കെ. വേണുവിന്റെ
ജനാധിപത്യ അന്വേഷണങ്ങൾ - 18
▮
ചാരുമജുംദാറിനെ
കാണുന്നു
എം.ജി.ശശി: വ്യക്തിബന്ധങ്ങളെക്കുറിച്ചും സാമൂഹ്യചലനങ്ങളെക്കുറിച്ചുമുള്ള കുറേ ഓർമ്മകൾക്കു ശേഷം, ഇപ്പോൾ നക്സൽബാരി കാലത്തേക്കു തന്നെ അല്പമൊന്ന് തിരിച്ചു പോകേണ്ടതുണ്ട്. മുഖ്യവൈരുദ്ധ്യമായ ഫ്യൂഡലിസത്തിനെതിരായ സമരം... ഉന്മൂലനം... കേരളത്തിൽ എം.എൻ. രാവുണ്ണിയുടെ നേതൃത്വത്തിൽ കോങ്ങാട് നാരായണൻകുട്ടി നായർ വധിക്കപ്പെടുന്നു. വെള്ളത്തൂവൽ സ്റ്റീഫൻ്റെ നേതൃത്വത്തിൽ നഗരൂർ-കുമ്മിൾ സംഭവങ്ങൾ നടക്കുന്നു. അക്കാലത്ത് കേവി അതിനെക്കുറിച്ചൊക്കെ അറിയുകയും പ്രതികരിക്കുകയും, അതിലൊക്കെ ആകൃഷ്ടനാവുകയും ചെയ്തിരുന്നോ?
കെ.വേണു: ആ സംഭവങ്ങൾ നടക്കുമ്പോൾ അതിനെയൊക്കെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ ശശി ചോദിച്ചതു പോലെ, അതിൽ നേരിട്ട് ഇടപെടുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്ത് കുന്നിക്കൽ നാരായണനെതിരായി നിലപാടെടുത്തുകൊണ്ട് കൽക്കട്ടയിൽ പോയി ചാരുമജുംദാറിനെക്കണ്ട് 'ലിബറേഷൻ' എന്ന പ്രസിദ്ധീകരണവുമായി വരുന്നത് അമ്പാടി ശങ്കരൻകുട്ടി എന്നൊരു കക്ഷിയാണ്. അമ്പാടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ - സി.ഐ.ടി.യുവിൻ്റെ- നേതാവായി പ്രവർത്തിച്ചുകൊണ്ടിരുന്ന ആളാണ്. പക്ഷേ, പിന്നീട് സി.പി.എം വിട്ടു. ആളുടെ പ്രവർത്തനങ്ങളൊന്നും ശരിയല്ല എന്ന കാരണം കൊണ്ട് ഒഴിവാക്കപ്പെട്ടതാണ്. ആ സന്ദർഭം ഉപയോഗപ്പെടുത്തി ആള് നേരെ കൽക്കത്തയിൽ പോയി ചാരുമജുംദാറിനെ കാണുകയും, അങ്ങനെ കുന്നിക്കലിനെതിരായി ചാരുമജുംദാറിൻ്റെ നിലപാടെടുക്കുന്ന ആളെന്ന നിലയിൽ കേരളത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അന്നിവിടെ സി.പി.എം എം.എൽ.എ ആയിരുന്ന കോസല രാമദാസ് അമ്പാടി ശങ്കരൻകുട്ടീടെ കൂടെ കൂടുന്നു. അങ്ങനെ അവരുടെ മുൻകയ്യിൽ മലയാളത്തിൽ ലിബറേഷൻ എന്നു തന്നെ പേരു കൊടുത്ത ഒരു പ്രസിദ്ധീകരണം തുടങ്ങി വെച്ചു. ഒന്നു രണ്ടു ലക്കം മാത്രേ അത് ഇറങ്ങിയുള്ളൂ.
ആ സമയത്ത് 'ഇങ്ക്വിലാബ്' കണ്ടിട്ട് അമ്പാടി ശങ്കരൻകുട്ടി എൻ്റടുത്ത് വന്നു. എനിക്കങ്ങനെ ഔദ്യോഗികമായി പ്രവർത്തിക്കാൻ താല്പര്യമില്ലെന്നും, സ്വതന്ത്രമായി ഈ മാസിക ഇറക്കുക മാത്രമാണ് ഞാൻ ചെയ്യുന്നതെന്നും അയാളോട് പറഞ്ഞു. എങ്കിലും ആളെന്നെ നിർബന്ധിച്ചിട്ട് കൽക്കത്തയിൽ നിന്ന് ലിബറേഷൻ കൊണ്ടുവരുന്നതിനുള്ള ഒരു കോൺടാക്റ്റ് പോയൻ്റായി എനിക്ക് നിന്നൂടേ എന്നു ചോദിച്ച് അഡ്രസ് വാങ്ങിക്കൊണ്ടു പോയി. ഞാനന്ന് വിശ്വവിജ്ഞാന കോശത്തിൽ സബ് എഡിറ്ററാണ്. ഒന്നോ രണ്ടോ മാസം കഴിഞ്ഞപ്പൊൾ അമ്പാടി ശങ്കരൻകുട്ടി എം.എൽ പ്രസ്ഥാനം വിട്ട് കോൺഗ്രസിൽ ചേർന്നതായി ദൽഹിയിൽനിന്ന് വാർത്ത വന്നു. അപ്പഴേക്കും ശങ്കരൻകുട്ടി ഏർപ്പാട് ചെയ്ത ഒരാൾ രണ്ടു തവണയോ മറ്റോ എൻ്റടുത്ത് വന്നിരുന്നു, കൽക്കത്തയിൽനിന്ന് ലിബറേഷനും കൊണ്ട്. അയാൾ വന്നു പോയപ്പൊൾ അയാളടെ കയ്യിൽ, അമ്പാടി ശങ്കരൻകുട്ടിയുടെ മാറ്റമെല്ലാം ചൂണ്ടിക്കാണിച്ച് ഒരു കത്ത് ഞാൻ കൊടുത്തയച്ചു, ചാരുമജുംദാർക്ക്.
ഒരു മാസം കഴിഞ്ഞപ്പൊൾ ചാരുമജുംദാറിൻ്റെ മറുപടിയും കൊണ്ട് ലിബറേഷൻ കൊണ്ടുവരുന്ന ആ സഖാവ് വീണ്ടും വന്നു. കൽക്കത്തയിലേക്ക് ആരെങ്കിലും നേരിട്ട് ചെന്ന് സംസാരിക്കണം എന്നായിരുന്നു മജുംദാർ എഴുതിയിരുന്നത്. മജുംദാർ വന്നപ്പൊൾ കണ്ണൂർ ജില്ലാ കമ്മറ്റി രൂപീകരിച്ചതിനെക്കുറിച്ച് പറഞ്ഞല്ലോ. ഞാൻ തന്നെ കണ്ണൂരിലെ ശിവപ്രസാദ് മാഷെ പോയി കണ്ടു. ചാരുമജുംദാറിൻ്റെ കത്തും ഒരു കെട്ട് ലിബറേഷനും കൊടുത്തു. ഇതിൽ കൂടുതലൊന്നും എനിക്ക് ചെയ്യാനില്ലെന്നും പറഞ്ഞു.
പിന്നീടൊരു സഖാവ് തിരുവനന്തപുരത്ത് വന്ന്, അവർക്കാർക്കും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയില്ലെന്നും അതുകൊണ്ട് കേരളത്തിലെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഞാൻ തന്നെ കൽക്കത്തയിൽ പോകണമെന്നും ആവശ്യപ്പെട്ടു. അവരുടെ ഈ അവസ്ഥ കണ്ടപ്പൊൾ ഒരു മെസഞ്ചർ മാത്രമായി, സന്ദേശവാഹകൻ മാത്രമായി-പോകാമെന്ന് അവസാനം ഞാൻ സമ്മതിച്ചു. 1970 നവംബറിലോ മറ്റോ ആണത്.
കേവിയ്ക്കന്ന് 25 വയസ്സായിട്ടില്ലല്ലോ...
അതെ. എനിക്കന്ന് 25 തികഞ്ഞിട്ടില്ല. ഡിസംബർ മാസത്തിലാണ് ഞാൻ ജനിക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്തിട്ടായിരുന്നോ യാത്ര?
അന്ന് അതൊന്നും ആലോചനയിൽപ്പോലുമില്ല. ജനറൽ കമ്പാർട്ട്മെൻ്റിൽ നിലത്തിരുന്നും നിന്നുമൊക്കെയായിരുന്നു യാത്ര. എനിക്കിവിടെ ലിബറേഷൻ കൊണ്ടുതരുന്ന സഖാവ് കൽക്കത്ത റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുമെന്ന് അറിയിച്ചിരുന്നു.
പ്ലാൻ ചെയ്തതിനനുസരിച്ച് കൃത്യമായി എത്തിയില്ലെങ്കിൽ കാത്തുനില്ക്കുന്ന ആളുമായി കാണാൻ സാധിക്കാതെ വരും. ചിലപ്പോൾ തിരിച്ചു പോരാൻ പോലും പണം കയ്യിൽ കാണില്ല. മറ്റ് ബന്ധങ്ങളൊന്നും എത്തിയ സ്ഥലത്ത് ഉണ്ടാകണമെന്നുമില്ല. അതുകൊണ്ട് മിക്ക സഖാക്കളും സമയം പാലിക്കുന്നത് കണ്ടിട്ടുണ്ട്.
അതെ. കൃത്യമായി കാത്തുനിന്ന സഖാവെന്നെ ഒരിടത്തേക്ക് ടാക്സിയിൽ കൊണ്ടുപോകുന്നു. പിന്നെ ആ വണ്ടി വിട്ട് മറ്റൊന്ന് വിളിക്കുന്നു. അങ്ങനെ മൂന്നു നാല് തവണ കയറിയിറങ്ങി അവസാനം പഴയൊരു വലിയ കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ഒരു റൂമിലെത്തിക്കുന്നു.
▮
ചാരുമജുംദാറിനൊപ്പം
ചെലവഴിച്ച മണിക്കൂറുകൾ
▮
ആദ്യമായിട്ടാണല്ലോ ചാരുമജുംദാറിനെ കാണുന്നത്.
തിളങ്ങുന്ന കണ്ണുകളാണ് ആദ്യം ശ്രദ്ധിച്ചത്. കൂടെ സ്ഥിരമായി ഒരു ഡോക്ടറുണ്ട്. മജുംദാറിൻ്റെ ആരോഗ്യം വളരെ മോശമായിരുന്നു.
വലിയ രീതിയിൽ ആസ്തമാ രോഗബാധിതനായിരുന്നു അല്ലേ?
ആസ്തമയുണ്ട്. വളരെ മെല്ലിച്ച്, ശോചനീയമായ അവസ്ഥയിലായിരുന്നു. സംസാരിക്കാൻ തന്നെ വയ്യ. പക്ഷേ, കണ്ണുകളിൽ നിശ്ചയദാർഢ്യമുണ്ട്. ഞാനൊരു മെസഞ്ചർ മാത്രമാണ്, പാർട്ടിക്കാരനല്ല എന്ന് മജുംദാറിനോട് പറഞ്ഞു.
നിങ്ങൾ തന്നെ മുൻകയ്യെടുത്ത് എല്ലാ വിഭാഗക്കാരുമുള്ള ഒരു മീറ്റിംഗ് വിളിച്ചു ചേർക്കണം എന്നായിരുന്നു മജുംദാർ ആവശ്യപ്പെട്ടത്. വർഗ്ഗീസ്, രാവുണ്ണി, സ്റ്റീഫൻ, കുന്നിക്കൽ... തുടങ്ങി എല്ലാ വിഭാഗക്കാരേയും വിളിക്കണം. മജുംദാർ രൂപീകരിച്ച കണ്ണൂർ ജില്ലാ കമ്മറ്റിക്ക് പുറത്തുനിന്നിട്ടാണ് പലരും പ്രവർത്തിക്കുന്നത്. അപ്പോൾ സംഘടനാഅച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടി വേണമെന്നത് കർക്കശമായി പാലിക്കണം.
എന്നിട്ട് അങ്ങനെയൊരു മീറ്റിംഗ് വിളിക്കാനായോ?
വിളിച്ചുചേർത്തു. ആ സമയത്ത് സ്റ്റീഫനും കൂട്ടരും വെള്ളത്തൂവലിൽ തന്നെ ഒരു ആക്ഷൻ നടത്തുന്നുണ്ട്. വെള്ളത്തൂവൽ സ്റ്റീഫൻ എന്ന് പേരു വരുന്നതുതന്നെ അങ്ങനെയാണ്. അവിടെ ഒരു ജന്മിയെ കൊല്ലാൻ ശ്രമിക്കുകയുണ്ടായി. പക്ഷേ, വിജയിച്ചില്ല. ഇവരെയെല്ലാം വിളിച്ചുകൂട്ടലാണ് എൻ്റെ ദൗത്യം. ഇങ്ക്വിലാബിൻ്റെ പത്രാധിപർ എന്ന നിലയിൽ എന്നെ പലരും വന്നു കണ്ടിരുന്നു. ഒളിവിലായിരുന്ന സ്റ്റീഫൻ വന്നിരുന്നു. കണ്ണൂരിലെ പ്രവർത്തകരും വന്നു കണ്ടിരുന്നു. വേറെ പലരും വരാറുണ്ട്. പി.എസ്.സി ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥനായിരുന്ന ഒരു ഗോപിനാഥ ഗുരുക്കൾ ഇങ്ക്വിലാബിൻ്റെ കാര്യങ്ങളുമായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് കുട്ടനാട്ടിൽ ഒരു ജന്മിയെ ഉന്മൂലനം ചെയ്യാനായി ബോംബുണ്ടാക്കുന്നതിനിടയിൽ, അത് പൊട്ടിത്തെറിച്ച് സ്റ്റീഫൻ്റെ കണ്ണു പോവുകയും മുഖം വല്ലാതെ പൊള്ളി വികൃതമാവുകയും ചെയ്തിരുന്നു. അന്ന് ഗുരുക്കളാണ് സ്റ്റീഫന് സംരക്ഷണം ഏർപ്പെടുത്തിയത്. അതുകൊണ്ട് എല്ലാ വിഭാഗക്കാരേയും ഉൾപ്പെടുത്തി ഗോപിനാഥ ഗുരുക്കളുടെ വീട്ടിൽത്തന്നെ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി. കണ്ണൂർ ജില്ലാ കമ്മിറ്റി, കോഴിക്കോട്ടു നിന്നുള്ളവർ, സ്റ്റീഫൻ, ബന്ധപ്പെട്ട മറ്റു ചിലർ...
ഞാനവരോട് എൻ്റെ നിലപാട് പറയുന്നുണ്ട്. ഞാനിതിലൊന്നും അംഗമാകാനോ പ്രവർത്തിക്കാനോ തയ്യാറായിട്ടില്ല. എന്നോട് മജുംദാർ ആവശ്യപ്പെട്ടതിനനുസരിച്ച് മീറ്റിംഗ് വിളിച്ചു കൂട്ടുന്നു എന്നുമാത്രം.
പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പഴേക്കും നഗരൂർ-കുമ്മിളിൽ വളരെ ഭീകരമായ ആക്രമണം നടക്കുന്നു. ജന്മിയെ ലക്ഷ്യം വെച്ച്, കിട്ടാതിരുന്നപ്പൊൾ അയാളുടെ രണ്ടു മക്കളെ കൊല്ലുന്നു. അതിലൊരാൾ വിദ്യാർത്ഥി ആയിരുന്നു. തുടർന്ന് ഒരു നക്സലൈറ്റ് വിരുദ്ധ അന്തരീക്ഷം കേരളത്തിൽ മുഴുവൻ രൂപം കൊള്ളുകയാണുണ്ടായത്. അതോടുകൂടി ഫ്യൂഡൽ വിരുദ്ധ സമരം എന്ന പദ്ധതി കേരളത്തിൽ മുന്നോട്ടു പോകാനാകാത്ത ഒരു രാഷ്ട്രീയ പ്രതിസന്ധിയിലെത്തി.
(തുടരും)