ഈയടുത്ത് കേരളത്തെ "ഞെട്ടിച്ച' ഇലന്തൂർ വീട്ടിലേയ്ക്ക് അണമുറിയാതെത്തിയ ജനപ്രവാഹം എന്ത് കാണാൻ പോയതാണെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ഒരു മരണവീട്ടിൽ അല്ലെങ്കിൽ കൊലപാതകം നടന്ന വീട്ടിൽ ദിവസങ്ങളോളം എന്താണ് കാണാനുള്ളതെന്ന് അത്ഭുതം തോന്നി. നവോത്ഥാനം നടന്നെന്ന് പറയപ്പെടുന്ന നാട്ടിൽ ഇത്തരം കാഴ്ചകാണലുകൾക്ക് ഇടമുണ്ടോ? "ഇത്ര ചീപ്പാണോ ആർട്ടിസ്റ്റ് ബേബി...' എന്ന സിനിമാ സംഭാഷണശകലം അറിയാതെയോർത്തുപോവുകയാണ്.
അല്ല, നമ്മൾ പേരുകേട്ട നവോത്ഥാനക്കാരാണല്ലോ! വാർത്തയ്ക്കപ്പുറം പിന്നാമ്പുറക്കഥകൾ അറിയാനുള്ള ജിജ്ഞാസ, അരുംകൊല നടന്ന വീടുകാണാനുള്ള മനോരോഗാവസ്ഥയോളം പോന്ന ത്വര, ഈ ത്വരയെ വാണിജ്യവൽക്കരിക്കൽ, ഇതിനെയെല്ലാം വെറും കൗതുകമെന്ന് സാമാന്യവത്ക്കരിക്കുന്ന ദൃശ്യമാധ്യമനീതിബോധം! ഇതിനെയൊക്കെ മനുഷ്യസഹജമെന്ന് പറഞ്ഞൊഴിയാമെങ്കിലും, ഒരുപരിധിക്കപ്പുറം പോയാൽ ഇതെല്ലാം അരോചകവും പിന്തിരിപ്പനുമായിത്തീരും. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങളെ വിശകലനം ചെയ്യുന്നത് നല്ലതാണ്. ഇതൊക്കെ നവോത്ഥാനത്തിന്റെ സ്പെക്ട്രത്തിനുള്ളിൽ വരുന്ന കാര്യങ്ങൾ തന്നെയാണോ? അതോ സമൂഹത്തിൽ പെരുകിവരുന്ന കാടത്തത്തിന്റെ പ്രതിഫലനങ്ങളോ?
മനുഷ്യമനസ്സിനെ അപഗ്രഥിച്ചാൽ ഇലന്തൂർവീടിന്റെ അകത്തളത്തിലെയും പുറത്തെയും മാനസികാവസ്ഥകൾ ഒന്നുതന്നെയല്ലേ എന്ന് തോന്നിപ്പോകും. ഭക്തിയോടും വിശ്വാസങ്ങളോടും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും കാടത്തങ്ങളോടുമുള്ള മനുഷ്യന്റെ പാറപോലുറച്ച വിധേയത്വം. ഇതിന്റെയെല്ലാം കൂടെ "ഈസി മണി'യോടുള്ള ആസക്തി. എന്നുവെച്ചാൽ കുറുക്കുവഴിയിലൂടെയുള്ള ധനസമ്പാദനമോഹം. ഇതിൽ നിന്നൊക്കെയാണ് ഇക്കണ്ട അരാചകത്വങ്ങളെല്ലാം ഉരുവംകൊള്ളുന്നത്. ധാരാളം വാർത്താചാനലുകളുള്ള നാട്ടിൽ, എത്ര കിട്ടിയാലും മതിയാവാതെ വിശന്നുവലഞ്ഞ് റേഡിയോ ഫ്രീക്വൻസികൾ അന്തരീക്ഷത്തിൽ, "അറുകൊല'കളായലയുന്ന കേരളത്തിൽ രാത്രിയിരുട്ടിയാൽ നാടകീയസംഭാഷണങ്ങളിൽ ചാലിച്ച്, പ്ലോട്ടുകളും സബ്പ്ലോട്ടുകളും ബാക്ക്ഗ്രൗണ്ട് സ്‌കോറുമിട്ട് വരുന്ന അപസർപ്പക സ്റ്റോറികൾ, കാണാൻ അറയ്ക്കുമെങ്കിലും അവ സമൂഹത്തിന്റെ നേർക്കാഴ്ചകളാണ്! കേരളവും കേരളേതര സമൂഹങ്ങളും തമ്മിൽ വ്യത്യസ്തരാകുന്നത് ഇതിൽ മാത്രമാണ്. കേരളത്തിൽ സമൂഹത്തിന്റെ ഇരുണ്ടവശം അനാവൃതമാക്കപ്പെടുന്നുണ്ട് എന്നിടത്ത്, അല്ലാതെ മനുഷ്യമനസ്സിലെ ഇരുൾ ഇല്ലാതെയായിട്ടല്ല നവോത്ഥാനവും പേരിനുള്ള സാക്ഷരതയും സ്വയംവെളിവാകുന്നത്!
ഈ പരിണാമത്തെക്കുറിച്ച് അവലോകനം ചെയ്യുന്നത് പോയിട്ട് തിരിച്ചറിയുകയെങ്കിലും ചെയ്യുന്നുണ്ടോ എന്നാണ് സംശയം. ഒരു ചാനലിന്റെ ഫീൽഡ് റിപ്പോർട്ടർ മറ്റേതോ ജില്ലയിൽനിന്നെത്തിയ സന്ദർശകനോട് ഒരു ചരിത്രാന്വേഷണകുതുകിയോടെന്നപോലെ ഗൗരവതരമായും ആത്മാർത്ഥമായും ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചാനലുകാരന്റെ മുഖത്തെ ചിരിയുടെ അഭാവം, മരണവീട് കാണാനെത്തിയവനോട് തോന്നുന്ന അതേ സഹതാപം ചോദ്യകർത്താവിനോടും തോന്നിപ്പോകാൻ കാരണമാവുകയാണ്. അൻപത് രൂപയ്ക്ക് ഹോം ടൂർ ഒരുക്കുന്ന ഓട്ടോക്കാരനെ കുറ്റപറയാൻ കഴിയില്ലെന്ന് സാരം.
നരബലിയെന്ന് കേട്ട് ഞെട്ടുന്ന കേരളത്തിൽ, കാറിന് മുന്നിൽ പച്ചമുളകും നാരങ്ങയുമുണ്ടാവും, അകത്തെ ഡാഷ്ബോർഡിൽ ഒരു ഈശ്വരബിംബം നിർബന്ധം. സാഹചര്യങ്ങൾക്കനുസരിച്ച് അത് കുരിശോ, കൊന്തയോ, മെക്കയുടെ പടമോ, ചന്ദ്രക്കലയോ, രുദ്രാക്ഷമോ ഒക്കെയാവാം. ഇതേ കേരളം ചില ദിവസങ്ങളിൽ മരണവീട്ടിൽ പോകില്ല, കുഞ്ഞിനെ കാണാൻ പോകില്ല, ചില നേരത്തും ചില ദിവസങ്ങളിലും കാശ് കടം കൊടുക്കില്ല, മാംസാഹാരം കയ്യിൽകൊടുക്കില്ല, സന്ധ്യയ്ക്ക് പടിക്കൽനിന്ന് സംസാരിക്കില്ല, കറുത്ത പൂച്ചയ്ക്ക് സഞ്ചാരസ്വാതന്ത്ര്യം കൊടുക്കില്ല, ആർത്തവത്തിലിരിക്കുന്ന സ്ത്രീകളെ അടുക്കളയിൽ പ്രവേശിപ്പിക്കില്ല, ചോയ്‌സെന്ന ഓമനപ്പേരിട്ട് ഹിജാബിനുള്ളിൽ ഒളിച്ചിരിക്കും, ക്ഷേത്രദർശനത്തിന് മലകയറാനാകാതെ പ്രായമാകുംവരെ കാത്തിരിക്കും, എന്നിട്ടതിൽ ഊറ്റംകൊള്ളും, അതിനുവേണ്ടി ജപസമരങ്ങൾ നടത്തും, ശപിക്കും, തേങ്ങയുടയ്ക്കും, നാരങ്ങാവെച്ച് കയറ്റിയിറക്കി പുതിയവണ്ടിയ്ക്ക് ശാപമോക്ഷം കൊടുക്കും, ഉറുക്ക് കെട്ടും, ചരടുകെട്ടും... അങ്ങനെയങ്ങനെ എന്തെല്ലാം! "അന്തമില്ലാത്തത്രഞെട്ടി കേരളം' എന്നൊക്കെ വെണ്ടയ്ക്കയിൽ തലക്കെട്ടിടുന്നതും ന്യൂസ് അവറുകളിൽ രോഷംകൊള്ളുന്നതും തീർത്തും അപഹാസ്യകരമാവുന്നത് ഇതിനാലാണ്. നിത്യമെന്നോണം ഈ മൂഢാന്ധതയിൽ മുഴുകി രമിക്കുന്ന കേരളം ഇതേ ചിന്താഗതിക്കാരായ മൂന്നുപേർ ഇതേ മൂഢാന്ധതയിൽ അല്പം കടന്നുപ്രവർത്തിച്ചതിന് ഞെട്ടുമ്പോൾ തങ്ങൾ തങ്ങളെത്തന്നെ നോക്കി ഞെട്ടുന്നു എന്ന് തിരിച്ചറിയുന്നില്ല!
സോഷ്യൽ മീഡിയ ഭക്തി
മുൻപൊക്കെ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കാൻ പഴഞ്ചൻ മാർഗ്ഗങ്ങളായിരുന്നു മനുഷ്യർ സ്വീകരിച്ചിരുന്നത്. ഇപ്പൊ കാലം മാറി. ഇഷ്ടദൈവങ്ങളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രൊഫൈൽ ഫോട്ടോ ആക്കുകയോ വാട്ട്സാപ്പിൽ ഡി.പി ഇടുകയോ ചെയ്യാം. അതുമല്ലെങ്കിൽ ഫേസ്ബുക്കിൽ സ്റ്റോറിയായോ വാട്ട്സാപ്പിൽ സ്റ്റാറ്റസായോ ഇടാവുന്നതുമാണ്. ഇൻസ്റ്റാഗ്രാമിൽ എന്തുകൊണ്ടോ ഇതുവരെ ഇങ്ങനൊരവസ്ഥ ഉണ്ടായിട്ടില്ല. അവിടെയും ഈ പ്രോപ്പഗാണ്ടകളെത്തുന്നകാലം വിദൂരമല്ല. ചിലപ്പോൾ "തലമുറ-വ്യത്യാസം' കൊണ്ടുമാവാം. ഫേസ്ബുക് ഉപയോക്താക്കളുടെ ശരാശരി പ്രായത്തിൽനിന്നും വളരെ കുറവായിരിക്കും ചിലപ്പോൾ ഇൻസ്റ്റാഗ്രാമിലേത്. അതൊരു വലിയവ്യത്യാസം തന്നെയാണ്. ഈ പ്രായ-ഗണത്തിൽ പെട്ടവർ ജാതിമത വിശ്വാസ, അന്ധവിശ്വാസച്ചുഴികളിൽ പെട്ടുപോയവരല്ല എന്നല്ല അതിനർത്ഥം. എല്ലാ പ്രായത്തിലുള്ളവരും കേരളത്തിന്റെ പൊതുസ്വഭാവത്തിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യുന്നവർതന്നെയാണ്. പക്ഷേ ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ ചില പ്ലാറ്റ്‌ഫോമുകൾ പ്രത്യേകവിഷയങ്ങളിലേയ്ക്ക് മാത്രമായി ഒതുങ്ങിനിൽക്കുന്നു.
പുതിയ തലമുറ ഇൻസ്റ്റഗ്രാമിനെ ഫാഷൻ, ഡേറ്റിംഗ്, യാത്ര, ഭക്ഷണം, സിനിമ, സംഗീതം, കല, സാഹിത്യം എന്നീ കാര്യങ്ങൾക്കുമാത്രമേ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നുള്ളൂ എന്നു കാണാം. സാഹിത്യത്തെക്കുറിച്ച് പറയുമ്പോൾ അത് വളരെ ചെറിയൊരു ശതമാനം മാത്രമാണെന്നും പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ഇൻസ്റ്റഗ്രാം പ്രായ-ശരാശരി കുറവാണെന്ന് പറഞ്ഞാൽ കൂടുതലും കൗമാരക്കാരും പുതുയൗവ്വനക്കാരും ആണെന്നാണ്. മുതിർന്നവർ ഇല്ലെന്നല്ല, ധാരാളമുണ്ട്. പക്ഷേ, ഇവരെല്ലാംതന്നെ പിന്തിരിപ്പൻ ആശയങ്ങളെയും ചിന്തകളെയും പടിക്കുപുറത്തുനിർത്തിയവരാണ്. എന്നാലിവിടം കാപട്യങ്ങളില്ലാത്തിടവുമല്ല! അത് മറ്റൊരു വലിയ വിഷയംതന്നെയാണ്.
വിശ്വാസത്തിനും അന്ധവിശ്വാസത്തിനുമിടയിലും ആചാരത്തിനും അനാചാരത്തിനുമിടയിലും വളരെ നേർത്തതും അതിസൂക്ഷ്മവുമായ അതിർവരമ്പുകളാണുള്ളത്. പലപ്പോഴും ആ വ്യത്യാസം തിരിച്ചറിയാൻ പോലും കഴിയാത്തവിധം പല അന്ധവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളിൽ വേരൂന്നിയിരിക്കുകയാണ്! ഒന്നിന്റെയും യുക്തിഭദ്രതനോക്കാൻ നമ്മൾ തയ്യാറേയല്ല. ഒരുതരത്തിലുള്ള സാമൂഹികപരിഷ്‌കരണവും, ഒരളവിലുള്ള കമ്യൂണിസവും, ഇത്രയേറെ വിദ്യാഭ്യാസവും, ലോകപരിചയവും പൊതുസമ്പർക്കങ്ങളും ഒന്നും തന്നെ നമ്മളെ അതിന് പ്രാപ്തരാക്കിയില്ല എന്നുള്ളതാണ് സത്യം! അല്ലെങ്കിൽ ഈ പരിഷ്‌കരണങ്ങൾ ചെറിയൊരു വിഭാഗം ആൾക്കാരിലേയ്ക്ക് മാത്രമായൊതുങ്ങുകയും, പൊതുവിൽ ഉപരിപ്ലവമായി നിൽക്കുകയും ചെയ്തു. ഒരുപക്ഷേ കേരളത്തിൽ സാമൂഹികപരിഷ്‌കരണത്തിന്റെ ചെറിയൊരു കാലഘട്ടം ഉണ്ടായതുകൊണ്ട് നമ്മുടെ സാംസ്‌കാരികശിഥിലീകരണം ഒരല്പം വൈകിയെത്തി എന്നുമാത്രമേയുള്ളൂ. ചില അവതാരപ്പിറവികളെപ്പറ്റി പറയുംപോലെ, ഒരല്പം വൈകിയാലും വരും വന്നിരിക്കുക തന്നെ ചെയ്യും!
അനാചാരങ്ങളെ സാധൂകരിച്ചും മിത്തുകളുടെ ശാസ്ത്രീയവശങ്ങൾ കണ്ടെത്താൻ ശ്രമിച്ചും പുരാണേതിഹാസങ്ങളെ ആവശ്യത്തിലേറെ മഹത്വവൽക്കരിച്ച് റീലോഞ്ച് ചെയ്തും നമ്മളീ കാലഘട്ടത്തെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കുകയാണ്. സ്വന്തം അസ്തിത്വത്തെ മതത്തിന്റെയോ ആചാരങ്ങളുടെയോ മേൽവിലാസത്തിലേയ്ക്ക് മാത്രമൊതുക്കിക്കൊണ്ട് നമ്മൾ ഈ പതനത്തിന് വേഗതകൂട്ടുകയുമാണ്. സോഷ്യൽ മീഡിയ അതിനൊരു ടൂൾ മാത്രമാണെങ്കിലും, അതൊരു ശക്തമായ മാധ്യമമാണ്. ആശയപ്രചരണത്തിനെടുക്കുന്ന വേഗത, വ്യാപ്തി എന്നിവയോടൊപ്പം ഈ മാധ്യമങ്ങൾ നൽകുന്ന സ്വകാര്യതയും നിഗൂഢതയും നിയമത്തിന്റെ കണ്ണികളിൽ പെട്ടുപോകാതെ അതിനതീതരായിരിക്കാൻ ഉപയോക്താക്കളെ സഹായിക്കും എന്നുള്ളത് വളരെപ്രധാനപ്പെട്ട ഒരുവസ്തുതയാണ്. പൊലീസിങ്ങിനും സൈബർസെല്ലിനും ചെന്നെത്താൻകഴിയുന്നതിന് പരിധികളും പരിമിതികളുമുണ്ട്.
വിശ്വാസം പ്രത്യക്ഷമാകണോ?
അന്ധവിശ്വാസങ്ങളെപ്പറ്റിയുള്ള ചർച്ചകൾ പലപ്പോഴുമെത്തി നിൽക്കുന്നത് വിശ്വാസങ്ങളുടെ പടിക്കലാണ്. വിശ്വാസത്തിന്റെ അതിർവരമ്പന്വേഷിച്ചുള്ള യാത്ര ഇതുവരെയും എവിടെയും അവസാനിച്ചിട്ടില്ലല്ലോ. നേർത്ത് നേർത്ത് തമ്മിലലിഞ്ഞുചേർന്ന് "ഒന്നായനിന്നെയിഹ' രണ്ടായിക്കണ്ടല്ലോ എന്നൊരിണ്ടൽ മനുഷ്യർക്കുണ്ടാവുന്ന വിധം ഒഴുകുന്ന ആ ഒഴുക്കിലെവിടെയോ ആണ് ആ വിശവിഖ്യാതമായ അതിർവരമ്പ്. നഗ്നനേത്രങ്ങൾകൊണ്ടോ ഗൂഗിൾ ടൂളുകൾ കൊണ്ടോ അതിനെ മാപ് ചെയ്യുക സാധ്യമല്ല. യുക്തിഭ്രദ്രമായ ചിന്ത കൊണ്ടേ അതിനെ അടയാളപ്പെടുത്താൻ സാധിക്കൂ. അതിന് വെറും ബിരുദങ്ങൾ മാത്രം പോരാതെയും വരും.
എന്നിരിക്കിലും അനാചാരങ്ങളെപറ്റിയുള്ള ചർച്ചകളെ മതങ്ങളിലും വിശ്വാസങ്ങളിലും മതേതരത്വത്തിലും ഒടുവിൽ ഭരണഘടനയിലും കൊണ്ടുപോയിക്കെട്ടാൻ നമ്മുടെ ന്യായവാദക്കാർക്ക് സാധിക്കുന്നു. ഭരണഘടനയിൽ ഒരു വ്യക്തിയ്ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാൻ സ്വന്തന്ത്ര്യമുണ്ടെന്ന് പറയുന്നുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും വിശ്വാസപ്രമാണങ്ങൾ ആചരിക്കുവാനുമുള്ള സ്വാതന്ത്യ്രവും അനുവദിച്ചിട്ടുണ്ട്. മതേതര റിപ്പബ്ലിക്ക് എന്ന് കൊട്ടിഘോഷിക്കപ്പെടുന്നു! പിന്നെന്താ പ്രശ്നം?ആർക്കാണ് പ്രശ്നം?
ഈ മറുചോദ്യങ്ങൾകൊണ്ട് ചർച്ചകളുടെ വാമൂടിക്കെട്ടുമ്പോൾ നമ്മളും ചോദിച്ചുപോകും, ശരിയാണ് ആർക്കെന്താണ് പ്രശ്നം? പക്ഷേ നമ്മൾ മനപ്പൂർവ്വം അവഗണിക്കുന്ന ചില കാര്യങ്ങളുണ്ട്, മിക്കപ്പോഴും അവിടെയായിരിക്കും പ്രശ്നത്തിന്റെ പരിഹാരമുള്ളത്. ഭരണഘടനയിലും അങ്ങനെ തന്നെ. മതം ആചരിക്കാനുള്ള സ്വാതന്ത്യ്രം ഉറപ്പുതരുന്നത്, അത് സമാധാനപരമായ സാമൂഹികവ്യവസ്ഥ, ധാർമ്മികത, സാമൂഹികസ്വാസ്ഥ്യം എന്നിവയെ ഹനിക്കുന്ന താരത്തിലാവില്ല എന്ന ഉറപ്പിൻമേലാണ്. എന്നാൽ ഇന്നത്തെ വിശ്വാസസംരക്ഷണബോധം അതിന്റെ നൈസർഗ്ഗികമായ സമാധാനാന്തരീക്ഷം വിട്ട് വല്ലാത്ത മാത്സര്യത്തിലേയ്ക്കും ആക്രമണോൽസുകതയിലേയ്ക്കും വഴിമാറിപ്പോയിരിക്കുകയാണ്. യുക്തി മരുന്നിനുപോലുമില്ലാത്ത അവസ്ഥ. അതുകൊണ്ടുതന്നെയാണ് വിശ്വാസങ്ങളിലെ ആ അതിർവരമ്പുകൾ കണ്ണിൽപ്പെടാതെ പോകുന്നതും. അവ അന്ധവിശ്വാസങ്ങളിലേക്കുകൂടി കാടുകയറിപ്പോകുന്നതും. വിശ്വാസങ്ങൾ പ്രകടനാത്മകവും വെറും പ്രഹസനവുമായി അധഃപതിച്ചു എന്നുമാത്രമല്ല അത് വല്ലാത്ത ധാർഷ്ട്യത്തോടെ പ്രകടിപ്പിക്കുന്ന തരത്തിലേക്ക് സാമൂഹികചിന്ത കൂപ്പുകുത്തുകയും ചെയ്തു. മതം സ്വകാര്യതയായിരിക്കണമെന്ന് ഇന്ന് സമൂഹം കരുതുന്നില്ല. ചരിത്രത്തിലെപ്പോഴെങ്കിലും അത് പൂർണ്ണമായും അങ്ങനെയായിരുന്നു എന്നല്ല, മറിച്ച് നവോത്ഥാനന്തരമെങ്കിലും ഇത്ര ഭീക്ഷണിസ്വരം അതിനുണ്ടായിരുന്നില്ല.
കേരളം എന്നുപിറക്കും?
മതേതരത്വമെന്നാൽ വിശ്വാസങ്ങളെയും ആചാരങ്ങളെയും മറയില്ലാതെ പ്രകടിപ്പിക്കാനുള്ള ഒരു ലൈസൻസ് എന്നുമാത്രമായി നമ്മൾ താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. എന്നാൽ ഒരാൾക്കൂട്ടത്തിൽ നിന്ന് പത്തുപേരെയെടുത്താൽ അവരിലോരോരുത്തരും ഏത് മതത്തിൽനിന്നും വരുന്നു എന്ന് തിരിച്ചറിയാനാവാത്തവിധം നമ്മൾ ഐക്യപ്പെട്ടിരുന്നെങ്കിൽ, അടയാളങ്ങളെ മായ്ച്ചുകളഞ്ഞിരുന്നെങ്കിൽ, അത്രയോളം നമ്മൾ വിശാല മനസ്‌കരായിരുന്നെങ്കിൽ മതേതരത്വം ഒരുപക്ഷേ സമ്പൂർണ്ണമായേനെ!
പക്ഷേ ഇന്ന് മനുഷ്യർ മതങ്ങൾക്ക് വേണ്ടി പോരാടുകയും "അഹമഹമിഹയാ' എന്ന് കവിപാടിയപോലെ ഒന്നൊന്നായിച്ചെന്ന് ആ തീയിൽ വീണുമരിക്കുകയുമാണ്! മനുഷ്യന്റെ അസ്തിത്വം മതമായിത്തീരുന്ന ദുരവസ്ഥയിൽ യുക്തിയ്ക്ക് ഇടവും പ്രസക്തിയും പൂർണ്ണമായും നഷ്ടമാകുമ്പോൾ നമുക്കിടയിലേയ്ക്ക് കാടത്തങ്ങളും അന്ധവിശ്വാസങ്ങളും പതിയെപ്പതിയെ വേരാഴ്ത്തി പിഴുതുകളയാനാവാത്തവിധം പടർന്നുപന്തലിക്കുകയാണ്! ഈയവസ്ഥയിൽ മനുഷ്യൻ മനുഷ്യനെ ബലികൊടുത്തെന്ന് കേട്ട് ഞെട്ടുന്നതിന്റെ യുക്തി തീരെപിടികിട്ടുന്നില്ല.
അന്ധവിശ്വാസങ്ങളോടൊപ്പം വിശ്വാസപ്രകടനങ്ങളെയും കൂടി ഉന്മൂലനം ചെയ്യാൻ ഒരുചെറുവിരൽപോലുമനക്കാത്ത പക്ഷം ഞെട്ടലുകളിൽ സാംഗത്യമില്ല! വൈവിധ്യം മനുഷ്യരാശിയുടെ അടിസ്ഥാന ലക്ഷണമാണല്ലോ. അതുകൊണ്ട് മനുഷ്യരിലും അവരുടെ ആശയങ്ങളിലും ചിന്താധാരകളിലുമുള്ള വൈവിധ്യം പൂർണ്ണമായും ഒഴിവാക്കുക സാധ്യമല്ല. എങ്കിലും പിന്തിരിപ്പൻ ആശയങ്ങളും, പ്രതിലോമചിന്തകളും, വീക്ഷണഗതികളും മറ്റും അശക്തവും അപ്രസക്തവുമായ ഒരു ന്യൂനപക്ഷം മാത്രമായി നിലനിൽക്കുന്നു എന്ന് ഉറപ്പുവരുത്താനെങ്കിലും നമുക്ക് കഴിയണം. അറിവിലും പുരോഗതിയിലും വ്യക്തിവികാസത്തിലുമൂന്നിയ അസ്തിത്വചിന്ത ഉടലെടുത്ത് നാം യഥാർഥ മതനിരപേക്ഷരായിത്തീരാതെ കേരളം ശരിയായ അർത്ഥത്തിൽ പിറവിയെടുക്കില്ല. അത് ഭ്രൂണാവസ്ഥയിൽ തന്നെ തുടരും...
ഈ ബൃഹത്തായ സ്വപ്നം സാക്ഷാത്ക്കരിക്കാൻ അന്ധവിശ്വാസത്തിനെതിരായ നിയമനിർമ്മാണം മാത്രം പോര. മനുഷ്യമനസ്സിന്റെ ഉറവിടം എവിടെയാണോ, അവിടെ നിന്ന് മാറ്റത്തിന്റെ ഒരു ചെറിയ തിര അലതല്ലിത്തുടങ്ങണം. ചിന്തയുടെ വേരറ്റത്തെ ആദ്യബിന്ദുവിൽ നിന്ന് ആ ആശയം വെളിച്ചം വീശിത്തുടങ്ങണം.
അങ്ങനെയൊരു കേരളം പിറക്കുന്ന നാളേയ്ക്കായി നമുക്ക് കാത്തിരിക്കാം, പ്രത്യാശിക്കാം...