കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 28
തിരിച്ചടിക്കേണ്ടതില്ല
എം.ജി.ശശി: നാടുഗദ്ദിക എന്ന മലയാള നാടകവേദിയിലെ വളരെ പ്രധാനമായിട്ടുള്ള, ചരിത്രപരമായിട്ടുള്ള, രാഷ്ട്രീയ നാടകത്തെ ഇടതുപക്ഷം തെരുവിൽ കൈകാര്യം ചെയ്തല്ലോ...
കെ.വേണു: സാംസ്ക്കാരിക വേദി പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരു ജനകീയ അന്തരീക്ഷം ഉയർന്നു വന്നു, പ്രത്യേകിച്ചും സ്പാർട്ടക്കസ്, അമ്മ... തുടങ്ങിയ നാടകങ്ങൾ കഴിഞ്ഞിട്ട്. അതോടുകൂടിയാണ് കെ.ജെ. ബേബിയുടെ നാടുഗദ്ദിക വരുന്നത്. എന്റെ ഓർമ്മയിൽ ആയിരത്തി അറുനൂറോളം തെരുവുകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് ആ നാടകം. അത്ര വിപുലമായി എല്ലാ മേഖലകളിലും മിക്ക ഗ്രാമങ്ങളിലും എത്തുന്ന രീതിയിലുള്ള ഒരു രാഷ്ട്രീയ പ്രക്രിയ പോലെയാണ് നാടുഗദ്ദിക അരങ്ങേറിയത്. വയനാട്ടിൽ നിന്നുള്ള നാടുഗദ്ദിക വ്യാപകമായി ജനങ്ങളിലെത്തിക്കുന്നതിൽ ജനകീയ സാംസ്ക്കാരിക വേദി പ്രവർത്തകർ മൊത്തത്തിലും സിവിക് ചന്ദ്രനെപ്പോലുള്ളവർ പ്രത്യേകിച്ചും മുൻകയ്യെടുത്തിരുന്നു. ഭൂരിപക്ഷം അഭിനേതാക്കളും ആദിവാസികൾ തന്നെ ആയിരുന്നു. ആദിവാസികൾ എന്ന നിലയിൽത്തന്നെ അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനെതിരായ ചെറുത്തുനിൽപ്പും അതിന്റെ രാഷ്ട്രീയവും തന്നെയാണ് നാടുഗദ്ദിക. ഒരു രാഷ്ട്രീയ ഇടപെടലായി അത് മാറി. വലിയ രാഷ്ട്രീയ പാഠമായി. ഈ രീതിയിൽ ഉയർന്നുവന്ന ഒരു ജനകീയ പിന്തുണ -ജനപിന്തുണ മാർക്സിസ്റ്റ് പാർട്ടിയെ വല്ലാതെ പ്രകോപിപ്പിച്ചു. നാടകത്തെ തടയാൻ അവർ നിരന്തരം ശ്രമിച്ചു. പലയിടത്തും നാടകം കളിക്കാൻ കഴിയാതെ തിരിച്ചു പോരേണ്ടിവന്നു. തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്തുള്ള മേലൂർ എന്ന സ്ഥലത്ത് ഏഴു തവണ നാടകം കളിക്കാൻ പോയിട്ട് ഏഴു തവണയും അടി കൊണ്ടു, മാർക്സിസ്റ്റ് പാർട്ടിക്കാരിൽ നിന്ന്. അതിലൊരു പ്രധാനപ്പെട്ട സഖാവിന് കാലിന് പരിക്കു പറ്റുകയും പിന്നീട് ആ സഖാവ് മരണപ്പെടുകയുമുണ്ടായി. തിരുവനന്തപുരത്ത് വെഞ്ഞാറമൂടിലും മറ്റു പലയിടത്തുമൊക്കെ അക്രമങ്ങൾ ഉണ്ടായി. നക്സലേറ്റുകൾക്ക് മേധാവിത്തം ലഭിക്കുന്നു എന്നതിനേക്കാളേറെ സ്വന്തം രാഷ്ട്രീയ ദൗർബല്യമാണ് മാർക്സിസ്റ്റ് പാർട്ടിയെ അക്രമത്തിന് പ്രേരിപ്പിച്ചത്. യഥാർത്ഥ വിപ്ലവകാരികൾ നക്സലേറ്റുകളാണ് എന്ന രീതിയിലുള്ള ഇമേജ് ജനങ്ങൾക്കിടയിൽ ഉണ്ടാകുന്നു, അങ്ങനെയൊരു പ്രതിഛായ രൂപപ്പെടുന്നു എന്നതാണ് അവരെ ഏറ്റവും വിഷമിപ്പിച്ച കാര്യം. എണ്ണവും വലിപ്പവും സംഘടനാ സംവിധാനവുമൊന്നുമല്ല. ആശയപരമായി വലിയൊരു തിരിച്ചടിയാണ് നക്സലേറ്റുകൾ മാർക്സിസ്റ്റു പാർട്ടിക്കുണ്ടാക്കിയത്. അപ്പൊ യഥാർത്ഥ വിപ്ലവകാരികൾ -കമ്മ്യൂണിസ്റ്റുകൾ നക്സലേറ്റുകളാണ് എന്നു വരികയും മാർക്സിസ്റ്റ് പാർട്ടി പിൻതള്ളപ്പെടുകയും ചെയ്യുന്നു എന്നത് അവരെ ശരിക്കും പരിഭ്രാന്തരാക്കി. തുടർന്ന് പോസ്റ്ററൊട്ടിക്കുന്നവരെ, തെരുവുനാടകം കളിക്കുന്നവരെ ഒക്കെ അക്രമിക്കുന്ന വലിയൊരു പരമ്പരയാണ് അരങ്ങേറിയത്. എം.വി. രാഘവനും മറ്റുമാണ് കണ്ണൂർ ജില്ലയിലൊക്കെ അന്നതിന് നേരിട്ട് നേതൃത്വം നൽകിയിരുന്നത്.

ആശയത്തെ ആശയം കൊണ്ട് നേരിടുക
'ആശയത്തെ ആശയം കൊണ്ട് നേരിടുക' എന്ന മുദ്രാവാക്യം അക്കാലത്ത് ഉയർത്തിയിരുന്നല്ലോ.
അതെ. അക്കാലത്ത് നമ്മളെടുത്തിരുന്ന ഒരു സമീപനമുണ്ടായിരുന്നു, പാർട്ടി കമ്മറ്റിയില്. ഭാസുരേന്ദ്രബാബുവാണ് സാംസ്ക്കാരിക വേദിയെ പ്രതിനിധാനം ചെയ്തിരുന്നത്. സാധാരണ ജനങ്ങൾക്കിടയിൽപ്പോലും പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ട 'ആശയത്തെ ആശയം കൊണ്ട് നേരിടുക' എന്ന മുദ്രാവാക്യം ഞാനാണ് പാർട്ടിയിൽ അവതരിപ്പിച്ചത്. അക്രമികളെ നമ്മൾ തിരിച്ചടിക്കരുത്. അവർ നമ്മളെ അടിച്ചാൽ അടി കൊള്ളണം. അടി കൊണ്ടുകഴിഞ്ഞ് അതിന്റെ കാരണം അവരേയും ജനങ്ങളേയും ബോദ്ധ്യപ്പെടുത്തണം. നമ്മൾ വർഗ്ഗശത്രുക്കളെ നേരിടാനാണ് തയ്യാറെടുക്കുന്നത്. പക്ഷേ, ഇങ്ങനെ നമ്മളെ അടിക്കാൻ വരുന്നവരാരും വർഗ്ഗശത്രുക്കളല്ല. ഇവർ എതിർ നിലപാടിൽ നിൽക്കുന്ന പാർട്ടിയിലെ സാധാരണ പ്രവർത്തകരാണ്, സാധാരണ മനുഷ്യരാണ്. അപ്പൊ അവരോട് രാഷ്ട്രീയം പറയുക. അടി കൊണ്ടാലും തിരിച്ച് രാഷ്ട്രീയം പറയുക. അപ്പൊ ജനങ്ങള് കൂടും. ആ നിലപാട് വളരെ വലിയ രീതിയിൽ വിജയിക്കുകയുണ്ടായി. വിപുലമായി പലയിടത്തും ജനങ്ങൾ കൂടുകയും അവർ നക്സലേറ്റ് പ്രവർത്തകരെ സംരക്ഷിക്കുന്നവരായി മാറുകയും ചെയ്തു. 1980-81 കാലത്താണ്. 1982 ആയപ്പഴേക്കും മാർക്സിസ്റ്റ് പാർട്ടി മർദ്ദന പരിപാടി പൂർണ്ണമായും നിർത്തി. നിർത്തേണ്ടി വന്നൂ അവർക്ക്. അത് നക്സലേറ്റുകൾക്ക് ലഭിച്ച വലിയൊരു വിജയമായിരുന്നു. CMP രൂപീകരിക്കുന്ന ഘട്ടത്തിൽ സി.പി.ജോൺ എം.വി.രാഘവനെ ഇരുത്തിക്കൊണ്ട് ഞാനുള്ള ഒരു വേദിയിൽ വെച്ച് ഇത് പറഞ്ഞിട്ടുണ്ട്, അവരുടെ ഭാഗത്തു നിന്നുണ്ടായ അക്രമങ്ങളിൽ ഖേദിക്കുന്നു എന്ന മട്ടിൽ. പക്ഷേ, ഈ നിലപാടിന്റെ പേരിൽ നമ്മുടെ പാർട്ടിയിൽ 'ഗാന്ധിയൻ' സമരരീതിയുടെ ആളാണ് ഞാന്നെന്ന വിമർശനമുയർന്നു. തിരിച്ചടിക്കാൻ പാടില്ലാ എന്നത് പല സഖാക്കൾക്കും ബോദ്ധ്യപ്പെട്ടിരുന്നില്ല. തിരിച്ചടിക്കാൻ കഴിവുള്ള സമയമായിരുന്നു അന്ന്. അതിന് സഖാക്കൾ സന്നദ്ധരുമായിരുന്നു. നമ്മൾ അടി വാങ്ങുക, മറ്റവർ ജയിക്കുക എന്നത് സഹിക്കാൻ പാർട്ടിയിൽ പലർക്കും അകുമായിരുന്നില്ല. എന്നാൽ ആ മുദ്രാവാക്യം വലിയൊരു രാഷ്ട്രീയ ഇടപെടലും രാഷ്ട്രീയ വിജയവുമായിരുന്നു.
ആവിഷ്കാരസ്വാതന്ത്ര്യത്തെ തരിമ്പും പരിഗണിക്കാതെ നാടുഗദ്ദികയെ നായനാർ സർക്കാർ നിരോധിച്ചല്ലോ...
അതെ. സാംസ്ക്കാരിക വേദിയുടെ പ്രവർത്തനങ്ങൾ അക്രമമായി മാറുന്നു എന്നു പറഞ്ഞുകൊണ്ടാണ് സർക്കാർ പ്രധാനമായി നേരിട്ടത്. ജനകീയ വിചാരണകൾ തടയുന്നു എന്നൊരു തീരുമാനമാണവർ എടുക്കുന്നത്. അതിനെത്തുടർന്ന് സാംസ്ക്കാരിക വേദിക്ക് കുറച്ചു നാളത്തേക്ക് പ്രവർത്തിക്കാൻ കഴിയാത്തൊരു സാഹചര്യമുണ്ടായി. അതോടുകൂടി സാംസ്ക്കാരിക വേദിയിൽ സജീവമായിരുന്ന പല ബുദ്ധിജീവികളും പിൻവാങ്ങി.
വയനാട്ടിൽ 'രണ്ടാം കേണിച്ചിറ' എന്ന കോണിച്ചിറ മത്തായിയുടെ ഉന്മൂലനം...
അതിൽ നമ്മുടെ പ്രവർത്തകർക്കു തന്നെ പ്രതിഷേധവും വിമർശനവും ഉണ്ടായിരുന്നു. കാരണം, അതിനു ശേഷമാണ് നമുക്കെതിരായി പോലീസിന് വീണ്ടുമൊരു അവസരം ലഭിക്കുന്നത്. നമ്മളായിട്ട് പോലീസിന് അഴിഞ്ഞാടാൻ അവസരം ഉണ്ടാക്കിക്കൊടുത്തൂ എന്നതായിരുന്നു വിമർശനം. അങ്ങനെയാണ് രാജീവൻ, ഭാസുരേന്ദ്രബാബു തുടങ്ങിയവരൊക്കെ വിട്ടു പോകുന്നത്. രാജീവൻ കോളേജ് അദ്ധ്യാപകന്റെ പണിയിൽ നിന്ന് ലീവെടുത്തുവന്നിട്ട് സാംസ്ക്കാരിക വേദിയുടെ പ്രവർത്തനങ്ങളിൽ പൂർണ്ണമായും മുഴുകിയ ആളായിരുന്നു. അവരൊക്കെ -കെ.ജി.എസ് ഉൾപ്പടെയുള്ളവരൊക്കെ പിൻവാങ്ങി. പിന്നീടവർ വേറൊരു വേദി ഉണ്ടാക്കി. മൈത്രേയനൊക്കെ അതിലാണ് പിന്നീട് സജീവമാകുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് കരുണാകരനും അച്ച്യുതമേനോനും ചെയ്തിരുന്ന പോലുള്ള കാര്യങ്ങൾ തന്നെയല്ലേ ഇടതുപക്ഷ സർക്കാരും ഇത്തരം കാര്യങ്ങളിൽ പിന്നീട് ചെയ്തത്?
ഇടതുപക്ഷം എന്ന രീതിയിൽ ഇക്കാര്യങ്ങളിലൊന്നും ഒരു വ്യത്യാസവുമില്ല എന്നു തന്നെയാണ് പാർട്ടി വിലയിരുത്തിയിരുന്നത്. പാർലമെൻ്ററി രാഷ്ട്രീയത്തിൽ പങ്കെടുക്കുന്ന രണ്ടു ബൂർഷ്വാ വിഭാഗങ്ങൾ. അധികാരത്തിന്റെ പങ്കുപറ്റുന്നവരെന്ന നിലയിൽ ഇടതു-വലതു പക്ഷങ്ങൾ തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല. ജനങ്ങളെ അടിച്ചമർത്തുന്നതിൽ ഇരുപക്ഷവും ഒരുപോലെയാണ്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയ കമ്മ്യൂണിസ്റ്റുകളും പിന്തിരിപ്പന്മാരായി മാറും. നമ്മുടെ വിലയിരുത്തലിന്റെ സാധൂകരണമായി ഇരുപക്ഷത്തിൻ്റേയും ചെയ്തികളെ കണക്കാക്കാം എന്നു തന്നെയാണ് കണ്ടിരുന്നത്. അതാണ് തെളിയിക്കപ്പെട്ടു കൊണ്ടിരുന്നത്.
വർഗ്ഗീസിനൊപ്പം പ്രവർത്തിച്ച, ഒരു പക്ഷേ പ്രസ്ഥാനത്തിലുണ്ടായിരുന്നവരിൽ സീനിയർ മോസ്റ്റ് ആയ ഗ്രോ വാസുവേട്ടനെ അടുത്ത കാലത്ത് അറസ്റ്റ് ചെയ്തതിനെക്കുറിച്ച്...
ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാൻ പാടില്ലാത്ത നടപടികളാണ് ഉണ്ടായത് എന്ന് പൂർണ്ണമായും പറഞ്ഞുകൂടാ... നേരത്തേയും അങ്ങനെ തന്നെ ആയിരുന്നല്ലോ. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ പത്തോളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, അതൊന്നും ഏറ്റുമുട്ടൽ ആയിരുന്നില്ല. ഏകപക്ഷീയമായ പോലീസ് അക്രമങ്ങൾ തന്നെയായിരുന്നു. ഇതിൽ പ്രതിഷേധവുമായി രംഗത്ത് വന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട ആളാണ് കോഴിക്കോട് ദീർഘകാലമായി ട്രേഡ് യൂണിയൻ രംഗത്തുള്ള ഗ്രോ വാസു. അദ്ദേഹം ആദ്യകാല നക്സലേറ്റുകളിൽ പ്രമുഖനായിരുന്നു. വർഗ്ഗീസിന്റെ അടുത്ത സഹപ്രവർത്തകനായിരുന്നു. തൊണ്ണൂറു വയസ്സു കഴിഞ്ഞ വാസുവേട്ടനെ ഈ പ്രതിഷേധം ഉയർത്തിയതിന്റെ പേരിലാണ് അറസ്റ്റു ചെയ്തത്. പ്രായത്തിൻ്റേയും രാഷ്ട്രീയ പ്രവർത്തന പാരമ്പര്യത്തിൻ്റേയും ഒരുതരം പരിഗണനകളും അദ്ദേഹത്തിന് ലഭിച്ചില്ല. ഏകനായി പോലീസ് കസ്റ്റഡിയിൽ മദ്രാവാക്യം വിളിക്കുന്ന വാസുവേട്ടനെ എല്ലാവരും മാദ്ധ്യമങ്ങളിൽ കണ്ടിട്ടുണ്ടാകും. അടിസ്ഥാനപരമായ ജനാധിപത്യ ബോധമില്ലായ്മ തന്നെയാണ് സർക്കാർ നടപടികളിൽ പ്രകടമായത്.
അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ കാര്യത്തിലും അതുതന്നെയല്ലേ ഉണ്ടായത്? പുസ്തകം വായിച്ചൂ എന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ -അലനും താഹയും.
മാവോയിസ്റ്റു പുസ്തകം വായിച്ചൂ എന്നതായിരുന്നു കുറ്റം. ജാമ്യം നിഷേധിക്കുകയും ചെയ്തു. അതും ഇടതുപക്ഷ അനുഭാവമുള്ള രണ്ടുപേരെ... അവിടെപ്പോലും ജനാധിപത്യ സമീപനം - ഔചിത്യപൂർണ്ണമായ സമീപനം സ്വീകരിക്കാൻ ഇടതുപക്ഷത്തിനാകുന്നില്ല. ഒരു പക്ഷേ, 'വേണ്ടാത്തതിന് പുറപ്പെടേണ്ട' എന്ന സ്വന്തം പാർട്ടിയിലെ യുവാക്കൾക്കുള്ള സന്ദേശവുമായിരിക്കാം ആ നടപടി. കഷ്ടം... നമ്മുടെ ബുദ്ധിജീവികൾ!

സാധാരണയായി എല്ലാ കാര്യങ്ങളിലും ഒപ്പുശേഖരണവും പ്രതികരണവുമൊക്കെ നടത്തുന്ന സാംസ്ക്കാരിക നായകർ ഇത്തരം കാര്യങ്ങളിൽ ഒന്നും മിണ്ടിയില്ല. ദു:ഖകരമാണത്.
കുറേക്കാലമായിട്ടുള്ള ഒരു സ്ഥിതിയാണത്. പൊതുവിൽ ഇടതുപക്ഷ ബുദ്ധിജീവികൾ എന്നു പറയുന്നവർ സ്വീകരിക്കുന്ന സമീപനം തന്നെയാണത്. സർക്കാരിനെതിരായ ഒരു കാര്യത്തിലും ഇടപെടാതിരിക്കുക. ഇടപെട്ടാൽ വ്യക്തിപരമായി തന്നെ ബാധിച്ചാലോ? ഭയമാണ്. ഞാനിക്കാര്യം ഉന്നയിക്കാറുണ്ട്. എന്നാൽ എതിർപക്ഷം അധികാരത്തിലുള്ള സമയമാണെങ്കിൽ ഇവരൊക്കെ ശബ്ദമുയർത്തിക്കൊണ്ട് രംഗത്തുവരും. ഇടതുപക്ഷ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയെ നിശ്ശബ്ദരായി അംഗീകരിക്കുന്ന ഒരു ബുദ്ധിജീവി സമൂഹമാണ് കേരളത്തിൽ വളരെക്കാലമായിട്ടുള്ളത്. അവർക്ക് കാര്യങ്ങൾ മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല. വളരെ അപൂർവ്വം.. വളരെക്കുറച്ചുപേർ, വിരലിലെണ്ണാവുന്നവർ മാത്രമാണ് ഈ ചട്ടക്കുടിൽ നിന്ന് മുക്തരായി നിൽക്കുന്നത്. ആനന്ദിനെപ്പോലെ... അതുപോലുള്ള ചിലരൊക്കെ മാത്രം. ബാക്കി പല ബുദ്ധിജീവികളും ഇത്തരം സന്ദർഭങ്ങളിൽ മൗനം ആചരിക്കും.
നേരത്തേ പറഞ്ഞ അധികാര കേന്ദ്രീകരണത്തിന്റെ ഭാഗമായിട്ട്, സ്വന്തം തലച്ചോറ് ഉപയോഗിക്കേണ്ടതില്ലാത്ത അവസ്ഥയിലേക്ക് മാറുകയാണോ ബുദ്ധികേന്ദ്രങ്ങൾ? വ്യക്തിത്വം, സ്വന്തം അഭിപ്രായം... ഇതിനൊന്നും ഒരു പ്രസക്തിയുമില്ലേ?
ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് സമീപനത്തിൽ അതുതന്നെയാണ് സംഭവിക്കുന്നത്. എല്ലാത്തിനും മേലെ നിൽക്കുന്ന പാർട്ടി ബോധം. അത് അച്ചടക്ക ബോധമായി മാറുന്നു. പിന്നെ രാഷ്ട്രീയമായ അടിമത്തമായി മാറുന്നു. പിന്നീടത് ഭയമായി മാറുന്നു. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാരല്ലെങ്കിൽപ്പോലും മിക്കവരും ഉൾക്കൊള്ളുന്ന സ്വാംശീകരിക്കുന്ന പാർട്ടി ബോധം അവരുടെ സ്വന്തം ചിന്താഗതിയെ നിർണ്ണയിക്കുന്നു, നയിക്കുന്നു. പാർട്ടിയെ വിമർശിക്കുന്ന, പാർട്ടിയെ ചോദ്യം ചെയ്യുന്ന, പാർട്ടി വിരുദ്ധമായ ഒന്നിനും അവർ തയ്യാറാവുകയില്ല. ഭയത്തിന്റെ കൂടാരത്തിലാണവർ. ഇടതുപക്ഷ ബുദ്ധിജീവികൾക്ക് സംഭവിച്ച ദുരന്തമാണത്.
കല്പറ്റ നാരായണൻ ഇത് എഴുതിയിട്ടുണ്ട്. 'ഒരേയൊരു തലച്ചോറും പതിനായിരക്കണക്കിന് കാലുകളുമുള്ള ഒരു തേരട്ടപോലെയാണ് ഈ പ്രസ്ഥാനം' എന്ന്.
ഇങ്ങനെ തുറന്ന് ഭയരഹിതമായി അഭിപ്രായം പറയുന്ന ഒരാളാണ് കല്പറ്റ. ശക്തമായ ജനാധിപത്യ സമീപനം സ്വീകരിക്കുന്ന അപൂർവ്വം ചില ആളുകളിൽ ഒരാൾ.
തുടരും...