ട്രേസി ചാപ്മാൻ ഒരു സർജറി കഴിഞ്ഞ് ഓപ്പറേഷൻ തിയറ്ററിനടുത്തുള്ള റിക്കവറി റൂമിൽ കിടക്കുകയായിരുന്നു. അനസ്തേഷ്യയുടെ പാതി മയക്കത്തിൽ, അടുത്ത് നിന്ന രണ്ട് നേഴ്സുമാരുടെ പതിഞ്ഞ സ്വരത്തിലുള്ള സംസാരം ട്രേസി കേട്ടു.
"ഒരു അമ്മ ഇത്രയും ക്രൂരത കാണിക്കുമോ?"
"അതിന് ഈ ശിക്ഷ പോരാ എന്നാണ് എന്റെ അഭിപ്രായം"
"എന്താ ആ പിശാചിന്റെ പേര് പറഞ്ഞത്?"
രണ്ടാമത്തെ നേഴ്സ് എല്ലാ വെറുപ്പോടും കൂടെ അതിന് ഉത്തരം പറഞ്ഞു.
അത് കേട്ടതും ബ്രെയിനിലൂടെ ഒരു മിന്നൽപിണർ കടന്നുപോയത് പോലെ ട്രേസിക്ക് അനുഭവപ്പെട്ടു. മരുന്നുകളുടെ ഇഫക്റ്റെല്ലാം കുടഞ്ഞുകളയാൻ മനസ്സ് വ്യഗ്രതപ്പെടുന്നത് പോലെ അവൾക്ക് തോന്നി. മണിക്കൂറുകൾക്ക് മുമ്പ് എങ്ങോ മറഞ്ഞുപോയിരുന്ന ബോധത്തിന്റെ കണികകൾ അവളിലേക്ക് തിരിച്ചുവന്നു. ആ പേര് അവൾ ശബദം താഴ്ത്തി പറഞ്ഞു നോക്കി,
'കാതലീൻ ഫോൾബിഗ്ഗ്'
അപ്പോൾ മുന്നിൽ തെളിഞ്ഞ കൗമാര കാലത്തെ ചില സീനുകൾ ആശുപത്രി വിട്ട് വീട്ടിലെത്തുമ്പോഴേക്കും ഉറച്ച ചില തീരുമാനങ്ങളായി അവളിൽ പരിണമിച്ചിരുന്നു.
ദിവസങ്ങൾക്ക് ശേഷം പ്രിസൺ ഓഫീസിൽ അനുമതിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ എതിർവശത്തെ ഡിജിറ്റൽ ക്ലോക്കിലെ കോളത്തിൽ ഡേറ്റിനൊപ്പം മിന്നിയിരുന്ന ചുവന്ന അക്കങ്ങൾ '2003' എന്ന് ട്രേസി കൂട്ടിവായിച്ചത് അൽപ്പം ഉറക്കെയായി പോയി. അത് ഇഷ്ടപ്പെടാതിരുന്ന ഗാർഡ് അവളെ നോക്കി എന്തോ പിറുപിറുത്തു.
പക്ഷേ ട്രേസി അത് കേട്ടില്ല.
ട്രേസി കേട്ടത് വർഷങ്ങൾക്ക് അകലെ ഹൈസ്ക്കൂൾ ഗ്രൗണ്ടിലിരുന്ന് ആൺകുട്ടികൾ അടക്കം പറയുന്നതാണ്,
"ട്രേസിയെ കാണണമെങ്കിൽ കാതലിൻ ഉള്ളിടത്ത് പോണം. കാതലിനോ ട്രേസി ഉള്ളിടത്തെ ഉണ്ടാകൂ"
ആ വാക്കുകൾ വീണ്ടും കേട്ട് ട്രേസി അറിയാതെ പുഞ്ചിരിച്ചു. അവളുടെ ചിരി എന്തിനാണെന്നറിയാതെ ഗാർഡ് അവളെ തറപ്പിച്ച് നോക്കി വാതിലിന് പുറത്ത് അറ്റെൻഷനിൽ നിന്നു. ട്രേസി അയാളെ ശ്രദ്ധിച്ചതേയില്ല. അവളുടെ മനസ്സ് നിറയെ കാതലീനെ കുറിച്ചുള്ള ഓർമ്മകളായിരുന്നു.

"യു നോ, ദി പേഴ്സൺ യു ആർ ഗോയിങ് റ്റു സീ ഈസ് എ സീരിയൽ കില്ലർ?"
മീറ്റിംഗ് റൂമിലേക്ക് കൊണ്ടുപോകാൻ വന്ന ഫീമെയ്ൽ സ്റ്റാഫ് അധിക്ഷേപിക്കാൻ മാത്രമായി ഉയർത്തിയ ആ ചോദ്യത്തിന് ട്രേസി മറുപടി പറഞ്ഞില്ല.
കാതലീൻ തനിക്ക് എത്ര പ്രിയപ്പെട്ടവളായിരുന്നുവെന്നതിന് നിർവചനങ്ങളില്ല. എന്നിട്ടും 20 വർഷങ്ങൾ അവൾ എവിടെ പോയിയെന്ന് താൻ അന്വേഷിച്ചില്ല എന്നതിന് വിശദീകരണവുമില്ല. ജീവിതം ചിലപ്പോൾ അങ്ങനെയാണ്, പോകുന്ന വഴികൾ പ്രതീക്ഷകൾക്കും, നിശ്ചയങ്ങൾക്കും ഒപ്പമാകണമെന്നില്ല.
വിഭിന്നങ്ങളായ ഒരു പാട് വിചാരങ്ങളോടെ, കാതലീനെ കാണുന്ന നിമിഷങ്ങളെ കുറിച്ചുള്ള ആകാംക്ഷയോടെ ട്രേസി നടന്നു. ഇടുങ്ങിയ ഇടനാഴിയുടെ അറ്റത്തുള്ള മീറ്റിംഗ് റൂമിന്റെ കനത്ത ഡോറുകൾ ആരോ ഉള്ളിൽ നിന്ന് തുറന്നു. സ്പർശിക്കുന്നത് തടയാനായി മെറ്റൽ നെറ്റ് കൊണ്ട് അടച്ച കിളിവാതിലിന് ഇരുപുറവുമായി ട്രേസിയും കാതലീനും ഇരുന്നു.
പഴയ ഓർമ്മകൾക്കും, വേർപെട്ടുപോയ വർഷങ്ങളോടുള്ള നിരാശകൾക്കും ഒരു പ്രസക്തിയുമില്ലാത്ത അന്തരീഷത്തിൽ, കൂടിക്കാഴ്ചയുടെ സമയപരിധിയും, സുരക്ഷയും ഉറപ്പാക്കാൻ നിൽക്കുന്ന കാവൽക്കാരുടെ ഗൗരവം നിറഞ്ഞ നോട്ടങ്ങൾക്കിടയിൽ, വികാരവിക്ഷോഭങ്ങളെ അവർ അടക്കിനിറുത്തി.
കണ്ണീരോ, തങ്ങൾക്ക് ബോദ്ധ്യപ്പെടുന്ന സത്യങ്ങളോ അല്ല, നിയമം നോക്കുന്നത് തെളിവുകൾ മാത്രമാണെന്ന യാഥാർഥ്യം തിരിച്ചറിയുമ്പോഴുള്ള ഒരു മാനസികാവസ്ഥയുണ്ട്, അത് കൈവന്നു എന്ന് തോന്നിയപ്പോൾ ട്രേസി സംസാരിക്കാൻ തുടങ്ങി. കമ്പിവലകൾക്കിടയിലൂടെ, ജയിൽഗാർഡ് എന്തിനോ തുറന്ന വിൻഡോ അടയുന്നതിനിടയിൽ, കാതലീൻ മഞ്ഞ് മൂടിക്കിടക്കുന്ന പുറത്തെ പുൽപ്പരപ്പിലേക്ക് നോക്കി.
36 വർഷങ്ങൾക്ക് മുമ്പ് ഒരു മഞ്ഞുകാലത്താണ് കാതലീൻ ജനിച്ചത്. അവൾക്ക് പതിനെട്ട് മാസം പ്രായമുള്ളപ്പോഴാണ് അവളുടെ അമ്മ കൊല്ലപ്പെടുന്നതും കൊലപാതകിയായ അച്ഛൻ ജയിലിലാകുന്നതും. ബന്ധുക്കളാരുമില്ലാതിരുന്ന കാതലീൻ ഫോസ്റ്റർ ഹോമിൽ അനാഥയായിട്ടാണ് വളർന്നത്. അനാഥ ബാല്യത്തിന്റെ നീറുന്ന ഓർമ്മകളിൽ നിന്ന് രക്ഷപ്പെടാനാണ് അവൾ കൗമാരം കഴിയും മുമ്പേ വിവാഹത്തിന് തയ്യാറായത്. സന്തോഷം കാതലീന് വീണ്ടും അന്യമാകാൻ തുടങ്ങിയത് ഫെബ്രുവരി 20, 1989 രാത്രിയിലായിരുന്നു. അന്ന് കാതലീന്റെ ആദ്യത്തെ കുട്ടി മരിച്ചു. മരിക്കുമ്പോൾ 19 ദിവസമായിരുന്നു അവന്റെ പ്രായം. പുലർച്ചെ രണ്ട് മണിക്ക് കാതലീനാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്.
രണ്ടാമത്തെ കുട്ടി, പാട്രിക് മരിക്കുന്നത് അവന് എട്ട് മാസമുള്ളപ്പോഴാണ്. അവന് നേരത്തെ അപസ്മാരം വന്നിട്ടുണ്ടായിരുന്നു.
മൂന്നാമത്തെ കുട്ടിയായിരുന്നു, സാറ. പത്ത് മാസമുള്ളപ്പോൾ, 29 ഓഗസ്റ്റ് 1993 രാത്രിയാണ് അവൾ മരണപ്പെടുന്നത്.
നാലാമത് പിറന്ന ലോറ 18 മാസമേ ജീവിച്ചിരുന്നുള്ളൂ. 1999-ലാണ് അവൾ മരിച്ചത്.
ഈ കുട്ടികൾക്കൊന്നും മുറിവുകളോ, ശ്വാസം മുട്ടിച്ചതിന്റെ പാടുകളോ ഉണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം അവ്യക്തമായിരുന്നു.
എന്നിട്ടും,
2003-ൽ ജൂറി കുട്ടികളെ കാതലീൻ കൊന്നതാണെന്ന് വിധിക്കുകയും, കോടതി അവളെ 40 കൊല്ലത്തെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു. കാതലീന്റെ ഭർത്താവ് ഗ്രേയ്ഗ് അവൾ കൊലപാതകിയെന്ന് വിശ്വസിച്ചു. അയാളുടെ സാക്ഷിമൊഴി കാതലീനെതിരായിരുന്നു. എന്നാൽ കാതലീനെതിരെ കോടതി കണ്ടെത്തിയ ശക്തമായ തെളിവ് മറ്റൊന്നായിരുന്നു. അതുകൊണ്ടാണ് കൂടിക്കാഴ്ച അവസാനിക്കും മുമ്പ് ട്രേസി കാതലീനോട് ചോദിച്ചത്,
"ഒരു സീരിയൽ കില്ലർ ആണെന്ന് വിധിക്കപ്പെടാൻ പ്രധാന കാരണം നീയെഴുതിയ ഡയറി കുറിപ്പുകളാണ്. നീയെന്താണ് അങ്ങനെയൊക്കെ എഴുതിയതെന്ന് എന്നോട് പറയണം. ഞാൻ നിന്നെ വിശ്വസിക്കുന്നു, ടെൽ മി പ്ളീസ്"
"കുട്ടികൾ ഓരോന്നായി മരണപ്പെടുന്നത് നിസ്സഹായായി കണ്ടുനിൽക്കേണ്ടി വന്ന ഒരമ്മയുടെ രോദനമായിരുന്നു അത്. ദുഖവും, നിരാശയും, ആത്മനിന്ദയും കൊണ്ട് വീർപ്പുമുട്ടിയ രാത്രികളിൽ എഴുതിപ്പോയതാണ് ആ വരികൾ"
ട്രേസി അവളെ വിശ്വസിച്ചു.
പിന്നെയും പല തവണ ട്രേസി അവളെ കണ്ടു, സംസാരിച്ചു. കുട്ടികളുടെ മരണം കൊലപാതകമല്ലെന്നും, ആ ഡയറിക്കുറിപ്പുകൾ അവളുടെ നിശബ്ദമായ തേങ്ങലുകളായിരുന്നെന്നും ട്രേസി തിരിച്ചറിഞ്ഞു. ഒരു ടെക്നിക്കൽ സ്ക്കൂളിന്റെ മാനേജർ മാത്രമായ ഒരാളുടെ തിരിച്ചറിവ് കൊണ്ട് സങ്കീർണ്ണമായ നിയമകുരുക്കുകൾക്ക് മുന്നിൽ എന്ത് ചെയ്യാൻ കഴിയും?'
'മരിച്ച പെൺകുട്ടികളിൽ CALM2 എന്ന ജീൻ നോർമൽ അല്ലായിരുന്നു. ഈ ജീനാണ് ശരീരത്തിൽ Calmodulin എന്ന പ്രോട്ടീൻ ഉണ്ടാക്കുന്നത്. ഈ പ്രോട്ടീനിൽ ഉണ്ടാകുന്ന തകരാറുകൾ ഗുരുതരമായ നിലയിൽ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കും. അത് വഴി പെട്ടെന്നുള്ള മരണം (Sudden Cardiac Death) സംഭവിക്കാം.
ആ ചോദ്യത്തിന് ഉത്തരമായി ട്രേസി ഒരു തീരുമാനമെടുത്തു, ഇനി തന്റെ ജീവിതത്തിന്റെ ലക്ഷ്യം കാതലീന്റെ നിരപരാധിത്വം തെളിയിക്കുക എന്നത് മാത്രമാണ്. 2005-ൽ വിധിക്കെതിരെ അപ്പീൽ കൊടുത്തു. ശിക്ഷ മുപ്പത് കൊല്ലമായി കുറഞ്ഞു. നാല് പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന ഒരു നികൃഷ്ടജീവിയോട് ഒരു കരുണയും അരുതെന്ന ആക്രോശങ്ങൾ ജയിലിനകത്തും ഉയർന്നു. മാക്സിമം സെക്യൂരിറ്റി സെല്ലിൽ ഏകാന്തവാസത്തിലാക്കിയിട്ടും കാതലീൻ ക്രൂരമായി ആക്രമിക്കപ്പെട്ടു. She just escaped without being murdered.
പുറത്ത് ഒരു കൊടും ക്രിമിനലിനെ സഹായിക്കുന്നതിന്റെ പേരിൽ ട്രേസി ഒറ്റപ്പെട്ടു. എല്ലാ എതിർപ്പുകളെയും മറികടന്ന് ട്രേസി തന്റെ പരിശ്രമം തുടർന്നു. വർഷങ്ങൾ അവയുടേതായ വഴികളിൽ കടന്നുപോയി. എല്ലാ ആഴ്ചകളിലും ട്രേസി കാതലീനെ സന്ദർശിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല, 2011-ൽ നിയമ പണ്ഡിതയായ എമ കൺലീഫ് തന്റെ 'Murder, Medicine and Motherhood' എന്ന പുസ്തകം പ്രസിദ്ധീകരിക്കും വരെ.
കുഞ്ഞുങ്ങളെ കൊന്നു എന്നാരോപിച്ച് ശിക്ഷിക്കപ്പെട്ട അമ്മമാരെ കുറിച്ചായിരുന്നു എമ എഴുതിയിരുന്നത്. ശിക്ഷിക്കപ്പെട്ടവരിൽ കുറ്റവിമുക്തമാക്കപ്പെടാതെ ജയിലിൽ കിടക്കുന്ന ലോകത്തെ ഏകവ്യക്തി കാതലീൻ ആണെന്ന് എമ കണ്ടെത്തി. ലോകം മുഴുവൻ നിരപരാധികളായ അമ്മമാരെ കുട്ടികളുടെ മരണത്തിന്റെ പേരിൽ ശിക്ഷിക്കാൻ കോടതികൾ മാർഗ്ഗരേഖയായി അംഗീകരിച്ചിരുന്ന 'One sudden infant death is a tragedy, two is suspicious and three is murder until proved otherwise' എന്ന Meadow's law ഒരു ആധികാരിതയുമില്ലാത്തതാണെന്ന് എമ തന്റെ പി എച്ച് ഡി പ്രബന്ധത്തിൽ വീണ്ടും തെളിയിച്ചു. എമയുടെ പഠനങ്ങളും പുസ്തകവും കാതലീന് വേണ്ടിയുള്ള ട്രേസിയുടെ ശ്രമങ്ങൾക്ക് പിന്തുണ കിട്ടാൻ കാരണമായി. ട്രേസി സംഘടനകളെയും, മാധ്യമങ്ങളെയും നിരന്തരമായി സമീപിച്ചുകൊണ്ടിരുന്നു. ട്രേസിയുടെ സഹായത്തോടെ കാതലിൻ പലതവണ അപ്പീലുകൾ നൽകി, അവയെല്ലാം കോടതികൾ ഒരു ദാക്ഷണ്യവുമില്ലാതെ തള്ളിക്കളഞ്ഞു.
2021-ൽ ഒരു നിവേദനം സംസ്ഥാന ഗവർണ്ണർക്ക് സമർപ്പിക്കപ്പെട്ടു. കുട്ടികളുടേത് സ്വാഭാവികമരണങ്ങളാണെന്നും, കാതലീന് മാപ്പുകൊടുക്കണമെന്നും ആവശ്യപ്പെട്ട് ലോകത്തെ 100 ലീഡിങ് സയന്റിസ്റ്റുകൾ അതിൽ ഒപ്പ് വെച്ചിരുന്നു. ഗവർണ്ണറുടെ നിർദ്ദേശപ്രകാരം അന്വേഷണസംഘം അടച്ച ഫയലുകൾ വീണ്ടും തുറന്നു. അതിലേക്ക് ജനറ്റിക് സയൻസ് പുതുതായി കണ്ടെത്തിയ അറിവുകൾ ചേർക്കപ്പെട്ടു.
'മരിച്ച പെൺകുട്ടികളിൽ CALM2 എന്ന ജീൻ നോർമൽ അല്ലായിരുന്നു. ഈ ജീനാണ് ശരീരത്തിൽ Calmodulin എന്ന പ്രോട്ടീൻ ഉണ്ടാക്കുന്നത്. ഈ പ്രോട്ടീനിൽ ഉണ്ടാകുന്ന തകരാറുകൾ ഗുരുതരമായ നിലയിൽ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കും. അത് വഴി പെട്ടെന്നുള്ള മരണം (Sudden Cardiac Death) സംഭവിക്കാം. അമ്മയിൽ നിന്നാണ് പാരമ്പര്യമായി വരുന്ന ഈ അസുഖം കുട്ടികൾക്ക് കിട്ടിയത്. പൂർണ്ണമായ അളവിൽ ജീനുകൾക്ക് കുഴപ്പമില്ലാതിരുന്നതുകൊണ്ടാണ് കാതലീൻ രോഗബാധിതയാകാതിരുന്നത്. കുട്ടികളിലേക്ക് വന്നപ്പോൾ നല്ല ജീനുകൾ ഒന്നും അവശേഷിച്ചില്ല.
ആൺകുട്ടികളിൽ BSN (Bassoon Presynaptic Cytomatrix) എന്ന പ്രോട്ടീന്റെ ഉല്പാദനത്തിന് വേണ്ട ജീനുകളായിരുന്നു തകരാറിലായത്. ഇത് കുട്ടികളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകാവുന്ന അപസ്മാരമുണ്ടാക്കും. ഈ ജനിതക തകരാറുകളിൽ 50 ശതമാനം അമ്മയിൽ നിന്നും, ബാക്കി അച്ഛനിൽ നിന്നുമാണ് കുട്ടികൾക്ക് കിട്ടുന്നത്. കാതലീന്റെ കാര്യത്തിൽ ജനറ്റിക് ടെസ്റ്റ് വഴി ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗ്രേയ്ഗ് ടെസ്റ്റുകൾക്ക് വിധേയനാകാൻ വിസമ്മതിച്ചു, കാതലീൻ തന്നെയാണ് കൊലപാതകിയാണെന്ന അയാളുടെ ഉറച്ച നിലപാടായിരുന്നു കാരണം'

5 ജൂൺ 2023.
കാതലീന് മാപ്പ് നൽകാൻ ന്യൂ സൗത്ത് വെയിൽസ് ഗവൺമെന്റ് തീരുമാനിച്ചു. കാതലീൻ ഫോൾബിഗ്ഗ് നിരുപാധികം ജയിലിൽ നിന്ന് മോചിതയായി. നിരപരാധിയാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഇരുണ്ട ഇരുപത് വർഷങ്ങളിൽ, മറ്റെല്ലാം ഉപേക്ഷിച്ച് ഓരോ നിമിഷവും തനിക്കായി പൊരുതിയ ട്രേസി ചാപ്മാനോടൊപ്പം കാതലീൻ ജയിലിന് പുറത്തേക്ക് വരുമ്പോൾ മൂകസാക്ഷിയായി നിന്നത് മറ്റൊരു മഞ്ഞുകാലം. ഇനി ഇവൾ എവിടേയ്ക്ക് എന്ന ചോദ്യവുമായി നിന്ന മുഖങ്ങളോട് ട്രേസി പറഞ്ഞു, "ഇവളെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് പോകുന്നു"
ട്രേസിയുടെ ഫാംഹൗസിൽ തന്നെ കാണാനെത്തിയ പത്രക്കാരോട് കാതലീൻ പറഞ്ഞു, "എനിക്കൊന്നിനോടും, ആരോടും വെറുപ്പില്ല. മനസ്സിൽ നിറയുന്നത് സ്വതന്ത്രയായെന്ന സത്യവും, ഒപ്പം സയൻസിനോടും, ട്രേസിയോടും, കൂടെ നിന്ന സുഹൃത്തുക്കളോടുമുള്ള കടപ്പാടും മാത്രം"
"ശിക്ഷയിൽ നിന്ന് മാത്രമാണീ ഈ മോചനം. നിയമപോരാട്ടത്തിന്റെ അവസാന അദ്ധ്യായം കൂടെ പൂർത്തിയാക്കേണ്ടതുണ്ട്, ഞങ്ങൾ ഒരുമിച്ച് തന്നെ പൊരുതും" ട്രേസി കാതലീനെ ചേർത്ത് പിടിച്ചു.
ട്രേസിയും കാതലിനും ചേർന്ന് പൊരുതി. 14 ഡിസംബർ 2023.
“കാതലീൻ ഫോൾബിഗ്ഗിനെ കുറ്റവിമുക്തയാക്കുന്നു. Kathleen Folbigg is exonerated”
ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ ചീഫ് ജസ്റ്റിസ് ആ രേഖയിൽ ഒപ്പുവെച്ചു. അന്ന് നിയമപ്രകാരം കാതലീൻ നിരപരാധിയായി.
‘The age’ എന്ന പത്രം കാതലിനെ കുറിച്ച് മുമ്പെഴുതിയ കവർ സ്റ്റോറിയുടെ ഹെഡ്ഡിങ്ങ് വീണ്ടും തെളിഞ്ഞത് ഇങ്ങനെയായിരുന്നു,
'Any of us would want a Tracy’
Cheers!