സാമ്പത്തിക സംവരണമെന്ന പേരിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരും ബി.ജെ.പിയുടെ കേന്ദ്രസർക്കാരും നടപ്പാക്കുന്ന സവർണ സംവരണം ഒരു സംവരണ പ്രശ്‌നമേയല്ല. വേട്ടക്കാരനും ഇരക്കും തുല്യപരിഗണന എന്നത് ഇരക്ക് നീതി നിഷേധിക്കലും, വേട്ടക്കാരനെ രക്ഷിച്ചെടുക്കലുമാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും ആർ.സ്.എസിനും കോൺഗ്രസിനും വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മുന്നാക്ക സംവരണത്തിൽ ഒരേനയമെന്നാൽ അവരിൽ പൊതുവായി എന്തോ ഒന്ന് പ്രവർത്തനക്ഷമമാകുന്നു എന്നാണ് അർത്ഥം.
ജാതീയ മേൽക്കോയ്മയുടെ പുനരുൽപാദനം
ഇന്ത്യയുടെ 80 ശതമാനം വരുന്ന അധഃസ്ഥിത ജനതയുടെ ചെറിയൊരു ശതമാനത്തിനെങ്കിലും അധികാരത്തിലും തൊഴിൽ - വിദ്യാഭ്യാസ മേഖലയിലും പ്രാതിനിധ്യം ഉറപ്പാക്കുന്ന ഭരണഘടനാ സംവിധാനമായ സംവരണവുമായി സാമ്പത്തിക സംവരണത്തിന് യാതൊരു ബന്ധവുമില്ല. ജാതീയതയാൽ സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും അവസരസമത്വം ഇല്ലാതാകുകയും ചെയ്ത ജനവിഭാഗങ്ങൾക്ക് ഭരണപങ്കാളിത്തവും അവസരസമത്വവും ഉറപ്പ് നൽകുന്നതാണ് സാമുദായിക സംവരണം.
സവർണ സമുദായങ്ങളുടെ പ്രാതിനിധ്യമില്ലായ്മയെയല്ല ‘സാമ്പത്തിക സംവരണ'ത്തിലൂടെ അഭിസംബോധന ചെയ്യുന്നത്. മറിച്ച്, മുന്നാക്ക സമുദായങ്ങളുടെ നൂറ് ശതമാനത്തിനും അവസരം ഉറപ്പിച്ചെടുക്കുന്ന ഹിന്ദുത്വ അജണ്ടയാണ് സാമ്പത്തിക സംവരണം. രാഷ്ട്രീയ അധികാരത്തിലും തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മൃഗീയഭൂരിപക്ഷം കൈയ്യടക്കി വെച്ചിരിക്കുന്ന സവർണ സമുദായങ്ങളുടെ സാമൂഹിക- രാഷ്ട്രീയ അധികാരത്തെ വിപുലീകരിക്കുന്നതും ജാതീയ മേൽക്കോയ്മയെ പുനരുൽപാദിപ്പിക്കുന്നതുമാണ് സവർണ സംവരണം.
സ്വാഭാവികമായും അയിത്ത ജാതി സമൂഹങ്ങളുടെ രാഷ്ട്രീയ- സാമൂഹിക പുറംതള്ളലായിരിക്കും ഇതിലൂടെ സംഭവിക്കുക. സംവരണമെന്ത്? മുന്നാക്കക്കാരിലെ പിന്നാക്കാക്കാരുടെ സാമ്പത്തിക പിന്നാക്കാവസ്ഥയെ പരിഹരിക്കാൻ നടപ്പിലാക്കുന്ന സവർണ സംവരണമെന്ത്? ഇടതുപക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സാമ്പത്തിക സംവരണവാദ രാഷ്ട്രീയവുമായുള്ള ബന്ധമെന്ത്? തുടങ്ങിയ രാഷ്ട്രീയ പ്രശ്‌നത്തെ അഭിസംബോധന ചെയ്തുകൊണ്ടേ മുന്നാക്ക സംവരണത്തിന്റെ യഥാർത്ഥ രാഷ്ട്രീയ ഉള്ളടക്കത്തിലേക്ക് കടക്കാൻ കഴിയൂ.
‘സ്വയംഭരണത്തിന് അർഹതയുള്ള വ്യക്തിയാണ് പൗരൻ'
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആദിവാസികളും ദലിതരും പിന്നാക്കക്കാരും മത്സ്യത്തൊഴിലാളികളും മതന്യൂനപക്ഷങ്ങളും സ്ത്രീകളും ലിംഗന്യൂനപക്ഷങ്ങളും ഇന്ത്യയുടെ ജാതികേന്ദ്രീകൃതമായ സാമൂഹിക അധികാരവ്യവസ്ഥയിൽ നിന്ന് പൗരനായി, സമൂഹമായി, ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ പങ്കാളിത്തമുള്ള ജനതയായി മാറുന്നത് ‘സംവരണം' ഭരണഘടനാതത്വമായി നിലവിൽ വരുന്നതോടെയാണ്.
നിരന്തരം വിവേചനം നേരിടുന്ന ജാതിശരീരത്തിൽനിന്ന് സവിശേഷ അധികാരമുള്ള, നിയമപരമായ പരിരക്ഷയുള്ള പൗരരായി അയിത്തജാതിക്കാർ മാറുന്നത് ഭരണഘടന നിലവിൽ വരുന്നതോടുകൂടിയാണ്. അതിനപ്പുറം സ്വയം പ്രതിനിധീകരിക്കാനും സ്വയംഭരണത്തിന് ശേഷി ആർജ്ജിക്കുന്നതോടു കൂടിയാണ് വ്യക്തിക്ക് പൗരത്വം കൈവരുന്നത്. ‘സ്വയംഭരണത്തിന് അർഹതയുള്ള വ്യക്തിയാണ് പൗരൻ'1എന്ന് ഡോ. സനൽ പി. മോഹൻ എഴുതുന്നുണ്ട്. സ്വയംഭരണത്തിനുള്ള ശേഷി സ്വാഭാവികമായി ഇന്ത്യയിലെ ആസിവാസികളോ ദളിതരോ സാമുദായികമായി നേടിയിട്ടില്ല എന്നതാണ് ഇന്നവർ ഇന്ത്യയിൽ നേരിടുന്ന വലിയ പ്രതിസന്ധി. എങ്കിലും ഭാഗികമായെങ്കിലും സ്വയംഭരണത്തിനുള്ള ശേഷി - പ്രാതിനിധ്യ ഭരണപങ്കാളിത്തത്തിലൂടെയാണെങ്കിലും - നേടിയെടുത്തത്, തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും അയിത്ത ജാതിക്കാർക്ക് പ്രാതിനിധ്യം ലഭിച്ചത് സംവരണത്തിലൂടെയാണ്. അല്ലെങ്കിൽ സംവരണത്തിലൂടെ മാത്രമാണ്.
‘ദലിതരെ മനുഷ്യജീവികളായി ആദ്യമായി പരിഗണിച്ചത് ഭരണഘടനയാണ്'2എന്ന പ്രൊഫ. എം. കുഞ്ഞാമന്റെ നിരീക്ഷണം പൂർണവും അർത്ഥവത്താകുന്നതും ഈ രാഷ്ട്രീയ സന്ദർഭത്തിലാണ്.
ഇന്ത്യയിൽ നിലനിൽക്കുന്നത് ജാതിയുടെ ശ്രേണീകൃത അസമത്വമാണെന്നും (Graded inequality ) അതുകൊണ്ട് സാമൂഹിക നീതിയുടെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ വ്യത്യസ്തമായാണ് പരിഗണിക്കേണ്ടതെന്ന ഡോ. ബി. ആർ. അംബേദ്കറുടെ കാതലായ വീക്ഷണമാണ് ഭരണഘടനയുടെ അന്തഃസത്തയും ജീവനും. ‘ഒരു ഭരണഘടന നിർമിക്കുമ്പോൾ സാമൂഹികഘടനയെപ്പറ്റി ബോധമുണ്ടായിരിക്കണം. രാഷ്ട്രീയഘടനയെ സാമൂഹിക ഘടനയോട് ബന്ധപ്പെടുത്തണം. സാമൂഹിക ശക്തികളുടെ പ്രവർത്തനം സാമൂഹിക രംഗത്ത് മാത്രമായി ഒതുങ്ങുന്നില്ല. അവ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നു കയറുന്നു.'3. ഇതായിരുന്നു ഭരണഘടന നിർമാണത്തിന് ആവശ്യമായ അംബേദ്കറുടെ അടിസ്ഥാന കാഴ്ചപ്പാട്. സാമൂഹിക നീതിക്കായുള്ള ഇന്ത്യയിലെ പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും അകത്തുനിന്നാണ് അദ്ദേഹം ഈ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കുന്നത്.
അംബേദ്കർക്ക് അത് അറിയാമായിരുന്നു...
ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയെ സ്വാതന്ത്രമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ആരംഭിക്കുന്നതിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിലെ അയിത്ത ജാതി ജനതയുടെ പ്രാതിനിധ്യം അതിശക്തമായി അംബേദ്കർ മുന്നോട്ട് വെക്കുന്നുണ്ട്. 1928ൽ സൈമൺ കമീഷനെ കോൺഗ്രസും ഇന്ത്യയിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹിഷ്‌ക്കരിച്ചപ്പോൾ കമീഷൻ ചെയർമാൻ ജോൺ സൈമണിനു മുൻപിൽ ഹാജരായി അവകാശങ്ങൾ നിവേദനമായി നൽകാൻ അംബേദ്കറെ പ്രേരിപ്പിച്ചത് അധഃസ്ഥിത ജനതക്ക് വോട്ടവകാശവും അധികാരത്തിൽ പ്രാതിനിധ്യവും ഉറപ്പിക്കുന്നതിനുവേണ്ടിയായിരുന്നു.
1931ൽ രണ്ടാംവട്ടമേശ സമ്മേളനത്തിൽ, നിങ്ങൾ ആർക്കാണ് അധികാരം വിട്ടുനൽകുന്നത് എന്ന മർമപ്രധാനമായ ചോദ്യം അംബേദ്കർ ഉന്നയിക്കുന്നുണ്ട്. ഈ ചോദ്യത്തിന്റെ ഉത്തരമായാണ് ‘സംവരണം' ഭരണഘടനാതത്വമായി ഇന്ത്യൻ ഭരണഘടനയുടെ കേന്ദ്രത്തിൽ വരുന്നത്. ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമാകുമ്പോൾ സ്വാഭാവിക നീതിയും അധികാരത്തിലെ പങ്കാളിത്തവും ആദിവാസികൾക്കും ദലിതർക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും ലഭിക്കില്ലെന്ന് അംബേദ്കറിന് പൂർണ ബോധ്യമുണ്ടായിരുന്നു. ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി മാറുന്നത് കേവലം സ്വാതന്ത്ര്യം ലഭിക്കുന്നതോടെയല്ല; ബഹുഭൂരിപക്ഷം അയിത്തജാതി ജനതയുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ കഴിയുന്നതോടുകൂടിയാണ്.
സണ്ണി എം. കപിക്കാട് നിരീക്ഷിക്കുന്നതുപോലെ, വിവിധ മതങ്ങളും ജാതികളും വംശങ്ങളും ഗോത്രങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും, നൂറുകണക്കിന് ഭാഷാവിഭാഗങ്ങളും നിലനിൽക്കുന്ന ഇന്ത്യയെ ആഭ്യന്തര കലാപങ്ങളിലേക്കും സംഘർഷങ്ങളിലേക്കും കടക്കാതെ ഒരു ദേശരാഷ്ട്രമായി നിലനിർത്തിയത് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്ക് വ്യത്യസ്ത രീതിയിൽ നീതി ഉറപ്പുവരുത്തുന്ന ഒരു സംവിധാനം ഭരണഘടനയായി ഇന്ത്യക്ക് ഉള്ളതുകൊണ്ടാണ്4.
അയിത്തജാതി ജനങ്ങൾക്ക് ജനാധിപത്യവ്യവസ്ഥയിലേക്ക് ജൈവികമായി കടക്കണമെങ്കിൽ സാമൂഹിക പദവി അംഗീകരിക്കപ്പെടുകയും സമൂഹവൽക്കരണം നടക്കുകയും രാഷ്ട്രീയ സമൂഹമായി മാറുകയും വേണം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയും അവകാശങ്ങളും അനുഭവിക്കാൻ കഴിയുന്ന പൗരനായി മാറുകയാണ് അതിനു ആദ്യം വേണ്ടത്. എന്നാൽ ഇന്ന് ഇന്ത്യയിൽ ആദിവാസികളുടെ, ദളിതരുടെ, മുസ്‌ലിംകളുടെ, പാർശ്വവൽകൃതരുടെ, കർഷകരുടെ പൗരാവകാശങ്ങളെ ഹനിക്കുകയും അട്ടിമറിക്കുകയുമാണ് ചെയ്യുന്നത്. അവരെ രണ്ടാംതര പൗരന്മാരാക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. ഇതാണ് നിലവിലെ ഇന്ത്യൻ സാഹചര്യമെന്നിരിക്കെ സാമ്പത്തിക സംവരണം എന്ന ഹിന്ദുത്വ പദ്ധതികളിലൂടെ അധികാരത്തിലെയും തൊഴിൽ വിദ്യാഭ്യാസമേഖലയിലെയും പരിമിതമായ പ്രാതിനിധ്യം കൂടി അട്ടിമറിച്ച് ജാതി മേൽക്കോയ്മ പുനഃസ്ഥാപിക്കുകയാണ് മുന്നാക്ക സംവരണത്തിന്റെ ആത്യന്തിക ലക്ഷ്യം.
അവിടെയൊന്നും എന്തുകൊണ്ടാണ് ദളിതരില്ലാത്തത്?
സംവരണത്തിലൂടെ പ്രാതിനിധ്യം നിയമപരമായി ഉറപ്പുവരുത്തുന്ന ഇടങ്ങളിലല്ലാതെ ഒരുമേഖലയിലും; സ്വകാര്യ മേഖല, മാധ്യമങ്ങൾ, എയിഡഡ് മേഖല, ജുഡീഷ്യറി, രാജ്യസഭ, ക്യാബിനറ്റ് സെക്രട്ടറിമാർ തുടങ്ങിയ ഒരു മേഖലയിലും ആദിവാസികൾക്കും ദളിതർക്കും അതിപിന്നാക്കക്കാർക്കും യാതൊരു പ്രാതിനിധ്യവുമില്ല. സ്വാതന്ത്ര്യാനന്തരം എഴുപത് വർഷം കഴിഞ്ഞിട്ടും സ്വാഭാവികമായി നീതി ഉറപ്പുവരുത്തുന്ന സാമൂഹിക ജീവിതക്രമം രൂപപ്പെടുത്താൻ കേരളത്തിനോ ഇന്ത്യക്കോ കഴിഞ്ഞിട്ടില്ല.
എന്തുകൊണ്ടാണ് നിയമപരമായ അവകാശമുള്ളിടത്ത് മാത്രം പ്രാതിനിധ്യം ഉണ്ടായിരിക്കുകയും നിയമപരിരക്ഷ ഇല്ലായിടത്ത് പ്രാതിനിധ്യം ഇല്ലാതിരിക്കുകയും ചെയ്യുന്നത്? ജാതിവ്യവസ്ഥയെ ധാർമിക മൂല്യവ്യവസ്ഥയായി സ്വാംശീകരിച്ചിരിക്കുന്ന ‘സോഷ്യൽ മൊറാലിറ്റി'യിലാണ് കേരളവും ഇന്ത്യയും ഇപ്പോഴും ജീവിക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യം ഇതായതുകൊണ്ടാണ് ഇന്ത്യയുടെ എൺപത് ശതമാനം വരുന്ന ജനതയുടെ പരിമിതമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന സംവരണത്തെ സംരക്ഷിക്കാൻ സാമ്പത്തിക സംവരണമെന്ന ഹിന്ദുത്വ അജണ്ടയെ താത്വികമായും രാഷ്ട്രീയമായും എതിർക്കേണ്ട അനിവാര്യതയിലേക്ക് എത്തുന്നത്. എന്നാൽ ഇത് അയിത്തജാതി സമൂഹങ്ങളുടെയും പിന്നാക്കക്കാരുടെയും മുസ്‌ലിംകളുടെയും പ്രശ്‌നമായാണ് കേരളത്തിന്റെ മുഖ്യധാരാസമൂഹം പരിഗണിക്കുന്നത്. മുന്നാക്ക സംവരണത്തെ ജനാധിപത്യ ധ്വംസന പ്രശ്‌നമായി മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് നാമൊരു ജാതി സമൂഹമായതുകൊണ്ടാണ്.
സാമ്പത്തിക സംവരണത്തിലെ ചതി
ബ്രാഹ്മണ്യത്തിന്റെ അല്ലെങ്കിൽ ജാതിവ്യവസ്ഥയുടെ ഇരകളാക്കപ്പെട്ടവർക്ക് നീതി ഉറപ്പിക്കാനാണ് സംവരണതത്വം നടപ്പിലാക്കിയത്. ജാതിയുടെ ഗുണഭോക്താക്കൾ ആയിരുന്നു ഇന്ത്യയിലെ സവർണ സമുദായങ്ങൾ. അടിമകളായി മൃഗതുല്യം ജീവിക്കേണ്ടിവന്നവർ തങ്ങളെ മനുഷ്യനായും പൗരനായും തുല്യാവകാശങ്ങളുള്ള വ്യക്തിയായും പരിഗണിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ രൂപപ്പെടുത്തുന്ന രാഷ്ട്രീയ പരിഹാരവും, "സവർണരിലെ പിന്നാക്കക്കാരുടെ' സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഒരുക്കുന്ന പരിഹാരവും എങ്ങനെയാണ് ഒന്നാവുന്നത്? ഇവിടെയാണ് സാമ്പത്തിക സംവരണത്തിന്റെ ചതി ഒളിഞ്ഞിരിക്കുന്നത്.
ഏകലവ്യനോട് ദ്രോണാചാര്യർ ഗുരു ദക്ഷിണയായി ഏകലവ്യന്റെ പെരുവിരൽ ആവശ്യപ്പെടുന്നത് ഗുരുദക്ഷിണ ആവശ്യമുണ്ടായിട്ടല്ല. നിഷാദ വംശത്തിൽ പിറന്നവനായതുകൊണ്ടുമാത്രമാണ് ശിഷ്യനാക്കാമോ എന്നു ചോദിക്കുന്ന ഏകലവ്യന്റെ ആവശ്യത്തെ ദ്രോണാചാര്യർ നിഷേധിക്കുന്നത്. പിന്നെന്തിനാണ് കാട്ടിൽ സ്വയം അമ്പെയ്ത്ത് പഠിച്ച ഏകലവ്യന്റെ ഗുരുദക്ഷിണ ദ്രോണർക്ക്? തന്റെ പ്രിയ ശിഷ്യനും രാജകുമാരനുമായ അർജ്ജുനനേക്കാൾ മുകളിൽ വീരനായ യോദ്ധാവായി കാട്ടാളവംശത്തിൽ പിറന്ന ഏകലവ്യൻ പോകരുത് എന്ന് ദ്രോണർക്ക്, ബ്രാഹ്മണ്യത്തിന് ശാഠ്യം ഉള്ളതുകൊണ്ടാണ്. അർജ്ജുനനേക്കാൾ പോരാളിയായി മാറാൻ കഴിവും കരുത്തുമുള്ള ഏകലവ്യനെ തകർക്കുക എന്നതാണ് ലക്ഷ്യം. ഈ ബ്രാഹ്മണ്യ പാരമ്പര്യത്തെയാണ് സാമ്പത്തിക പിന്നാക്കാവസ്ഥ എന്ന പേരിൽ സവർണ സംവരണം നടപ്പിലാക്കുന്നത്തിലൂടെ കാത്തുസൂക്ഷിക്കുന്നത്.
‘ദാരിദ്ര്യം' ഒരു സവർണതന്ത്രമാക്കപ്പെടുമ്പോൾ
കേരളത്തിലെ മുസ്‌ലിംകളും ഈഴവരും പട്ടികജാതിക്കാരും അടുത്ത വർഷങ്ങളിലായി മെറിറ്റിൽ കയറാൻ തുടങ്ങിയതോടെയാണ് എൻ.എസ്.എസ് ഉൾപ്പെടെയുള്ള മുന്നാക്ക സമുദായങ്ങൾ സാമ്പത്തിക സംവരണം എന്ന ആവശ്യം ശക്തമാക്കാൻ തുടങ്ങിയത്. പി.എസ്.സിയുടെ കള്ളക്കളികൾ കൊണ്ട് മെറിറ്റ് സീറ്റിലെ 50 ശതമാനവും കൈയ്യടക്കി വെച്ചിരുന്നത് സവർണ സമുദായങ്ങൾ ആയിരുന്നു. മെറിറ്റിൽ സംവരണ സമുദായങ്ങൾ കടന്നുവന്നാലും അവരെ മെറിറ്റിൽ (Open Competition) പരിഗണിക്കാതെ സംവരണ സീറ്റുകളിലാണ് പരിഗണിച്ചുകൊണ്ടിരുന്നത് 5. തത്വത്തിൽ 50 ശതമാനം സീറ്റ് സവർണർക്കു മാത്രമായി ‘സംവരണം' ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ചോദ്യം ചെയ്യപ്പെട്ടതോടെയാണ് മുന്നാക്ക സംവരണം എന്ന ആവശ്യം എൻ.എസ്.എസ് ഉൾപ്പെടെ ശക്തമായി ഉന്നയിക്കാൻ തുടങ്ങിയത്.
ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ സാമുദായിക സംവരണം നിർത്തലാക്കുന്ന നടപടികൾക്ക് ശ്രമിച്ചാൽ അത് വലിയ രാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമാകും. അപ്പോൾ സാമുദായിക സംവരണം ഇല്ലാതാക്കാൻ സംവരണത്തിന്റെ അടിസ്ഥാന യൂണിറ്റായ ജാതിയുടെ സ്ഥാനത്ത് ദാരിദ്രത്തെ/സാമ്പത്തിക പിന്നാക്കാവസ്ഥയെ കൊണ്ടുവരികയാണ് എളുപ്പമെന്നത് ഇന്ത്യയിലെ സവർണ രാഷ്ട്രീയം കണ്ടെത്തിയ രാഷ്ട്രീയതന്ത്രമായിരുന്നു. ഈ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന് ഭരണഘടനയുടെ അടിസ്ഥാനതത്വത്തിൽ തന്നെ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. ഈ ആവശ്യം നടപ്പിലാക്കാൻ, ഒരുതുള്ളി ചോര പോലും പൊടിയാതെ ഭരണഘടനയെ ഇല്ലാതാക്കാൻ ഏറ്റവും ഉത്തമം ദാരിദ്രത്തെ മുന്നിൽ വെയ്ക്കുക എന്നുള്ള തന്ത്രം വിജയം കണ്ടു. ദാരിദ്ര്യമാണ് മാനദണ്ഡമെങ്കിൽ പിന്നെ ആർക്കും ഒരു പ്രശവുമില്ലല്ലോ!
ഈ സവർണ തന്ത്രമാണ് ഭരണഘടനയുടെ 15ാം വകുപ്പ് 103 ാം ഭേദഗതിയിലൂടെ ‘സാമ്പത്തിക സംവരണം' നടപ്പിലാക്കുന്നതിലേക്ക് നയിച്ചത്. ഇപ്പോൾ സംവരണത്തിന് സാമ്പത്തിക പിന്നാക്കാവസ്ഥ മാനദണ്ഡമായി മാറി. ഇനി കാര്യങ്ങൾ അവർ നിശ്ചയിക്കുന്നതിലേയ്ക്ക് എത്തിക്കുവാൻ എളുപ്പമാണ്. പിന്നാക്ക സമുദായങ്ങൾക്ക് ഇപ്പോൾ തന്നെ ക്രീമിലയർ ഉണ്ട്. ഇനിയത് ആദിവാസികൾക്കും ദളിതർക്കും കൂടി ഉടൻ തന്നെ നടപ്പിലാക്കും. ക്രീമിലയർ എന്ന് പറയുന്നത് തന്നെ സാമ്പത്തിക മാനദണ്ഡമാണല്ലോ. വളരെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെ സാമുദായിക സംവരണം സാമ്പത്തിക സംവരണമായി മാറും. എന്ത് ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണോ സംവരണം നടപ്പിലാക്കിയത് അത് പൂർണമായും അട്ടിമറിക്കുന്നതാണ് സവർണ സംവരണം.
ജാതി ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്...
ഇടതുപക്ഷ സർക്കാർ യാതൊരു പഠനവുമില്ലാതെയാണ് മുന്നാക്ക സംവരണം നടപ്പിലാക്കിയത്. കേരളത്തിൽ മുന്നാക്കക്കാരിൽ എത്ര പിന്നാക്കക്കാർ ഉണ്ടെന്നോ അവരുടെ പിന്നാക്കാവസ്ഥ ഏതെല്ലാം നിലയിലാണെന്നോ സർക്കാരിന് അറിയില്ല. സംസ്ഥാനങ്ങളിലെ മുന്നാക്കക്കാരുടെ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിൽ ‘പരമാവധി പത്ത് ശതമാനം വരെ'6 സംവരണം നൽകാമെന്നാണ് നിയമം പറയുന്നത്. അതായത് സംസ്ഥാനങ്ങളിലെ മുന്നാക്കക്കാരുടെ പിന്നാക്കാവസ്ഥക്കനുസരിച്ച് സംവരണം നൽകാം എന്നാണ്. സംസ്ഥാനത്തെ മുന്നാക്കക്കാരായ നായർ സമുദായത്തിന്റെയും നമ്പൂതിരിമാരുടെയും മറ്റ് മുന്നാക്ക ഹിന്ദു സമുദായങ്ങളുടെയും സുറിയാനി ക്രിസ്ത്യാനികളുടെയും സാമൂഹിക പിന്നാക്കാവസ്ഥ എന്തെന്നും ഇവർക്ക് സർക്കാർ - പൊതുമേഖല സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും പ്രാതിനിധ്യക്കുറവുണ്ടോ എന്നത് സംബന്ധിച്ച പഠനം നടത്തുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. അത്തരമൊരു പഠനം ഇടതുപക്ഷ സർക്കാർ നടത്തിയിട്ടില്ല.
സവർണ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് മാനദണ്ഡം നിശ്ചയിക്കാൻ നിയോഗിച്ച റിട്ട. ജഡ്ജി കെ. ശശിധരൻ നായർ ചെയർമാനായ കമീഷൻ നൽകിയ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു: ‘മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ ആധികാരികമായ സ്ഥിതിവിവരണ കണക്കുകളോ സർവേകളോ ഇല്ലായെന്നതാണ് കമീഷൻ നേരിട്ട പ്രധാന ബുദ്ധിമുട്ട്'7 എന്ന്. പിന്നെങ്ങനെയാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സർക്കാർ കണ്ടെത്തിയത്? ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് 10 ശതമാനം സംവരണം തന്നെ നൽകണമെന്ന് നിശ്ചയിച്ചത്?
ശാസ്ത്രസാഹിത്യ പരിക്ഷത്ത് നടത്തിയ കേരള പഠനം, എയിഡഡ് സ്ഥാപനങ്ങളിലെയും ദേവസ്വം ബോർഡിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും കണക്കുകൾ തുടങ്ങിയവ വ്യക്തമാക്കുന്നത് സർക്കാർ പൊതുമേഖല ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ മേഖലയിലും അധികാരത്തിലും സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്നത് സവർണ സമുദായങ്ങളാണ് എന്നാണ്. പിന്നാക്ക സംവരണം നടപ്പിലാക്കാൻ നിയോഗിച്ച മണ്ഡൽ കമീഷൻ 1980ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പത്തുവർഷം വേണ്ടിവന്നു നടപ്പിലാക്കാൻ. ഇതിന് നിരവധി പോരാട്ടങ്ങൾ നടത്തേണ്ടി വന്നു. എന്നാൽ സാമ്പത്തിക സംവരണം നടപ്പിലാക്കാൻ മുന്നാക്ക സമുദായങ്ങൾക്ക് ഒരു സമരവും ചെയ്യേണ്ടി വന്നില്ല, ഒരു പഠനവും നടത്തേണ്ടി വന്നില്ല. ജാതി ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്.
സർക്കാർ പഠനം നടത്തി മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉണ്ടെങ്കിൽ തീർച്ചയായും അവർക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പഠനങ്ങൾക്കും ഗൃഹനിർമ്മാണത്തിനും സ്വയംതൊഴിൽ കണ്ടെത്തുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക പദ്ധതികൾ ആവിഷ്‌ക്കരിക്കുകയാണ് വേണ്ടത്. മുന്നാക്ക വികസന കോർപറേഷൻ വഴി ചെലവഴിക്കാവുന്ന പ്രത്യേക സാമ്പത്തിക പാക്കേജ് ബഡ്ജറ്റിൽ വകയിരുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. അതൊന്നും ചെയ്യാതെ മുന്നാക്ക സമുദായങ്ങൾക്ക് സാമ്പത്തിക പിന്നാക്കാവസ്ഥ ഉണ്ടെന്ന പേരിൽ സംവരണം നടപ്പാക്കുന്നത് സാമുദായിക സംവരണത്തെ തകർക്കാനാണ്.
സാമ്പത്തിക സംവരണം ഇ.എം.എസിന്റെ ആവശ്യം
ബി.ജെ.പിയും ആർ.എസ്.എസും കോൺഗ്രസ് ഉൾപ്പെടെയുള്ള വലതുപാർട്ടികളും സ്ഥാപിച്ചെടുത്ത ‘സാമ്പത്തിക സംവരണം' സംവരണ തത്വത്തിനും സാമൂഹിക നീതിക്കുമെതിരായി ഭരണഘടനാവിരുദ്ധമായി ഇന്ത്യയിൽ ആദ്യമായി മുന്നോട്ട് വെച്ചത് 1958ൽ ഇ.എം.എസ് നമ്പൂതിരിപ്പാട് ചെയർമാനായ ഒന്നാം ഭരണപരിഷ്‌ക്കാര കമീഷനാണ്. സാമുദായിക സംവരണം നടപ്പിലാകാൻ തുടങ്ങുന്ന വേളയിൽ തന്നെ സാമ്പത്തിക സംവരണം എന്ന ആശയം ഇ.എം.എസ് മുന്നോട്ടുവെക്കുന്നത് സാമുദായിക സംവരണത്തെ തകർക്കുന്നതിന് ആവശ്യമായ ബൗദ്ധിക അടിത്തറ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ക്രീമിലയറിനുവേണ്ടി ശക്തിയുക്തം വാദിച്ചതും ഇ.എം.എസ് ഉൾപ്പെടെയുള്ള ഇടതുപക്ഷ ദേശീയ നേതൃത്വമാണ്. അദ്ദേഹം പറഞ്ഞത് തന്റെ വാദങ്ങളാണ് ക്രീമിലയറിനായി എടുത്തിട്ടുള്ളത് എന്നാണ്.
‘കേരളത്തിനു മാത്രമല്ല ഇന്ത്യക്കാകെത്തന്നെ ആര്യബ്രാഹ്മണരിൽ നിന്ന് കിട്ടിയ വലിയൊരു സംഭാവനയാണ് ജാതി',‘ജാതി സമ്പ്രദായം നടപ്പിലായത് ഇന്ത്യയുടെ സാമൂഹിക വളർച്ചയിൽ അതിപ്രധാനമായ സ്ഥാനം വഹിക്കുന്ന ഒരു സംഭവമാണ്. ആളുകളെ തങ്ങളുടെ ജോലിക്കനുസരിച്ചു വേറെ വേറെ ജാതികളായി തിരിക്കാൻ തുടങ്ങിയതുമുതൽക്കാണ് കൃഷിയും കൈത്തൊഴിലുകളും കച്ചവടവും കലയും സാഹിത്യവും ആയോധനമുറയും മറ്റും വളർന്നു വരുവാൻ തുടങ്ങിയത്. അച്ഛന്റെ തൊഴിൽ തന്നെ മകനും അനുസരിക്കുക; തന്റെ കുടുംബത്തൊഴിലിൽ പരിശീലനം നേടി വിദഗ്ധനാകാനുള്ള ആഗ്രഹം ഓരോ ബാലനിലും ഉളവാക്കുക'8.
‘ജാതിക്കെതിരെ' ഇ.എം.എസ് സംസാരിക്കുന്നു എന്ന് പറയുമ്പോഴും ഇ.എം.എസിന്റെ ജാതിയെക്കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാട് ജാതിയിൽ അധിഷ്ഠിതമാണ്. കേരള നവോന്ഥാനത്തിന് നെടുംതൂണായി മാറിയ മഹാത്മ അയ്യൻകാളിയെക്കുറിച്ച് ഇ.എം.എസ് നമ്പൂതിരിപ്പാടിന് ‘കേരളം മലയാളിയുടെ മാതൃഭൂമി' എന്ന ചരിത്ര പുസ്തകത്തിൽ ഒരക്ഷരം പോലും കുറിക്കാൻ കഴിയാതെ പോയത് ഈ ജാതി ബോധ്യങ്ങളുടെ ഉൾക്കാഴ്ചകളിൽ പെട്ടുപോകുന്നത് കൊണ്ടാണ്. ഇത് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മാത്രം പ്രശ്‌നമല്ല. അഗ്രഹാരങ്ങൾ കോളനികളെ പോലെ നശിച്ചു പോയെന്ന് മുൻ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തോന്നുന്നത് ഈ ജാതിബാധ്യങ്ങളുടെ തുടർച്ചയിലായതു കൊണ്ടാണ്.
സി.പി.എം, ബി.ജെ.പി, കോൺഗ്രസ്- ഒരേ നിലപാട്
മുന്നാക്ക സമുദായ സംവരണം കേരളത്തിലെ സർക്കാർ മേഖലയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോൾ എൽ.ഡി.എഫ് കൺവീനറായിരുന്ന എ. വിജയരാഘവൻ പറഞ്ഞത്, പാർലമെന്റ് പാസാക്കിയ നിയമം സംസ്ഥാനങ്ങൾക്ക് എങ്ങനെ നടപ്പിലാക്കാതെ ഇരിക്കാൻ കഴിയും എന്നാണ്. സാമ്പത്തിക സംവരണം പാർലമെന്റ് പാസാക്കുന്നതിന് ഒരു കൊല്ലം മുമ്പ് ഇന്ത്യയിൽ ആദ്യമായി സവർണ സംവരണം നടപ്പിലാക്കിയത് കേരളത്തിലാണ്. അതും ‘പുരോഗമന' ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളത്തിൽ.
96 ശതമാനവും സവർണർക്ക് പ്രാതിനിധ്യമുള്ള ദേവസ്വം ബോഡിലാണ് പിന്നേം 10 ശതമാനം മുന്നാക്ക സംവരണം നൽകിയത് എന്നുകൂടി ഓർക്കണം. ദേവസ്വം ബോഡിൽ മുന്നാക്ക സംവരണം നടപ്പിലാക്കിക്കൊണ്ട് ഭരണഘടനാ ഭേദഗതിയിലൂടെ ഇതുപോലെ സവർണ സംവരണം നടപ്പിലാക്കാൻ ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും തന്റേടമുണ്ടോ എന്ന് മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും വെല്ലുവിളിക്കുക കൂടി ചെയ്തു. അത്ഭുതപ്പെടാൻ ഒന്നുമില്ല, ഇതാണ് യാഥാർത്ഥ്യം.
മുന്നാക്ക സംവരണ വിഷയത്തിൽ സി.പി.എമ്മിനും ആർ.എസ്.എസിനും ബി.ജെ.പിക്കും കോൺഗ്രസ്സിനും സവർണ രാഷ്ട്രീയ വക്താക്കൾക്കും ഒരേനയവും കാഴ്ചപ്പാടും രൂപപ്പെടുന്നു; അത് ഇടതുപക്ഷ സർക്കാർ ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്നു. സവർണ രാഷ്ട്രീയത്തോടുള്ള ഈ പൊരുത്തപ്പെടൽ ചരിത്രത്തിന്റെ നിർണ്ണായക ഘട്ടത്തിലൊക്കെത്തന്നെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രൂപപ്പെടുന്നത് കാണാൻ കഴിയും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തിൽ വന്നു സർക്കാർ രൂപീകരിച്ചു ‘പാർശ്വവൽകൃതരുടെ വിമോചനം' എന്ന പേരിൽ നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണം, ലക്ഷംവീട് കോളനി, ഹരിജൻ കോളനി തുടങ്ങിയ കോളനിവൽക്കരണ പദ്ധതി മുതലിങ്ങോട്ട് ഏറ്റവുമൊടുവിൽ ആദിവാസികളും ദളിതരും ഉൾപ്പെടെയുള്ള പാർശ്വവൽകൃതരുടെ ഭൂമി, സ്വത്തുടമസ്ഥത, വിഭവാധികാരം എന്നിവ നിഷേധിച്ച് വീണ്ടും അടിസ്ഥാന ജനതയെ കോളനിവൽക്കരിക്കുകയും സാമൂഹികമായും രാഷ്ട്രീയമായും പുറംന്തള്ളുകയും ചെയ്യുന്ന ലൈഫ് ഫ്‌ളാറ്റ് പദ്ധതി, തോട്ടം കുത്തകകൾക്കും ഫ്യൂഡലുകൾക്കും വേണ്ടി തോട്ടംഭൂമി ഏറ്റെടുക്കൽ അട്ടിമറിക്കുന്നത് തുടങ്ങി സവർണ സംവരണം വരെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ സി.പി.എമ്മിന്റെ നയപരിപാടികളിൽ സവർണ ബോധ്യങ്ങളുടെ രാഷ്ട്രീയം അന്തർലീനമായിരിക്കുന്നത് കാണാൻ കഴിയും.
ഇടതുപക്ഷ സർക്കാർ നടത്തിയത് വൻ സംവരണ അട്ടിമറി
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ആവർത്തിച്ചു പറയുന്നത് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നൽകുന്നത് ഓപൺ ക്വാട്ടയായ 50 ശതമാനത്തിൽ നിന്നാണെന്നും അതുകൊണ്ട് സംവരണ വിഭാഗങ്ങളുടെ 50 ശതമാനം സംവരണത്തിന് ഒരു കുറവും സംഭവിക്കില്ലായെന്നുമാണ്. അതായത് ഓപൺ ക്വാട്ടയിലെ 50 ശതമാനത്തിന്റെ 10 ശതമാനം എന്ന് പറയുമ്പോൾ മൊത്തം സീറ്റിന്റെ അഞ്ച് ശതമാനം. ഈ അഞ്ച് ശതമാനം സംവരണമല്ല "സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ'ക്ക് നടപ്പിലാക്കുന്നത്.
ഗ്രാമപ്രദേശത്ത് 2.5 ഏക്കർ ഭൂമിയും കൊച്ചി നഗരം പോലുള്ള നഗരത്തിൽ 50 സെന്റും 4 ലക്ഷം വാർഷിക വരുമാനവും ഉള്ളവരാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർ! അധഃസ്ഥിത സമൂഹത്തിലെ ഒരു ചെറുസമൂഹത്തിനെങ്കിലും ഇനി എത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാലാവും മുന്നാക്കക്കാരിലെ ഒരു പിന്നാക്കക്കാരനെങ്കിലും ആവാൻ കഴിയുക? സവർണ സമുദായത്തിലെ ഒരാൾക്കു പോലും മുന്നാക്ക സംവരണം ലഭിക്കാതെ പോകരുത് എന്നതാണ് ഇത്തരത്തിൽ മാനദണ്ഡം നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനം.
മുന്നാക്ക സംവരണത്തിന്റെ മറവിൽ നടക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെ മെറിറ്റ് അട്ടിമറിയും സംവരണ അട്ടിമറിയാണെന്നും മെഡിക്കൽ, എഞ്ചിനീറിംഗ്, ഹയർസെക്കൻഡറി സീറ്റുകളുടെ കണക്ക് പുറത്ത് വന്നതിൽ നിന്ന് മനസ്സിലാകും.
മെഡിക്കൽ സീറ്റ് പ്രവേശനത്തിൽ ദേശീയക്വാട്ട സീറ്റ് മാറ്റിയിട്ടുള്ള 1045 സീറ്റിൽ 130 സീറ്റും മാറ്റിവെച്ചിട്ടുള്ളത് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് വേണ്ടിയാണ്. അലോട്ട്‌മെന്റ് നടന്ന 1,62,815 ഹയർ സെക്കന്ററി സീറ്റിൽ 16711 സീറ്റും നീക്കിവെച്ചത് മുന്നാക്കക്കാരായ പിന്നാക്കക്കാർക്കാണ്. എഞ്ചിനീറിംഗ് സീറ്റുകളുടെ അവസ്ഥയും സമാനമാണ്. ചുരുക്കത്തിൽ മൊത്തമുള്ള സീറ്റിന്റെ പത്തു ശതമാനം, അതായത് 50 ശതമാനം സംവരണ വിഭാഗങ്ങളുടെ സീറ്റുകൂടി എടുത്താണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്ക് സർക്കാർ നൽകുന്നത്. മാത്രമല്ല പത്തു ശതമാനത്തിൽ നിന്ന് മുകളിലാണ് ഈ സീറ്റുകളുടെ ശതമാനമെന്ന് കാണാൻ കഴിയും. സംവരണ വിഭാഗങ്ങൾക്ക് കൂടി അവകാശപ്പെട്ട മെറിറ്റ് സീറ്റിന്റെ പത്തു ശതമാനമാണ് മുന്നാക്കക്കാർക്ക് മാത്രമായി നീക്കിവെയ്ക്കുന്നത്. ഇതൊരു അനീതിയാണെന്ന് പൊതുസമൂഹത്തിനു തോന്നുന്നേയില്ല.
വിവരാവകാശ രേഖപ്രകാരം 1,17,267 കരാർ നിയമനങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് നടത്തിയത്. ആയിരക്കണക്കിന് സംവരണ സീറ്റുകളാണ് ഇതിലൂടെ ദളിത്- ആദിവാസികൾക്ക് നഷ്ടപ്പെട്ടത്. 59 വകുപ്പുകളിലായി പട്ടികജാതി- വർഗ്ഗക്കാരുടെ 1674 ഒഴിവ് രേഖപ്പെടുത്തിയെങ്കിലും 99 ശതമാനവും നികത്തപ്പെട്ടിട്ടില്ലെന്നും ഈ കാര്യത്തിൽ വീഴ്ച പറ്റിയെന്നും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം പട്ടികജാതിക്കാരുടെ ഒഴിവുകൾ നികത്താൻ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ ആഗസ്റ്റ് 20നു ചേർന്ന പട്ടികജാതി-വർഗ പ്രാതിനിധ്യ അവലോകന യോഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
എസ്.സി- എസ്.ടി വകുപ്പിനുകീഴിൽ പട്ടികജാതിക്കാരുടെ പ്രത്യേക ഘടക പദ്ധതി ഫണ്ട് കൊണ്ട് നിർമിച്ചതും പ്രവർത്തിക്കുന്നതുമായ പാലക്കാട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വലിയ സംവരണ അട്ടിമറിയാണ് എ.കെ. ബാലനും ഇടതുപക്ഷ സർക്കാരും സി.പി.എമ്മും നടത്തുന്നത്. മാത്രമല്ല പട്ടികജാതി- വർഗക്കാരുടെ വികസനത്തിനായും പദ്ധതികൾക്കായും വിനിയോഗിക്കേണ്ടുന്ന കോടിക്കണക്കിന് തുകയാണ് വകമാറ്റുന്നത്. അതുകൊണ്ടാണ് ബജറ്റിൽ വകയിരുത്തുന്നതിന്റെ പകുതിപോലും ഇടതുപക്ഷ സർക്കാർ ചെലവഴിക്കാത്തത്. 2019 - 2020 സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയതിന്റെ 42.62 ശതമാനം മാത്രമാണ് ചെവഴിച്ചത്. ഈ സാമ്പത്തിക വർഷത്തെ കണക്ക് നോക്കുമ്പോൾ ഇതുവരെ 27 ശതമാനം തുക മാത്രമേ ചെലവാക്കിയിട്ടുള്ളൂ. എവിടേക്കാണ് ഈ തുകകൾ വകമാറ്റി പോകുന്നത്? ദളിത്- ആദിവാസികളോടുള്ള സമീപനത്തിന്റെ പ്രശ്‌നമാണിത്.
അട്ടിമറിക്കപ്പെട്ട നിയമങ്ങൾ
സാമ്പത്തിക സംവരണം നിലവിൽ വന്നശേഷം മറ്റേത് സംസ്ഥാനത്തെക്കാളും ധൃതിയിലും വേഗത്തിലുമാണ് ‘പുരോഗമന' ഇടതുപക്ഷ സർക്കാർ അവ നടപ്പിലാക്കുന്നത്, അതും യാതൊരു പഠനങ്ങളോ കണക്കുകളോയില്ലാതെ. കേന്ദ്ര നിയമം വന്നാൽ നടപ്പിലാക്കേണ്ടതല്ലേ എന്ന നിഷ്‌ക്കളങ്ക ചോദ്യമാണ് ‘പുരോഗമന വാദികൾ' ഉന്നയിക്കുന്നത്. എന്നാൽ ആദിവാസികളുടെ സവിശേഷാധികാരമായ ഭരണഘടന 244 ഷെഡ്യൂൾ 5ൽ വിഭാവനം ചെയ്യുന്ന സ്വയംഭരണ അധികാരം നടപ്പിലാക്കണമെന്നു ഇവർക്ക് തോന്നുന്നേയില്ല. ആദിവാസികളുടെ വനാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ഇവർക്ക് തോന്നുന്നേയില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള 1975ലെ നിയമം നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല നായനാർ സർക്കാർ ഈ നിയമം അട്ടിമറിക്കുക കൂടി ചെയ്തു.
ദളിത്- ആദിവാസി പിന്നാക്ക സമൂഹമുൾപ്പെടെയുള്ള ഭൂരഹിതർക്കും ചേരിനിവാസികൾക്കും കോളനിവാസികൾക്കും രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക അധികാരം ഉറപ്പിക്കാൻ ഭൂ വിഭവങ്ങളുടെ പുനർവിതരണം നടപ്പിലാക്കാൻ കഴിയുന്ന നിവേദിത പി. ഹരൻ മുതൽ ഡോ. രാജമാണിക്യം വരെയുള്ള ആറു കമീഷൻ റിപ്പോർട്ടുകൾ അട്ടിമറിച്ചത് ഇടതുപക്ഷ സർക്കാരുകളാണ്. കേരളം ഊറ്റം കൊള്ളുന്ന പൊതുമേഖല വിദ്യാഭാസത്തിന്റെ സിംഹഭാഗവും - കോളേജുകളുടെ 72 ശതമാനവും സ്‌കൂളുകളുടെ 58 ശതമാനവും - നിലനിൽക്കുന്നത് എയിഡഡ് മേഖലയിലാണ്. ഇവിടുത്തെ ദളിത്- ആദിവാസി പ്രാതിനിധ്യം 0.38 ശതമാനമാണ്.
കേരള സർക്കാരിന്റെ നികുതി വരുമാനത്തിന്റെ 14 ശതമാനം ഉപയോഗിക്കുന്നത് ഈ എയിഡഡ് മേഖലയിലാണ്. ആദിവാസികളുടെയും ദളിതരുടെയും അരശതമാനം പോലും പ്രാതിനിധ്യം ഇവിടെയില്ല. വിമോചന സമരത്തെ തുടർന്ന് എയിഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള വിദ്യാഭ്യാസബില്ലിലെ സെക്ഷൻ 11 താൽക്കാലികമായാണ് 1960 ജൂലൈയിൽ സ്റ്റേ ചെയ്യുന്നത്. 1961 ജനുവരി വരെ മാത്രമായിരുന്നു സ്റ്റേയുടെ കാലാവധി 9.
ആറ് പതിറ്റാണ്ടായിട്ടും ഇവർക്കെന്തേ സർക്കാർ പൊതുപണം മുടക്കുന്നിടത്ത് സംവരണം നടപ്പിലാക്കണമെന്നും അതിനായി എന്തെങ്കിലും ചെയ്യണമെന്നും തോന്നാത്തത്? അധഃസ്ഥിത ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വിവിധ നിയമങ്ങളും കമീഷൻ റിപ്പോർട്ടുകളും ഉണ്ടായിട്ടും അവയൊന്നും നടപ്പിലാക്കണമെന്നു തോന്നാത്തത്? തോന്നില്ല, അതാണ് ജാതിയുടെ യുക്തി.
ഇന്ത്യയിലെ എൺപത് ശതമാനം വരുന്ന അധഃസ്ഥിതർ അതിപിന്നാക്കാവസ്ഥയിൽ കിടന്നാലും കുഴപ്പമില്ല ജനസംഖ്യയുടെ 20 ശതമാനം വരുന്ന സവർണരിലെ വളരെ ചെറിയൊരു ശതമാനത്തിന്റെ സാമ്പത്തികമായി പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി ഭരണഘടന തന്നെ പൊളിച്ചെഴുതണമെന്നു തോന്നുന്ന രാഷ്ട്രീയത്തിന്റെയും ധാർമിക രോഷത്തിന്റെയും പേരാണ് ജാതി.
മുന്നാക്ക സംവരണം രാഷ്ട്രീയ അധികാര പ്രശ്‌നമാണ്
‘മുന്നാക്ക സംവരണത്തെ എന്തുകൊണ്ടാണ് എതിർക്കുന്നത് എന്നതിലല്ല, എന്തുകൊണ്ടാണ് എല്ലാ പാർട്ടികളും മുന്നാക്ക സംവരണത്തെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിനാണ് പ്രസക്തി'10. സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമ്പോൾ സന്നിഹിതരായിരുന്ന 326 പേരിൽ ലീഗിന്റെ രണ്ട് എം പിമാരും ഒവൈസിയും ഉൾപ്പെടുന്ന മൂന്നേമൂന്നു പേർ ഒഴിച്ച് മുഴുവൻ അംഗങ്ങളും ബില്ലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ പാർലിമെന്റ് മുന്നാക്ക സംവരണം നിയമം പാസാക്കുന്നതിന് വളരെ മുമ്പ് മുന്നാക്ക സംവരണം കേരളത്തിൽ പാസാക്കാൻ തയ്യാറാകുന്നത് സവർണ സമുദായങ്ങളെ പ്രീണിപ്പിച്ചു കൂടെ നിർത്തുകയും അധികാരം നിലനിർത്തുകയും ചെയ്യുന്നതിനാണ്.
ഹിന്ദുത്വ വോട്ടുകളെ എകീകരികരിച്ച് പാർട്ടിയ്ക്ക് ഗുണപരമാക്കുന്നതിനാണ് മുസ്ലിംലീഗ് വർഗീയ പാർട്ടിയാണെന്നും അവർ തീവ്രവാദം വളർത്തുന്നുവെന്നും മുന്നാക്ക സംവരണത്തിന്റെ പേരിൽ പിന്നാക്ക ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രചാരണം നടത്തുന്നത്. എന്തുകൊണ്ടാണ് ദളിതരും പിന്നാക്കക്കാരും മത്സ്യതൊഴിലാളികളും ആദിവാസികളും നടത്തുന്ന മുന്നാക്ക സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളെ സി.പി.എം കാണാതെ ഇരിക്കുന്നത് ? മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തെ വിമർശിക്കാം, പക്ഷെ ആ വിമർശനങ്ങൾക്ക് ബി.ജെ. പിയുടെ അതേവാദങ്ങൾ തന്നെ സി.പി.എമ്മും എറ്റെടുക്കുന്നതിനു പിന്നിൽ സവർണ പ്രീണന ഘടങ്ങളാണുള്ളത്.
സംവരണത്തിലൂടെ അയിത്തജാതി ജനതയുടെ പ്രാതിനിധ്യം പാർലമെന്ററി ജനാധിപത്യത്തിലുണ്ടെങ്കിലും അവർ പ്രതിനിധാനം ചെയ്യുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയാണ്. ‘സംവരണത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഒട്ടെല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹത്തിനുവേണ്ടി നിലകൊളളുന്നതിന്നാൽ മുൻചെന്നവർക്ക് സവിശേഷമായി സമുദായത്തിനുവേണ്ടി വാദിക്കുവാൻ കഴിയുന്നില്ല' 11.
ഭരണഘടനയുടെ അന്തഃസത്തയെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ ഇടതുപക്ഷത്തിന്റെയും ബി.എസ്.പിയുടെയും ഉൾപ്പെടെയുള്ള സംവരണ എം.പിമാർ മുന്നാക്ക സംവരണത്തെ അനുകൂലിക്കുന്നത് ഈ സവിശേഷത കൊണ്ടാണ്. ഇതാണ് സംവരണത്തിന്റെ പരിമിതിയും. ഇതിനെ മറികടക്കുന്നതിനും രാഷ്ട്രീയ അധികാരം സ്ഥാപിക്കുന്നതിനും 1932 ഡോ.ബി.ആർ. അംബേദ്കർ കമ്യൂണൽ അവാർഡിലൂടെ നേടിയെടുത്ത പ്രത്യേക നിയോജകമണ്ഡലം (Separate electorate) തിരികെ കൊണ്ടുവരുന്നതിനുള്ള പ്രക്ഷോഭങ്ങളാണ് ആരംഭിക്കേണ്ടത്.
യർവാദ ജയിലിൽ മരണം വരെയുള്ള നിരാഹാര സമരത്തിലൂടെയും 1932ൽ പൂനാ കരാറിലൂടെയും ഗാന്ധി കമ്യൂണൽ അവാർഡ് തകർത്തത്, പ്രത്യേക നിയോജകമണ്ഡലം എന്ന ആവശ്യം ഇല്ലാതാക്കിയെങ്കിലും അതൊരു കഴിഞ്ഞ കാര്യമായി അംബേദ്കർ കണ്ടിരുന്നില്ല. മാത്രമല്ല പ്രത്യേക നിയോജക മണ്ഡലമാണ് വേണ്ടത് എന്ന് അദ്ദേഹം ആവർത്തിച്ചു പറയുകയും ചെയ്തു. കാനഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പസഫിക് റിലേഷൻസിന്റെ ക്ഷണപ്രകാരം 1942 ൽ അദ്ദേഹം അവിടെ അവതരിപ്പിച്ച പ്രബന്ധമാണ്12 പിന്നീട് പ്രത്യേക നിയോജക മണ്ഡലം എന്തുകൊണ്ട് വേണമെന്ന ആവശ്യത്തെ രാഷ്ട്രീയമായും സൈദ്ധാന്തികമായും വിശദീകരിച്ചത്.
യഥാർത്ഥത്തിൽ മുന്നാക്ക സംവരണം നടപ്പാക്കുന്നതിന്റെ മാത്രം പ്രശനമല്ല. ഇന്ത്യയിൽ അടിസ്ഥാനപരമായി നിലനിൽക്കുന്നത് ഒരു ബ്രാഹ്മണ്യ സ്റ്റേറ്റാണ്. കക്ഷി രാഷ്ട്രീയത്തിനുറത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അന്തർലീനമായ പൊതുഘടകം ബ്രാഹ്മണ്യബോധമാണ്. സവർണ രാഷ്ട്രീയ താൽപര്യങ്ങളെ ‘പൊതുവിഷയമായി' മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സർക്കാരും ഏറ്റെടുക്കുകയും നിരന്തരം സംരക്ഷിച്ചു നിർത്തുകയും ചെയ്യുന്നത് ഈ സവിശേഷതയാലാണ്.
നിരവധി സമരങ്ങളിലൂടെയും ഭൂസമരമുൾപ്പെടെ മറ്റു പ്രക്ഷോഭങ്ങളിലൂടെയും ദളിത്- ആദിവാസികൾ നിരന്തരം ഈ ചോദ്യം ഉന്നയിച്ചിട്ടും ഒരിക്കലും ഇതിനെ ചർച്ചക്കെടുക്കാൻ കേരളം തയ്യാറായിട്ടില്ല. സ്വാതന്ത്ര്യത്തിനുമുൻപ് ഏതൊക്കെ സാമൂഹിക വിഭാഗങ്ങളാണോ അധികാരവും ഭൂമി - വിഭവങ്ങളും സമ്പത്തും സാമൂഹികപദവിയും സാംസ്‌കാരിക മേൽക്കോയ്മയും കൈയ്യടക്കി വെച്ചിരുന്നത്, അവർ തന്നെയാണ് സ്വാതന്ത്ര്യാനന്തരവും ജനാധിപത്യവ്യവസ്ഥയിൽ ഇവയെല്ലാം കൈയ്യടക്കി വെച്ചിരിക്കുന്നത്.
സവർണ സമുദായങ്ങൾക്ക് തങ്ങളുടെ അധികാരം വിപുലീകരിക്കാനും സംരക്ഷിക്കാനുമുള്ള ഇടങ്ങൾ ലിബറൽ ജനാധിപത്യത്തിനകത്തുണ്ട്. ഈ ലിബറൽ ജനാധിപത്യത്തെ പ്രശ്നവൽക്കരിച്ചുകൊണ്ടല്ലാതെ അംബേദ്കർ മുന്നോട്ടു വെച്ച, സാമൂഹിക ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും നിലനിൽക്കുന്ന, സാഹോദര്യം പുലരുന്ന ഒരു ജീവിതക്രമത്തെ - ജനാധിപത്യത്തെ - നിർമിക്കാൻ കഴിയൂ.
ഇന്ത്യയിലെ ആദിവാസികളുടെയും ദളിതരുടെയും പിന്നാക്കക്കാരുടെയും മത്സ്യതൊഴിലാളികളുടെയും മുസ്‌ലിംകളുടെയും സ്ത്രീകളുടെയും ലിംഗ ന്യൂനപങ്ങളുടെയും കർഷകരുടെയും പാർശ്വവൽകൃതരുടെയും നിയന്ത്രണമുള്ള ഒരു സർക്കാർ (അധികാര വ്യവസ്ഥ) രൂപീകരിച്ചു കൊണ്ടേ ഈ അടിസ്ഥാന ജനതയുടെ നീതി ഉറപ്പിക്കാൻ കഴിയൂ. അപ്പോഴേ ഈ സമൂഹങ്ങൾക്ക് വിമോചനം സ്വപ്നം കാണാൻ കഴിയൂ. അതുകൊണ്ടാണ് മുന്നാക്ക സംവരണ വാദികളായ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടില്ല എന്ന് നീതിയെ സ്വപ്നം കാണുന്നവർ ഉറക്കെപ്പറയുന്നത്.
ഭരണഘടനാ സമിതിയ്ക്ക് മുൻപാകെ ഡോ. ബി. ആർ. അംബേദ്കർ നടത്തിയ പ്രസംഗം ഏഴ് പതിറ്റാണ്ടിനു ശേഷം വീണ്ടും പ്രസക്തമാകുകയാണ്. ‘വാസ്തവത്തിൽ ഇന്ത്യയെന്ന ദേശം സ്വയം നിർമിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇനിയും ഒരു ദേശമായിത്തീർന്നിട്ടില്ല. സാമൂഹികവും മാനസികവുമായ തലങ്ങളിൽ നാമിനിയും ദേശമായിത്തീർന്നിട്ടില്ലെന്ന യാഥാർഥ്യം നാം എത്രയും വേഗം മനസിലാക്കുന്നുവോ അത്രയും നല്ലത്. കാരണം അപ്പോൾ മാത്രമേ ഒരു രാഷ്ട്രമായിത്തീരുന്നതിന്റെ ആവശ്യകത നാം തിരിച്ചറിയൂ. അത് യാഥാർഥ്യമായിത്തീരാനുള്ള മാർഗങ്ങളും ഉപാധികളും നാം അപ്പോൾ ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങും. ഇന്ത്യയിലെ സാമൂഹികവിരുദ്ധമായ ജാതിവ്യവസ്ഥ സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം തുടങ്ങിയ മൂല്യങ്ങളെ യാഥാർഥ്യമാക്കി തീർക്കുന്നതിനുള്ള ഏറ്റവും വലിയ തടസമായിരിക്കുന്നു. ദീർഘകാലമായി ഇന്ത്യയിൽ രാഷ്ട്രീയാധികാരം വളരെ കുറച്ചു പേരുടെ മാത്രം കുത്തകയായിരുന്നു. ബാക്കി മനുഷ്യരെല്ലാം ഇരകൾ മാത്രമായിരുന്നു. എന്നാൽ സ്വയംഭരണത്തിനുവേണ്ടി കുതറുകയാണ് ഇപ്പോൾ അധഃസ്ഥിത ജനവിഭാഗങ്ങളെല്ലാം' 12.
ഈ കുതറലിന് വേണ്ട ഊർജ്ജം, മുന്നാക്ക സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് സംഭരിക്കുകയാണ് കേരളത്തിലെ അധഃസ്ഥിതർ.
Reference:
From Slavery to Citizenship : Historical evolution of Dalits in Kerala - P. Sanal Mohan ‘എതിര്’ - പ്രൊഫ. എം. കുഞ്ഞാമൻ മിസ്റ്റർ ഗാന്ധിയും അസ്പൃശ്യരുടെ വിമോചനവും - ഡോ. ബി. ആർ. അംബേദ്കർ ജനതയും ജനാധിപത്യവും - സണ്ണി എം. കപിക്കാട് പി.എസ്.സി നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി - സുദേഷ് എം. രഘു The Constitution of India, Part 3, Article 15(6) b Report of the Commission Constituted for Recommending the Criteria for Identifying the Economically Weaker Sections (EWS) in the General Category in Kerala. ‘കേരളം മലയാളിയുടെ മാതൃഭൂമി’ - ഇ. എം. എസ്. നമ്പൂതിരിപ്പാട്
9 . പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ - ഒ.പി. രവീന്ദ്രൻ അഭിമുഖം, വോക്ക് ജേർണൽ - സണ്ണി എം. കപിക്കാട് ഇടതുപക്ഷമില്ലാത്ത കാലം - കെ.കെ. കൊച്ച് മിസ്റ്റർ ഗാന്ധിയും അസ്പൃശ്യരുടെ വിമോചനവും - ഡോ. ബി.ആർ. അംബേദ്കർ