തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വിവാദമായ കാൽകഴുകിച്ചൂട്ട് ആചാരം ഇനിയും തുടരാമെന്ന് ഹൈക്കോടതി വിധി വന്നിരിക്കുകയാണ്. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകൾ കഴുകുന്ന ചടങ്ങിൽ കുഴപ്പങ്ങളൊന്നുമില്ലെന്ന് ബാധ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് വിധിയിൽ പറയുന്നു. ക്ഷേത്രത്തിലെ ചടങ്ങുകൾ പണ്ടുമുതലേയുള്ളവയാണ്. അതിനാൽ കാൽകഴുകിച്ചൂട്ട്, പന്ത്രണ്ട് നമസ്‌കാരം എന്നീ പേരുകളിലറിയപ്പെടുന്ന ചടങ്ങിൽ ഇടപെടാൻ ദേവസ്വം ബോർഡിനോ സംസ്ഥാന സർക്കാരിനോ നിയമപരമായി സാധിക്കില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിയിൽ വ്യക്തമാക്കി. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ പാപപരിഹാരത്തിനായി 12 ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടുന്ന പ്രാകൃത ചടങ്ങുണ്ടെന്നതായി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി.
‘‘ക്ഷേത്രത്തിൽ നിലവിലുള്ള ചടങ്ങുകൾ തുടരാൻ ദേവസ്വം ബോർഡിന് ബാധ്യതയുണ്ട്. ക്ഷേത്ര ചടങ്ങുകളും പൂജകളും പുരാതന ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചു നടപ്പാക്കണം. ഇതിൽ ദേവസ്വം ബോർഡിനോ സർക്കാരിനോ ഇടപെടാനാവില്ല. 1999ൽ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്‌നത്തെത്തുടർന്നുള്ള പരിഹാര ക്രിയകളിലും പന്ത്രണ്ട് നമസ്‌കാരത്തെക്കുറിച്ച് പറയുന്നുണ്ട്. ഭക്തരല്ല, തന്ത്രിയാണ് ചടങ്ങിന്റെ ഭാഗമായി 12 ബ്രാഹ്മണരുടെ കാൽ കഴുകുന്നത്. ഈ ചടങ്ങിൽ തെറ്റില്ല, ഭക്തരാണ് ബ്രാഹ്മണരുടെ കാൽ കഴുകുന്നത് എന്ന തരത്തിലുള്ള മാധ്യമവാർത്തകൾ തെറ്റാണ്’’ എന്നിങ്ങനെയാണ് കോടതി വിധിയിൽ പറയുന്നത്.
മതപരമായ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഭരണഘടന സംരക്ഷണമുണ്ടെന്നും കാൽകഴുകിച്ചൂട്ടിനെ സംബന്ധിച്ച മാധ്യമ വാർത്ത തെറ്റാണെന്നുമാണ് കോടതി പറഞ്ഞത്. പന്ത്രണ്ട് നമസ്‌കാരം എന്ന പേരിൽ നടന്നുവരുന്ന ചടങ്ങുകളെ ‘സമാരാധന' എന്ന് പുനർനാമകരണം ചെയ്ത കൊച്ചിൻ ദേവസ്വം ബോർഡ് നടപടി നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ പൂർണ്ണത്രയീശ ക്ഷേത്ര കമ്മിറ്റിക്കുവേണ്ടി ശ്രീരാഘവപുരം സഭായോഗം, അഖില കേരള തന്ത്രിമണ്ഡലം, യോഗക്ഷേമസഭ തുടങ്ങിയവരായിരുന്നു കക്ഷി ചേർന്നിരുന്നത്.
കോടതിയിൽ കേസ് നടത്തുന്ന കാര്യത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായ ലാഘവ സമീപനമാണ് ഇത്തരമൊരു വിധിക്ക് കാരണമായതെന്നും ഈ വിധി ഭാവിയിൽ മറ്റ് പ്രശ്‌നങ്ങൾ കൂടി സൃഷ്ടിച്ചേക്കുമെന്നുമാണ് ഗവേഷകനായ ഡോ. ടി.എസ്. ശ്യാംകുമാർ പറയുന്നത്. ‘കാൽകഴുകിച്ചൂട്ട് എന്ന ചടങ്ങ് അങ്ങേയറ്റം പ്രാകൃതമാണെന്നും അത് അയിത്തവുമായും ജാതീയതയുമായുമൊക്കെ ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കൃത്യമായ വാദങ്ങളുന്നയിച്ച് കോടതിയിൽ സ്ഥാപിച്ചെടുക്കാൻ ദേവസ്വം ബോർഡിന് സാധിച്ചിട്ടില്ല. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകന് ഇക്കാര്യത്തിൽ വലിയ വീഴ്ചയാണുണ്ടായിട്ടുള്ളത്. കോടതിയിൽ കേസ് വിജയിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല', ടി.എസ്. ശ്യാംകുമാർ ട്രൂ കോപ്പിയോട് പറഞ്ഞു.
‘‘ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ നിർണയിക്കാൻ തന്ത്രിക്ക് അധികാരമുണ്ടെന്നാണ് വിധിയിൽ ഒരിടത്ത് പ്രത്യേകമായി പറഞ്ഞിരിക്കുന്നത്. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ അന്തിമ വിധി വരാനിരിക്കുന്നതേയുള്ളൂ. കാൽകഴുകിച്ചൂട്ട് പോലുള്ള ആചാരസംബന്ധിയായ ഒരു വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അതിൽ ഇത്തരത്തിലുള്ള ഒരു വിധി പുറപ്പെടുവിച്ച സാഹചര്യം ഉണ്ടായത് ഭാവിയിൽ നടക്കാൻ പോകുന്ന ഒരു വിധിക്ക് വേണ്ടിയുള്ള ഒരു മുൻകൂർ തയ്യാറെടുപ്പാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാവിയിൽ വരാൻ പോകുന്ന ഒരു കോടതി വിധിക്ക് ഈ വിധി ഒരു അടിത്തറയായി മാറുമോ എന്ന് നാം ഭയപ്പെടേണ്ടതുണ്ട്', ടി.എസ്. ശ്യാംകുമാർ കൂട്ടിച്ചേർത്തു.
വിവാദ ചടങ്ങുകളും ദേവസ്വം വകുപ്പും
കാൽകഴുകിച്ചൂട്ട് വിവാദമായതിനെത്തുടർന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷന്റെ നിർദ്ദേശ പ്രകാരമാണ് കൊച്ചിൻ ദേവസ്വം ബോർഡ് കാൽകഴുകിച്ചൂട്ടും പന്ത്രണ്ട് നമസ്‌കാരവും നിലവിലുള്ള രീതിയിൽ തുടരില്ല എന്നും ജാതിഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങിന്റെ പേര് ‘സമാരാധന' എന്നാക്കി മാറ്റുമെന്നും അറിയിച്ചത്. ദേവസ്വം ബോർഡിന്റേതുൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലെയും ശാന്തിക്കാർക്ക് ചടങ്ങിൽ പങ്കെടുക്കാമെന്നും ഭക്തർക്ക് പ്രവേശനമുണ്ടാവില്ലെന്നുമായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അറിയിച്ചിരുന്നത്.
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ കാൽകഴുകിച്ചൂട്ട് ചർച്ചയായി മാറുന്നതിന് മുന്നെ കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്ണപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിശ്ചയിച്ച കാൽകഴുകിച്ചൂട്ടിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവം വിവാദമായപ്പോൾ ചടങ്ങ് നിർത്തിവയ്ക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് കണ്ണനാകുളം ദേവസ്വം ഓഫീസർക്ക് നിർദേശം നൽകി. ശേഷം ഇരിങ്ങാലക്കുട കാറളം വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടക്കാനിരുന്ന കാൽക്കഴുകിച്ചൂട്ട് ചടങ്ങുകളും വിവാദങ്ങളെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ 12 നമസ്‌കാരം എന്നപേരിൽ കാൽകഴുകിച്ചൂട്ട് 20,000 രൂപയുടെ വഴിപാടായി നടത്തുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തത്. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു.
കാൽകഴുകിച്ചൂട്ട്, ബ്രാഹ്മണ സദ്യ തുടങ്ങി, ആചാരങ്ങളുടെ പേരിൽ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന അനാചാരങ്ങൾ അവസാനിപ്പിക്കണമെന്നായിരുന്നു ദേവസ്വം ബോർഡുകൾക്ക് മന്ത്രി കെ. രാധാകൃഷ്ണൻ നൽകിയ നിർദേശം. മാധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യം വിശദീകരിച്ചിരുന്നു. കാൽകഴുകിച്ചൂട്ട് വിവാദങ്ങൾക്ക് പുറമെ ഗുരുവായൂർ ക്ഷേത്രത്തിൽ ദേഹണ്ഡത്തിന് സഹായിയായി ബ്രാഹ്മണരെ ക്ഷണിച്ച് പരസ്യം നൽകിയ സംഭവത്തിന് നേരെ വലിയ വിമർശനങ്ങൾ ഉയരുക കൂടി ചെയ്ത പശ്ചാത്തലത്തിലായിരുന്നു മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടൽ.
‘വഴിപാടുകളുടെയും ആചാരങ്ങളുടെയും പേരിൽ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന പ്രാകൃത പ്രവൃത്തികൾ ഒഴിവാക്കണം. വിവാദ വഴിപാടുകളും അശാസ്ത്രീയ ആചാരങ്ങളും പരിഷ്‌കരിക്കണം. കാലാനുസൃത മാറ്റങ്ങൾ ആരാധനക്രമങ്ങളിലും ആചാരങ്ങളിലുമടക്കം വന്നിട്ടുണ്ടെന്നിരിക്കെ തന്ത്രിമാർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകണം. അനാചാരങ്ങളിലൂടെ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഒഴിവാക്കണം', തുടങ്ങിയവയായിരുന്നു ദേവസ്വം ബോർഡുകൾക്ക് ദേവസ്വം വകുപ്പ് നൽകിയ നിർദേശം.
ക്ഷേത്രങ്ങളിലെ ദുരാചാരങ്ങൾക്കെതിരെ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും കർശനമായ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിൽ നടക്കാനിരുന്ന രക്താഭിഷേകത്തിനെതിരെ അന്നത്തെ മന്ത്രി സ്വീകരിച്ചിരുന്ന നിലപാട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇത്തരം പ്രാകൃതമായ ആചാരങ്ങൾ കേരളത്തിനാകെ അപമാനകരമാണെന്നുമാണ് അന്ന് കടകംപള്ളി സുരേന്ദ്രൻ സ്വീകരിച്ചിരുന്ന നിലപാട്.
എന്താണ് കാൽ കഴുകിച്ചൂട്ട്, 12 നമസ്‌കാരം
പാപമോക്ഷത്തിനായി ക്ഷേത്രങ്ങളിൽ ബ്രാഹ്മണരെ വിളിച്ച് തന്ത്രിയോ പൂജാരിയോ അവരുടെ കാൽകഴുകിച്ച് ഭക്ഷണവും ദക്ഷിണയും വസ്ത്രവും നൽകുന്നതാണ് ചടങ്ങ്. ജ്യോത്സ്യന്മാരാണ് ഈ ചടങ്ങുകൾ നിർദ്ദേശിക്കാറുള്ളത്. ഭക്തരിലോ അവരുടെ കുടുംബത്തിലോ ദേവന്റെ അനുഗ്രഹത്തിനോ പ്രീതിയ്‌ക്കോ അല്ലെങ്കിൽ ദേവന്റെ അപ്രീതി ഇല്ലാതാക്കാനായോ നടത്തുന്ന കർമ്മമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതിന് ദേവന്റെ കാലുകൾ കഴുകുന്നതിന് പകരം ബ്രാഹ്മണന്റെ കാലുകൾ കഴുകുന്നതിലൂടെ ബ്രാഹ്മണനെ ദേവാവതാരമായി കണക്കാക്കുന്ന രീതി ചാതുർവർണ്യത്തിലധിഷ്ഠിതമായ ജാതീയതയുടെ തുടർച്ച തന്നെയാണെന്നാണ് വിലയിരുത്തലുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ 20,000 രൂപയുടെ വഴിപാടായാണ് 12 നമസ്‌കാരം എന്ന ചടങ്ങ് നടത്താൻ തീരുമാനിച്ചത്. 12 ബ്രാഹ്മണരെ അബ്രാഹ്മണർക്ക് പ്രവേശനമില്ലാത്ത തിടപ്പള്ളിയിൽ വിളിച്ചിരുത്തി തന്ത്രിയാണ് ഇത് നിർവഹിക്കുക.
ആചാരങ്ങളുടെ പേരിൽ അനാചാരങ്ങൾ
നവോത്ഥാന മൂല്യങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്ന ക്ഷേത്ര ആചാരങ്ങൾ ഇന്നും കേരളത്തിൽ വ്യാപകമാണ്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളെയെങ്കിലും ഇത്തരം അപരിഷ്‌കൃതമായ ജാതി വിവേചനങ്ങളിൽ നിന്ന് മോചിപ്പിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. ദേവസ്വം ക്ഷേത്രങ്ങളിലെ പൂജാരിയുടേതുൾപ്പടെ ഒരു നിയമനങ്ങളിലും ജാതിപരിഗണന പാടില്ലെന്ന 2002ലെ സുപ്രീം കോടതി ഉത്തരവ് പോലും കേരളത്തിൽ നടപ്പാക്കാൻ തയ്യാറായത് വളരെ വൈകിയാണ്. അപ്പോഴും പ്രധാന ക്ഷേത്രങ്ങളിൽ നിന്ന് പിന്നോക്കവിഭാഗക്കാരെ അകറ്റിനിർത്തുന്ന സമീപനങ്ങളുമുണ്ട്.
ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് ഇപ്പോഴും ഒരു അബ്രാഹ്മണന് അപേക്ഷിക്കാൻ പോലും സാധിക്കില്ല. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നും പൂജാരിമാരോയോ കഴകം ജീവനക്കാരായോ അവർണ വിഭാഗത്തിൽ പെട്ട ആളുകളെ നിയമിക്കാറില്ല. ഗുരുവായൂർ, മലബാർ, കൊച്ചി, കൂടൽമാണിക്യം ദേവസ്വങ്ങളിലെല്ലാം സമാനമായ സാഹചര്യങ്ങളാണുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ നായർ മുതൽ പുലയൻ വരെയുള്ള അബ്രാഹ്മണർ പൂജ ചെയ്യുന്ന ഏതാനും ക്ഷേത്രങ്ങളുണ്ട്. എന്നാൽ ഇവിടങ്ങളിലെ പ്രധാന ചടങ്ങുകൾ ബഹിഷ്‌കരിക്കുന്ന ബ്രാഹ്മണ തന്ത്രിമാരുണ്ട്.
ആധുനിക മൂല്യങ്ങൾക്ക് നിരക്കാത്ത പല ചടങ്ങുകളും ആചാരങ്ങളുടെ പേരിൽ ഇന്നും ആരാധനാലയങ്ങളിൽ നടന്നുവരുന്നു എന്നതാണ് വസ്തുത. ദലിതർക്ക് പ്രവേശനമില്ലാത്ത നിരവധി ക്ഷേത്രങ്ങൾ ഇന്നും കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലുണ്ട്. കാസർഗോട്ടെ എൻമകജെയിലും പാലക്കാട് മുതലമടയിലും ഇടുക്കിയിലെ വട്ടവടയിലുമെല്ലാം ദലിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ഇന്നുമുണ്ട്. ഉത്തരമലബാറിൽ വയനാട്ടുകുലവൻ തെയ്യത്തിന്റെ ഭാഗമായി നടന്നിരുന്ന, നിരോധിക്കപ്പെട്ട വന്യമൃഗവേട്ടയും മൃഗബലിയും രഹസ്യമായി നടക്കുന്നതിന്റെ വാർത്തകൾ സമീപകാലത്തും പുറത്തുവന്നിരുന്നു. കാസർഗോട്ടെ തന്നെ ബെള്ളൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തിൽ ബ്രാഹ്മണർക്കും അല്ലാത്തവർക്കുമായി വെവ്വേറ പന്തിയൊരുക്കിയതും ബ്രാഹ്മണർക്ക് പ്രവേശനമില്ല എന്ന് നിശ്ചിത സ്ഥലങ്ങളിൽ ബോർഡ് തൂക്കിക്കൊണ്ടുള്ള മുച്ചിലോട്ട് ഭഗവതി തെയ്യം പയ്യന്നൂരിൽ നടന്നതുമെല്ലാം വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.
അനാചാരങ്ങൾക്കെതിരായ ദേവസ്വം വകുപ്പിന്റെ തീരുമാനങ്ങളും നടപടികളും പ്രതീക്ഷാനിർഭരമായിരുന്നുവെങ്കിലും അവയെ അട്ടിമറിക്കുന്ന തരത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പരമാധികാരം തന്ത്രിക്ക് നൽകുന്ന തരത്തിൽ, നീതിന്യായ സംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സമീപനം നിരാശാജനകമാണ്.