ബ്രാഹ്മണ പാചകം നവോത്ഥാനമല്ല, കുലീന കുലത്തൊഴിൽ തന്ത്രമാണ്

കപ്പയും മത്തിക്കറിയും കലോത്സവത്തിന് പ്രഭാതഭക്ഷണമായി വേണം എന്നോ കോഴിക്കോട് വരുന്ന കുട്ടികൾക്ക് ഉച്ചക്ക് ബീഫ് ബിരിയാണി കൊടുക്കണം എന്നോ ഈ തനിമാവാദികൾ ഒരിക്കലും ആവശ്യപ്പെടുകയില്ല. കോഴിക്കോടായാലും തിരുവനന്തപുരത്തായാലും കൊച്ചിയിലായാലും അടിച്ചേൽപ്പിക്കപ്പെടുന്ന ഒരേതരം രുചിക്കുപുറകിൽ പ്രവർത്തിക്കുന്നത് സവർണത തന്നെയാണ്.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിളമ്പുന്ന ഭക്ഷണം ഇത്തവണയും ചർച്ചയാണ്. അതിന്റെ രുചിയല്ല, കലോത്സവ അടുക്കളയിൽ സ്ഥിരമായി വേവിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ ചേരുവകളാണ് ചർച്ച ചെയ്യപ്പെടുന്നത്.

സംസ്ഥാന സർക്കാർ മറുപടി പറയേണ്ട ചില ചോദ്യങ്ങൾ ഈ ചർച്ചകളിൽ ഉന്നയിക്കപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം, സർക്കാർ ഖജനാവിൽനിന്ന് പണം മുടക്കി നടത്തുന്ന കലോത്സവത്തിന്റെ ഭാഗമായുള്ള പാചകത്തിന്റെ ചുമതല, വർഷങ്ങളായി ഒരാൾക്കുതന്നെ പതിച്ചുകിട്ടുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ്. ടെൻഡർ നടത്തിയശേഷമാണോ പഴയിടം മോഹനൻ നമ്പൂതിരിക്കുതന്നെ പാചകത്തിന്റെ അട്ടിപ്പേറവകാശം ലഭിച്ചുവരുന്നത്? ഇനി ടെൻഡർ ഉണ്ടെങ്കിൽ തന്നെ 16 തവണയൊക്കെ ഒരാൾക്കുതന്നെ ടെൻഡർ ലഭിക്കുന്നത്, തീർച്ചയായും ടെൻഡർ മാനദണ്ഡം ലംഘിച്ചുകൊണ്ടായിരിക്കണം. അതുകൊണ്ട്, ടെൻഡറിൽ പങ്കെടുത്തവരുടെ പട്ടിക പുറത്തുവിടാൻ സർക്കാർ തയാറാകണം, പഴയിടം നമ്പൂതിരിക്കെതിരായ ആക്ഷേപങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയെങ്കിലും.

മാത്രമല്ല, കലോത്സവം പോലെ, കേരളത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ ഒത്തുചേരുന്ന ഒരാഘോഷത്തിൽ എല്ലാ തലങ്ങളിലും വൈവിധ്യം ഉറപ്പാക്കുക എന്നത് പ്രാഥമികമായ ഒരു കാര്യമാണ്, പ്രത്യേകിച്ച്, ഭക്ഷണത്തിന്റെ വൈവിധ്യം ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത്. ഈ വൈവിധ്യം ഏറ്റവും ക്രിയാത്മകമായി ഏറ്റെടുക്കാൻ ശേഷിയുള്ള എത്രയോ കുടുംബശ്രീ യൂണിറ്റുകളുണ്ട്. പാചകത്തിൽ ഇത്തരമൊരു ജനകീയ പങ്കാളിത്തത്തെക്കുറിച്ച് ചിന്തിക്കുന്നതിൽനിന്ന് നമ്മുടെ സർക്കാറുകളെ പിന്തിരിപ്പിക്കുന്ന ഘടകം എന്താണ്?

ഭക്ഷണവുമായി ബന്ധപ്പെട്ട വരേണ്യമായ ശുദ്ധാശുദ്ധിനിയമങ്ങൾ ഇതിൽ പങ്കുവഹിക്കുന്നുണ്ട്. ഉദാഹരണത്തിന്, കോഴിക്കോടിന്റെ പലതരം പ്രാതിനിധ്യങ്ങളെ സവിശേഷമായി ചേർത്തിണക്കിയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. വസ്ത്രത്തിന്റെയും ഭാഷയുടെയും ഭൂപ്രകൃതിയൂടെയും വിപണിയുടെയുമെല്ലാം കോഴിക്കോടൻ വൈവിധ്യങ്ങൾ സർക്കാറും മാധ്യമങ്ങളുമെല്ലാം ആഘോഷിക്കുന്നു. കലോത്സവപ്പേജുകൾക്കും പരിപാടികൾക്കും നൽകുന്ന ടൈറ്റിലുകളിൽ പോലും ഈയൊരു കോഴിക്കോടൻ മുദ്ര ചേർത്തുവക്കാൻ മാധ്യമങ്ങൾ അതിസൂക്ഷ്മമായ ജാഗ്രത പുലർത്തുന്നു. എന്നാൽ, ഭക്ഷണത്തിലുണ്ടാകേണ്ട വൈവിധ്യത്തെക്കുറിച്ചും പ്രാദേശികതയെക്കുറിച്ചും മിണ്ടാട്ടമില്ല. കപ്പയും മത്തിക്കറിയും കലോത്സവത്തിന് പ്രഭാതഭക്ഷണമായി വേണം എന്നോ കോഴിക്കോട് വരുന്ന കുട്ടികൾക്ക് ഉച്ചക്ക് ബീഫ് ബിരിയാണി കൊടുക്കണം എന്നോ ഈ തനിമാവാദികൾ ഒരിക്കലും ആവശ്യപ്പെടുകയില്ല. കോഴിക്കോടായാലും തിരുവനന്തപുരത്തായാലും കൊച്ചിയിലായാലും അടിച്ചേൽപ്പിക്കപ്പെടുന്ന ഒരേതരം രുചിക്കുപുറകിൽ പ്രവർത്തിക്കുന്നത് സവർണത തന്നെയാണ്.

"ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണ്' എന്ന വാദമൊക്കെ മലയാളിക്ക് കേൾക്കേണ്ടിവരുന്നുണ്ട്. ബ്രാഹ്മണർക്കിടയിലെ പാചകക്കാരായ ഇളയതുമാർ, ജാതിവ്യവസ്ഥക്കുസമാനമായ ഒരു കുലത്തൊഴിൽ വിഭാഗമാണ്. അത്, നവോത്ഥാനത്തിന്റെ ഫലമായി വിറകുവെട്ടാനും കല്ലുടയ്ക്കാനും ചെരുപ്പുകുത്താനും പോയ നമ്പൂതിരിമാരിൽ പെട്ടവരല്ല. ബ്രാഹ്മണരിലെ തന്നെ വരേണ്യവിഭാഗങ്ങൾ തങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണത്തിന്റെ ശുദ്ധി സംരക്ഷിച്ചുനിർത്താനും കലർപ്പുകളില്ലാതാക്കാനും സൃഷ്ടിച്ച ഒരു ഉപായം കൂടിയാണ് ഈ കുലത്തൊഴിൽ. സ്വന്തം അടുക്കളകളിൽ മാത്രമല്ല, തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങളിലടക്കമുള്ള ഊട്ടുപുരകളിൽ കീഴാളർ ഭക്ഷണം തൊട്ട് അശുദ്ധമാക്കാതിരിക്കാനുള്ള ബ്രാഹ്മണ്യത്തിന്റെ കുടിലതന്ത്രം കൂടിയായിരുന്നു ഇളയതുമാരുടെ സൃഷ്ടി. ബ്രാഹ്മണ്യം കുലീനത കൽപ്പിച്ചുനൽകിയ ഒരു കുലത്തൊഴിൽ നവോത്ഥാനത്തിന്റെ സംഭാവനയാണ് എന്ന് മലയാളിയോട് പറയാനുള്ള ധൈര്യം നൽകുന്നതും നേരത്തെ പറഞ്ഞ സവർണ പൊതുബോധം തന്നെയാണ്.

ഈയൊരു പൊതുബോധത്തെ ചിന്ത കൊണ്ടും ജീവിതം കൊണ്ടും മറികടക്കുന്ന പലതരം ആവിഷ്‌കാരങ്ങൾ പുതിയ കാലത്ത് മലയാളി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക ജീവിതത്തിലും കലയിലും എഴുത്തിലുമെല്ലാം ഈ പരീക്ഷണങ്ങൾ ദൃശ്യമാണ്. നവോത്ഥാനത്തെ ഒരു ലക്ഷ്യമായി പ്രഖ്യാപിച്ച ഇടതുപക്ഷ സർക്കാർ അടിയന്തരമായി അഭിമുഖീകരിക്കേണ്ട ഈയൊരു മാറ്റത്തിനെ അടയാളപ്പെടുത്തുന്ന ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു സംവാദ ഇടമാണ്, കലോത്സവത്തിലെ ഭക്ഷണത്തെക്കുറിച്ചുയരുന്നത് എന്നുമാത്രം ഓർമിപ്പിക്കട്ടെ.

Comments