിൽ പൊലീസ്​ വെടിവെച്ചുകൊന്ന സി.പി ജലീൽ

അട്ടപ്പാടിക്കടുത്ത മഞ്ചിക്കണ്ടി വനമേഖലയിൽ 2019ൽ നടന്ന നാലു മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടൽ കൊലപാതകത്തെ പറ്റിയുള്ള അന്വേഷണം, ഒരു കൊല്ലം തികഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. അട്ടപ്പാടി സംഭവത്തിനും മുമ്പ് അതേ വർഷം മാർച്ചിൽ വയനാട്ടിലെ വൈത്തിരിക്കടുത്ത ഒരു റിസോർട്ടിൽ സി.പി. ജലീലിൽ കൊല്ലപ്പെട്ട സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം ഒച്ചിന്റെ വേഗതയിലെങ്കിലും പുരോഗമിക്കുന്നതിന്റെ കാരണം ജലീലിന്റെ സഹോദരനും, മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി. റഷീദ് കേസുകളെ നിരന്തരം പിന്തുടരുന്നതിനാലാണ്. ജലീലിന്റെ പക്കൽ നിന്ന് കണ്ടെടുത്തെന്നു പറയുന്ന തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് ഏറ്റുമുട്ടൽ സംബന്ധിച്ച ഫോറൻസിക് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജലീലിന്റെ കൈപ്പത്തിയിൽ നിന്ന് വെടിമരുന്നിന്റെ ലാഞ്ചനകളും കണ്ടെത്താനായില്ലെന്നും, റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഫോറൻസിക് റിപ്പോർട്ടിന്റെ കണ്ടെത്തലുകളെ തള്ളിക്കളയുന്ന സമീപനമാണ് സംഭവത്തെ പറ്റിയുള്ള മജിസേ്ട്രറ്റിന്റെ അന്വേഷണ റിപ്പോർട്ടിൽ പുലർത്തുന്നത്. പൊലീസ് ഭാഷ്യത്തിന് സാധൂകരണം കണ്ടെത്താനുള്ള തത്രപ്പാടിന്റെ എല്ലാ

സി.പി. ജലീലിന്റെ സഹോദരൻ സി.പി. റഷീദ്

ന്യൂനതകളും പേറുന്നതാണ് മജിസേ്ട്രറ്റിന്റെ റിപ്പോർട്ടെന്ന് റഷീദ് പറയുന്നു. ജലീൽ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരാളുടെ സാന്നിദ്ധ്യം വ്യക്തമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. തുഷാർ നിർമൽ സാരഥി ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയൊരു വ്യക്തിയുടെ സാന്നിദ്ധ്യം ഇല്ലെന്ന് സ്ഥാപിക്കുന്നതിന് ഔദ്യോഗിക സംവിധാനങ്ങളെല്ലാം കിണഞ്ഞു ശ്രമിക്കുന്നതിൽ നിന്ന് എന്തോ മറച്ചുപിടിക്കുന്നതിനുള്ള ആസൂത്രിത നീക്കം ശക്തമാണെന്ന് തെളിയുന്നതായി, അദ്ദേഹം പറഞ്ഞു. പൊലീസിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെന്നു സംശയിക്കുന്ന അജ്ഞാതനായ ഈ വ്യക്തിയെ തിരിച്ചറിയുന്നത് വൈത്തിരി ഏറ്റുമുട്ടലിന്റെ നിജസ്ഥിതി പുറത്തുകൊണ്ടു വരാൻ സഹായകരമാവുമെന്നും തുഷാർ കരുതുന്നു.

പൗരാവകാശ ധ്വംസനം ഒരു രാഷ്ട്രീയ സംസ്‌ക്കാരം

ജനാധിപത്യത്തെ കുറിച്ചുള്ള വർത്തമാനകാലത്തെ സംവാദങ്ങളുടെ ആഴവും പരപ്പും നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന വിഷയമാണ് ഭരണകൂടം നിരന്തരം നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ചുള്ള ആകുലതകൾ. ഭരണ നിർവഹണം, നിയമനിർമാണം, നീതിന്യായം എന്നിവ ചേർന്ന ഭരണകൂട സമുച്ചയത്തിന്റെ മേഖലകളിലാകെ പ്രത്യക്ഷമായും, പരോക്ഷമായും നടക്കുന്ന നിയമ ലംഘനങ്ങളുടെ കണക്കെടുപ്പുകൾ നിയമവാഴ്ചയെന്ന സങ്കൽപ്പത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നു.

കേരളത്തിൽ കഴിഞ്ഞ നാലര കൊല്ലത്തിനുള്ളിൽ നടന്ന ഏറ്റുഏറ്റുമുട്ടൽ കൊലപാതകങ്ങളും, അനേകം കസ്റ്റഡി മരണങ്ങളും, എണ്ണമറ്റ ലോക്കപ്പ് മർദ്ദനങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പൗരാവകാശ ധ്വംസനങ്ങൾ ഒരു രാഷ്ട്രീയ സംസ്‌ക്കാരമായി മാറിയതിന്റെ ലക്ഷണമൊത്ത ഉദാഹരണങ്ങളാണ്

പൗരാവകാശങ്ങളുടെ ലംഘനം, ജാതി ഹിംസ, വിയോജിപ്പിന്റെ രാഷ്ട്രീയം നേരിടുന്ന നിർദ്ദയമായ അടിച്ചമർത്തൽ, അസമത്വം, പൊതുമുതലിന്റെ അപഹരണം, സാമ്പത്തിക-സാമൂഹിക നീതിയുടെ അഭാവം, സ്ത്രീകൾ നേരിടുന്ന കടുത്ത അടിച്ചമർത്തലും, ലൈംഗികാക്രമണങ്ങളും, നിയന്ത്രണരഹിതമായ വിഭവചൂഷണം തുടങ്ങി, സാമൂഹികജീവിതത്തിന്റെ നാനാതുറകളിൽ അനുദിനം രൂക്ഷമാവുന്ന അവകാശ നിഷേധങ്ങൾക്കു നേരെ കണ്ണടക്കുന്ന സംവിധാനമായി നിയമവാഴ്ച മാറുന്നതിനെക്കുറിച്ചുള്ള ഉത്ക്കണ്ഠകൾ വ്യാപകമായി പങ്കിടപ്പെടുന്നു. വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളും പരിരക്ഷകളും നിരന്തരം അട്ടിമറിക്കപ്പെടുന്നതിന്റെ മേഖലയായി പൗരാവകാശങ്ങൾ മാറിയത് ഈ ഉൽക്കണ്ഠകളെ അടിയന്തരമാക്കുന്നു.

കേരളത്തിൽ കഴിഞ്ഞ നാലര കൊല്ലത്തിനുള്ളിൽ നടന്ന ഏറ്റുഏറ്റുമുട്ടൽ കൊലപാതകങ്ങളും, അനേകം കസ്റ്റഡി മരണങ്ങളും, എണ്ണമറ്റ ലോക്കപ്പ് മർദ്ദനങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പൗരാവകാശ ധ്വംസനങ്ങൾ ഒരു രാഷ്ട്രീയ സംസ്‌ക്കാരമായി മാറിയതിന്റെ ലക്ഷണമൊത്ത ഉദാഹരണങ്ങളാണ്. പൊലീസ് അതിക്രമം എന്ന ലഘൂകരണം മാത്രമായി ഈ സംഭവങ്ങളെ ഒതുക്കുന്ന രാഷ്ട്രീയ സംസ്‌ക്കാരത്തിന്റെ ഭൂമികയിൽ നിന്ന് മധുര വിതരണം നടത്തി ആഘോഷിക്കുന്ന സംഭവങ്ങളായി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മാറുന്നതിന് അധികം താമസമുണ്ടാവില്ല. 1980-കളിൽ ഉത്തർപ്രദേശിൽ കൊള്ളക്കാരെന്നു മുദ്രയടിച്ചവരെയും, 80-90കളിൽ മുംബെയിൽ അധോലോക സംഘങ്ങളിലെ അംഗങ്ങൾ എന്നു സംശയിക്കുന്നവരെയും, എം.ജി.ആറിന്റെ ഭരണകാലത്ത് മദിരാശിയിൽ "റൗഡി' കളെന്നു സംശയിക്കുന്നവരെയും നിരന്തരം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്ന സമാന്തര നീതിന്യായ സമ്പ്രദായം രാജ്യമാകെ ഇപ്പോൾ വ്യവസ്ഥയുടെ ഭാഗമായിട്ടുണ്ട്. ഇത്തരം ഏറ്റുമുട്ടലുകൾക്ക് കാർമികത്വം വഹിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ നല്ലൊരു പങ്കും പല തരത്തിലുളള സാമ്പത്തിക ക്രമക്കേടുകളുടെയും, അഴിമതിയുടെയും ഭാഗമായി മാറിയതിനെ പറ്റിയുള്ള വിവരങ്ങളും ഇപ്പോൾ ലഭ്യമാണ്. നിയമാനുസൃതമായി പ്രവർത്തിക്കേണ്ടുന്ന ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതിന് അനുമതി നൽകുന്നതിലൂടെ നിയമവാഴ്ച തന്നെ അട്ടിമറിക്കപ്പെടുന്നതിന്റെ നിദാനമായി ഇത്തരം സംഭവങ്ങൾ വിലയിരുത്തപ്പെടുന്നു.

"നിയമവാഴ്ച ലക്ഷ്യം തന്നെയായി കാണേണ്ടതില്ല'

നിയമപരമായി സ്ഥാപിക്കപ്പെട്ട ഭരണകൂട സംവിധാനത്തെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ തീരുമാനിച്ചുറച്ചവരെ ഏതു നിലയിലാണ് നേരിടാനാവുകയെന്ന വിഷയം ഭരണകൂട നടപടികളെ പിന്തുണക്കുന്നവർ എപ്പോഴും ഉന്നയിക്കുന്നതാണ്. ഭരണഘടന സംവിധാനത്തിൽ വിശ്വാസമില്ലെന്ന് പറയുന്നവർ ഭരണഘടനയുടെ പരിരക്ഷ ആവശ്യപ്പെടുന്നതിന്റെ ഔചിത്യവും അത്തരക്കാർ വിമർശന വിധേയമാക്കുന്നു. സായുധ വിപ്ലവത്തിന്റെ ധാർമികതയെ (എത്തിക്സ്) ക്കുറിച്ചുള്ള നൈതികമായ സന്ദേഹങ്ങൾ ഗൗരവ സംവാദങ്ങൾ ആവശ്യപ്പെടുന്ന വിഷയമാണെന്ന കാര്യത്തിൽ തർക്കമില്ല. അതിന്റെ ആവശ്യകത തികച്ചും കാലികമായിരിക്കുമ്പോൾ തന്നെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ വിഷയം അത്തരമൊരു സംവാദത്തിന് ഉചിതമാണെന്നു തോന്നുന്നില്ല.
സായുധ വിപ്ലവത്തിനായി പ്രവർത്തിക്കുന്നവർ ഭരണകൂട സേനകളുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെടുന്നതും, ഏറ്റുമുട്ടലെന്ന വ്യാജേന നടത്തുന്ന കൊലപാതകങ്ങളും തമ്മിൽ നിലനിൽക്കുന്ന മൗലികമായ അന്തരമാണ് ഇക്കാര്യത്തിൽ പ്രധാനമായും മനസ്സിലാക്കേണ്ടത്. കലാപകാരികളും, സൈനിക ശക്തികളും തമ്മിൽ നേർക്കുനേരെയുള്ള പോരാട്ടത്തിൽ സംഭവിക്കുന്ന ആൾനാശത്തെ പറ്റി പൊതുവെ പരാതികൾ ഉയരാറില്ല. ഹിംസാത്മകമായ രാഷ്ട്രീയ പ്രവർത്തന പദ്ധതികളുടെ ധാർമികതയെ പറ്റിയുള്ള ഉത്ക്കണ്ഠകളാണ് അത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുന്നിട്ടുനിൽക്കുക. എന്നാൽ ഏറ്റുമുട്ടലുകളെന്ന വ്യാജേന നടക്കുന്ന കൊലപാതകങ്ങളുടെ സ്ഥിതി അതല്ല. നിയമവാഴ്ചക്ക് തരിമ്പും വിലകൽപ്പിക്കാത്ത ഒരു സംസ്‌ക്കാരത്തിന്റെ സൃഷ്ടിയാണ് അത്. ഏറ്റുമുട്ടൽ സംസ്‌ക്കാരം ജനാധിപത്യത്തെ അട്ടിമറിക്കുന്ന രാഷ്ട്രീയ പദ്ധതി ആയി തിരിച്ചറിയുന്നതിന് മൗലികമായ ഈ അന്തരം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.
സായുധ കലാപത്തിനായി പ്രവർത്തിക്കുന്ന വ്യക്തികളെ പോരാട്ടത്തിന്റെ വേദികളിൽ അല്ലാതെ ആസൂത്രിതമായി കൊലപ്പെടുത്തുന്നതിന്റെ ധാർമികതയാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങളും, കസ്റ്റഡി കൊലപാതകങ്ങളും, പീഢനങ്ങളും ഉന്നയിക്കുന്ന മൗലികമായ വിഷയം. ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്യവും, ജനാധിപത്യ അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെയും, സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരുടെയും വീക്ഷണത്തിൽ ഭരണകൂടത്തിന്റെ ഇത്തരം പ്രവൃത്തികൾ അധാർമികവും ഭരണഘടനാതത്വങ്ങളുടെ തികഞ്ഞ ലംഘനവുമാണ്. കൗണ്ടർ ഇൻസർജൻസി പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച് ഭരണഘടനാപരമായ ഇത്തരം നന്മകൾ പുലർത്താനാവില്ലെന്ന പ്രായോഗികവാദം ശക്തമാണ്.

ഇപ്പോഴത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവൽ 2010ൽ തന്നെ ഈ വാദഗതി ഭംഗിയായി അവതരിപ്പിച്ചിരുന്നു. ഗുജറാത്തിൽ നടന്ന സൊഹ്‌റാബുദ്ദീൻ ഏറ്റുമുട്ടൽ കൊലയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ 2010 ആഗസ്റ്റ് നാലിന് എഴുതിയ "സങ്കീർണ്ണമായ ഏറ്റുമുട്ടലുകൾ' എന്ന ലേഖനത്തിലാണ് ഡോവൽ തന്റെ വീക്ഷണം പ്രകടിപ്പിക്കുന്നത്. രാജ്യത്തെ ചോരയിലാഴ്ത്താൻ കച്ചകെട്ടി ഇറങ്ങിയവരെ വേണ്ടനിലയിൽ കൈകാര്യം ചെയ്യുന്നതിന് നിയമ സംവിധാനത്തിന് കഴിയുന്നില്ലെന്നും അത്തരം സന്ദർഭങ്ങളിലാണ് വ്യാജ ഏറ്റുമുട്ടലുകൾ സംഭവിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ലക്ഷ്യത്തിലേക്കുള്ള മാർഗം മാത്രമായ നിയമവാഴ്ച ലക്ഷ്യം തന്നെയായി കാണേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനക്ഷേമവും, രാജ്യ സുരക്ഷയുമാണ് ഏറ്റവും ഉയർന്ന നിയമങ്ങൾ എന്നും അദ്ദേഹം പറയുന്നു.

സായുധ കലാപത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്ന മേഖലകളിൽ ജനീവ കൺവെഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്ന വീക്ഷണം മനുഷ്യാവകാശ പ്രവർത്തകരും, സാമൂഹ്യ പ്രവർത്തകരും പ്രകടിപ്പിക്കുന്നു. കലാപ മേഖലകളിൽ നിന്ന് പിടികൂടപ്പെടുന്നവർക്കും, കീഴടങ്ങുന്നവർക്കും യുദ്ധ തടവുകാർക്കുള്ള പരിഗണന നൽകുക, പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകുക, അറസ്റ്റു ചെയ്യുന്നവരെ പീഡിപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് ജനീവ കൺവെൻഷൻ മാനദണ്ഡങ്ങൾ. സംഘർഷ മേഖലകളിൽ ഈ മാനദണ്ഡങ്ങളുടെ പാലനം മനുഷ്യാവകാശ ലംഘനങ്ങളും, അതിക്രമങ്ങളും ഇല്ലാതാക്കുവാൻ ഉപകരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. സുരക്ഷാ സൈനികർ കലാപകാരികളോടു പ്രകടിപ്പിക്കുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റം തന്നെയാണ് കലാപകാരികളുടെ കൈയിലകപ്പെടുന്ന സുരക്ഷ സൈനികർക്കും നേരിടേണ്ടി വരുന്നതെന്ന് ഹലോ ബസ്തർ എന്ന കൃതിയിൽ രാഹുൽ പണ്ഡിത രേഖപ്പെടുത്തുന്നു.

അപൂർവ്വം സന്ദർഭങ്ങളിൽ പരിക്കേറ്റ സുരക്ഷ സൈനികർക്ക് കലാപകാരികൾ മതിയായ ചികിത്സ നൽകി സുരക്ഷിതമായി വിട്ടയച്ച സംഭവങ്ങളും ഉണ്ടായതായും അദ്ദേഹം പറയുന്നു. "തമ്മിൽ ഭേദം തൊമ്മൻ' എന്ന ചൊല്ലിന്റെ ആംഗലേയമായ "പൊളിറ്റിക്സ് ഓഫ് ലെസർ ഈവിൾ' എന്ന മുട്ടുശാന്തിക്കപ്പുറമുള്ള രാഷ്ട്രീയത്തിന്റെ ആവിഷ്‌ക്കാരങ്ങളെക്കുറിച്ചുള്ള ഭാവനകൾ ലോകമാകെ ദൃശ്യമാവുന്ന കാലഘട്ടത്തിലെ രാഷ്ട്രീയ ഉണർവുകളുടെ ദിശാബോധം നിർണ്ണയിക്കുന്നതിൽ ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ ചെറുതല്ലാത്ത പങ്കു വഹിക്കുന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെ പ്രകടമാണ്. കറുത്തവനായ ജോർജ് ഫ്ളോയിഡിനെ ശ്വാസം മുട്ടിച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ അമേരിക്കയിൽ പടർന്നു പിടിച്ച കലാപത്തിലെ ഒരു പ്രധാന മുദ്രാവക്യം "ഡീ ഫണ്ട് പൊലീസ്' (പൊലീസിനുള്ള ചെലവ് ഇല്ലാതാക്കുക) എന്നായിരുന്നു. ഭരണമുന്നണിയിലെ ഘടകക്ഷിയടക്കം പരസ്യമായി തള്ളിക്കളയുന്ന "ഏറ്റുമുട്ടലുകൾ' നടപ്പിലാക്കുന്ന കമാൻഡോകളുടെ സേനയെ കേരളത്തിന് ആവശ്യമാണോയെന്ന ചോദ്യം മലയാളിയുടെ പൗരസമൂഹവും ചോദിക്കുന്ന കാലം വിദൂരമല്ലെന്നു കരുതാം.▮

കുറിപ്പുകൾ
1: വാട്ട് കംസ് ആഫ്റ്റർഡ് ഫാർസ്? - ഹാൾ ഫോസ്റ്റർ, വേഴ്സോ- 2020
2: വയനാട്ടിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി
3: പ്രശസ്ത എഴുത്തുകാരനായ ടി.ആറിന്റെ കഥ
4: ഹലോ ബസ്തർ: രാഹുൽ പണ്ഡിത പേജ്- 23, എൻ.ഡി.ടി.വി അഭിമുഖം, ജൂൺ 10, 2010
5: ഹിസ്റ്ററി ഓഫ് കൗണ്ടർ ഇൻസർജൻസി വാല്യം-2: ഗ്രെഗറി ഫ്രെമോൻഡ് ബാൺസ്
6: ഡെവലപ്മെന്റ് ചലഞ്ചസ് ഇൻ എക്സ്ട്രീമിസ്റ്റ് അഫക്ടഡ് ഏരിയാസ്; റിപ്പോർട്ട് ഓഫ് ആൻ എക്‌സ്‌പെർട്ട് ഗ്രൂപ്പ് ടു പ്ലാനിംഗ് കമീഷൻ: 2008


കെ.പി. സേതുനാഥ്‌

ഡക്കാൻ ക്രോണിക്കിൾ മുൻ സീനിയർ എഡിറ്റർ. മുപ്പത് വർഷം പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളിൽ ജേണലിസ്റ്റ് ആയിരുന്നു. ഇപ്പോൾ ഫ്രീലാൻസ്​ ജേണലിസ്റ്റ് .

Comments