കെ. വേണുവിൻ്റെ ജനാധിപത്യ
അന്വേഷണങ്ങൾ -3
പി. ഗോവിന്ദപ്പിള്ള
എം.ജി.ശശി: പി. ഗോവിന്ദപ്പിള്ളയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച്?
കെ.വേണു: നേരത്തേ പറഞ്ഞപോലെ, ഞാൻ ദേശാഭിമാനിയിൽ എത്തിയപ്പോഴാണ് ആ ബന്ധം ആരംഭിക്കുന്നത്. സ്ഥിരായിട്ട് അദ്ദേഹത്തിൻ്റെ വീട്ടിൽ പോകാൻ തൊടങ്ങി. ചേട്ടൻന്നാ ഞാൻ വിളിയ്ക്കാറ്. ചേട്ടനും, ചേച്ചീം... എൻ്റെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷവും ഞാൻ ചേട്ടനുമായിട്ടുള്ള ബന്ധം തുടർന്നിരുന്നു. അങ്ങോർക്കും അത് വല്യേ പ്രശ്നായിരുന്നില്ല. ആദ്യൊക്കെ എന്നെ ഒന്ന് ഉപദേശിച്ച് നോക്കി. അന്ന്, അപ്പഴയ്ക്കും ഞാൻ 'പ്രപഞ്ചവും മനുഷ്യനും' എഴുതി പ്രസിദ്ധീകരിച്ച് കഴിഞ്ഞിരുന്നു.
തിരുവനന്തപുരത്തുവെച്ചാണ് അത് ചെയ്യണത്. പുസ്തകത്തെക്കുറിച്ച് ഗോവിന്ദപ്പിള്ളയ്ക്ക് വല്യേ അഭിപ്രായം ഉണ്ടായിരുന്നു. ഉള്ളടക്കത്തിനെപ്പറ്റി പ്രത്യേകിച്ച്. ഇത്രയും ഗഹനമായൊരു പുസ്തകം ആ പ്രായത്തിൽ ഞാനെഴുതുന്നൂവെന്നതൊക്കെ. അവസാന ഭാഗങ്ങളിലൊക്കെ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം പറയുകയും ചെയ്തിരുന്നു. ആ രീതീലുള്ള ഒരു വലിയ ബന്ധായിരുന്നൂ ചേട്ടനുമായിട്ട് ഉണ്ടായിരുന്നത്.
നഗരൂർ-കുമ്മിൾ സംഭവുമായി ബന്ധപ്പെട്ട് ഞാൻ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, യാതൊരു സംശയവുമില്ലാതെ ഗോവിന്ദപ്പിള്ള പോലീസ് ക്യാമ്പിൽ വന്ന് എന്നെ കാണുകയുണ്ടായി. ആരും ചെയ്യാത്ത ഒരു കാര്യായിരുന്നു അത്. അന്നദ്ദേഹം എം.എൽ.എ ആണ്. അതുകൊണ്ട് ജയറാം പടിക്കൽ പ്രത്യേകം ചോദിയ്ക്കുന്നുണ്ട്, 'എന്തെടോ പീജിയുമായിട്ട് തനിക്ക് ഇത്രേം വല്യ ബന്ധം'ന്ന്.
എം.ജി.ശശി: ശരിയ്ക്ക്, ഈയൊരു കാലത്ത് കാണാൻ കിട്ടാത്ത ഒരു ജനാധിപത്യവാദിയായിരുന്നു പി.ജി അല്ലേ?
കെ.വേണു: തീർച്ചയായിട്ടും.
എം.ജി.ശശി: ചേട്ടനും ചേച്ചീം ഒക്കെയായിട്ട്ള്ള ബന്ധത്തിനെക്കുറിച്ച് പറയുമ്പൊ, അവരുടെ മക്കൾ, ഏഷ്യാനെറ്റിലെ എം.ജി.രാധാകൃഷ്ണനും പാർവ്വതിയും... അവരൊക്കെയായിട്ട് അനിയനും അനിയത്തീം പോലുള്ള സൗഹൃദവും അടുപ്പവുമൊക്കെ ഉണ്ടായിരുന്നു അല്ലേ?
കെ.വേണു: അതെ. അന്നവര് സ്കൂൾ കുട്ടികളാ. ഞങ്ങള് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കലൊക്കെ പതിവായിരുന്നു. പിന്നീടുള്ള മാറ്റങ്ങൾക്ക് ശേഷം അവരെ അങ്ങനെ സ്ഥിരായി കാണാൻ സാഹചര്യണ്ടായിട്ടില്ല. എന്നെ ചേട്ടനെപ്പോലെയാണ് അവര് കണ്ടിരുന്നത്. രാധാകൃഷ്ണനുമായിട്ട് പിന്നെയും പല കാര്യങ്ങൾക്കും തമ്മില് ബന്ധപ്പെടാറ്ണ്ട്. രാജമ്മച്ചേച്ചീടെ മരണം രാധാകൃഷ്ണനാണ് എന്നെ വിളിച്ച് പറയണത്. അന്നെനിയ്ക്ക് പോകാൻ പറ്റിയില്ല. കാരണം ഉച്ചയ്ക്ക് ശേഷാണ് വിവരം അറിയണത് തന്നെ. പോണന്ന് ഉണ്ടായിരുന്നു. പി.ജീടെ ക്രിമേഷന് ഞാനവടെ ഉണ്ടായിരുന്നു.
എം.ജി.ശശി: ആ കാലത്ത് രാധാകൃഷ്ണനോടും പാർവ്വതിയോടുമൊക്കെ രാഷ്ട്രീയം സംസാരിയ്ക്കാറുണ്ടോ?
കെ.വേണു: ഇല്ലില്ല. അവരന്ന് കുട്ടികളാണ്. സ്കൂൾ കുട്ടികള്. വല്യേ സ്നേഹായിരുന്നൂ എനിയ്ക്കവരോട്... അവർക്ക് എന്നോടും.
അദ്ധ്വാനവും കലയും
എം.ജി.ശശി: എൻ്റെ കോളേജ് കാലത്ത് കേവിയെ കണ്ടശേഷം, കേവി എൻ്റെ വീട്ടിലും നാട്ടിലും വരുന്നു, ഞാൻ കേവീടെ താമസസ്ഥലത്ത് വരുന്നു, അന്ന് കേവീടെ വ്യക്തിത്വത്തില് ഞാൻ ശ്രദ്ധിച്ച ഒരു കാര്യണ്ട്. പുസ്തകങ്ങള്, പ്രത്യയശാസ്ത്രം, ദർശനം, രാഷ്ട്രീയം... ഇതിലൊക്കെ നമ്മള് അങ്ങോട്ട് സമീപിയ്ക്കണ കേവി മറ്റ് കാര്യങ്ങളിലൊന്നും പങ്കെടുക്കാതെ മാറിഇരിയ്ക്കണ ഒരു ബുദ്ധിജീവി ആയിരിയ്ക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ കേവി അങ്ങനെയേ അല്ല. രാഷ്ട്രീയമാണ് കലയേക്കാൾ മുന്തിയത് എന്ന് പൊതുവിൽ ഒരു ധാരണയുണ്ട്. അപ്പൊ രാഷ്ട്രീയക്കാരൻ കലയുമായി സാധാരണ രീതിയില് ഒരു ബന്ധവുമില്ലാത്ത ആളായിരിയ്ക്കും. പക്ഷേ, കലാകാരനായ ചിത്രം വരയ്ക്കണ കേവിയെക്കുറിച്ച് പറയാമോ?
കെ.വേണു: ചിത്രം വരയ്ക്കാൻ ചെറുപ്പം മുതലേ താല്പര്യണ്ടായിരുന്നു. പഠിയ്ക്കണ കാലത്ത് സ്കൂൾ മാഗസിനില് നെഹ്റുവിൻ്റേം ഗാന്ധീടേം ചിത്രങ്ങളൊക്കെ വരച്ചിട്ട്ണ്ട്. കോളേജില് പഠിയ്ക്കണ കാലത്ത്, വെറും സ്കെച്ച് ചെയ്യണ പോലെയല്ലാതെ, സുവോളജി റെക്കോർഡ് ബുക്ക് ഞാൻ നല്ല ഭംഗ്യായിട്ട് വരച്ചുവെയ്ക്കും. പെയിൻ്റിംഗ് ഞാനങ്ങനെ പഠിച്ചിട്ടൊന്നൂല്ല. പക്ഷേ, പിന്നീട് വാട്ടർ കളറില് പെയിൻ്റ് ചെയ്യാറുണ്ട്. എനിയ്ക്ക് ദൈവവിശ്വാസോന്നും ഇല്ലെങ്കിലും ശ്രീകൃഷ്ണൻ്റെ ചിത്രം വരയ്ക്കണത് വലിയ ഇഷ്ടായിരുന്നു. ഓടക്കുഴല് വായിക്കണ നീലക്കാർവർണ്ണൻ്റെ ചിത്രം ഞാൻ പെയിൻ്റ് ചെയ്തിട്ട്ണ്ട്. അത് നന്നായിരുന്നൂ എന്നാണ് എനിയ്ക്ക് തന്നെ തോന്നീട്ട്ള്ളത്.
എം.ജി.ശശി: പിന്നെ അതിൻ്റെ തുടർച്ചയൊന്നും ഉണ്ടായില്ല... അല്ലേ?
കെ.വേണു: ഇല്ല.
എം.ജി.ശശി: ജന്മികുടുംബത്തീന്ന് വരണ ആളാണ്. പക്ഷേ, ആ സ്വഭാവങ്ങളൊന്നും ഇല്ലാത്ത കേവിയെയാണ് ഞാൻ കണ്ടിട്ടുള്ളത്. ശാരീരികമായി അദ്ധ്വാനിയ്ക്കാനൊക്കെ തയ്യാറായിരുന്നല്ലോ അല്ലേ...
കെ.വേണു: അത് ഞാൻ പ്രത്യേകായിട്ട് തന്നെ ചെയ്യണ ഒരു കാര്യാണ്. അമ്മ അങ്ങനെ ആയിരുന്നു. പാടത്ത് തൊഴിലാളികള് പണി ചെയ്യുമ്പൊ അമ്മ ഞാറ് നടാൻ അവരുടെ കൂടെ കൂടും. അല്ലാതെ വരമ്പത്ത് ഇരിയ്ക്കലല്ല. അപ്പൊ അത് കണ്ടിട്ടാണ് അമ്മേടെ കൂടെ പണികളൊക്കെ ചെയ്യാൻ ഞാൻ പഠിച്ച് തൊടങ്ങീത്. തെങ്ങിൻ്റെ തടം എടുക്കലൊക്കെ അന്നേ ചെയ്തിരുന്നു. ഇപ്പൊ ഞാൻ താമസിയ്ക്കണ ഒളരീലെ സ്ഥലം അന്ന് കൃഷി ചെയ്യാതെ പുല്ല് പിടിച്ച് കെടക്ക്വായിരുന്നു. അവടെ കുറേയധികം തെങ്ങിൻ തൈകള് ഞാൻ തന്നെ വെച്ചു. വെള്ളം കെട്ടിക്കെടക്കണ സ്ഥലായതോണ്ട് മണ്ണ് മാടിപ്പൊക്കി ഉയർത്തീട്ട് വേണം. പിന്നെ ആ സ്ഥലത്ത് വാഴത്തോട്ടോം ഉണ്ടാക്കി. ആദ്യത്തെ ജയിൽവാസം കഴിഞ്ഞ് തിരിച്ച് വന്നിട്ട് മാനന്തവാടീല് വാളാട് കൃഷ്ണേട്ടൻ്റെ വീട്ടിലാണ് കൊറച്ച് നാള് താമസിയ്ക്കുന്നത്. കൃഷ്ണേട്ടൻ്റെ അമ്മ അടയ്ക്ക വേണന്ന് പറയുമ്പോ അവരടെ വീടിൻ്റെ മുന്നിലെ നല്ല ഉയരള്ള അടക്കാമരത്തില് തളപ്പിട്ട് കയറി ഞാൻ അടയ്ക്ക പറിച്ച് കൊടുക്കാറ്ണ്ട്. അതുപോലെ അവടെ ഞാൻ തെങ്ങിൻ്റെ തടം എടുക്കുമ്പൊ വട്ടം കൃത്യാക്കുക മാത്രല്ല, മണ്ണ് ഇടലൊക്കെ വളരെ ഭംഗ്യായിട്ട് കലാപരമായി നല്ല ഷെയ്പ്പിലാണ് ചെയ്യുക.
ഗാന്ധി
എം.ജി.ശശി: ഗാന്ധീടെ ചിത്രം വരച്ചിരുന്നല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻ്റെ കള്ളനോട്ട് എന്ന ചെറുകഥയെ ആധാരമാക്കി 'മഹാത്മാ... അങ്ങയോട്...' എന്ന പേരില് ഞാനൊരു ചെറിയ സിനിമ ചെയ്തിരുന്നു. എൻ്റെ സുഹൃത്ത് രാജശേഖരനാണ് അത് നിർമ്മിച്ചത്. ആകാശവാണീല് വന്നിരുന്ന ഗാന്ധിയെക്കുറിച്ചുള്ള പരമ്പരയുടെ - ഗാന്ധിജിയുടെ വടകര പ്രസംഗത്തിൻ്റെ ഒരു ഭാഗം ആ ചിത്രത്തില് ഉണ്ടായിരുന്നു. ഓർക്കുന്നുണ്ടാകും... അന്ന് ഗാന്ധിയുടെ ശബ്ദം കൊടുത്തത് കേവി ആയിരുന്നു. അത് കേവി തന്നെ ചെയ്യണമെന്ന് എല്ലാർക്കും നിർബന്ധമായിരുന്നു. ആ വരികളിലൂടെ ഒന്ന് കടന്നുപോകാം.
വടകര പ്രസംഗത്തിൽ നിന്ന്:
'ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളിലൊന്നാണ് നമ്മുടെ മാതൃഭൂമി. ഇവിടെ നൂറ് പേരിൽ മൂന്നോ നാലോ പേർക്ക് മാത്രമാണ് കഴിയ്ക്കാൻ ഭക്ഷണമുള്ളത്, ധരിയ്ക്കാൻ വസ്ത്രമുള്ളത്. വടക്കേ മലബാർ യാത്രയിൽ വടകരയിൽ കൂടിയ പൊതുയോഗത്തിൽ വെച്ച് ഒരു സംഭവമുണ്ടായി. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിൽ വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. നമ്മുടെ മാതൃഭൂമിയിലെ ദരിദ്രർക്കായി നിങ്ങൾക്കെന്തെങ്കിലും തരാനുണ്ടോ എന്ന് അവരോട് ഞാൻ ചോദിച്ചു. അപ്പോൾ കൗമുദി എന്നൊരു ബാലിക - അവൾക്ക് ഇരുപത് വയസ്സോളം പ്രായമുണ്ടെങ്കിലും അവളെ ബാലിക എന്ന് വിളിയ്ക്കാനാണ് ഞാൻ ആഗ്രഹിയ്ക്കുന്നത്- അവൾ മുന്നോട്ടുവന്ന് കയ്യിലിട്ടിരുന്ന വളകൾ ഊരിയെടുത്ത് എനിയ്ക്ക് സമ്മാനിച്ചു. പക്ഷേ, അതുകൊണ്ടു മാത്രം അവൾ സംതൃപ്തയായില്ലെന്ന് അവളുടെ മുഖം തെളിയിച്ചു. പിന്നീടവൾ കഴുത്തിലെ മാലയാണെനിയ്ക്ക് തന്നത്. തുടർന്ന് കാതിലുണ്ടായിരുന്ന രത്നം പതിച്ച കമ്മലുകൾ അവളെൻ്റെ കൈകളിലേയ്ക്ക് വെയ്ക്കുകയും ചെയ്തു...'
എം.ജി.ശശി: കേരളത്തിലെ ഗാന്ധിജിയുടെ അനുഭവമായിരുന്നു അത്. കേവിയുടെ വ്യക്തിത്വത്തെ കുറേയൊക്കെ അടുത്ത് നിന്ന് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഞാനുൾപ്പടെ പലർക്കും പറയുന്ന കാര്യങ്ങളും പ്രവർത്തിയ്ക്കുന്ന കാര്യങ്ങളും തമ്മിൽ -വാക്കും പ്രവർത്തിയും തമ്മിൽ വലിയ അന്തരമുണ്ടാകാറുണ്ട്. ഈ അന്തരം കുറഞ്ഞ അളവിൽ മാത്രമാണ് കേവിയിൽ ഞാൻ കണ്ടിട്ടുള്ളത്. കേവി ഗാന്ധിയുടെ ശബ്ദം കൊടുക്കുമ്പോഴൊക്കെ ഇതെൻ്റെ മനസ്സിലുണ്ട്. കേവിയെ ഗാന്ധിജി സ്വാധീനിച്ചിട്ടുണ്ടോ?
കെ.വേണു: ഗാന്ധിജിയുടെ ആത്മീയവാദപരമായ നിലപാടുകളെ ഭൗതികവാദത്തിൽ ഉറച്ചുനിന്ന് ശക്തമായി എതിർക്കുമ്പൊൾത്തന്നെ അദ്ദേഹത്തിൻ്റെ സാത്വിക ജീവിതശൈലിയോട് എനിയ്ക്ക് താല്പര്യം തോന്നിയിരുന്നു. അത് പിന്നീട് ഞാൻ ജീവിതത്തില് കൊണ്ടു നടന്നിട്ടുമുണ്ട്.
എം.ജി.ശശി: സത്യസന്ധതയെക്കുറിച്ചുള്ള ഗാന്ധിജിയുടെ നിലപാടുകൾ?
കെ.വേണു: അത് ഗാന്ധിയുടേത് എന്ന രീതിയിലല്ല. സ്വാഭാവികമായി ഞാൻ സത്യസന്ധമായിട്ട് ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്തുപോന്നു എന്നാണ് തോന്നുന്നത്. ഗാന്ധിയിൽ നിന്ന് പകർത്തുകയല്ല. എനിയ്ക്ക് ശരിയെന്ന് തോന്നിയത് ചെയ്യുക എന്നുള്ളതാണ്.
എം.ജി.ശശി: ശരിയെന്ന് തോന്നിയത് ചെയ്യാൻ ധൈര്യപ്പെടണമല്ലോ?
കെ.വേണു: അതെ, എനിയ്ക്ക് ബോദ്ധ്യമാകാത്ത ഒരു വാക്കുപോലും ഞാൻ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല എന്നാണ് ഞാൻ വിശ്വസിയ്ക്കുന്നത്. ശരിയാണെന്ന് തോന്നി ബോദ്ധ്യപ്പെട്ടത് മാത്രമാണ് ചെയ്തിട്ടുമുള്ളത്. നിലപാടുകൾ മാറ്റേണ്ടിവന്നിട്ടുണ്ട്. അത് അതാതു സമയത്തെ ബോദ്ധ്യപ്പെടലിൻ്റെ അടിസ്ഥാനത്തിലാണ്.
എം.ജി.ശശി: പുതിയ ബോദ്ധ്യങ്ങൾ പ്രാവർത്തികമാക്കാൻ പിന്നെ ഒരു മടിയും ഉണ്ടായിട്ടില്ല അല്ലേ.
കെ.വേണു: ഇല്ല. ഒരു മടിയും ഉണ്ടായിട്ടില്ല.
എം.ജി.ശശി: ഇന്ത്യൻ സാഹചര്യത്തില് അല്ലെങ്കിൽ ലോക സാഹചര്യത്തില് ഗാന്ധിസവും മാർക്സിസവും തമ്മിലൊരു സമന്വയത്തിന് സാദ്ധ്യതയുണ്ടോ?
കെ.വേണു: ജയപ്രകാശ് നാരായണൊക്കെ എത്തിപ്പെടുന്ന ഒരു ആശയമുണ്ട്, ഗാന്ധിസത്തേയും മാവോയിസത്തേയും തമ്മിൽ ബന്ധിപ്പിയ്ക്കുക എന്ന രീതീല്. പഴയ നക്സലേറ്റ് കാലഘട്ടത്തില് ജയപ്രകാശ് നാരായൺ ബീഹാറിലെ നക്സലേറ്റുകളുടെ കൂടെപ്പോയിരുന്ന് വിശദമായി ദീർഘമായി സംസാരിച്ചിട്ടാണ് അങ്ങനെയൊരു ആശയത്തിലേയ്ക്ക് എത്തിയത്.
എം.ജി.ശശി: ഗാന്ധിയുടെ ഗ്രാമസ്വരാജിനേയും മാവോയുടെ കമ്മ്യൂണിനേയും തമ്മിൽ ബന്ധിപ്പിയ്ക്കുക എന്ന ആശയം?
കെ.വേണു: അതെ, ഇത് രണ്ടും യോജിപ്പിച്ചു കൊണ്ടുള്ള ഒരു സമ്പൂർണ്ണ വിപ്ലവപരിപാടി ജയപ്രകാശ് നാരായണൻ അവതരിപ്പിയ്ക്കുന്നുണ്ട്. ഗാന്ധിസവും മാവോയിസവും തമ്മിൽ കുറേ സാദൃശ്യങ്ങളുണ്ട് എന്നതായിരുന്നു അത്. അതിൽ ചില ശരിയുണ്ടെന്ന് തോന്നാറുണ്ട്. അത് മാർക്സിസ്റ്റ് അല്ല, മാവോയിസ്റ്റാണ് എന്ന് വേണമെങ്കിൽ പറയാം.
എം.ജി.ശശി: ഇപ്പോൾ വേണ്ടത് ഗാന്ധിയൻ-മാർക്സിയൻ വീക്ഷണമാണ്, അല്ലെങ്കിൽ മാർക്സിയൻ-ഗാന്ധിയൻ വീക്ഷണമാണ് എന്ന് ചിലർ പറയാറുണ്ട്.
കെ.വേണു: മാർക്സിസ്റ്റ് സങ്കല്പത്തില് വളരെ ശക്തമായൊരു ബലപ്രയോഗത്തിൻ്റെ സിദ്ധാന്തമുണ്ട്. അത് ഗാന്ധിസവുമായിട്ട് പൊരുത്തപ്പെട്ടുപോകില്ല.
എം.ജി.ശശി: അഹിംസാവാദവും സർവ്വാധിപത്യവും തമ്മിൽ പൊരുത്തപ്പെടില്ല അല്ലേ?
കെ.വേണു: അതെ. ബലപ്രയോഗത്തെ ഒട്ടും തന്നെ അംഗീകരിയ്ക്കുന്നില്ല ഗാന്ധി. മാർക്സിസത്തിൻ്റെ സെൻട്രൽ തീം തന്നെ ബലപ്രയോഗത്തിലൂടെയുള്ള വിപ്ലവം എന്ന സങ്കല്പമാണ്. അതുകൊണ്ടു തന്നെ ഗാന്ധിസവും മാർക്സിസവും തമ്മിൽ ചേർന്നു പോകുന്നൊരു സമന്വയം സാദ്ധ്യമല്ല.
(തുടരും)