അന്ധവിശ്വാസങ്ങളെ കൃത്യമായി നിർവചിച്ച് അവ തടയാനുള്ള നിയമം കർശനമായി നടപ്പാക്കേണ്ടതാണ് എന്ന കാര്യത്തിൽ കേരളത്തിലെ എൽ.ഡി.എഫിനും യു.ഡി.എഫിനും അഭിപ്രായ വ്യത്യാസമില്ല. ഇത്തരമൊരു നിയമത്തിന് നിയമസഭയിലും പുറത്തും രണ്ടു പതിറ്റാണ്ടായി ആവശ്യമുയരുക മാത്രമല്ല, നിയമസഭയിൽ ബില്ലുകൾ അവതരിപ്പിക്കപ്പെട്ടു. നിയമസഭയ്ക്കു പുറത്ത് ജനകീയ- ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിൽ പഠനങ്ങളും അഭിപ്രായ രൂപീകരണവും നടത്തി, അവരുടേതായ ബില്ലുകളും സർക്കാറുകൾക്കു മുന്നിൽ സമർപ്പിക്കപ്പെട്ടു. എന്നാൽ, ഇവയൊന്നും നിയമനിർമാണത്തിലെത്തിയില്ല. ഓരോ തവണയും വിശ്വാസക്കൊല ആവർത്തിക്കുമ്പോൾ, ഇല്ലാത്ത അന്ധവിശ്വാസനിരോധന നിയമത്തെക്കുറിച്ച് രാഷ്ട്രീയ- ഭരണകൂട സംവിധാനങ്ങൾ വാതോരാതെ സംസാരിക്കും. എന്നാൽ, അവരുടെ കൈവശമുള്ള ബില്ലുകളെക്കുറിച്ച് നിശ്ശബ്ദത പുലർത്തുകയും ചെയ്യും.
2021-ൽ ആലത്തൂരിൽനിന്നുള്ള സി.പി.എം എം.എൽ.എ കെ.ഡി. പ്രസേനൻ നോട്ടീസ് നൽകി, 'കേരള അന്ധവിശ്വാസ- അനാചാര നിർമാർജന ബിൽ-2021' നിയമസഭയിൽ അവതരിപ്പിച്ചു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമഗ്രമായി പരിശോധിക്കുന്ന ബില്ലായിരുന്നു ഇത്. അനാചാരം, അന്ധവിശ്വാസം, മന്ത്രവാദം തുടങ്ങിയ കാര്യങ്ങളെ നിർവചിക്കുന്നതും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഇവയിൽ ഏതിനെയൊക്കെ ഉൾപ്പെടുത്തണമെന്നും സൂചിപ്പിക്കുന്ന ബിൽ. എന്നാൽ, സർക്കാറിന്റെ ഒരു ഔദ്യോഗിക ബിൽ പരിഗണനയിലുള്ളതിനാൽ പ്രസേനൻ അവതരിപ്പിച്ച സ്വകാര്യ ബിൽ പരിഗണിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
കാര്യകാരണചിന്തക്ക് ഉചിതമല്ലാത്തതും ശാസ്ത്രീയമായ അടിത്തറയില്ലാത്തതും സാമൂഹിക പുരോഗതിക്ക് വിഘാതമായതുമായ വിശ്വാസങ്ങൾ എന്നാണ് പ്രസേനന്റെ ബില്ലിൽ അന്ധവിശ്വാസത്തെ നിർവചിച്ചിരിക്കുന്നത്. വ്യക്തിക്കും സമൂഹത്തിനും ദോഷകരവും മാരവുമായ ഫലങ്ങളുളവാക്കുന്ന ആചാരങ്ങളും കർമങ്ങളും, മന്ത്രവാദം,
അൽഭുത രോഗശാന്തി, ദിവ്യശക്തികളുടെ പേരിലുള്ള ചികിത്സ, ആൾദൈവങ്ങൾ, ജ്യോത്സ്യം, ഫലസിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന യാഗയജ്ഞ പൂജാദികർമങ്ങൾ, ധ്യാനം, അശാസ്ത്രീയ ചികിത്സാസമ്പ്രദായങ്ങൾ എന്നിവ സംബന്ധിച്ച പരസ്യങ്ങൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ, അനുഭവ സാക്ഷ്യങ്ങൾ തുടങ്ങി കേരളീയ സമൂഹത്തെ കാർന്നുതിന്നുന്ന നിരവധി പ്രതിലോമതകളെ തുറന്നുകാട്ടുന്നതായിരുന്നു പ്രസേനൻ അവതരിപ്പിച്ച ബിൽ.
കേരളത്തിൽ സമീപകാലത്ത് നടന്ന നിരവധി കൊലപാതകങ്ങൾ, ‘വിശ്വാസക്കൊല’കൾ കൂടിയായിരുന്നു. അതിൽ ജാതിയും മതവും വിശ്വാസവും കുടുംബവും യാഥാസ്ഥിതികതയുമെല്ലാം മുഖ്യപ്രതികളാണ്. വിശ്വാസം പ്രതിസ്ഥാനത്തുള്ള ഇത്തരം കൃറ്റകൃത്യങ്ങളുടെ സാമൂഹികമായ മാനങ്ങൾ തിരിച്ചറിയുന്നതിൽ നീതിന്യായ സംവിധാനങ്ങൾ പോലും പരാജയപ്പെട്ടുപോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, അനിവാര്യമായും വേണ്ട അന്ധവിശ്വാസനിയമത്തെക്കുറിച്ചും അത് എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചും കെ.ഡി. പ്രസേനൻ സംസാരിക്കുന്നു.
‘‘ഇന്നല്ലെങ്കിൽ നാളെ ഞാൻ അവതരിപ്പിച്ച അന്ധവിശ്വാസ- അനാചാര നിർമാർജ്ജന ബില്ലിന്റെ ആശയമുൾക്കൊള്ളുന്ന ഒരു ബില്ല് നിയമസഭ പാസാക്കുമെന്നുതന്നെയാണ് കരുതുന്നത്. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് അതിന് ഏറ്റവും സാധ്യതയുള്ളതും’’
കെ. കണ്ണൻ: 2021-ലാണ് താങ്കൾ നിയമസഭയിൽ ‘കേരള അന്ധവിശ്വാസ- അനാചാര നിർമാർജ്ജന ബിൽ’ അവതരിപ്പിച്ചത്. അന്ധവിശ്വാസവും അനാചാരങ്ങളും കേരളത്തിൽ വർധിച്ചുവരുന്നുവെന്നുമാത്രമല്ല, അത് കൊലപാതകങ്ങളിലേക്ക് അടക്കം നയിക്കുന്ന കുറ്റകൃത്യമായി മാറുകയും ചെയ്യുകയാണ്. ഇത്തരമൊരു ബിൽ തയാറാക്കാനും നിയമസഭയിൽ അവതരിപ്പിക്കാനും താങ്കളെ നയിച്ച സാഹചര്യം എന്തായിരുന്നു?
കെ.ഡി. പ്രസേനൻ: ഏറ്റവും നിഷ്‌കളങ്കരായ ഒരു വിഭാഗമാണ് ദൈവവിശ്വാസികളും മതവിശ്വാസികളും. അവരെ ഏറെ ദോഷകരമായി വരിഞ്ഞുകെട്ടുന്നതാണ് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ. ഇവരെ തെറ്റിധരിപ്പിച്ച് ചൂഷണം ചെയ്യാനും അപകടപ്പെടുത്താനും പരിശ്രമിക്കുന്നവർഇത്തരം അന്ധവിശ്വാസ- അനാചാര പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരാണ്. ഇത്തരമൊരു കൂട്ടർ കേരളത്തിലെ നിഷ്‌കളങ്കരായ മനുഷ്യർക്കിടയിൽ ആധിപത്യം ചെലുത്താൻ പരിശ്രമിക്കുന്ന വാർത്തകളും കാഴ്ചകളും കാണേണ്ടിവന്ന സാഹചര്യത്തിലാണ് 2021-ൽ ഇത്തരത്തിൽ സ്വകാര്യ ബിൽ കൊണ്ടുവന്നത്.
താങ്കളുടെ ബില്ലിന്മേൽ പീന്നിട് എന്ത് നടപടിയാണുണ്ടായത്?
എന്റെ ബിൽ അവതരണാനുമതി നേടി നിയമസഭയിൽ സമർപ്പിച്ച സന്ദർഭത്തിൽ പ്രതികരിക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണ്. അന്ന് അദ്ദേഹത്തിന് സഭയിൽ ഹാജരാകാൻ കഴിയാതിരുന്ന സന്ദർഭത്തിൽ, ദേവസ്വം വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന കെ. രാധാകൃഷ്ണനാണ് പ്രതികരിച്ചത്. വളരെ പോസിറ്റീവായാണ് സർക്കാർ ബില്ലിനെ കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ബില്ലിലെ ആശയങ്ങൾ ഏറെ പ്രാധാന്യമുള്ളതാണ് എന്ന് അദ്ദേഹം മുഖ്യമന്ത്രിയ്ക്കുവേണ്ടി സഭയിൽ പറഞ്ഞു. ഈ ആശയങ്ങൾ ഉൾക്കൊണ്ട് സമാനമായ മറ്റൊരു ബില്ലിന്റെ പണിപ്പുരയിലാണ് സർക്കാർ. ഔദ്യോഗിക ബിൽ സ്‌ക്രൂട്ടിനി നടപടികളിലായതിനാൽ സ്വകാര്യ ബിൽ സ്വീകരിക്കപ്പെടേണ്ടതില്ല എന്ന മറുപടിയാണ് അന്ന് സർക്കാറിനുവേണ്ടി മന്ത്രി നൽകിയത്.

താങ്കളുടെ ബില്ലിന്റെ സമാന ഉള്ളടക്കമുള്ള മറ്റു ബില്ലുകൾ സർക്കാറിനുമുന്നിലുണ്ട്. നിയമപരിഷ്‌കാര കമീഷൻ തയാറാക്കിയ ബില്ലും ഇതിൽപെടും. മാത്രമല്ല, നിയമസഭയ്ക്കു പുറത്ത്, മറ്റു സംഘടനകൾ തയാറാക്കിയ ബില്ലുകളും സർക്കാറിനുമുന്നിലുണ്ട്. അന്ധവിശ്വാസം നിരോധിക്കേണ്ടതാണെന്നും കുറ്റകൃത്യത്തിന് സമാനമായി പരിഗണിക്കപ്പെടേണ്ടതാണെന്നും ഇതിന് ഒരു നിയമം അനിവാര്യമാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നണികളും യോജിക്കുന്ന കാര്യമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു നിയമത്തിന് സർക്കാറുകൾ, പ്രത്യേകിച്ച് എൽ.ഡി.എഫ് സർക്കാർ, വേഗത്തിലുള്ള നടപടിയെടുക്കാത്തത്?
ഔദ്യോഗിക ബില്ലിനുവേണ്ടി സർക്കാർ പരിശ്രമം തുടരുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. യഥാർഥത്തിൽ വിവിധ രൂപത്തിലുള്ള പ്രശ്‌നങ്ങൾ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഭാഗമായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ദൈനംദിനം കൊലപാതകങ്ങളെക്കുറിച്ച് വിവരം വരുന്നു. അന്ധവിശ്വാസത്തിലധിഷ്ഠിതമായ ചിന്തകളാണ് ഇത്തരം ക്രിമിനൽ നടപടികളിലേക്ക് ആ മനുഷ്യരെ നയിച്ചത് എന്നു മനസ്സിലാക്കാം. അതുകൊണ്ടുതന്നെ സാമൂഹിക പ്രതിബന്ധതയുള്ള ജനാധിപത്യസംവിധാനത്തിൽ നിർബന്ധമായും ഇത്തരം ബില്ലുകൾ അനിവാര്യമാണ് എന്നാണ്, നിയമസഭയിൽ എന്റെ ബില്ലിൽ ഇടപെട്ട് സംസാരിച്ച എല്ലാ ജനപ്രതിനിധികളും കക്ഷിരാഷ്ട്രീയത്തിനതീതമായി സൂചിപ്പിച്ചത്. അതുകൊണ്ട് ഇന്നല്ലെങ്കിൽ നാളെ ഈ ബില്ലിന്റെ ആശയമുൾക്കൊള്ളുന്ന ഒരു ബില്ല് നിയമസഭ പാസാക്കുമെന്നുതന്നെയാണ് ഞാൻ കരുതുന്നത്. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് അതിന് ഏറ്റവും സാധ്യതയുള്ളതും.
താങ്കളുടെ ബില്ലിന്റെ ആമുഖത്തിൽ പറയുന്നതുപോലെ, അന്ധവിശ്വാസങ്ങൾ വർധിക്കാനിടയാക്കുന്ന സാമൂഹിക സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ മാത്രമേ ഇതിന് ഒരു പരിഹാരം സാധ്യമാകൂ. കേരളം വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും ശാസ്ത്രീയമായുമൊക്കെ ഏറെ മുന്നേറുന്നു എന്ന അവകാശവാദങ്ങൾക്കിടയിലും, അന്ധവിശ്വാസങ്ങൾക്ക് വളമേകുന്ന സാമൂഹിക വ്യവസ്ഥ നിലനിൽക്കുന്നത് എന്തുകൊണ്ടാണ്?
കേരളീയ സമൂഹം പൊതുവെ പുരോഗമനപരമാണ് എന്ന് നമുക്കറിയാം. എന്നാൽ, സാമൂഹികമായ പുരോഗതി തങ്ങളുടെ വ്യക്തിപരമായ നേട്ടത്തിന്റെ ഭാഗമായി കൈവരിച്ചതാണ് എന്നു കരുതുന്ന പ്രബല വിഭാഗം കേരളത്തിലുണ്ട്. യഥാർഥത്തിൽ കേരളത്തിന്റെ സാമൂഹിക പുരോഗതിയ്ക്ക് അടിത്തറ തീർത്തത് സംഘടിത പ്രവർത്തനത്തിലൂടെയാണ്. എന്നാൽ, ഇപ്പോഴും ചിലർ വ്യക്തിപരമായി തങ്ങൾക്ക് നേട്ടമുണ്ടാക്കാൻ കഴിയും എന്ന് വിശ്വസിക്കുകയും വ്യക്തിപരമായ നേട്ടത്തിന് വിശ്വാസത്തെ കൂട്ടുപിടിക്കാൻ ശ്രമിക്കുകയുമാണ്. ആ വിശ്വാസ സമൂഹത്തിനിടയിലാണ് അന്ധവിശ്വാസം പ്രയോഗിക്കപ്പെടുന്നത്.
ഏറ്റവും അടിസ്ഥാനപരമായ സാംസ്‌കാരിക തലത്തിലെ പ്രവർത്തനങ്ങൾക്ക് ഒരിക്കലും വിമുഖത കാണിക്കാതെ മുന്നോട്ടുപോകുക എന്നത് ഇടതുപക്ഷത്തിന്റെ ഒരു ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തിൽ കുറവുണ്ടായിട്ടുണ്ടോ എന്നത് സ്വയം വിമർശനാത്മകമായി പരിശോധിക്കേണ്ടതാണ്.
അമാനുഷികമെന്നും ദൈവതുല്യമെന്നും കരുതുന്ന ശക്തികളിലൂടെ മറ്റാർക്കും കിട്ടാത്ത വരദാനം നിങ്ങൾക്ക് ലഭ്യമാക്കാൻ ഞങ്ങളിലൂടെ കഴിയും എന്ന് അവരെ തെറ്റിധരിപ്പിക്കാൻ അന്ധവിശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് ഇപ്പോഴും കഴിയുന്നുണ്ട്. അതിന്റെ അടിസ്ഥാന പ്രശ്‌നം, ആളുകളുടെ ദുരാഗ്രഹമാണ്. കേരളീയ സമൂഹം കൈവരിച്ച പുരോഗതി സമ്പൂർണമാണ് എന്ന് ആരും അവകാശപ്പെടാറില്ലല്ലോ. അതുകൊണ്ട് ലോകത്തിലെ സമ്പന്ന സമൂഹങ്ങളുടെ സൗകര്യങ്ങൾ എത്രയും പെട്ടെന്ന് കരഗതമാക്കാൻ ഇത്തരം കുറുക്കുവഴികളിലൂടെ കഴിയും എന്ന തെറ്റിധാരണയാണ് ഈ വിഭാഗത്തെ നയിക്കുന്നത്. വളരെ ശാസ്ത്രീയമായ ഒരടിത്തറയിൽനിന്നുകൊണ്ടല്ല കേരളം സാമൂഹിക പുരോഗതിയിലേക്ക് കടന്നുവന്നത് എന്നതാണ് ഇതിന്റെ ദോഷം. അതുകൊണ്ട്, ശാസ്ത്രീയ ചിന്തകൾ കേരളീയ സമൂഹത്തിൽ പ്രബലമാക്കാനുള്ള കൂട്ടായ ഇടപെടലാണ് അനിവാര്യം. അത്തരം ഇടപെടലുണ്ടായില്ലെങ്കിൽ ഈ സാമൂഹികാവസ്ഥ ഇങ്ങനെ തന്നെ നിലനിൽക്കുകയും അന്ധവിശ്വാസികൾക്ക് കയറിപ്പിടിക്കാൻ കഴിയുന്ന സമൂഹമായി കേരളം തുടരുകയും ചെയ്യും. അതിന് പരിഹാരം കാണേണ്ടതുണ്ട്.
താങ്കളുടെ ബില്ലിൽ കുറ്റകൃത്യങ്ങളായി പരിഗണിക്കപ്പെടേണ്ട അന്ധവിശ്വാസങ്ങൾ അക്കമിട്ട് അവതരിപ്പിക്കുന്നുണ്ട്. പ്രേതബാധ ഒഴിപ്പിക്കാനുള്ള മർദ്ദനം, ദിവ്യാൽഭുതമെന്നു പറഞ്ഞുള്ള തട്ടിപ്പ്, മന്ത്രവാദം, ശാസ്ത്രീയ ചികിത്സ നിഷേധിക്കൽ, ജോത്സ്യ പ്രവചനം വഴിയുള്ള തട്ടിപ്പ്, പുരോഹിതയുടെ കുഴിമാടങ്ങളും ഖബറുകളും ഉപയോഗിച്ചുള്ള സാമ്പത്തിക ചൂഷണം തുടങ്ങി ഇന്ന് സമൂഹത്തിൽ പ്രബല മതങ്ങളുടെയെല്ലാം പങ്കാളിത്തത്തോടെ നിർബാധം അരങ്ങേറുന്ന നിരവധി കാര്യങ്ങളെ കുറ്റകൃത്യമെന്ന നിലയ്ക്കുതന്നെ അവതരിപ്പിക്കുന്നുണ്ട്. ഇവയെല്ലാം, അന്ധവിശ്വാസമെന്ന നിലയ്ക്കല്ല, വിശ്വാസമെന്ന നിലയ്ക്കുതന്നെയാണ് വിശ്വാസിപക്ഷം ആചരിക്കുന്നത്. ആ നിലയ്ക്ക് ഇത്തരം വിശ്വാസങ്ങളെ എങ്ങനെയാണ് അന്ധവിശ്വാസമെന്നും കുറ്റകൃത്യമെന്നുമുള്ള കാറ്റഗറിയിലേക്ക് കൊണ്ടുവരാനാകുക?
അനാചാരങ്ങളുടെ ഭാഗമായി നടക്കുന്ന ആക്രമണങ്ങളെ വേർതിരിച്ച് ബോധ്യപ്പെടുത്താനും അതിനാവശ്യമായ ശിക്ഷ നൽകാനും യാതൊരു പ്രയാസവും നിലവിലില്ല. വിവിധ രൂപത്തിലുള്ള തട്ടിപ്പുകൾ, അനാചാരക്രിയകളുടെ ഭാഗമായി സമൂഹത്തിൽ നടക്കുന്നുണ്ട്. പ്രേതബാധ ഒഴിപ്പിക്കാനുള്ള മർദ്ദനം, മന്ത്രവാദ ചികിത്സ, മറ്റു ഭയപ്പെടുത്തലുകൾ എന്നിവയെല്ലാം അനാചാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ കൃത്രിമമായി ആവിഷ്‌കരിക്കുന്നതാണ്. ഈ ആവിഷ്‌കാരത്തിനെതിനെ നിലപാടെടുക്കാനും വിശ്വാസികളെ സംരക്ഷിക്കാനും കഴിയേണ്ടതുണ്ട്. അതിനൊരു പ്രായോഗിക തടസമുണ്ടെന്ന് ഞാൻ കരുതുന്നില്ല.

പഴയ കാലത്തെ പല ആചാരങ്ങളും അനാചാരങ്ങളാണെന്ന് സമൂഹം മുദ്രകുത്തുകയും അവയെ പിന്നീട് സമൂഹം തന്നെ നിഷേധിക്കുകയും ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്.
പൂർവ കാലത്ത് വിവിധ ജാതി- സമുദായത്തിൽ പെട്ടവർ ഉന്നത ജാതിക്കാരുടെ മുന്നിലൂടെ നടന്നുകൂടാ എന്നത് ആചാരമായിരുന്നു, ഓരോ ജാതിയും ഇത്ര അടി അകലം പാലിക്കണം എന്നത് ആചാരമായിരുന്നു, പിന്നാക്ക ജാതിക്കാർ പഠിക്കാനോ പ്രാർഥിക്കാനോ പാടില്ല എന്ന ആചാരമുണ്ടായിരുന്നു, മന്ത്രം കേട്ടാൽ പോലും പിന്നാക്കക്കാരുടെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണം എന്ന ആചാരം- ഇവയെല്ലാം അനാചാരങ്ങളാണ് എന്ന് നിയമപരമായി തന്നെ സമൂഹം സമർഥിച്ചപ്പോൾ അത് അംഗീകരിക്കാൻ ആർക്കും വിഷമമുണ്ടായില്ല. ഇത്തരത്തിൽ, എല്ലാ തെറ്റായ നടപടികളെയും അനാചാരമായി നമ്മൾ സ്ഥാപിച്ചെടുത്താൽ, നിയമപരമായി പ്രഖ്യാപിക്കപ്പെട്ടാൽ സ്വാഭാവികമായും സമൂഹം അത് അംഗീകരിക്കും, അംഗീകരിക്കാത്തവരെ ശിക്ഷിക്കാൻ ഒരു പ്രയാസവുമുണ്ടാകില്ല. എല്ലാ വിശ്വാസികളും ആ ശിക്ഷക്കൊപ്പം, സർക്കാറിനൊപ്പം നിലപാടെടുക്കുകയും സമൂഹത്തിനൊപ്പം ചലിക്കാൻ സന്നദ്ധരാകുകയും ചെയ്യും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
ദിവ്യശക്തിയുണ്ടെന്നും ദിവ്യാവതാരമാണെന്നും അവകാശപ്പെട്ട് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് താങ്കളുടെ ബില്ലിൽ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോഴും പ്രബലരായി നിൽക്കുന്ന ആൾദൈവങ്ങളാണ് ഇതിൽ പ്രതികളായി വരിക. പല നിലയ്ക്കും വൻ സ്വാധീനശേഷിയുള്ള ആൾദൈവങ്ങൾ നടത്തുന്ന തട്ടിപ്പുകളെ കുറ്റകൃത്യങ്ങളായി കണ്ടാൽ അവരെ തന്നെ ജയിലിലടക്കേണ്ട സ്ഥിതിയുണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് എത്രമാത്രം പ്രായോഗികമാണ്?
ദിവ്യശക്തിയുണ്ട്, ദിവ്യാവതാരമാണ് എന്നീ അവകാശവാദം നടത്തി അനാചാരപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ കേരളത്തിലുമുണ്ട്. ആൾദൈവങ്ങളായി സ്വയം വിശേഷിപ്പിക്കുന്ന അത്തരം ആളുകളെ എങ്ങനെ നിയന്ത്രിക്കും എന്നതാണ് ചോദ്യത്തിൽ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം.
യഥാർഥത്തിൽ, ആൾദൈവങ്ങളായി സ്വയം മുദ്ര കുത്തുന്നവർ തങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുകയാണ് എന്ന ബോധത്തിലേക്ക് ഒരു സമൂഹം എത്തിയാൽ ആൾദൈവങ്ങൾ നിഷ്പ്രഭരായിപ്പോകും. ജനങ്ങൾക്കിടയിൽ സ്വാധീനമില്ലാത്ത, ജനം അംഗീകരിക്കാത്ത ഒരു ആൾദൈവത്തിനും നിലനിൽപ്പുണ്ടാകില്ല. അതുകൊണ്ട് ജനങ്ങളെ ശാസ്ത്രീയമായ സാമൂഹികാവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അങ്ങനെ സ്വയം അപ്രത്യക്ഷരാകേണ്ടിവരുന്ന ആൾദൈവങ്ങളെ പിന്നീട് ജയിലിലടക്കേണ്ടിവരില്ല. മദ്യനിരോധനത്തേക്കാളും, മദ്യവർജ്ജനത്തിന് സന്നദ്ധമാകുന്ന രീതിയിൽ സമൂഹത്തെ മാറ്റണം എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതുപോലെ തന്നെയാണ്, അന്ധവിശ്വാത്തിലധിഷ്ഠിതമായ കാര്യങ്ങൾ അനുഷ്ഠിക്കുന്നവരെ സ്വയം വർജ്ജിക്കാൻ സമൂഹത്തെ ശക്തിപ്പെടുത്തേണ്ടത്. ആ ശാക്തീകരണപ്രവർത്തനത്തിന് സഹായകമാകുന്ന നിയമമായി ഇത്തരം നിയമങ്ങൾ മാറണം എന്ന അഭിപ്രായമാണ് എനിക്ക് വ്യക്തിപരമായി ഉള്ളത്.
അന്ധവിശ്വാസങ്ങളെ വളർത്തുന്നതിൽ നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുള്ള പങ്ക് എന്താണ്? 'സ്ഥാപനങ്ങളും സംഘടനകളും ചെയ്യുന്ന കുറ്റങ്ങൾ' എന്ന ഒരു ക്ലോസ് തന്നെ താങ്കളുടെ ബില്ലിലുണ്ടല്ലോ.
യഥാർഥത്തിൽ രാഷ്ട്രീയ സംവിധാനങ്ങൾക്കുള്ള പങ്ക് എന്നു മാത്രമായിട്ടല്ല ഞാനിതിനെ കാണുന്നത്. അന്ധവിശ്വാസങ്ങൾക്കെതിരെ ശബ്ദമുയർത്താതെ, മൗനം പാലിക്കുന്നതുതന്നെ കുറ്റകരമായ ഒരു പങ്കായിട്ടാണ് ഞാൻ കാണുന്നത്. അത്തരം നിലപാടുകളിൽനിന്ന് ഏതൊരു രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്ന നേതൃത്വമാണെങ്കിലും അവർ പിന്മാറാണ്ടേതാണ്.
യഥാർഥത്തിൽ, ആൾദൈവങ്ങളായി സ്വയം മുദ്ര കുത്തുന്നവർ തങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുകയാണ് എന്ന ബോധത്തിലേക്ക് ഒരു സമൂഹം എത്തിയാൽ ആൾദൈവങ്ങൾ നിഷ്പ്രഭരായിപ്പോകും.
എന്നാൽ, എല്ലാവർക്കും അറിയാവുന്നതുപോലെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേതൃത്വത്തിൽനിന്ന് പലപ്പോഴും വളരെ ശരിയായ, ശക്തമായ അഭിപ്രായപ്രകടനങ്ങൾ അന്ധവിശ്വാസങ്ങൾക്കെതിരെ ഉയർന്നുവന്നിട്ടുണ്ട്. അതിനെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത മറ്റു രാഷ്ട്രീയ കക്ഷികൾ, കുറ്റകരമായ നിലപാട് ഇപ്പോഴും തുടരുകയാണ്.
ഇടതുപക്ഷ രാഷ്ട്രീയം പൊതുവായി അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചാരണം നടത്തുമ്പോൾ അത് തങ്ങൾക്ക് അനുകൂലമായി വോട്ടാക്കി മാറ്റാൻ, മതവർഗീയ, ജാതി- സമുദായ സംഘങ്ങളുമായി കൂട്ടുചേരാൻ ശ്രമിക്കുന്ന, പ്രതിലോമ രാഷ്ട്രീയപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വലതുപക്ഷ രാഷ്ട്രീയ സംവിധാനങ്ങളുടേത് കുറ്റകരമായ നിലപാടാണ്. അതുകൊണ്ട് അവരെ തുറന്നെതിർക്കാൻ ഉദ്ബുദ്ധരായ കേരളീയ സമൂഹം മുന്നോട്ടുവരണം. അങ്ങനെ മാത്രമേ പൊതു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്ന സംഘടനകളും സംവിധാനങ്ങളും ഈ കുറ്റകൃത്യങ്ങളിൽനിന്ന് മോചിതരാകാൻ ശ്രമിക്കൂ എന്ന അഭിപ്രായമാണുള്ളത്.

അന്ധവിശ്വാസ പ്രചാരണത്തിലുള്ള നമ്മുടെ മാധ്യമങ്ങളുടെ പങ്കിനെ എങ്ങനെയാണ് കാണുന്നത്?
യഥാർഥത്തിൽ പല മാധ്യമങ്ങളുടെയും നിലനിൽപ്പ് അവർക്ക് കിട്ടുന്ന പരസ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് നിവൃത്തികേടുകൊണ്ട് പലപ്പോഴും അന്ധവിശ്വാസത്തിന് അനുഗുണമായ പരസ്യങ്ങൾ മാധ്യമങ്ങൾ നൽകിവരുന്നുണ്ട്. അതൊരു കടുത്ത കുറ്റമാണ് എന്ന അഭിപ്രായം എനിക്കില്ല. അതേസമയം, മാധ്യമങ്ങളുടെ ശക്തിയും പ്രാധാന്യവും ഉൾക്കൊണ്ട് സമൂഹത്തെ നവീകരിക്കാനുള്ള ഇടപെടൽ അവർ നടത്തേണ്ടതുണ്ട്. ഇത്തരം പരസ്യങ്ങൾക്കപ്പുറം, തങ്ങളുടെ സ്‌പെയ്‌സ് ഉപയോഗപ്പെടുത്തി, അന്ധവിശ്വാസത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അവർ സന്നദ്ധരാകേണ്ടതുണ്ട്. ആ നിലയ്ക്ക് ഭൂരിപക്ഷം മാധ്യമങ്ങളും ആ പങ്ക് നിർവഹിക്കുന്നില്ല എന്നതാണ് വസ്തുത. അന്ധവിശ്വാസ- അനാചാര പ്രവണതകൾക്കെതിരായ രചനകൾ വരുമ്പോൾ അത്തരം രാഷ്ട്രീയ ഇടപെടലുകൾ വരുമ്പോൾ അവയെ പൊതുസമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാൻ പല മാധ്യമങ്ങളും നിലപാടെടുക്കുന്നില്ല എന്നതാണ് അവരുടെ ഭാഗത്ത് കണ്ടുവരുന്ന പ്രധാന കുറ്റം.
ഇടതുപക്ഷ രാഷ്ട്രീയത്തിലുണ്ടാകുന്ന അപചയമാണ് ഇപ്പോഴുള്ള സാമൂഹിക തിന്മകളുടെ അടിത്തറ എന്നു കരുതുന്നതിൽ അടിസ്ഥാനമുണ്ട് എന്ന് കരുതുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒരു അപചയവുമില്ല.
കേരളത്തിന്റെ നവോത്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടം, മത പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ കാലമായിരുന്നു. മതവിമർശനവും വിശ്വാസ വിമർശനവുമായിരുന്നു അതിന്റെ കാതൽ. ഈയിടെ, പൊതുജീവിതത്തിലെ സ്ത്രീപങ്കാളിത്തം നിയന്ത്രിക്കപ്പെടണമെന്ന മട്ടിൽ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവന വിമർശിക്കപ്പെട്ടപ്പോൾ, 'മതത്തിനകത്തെ വിഷയം മതത്തിലുള്ളവർ തന്നെ പരിശോധിച്ചാൽ മതി' എന്ന രീതിയിലുള്ള മറുവാദമാണുണ്ടായത്. സെക്യുലർ പക്ഷത്തുനിന്നുകൊണ്ടുള്ള മത- വിശ്വാസ വിമർശനങ്ങൾ എന്തുകൊണ്ടാണ് കേരളത്തിൽ അസാധ്യമാകുന്നത്?
കേരളീയ നവോത്ഥാനപ്രവർത്തനങ്ങളുടെ ചരിത്രം സൂക്ഷ്മമായി വിശകലനം ചെയ്താൽ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. മത പരിഷ്‌കരണ പ്രവർത്തനങ്ങളാണെങ്കിലും മറ്റു തരത്തിൽ, ജാതിവിവേചനത്തിനും അനാചാരങ്ങൾക്കും എതിരായ പ്രവർത്തനങ്ങളാണെങ്കിലും; അത്തരം പ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക്, ഇത്തരം അന്ധവിശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജാതി- മത വിഭാഗങ്ങളുടെ ഏറ്റവും മേൽത്തട്ടിലുള്ള കുടുംബാംഗങ്ങൾ ഇറങ്ങിവന്നപ്പോഴാണ് ഏറ്റവും ശ്രദ്ധേയമായ നിലയിൽ ആ പ്രവർത്തനങ്ങൾ മാറ്റപ്പെട്ടത്. സമൂഹം അവയെ സ്വീകരിച്ചതും അത്തരത്തിലാണ്. സമൂഹത്തിന്റെ മാനസികമായ ഇടപെടൽ ശേഷിയാണ് അത് കാണിക്കുന്നത്. അഥവാ അതൊരു ഘട്ടമാണ്. അതുകൊണ്ട്, മതവിശ്വാസികൾ തന്നെ മതവിശ്വാസത്തിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്ന അന്ധവിശ്വാസ- അനാചാരങ്ങൾക്കെതിരായ നിലപാടെടുത്താൽ അതിന് വലിയ സ്വാധീനം ചെലുത്താൻ കഴിയും. മതത്തിനകത്തെ വിഷയം മതത്തിനകത്തുള്ളവർ തന്നെ ഉന്നയിക്കുന്ന നിലയിലേക്ക് കൊണ്ടുവരാനാണല്ലോ നമ്മൾ സമൂഹത്തിൽ ഇടപെടൽ നടത്തുന്നത്.

അതുകൊണ്ട് നമ്മുടെ ഇടപെടൽ അങ്ങനെതന്നെ തുടരുക. നിർമല വിശ്വാസികൾ അവരുടെ അഭിപ്രായം പറഞ്ഞുകൊണ്ടേയിരിക്കുക. സ്വാഭാവികമായും അത് മതവിശ്വാസി സമൂഹത്തിനകത്ത് ചലനങ്ങളുണ്ടാക്കും. മതവിശ്വാസിസമൂഹം തന്നെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കും. അങ്ങനെയാണ് എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളും ലോകത്ത് മുന്നേറിയിട്ടുള്ളത്, ഇന്ത്യയിൽ വിശേഷിച്ചും. കേരളത്തിലും സമാന സ്ഥിതിയാണുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ, ‘ഞങ്ങളുടെ മതവുമായി ബന്ധപ്പെട്ട അനാചാരങ്ങൾഞങ്ങൾ തന്നെ പറഞ്ഞുകൊള്ളാം’ എന്ന തരത്തിലുള്ള പ്രസ്താവനകൾ, അതാത് മതവിഭാഗങ്ങളിലെ മനുഷ്യർ തന്നെ പ്രാവർത്തികമാക്കും എന്നതിൽ സംശയമില്ല. വലിയ പ്രതീക്ഷയോടെ തന്നെയാണ് നമ്മൾ ഇത്തരം കാര്യങ്ങളെ കാണുന്നത്. വിശ്വാസിസമൂഹം തന്നെയാണ് നമ്മുടെ കരുത്തായി മാറുക. അവർ തന്നെയാണ് ഈ അന്ധവിശ്വാസ- അനാചാര വിരുദ്ധ പോരാട്ടത്തിനു മുന്നിൽ അണിനിരക്കുക എന്നതിൽ യാതൊരു തർക്കവുമില്ല. അവരെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് കേരളത്തിൽ സാധ്യമായിട്ടുള്ളത് എന്ന കാര്യത്തിലും എനിക്ക് അഭിപ്രായവ്യത്യാസമില്ല.
വിശ്വാസിസമൂഹം തന്നെയാണ് നമ്മുടെ കരുത്തായി മാറുക. അവർ തന്നെയാണ് ഈ അന്ധവിശ്വാസ- അനാചാര വിരുദ്ധ പോരാട്ടത്തിനു മുന്നിൽ അണിനിരക്കുക എന്നതിൽ യാതൊരു തർക്കവുമില്ല. അവരെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് കേരളത്തിൽ സാധ്യമായിട്ടുള്ളത്
കേരളത്തിന്റെ രാഷ്ട്രീയ സംവിധാനത്തിന് സെക്യുലറായ ഒരടിത്തറയുണ്ടെന്ന് പൊതുവേ പറയാറുണ്ട്. അധികാര രാഷ്ട്രീയമായാലും കക്ഷിരാഷ്ട്രീയമായാലും കൾചറൽ പൊളിറ്റിക്‌സ് ആയാലും പൗരസമൂഹമായാലും മതനിരപേക്ഷമായ പുരോഗമനമുഖമാണ് അത് പുറമേയ്ക്ക് പ്രദർശിപ്പിക്കാറ്. ഈയൊരു ഐഡിയോളജിക്കൽ ബേസ് നിലനിർത്തുന്നതിൽഇടതുപക്ഷത്തിന് നിർണായക സ്വാധീനവുമുണ്ട്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന് സംഭവിക്കുന്ന പാളിച്ചകളും പിഴവുകളും നിലപാടുകളിലെ നേർപ്പിക്കലുകളും യുക്തിരഹിത സമൂഹമാക്കി കേരളത്തെ മാറ്റിയെടുക്കുന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന വിമർശനത്തോട് എന്താണ് പ്രതികരണം?
കേരളത്തിന്റെ രാഷ്ട്രീയ സംവിധാനത്തിന്റെ സെക്യുലർ അടിത്തറ ഇടതുപക്ഷ രാഷ്ട്രീയ വളർച്ചയുടെ ഭാഗമായി ഉണ്ടായതാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ. അതുകൊണ്ട് അത് നിലനിർത്തുന്നതിൽ ഇടതുപക്ഷത്തിന് നിർണായക പങ്കുണ്ട് എന്ന കാര്യത്തിലും എനിക്ക് തർക്കമില്ല. പക്ഷെ, ഇടതുപക്ഷ രാഷ്ട്രീയത്തിലുണ്ടാകുന്ന അപചയമാണ് ഇപ്പോഴുള്ള സാമൂഹിക തിന്മകളുടെ അടിത്തറ എന്നു കരുതുന്നതിൽ അടിസ്ഥാനമുണ്ട് എന്ന് കരുതുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒരു അപചയവുമില്ല.
സംഭവിക്കുന്നത് എന്താണ്? ഇടതുപക്ഷ രാഷ്ട്രീയം ഈ പറഞ്ഞ രൂപത്തിൽ തങ്ങളുടെ കച്ചവടത്തിനും ലാഭക്കൊതിക്കും അധികാരത്തിനും നഷ്ടമുണ്ടാക്കും എന്ന് തിരിച്ചറിഞ്ഞവർ സംഘടിതമായി സമൂഹത്തെ പുറകോട്ടുകൊണ്ടുപോകാൻ പരിശ്രമിക്കുകയാണ്. ഇടതുപക്ഷവിരുദ്ധർ എല്ലാവരും സംഘടിതമായി നമ്മുടെ പാവപ്പെട്ട വിശ്വാസിസമൂഹത്തെ തെറ്റിധരിപ്പിക്കാനും അവരെ ഇടതുപക്ഷരാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മോചിപ്പിക്കാനുമുള്ള ശ്രമം നടത്തുകയാണ്. അതിനായി അന്ധവിശ്വാസ- അനാചാരക്രിയകളെ ഉപയോഗപ്പെടുത്താൻ മറ്റു രാഷ്ട്രീയ പ്രവർത്തകർ നേതൃത്വം നൽകുന്നു എന്നതാണ് ഏറ്റവും പ്രധാന വിഷയം. അതുകൊണ്ടുതന്നെ അതിനെതിരായ ജാഗ്രത അനിവാര്യമാണ്.
അതേസമയം, ഇടതുപക്ഷ രാഷ്ട്രീയം കൂടുതൽ ശക്തമായി സാംസ്‌കാരിക തലത്തിൽ ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. മറ്റു ദൈനംദിന സാമ്പത്തിക വിഷയങ്ങളിലും മറ്റും ഊന്നിക്കൊണ്ടുള്ള പോരാട്ടങ്ങളും പ്രവർത്തനങ്ങളും നടത്തുന്നതിനൊപ്പം ഏറ്റവും അടിസ്ഥാനപരമായ സാംസ്‌കാരിക തലത്തിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരിക്കലും വിമുഖത കാണിക്കാതെ മുന്നോട്ടുപോകുക എന്നത് ഇടതുപക്ഷത്തിന്റെ ഒരു ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തിൽ കുറവുണ്ടായിട്ടുണ്ടോ എന്നത് സ്വയം വിമർശനാത്മകമായി പരിശോധിക്കേണ്ടതാണ്, ഉണ്ടായിട്ടുണ്ടെങ്കിൽ ആ തെറ്റ് തിരുത്തേണ്ടതാണ്. എല്ലാവരും അത്തരത്തിൽ തെറ്റുകൾ തിരുത്തി കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ അവസ്ഥയിലെ നന്മകൾ നിലനിർത്താൻ പരിശ്രമിക്കണം. അതിന് അന്ധവിശ്വാസ- അനാചാര പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകാൻ കഴിയേണ്ടതുണ്ട് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.