Photo: Sreegeeth Sree

നിയമലംഘനത്തിന്റെ
തിടമ്പേറ്റിയ ഉത്സവ മാഫിയ

കേരളമൊട്ടാകെയുള്ള ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം ആരാധനാലയങ്ങളുടെ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും നടത്തിപ്പുകാരായ ഉത്സവ മാഫിയ നടത്തുന്ന കടുത്ത നിയമലംഘനങ്ങളെക്കുറിച്ച് എഴുതുന്നു, ഈ വിഷയങ്ങളിൽ നിരന്തര നിയമപോരാട്ടം നടത്തുന്ന വി.കെ. വെങ്കിടാചലം.

ന എഴുന്നള്ളിപ്പിനായി ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കർശന മാർഗനിർദേശങ്ങൾ, ഏറെ കാലത്തെ നിയമപോരാട്ടങ്ങളുടെ ഫല​​ശ്രുതി കൂടിയാണ്. നിയമം കർശനമാക്കാതെ രക്ഷയില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഹൈക്കോടതിക്ക് നിരോധനത്തിന് തുല്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നത്.

ഹൈക്കോടതി ഇടപെടൽ, ആനയെഴുന്നള്ളിപ്പിന്റെ മറവിൽ പ്രവർത്തിക്കുന്ന ഉത്സവ മാഫിയയെ തുറന്നുകാട്ടുന്ന ഒന്നു കൂടിയാണ്. കേരളമൊട്ടാകെയുള്ള ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം ആരാധനാലയങ്ങളിലെ ഉത്സവങ്ങളും ആഘോഷങ്ങളുമായി ബന്ധപ്പെട്ടവർ അടങ്ങുന്നതാണ് ഈ ഉത്സവ മാഫിയ. ആരാധനാലയത്തിന്റെ പണമെടുത്തിട്ടല്ല ആന എഴുന്നള്ളിപ്പ് നടത്തുന്നത്. വിശ്വാസികൾ നൽകുന്ന പണം മാറ്റിവച്ച് ആന എഴുന്നള്ളിപ്പിനായി ഭീകര പിരിവ് നടത്താൻ ആദ്യമായി ഒരു ഉത്സവക്കമ്മിറ്റിയുണ്ടാക്കും. അതാതു സമയത്ത് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികളുടെ പ്രതിനിധികളായിരിക്കും ഈ കമ്മിറ്റിയെ നിയന്ത്രിക്കുക.

ട്രസ്റ്റുകളോ വ്യക്തികളോ നിശ്ചിത തുകയിൽ കൂടുതൽ പിരിക്കുന്ന പണം ചെക്കായി വാങ്ങണമെന്നുണ്ട്. എന്നാൽ, ഉത്സവക്കമ്മിറ്റി സംഭാവന പണമായാണ് വാങ്ങുക.
ആനകളെ എത്തിക്കുന്നവർക്കും ചമയങ്ങൾ നൽകുന്നവർക്കും പാപ്പാന്മാരുടെ സംഘങ്ങൾക്കും ആന​കളെ കടത്താൻ വണ്ടിസൗകര്യം ഏർപ്പെടുത്തുന്നവർക്കുമെല്ലാം വേണ്ടി ഈ പണം വിനിയോഗിക്കും.

സോഷ്യൽ മീഡിയ നോക്കിയാലറിയാം, ഏതൊക്കെ ആനകൾ എവിടെയൊക്കെയാണ് പോകുന്നത് എന്ന്. ആ വിവരം പുറത്തുവിടേണ്ടത് ഈ സംഘങ്ങളുടെ കൂടി ആവശ്യവുമാണ്.

15 ആനകളുള്ള ഒരു പൂരത്തിന് കമ്മിറ്റിയുണ്ടാക്കിയാൽ ചുരുങ്ങിയത് അഞ്ചു കോടി രൂപ പിരിക്കും. ആന സ്‌പോൺസർ എന്നു പറഞ്ഞ്, പണം കൊടുക്കുന്നവരുടെ പേരും പടവും ഫ്‌ളക്‌സിലും നോട്ടീസിലും പ്രദർശിപ്പിക്കും. എഴുന്നള്ളിപ്പിനായി രണ്ടു കോടി രൂപയാണ് ചെലവാക്കുക. ബാക്കി മൂന്നു കോടി രൂപ ഉത്സവക്കമ്മിറ്റിക്കാരുടെ പോക്കറ്റിലേക്കാണ് പോകുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനൊക്കെ ലക്ഷങ്ങളാണ് ഏക്കം. ഈ ആനയെ എഴുന്നള്ളിപ്പിക്കുന്നതിലേറെയും സി.പി.എം പങ്കാളിത്തമുള്ള ഉത്സവ സംഘാടകരാണ്. പോഷകസംഘടനകളുടെ ഫണ്ടാണ് ഇതിനുപയോഗിക്കുന്നത്. അത് കൊടുക്കുന്നതും വാങ്ങുന്നതും പാർട്ടി ടീം തന്നെ. ഭരിക്കുന്ന പാർട്ടികൾ സകല ഉത്സവക്കമ്മിറ്റികളിലും കയറിപ്പറ്റി പണം പിരിക്കാനുള്ള ‘അവകാശം’ നേടിയെടുത്ത്, അതിൽ ഭൂരിഭാഗം പണവും കൈക്കലാക്കാനാണ് ആനയെ ഉപയോഗപ്പെടുത്തുന്നത്.

ആനകളെ കൈകാര്യം ചെയ്യുന്ന ടീമുകൾ പൂൾ ചെയ്തുവച്ച ആനകളെ പല സ്ഥലങ്ങളിലേക്കായി എത്തിക്കും. ഇതിന് സോഷ്യൽ മീഡിയയാണ് കാര്യമായി ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ നോക്കിയാലറിയാം, ഏതൊക്കെ ആനകൾ എവിടെയൊക്കെയാണ് പോകുന്നത് എന്ന്. ആ വിവരം പുറത്തുവിടേണ്ടത് ഈ സംഘങ്ങളുടെ കൂടി ആവശ്യവുമാണ്. എന്നാൽ, വനം വകുപ്പിനോ മൃഗസംരക്ഷണവകുപ്പിനോ റവന്യൂ വകുപ്പിനോ സംസ്ഥാനത്തെ നാട്ടാനകൾ എവിടെയാണ് എന്നറിയാൻ പ്രത്യേക സംവിധാനമൊന്നുമില്ല. ആരെങ്കിലും പരാതി കൊടുത്താൽ അത് മരവിപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഈ സംഘങ്ങളുടെ കൈയിലുണ്ട്.

ആളുകൾക്ക് ആഹ്ലാദത്തോടെ കൂടിച്ചേരാവുന്ന ഒരിടത്ത് എങ്ങനെയാണ്, ഒരു കാലത്ത് സൈന്യത്തിന്റെ ഭാഗമായി ആളുകളെ കൊല്ലാനുപയോഗിച്ചിരുന്ന ആനകളെ കൊണ്ടുവരാൻ തുടങ്ങിയത്? . / photo: Anand Narayanan
ആളുകൾക്ക് ആഹ്ലാദത്തോടെ കൂടിച്ചേരാവുന്ന ഒരിടത്ത് എങ്ങനെയാണ്, ഒരു കാലത്ത് സൈന്യത്തിന്റെ ഭാഗമായി ആളുകളെ കൊല്ലാനുപയോഗിച്ചിരുന്ന ആനകളെ കൊണ്ടുവരാൻ തുടങ്ങിയത്? . / photo: Anand Narayanan

ദുഃഖം എടുത്തുമാറ്റുന്ന ഒന്നിനെയാണ് ഉത്സവം എന്ന് പറയുന്നത്. ആളുകൾക്ക് ആഹ്ലാദത്തോടെ കൂടിച്ചേരാവുന്ന ഒരിടത്ത് എങ്ങനെയാണ്, ഒരു കാലത്ത് സൈന്യത്തിന്റെ ഭാഗമായി ആളുകളെ കൊല്ലാനുപയോഗിച്ചിരുന്ന ആനകളെ കൊണ്ടുവരാൻ തുടങ്ങിയത്? ഉത്സവാഘോഷങ്ങളിൽ ആനക​ൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതിനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്.

തിരുവിതാംകൂറിലെ അവസാനത്തെ മാർത്താണ്ഡവർമയുടെ കാലത്ത് മുറജപത്തിനിടെ രാജാവ്, ഒരു നമ്പൂതിരിയെ കഴുത്തുവെട്ടി കൊന്ന സംഭവമുണ്ടായി. പണിക്കർമാർ ഇടപെട്ട് രാജാവിന് ബ്രാഹ്മണശാപമുണ്ടാകുമെന്നും അത് ഒഴിവാക്കാൻ രാജാവിന്റെ സേനയിലെ ആനകളെ ബ്രാഹ്മണർക്ക് നൽകണമെന്നും ആവശ്യപ്പെട്ടുവത്രേ. അങ്ങനെ രാജാവിന്റെ സമ്പത്തിന്റെ വലിയൊരു ഭാഗമായിരുന്ന ആനകൾ നമ്പൂതിരിമാരുടെ കൈയിലായി. അവരുമായി കച്ചവടബന്ധമുണ്ടായിരുന്ന ക്രിസ്ത്യാനികളും മുസ്‌ലിംകളും വനത്തിൽ നടത്തുന്ന തടിക്കൂപ്പിന്റെ ഭാഗമായി ആനകളെ കൈവശപ്പെടുത്തി. അങ്ങനെയാണ്, ഹിന്ദു ഇതര ആരാധനാലയങ്ങളുടെ ഭാഗമായി കൂടി ആനകൾ മാറിയതെന്നാണ് കഥ.

‘കാട്ടാന’യുടെ അതേ
അവകാശങ്ങളുള്ള ‘നാട്ടാന’

1995- 96 കാലത്താണ്, ആനകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഞാൻ ബോധവാനായത്. അക്കാലത്ത്, തിരുവില്വാമലയിലെ ഒരു ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആദ്യ വ്യാഴാഴ്ച നടക്കുന്ന നിറമാല എന്ന ചടങ്ങിന് നടക്കുന്ന മേളത്തിന്റെ പടങ്ങളെടുത്ത് അയക്കാൻ ദൽഹിയിലെ ഒരു പത്രപ്രവർത്തക സുഹൃത്ത് ആവശ്യപ്പെട്ടു. ഉത്സവത്തെക്കുറിച്ച് റിപ്പോർട്ട് തയാറാക്കാനാണ്. നിറമാലക്ക് പഞ്ചവാദ്യവും മേളവുമുണ്ടാകും, എല്ലാ മേളക്കാരും ആനക്കാരും വരും. മേളക്കാരെയും ആനകളെയും ബുക്ക് ചെയ്യാനുള്ള കേന്ദ്രമായും അങ്ങനെ ഈ ക്ഷേത്രം മാറി.
ഞാൻ ക്യാമറയും കൊണ്ട് തിരുവില്വാമല ക്ഷേത്രത്തിലെത്തി മേളക്കാരുടെയും മറ്റും പത്തുമുപ്പത് റോൾ പടമെടുത്തു. മടങ്ങാൻ നേരത്താണ്, അവിടെയെത്തിച്ച ഇരുപതോളം ആനകളെ ശ്രദ്ധയിൽ പെട്ടത്. അവയുടെ പുറകുവശത്ത് നിറയെ മുറിവുണ്ടായിരുന്നു. ഇവയെയാണ് എഴുന്നള്ളിക്കുന്നത്. പരിക്കുനിറഞ്ഞ ആനകളുടെയും പടങ്ങളെടുത്ത് മേളക്കാരുടെ പടങ്ങൾക്കൊപ്പം അയച്ചുകൊടുത്തു. എന്നാൽ, ഉപയോഗിക്കാൻ പറ്റാത്തത് എന്നു പറഞ്ഞ് ആനകളുടെ മുറിവുള്ള പടങ്ങൾ തിരിച്ചയച്ചു. പഞ്ചവാദ്യവും മേളവും മാത്രമേ ആ പത്രം റിപ്പോർട്ടു ചെയ്തുള്ളൂ. ആനയുടെ പരിക്ക് റിപ്പോർട്ട് ചെയ്യാൻ അവർക്ക് താൽപര്യമില്ലായിരുന്നു.

15 ആനകളുള്ള ഒരു പൂരത്തിന് കമ്മിറ്റിയുണ്ടാക്കിയാൽ ചുരുങ്ങിയത് അഞ്ചു കോടി രൂപ പിരിക്കും. എഴുന്നള്ളിപ്പിനായി രണ്ടു കോടി രൂപയാണ് ചെലവാക്കുക. ബാക്കി മൂന്നു കോടി രൂപ ഉത്സവക്കമ്മിറ്റിക്കാരുടെ പോക്കറ്റിലേക്കാണ് പോകുക.

ഈ പടങ്ങൾ വച്ച് രാഷ്ട്രപതി അടക്കം പലർക്കും പരാതി അയച്ചുവെങ്കിലും ഫലമുണ്ടായില്ല. 1997-ൽ വനംവകുപ്പിൽനിന്ന് അപ്രതീക്ഷിതമായി ഒരു കത്തു കിട്ടി: ആന പീഡനം സംബന്ധിച്ച് രാഷ്ട്രപതിക്ക് അയച്ച പരാതി വായിച്ചു, അത് കാര്യമായി അന്വേഷിച്ചു. നാട്ടിൽ പലരുടെയും കൈവശമുള്ള ആനകളെക്കുറിച്ചുള്ള പരാതിയാണ് നിങ്ങൾ അയച്ചത്. കാട്ടിലെ ആനകളുടെ വിഷയമായിരുന്നുവെങ്കിൽ വനംവകുപ്പിന് ഇടപെടാം, നാട്ടാനകളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് നിയമത്തിൽ പറയുന്നില്ല. അതുകൊണ്ട് സംസ്ഥാന സർക്കാറിന് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ പറ്റില്ല എന്നായിരുന്നു കത്തിൽ.

രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ പത്രങ്ങളിൽ വന്ന ഒരു വാർത്ത ശ്രദ്ധയിൽപെട്ടു. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനകളെല്ലാം Elephas maximus എന്ന വിഭാഗത്തിലാണ് പെടുന്നത്. ഇന്ത്യയിൽ കാട്ടാനയും നാട്ടാനയുമുണ്ട്. ഇവ രണ്ടും Elephas Mazimus വിഭാഗമാണ്. അതുകൊണ്ട്, കേന്ദ്ര സർക്കാർ ഉത്തരവനുസരിച്ച് കാട്ടാനകൾക്കുള്ള എല്ലാ അവകാശങ്ങളും നാട്ടാനകൾക്കുമുണ്ട്.

 മേനകഗാന്ധി
മേനകഗാന്ധി

വനംവകുപ്പിൽനിന്ന് കിട്ടിയ കത്തിലെ ഉള്ളടക്കം കേന്ദ്ര സാമൂഹികനീതി വകുപ്പ് വകുപ്പുമന്ത്രിയായിരുന്ന മേനകഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തി. കേരളത്തിലെ എല്ലാ നാട്ടാനകളുടെയും കണക്കെടുക്കാനും അതിന് ധനസഹായം നൽകാമെന്നും അവർ അറിയിച്ചു. ഇത്രയും നാട്ടാനകൾ എങ്ങനെ കേരളത്തിൽ വന്നു എന്നറിയണം, പരിക്കുള്ള ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ നിയമനടപടിയെടുക്കണം എന്നും അവർ നിർദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിന് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല.

ഓണർഷിപ്പ് ഇല്ലാത്ത
‘നാട്ടാന’കൾ

വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് ആഗോളതലത്തിലും നിരവധി നീക്കങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. 1998-99-ൽ സൈറ്റീസ് ട്രീറ്റി (The Convention on International Trade in Endangered Species of Wild Fauna and Flora- CITES) നിലവിൽവന്നു. വന്യജീവികളുടെ സംരക്ഷണവും കടത്തുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തിൽ തീരുമാനമെടുക്കുന്ന ലോബിയാണ് സൈറ്റീസ്. ആനക്കൊമ്പിന്റെ വിൽപ്പന ഏറെയും ഏഷ്യൻ രാജ്യങ്ങളിൽനിന്നാണെന്ന് അവർ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ഏഷ്യൻ രാജ്യങ്ങളിൽനിന്ന് യൂറോപ്യൻരാജ്യങ്ങളിലേക്കും അവിടെനിന്ന് മറ്റു പ്രദേശങ്ങളിലേക്കും ആനക്കൊമ്പ് കടത്തരുതെന്ന ധാരണ നിലവിൽവന്നത്. ഇന്ത്യയും അതിൽ ഒപ്പിട്ടിരുന്നു.

വ്യാജ ഓണർഷിപ്പ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ പരാതികൾക്ക് സർക്കാർ മറുപടി കൊടുക്കുന്നില്ല, ചില ജഡ്ജിമാരും മിണ്ടുന്നില്ല. അതോടെ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിനുപുറകിൽ വലിയ ഒത്തുകളിയുണ്ടെന്ന് മനസ്സിലായി.

ഇന്ത്യയിൽനിന്ന് വൻതോതിൽ ആനക്കൊമ്പ് ജപ്പാനിലേക്ക് കയറ്റിയയക്കുന്നുണ്ടെന്നും ജപ്പാനിൽനിന്ന് അമേരിക്കയിലേക്ക് ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ കയറ്റി അയക്കുന്നുണ്ട് എന്നുമുള്ള വാർത്തകൾ വന്നു. ഇതേതുടർന്ന് ഇന്ത്യയിൽനിന്നുള്ള കടത്ത് നിരോധിക്കുന്നതിന്റെ ഭാഗമായി ആനക്കൊമ്പുകൾ പിടികൂടാൻ തീരുമാനിച്ചു. 2002-ൽ ദൽഹിയിൽവൻകിടക്കാർ കൈവശംവച്ചിരുന്ന ആനക്കൊമ്പുകൾ പിടിച്ചെടുത്തു. അവ നശിപ്പിക്കാൻ ദൽഹി ഹൈക്കോടതി നിർദേശിച്ചു. അന്താരാഷ്ട്ര മൂല്യമുള്ള വസ്തുവായതിനാൽ, ഇവ നശിപ്പിക്കുമ്പോൾ ഒരു സെറ്റ് കൈവശം വക്കാൻ അനുവദിക്കണം എന്ന് ഉടമകൾ ആവശ്യപ്പെട്ടു. ഒരു സെറ്റ് കൈവശം വെക്കാം, ബാക്കി നശിപ്പിക്കണം എന്ന് ഹൈക്കോടതി പറഞ്ഞു. ഇല്ലെങ്കിൽ സർക്കാർഏറ്റെടുക്കണം. ഇതിനുള്ള വ്യവസ്ഥ കേന്ദ്രസർക്കാറിന് സ്വീകരിക്കാം.

ഇതനുസരിച്ച്, മൃഗസംരക്ഷണവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി മേനകഗാന്ധിയുടെ മന്ത്രാലയം ഒരു നിയമം കൊണ്ടുവന്നു- വൈൽഡ്ലൈഫ് സ്റ്റോക്ക് ഡിക്ലറേഷൻ റൂൾ. 2003 ഒക്ടോബർ 18 വരെ വന്യജീവികളെയും വന്യജീവികളുടെ സ്പോൺസർഷിപ്പും കൈവശം വച്ചിട്ടുള്ളവർ, അത് പൈതൃകമായി കിട്ടിയതാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ, അവയ്ക്ക് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കും. ഒക്‌ടോബർ 18നകം ഇത്തരം വസ്തുക്കൾ കൈവശം വച്ചിട്ടുള്ള എല്ലാവർക്കും ചീഫ് വൈൽഡ്‌ലൈഫ് വാർഡർമാർ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയിരിക്കണം.

ബാൽ താക്കറെ
ബാൽ താക്കറെ

ഈ നിയമത്തെക്കുറിച്ച് ഞാൻ അറിയുന്നത്, 2003 നവംബറിൽ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു കൗതുകവാർത്തയിൽ നിന്നാണ്. ബോംബെയിൽ ശിവസേന നേതാവ് ബാൽ താക്കറേയുടെ ആസ്ഥാനത്തെക്കുറിച്ചുള്ളതായിരുന്നു ആ വാർത്ത. പലതരം പരിശോധനകൾ കഴിഞ്ഞുവേണം താക്കറെയുടെ മുറിയിലെത്താൻ. മുറിയിലെത്തുന്നതിനുതൊട്ടുമുമ്പ് പരിശീലനം നൽകി സൂക്ഷിച്ചിരിക്കുന്ന മൂന്ന് കടുവകളെ കാണാം. ഇവയുടെ ഇടയിലൂടെ വേണം താക്കറെയുടെ മുറിയിലെത്താൻ. സന്ദർശകർ എന്തെങ്കിലും ശരീരത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടെങ്കിൽകടുവകൾ അത് കണ്ടുപിടിക്കും എന്നാണ് വെപ്പ്. തന്റെ പ്രിയപ്പെട്ട മൂന്ന് കടുവകൾക്കുപോലും ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ബാൽ താക്കറേയ്ക്ക് സമയമില്ല എന്നായിരുന്നു വാർത്ത അവസാനിക്കുന്നത്. ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള ഗസറ്റ് വിജ്ഞാപനത്തിന്റെ വിവരം ഈ വാർത്തയിൽനിന്നാണ് അറിയുന്നത്.

കേരളത്തിലുള്ള നാട്ടാനകളുടെ ഉടമസ്ഥതയെക്കുറിച്ചുള്ള പരാതി, ഈ കേന്ദ്ര നിയമം കൂടി ചൂണ്ടിക്കാട്ടി, കലക്ടർക്കും ഡി.എഫ്.ഒക്കും അയച്ചു. സർക്കാറിന് കത്തെഴുതി. ഒരു നടപടിയുമുണ്ടായില്ല. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ എത്ര ആനകൾക്കും കൊമ്പുകൾക്കും ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട് എന്നാരാഞ്ഞ് വനംവകുപ്പിന് കത്തയച്ചു. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് തേർഡ് പാർട്ടി ഇൻഫർമേഷൻ ആണെന്നും ഔദ്യോ​ഗിക രേഖയായതിനാൽ കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു മറുപടി. വിവരാവകാശപ്രകാരത്തിനുള്ള ചോദ്യത്തിന്, ആനകൾക്കൊന്നും ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ല എന്ന വിവരവും ലഭിച്ചു.

2006-ൽ, വിവരാവകാശ നിയമത്തിലൂടെ ഒരു കാര്യം അറിഞ്ഞു. സംസ്ഥാന സർക്കാർ നിരവധി പേർക്ക് നിയമവിരുദ്ധമായി ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.

എറണാകുളത്ത് മൂന്നുപേരെ ആന ചവുട്ടിക്കൊന്ന സംഭവത്തിന്റെ പാശ്ചാത്തലത്തിൽ, 2004 ജനുവരിയിൽ ഇന്ത്യൻ എക്‌സ്പ്രസ് കൊച്ചിയിൽനിന്ന് ഒരു വാർത്ത റിപ്പോർട്ടു ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ട എലഫന്റ് പ്രോജക്റ്റ് ഡയറക്ടർ എസ്.എസ്. ബിഷ്ത് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തി. കേരളത്തിൽ നിന്ന് തങ്ങൾക്ക് ഇതുസംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ടെന്നും കേരളത്തിലെ എണ്ണൂറോളം നാട്ടാനകളുടെ ഐഡന്റിഫിക്കേഷൻ വലിയൊരു പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാനത്തുനിന്ന് ഇത്രയും ആനകൾ എങ്ങനെയാണ് കേരളത്തിലെത്തിയത് എന്ന് കേന്ദ്രത്തിന് അറിയില്ല. ആ അഭിമുഖത്തിൽ ഡയറക്ടർ ഒരു പ്രസ്താവന കൂടി നടത്തി:
2004 ഒക്‌ടോബർ നാല് ദേശീയ നാട്ടാനദിനമായി പ്രഖ്യാപിച്ചു. അതിന്റെ ദേശീയതല ഉദ്ഘാടനം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ്. ആന സംരക്ഷണവുമായി ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് തൃശൂരിൽ സെമിനാറും നടത്തും.

ആ പരിപാടിയിൽ, കേരളത്തിലെ നാട്ടാനകൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കാൻ ധനസഹായം നൽകാമെന്ന് ബിഷ്ത് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ മൈക്രോ ചിപ്പ് വച്ച് പേഴ്‌സനണൽ ഐഡന്റിഫിക്കേഷനുണ്ടാക്കിയിട്ടുള്ളതിനാൽ നാട്ടാനയെ എളുപ്പം തിരിച്ചറിയാം. കേരളത്തിൽ മാത്രമാണ് അതില്ലാത്തത്.

എല്ലാവരും വ്യാജ ഓണർമാർ

നാട്ടാന പരിപാലന ചട്ടം നിലവിലുള്ള സംസ്ഥാനം കൂടിയാണ് കേരളം. 2004-ലാണ്, നാട്ടാന പരിപാലന ചട്ടം- 2003 നിലവിൽവന്നത്. കൊച്ചിയിൽ ആനയിടഞ്ഞ് ചിലർ കൊല്ലപ്പെട്ടതിനെതുടർന്ന് ഈ ചട്ടം കർശനമായി നടപ്പാക്കാൻ ഹൈ​ക്കോടതി ആവശ്യപ്പെട്ടു. അന്ന് മ​ന്ത്രിയായിരുന്ന ആർ. ബാലകൃഷ്ണപിള്ളക്ക് എൻ.എസ്.എസുമായും എസ്.എൻ.ഡി.പിയുമായും അടുത്ത ബന്ധമുണ്ട്. പിള്ളയുടെ ഇടപെടലോടെ ഈ ചട്ടം അട്ടിമറിക്കപ്പെട്ടു.

ആർ. ബാലകൃഷ്ണപിള്ള
ആർ. ബാലകൃഷ്ണപിള്ള

2006-ൽ, വിവരാവകാശ നിയമത്തിലൂടെ ഒരു കാര്യം അറിഞ്ഞു. സംസ്ഥാന സർക്കാർ നിരവധി പേർക്ക് നിയമവിരുദ്ധമായി ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. 2003-ൽ ആനകൾക്കുള്ള ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള ഫോർമാറ്റിൽ രണ്ടു കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്:
പൈതൃകസ്വത്തായാണ് ആനയെ കിട്ടിയത് എന്ന് ഒരാൾ പറഞ്ഞാലും, ഈ ആനയെ പിടികൂടിയതിനുള്ള ഹണ്ടിങ് ഓർഡർ വേണം. ഹണ്ടിങ് ഓർഡർ പ്രകാരം പിടികൂടിയ ആനയെ മാത്രമേ പരിപാലിച്ച് ചങ്ങലയിട്ട് വളർത്താൻ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സഹിതം കൊടുക്കൂ. ഹണ്ടിങ് ഓർഡർ ഇല്ലാത്ത ആനകളെ അനധികൃതമായി പിടിച്ചെടുത്തതായാണ് പരിഗണിക്കുക. അവയുടെ ഉടമ സർക്കാറാണ്. കേരളത്തിലേക്കു കൊണ്ടുവന്ന ഒരാനയ്ക്കും ഹണ്ടിങ് ഓർഡർ ഇല്ല. അതിനർഥം, കേരളത്തിലെ നാട്ടാനകളെല്ലാം നിയമവിരുദ്ധമായി കൊണ്ടുവന്നിട്ടുള്ളവയാണ്. ആനകളെ കൈമാറുന്നതിന് ഇന്ത്യയൊട്ടാകെ ഹണ്ടിങ് ലൈസൻസ് വേണമെന്ന വ്യവസ്ഥയുണ്ട്. അതാണ്, കോടതികളും ഉദ്യോഗസ്ഥരും 1972 മുതൽ ലംഘിച്ചുകൊണ്ടിരിക്കുന്നത്.

ശക്തൻ തമ്പുരാന്റെ കാലത്ത് പകൽ 11 മുതൽ നാലു വരെ പോത്തുകളെ കൃഷിപ്പണിക്ക് ഉപയോഗിക്കരുത്, അവ ചൂടിൽ ചത്തുപോകും, അവയെ വെള്ളത്തിൽ മുക്കി കിടത്തണം എന്നൊരു ചട്ടം നിലവിലുണ്ടായിരുന്നു

വ്യാജ ഓണർഷിപ്പ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ പരാതികൾക്ക് സർക്കാർ മറുപടി കൊടുക്കുന്നില്ല, ചില ജഡ്ജിമാരും മിണ്ടുന്നില്ല. അതോടെ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിനുപുറകിൽ വലിയ ഒത്തുകളിയുണ്ടെന്ന് മനസ്സിലായി.
അപ്പോൾ ഞങ്ങൾ അടവ് മാറ്റി. 1972 മുതൽ എഴുന്നള്ളിപ്പിനിടയിൽ കേരളത്തിൽ ആനകൾ ആളുകളെ കുത്തിക്കൊന്ന ഡാറ്റ ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്തെഴുതി. ഡി.ജി.പി കത്ത് എല്ലാ പൊലീസ് സ്‌റ്റേഷനിലേക്കും അയച്ചു. 2007 ഒക്‌ടോബറിൽ പൊലീസ് സ്‌റ്റേഷനുകളിൽനിന്ന് എനിക്ക് കത്തുകൾ വരാൻ തുടങ്ങി. അതിൽനിന്ന് ഒരു കാര്യം മനസ്സിലായി. പകൽ 11 മുതൽ നാലു വരെയുള്ള സമയത്തിനിടയിലാണ് ആനകളെ മനുഷ്യരെ കൊല്ലുന്നത്. അതായത്, ചൂട് ഏറ്റവും കൂടുതലുള്ള സമയത്ത്.

ശക്തൻ തമ്പുരാന്റെ കാലത്ത് പകൽ 11 മുതൽ നാലു വരെ പോത്തുകളെ കൃഷിപ്പണിക്ക് ഉപയോഗിക്കരുത്, അവ ചൂടിൽ ചത്തുപോകും, അവയെ വെള്ളത്തിൽ മുക്കി കിടത്തണം എന്നൊരു ചട്ടം നിലവിലുണ്ടായിരുന്നതായി ഞാൻ വായിച്ചറിഞ്ഞിരുന്നു. ഇതേ ശക്തൻ തമ്പുരാന്റെ തിട്ടൂരം വച്ചിട്ടാണല്ലോ തൃശൂർ പൂരവും നടത്തുന്നത്. ഈ സംഗതികൾ വച്ച് ഹൈക്കോടതിയിൽ ഹർജി കൊടുത്തു. ഒരാവശ്യം മാത്രം, പകൽ 11 മുതൽ നാലുവരെ ചൂടുള്ള സമയം ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിക്കണം.

ബിനോയ് വിശ്വം
ബിനോയ് വിശ്വം

കോടതി സർക്കാറിനോട് വിശദീകരണം തേടി. അന്ന് ബിനോയ് വിശ്വമാണ് വനംവകുപ്പുമന്ത്രി. പകൽ സമയത്ത് ആനകളെ എഴുന്നള്ളിക്കുന്നത് സർക്കാർ നയമല്ല എന്ന നിലപാട്, ഈ സമയത്തെ എഴുന്നള്ളിപ്പ് നിരോധിച്ചതിന് തുല്യമായി കോടതി പരിഗണിക്കണം എന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. ഇത് കണക്കിലെടുത്ത് പകൽ സമയം എഴുന്നള്ളിപ്പ് നിരോധിച്ചു, മാത്രമല്ല, എഴുന്നള്ളിപ്പ് എങ്ങനെ വേണം എന്നതു സംബന്ധിച്ച് കോടതി രൂപരേഖയും പുറത്തിറക്കി. അതിൽ, ആനകളും ആനകളും തമ്മിലും ആനകളും മനുഷ്യരും തമ്മിലും 'മതിയായ' അകലം വേണം എന്നുണ്ടായിരുന്നു. നാട്ടാന പരിപാലന ചട്ടത്തിലും 'മതിയായ അകലം' എന്നേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആ അവ്യക്തമായ ആ വ്യവസ്ഥ വ്യാപകമായി ലംഘിക്കപ്പെട്ടു. ഈ വിധി വന്ന് മൂന്നു മാസം കഴിഞ്ഞ് ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും ആന കുത്തിക്കൊന്നു. എന്നിട്ടും സർക്കാർ അനങ്ങിയില്ല.

എഴുന്നള്ളിപ്പ് എങ്ങനെ വേണം എന്നതു സംബന്ധിച്ച് കോടതി  പുറത്തിറക്കിയ രൂപരേഖയിൽ, ആനകളും ആനകളും തമ്മിലും ആനകളും മനുഷ്യരും തമ്മിലും 'മതിയായ' അകലം വേണം എന്നുണ്ടായിരുന്നു.
എഴുന്നള്ളിപ്പ് എങ്ങനെ വേണം എന്നതു സംബന്ധിച്ച് കോടതി പുറത്തിറക്കിയ രൂപരേഖയിൽ, ആനകളും ആനകളും തമ്മിലും ആനകളും മനുഷ്യരും തമ്മിലും 'മതിയായ' അകലം വേണം എന്നുണ്ടായിരുന്നു.

2007-ൽ ഹൈകോടതിയിൽ വിചിത്രമായ ഒരു പരാതി എത്തി. തനിക്ക് ചാലക്കുടിയിൽ റിസോർട്ടുണ്ട്, ബീഹാറിൽനിന്നുള്ള ഒരാൾ 11 ആനകളെ തരാൻ തയാറാണ്, അതിന് അവിടുത്തെ സർക്കാറിന്റെ സമ്മതമുണ്ട്, പണവും അടച്ചു, എന്നാൽ കേരളത്തിലേക്ക് കൊണ്ടുവരാൻ വനം വകുപ്പ് സമ്മതിക്കുന്നില്ല- ഇതായിരുന്നു ഒരു വ്യക്തിയുടെ പരാതി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ആനകൾക്ക് നിയമപ്രകാരം രേഖകളില്ല എന്ന് തെളിയിക്കുന്ന നിരവധി വസ്തുതകൾ കോടതിയിലുണ്ട്, വെങ്കിടാചലത്തെപ്പോലുള്ളവർ നൽകിയ പരാതികളുണ്ട് എന്ന് കോടതി പറഞ്ഞു. കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നത് സംസ്ഥാന സർക്കാറിന്റെ നയമല്ല എന്ന് സർക്കാറും വ്യക്തമാക്കി. അതുകൊണ്ട് പുതുതായി കേരളത്തിലേക്ക് ആനകളെ കൊണ്ടുവരേണ്ടതില്ല എന്ന് കോടതി ഉത്തരവിട്ടു. കേരളത്തിലേക്ക് ആനകളെ കൊണ്ടുവരാനുള്ള അനുമതിക്കായി തൽപര കക്ഷികൾ സുപ്രീംകോടതിയിൽ വരെ പോയെങ്കിലും ഫലമുണ്ടായില്ല.
അങ്ങനെ, 2007 നവംബർ 24 മുതൽ പുറത്തുനിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല. (ഇതിനിടെ, കടത്തിക്കൊണ്ടുവന്ന എട്ട് ആനകളെ പിടികൂടിയിട്ടുണ്ട്). 1972 മുതൽ 2007 വരെ ആയിരക്കണക്കിന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്, അവയിലേറെയും കൊല്ലപ്പെടുകയും ചെയ്തു. നാട്ടാനകളുടെ എണ്ണം ഇപ്പോൾ 342 ആയി ചുരുങ്ങി.

 കെ.ബി. ഗണേഷ്‌കുമാർ
കെ.ബി. ഗണേഷ്‌കുമാർ

2011-ൽ വനം- പരിസ്ഥിതി മന്ത്രിയായ കെ.ബി. ഗണേഷ്‌കുമാർ, നിയമത്തിൽ വെള്ളം ചേർക്കുന്ന നടപടികളെടുത്തു. കലക്ടറുടെ അനുമതിയില്ലാതെ ആനകളെ എഴുന്നള്ളിക്കാൻ പാടില്ല എന്ന വ്യവസ്ഥയും ആന പീഡനം എന്ന കാറ്റഗറിയിലുള്ള 26 സംഗതികളും എടുത്തുകളഞ്ഞ് 2012-ൽ സർക്കുലർ ഇറക്കി.
ഇതിന്റെ പ്രത്യാഘാതമെന്ന നിലയ്ക്ക്, പൊതു ചടങ്ങുകളിൽനിന്ന് ഹൈ​​ക്കോടതി വിലക്കിയിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പെരുമ്പാവൂർ രായമംഗലം കൂട്ടുമാടം ക്ഷേത്രോത്സവത്തിനിടെ മൂന്ന് സ്ത്രീകളെ കുത്തിക്കൊന്നു. ഇതേതുടർന്ന് നിയമം കർശനമാക്കാൻ സർക്കാർ നിർബന്ധിതമായെങ്കിലും ഗണേഷ് കുമാർ രാജിവച്ചതോടെ ആ നീക്കം നടന്നില്ല. പിന്നീടും നടപടിയുണ്ടായില്ല.

തൃശൂരിലെയും ഗുരുവായൂരിലെയും
ആന പീഡനപൂരങ്ങൾ

2013 -ൽ തൃശൂർ പൂരം റിപ്പോർട്ട് ചെയ്യാൻ ന്യൂയോർക്ക് ടൈംസ് എത്തി. പൂരങ്ങളിൽ ആനകളെ മാഫിയ ദുരുപയോഗിക്കുന്നത് എങ്ങനെയാണ് എന്നതിന്റെ വിശദ റിപ്പോർട്ട്, ഓഗസ്റ്റ് 12ന് വേൾഡ് എലഫെന്റ് ഡേയ്ക്ക് അവർ പ്രസിദ്ധീകരിച്ചു. ഇതേതുടർന്ന് മൃഗാവകാശ സംഘടനയായ ‘പെറ്റ ഇന്ത്യ’ക്കുമേൽ (People for the Ethical Treatment of Animals- PETA) ശക്തമായ സമ്മർദമുണ്ടായി. അങ്ങനെയാണ് റൊബോട്ടിക് ആനയെ ഉപയോഗിക്കാമെന്ന നിർദേശം ‘പെറ്റ’ മുന്നോട്ടുവച്ചത്.

1972 മുതൽ 2007 വരെ ആയിരക്കണക്കിന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്, അവയിലേറെയും കൊല്ലപ്പെടുകയും ചെയ്തു. നാട്ടാനകളുടെ എണ്ണം ഇപ്പോൾ 342 ആയി ചുരുങ്ങി.

ഇതിനിടെ, നാഷനൽ ജ്യോഗ്രഫിക് ചാനലിന്റെ മലയാളി വേരുള്ള ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സംഗീത അയ്യർ തന്റെ എഡ്യുക്കേഷനൽ ടി.വി പരിപാടിയുടെ ഭാഗമായി തൃശൂർ പൂരത്തിനെക്കുറിച്ചും ആനകളുടെ പീഡനത്തെക്കുറിച്ചും ഒരു ഡോക്യുമെന്ററി നിർമിച്ചു. (Gods in Shackles: What Elephants Can Teach Us About Empathy, Resilience, and Freedom, Sangita Iyer). മൂന്നുവർഷം ആനകളുടെ പുറകേ അവർ ഇതിനായി നടന്നു. കേരളത്തിൽ നാട്ടാനകൾ നേരിടുന്നത് അതിക്രൂരമായ പീഡനമാണെന്ന വിവരം ഈ ഡോക്യുമെന്ററിയാണ് പുറത്തുകൊണ്ടുവന്നത്. സർക്കാർ സംവിധാനങ്ങളെല്ലാം ഈ കൊടും ക്രൂരത നോക്കിനിൽക്കുകയാണെന്നും നിയമലംഘനങ്ങൾക്ക് ശിക്ഷ നൽകാത്ത വകുപ്പാണ് കേരളത്തിലേത് എന്നും ഈ ഡോക്യുമെന്ററി സമർഥിച്ചു. മാത്രമല്ല, സർക്കാറും ഉത്സവ മാഫിയയും തമ്മിലുള്ള ബന്ധം പുറത്താകുകയും ചെയ്തു. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ, ഫിലിം സെൻസസർ ബോർഡിന് കത്ത് കൊടുത്ത്, ഡോക്യുമെൻററി ഇന്ത്യയിലെവിടെയും കാണിക്കാനുള്ള സർട്ടിഫിക്കറ്റ് നേടിക്കൊടുക്കുകയും ചെയ്തു. ഞങ്ങളും ഇത് എല്ലായിടത്തും പ്രദർശിപ്പിച്ചു. നിയമസഭയിലും പാർലമെന്റിലും വരെ ഇതെത്തി. എം.പിമാർക്കുപോലും ഈ നിയമലംഘനത്തെക്കുറിച്ച് അറിയില്ലായിരുന്നു.

ആനപീഡനങ്ങളുടെ കൊടും ക്രൂര ദൃശ്യങ്ങൾ പകർത്തിയ ആറ് വീഡിയോകളാണ് എഴുന്നള്ളിപ്പു നിയന്ത്രണം കർശനമാക്കിയതിലേക്ക് ഹൈക്കോടതിയെ നയിച്ചത്.
ആനപീഡനങ്ങളുടെ കൊടും ക്രൂര ദൃശ്യങ്ങൾ പകർത്തിയ ആറ് വീഡിയോകളാണ് എഴുന്നള്ളിപ്പു നിയന്ത്രണം കർശനമാക്കിയതിലേക്ക് ഹൈക്കോടതിയെ നയിച്ചത്.

2014-ൽ തൃശൂർ പൂരത്തിന് ഗുരുവായൂരിലെ ശങ്കരനാരായണൻ എന്ന ആന പകൽ 11.30ന് പാറമേക്കാവ് ക്ഷേത്രത്തിൽ ഇടഞ്ഞോടി. ഒരാളെ പരിക്കേൽപ്പിച്ചു. ഈ ആനയെ മയക്കുവെടി വച്ച് പിടികൂടി ലോറിയിൽ നട്ടുച്ച വെയിലിൽ ഗുരുവായൂരിലെത്തിച്ചു. അവിടെ ഇറക്കിയ ആന വീണ്ടും ഇടഞ്ഞോടി. ആനയെ പിടിച്ചുകെട്ടിയപ്പോൾ അതിന് ഒരു കാൽ അനക്കാൻ വയ്യ. എന്തോ ഇരുമ്പുസാധനം കാലിൽ കയറിയിട്ടാണ് ആന നിന്നതെന്നും എന്നിട്ടാണ് ഇതിനെ കെട്ടിയതെന്നും ഊഹാപോഹമുണ്ടായി. ഒന്നര മാസം ആന ഒരു കാൽ നിലത്തുവക്കാനാകാതെ നിന്നനിൽപ്പിൽ നിന്നു. ഞാൻ നിലത്തുകിടന്ന് ഓട്ടോഫോക്കസ് ക്യാമറയിൽ ആനയുടെ കാലിന്റെ പടമെടുത്ത് അഡ്മിനിസ്ട്രേറ്ററെ കാണിച്ചുകൊടുത്തു. ആനയെ കിടത്തി പരിശോധിച്ചപ്പോൾ കാലിൽ പുഴുവരിക്കുന്ന വലിയ മുറിവ്.

ഹൈക്കോടതി മാർഗനിർദേശങ്ങൾ വച്ച്, തിരുവന്തപുരത്ത് ചേരാൻ പോകുന്ന യോഗത്തിൽ നടക്കാൻ പോകുന്നത്, നാട്ടാന പരിപാലന ചട്ടത്തിൽ വെള്ളം ചേർത്ത് കൂട്ടിച്ചേർത്ത പുതിയ വ്യവസ്ഥകൾ എങ്ങനെ നടപ്പാക്കണം എന്ന ചർച്ചയാണ്.

ആർക്കെതിരെയും നടപടിയുണ്ടാകാത്തതിനെതുടർന്ന് അനിമൽ വെൽഫെയർ ബോർഡിന് പരാതി അയച്ചു. അന്ന് ബോർഡിൽ മേനകഗാന്ധിയുണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വത്തിലെ മുഴുവൻ ആനകളെയും പരിശോധിക്കാൻ ബോർഡ് കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി ഒരാഴ്ചയെടുത്ത് ആനകളെ പരിശോധിച്ച്, 300 പേജുള്ള റിപ്പോർട്ടുണ്ടാക്കി. ഗുരുവായൂരിലെ മണൽപ്രതലവും വെയിലും ആനകൾക്ക് പറ്റിയതല്ല എന്നതിനാൽ, മുഴുവൻ ആനകളെയും അവിടെനിന്ന് മാറ്റണമെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. എല്ലാ ആനകൾക്കും ശ്വാസകോശരോഗമുണ്ട്, അതിന് മരുന്ന് കൊടുക്കുന്നുണ്ട്. മറ്റു പലതരം അസുഖങ്ങൾ വേറെയും. രോഗങ്ങളുള്ള ആനകളെ കൊണ്ട് പണിയെടുപ്പിക്കുന്നുമുണ്ട്. മൂന്ന് കുളമുണ്ടെങ്കിലും കുടിക്കാനോ ആനകൾക്ക് മുങ്ങാനോ പറ്റുന്നതല്ല. കാടിന്റെ പരിസ്ഥിതിയിലേക്ക് ആനകളെ പാപ്പാന്മാരോടൊപ്പം മാറ്റി സംരക്ഷിക്കണം.

ഗുരുവായൂരിലെ മണൽപ്രതലവും വെയിലും ആനകൾക്ക് പറ്റിയതല്ല എന്നതിനാൽ, മുഴുവൻ ആനകളെയും അവിടെനിന്ന് മാറ്റണമെന്നായിരുന്നു അനിമൽ വെൽഫെയർ ബോർഡ് നിയോഗിച്ച കമ്മറ്റിയുടെ റിപ്പോർട്ട്.
ഗുരുവായൂരിലെ മണൽപ്രതലവും വെയിലും ആനകൾക്ക് പറ്റിയതല്ല എന്നതിനാൽ, മുഴുവൻ ആനകളെയും അവിടെനിന്ന് മാറ്റണമെന്നായിരുന്നു അനിമൽ വെൽഫെയർ ബോർഡ് നിയോഗിച്ച കമ്മറ്റിയുടെ റിപ്പോർട്ട്.

ഈ നിർദേശത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നടപടിയെടുക്കാത്തതിനെതുടർന്ന് ബോർഡിലുള്ള ഉദ്യോഗസ്ഥർ തന്നെ സുപ്രീംകോടതിയിൽ കേസ് കൊടുത്തു. 20 സംസ്ഥാനങ്ങളിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന ആനകളാണ് ഇവിടെയുള്ളതെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടും ആവശ്യമുള്ള രേഖകൾ വനം വകുപ്പോ ഗുരുവായൂർ ദേവസ്വമോ നൽകിയിട്ടില്ല എന്നും ആനകളെ അനധികൃതമായി കൊണ്ടുവന്നതാണ് എന്നുമാണ് ബോർഡ് ഹർജിയിൽ പറഞ്ഞത്.

നിയന്ത്രണത്തിലേക്കുള്ള
നിയമത്താര

ഇപ്പോൾ ഹൈക്കോടതി നടത്തിയ ഇടപെടലിലേക്ക് നയിച്ചത്, വർഷങ്ങളായി തുടരുന്ന നിയമപോരാട്ടങ്ങളാണ്. 2016-ൽ തൃശൂർ പൂരത്തിന്റെ കുറെ വീഡിയോകൾ വച്ച് പരാതി കൊടുത്തപ്പോൾ, പരിക്കുള്ള ആനകളെ എഴുന്നള്ളിക്കാൻ പാടില്ല എന്നും എഴുന്നള്ളിച്ചാൽ ഉടമസ്ഥനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റു ചെയ്യണമെന്നും ആനയെ ചികിത്സിച്ച് ഭേദമാക്കാനുള്ള പണം ഇയാളിൽനിന്ന് ഈടാക്കണമെന്നും കോടതി വിധിച്ചിരുന്നു. അത് കേരളത്തിൽ നടപ്പാക്കിയില്ല.

20 സംസ്ഥാനങ്ങളിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന ആനകളാണ് ഗുരുവായൂരിലുള്ളതെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടും വനം വകുപ്പോ ഗുരുവായൂർ ദേവസ്വമോ രേഖകൾ നൽകിയിട്ടില്ല എന്നും അനിമൽ വെൽഫെയർ ബോർഡ് പറഞ്ഞിട്ടുണ്ട്.

2018-ൽ ഇന്ത്യയിലെ എല്ലാ ആനകളുടെയും കണക്കെടുത്തു. കേരളത്തിലുള്ള 521 ആനകൾക്ക് ഒരുവിധ നിയമാനുസൃതരേഖയില്ലെന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകി. ഇതിന് തുടർനടപടിയുണ്ടാകാതിരുന്നപ്പോൾ 2022-ൽ ഞാൻ ഈ കേസിൽ സുപ്രീംകോടതിയിൽ ഒരു ഐ.എ (interlocutory application) കൊടുത്തു: തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് നിയമവിരുദ്ധമാണ്. എല്ലാ വകുപ്പുകളും ഇതിന് കൂട്ടുനിൽക്കുന്നു. അതുകൊണ്ട് 65 വയസ് പ്രായമുള്ള ആനകളെ കണ്ടുപിടിച്ച് സർക്കാർ പരിപാലിക്കണം. സർക്കാറിന്റെ ആഭിമുഖ്യത്തിൽ കാടിനുള്ളിൽ വേലി കെട്ടിത്തിരിച്ച് പാപ്പാന്മാരെ ഒപ്പം നിർത്തി പരിപാലിക്കണം. വനംവകുപ്പ് തീറ്റ കൊടുക്കണം. നിയമം പാലിക്കാത്തതുകൊണ്ട് എല്ലാ എഴുന്നള്ളിപ്പുകളും നിരോധിക്കണം- ഇതായിരുന്നു ഹർജിയിലെ ആവശ്യം.

കോടതി അത് സ്വീകരിച്ചു. കേരളത്തിലെ വിഷയമായതിനാൽ ഹൈക്കോടതിയിൽ പരാതി നൽകാമെന്ന് ഒരു വർഷം കഴിഞ്ഞ് അറിയിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ ഇപ്പോൾ തന്നെ നൂറിലധികം ഹർജികളുണ്ടെന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ പ്രത്യേകമായി റെക്കമെന്റ് ചെയ്യാം എന്ന് സുപ്രീംകോടതി പറഞ്ഞു. ഒരു വർഷത്തിനകം തീരുമാനമെടുക്കാനും പരാതിക്കാർക്ക് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ സുപ്രീംകോടതി എഴുതിച്ചേർത്തു. ഇതോടൊപ്പം, ഹൈക്കോടതിയിൽ ആനകൾ അടക്കമുള്ള മൃഗങ്ങളുടെ കാര്യങ്ങൾ നോക്കാൻ പ്രത്യേക ബഞ്ച് തന്നെയുണ്ടാക്കി.

മൂന്നു മണിക്കൂർ പഞ്ചവാദ്യവും മൂന്നു മണിക്കൂർ മേളവും മൂന്നുമണിക്കൂർ കുടമാറ്റവും നടത്താൻ നിയമപ്രകാരം പറ്റില്ല എന്നാണ് ദേവസ്വങ്ങൾ പറയുന്നത്.
മൂന്നു മണിക്കൂർ പഞ്ചവാദ്യവും മൂന്നു മണിക്കൂർ മേളവും മൂന്നുമണിക്കൂർ കുടമാറ്റവും നടത്താൻ നിയമപ്രകാരം പറ്റില്ല എന്നാണ് ദേവസ്വങ്ങൾ പറയുന്നത്.

ഈ ഹർജിയോട് കഴിഞ്ഞ തൃശൂർ പൂരം വരെ സംസ്ഥാന സർക്കാർ പ്രതികരിച്ചില്ല. പൂരം കഴിഞ്ഞ്, പൂരത്തിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയിട്ടും പ്രതികരിച്ചില്ല. ഇതേതുടർന്നാണ്, ഹൈക്കോടതി സർക്കാറിനെതിരെ രൂക്ഷ പരിഹാസം നടത്തിയത്. തിമിംഗലം കരയിലെ ജീവിയല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കിൽ തിമിംഗലത്തെയും എഴുന്നള്ളിപ്പിന് ഉപയോഗിച്ചേനേ എന്നുമാണ് കോടതി പറഞ്ഞത്.
മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുള്ളൂ, രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം, എഴുന്നള്ളിപ്പുകളിൽ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം, ജനങ്ങളെ 10 മീറ്റർ എങ്കിലും അകലത്തിൽ നിർത്തണം, 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത് തുടങ്ങിയ വ്യവസ്ഥകളാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുള്ളത്.

ആനപീഡനങ്ങളുടെ കൊടും ക്രൂര ദൃശ്യങ്ങൾ പകർത്തിയ ആറ് വീഡിയോകളാണ് എഴുന്നള്ളിപ്പു നിയന്ത്രണം കർശനമാക്കിയതിലേക്ക് ഹൈക്കോടതിയെ നയിച്ചത്.

ഹൈക്കോടതി വിധി വന്നതിനെതുടർന്ന്, തിരുവന്തപുരത്ത് ചേരാൻ പോകുന്ന യോഗത്തിൽ നടക്കാൻ പോകുന്നത്, നാട്ടാന പരിപാലന ചട്ടത്തിൽ വെള്ളം ചേർത്ത് കൂട്ടിച്ചേർത്ത പുതിയ വ്യവസ്ഥകൾ എങ്ങനെ നടപ്പാക്കണം എന്ന ചർച്ചയാണ്. ഹൈക്കോടതി വിധി മറികടക്കാനാണ് യോഗം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ആന സംരക്ഷണ നിയമത്തിൽ ‘എഴുന്നള്ളിപ്പ്’ എന്ന് കൂട്ടിചേർക്കാനാണ് നീക്കം. അവിടെ ഒരിക്കലും ചർച്ച ചെയ്യാൻ കഴിയാത്ത കോടതിവിധിയെക്കുറിച്ച് ചർച്ച നടത്തി കോടതിവിധിക്കെതിരെ സുപ്രീംകോടതിയിലേക്ക് പോകാനാണ് ഉത്സവമാഫിയ ശ്രമിക്കുക. ഹൈക്കോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാറിന് അവകാശമില്ല എന്നതാണ് ഞങ്ങളുടെ നിലപാട്. അതിന് സുപ്രീംകോടതിക്കേ അവകാശമുള്ളൂ.

ആനപീഡനങ്ങളുടെ കൊടും ക്രൂര ദൃശ്യങ്ങൾ പകർത്തിയ ആറ് വീഡിയോകളാണ് എഴുന്നള്ളിപ്പു നിയന്ത്രണം കർശനമാക്കിയതിലേക്ക് ഹൈക്കോടതിയെ നയിച്ചത്.
2024 മാർച്ചിൽ ആറാട്ടുപുഴ പൂരത്തിന് ഉപചാരം ചൊല്ലി പിരിയുന്ന തറയ്ക്കൽ പൂരം എന്നൊരു ചടങ്ങ് നടന്നു. രണ്ട് ഭഗവതിമാരുടെ തിടമ്പേറ്റിയ ആനകൾ തുമ്പിക്കൈ ഉയർത്തി ‘അഭിവാദ്യം’ ചെയ്യുന്ന പരിപാടിയാണിത്. രാത്രിയാണ് ചടങ്ങ്. വൈകുന്നേരം ആറു മണിമുതൽ എഴുന്നള്ളിപ്പിച്ച് പപ്പടപ്പരുവത്തിൽ നിൽക്കുന്ന ആനകൾക്കുമുന്നിലാണ്, രണ്ടു ടീമുകൾ മുഖത്തോടുമുഖം നിന്ന് കൊട്ടലും പൂരവും അരങ്ങേറുക. വെള്ളം കുടിക്കാതെ തളർന്നുനിൽക്കുന്ന ആനകളുടെ മുന്നിൽ വലിയ പന്തങ്ങളും പിടിച്ച് ആളുകൾ നിൽക്കും. ഒപ്പം, മേളവും ആവേശഭരിതരായ ജനക്കൂട്ടവും. ഇത്തവണ, ഈ ചടങ്ങിനിടെ ഗുരുവായൂർരവികൃഷ്ണൻ എന്ന ആനയും പുതുപ്പള്ളി അർജുനൻ എന്ന ആനയും കുത്തുകൂടി കൂറെ ദൂരം ഓടി. ഇതിന്റെ ദൃശ്യങ്ങൾ കണ്ട ഹൈക്കോടതി ശരിക്കും അമ്പരന്നു. ഇതേതുടർന്നാണ് എഴുന്നള്ളിപ്പിക്കുന്ന ആനകൾക്കിടയ്ക്ക് നിശ്ചിത അകലം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ, ഇത്തവണ തൃശൂർ പൂരത്തിന് ഈ വ്യവസ്ഥകളിൽ വെള്ളം ചേർത്തു. ഇതേതുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. തൃശൂർ പൂരത്തിന് എന്താണ് നടക്കുന്നത് എന്ന് ആദ്യമായാണ് കമീഷനിലൂടെ കോടതി അറിയുന്നത്.

തൃശൂർ പൂരത്തിന് എന്താണ് നടക്കുന്നത് എന്ന് ആദ്യമായാണ് കമീഷനിലൂടെ ഹൈക്കോടതി അറിയുന്നത്.
തൃശൂർ പൂരത്തിന് എന്താണ് നടക്കുന്നത് എന്ന് ആദ്യമായാണ് കമീഷനിലൂടെ ഹൈക്കോടതി അറിയുന്നത്.

തൃശൂർ പൂരത്തിന്റെ ഭാഗമായി പഴയ നടക്കാവ് ഇറക്കം എന്നൊരു ചടങ്ങുണ്ട്. രാവിലെ ഒമ്പതിന് മൂന്നാനകൾ ഇറങ്ങിവന്ന് തിരുവമ്പാടിയുടെ കോലം മഠത്തിൽ ഇറക്കിവച്ച് ആറാട്ട് നടത്തും. തന്റെ അച്ഛന്റെ കടയുടെ മുന്നിൽ വച്ച് ഒരു കുട്ടി എടുത്ത വീഡിയോയിൽ ഈ ചടങ്ങ് പകർത്തിയിട്ടുണ്ട്. കുറെ ആളുകൾ നടന്നുവരുന്നതാണ് ആദ്യം കാണുക. ഇവരുടെ കൈയിൽ വിശറിയുണ്ട്. പുറകേ വരുന്ന പൊലീസുകാരുടെ കൈയിലും വിശറിയുണ്ട്. തിക്കിലും തിരക്കിലും മേളക്കാരുടെയും ഇടയിലൂടെ മൂന്ന് ആനകൾ വരുന്നു. അസഹ്യമായ വെയിലിലും ചൂടിലും അവയുടെ അസ്വസ്ഥതകൾ ദൃശ്യങ്ങളിലുണ്ട്. രാവിലെ ഒമ്പതിന്, ആളുകൾക്ക് സഹിക്കാനാകാത്ത അത്രയും ചൂടുണ്ടെങ്കിൽ ആനകൾക്ക് അത് എത്രത്തോളം ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്ന് കോടതിക്ക് മനസ്സിലായി.

പൂരത്തിന്റെ എഴുന്നള്ളിപ്പുകൾക്കിടെ, മേളം മുറുകുന്ന സമയത്ത് ആനകൾ പിണ്ടമിടുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തിന്റെ കോലം പിടിച്ച് ഒരാൾ, ആലവട്ടവും വെഞ്ചാമരവും കുടയും പിടിച്ച് മൂന്നുപേർ- അങ്ങനെ നാലുപേരാണ് ആനയുടെ മുകളിലുണ്ടാകുക. അതിൽ, മേളം മുറുകുമ്പോൾ രണ്ടുപേർ എഴുന്നേറ്റുനിന്ന് ആലവട്ടവും വെഞ്ചാമരവും വീശും. ആളുകൾ ആവേശഭരിതരാകും. പല ആനകളും ഈ സമയത്താണ് പിണ്ടമിടുകയും മൂത്രമൊഴിക്കുകയും ചെയ്യുക. ഒരു ജീവിയും മറ്റെന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിനിടയിൽ ഇത്തരം പ്രാഥമിക കാര്യങ്ങൾ ​ചെയ്യാറില്ല. എന്നാൽ, ഇവിടെ, മൂത്രമൊഴിക്കാൻ പോലും സമയം നൽകാതെയുള്ള പീഡനമാണ് മനുഷ്യർ ചെയ്യുന്നത്. ഓഗസ്റ്റ് തൊട്ട് മെയ് വരെ 260 ദിവസത്തോളം കേരളത്തിൽ ഈ ക്രൂരത നിർബാധം അരങ്ങേറുകയാണ്. ഇതെല്ലാം കോടതിക്ക് ബോധ്യമായി.

പൂരത്തിന്റെ എഴുന്നള്ളിപ്പുകൾക്കിടെ, മേളം മുറുകുന്ന സമയത്ത് ആനകൾ പിണ്ടമിടുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നുണ്ട്. മൂത്രമൊഴിക്കാൻ പോലും സമയം നൽകാതെയുള്ള പീഡനമാണ് ആനകളോട് മനുഷ്യർ ചെയ്യുന്നത്.

നിയമങ്ങളെല്ലാം കടലാസിൽ മാത്രമാണെന്നും കോടതി ഉത്തരവുകൾ പോലും രാത്രിക്കുരാത്രി തിരുത്തി, ആനകളെ പീഡിപ്പിക്കുകയാണെന്നും കോടതിക്ക് മനസ്സിലായി. ഇതേതുടർന്നാണ് കൃത്യമായ മാനദണ്ഡങ്ങളോടെ 60 പേജുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രത്തിൽ ആനകളെ ഉപയോഗിച്ച് ഇത്തരം തട്ടിപ്പ് അരങ്ങേറുന്നുണ്ടോ എന്നർഥമുള്ള ചോദ്യവും കോടതി ചോദിച്ചിട്ടുണ്ട്. മാത്രമല്ല, ഉത്സവ മാഫിയയെക്കുറിച്ചും കോടതിക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഈ വിധിയുമായി ബന്ധപ്പെട്ട കോടതി നടപടികൾ തെളിയിച്ചു. വിധി പ്രസ്താവിക്കുന്ന ദിവസം ആന ഉടമസ്ഥരുടെ അസോസിയേഷന്റെ ​പേരിൽ ഒരു അഭിഭാഷകൻ എത്തിയിരുന്നു. എന്നാൽ, ഇവർക്ക് എഴുന്നള്ളിപ്പുമായി ബന്ധമില്ല എന്ന് മറ്റൊരു കൂട്ടർ പറഞ്ഞു. ഓണർ എന്നു പറഞ്ഞ് വന്നിരിക്കുന്ന ആരുടെയെങ്കിലുംകൈയിൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് കോടതി ചോദിച്ചു. അപ്പോൾ ഓണേഴ്‌സ് അസോസിയേഷന്റെ അഭിഭാഷകൻ ഇരുന്നു. ഇവരെയൊന്നും കക്ഷി ചേർക്കാതെയാണ് കോടതി വിധി വന്നിരിക്കുന്നത്.

കണ്ണൂർ ചിറ്റാരിപ്പറമ്പ് എടയാർ വടക്കുമ്പാട് ശിവ- വിഷ്ണു ക്ഷേത്രത്തിലാണ് വടക്കുമ്പാട് ശങ്കരനാരായണൻ എന്ന റോബോട്ടിക് ആനയെ 'നടക്കിരുത്തിയത്'.
കണ്ണൂർ ചിറ്റാരിപ്പറമ്പ് എടയാർ വടക്കുമ്പാട് ശിവ- വിഷ്ണു ക്ഷേത്രത്തിലാണ് വടക്കുമ്പാട് ശങ്കരനാരായണൻ എന്ന റോബോട്ടിക് ആനയെ 'നടക്കിരുത്തിയത്'.

മുമ്പും കടുത്ത നിയമലംഘനം നടത്തിയാണ് ആനകളെ എഴുന്നള്ളിപ്പിച്ചിരുന്നത്. പകൽ നടക്കുന്ന പൂരവും എഴുന്നള്ളിപ്പുകളും രാത്രിയും ആവർത്തിക്കും, അതേ ആനകളെ വച്ചുതന്നെ. പകൽ ഉപയോഗിച്ച ആനകളെ രാത്രി ഉപയോഗിക്കരുത് എന്ന് 2012-ലെ നിയമത്തിൽ പറയുന്നുണ്ട്. അത് ഒരിക്കലും പാലിക്കപ്പെടാറില്ല. മൂന്നു മണിക്കൂർ പഞ്ചവാദ്യവും മൂന്നു മണിക്കൂർ മേളവും മൂന്നുമണിക്കൂർ കുടമാറ്റവും നടത്താൻ നിയമപ്രകാരം പറ്റില്ല എന്നാണ് ദേവസ്വങ്ങൾ പറയുന്നത്. ഈ ചടങ്ങുകൾക്കൊല്ലാം യോജിച്ച റോബോട്ടിക് ആനകളെ എത്ര വേണമെങ്കിലും കൊടുക്കാൻ ഞങ്ങൾ തയാറാണ്. കേരളത്തിൽ ഇപ്പോൾ അഞ്ച് റോബോട്ടിക് ആനകളുണ്ട്. ഏറ്റവുമൊടുവിൽ കണ്ണൂർ ചിറ്റാരിപ്പറമ്പ് എടയാർ വടക്കുമ്പാട് ശിവ- വിഷ്ണു ക്ഷേത്രത്തിലാണ് വടക്കുമ്പാട് ശങ്കരനാരായണൻ എന്ന റോബോട്ടിക് ആനയെ 'നടക്കിരുത്തിയത്'.

ഇതിനുമുമ്പ്, തൃശൂരിലും എറണാകുളത്തും തിരുവനന്തപുരത്തും ഓരോ ക്ഷേത്രത്തിൽ വീതം റോബോട്ടിക് ആനയെ ഉപയോഗിച്ചിരുന്നു. ദുബൈയിൽ അടുത്ത ആഴ്ച നടക്കുന്ന ഒരു പൂരത്തിന് ചാലക്കുടിയിലും പറവൂരിലും ഉണ്ടാക്കിയ മൂന്ന് റോബോട്ടിക് ആനകളെ കൊണ്ടുപോകുന്നുണ്ട്. മൂന്നു ലക്ഷം രൂപയാണ് ഓരോ ആനയ്ക്കും നിർമാണ ചെലവ്. ആവശ്യത്തിനനുസരിച്ച് റോബോട്ട് ആനകളെ ഉണ്ടാക്കാം. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിന് 15 റോബോട്ടിക് ആനകളെ ഉണ്ടാക്കി കൊടുക്കാം. ഇതിന് അന്താരാഷ്ട്ര സഹായവും കിട്ടും. ദേവസ്വങ്ങൾക്കും അമ്പലക്കമ്മിറ്റികൾക്കും അതു കഴിഞ്ഞ് ഇവയെ വാടകയക്ക് കൊടുക്കുകയും ചെയ്യാം. ജീവനുള്ള ആനകളെ എഴുന്നള്ളിപ്പിക്കുന്നത് അവസാനിപ്പിക്കുക തന്നെ വേണം.


Summary: Atrocities against elephants continued in Kerala during religious festivals and others. Government intervention and new laws only solutions, VK Venkitachalam writes


വി.കെ. വെങ്കിടാചലം

ആന അവകാശ പ്രവർത്തകൻ. ആനകളുടെ നിയമവിരുദ്ധ കടത്തിനെതിരെ നിരന്തരം നിയമയുദ്ധം നടത്തുന്ന ആക്റ്റിവിസ്റ്റ്. ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി.

Comments