സവർണ യുക്തിവാദികൾ യു. കലാനാഥനിൽനിന്ന് പഠിക്കേണ്ടത്

വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങളിലെ' ‘ജി' എന്ന നിരീശ്വരവാദിയായ പ്രക്ഷോഭകാരി ബിഷപ്പിനോട് പറഞ്ഞ ആശയത്തിന്റെ, അടുത്താണ് കലാനാഥൻ മാഷും നിൽക്കുന്നത്. അദ്ദേഹത്തിന്റെ യുക്തിവാദത്തിൽ അനിവാര്യമായും യുക്തിവാദസഹജമായ ‘ശാഠ്യ'ങ്ങൾ ഉണ്ട്. പക്ഷേ അതിനൊക്കെയപ്പുറം അതിലെന്നും മുഴങ്ങിയത്, മുഴങ്ങുന്നത് മനുഷ്യത്വത്തിന്റെ ശബ്ദമാണ്.

‘നാങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ, നീങ്കളെ കൊത്ത്യാലും ചോരല്ലെ ചൊവ്വറെ, പിന്നെന്തിന് ചൊവ്വറേ കുലം പെശകുന്നേ?' എന്ന പൊട്ടൻതെയ്യത്തിന്റെ ചോദ്യത്തിന്റെ സ്പിരിറ്റുകൂടി ‘മലയാള കുല'ത്തിൽ ഉണ്ടല്ലോ എന്നൊരാശ്വാസം, ‘കുലം' ചേർന്ന വാക്കിൽ തൊടുമ്പോൾ തോന്നാറുണ്ട്. അപ്പോഴും എന്തോ ഒരരുതായ്കപോലെ. ഒട്ടും ഇഷ്ടമില്ല ‘കുലപതി' എന്ന പ്രയോഗം. എന്നിട്ടും, യു. കലാനാഥൻമാഷെ കുറിച്ചെഴുതുമ്പോൾ, എന്തുകൊണ്ടോ വേറൊരു വാക്ക് പകരം വെക്കാൻ കിട്ടുന്നില്ല. അത്രമാത്രം കേരളത്തിന്റെ ‘യുക്തിവാദകുല'ത്തിന്റെ ഒറ്റയാൻ നേതൃത്വമായി അദ്ദേഹം സ്വയം വളർന്നു.

സ്വന്തം വിയർപ്പിന്റെ ഉപ്പിൽ അദ്ദേഹം കെട്ടിയുയർത്തിയ സംഘടനക്ക് കാലം ആവശ്യപ്പെടുംവിധം ‘ഉയർന്ന് പ്രവർത്തിക്കാൻ' കഴിഞ്ഞില്ലെങ്കിലും, അദ്ദേഹം ഇന്നും സംഘടനയുടെ സർവസ്വവുമാണ്. അദ്ദേഹമൊരു വ്യക്തിയെന്നതിനപ്പുറം സ്വയം സഞ്ചരിക്കുന്നൊരു സംഘടനയാണ്. ഇനി സംഘടന പൂർണമായി ഇല്ലാതായാലും, സ്വയം സഞ്ചരിക്കുന്നൊരു സംഘടനയായി യു.കലാനാഥൻമാഷ് മലയാളിക്കൊപ്പമുണ്ടാവും. യാഥാസ്ഥിതിക മത പശ്ചാത്തലത്തിൽ വളർന്ന എന്നെ, സത്യം പറഞ്ഞാൽ, ‘യുക്തിവാദഭൂതം' പിടികൂടുകയല്ല, ഞങ്ങളെപ്പോലുള്ളവർ, ആ ‘ഭൂതത്തെ' അങ്ങോട്ടുചെന്ന് പിടിക്കുകയാണുണ്ടായത്.

എൺപതാം പിറന്നാൾ ദിനത്തിൽ കലാനാഥൻ സുഹൃത്തുക്കളായ അജിത്ത് ഇറക്കത്തിൽ, സുനിൽകുമാർ, യൂനസ് കടലുണ്ടി എന്നിവർക്കൊപ്പം

തങ്ങളുപ്പാപ്പയുടെ ഉറുക്കിനും പാണന്റെ ചരടിനും, ഇമ്മയുടെ ആവർത്തിച്ചുള്ള മന്ത്രിച്ചൂതലിനും, അടുപ്പിൽ പലതവണ പൊട്ടിത്തെറിച്ച ഉപ്പിനും കടുകിനും, കുട്ടിക്കാലം മുതലേ പിടികൂടിയ ‘പേടി' കുറക്കാൻ കഴിഞ്ഞിരുന്നില്ല. എവിടെ തിരിഞ്ഞാലും എതിരോക്കും, പറക്കുട്ടിയും, ജിന്നും, പ്രേതവും, ചെകുത്താനും റൂഹാനിയും! കൂരാകൂരിരിട്ടിൽ മാത്രമല്ല നിലാവത്തും, മുളങ്കൂട്ടം, ആൽ, കാഞ്ഞിരം, പാലമരം എന്നിവ മാത്രമല്ല, പാവങ്ങളിൽ പാവമായ ‘ഇപ്പൂത്തിമരം'പോലും പിശാചുക്കളുടെ ആവാസകേന്ദ്രമായാണ് അക്കാലത്ത് ഞങ്ങളൊക്കെയും കരുതിയത്. കുന്നിൻപുറങ്ങളും കുണ്ടനിടവഴികളും കുളങ്ങളും വിജനതകളും കുറ്റിക്കാടുകളും മാത്രമല്ല, വാഴകൈകൾപോലും, ഇരുണ്ട ഏതോ അധോലോകപ്രതിനിധികളെ കാത്തിരിക്കുകയാണെന്നാണ് അന്നൊക്കെ വിചാരിച്ചത്.

‘വാ കുരുവീ, വരു കുരുവീ വാഴക്കൈമേലിരു കുരുവീ' എന്നൊക്കെ സ്‌കൂളിൽ പാടുമ്പോഴും, ഞങ്ങൾ കണ്ട വാഴക്കൈകളിലിരുന്ന് ഊഞ്ഞാലാടിയത് റൂഹാനികൾ എന്ന പരേതാത്മാവുകളാണ്. വീടിന് തൊട്ടുമുകളിലുള്ള ‘ചെനപ്പാറക്കുന്ന്' അന്ന് പല്ലിൽ ‘തൊപ്പ'യുള്ള ചെകുത്താക്കന്മാരുടെ ആവാസകേന്ദ്രമായിരുന്നു. നട്ടുച്ചനേരങ്ങളിൽപോലും ആ ചെകുത്താൻവായിൽനിന്ന് തീ ആളുന്നത് കണ്ടവരുണ്ട്. ഇത്തരം കഥകൾ കേട്ടു വളർന്ന ഞങ്ങൾക്ക് പിന്നീട് തലനാരേഴായി കീറിയിട്ട്, ആളുന്ന നരകത്തീക്ക് മുകളിൽ പാലം കെട്ടുന്നതിനെക്കുറിച്ച് കേട്ടപ്പോൾ ഒരു പകപ്പും ഉണ്ടായില്ല!

ഒരു പ്രേതത്തെയും വകവെക്കാത്ത, വീരാദിവീരനായ ഒരു മാഷ്

മാണിക്യകല്ലിന് കാവൽ കിടക്കുന്ന പാമ്പും, മരണം പ്രവചിക്കുന്ന റൂഹാൻകിളിയും, രോഗം മാറ്റുന്ന ജിന്നും, നിന്നനിൽപിൽ പോത്തും കടുവയുമാകുന്ന ഒടിമറിയന്മാരും, ചോരകുടിക്കുന്ന യക്ഷിയും, പ്രതികാര മൂർത്തികളായ പ്രേതങ്ങളും കെട്ടിമറിയുന്ന ഒരു ലോകത്തിൽനിന്നാണ്; ഞങ്ങളാദ്യം കലാനാഥൻ മാഷിനെ കാണുന്നത്. സ്‌കൂളിലെ മാഷമ്മാരൊക്കെ മിക്കവാറും ‘ക്ലീൻഷേവും', മദ്രസയിലെ മൗലവിമാരൊക്കെ ‘ഫുൾതാടി'യുമായി നടക്കുന്ന കാലമാണ്. അന്നാണ് മാഷായിട്ടും, ഒരു മൗലവിമട്ടുള്ള, ഒരു പ്രേതത്തെയും വകവെക്കാത്ത, വീരാദിവീരനായ ഒരു മാഷ് എവിടെയോ ഉണ്ടെന്ന് കേട്ടത്.

ആദ്യമാദ്യം വിശ്വസിക്കാൻ തോന്നിയിരുന്നില്ല. പിന്നെയാണ് ചെനപ്പാറക്കുന്നിലെ ‘പല്ലിൽതൊപ്പ'യുള്ള ചെകുത്താനെപ്പോലെതന്നെ മറ്റൊരു സത്യമാണ്, യക്ഷിയേയും ഭൂതത്താന്മാരേയും പിടിച്ച് കുപ്പിയിലാക്കുന്ന കലാനാഥൻ മാഷെന്ന് മനസ്സിലാവുന്നത്! വല്ലാത്ത പഹയൻ, ഓനൊന്നും മനുഷ്യനാവൂല എന്നാണ് മാഷെക്കുറിച്ച് ജ്ഞാനികളായ ഞങ്ങളുടെ നാട്ടിലെ മുതിർന്നവരിൽ ചിലർ പറഞ്ഞത്. ഇങ്ങിനെ കേൾവിയിൽ വളർന്നു കൊണ്ടിരുന്ന, മറ്റൊരു ‘മിത്തായി' കൊഴുത്തു തടിച്ച ‘കലാനാഥ'നെ ഞങ്ങൾ അപ്പോഴൊന്നും നേരിൽ കണ്ടിരുന്നില്ല.

അങ്ങനെയിരിക്കുമ്പോഴാണ്, 1977 ഡിസംബർ മാസം, ഗുരുവായൂർ ക്ഷേത്രത്തിൽ കൊടിമരം സ്വർണം പൂശുന്നതിന്നെതിരെ സമരം ചെയ്തതിന്റെ പേരിൽ യു.കലാനാഥൻമാഷടക്കമുള്ള യുക്തിവാദികൾക്ക് പൊതിരെ അടികിട്ടിയ കാര്യം പത്രത്തിൽ വന്നത്. പിന്നെ ഞങ്ങൾ താമസിച്ചില്ല. പലതരം പ്രകടനങ്ങൾ കണ്ട് തഴമ്പിച്ച പെരുമണ്ണയെന്ന ഞങ്ങളുടെ സ്വന്തം ഗ്രാമത്തിൽ അതുവരെയും യുക്തിവാദി സംഘത്തിന്റെ ആരുമല്ലാത്ത ഞങ്ങൾ, ഞങ്ങളുടെ ആരുമല്ലാത്ത യുക്തിവാദസംഘത്തിനും പിന്നെ ഞങ്ങളുടെ സ്വപ്നങ്ങളിലെ ധീരനായകനും വേണ്ടി ഒരു പ്രകടനം, ‘വരുന്നത് വരട്ടെ' എന്നു കരുതി നടത്തി!

പിന്നെ പറയണ്ട ബഹളം. കൊടിയും മൈക്കും ഒന്നുമില്ലാത്ത, സംഘടനയേതെന്നു തിരിയാത്ത പ്രകടനം. ഈ പിള്ളേർക്കെന്തുപറ്റി? നാട്ടാർ മൂക്കത്ത് വിരൽ വെച്ചു. ‘ഓരെ അമ്പലത്തില് ഓല് സ്വർണ്ണം പൂശിയാൽ നിനക്കെന്താ' പലരും ഉപദേശിച്ചു! പക്ഷേ ഞങ്ങൾ യു കലാനാഥന് സിന്ദാബാദ് വിളിച്ചു പലവട്ടം. ആ കൊടിമരത്തിന് മൂർദ്ദാബാദും!
യുക്തിവാദിസംഘം സംസ്ഥാന ജില്ലാ യൂണിറ്റ് കമ്മറ്റികളൊന്നും, കലാനാഥൻ മാഷിനുവേണ്ടി ഞങ്ങൾ നടത്തിയ ‘പരാക്രമം' അറിയുന്നുണ്ടായിരുന്നില്ല. കാരണം പെരുമണ്ണയിൽ അന്ന് യുക്തിവാദികളോ, യുക്തിവാദിസംഘത്തിന് യൂനിറ്റോ ഉണ്ടിയാരുന്നില്ല. പക്ഷേ ആ പ്രകടനത്തോടെ ആളുകൾ ഞങ്ങളെ സൂക്ഷിച്ച് നോക്കാനും, സൗകര്യം കിട്ടുമ്പോൾ ഒരു ‘ഉക്തിവാദികൾ' ഇറങ്ങിയിരിക്കുന്നു എന്ന് പരിഹസിക്കാനും തുടങ്ങി! അതവിടെയും നിന്നില്ല. ഞങ്ങളുടെ അങ്ങാടിയിൽ ആദ്യമായി യുക്തിവാദികൾക്കെതിരെ മതപ്രഭാഷണ പരമ്പരകൾ അരങ്ങേറി. അതിനുമുമ്പ് ഒഴിഞ്ഞ വയലുകളിൽ വെച്ചാണ്, "വയള്' എന്നറിയപ്പെടുന്ന ‘മതപ്രസംഗങ്ങൾ' നടന്നിരുന്നത്. അതാണിപ്പോൾ പെരുമണ്ണങ്ങാടിക്കുള്ളിൽ വെച്ച് നടക്കുന്നത്. നിമിത്തവും പ്രകോപനവുമായത് പരോക്ഷമായാണെങ്കിലും നമ്മുടെ കലാനാഥൻമാഷും!

‘അയ്യപ്പ' മനുഷ്യനും, ‘അയ്യപ്പദേവനും'

അതിനുശേഷമാണ് മാഷെ നേരിൽ കാണുന്നത്. പിന്നീടിതുവരെയും പരസ്പരം പലവിധത്തിൽ കണ്ടും കാണാതെയും കണ്ടുകൊണ്ടിരിക്കുകയാണ്. ആ താടിയും ആ നോട്ടവും ഇടക്കുള്ള ‘ഇഷ്ടാവിളിയും' ചിലസമയങ്ങളിൽ പ്രസംഗം പോലുള്ള സംഭാഷണങ്ങളും, കൃത്യതയും, നിർഭയത്വവും, നല്ല ഏതുകാര്യത്തിനും ‘ഞാൻ എപ്പോഴും റെഡി' എന്ന ഭാവവും, ചിന്തയും പറച്ചിലും പ്രവർത്തനവും പൊരുത്തപ്പെടുത്തുന്ന ആ ആദർശധീരതയും, വേദികൾതോറും അധ്യാപകനായുള്ള നിൽപ്പും; സദസ്സിൽ അത്ഭുതപ്പെടുത്തും വിധം ‘കുട്ടി'യായുള്ള ഇരിപ്പും, അന്നെന്നപോലെ ഇന്നും എന്നെ ആവേശം കൊള്ളിക്കുന്നു.

വിയോജിപ്പുകൾ ഇല്ലാത്തതുകൊണ്ടല്ല, ആ വിയോജിപ്പിൽപോലും സത്യത്തിന്റെ സ്പർശമുണ്ട്. മാഷോടൊപ്പം എൺപതുകൾ മുതൽ യോജിച്ചും വിയോജിച്ചും, ഒന്നിച്ചല്ലെങ്കിലും ഒന്നിച്ചുണ്ട്. എത്ര വേദികൾ പങ്കിട്ടെന്ന് കണക്കില്ല. പക്ഷേ തുടക്കം ഞാൻ ദേവഗിരി കോളേജിൽ പഠിക്കുമ്പോൾ മാഷ് ഒന്നിച്ച്, സുഹൃത്തായ പ്രമോദ്‌സിംഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് ചേവരമ്പലത്ത് സംഘടിപ്പിച്ച, യുക്തിവാദി പൊതുയോഗത്തിലാണ്. എനിക്ക് പേടിയായിരുന്നു. പ്രമോദ്‌സിംഗാണ് ധൈര്യം തന്നത്. പിന്നെ എന്തു വന്നാലും ‘കലാനാഥൻ നമ്മെ നയിക്കും' എന്ന ബോധ്യവും.

2015ൽ പാലക്കാട്ട്​ നടന്ന പവനൻ അനുസ്​മരണത്തിൽ യു. കലാനാഥൻ സംസാരിക്കുന്നു

മാഷുക്കുള്ള പല കഴിവുകളിൽ ഒന്ന് എത്രസമയം വേണമെങ്കിലും, കേൾക്കുന്നവരെ പിടിച്ചു നിർത്തിക്കൊണ്ട് പ്രസംഗിക്കുമെന്നുള്ളതാണ്. ഇരമ്പുന്ന വാഹനങ്ങൾക്കപ്പുറം ആ ശബ്ദം ഇടിച്ചു കടക്കും. തട്ടിന് തട്ട്, വെട്ടിനു വെട്ട്, കയറി അടിക്കും. ചുവട് പിഴക്കില്ല. ആവശ്യമാണെങ്കിൽ മാത്രം ‘പൂഴികടകനും' പ്രയോഗിക്കും. ചേവരമ്പലത്ത് ഞാനാകെ പ്രസംഗിച്ചത്, ഇന്നാലോചിക്കുമ്പോൾ, അമ്പരന്നുപോകും, സാക്ഷാൽ അയ്യപ്പസ്വാമികളുടെ ജന്മത്തെക്കുറിച്ചാണ്.

‘ഹരിഹരസുതൻ' എന്നൊരു വാക്കിൽ പിടിച്ചുകയറി ഒരേ ലിംഗത്തിൽ പെട്ടവർക്ക് കുട്ടികളുണ്ടാവുമോ എന്ന ‘പരട്ടയുക്തി'യാണ് അന്ന് ഞാൻ ആകെക്കൂടി പ്രയോഗിച്ചത്. അന്നത് കേങ്കേമം, എന്നാണ് സ്വയം കരുതിയത്. ഇന്ന് തിരിഞ്ഞുനിന്ന് ആലോചിക്കുമ്പോഴാണ്, കവിത ചോർന്നൊരു ‘പരട്ടയുക്തി'യാണതെന്ന്, വൈകി തിരിച്ചറിയുന്നത്. ‘അസാധ്യമായതിനെ സാധ്യമാക്കുന്ന മതചിന്തയോട്', അത് അപരവിദ്വേഷം പങ്കുവെക്കുന്നില്ലെങ്കിൽ, കേവലയുക്തിയുടെ നേതൃത്വത്തിൽ നടത്തുന്ന മൽപ്പിടുത്തംകൊണ്ട് വലിയ കാര്യമില്ലെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. ചേവരമ്പലത്തുവെച്ച് മാഷും ഞാനും നടത്തിയ പ്രസംഗത്തോടെ ‘അയ്യപ്പസ്വാമി' പൊളിഞ്ഞു എന്നാണ് അന്ന് ഞാൻ കരുതിയതെങ്കിൽ; അതൊരനാവശ്യ അഭ്യാസമായിരുന്നെന്നാണ് ഇപ്പോൾ തോന്നുന്നത്. ഒരാണും മറ്റൊരു പെണ്ണും ചേർന്നുണ്ടാവുന്ന ‘അയ്യപ്പ' മനുഷ്യനും, അങ്ങിനെയല്ലാതെയുണ്ടാവുന്ന മറ്റൊരു ‘അയ്യപ്പദേവനും' തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ പോയതാണ്, അന്നെനിക്കു പറ്റിയ അമളി.

‘ക്രിസ്തുവിന്റെ സുവിശേഷം'

സരമാഗുവിന്റെ ‘ക്രിസ്തുവിന്റെ സുവിശേഷം' എന്ന നോവലിലെ ‘യുക്തി' തോൽക്കുന്ന സന്ദർഭമാണ് ഏറെ ഭാവസാന്ദ്രതയാൽ ശ്രദ്ധേയമാവുന്നത്. രണ്ടും രണ്ടും, രണ്ടും രണ്ടും മാത്രമല്ലാതാവുന്ന മാസ്മരികതയാണതിൽ നിറയുന്നത്. സന്ദേഹിയായ ക്രിസ്തുശിഷ്യൻ തോമ അഗാധവിശ്വാസത്തിന്റെ, അവിശ്വസനീയാവസ്ഥയിലേക്ക്, സ്വയമുയരുന്നതാണ്, ആ നാടകീയ സന്ദർഭം. മണ്ണ്‌കൊണ്ട് കിളികളുടെ രൂപമുണ്ടാക്കി, ക്രിസ്തു തോമയോട് പറഞ്ഞു; ‘ഈ കിളികൾ പറക്കാൻ പോവുകയാണ്'. ‘ഇത് മണ്ണുകൊണ്ട് നീയുണ്ടാക്കിയ കിളിയുടെ വെറും രൂപങ്ങളല്ലേ, ഇതെങ്ങിനെ പറക്കും?'
തോമ സംശയം പ്രകടിപ്പിച്ചു. കർത്താവായ യഹോവ നമ്മെ മണ്ണിൽനിന്നുമല്ലേ സൃഷ്ടിച്ചത്, ക്രിസ്തു ചോദിച്ചു. അതിന് നീ യഹോവയല്ലല്ലോ തോമ പറഞ്ഞു. ‘തോമാ, നീ കിളികളെ ഒരു തുണികൊണ്ട് മൂടുക' ക്രിസ്തു പറഞ്ഞു. നീ പറയുന്നതുകൊണ്ട് മാത്രം ഞാനത് ചെയ്യാം. ‘ഇനി നീ തുണി എടുത്തു മാറ്റുക' ക്രിസ്തു പറഞ്ഞു.

തോമാ മൺകിളികളെ മൂടിയ തുണി എടുത്തുമാറ്റിയപ്പോൾ, അത്ഭുതം, ആ കിളികൾ ആകാശത്തേക്ക് പറന്നുപോയി. സ്​തബ്​ധനായ തോമയോട് ക്രിസ്തു ചോദിച്ചു; ‘തോമാ, നിന്റെ കിളികളൊക്കെയും പറന്നു പോയല്ലേ?'
തോമ പറഞ്ഞു: ‘ഇല്ല പ്രഭോ, അങ്ങയുടെ മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന ഞാനാണാ പക്ഷി'.
സന്ദേഹവും വിശ്വാസവും അപൂർവ്വസൗന്ദര്യാത്മകമാനമാർജ്ജിക്കുന്ന പ്രസ്തുത ഭാവനാസാന്ദ്ര സന്ദർഭത്തിൽവെച്ച് വിശ്വാസവും/അവിശ്വാസവും ‘കാവ്യാത്മകതക്ക്' വഴിമാറുകയാണ്. ആ കാവ്യാത്മകതയിൽവെച്ച്, അഗാധ മതവിശ്വാസത്തിനും, അത്രതന്നെ അഗാധമായ യുക്തിബോധ്യത്തിനും, സംവാദസ്‌നേഹം പങ്കുവെക്കാനാവും. നവനാസ്തികതക്കും മതയാഥാസ്ഥിതികത്വത്തിനും ഒരുപോലെ നഷ്ടമാവുന്നത് സൗന്ദര്യാനുഭൂതിയുടെ വികാരസാന്ദ്രമായ ലോകമാണ്.

കവിയായ പഴയ മാഷ്

അസാധ്യമായതിനെ സാധ്യമാക്കുന്ന, സാധാരണാവസ്ഥയിൽനിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ‘നരച്ചതിനെ' കറുകറുപ്പാക്കുന്ന, ഭൂമിയിലെ ‘കന്യക'യേയും, സമുദ്രത്തിലെ മത്സ്യത്തെയും ജലത്തേയും ചേർത്ത് വിചിത്രമായ ജലമത്സ്യകന്യകയെയുണ്ടാക്കുന്ന, കവിതയുടെ ലോകത്തിലേക്ക് പതുക്കെ കടന്നതോടെയാണ്, എന്റെ ‘കലാനാഥൻ തീവ്രയുക്തി' പതുക്കെ പിൻവലിഞ്ഞത്. എന്നാൽ അന്നേ ‘കവി'യായിരുന്ന മാഷാവട്ടെ ‘കവിതയെ' തന്നെ ഉപേക്ഷിച്ച്, കർക്കശയുക്തിയുടെ ‘വരണ്ട' ലോകത്തിലേക്ക്, വളരുകയാണുണ്ടായത്.

‘അര നൂറ്റാണ്ടുമുമ്പ് വിദ്യാർത്ഥി ജീവിതകാലം മുതൽ കവിതകളായിരുന്നു അദ്ദേഹത്തിന്റെ ലോകം. ചങ്ങമ്പുഴക്ക് ഒരു മുറിയുണ്ടായിരുന്നു അവിടെ. എഴുത്തിൽ അത് തെളിഞ്ഞുനിന്നു. കോളേജ് കാലം കഴിയുമ്പോൾ രാഷ്ട്രീയകാഴ്ചകൾ ചേർന്ന് സ്വന്തം കാവ്യഭാഷ ഉറച്ചുവന്നതാണ്. എഴുപതുകളുടെ തുടക്കത്തിൽ ദേശാഭിമാനി പ്രസി

ദ്ധീകരിച്ച കവിതകളിൽ പുതിയ ഭാവുകത്വത്തിന്റെ തെളിച്ചമുണ്ടായിരുന്നു. കലാനാഥൻ പിന്നീടെപ്പോഴോ കവിയല്ലാതായി. അഥവാ കവിയിൽ കവിഞ്ഞതായി.'(കവിതയിൽ വേരാഴ്ത്തിയ യുക്തിപ്രഭാവം: ഡോ. ആസാദ്. ആസാദ് ഓൺലൈൻ).

യു.കലാനാഥൻ , ഭാര്യ ശോഭ, മകൻ ഷമീർ എന്നിവർക്കൊപ്പം കേരള യുക്​തിവാദി സംഘം നേതാവ്​ രാജഗോപാൽ വാകത്താനം

ഇടയ്ക്കിടക്ക് കവിയായ പഴയ മാഷിനെക്കുറിച്ച് ഓർമിപ്പിക്കുമ്പോൾ, അദ്ദേഹം പറയും, ‘ഓ കവിതയോ, വെറും ടൈം വേസ്റ്റ്'. യു കലാനാഥൻ നല്ല കവിതകൾ എഴുതിയിട്ടുണ്ട്. പ്രതീക്ഷയോടെ ‘സുഹൃത്തുക്കളെ' വായിച്ചു കേൾപ്പിച്ചപ്പോൾ, ആർക്കും ഒന്നും മനസ്സിലാവുന്നില്ല. ആ നിരാശയാണ് കവിതയെ കയ്യൊഴിക്കാൻ കാരണമെന്നാണ് അദ്ദേഹം ഒരു സംഭാഷണത്തിന്നിടയിൽ പറഞ്ഞത്. അതോടൊപ്പം യുക്തിവാദത്തിന്റെ ചൂടിൽ ‘കവിത' വറ്റിപ്പോയതുമാവാം! ‘എങ്കിലും ചന്ദ്രികേ നമ്മൾ കാണും സങ്കൽപ ലോകമല്ലീയുലകം' എന്ന് ചങ്ങമ്പുഴയുടെ രമണൻ പറഞ്ഞിരുന്നെങ്കിലും, അയാൾ സങ്കൽപ പ്രണയലോകം വിട്ടിരുന്നില്ല. അതുകൊണ്ടാണല്ലോ ചന്ദ്രിക കൊഴുത്തതും, അയാളൊരു മരക്കൊമ്പിൽ ഒടുങ്ങിയതും!

എന്നാൽ കലാനാഥൻ എന്നു പേരുള്ള യുക്തിവാദി, കവിതയെ തള്ളിയാലും ‘കവിത'ക്ക് ആ യുക്തിവാദിയെ അങ്ങിനെ തള്ളാൻ കഴിയുമായിരുന്നില്ല. കടലാസിൽ വരി മുറിച്ചെഴുതുന്ന പതിവ് കവിതയെഴുത്ത് നിർത്തിയെങ്കിലും, പോവുന്നിടത്തുനിന്നെല്ലാം ചെടിക്കൊമ്പുകളുടെ ‘കഷണ'ങ്ങൾ അയാൾ മുറിച്ചെടുത്തു. പൂക്കൾ വിടരുന്ന, ചിത്രശലഭങ്ങൾ പറക്കുന്ന, വള്ളികളും, ഇലകളും, നൃത്തം ചവിട്ടുന്ന നല്ലൊരു പൂന്തോട്ടം വീട്ടിനുചുറ്റും സ്വയം സൃഷ്ടിച്ചു. വള്ളിക്കുന്നിലെ പൂഴിമണ്ണുള്ള പറമ്പിൽ ചെറിയചെടികൾ എപ്പോഴെങ്കിലും വന്നുപോകുന്ന സുഹൃത്തുക്കൾക്കുവേണ്ടി കരുതിവെച്ചു. അവിടെനിന്ന് ധാരാളം ചെടികൾ ഞങ്ങളും കൊണ്ടുപോന്നു. കലാനാഥൻമാഷെകൂടെ കൂട്ടിക്കൊണ്ടുവരാൻ കഴിയാത്തതിനാലാവണം പലതും കരിഞ്ഞുപോയി!

മുന്നിലുണ്ട്, പ്രക്ഷോഭത്തിന്റെ വഴി

വള്ളിക്കുന്നിലെ മാഷിന്റെ വീടിന്റെ പുറം പൂന്തോട്ടംകൊണ്ടും അകം കടലാസ്സുകെട്ടുകൾകൊണ്ടും മൂടപ്പെട്ടാണിരിക്കുന്നത്. മതനിരപേക്ഷത മതം അന്ധവിശ്വാസം സമകാലീനരാഷ്ട്രീയസംഭവങ്ങൾ തത്വചിന്താപരമായ സംവാദങ്ങൾ എന്തും ഏതും പ്രത്യേകം പ്രത്യേകം ഫയലുകളായി മാഷിന്റെ മേശപ്പുറത്ത് അട്ടിക്കട്ടിയായി കിടക്കുകയാണ്. പുറത്ത് ഇലച്ചെടി, പൂച്ചെടി, വള്ളിച്ചെടി, മുൾച്ചെടി, പഴച്ചെടി തുടങ്ങിയവയും! പറഞ്ഞുവരുന്നത് ‘ടൈം വേയ്സ്റ്റ്' എന്ന് പറഞ്ഞ് മാഷ് ‘കവിത' വിട്ടെങ്കിലും, മാഷെ ‘കവിത' വിട്ടില്ലെന്നാണ്. പ്രച്ഛ​ന്നരൂപത്തിലത് മാഷെ പിന്തുടരുകയാണെന്ന് തോന്നുന്നു.
പറഞ്ഞാൽ പറഞ്ഞ സമയം, ഒരടി മുന്നോട്ടും പിന്നോട്ടുമില്ല, യുക്തിയിൽ വെന്ത കൃത്യത.

സ്‌കൂളിൽ ഒരൊറ്റ ലീവുപോലും എടുത്തിട്ടില്ലെന്ന്, കേൾക്കുന്ന പ്രസംഗത്തിലെയും വായിച്ച പുസ്തകത്തിലെയും ഒരൊറ്റ പോയന്റും വിടാതെ എല്ലാം പ്രത്യേകം പ്രത്യേകം ഫയലാക്കിയിട്ടുണ്ടെന്ന്, മാഷ് സംഭാഷണങ്ങൾക്കിടയിൽ പറഞ്ഞത് ഒരു സാധാരണ കാര്യം പറയുന്ന മട്ടിലാണ്. പറയേണ്ടത് ആരോടായാലും ആരെപ്പറ്റിയായാലും മാഷ് അപ്പപ്പോൾ തന്നെ പറയും. മാഷ്‌ക്ക് പരിചയമുള്ള ഒരു സാഹിത്യപ്രതിഭയുമായി അടുത്തകാലത്ത് ഞാനൊരൽപം അടുപ്പത്തിലായി. ഒരു ദിവസം മാഷ് പറഞ്ഞു. നല്ല സാഹിത്യപ്രതിഭയൊക്കെയാണ് വല്യ അടുപ്പം വേണ്ട.
ഒരിക്കൽ ഒരു സാംസ്‌കാരിക പരിപാടി കഴിഞ്ഞ് കണ്ണൂരിൽനിന്ന് ബസ്സിൽ കോഴിക്കോട്ടേക്ക് വരികയാണ്. ബസ്സ് ഒരൽപം ഓവർസ്പീഡിലോടാൻ തുടങ്ങി. എന്റെയടുത്തുനിന്ന് ‘അപരിചിതമായ' ഉച്ചത്തിലുള്ള ഒരുറച്ച ശബ്ദം. മാഷിന്റെ ശബ്ദമായിരുന്നു അത്. ഡ്രൈവർ സ്പീഡ് കുറച്ചു. യാത്രക്കാർക്ക് അപ്പോഴാണ് ആശ്വാസമായത്. ഇന്ന് പറയേണ്ടത് നാളേക്ക് മാറ്റി വെക്കുന്ന പ്രകൃതമല്ല മാഷിന്റേത്.

‘വീ​ണ്ടെടുക്കാം വള്ളിക്കുന്നിനെ’ എന്ന കാമ്പയിന്റെ ഭാഗമായ ന്യൂസ്​ പേപ്പർ ചാലഞ്ച്​, കാമ്പയിൻ കൺവീനർ യു. കലാനാഥൻ മാഷ് പത്രക്കെട്ടുകൾ സി.പി.എം വള്ളിക്കുന്ന് ലോക്കൽ കമ്മറ്റി മെമ്പർ രാമകൃഷ്ണന് കൈമാറി ഉൽഘാടനം ചെയ്യുന്നു.

രാവിലെയും ഉച്ചക്കും വൈകുന്നേരവും ഭക്ഷണത്തിനുമുമ്പും പിമ്പും ‘ഒരാവശ്യവുമില്ലാതെ' ദൈവമില്ലെന്ന് പറഞ്ഞു നടക്കുന്ന ഈ പെരും ‘യുക്തിവാദിയെ' മതവിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള വള്ളിക്കുന്ന് നിവാസികൾ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. സ്വന്തം ‘ദൈവവിരുദ്ധത' അഗാധമായ മനുഷ്യസ്‌നേഹമായി മാറിയതുകൊണ്ടാവണം, മാഷ് വള്ളിക്കുന്നു പഞ്ചായത്തിന്റെ പ്രിയപ്പെട്ട പ്രസിഡണ്ടായി. 1995-2000ലെ മികച്ച ഗ്രാമപഞ്ചായത്തായി വള്ളിക്കുന്ന് മാറി, ‘സ്വരാജ് അവാർഡി'ന് അർഹമായി. മികച്ചൊരു ജനകീയ ഭരണാധികാരി എങ്ങിനെയായിരിക്കണമെന്നതിന്റെ മാതൃകയായി.

പിന്നിട്ട യുക്തിവാദത്തിന്റെ പതിറ്റാണ്ടുകളെക്കുറിച്ചോർക്കുമ്പോൾ, ഇന്നെത്തി നിൽക്കുന്ന അവസ്ഥ കാണുമ്പോൾ എന്തുതോന്നുന്നു എന്ന് സംഭാഷണമധ്യേ ചോദിച്ചപ്പോൾ, പ്രതികരണത്തിൽ, ഒരു പതർച്ചയുമുണ്ടായില്ല. പിന്നോട്ടടികൾ ഇല്ലാത്തത്‌കൊണ്ടല്ല, പ്രക്ഷോഭത്തിന്റെ വഴി മുന്നിൽ തുറന്ന് കിടക്കുന്നത്‌കൊണ്ട്.

യുക്തിവാദം ഇടറിപ്പോയി, ജാതിമേൽക്കോയ്മക്കു മുമ്പിൽ

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ മുമ്പെന്നപോലെ ഇന്നും ‘യുക്തിവാദ'ത്തിന് പ്രസക്തിയുണ്ട്. എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, സ്വന്തത്തോട് സത്യസന്ധത പുലർത്തുന്ന ഏതൊരു യുക്തിവാദിയും, സവർണതക്കുമുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്ന ‘നവബ്രാഹ്മണിക' യുക്തിവാദികൾ, സ്വതന്ത്രചിന്തകർ പോലും വിമർശനങ്ങൾക്കിടയിൽ ആദരവർഹിക്കുന്നു. അവർ ജീവിതത്തിൽ പലനിലകളിൽ ഒഴുക്കിനെതിരെ നീന്തുന്നവരാണ്. ജീവിതഭാരം ഇറക്കിവെക്കാൻ ഒരത്താണിയും ആവശ്യമില്ലെന്ന തിരിച്ചറിവിൽ, തലചുറ്റി വീഴാത്തവരാണ്. നിരന്തര ആക്ഷേപങ്ങൾക്കും അവഗണനകൾക്കും നടുവിലും നിവർന്നുനിൽക്കുന്നവരാണ്.

പക്ഷേ കലാനാഥൻ മാഷുൾപ്പെടെയുള്ള പഴയ തലമുറ നാസ്തികരും, ‘നവനാസ്തികരും' മതത്തോട് മൽപ്പിടുത്തം നടത്തുന്നത്ര ജാതിമേൽക്കോയ്മയോട് എതിരിടുന്നില്ലെന്നാണ്, അവരുടെ ഇടപെടലുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ യുക്തിവാദം ഇടറിപ്പോയത് മതത്തിന്റെ മുമ്പിലല്ല, ജാതിമേൽക്കോയ്മക്കു മുമ്പിലാണ്. അതോടൊപ്പം ‘മതത്തിലെ കവിത'ക്കെതിരെ അവർ മുഖം തിരിച്ചതും, അവരെ അനാർദ്രരാക്കി!
രണ്ടും രണ്ടും നാല് എന്നതിനപ്പുറം കടക്കാനവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ‘അരുത്' എന്ന പേരിൽ ജി. ശ്രീകുമാറിന്റെ ഒരു കവിതയുണ്ട്. അതിൽ കവി ആവിഷ്‌ക്കരിക്കുന്നത് ജീവിതം മറ്റെന്താവുമ്പോഴും മിനിമം ഒരു കവിതകൂടി ആവണമെന്നാണ്. ‘കവിതയിൽ കണക്കാകാം/ കണക്കിൽ കവിതയുമാകാം/ കണക്ക് കൂട്ടുകയാവാം/ കവിത കൂട്ടുകയുമാവാം/ കവിത മാത്രവുമാകാം/ കണക്കു മാത്രമാവുകയേ അരുത്'.

എന്നാൽ യു. കലാനാഥൻ മാഷിൽ നിന്ന്​ ഭിന്നമായി നവ നാസ്തിക സ്വതന്ത്രപ്രതിഭകളിൽ ചിലരെങ്കിലും ‘സവർണ കണക്കിൽ' കുടുങ്ങി കിടക്കുകയാണ്. ഇന്ത്യൻ നവഫാസിസത്തിന്നെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന, താനുയയർത്തിപിടിക്കുന്നത് യാന്ത്രിക ഭൗതികവാദമല്ലെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്ന കലാനാഥൻ മാഷിനും ‘ജാതിയെ അതിന്റെ സൂക്ഷ്മതയിൽ പ്രശ്‌നവൽക്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസവും, അന്ധവിശ്വാസത്തിന്റെ പ്രധാനസ്രോതസ്സും ജാതിയാണ്. ‘ജാതിയോളം ഉഗ്രനാം വനജന്തു' ഇന്ത്യയിൽ വേറെ ഇല്ല. ഭക്തിപ്രസ്ഥാനം നവോത്ഥാന പ്രസ്ഥാനം സാമ്രാജ്യത്വവിരുദ്ധപ്രസ്ഥാനം തൊഴിലാളി കർഷകപ്രസ്ഥാനം തുടങ്ങി മത-മതേതര പ്രസ്ഥാനങ്ങളൊക്കെയും പരിമിതികളോടെ ‘ജാതി'യെ അഭിമുഖീകരിക്കാൻ ശ്രമിച്ചെങ്കിൽ; എന്തുകൊണ്ടാണ് ‘അന്ധവിശ്വാസവിരുദ്ധത'ക്ക് പരമപ്രാധാന്യം നൽകുന്ന ‘യുക്തിവാദം' ജാതിയെ അതിന്റെ സൂക്ഷ്മതയിലും സങ്കീർണ്ണതയിലും സമഗ്രതയിലും വിശകലനവിധേയമാക്കിയില്ല എന്നുള്ളതാണ് പൊതുവിൽ ഇന്ത്യൻ യുക്തിവാദം നേരിടുന്ന പ്രധാന പരിമിതി.

വള്ളിക്കുന്ന് വില്ലേജ് ഓഫീസ് ജനകീയ കമ്മിറ്റിയുടെ നേതൃത്തിൽ നടന്ന നവീകരണത്തിന്റെ റിപ്പോർട്ട്​ യു. കലാനാഥൻ അവതരിപ്പിക്കുന്നു.

മിശ്രഭോജനവും മിശ്രവിവാഹവും മുന്നോട്ടുവെച്ച ഗുരുവിന്റെ നിലപാടുകളെ മുന്നോട്ട് കൊണ്ടുപോയ കേരളത്തിലെ ആദ്യയുക്തിവാദികളുടെ നേതൃത്വമായി മാറിയ സഹോദരനയ്യപ്പനടക്കമുള്ളവരുടെ നിശിത ജാതിവിമർശമാണ്, പിൽക്കാല യുക്തിവാദ പ്രതിഭകൾക്ക്, വേണ്ടവിധം മുന്നോട്ട്‌കൊണ്ടുപോവാൻ കഴിയാതെ പോയത്. 1920ൽ ഒരു കത്തിലൂടെ ഗുരു ഓടിച്ചുവിട്ട കുട്ടിച്ചാത്തനെ ഒരിക്കൽകൂടി പിടിച്ചു കെട്ടാനുള്ള ശ്രമത്തിൽ, ആ ചാത്തന്റെ വേറൊരുവിധത്തിലുള്ള വിമോചകമൂല്യമാണ് അവർ വിസ്മരിച്ചത്. അന്ധവിശ്വാസത്തെപ്പോലും സവർണം അവർണം എന്ന് വിഭജിക്കുന്നത് പ്രത്യക്ഷത്തിൽ പരിഹാസ്യമായിതോന്നുമെങ്കിലും, അവികസിത സാമൂഹ്യപശ്ചാത്തലത്തിൽ അതൊരനിവാര്യതയായിത്തീരും!
ആടിന് ‘കണ്ണ്' പറ്റാതിരിക്കാൻ കഴുത്തിൽ ഒരു മണി കെട്ടിത്തൂക്കുന്നത്‌പോലെ നിരുപദ്രവകരമല്ല, ആനയുടെമേൽ നടത്തുന്നൊരു മന്ത്രവാദം!

2009ൽ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യ ക്ഷേത്രത്തിലെ മേഘാർജുനൻ എന്ന ആന ‘അനുസരണക്കേട്' കാട്ടി എന്ന കുറ്റത്തിനുള്ള ശിക്ഷയായിരുന്നു വിചിത്രമായ ആ മന്ത്രവാദം. ആനയുടെ ശരീരത്തിൽ ഒരു സ്ത്രീയുടെ ആത്മാവ് കടന്നതാണ് അനുസരണക്കേടിന്നുള്ള കാരണമായി കണ്ടെത്തിയത്. ആ ആന മനുഷ്യരെക്കുറിച്ച് എന്ത് കരുതിക്കാണും?
ചികിത്സയും ആശയവിനിമയവും പരിമിതമായൊരു കാലത്ത് മന്ത്രവാദം പോലും ചില മണ്ഡലങ്ങളിൽ ചെറിയതോതിൽ, ബദൽചികിത്സാരൂപം കൈകൊള്ളും.

ഞങ്ങളുടെ നാട്ടിലെ മാറാരോഗംബാധിച്ച് ഒറ്റപ്പെട്ട് കിടക്കുന്ന രോഗികളെ ചികിത്സിക്കുന്നതിൽ ‘എക്സ്​പെർട്ടായിരുന്ന', ‘ഇസ്മിന്റെ പണിക്കാരൻ' എന്ന് ജനങ്ങൾ ആദരവോടെയും പേടിയോടെയും വിളിച്ചിരുന്ന മന്ത്രവാദി കൂടിയായിരുന്ന നാട്ടുചികിത്സകൻ, സ്വന്തം ചികിത്സയിൽ ആ ചികിത്സയുമായൊരു ബന്ധവുമില്ലാത്ത വിചിത്രമായ പലകാര്യങ്ങളും കൂട്ടിച്ചേർത്തിരുന്നു. തൊട്ടടുത്തുള്ള പത്ത് വീട്ടിലെ കിണർവെള്ളം, നട്ടുച്ചക്ക് പാലമരത്തിലെ പരസ്പരം ഉരുമ്മി ഉരുമ്മി നിൽക്കുന്ന പത്തിലകൾ, അയൽപക്കങ്ങളിലെ ഏറെ പ്രായമായ പത്തുമനുഷ്യരുടെവാക്കുകൾ എന്നിങ്ങനെ ‘കൊടുക്കുന്ന മരുന്നുമായോ', നടത്തുന്ന ചികിത്സയുമായോ ഒരു ബന്ധവുമില്ലാത്ത ഒട്ടേറെ കാര്യങ്ങൾ. അതിലൂടെ മന്ത്രവാദി വൈദ്യൻ ഉന്നംവെച്ചത്, രോഗത്തിന്നിടയിൽ ചിതറിപ്പോയൊരു ‘സാമൂഹികത'യെ ചേർത്തുവെക്കാനുള്ള അവികസിത ശ്രമമാണ്.

പത്ത്​ കിണറ്റിലെ വെള്ളം എടുക്കണമെങ്കിലും, ഉരുമ്മിനിൽക്കുന്ന ഇലകൾ തിരയണമെങ്കിലും, പ്രായമേറെയുള്ള മനുഷ്യരുടെ വാക്ക് കേൾക്കണമെങ്കിലും, ഒരുപാട് മനുഷ്യരുമായി ബന്ധപ്പെടേണ്ടി വരും. രോഗവിവരം പങ്ക് വെക്കേണ്ടി വരും. അതോടെ രോഗം വെറും വ്യക്തിപ്രശ്‌നമാവാതെ, പൊതു കാര്യമാവും. അതുതന്നെ കുറച്ച് സാന്ത്വനം പകരും! രോഗിയെ പീഡിപ്പിച്ചും ബന്ധുക്കളെ ചൂഷണം ചെയ്തും സ്വയം കൊഴുക്കുന്ന ജീർണ മന്ത്രവാദിയുടെ ഏട്ടനായോ അനിയനായോ, മുന്നേ സൂചിപ്പിച്ച ഈയൊരു മന്ത്രവാദിയെ കാണാൻ കഴിയുമോ? ‘അറബി ഏലസ്സ്' മാന്ത്രികമോതിരം തുടങ്ങി ‘അധോലോക ബിസിനസ്​' ആയിമാറിയ, നരേന്ദ്രധഭോൽക്കർ അടക്കമുള്ള സ്വതന്ത്രചിന്തകരുടെ രക്തസാക്ഷിത്വത്തിന് നിമിത്തമായ, കോടികളുടെ മൂലധനവും, സ്വന്തമായി ‘പട്ടാളവും' മാധ്യമങ്ങളുമുള്ള അന്ധവിശ്വാസഭീകരരെ വെറും അന്ധവിശ്വാസ സ്രോതസ്സ് മാത്രമായി കണ്ടാൽ മതിയോ?
സവർണ അന്ധവിശ്വാസത്തിന് മൂർദ്ദാബാദും, അവർണ അന്ധവിശ്വാസത്തിന് സിന്ദാബാദും വിളിക്കണമെന്നല്ല പറഞ്ഞുവരുന്നത്.

ഭരണകൂട മാധ്യമകതയിലൂടെ പ്രകടമാവുന്ന, സമാന്തര മൂലധനസ്രോതസ്സുകളിലൂടെ പ്രവർത്തിക്കുന്ന, അധികാരകേന്ദ്രങ്ങളുടെ തണലിൽ അഴിഞ്ഞാടുന്ന വൻകിടകോർപ്പറേറ്റ് അന്ധവിശ്വാസ കേന്ദ്രങ്ങളെ നിർബാധം അലയാനും, ആധിപത്യം ചെലുത്താനും അനുവദിച്ചതിന്നുശേഷം, എന്ത് അന്ധവിശ്വാസ വിരുദ്ധതയാണ് നടപ്പിലാക്കാൻ കഴിയുക? ജാതിമേൽക്കോയ്മക്കും മൂലധനാധിപത്യത്തിനുമെതിരെയുള്ള സമരത്തോട് അന്ധവിശ്വാസവിരുദ്ധ സമരത്തെ കണ്ണിചേർക്കുന്നതിലാണ്, ഇന്ന് പുരോഗമന ശക്തികളൊക്കെയും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്. വൻകിട അന്ധവിശ്വാസ ഷോപ്പിംഗിനുള്ള സൗകര്യം വിസ്തൃതമാക്കുംവിധം പെട്ടിപീടികലെവൽ അന്ധവിശ്വാസം പൊളിക്കുന്ന പ്രവർത്തനം മാത്രം മതിയോ? മാനസിക തകരാറുള്ള ‘ലോക്കൽ' ആൾദൈവങ്ങളുടെ ചെവിക്ക് പിടിക്കാനുള്ള ആവേശം, വൻകിട കോർപ്പറേറ്റ് ആൾദൈവങ്ങൾക്ക് മുമ്പിലെത്തുമ്പോൾ ആറിത്തണുത്ത് പോവുന്നതെന്തുകൊണ്ടാണ്?

ഇതൊന്നും കലാനാഥൻ മാഷോടോ സ്വതന്ത്രചിന്തകരോടോ, ഇടതുപക്ഷത്തോടോ മാത്രമുള്ള ചോദ്യങ്ങളല്ല, ഉള്ളം പൊള്ളുമാറ്, അഗാധമതവിശ്വാസികളും, അഗാധമതരഹിതരും ഒന്നിച്ചുയർത്തേണ്ട ചോദ്യങ്ങളാണ്. അന്ധവിശ്വാസങ്ങൾക്കെതിരായ സമരത്തിൽ ഒരു ‘ഐക്യമുന്നണി' കെട്ടിപ്പടുക്കാനാണ് പതിറ്റാണ്ടുകളായി കലാനാഥൻ മാഷടക്കമുള്ള സ്വതന്ത്രചിന്തകർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ മനസ്സിന്റെ നമുക്ക് തന്നെയും അജ്ഞാതമായ ഇരുൾ മടക്കുകളിൽ വെളിച്ചം വീഴ്ത്താനുള്ള, സ്വതന്ത്രചിന്തയുടെ ശ്രമങ്ങൾ അത്രപെട്ടന്നൊന്നും വിജയിക്കുകയില്ല. പുലിയേയും നരിയേയും പേടിയില്ലാത്തവർ പ്രേതങ്ങളെ പേടിക്കുന്നതും, ഏതപകടത്തേയും ധീരമായി അഭിമുഖീകരിക്കുന്നവർ, ‘മൂഹൂർത്തം' തെറ്റുന്നതിൽ വ്യാകുലരാവുന്നതും, നമുക്കത്ര അപരിചിതമല്ലല്ലോ. പ്രശസ്ത പണ്ഡിതനായ കെ.എൻ എഴുത്തഛൻ മാഷോട്, മലയാളത്തിന്റെ പ്രിയപ്പെട്ട ചെറുകാട് ചോദിച്ച പ്രധാന സംശയങ്ങളിലൊന്ന് ‘ഒടിയനെ'ക്കുറിച്ചായിരുന്നു. ആ ചോദ്യംകേട്ട് കൂവിവിളിച്ച്, ‘ഒടിയനോ! നല്ല തമാശ! ഇതാണോ തന്റെ സോഷ്യലിസം' എന്ന് ചെറുകാടിനെ കെ. എൻ. എഴുത്തച്ഛ​ൻ മാഷ് കശക്കിയത്, ‘ജീവിതപ്പാത'യെന്ന സ്വന്തം ആത്മകഥാഗ്രന്ഥത്തിൽ ചെറുകാട് തന്നെ എഴുതിയതാണ്! സർവ്വമനുഷ്യരിലും വെളിച്ചം എത്ര നൃത്തം വെക്കുമ്പോഴും ആ വെളിച്ചം കടക്കാത്ത ചില ‘അന്ധമേഖലകൾ' കൂടി നിലനിൽക്കും. സമമായ സാമൂഹ്യവളർച്ചയുടെയും, സ്വയം നവീകരണത്തിന്റെയും, നിരന്തര വിമർശന- സ്വയം വിമർശനങ്ങളുടെയും, ജീവത്തായ ബദലുകളുടെയും അഭാവം നിമിത്തമാണ്, വെളിച്ചത്തിന്റെ നടുവിലും ‘ഇരുട്ടിന്' നിവർന്നുനിൽക്കാൻ കഴിയുന്നത്.

2014ൽ കോഴിക്കോട് നടന്ന സോമയാഗത്തിതിരെ യുക്തിവാദി സംഘം പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ യു. കലാനാഥൻ സംസാരിക്കുന്നു

യുക്തി പ്രധാനമാണ്. എന്നാൽ നീതി അതിലും പ്രധാനമാണ്.
‘നീതി നിങ്ങളുടെ രക്ഷിതാക്കൾക്ക് എതിരാണെങ്കിൽ, അവരെ തള്ളി നിങ്ങൾ നീതിക്കൊപ്പം നിൽക്കണം, നീതി നിങ്ങൾക്ക് എതിരാണെങ്കിൽ നിങ്ങൾ നിങ്ങൾക്കെതിരെ നീതിക്കൊപ്പം നിൽക്കണമെന്നും, ‘നിങ്ങളിലെ' അഹങ്കാരിയായ നിങ്ങളെ കൊല്ലണമെന്നുമാണ്' ഖുർആൻ ആഹ്വാനം ചെയ്യുന്നത്. നീതിയാണ് ജീവിതത്തിൽ നേതൃത്വം വഹിക്കേണ്ടതെന്ന മഹാതത്വമാണ് നിസ്സംശയം അതാവിഷ്‌ക്കരിക്കുന്നത്. അങ്ങനെയുള്ള ഖുർആൻ മഷിയിലെഴുതി കലക്കികുടിച്ചാൽ, എഴുതിയ മഷിക്ക് എന്തെങ്കിലും ഔഷധമൂല്യങ്ങൾ ഉണ്ടെങ്കിൽ, അതുകൊണ്ടുള്ള ഗുണമുണ്ടാകും എന്നല്ലാതെ രോഗം മാറുകയോ ‘നീതി'ബോധം ഉണ്ടാവുകയോ ചെയ്യില്ല. നിരുപദ്രവകരമോ, ആത്മനാശമുണ്ടാക്കുകയോ ചെയ്യുന്ന ഈയൊരന്ധവിശ്വാസം ആദർശവൽക്കരിക്കപ്പെടേണ്ടതല്ല.

എന്നാൽ നീതിയെ പരമോന്നത മൂല്യമായി ആഘോഷിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥത്തിന്റെ മറവിൽ യാഥാസ്ഥിതികർ പടച്ചുണ്ടാക്കുന്ന ‘ഫത്‌വകൾ' എന്ന മതവിധികളിൽ ചിലതെങ്കിലും മനുഷ്യനാശം തന്നെ ഉണ്ടാക്കും. മരിച്ചുകഴിഞ്ഞ ഭാര്യയുമായി ആറുമണിക്കൂറിനുള്ളിൽ ലൈംഗികബന്ധം പുലർത്തുന്നത്, മതവിരുദ്ധമല്ലെന്ന അബ്ദുൽബാരി അൽസാംസാമിയുടെ വിചിത്ര ഫത്‌വ അനുവദിക്കുന്ന ‘വിടവാങ്ങൽ സംഭോഗം' (Farewell intercourse) മനുഷ്യത്വത്തോടും യുക്തിബോധത്തോടുമുള്ള വെല്ലുവിളിയാണ്. ഇതുസംബന്ധിച്ച വിശദവിവരങ്ങൾക്ക് സാംസ്‌കാരിക വിമർശകനായ ഷാജഹാൻ മാടമ്പാടിന്റെ ‘God is neither a Khomeini nor a Mohan Bhagwat' എന്ന ഗ്രന്ഥത്തിലെ, ‘Necrophilia and uncooked meat: a take on irrational Fatwas’ എന്ന പ്രബന്ധം വായിക്കുക!

കുഴപ്പംപിടിച്ചൊരു വഴിയിലൂടെ നടക്കാൻ ‘ശിക്ഷിക്കപ്പെട്ട'വരാണ് സ്വതന്ത്രചിന്തകർ

യുക്തിയടക്കം ഒന്നിനെയും കേവലമായി കൊണ്ടാടാനാവില്ല. എന്നാൽ എന്തിനെയെങ്കിലും ആവിധം കേവലമായി മനുഷ്യസമൂഹം കൊണ്ടാടണമെങ്കിൽ, അത് നീതിയെ മാത്രമായിരിക്കും. അതുകൊണ്ട്, തെളിവുകൾ തിളങ്ങുന്നതും, നയിക്കാനുള്ള അർഹത അത് നേടുന്നതും നീതി നേതൃത്വം വഹിക്കുമ്പോളായിരിക്കും.

യു. കലാനാഥൻ പുതിയ തലമുറക്കൊപ്പം

പതിറ്റാണ്ടുകൾക്ക് മുമ്പ് പെരുമണ്ണയിലെ ചെങ്കതിർ കലാവേദിയുടെ സജീവപ്രവർത്തകനായി ‘കഷ്ടിപിഷ്ടി' നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നൊരു കാലത്ത്, ഒരു ദിവസം രാത്രി ഒരു പ്രശസ്ത അഭിനയ പ്രതിഭയും കടുത്ത പുരോഗമനവാദിയുമായ സുഹൃത്ത് റിഹേഴ്‌സൽ കഴിഞ്ഞ്, എന്നോടൊപ്പം രാത്രി വീട്ടിലാണ് കഴിഞ്ഞത്. സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കും. കിടന്ന് കുറച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരൊച്ച കേട്ടു. ഞാൻ തമാശയായി വല്ല പ്രേതമോ ചെകുത്താനോ മറ്റോ ആയിരിക്കും എന്ന് പറഞ്ഞു.

എന്നെ അമ്പരപ്പിച്ചുകൊണ്ട് സുഹൃത്ത് എഴുന്നേറ്റിരുന്ന് എന്റെ കൈപിടിച്ച് പറഞ്ഞു: ഞാൻ ഇക്കാര്യം കെ. ഇ. എന്നിനോട് എങ്ങിനെ പറയുമെന്ന് വിചാരിച്ചിട്ടാണ്. സത്യത്തിൽ ഇതൊക്കെയുണ്ട്. പക്ഷേ നമ്മൾ പുരോഗമനവാദികൾക്ക് ഇതൊന്നും പുറത്ത് പരസ്യമായി പറയാൻ പാടില്ലല്ലോ! പ്രേതത്തെക്കുറിച്ച് ഒരു തമാശ പറയുമ്പോഴും വളരെ സൂക്ഷിക്കണമെന്ന ‘യുക്തിപാഠം' അങ്ങിനെയാണ് ഞാൻ പഠിച്ചത്. എന്തിന് കഴിഞ്ഞ ദിവസം മലയാളത്തിന്റെ അഭിമാനമായ ഖാദർഭായിയുടെ പു.ക.സ സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണത്തിൽ, ഒരു സംഗീത പ്രതിഭ ഖാദർഭായിയുമായുള്ള സൗഹൃദം അടയാളപ്പെടുത്താൻ, സ്വാഭാവികമായെന്നോണം ഏതോ മുജ്ജന്മബന്ധത്തെ ഓർത്തു. അതിലത്ര പ്രശ്‌നമൊന്നുമില്ല. എന്നാൽ നമ്മൾ പുരോഗമനവാദികൾക്ക് അങ്ങിനെയൊന്നും പറയാൻ പാടില്ലല്ലോ എന്നുകൂടി അവർ അതോടൊപ്പം പറഞ്ഞു!

സൂചിപ്പിക്കുന്നത് അത്യന്തം കുഴപ്പംപിടിച്ചൊരു വഴിയിലൂടെ നടക്കാൻ ‘ശിക്ഷിക്കപ്പെട്ട'വരാണ് സ്വതന്ത്രചിന്തകർ എന്നാണ്. 13 എന്ന അക്കം അപകടമാണെങ്കിൽ, 26 ഇരട്ടി അപകടമല്ലേ എന്ന് റസ്സൽ ചോദിച്ചതിന്റെ യുക്തികൃത്യം മനസ്സിലായാലും, മുറിക്ക് നമ്പറിടുമ്പോൾ ‘പതിമൂന്ന്' ഒഴിവാക്കും, എന്നാൽ ‘ഇരുപത്തിയാറ്' ഒഴിവാക്കുകയും ചെയ്യില്ല. അത്ര കൃത്യമാണ്, കാര്യം മനസ്സിലായിട്ടും പലരുടെയും യുക്തിബോധം. ബോധമനസ്സിന്റെ യുക്തിപൂർവ്വമായ തീരുമാനങ്ങളെ അട്ടിമറിക്കുംവിധമുള്ള, അബോധമനസ്സിന്റെ അയുക്തിക അടിയൊഴുക്കുകളെ പ്രതിരോധിക്കണമെങ്കിൽ നിരന്തര പ്രയത്‌നം ആവശ്യമുണ്ട്. അത്തരമൊരു ധീരപ്രതിരോധത്തിന്റെ ജ്വലിക്കുന്ന, മലയാള മാതൃകകളിൽ ഇന്നും, ഈ എൺപതാം വയസ്സിലും ഇടർച്ചയില്ലാതെ മുന്നിൽ നിൽക്കുന്നു, മുന്നിട്ടു നിൽക്കുന്നു യു കലാനാഥൻ.

ജീവിതത്തിൽ പുലർത്തുന്ന വല്ലാത്തൊരു മിതത്വമാണ് മാഷെ പല പൊതുപ്രവർത്തകരിൽനിന്നും വേറിട്ടു നിർത്തുന്നത്. നിൽപ്പിലും നടപ്പിലും നൃത്തം വെക്കുന്ന ആ ‘മിതത്വത്തിനു' മുമ്പിൽ പലതവണ ഞാൻ വിസ്മയപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ഞങ്ങൾ ഒന്നിച്ച് ഫോർട്ട്‌കൊച്ചിയിൽ ഒന്നിച്ചൊരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്തു. കാറിലാണ് യാത്ര. പ്രഭാഷണം കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ കാറിന്നുള്ള പണം ഒരു കവറിൽ എന്നെ ഏൽപിച്ചു. മാഷ്‌ക്കും ഒരു കവറ് കൊടുക്കാൻ സംഘാടകർ ശ്രമിച്ചു. മാഷ് വാങ്ങാൻ മടിച്ചു. കാരണം, കാറിനുള്ള പണം എന്നെ ഏൽപിച്ചല്ലോ, പക്ഷേ സംഘാടകർ വിട്ടില്ല. ഒടുവിൽ ഞാനും നിർബ്ബന്ധിച്ചു. മാഷ് മനസ്സില്ലാ മനസ്സോടെ വഴങ്ങി. പുലർച്ചയായിക്കാണും ഞങ്ങൾ വീട്ടിലെത്താൻ. മാഷെ വള്ളിക്കുന്നിൽ ഇറക്കി, ഞാൻ വിട്ടിലെത്തുമ്പോൾ, നേരം പുലർന്നിട്ടില്ല, മാഷിന്റെ ആദ്യഫോൺ; ‘എന്റിഷ്ടാ എത്ര പൈസയാ ഇവർ തന്നിരിക്കുന്നത്, എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് പ്രഭാഷണയാത്രക്ക് ഇത്രയും പണം കിട്ടുന്നത്.' ഞാൻ മാഷെ സമാധാനിപ്പിച്ചു; അതൊന്നും സാരമാക്കണ്ട. ‘പുസ്തകം വാങ്ങാമല്ലോ'. മാസങ്ങൾ കഴിഞ്ഞ് കണ്ടുമുട്ടിയപ്പോഴും സംഭാഷണത്തിന്നിടയിൽ മാഷ് ഫോർട്ട്‌കൊച്ചി അനുഭവം ഓർമിപ്പിച്ചു.

ഞാൻ കാണുന്ന കാലം മുതൽ മാഷ് പങ്കുവെച്ച അതേ വീറും വാശിയും കൃത്യതയും ഇന്നും അതേ തീവ്രതയിൽ തുടരുന്നു. സംവാദങ്ങളിൽ കത്തിക്കയറുമ്പോഴും, സൗഹൃദത്തിന്റെ അതിർത്തി തകർക്കില്ല. വ്യക്തികളോടല്ല, ആശയങ്ങളോടും നിലപാടുകളോടുമാണ് മാഷിന്റെ എതിരിടൽ. അതുകൊണ്ടാണ്, വള്ളിക്കുന്നിലെ മുഴുവൻ മനുഷ്യരേയും ജാതിമത വിശ്വാസഭേദമന്യേ വികസന പ്രവർത്തനങ്ങളിൽ ഐക്യപ്പെടുത്താൻ കഴിഞ്ഞത്. ‘ആരാധ്യനായ ബിഷപ്പ്, ധ്യാനവും പഠനവും ചിന്തയുമായാണ് ഞാൻ ഇത്രയും കാലം ജീവിച്ചത്. അൾത്താരയുടെ തുണി ഞാൻ വലിച്ചുകീറി, പക്ഷേ അത് രാജ്യത്തിന്റെ മുറിവുകളിൽ കെട്ടാനായിരുന്നു. എന്നോട് എന്ത് ചോദിക്കാനാണ് നിങ്ങൾ വന്നിരിക്കുന്നത്....' വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങളിലെ' ‘ജി' എന്ന നിരീശ്വരവാദിയായ പ്രക്ഷോഭകാരി ബിഷപ്പിനോട് പറഞ്ഞ ആശയത്തിന്റെ, അടുത്താണ് കലാനാഥൻ മാഷും നിൽക്കുന്നത്. അദ്ദേഹത്തിന്റെ യുക്തിവാദത്തിൽ അനിവാര്യമായും യുക്തിവാദസഹജമായ ‘ശാഠ്യ'ങ്ങൾ ഉണ്ട്. പക്ഷേ അതിനൊക്കെയപ്പുറം അതിലെന്നും മുഴങ്ങിയത്, മുഴങ്ങുന്നത് മനുഷ്യത്വത്തിന്റെ ശബ്ദമാണ്.കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments