ആക്ഷൻ ഇൻ ദി ടൈം ഓഫ് കോവിഡ്

കോവിഡിനുശേഷം അല്ല കോവിഡിൻെറ കാലത്ത് പരിശോധിക്കപ്പെടണം / വിമർശിക്കപ്പെടണം, ഫലപ്രദമായി എങ്ങനെ സംവിധാനം പ്രവർത്തിക്കണമെന്നത്. കാരണം അതിജീവനത്തിനായുള്ള മനുഷ്യരാശിയുടെ യുദ്ധമാണിത്

ണ്ട് കാഴ്ചകൾ, ഒരു രാജ്യത്തുനിന്ന്; ഒന്ന്: മാർച്ചിലെ കനത്ത ചൂട്. കാഴ്ചയിൽ നാലോ അഞ്ചോ വയസ് തോന്നിക്കുന്ന കുട്ടി പൊള്ളുന്ന ടാറിട്ട റോഡിലൂടെ ചെരുപ്പില്ലാതെ നിർവികാരമായി മുന്നോട്ട് നീങ്ങുന്നു.

അവൻെറ അഞ്ചടി മുന്നിലായി ചേച്ചിയാണ് എന്ന് തോന്നുന്നു. കുറച്ചുകൂടി മുന്നിലായി ഒക്കത്ത് കൈക്കുഞ്ഞും തലയിൽ ഭാണ്ഡവുമായി ഒരു സ്ത്രീയും. ബൈക്കിലെത്തിയ സംഘം അവനോട് ഭക്ഷണം വേണോ എന്ന് ചോദിക്കും മുേമ്പ കുട്ടി കൈ നീട്ടി.

രണ്ടുദിവസമായ പട്ടിണി. അനന്തമായ റോഡിലൂടെ ലക്ഷ്യമുണ്ടോ എന്നറിയാതെ നടക്കുന്ന ജനത. കോവിഡ്- 19നെ അതിജീവിക്കാൻ രാത്രി എട്ടിന് ലോക്ഡൗൺ പ്രഖ്യാപിച്ച ലോകത്തിലെ വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങൾ തലസ്ഥാന നഗരിയിൽ നിന്ന് നടത്തുന്ന പാലായനത്തിൻെറ ഒരു ചിത്രമാണിത്.

രണ്ട്: പ്രായം 93, രണ്ടാമത്തെ ആൾക്ക് 88. ഇറ്റലിയിൽ നിന്ന് വന്ന മക്കളിൽ നിന്ന് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവർ ഭേദമായി വീട്ടിലേക്ക് പോവുന്ന കാഴ്ച. ഇന്ത്യയുടെ ഒരറ്റത്ത് കേരളം എന്ന സംസ്ഥാനത്താണ് ഇങ്ങനെ ഒരത്ഭുതം.

കോവിഡ്-19 മുക്തരായ റാന്നിയിലെ ദമ്പതികൾ.

രണ്ട് കാഴ്ചകളും താരതമ്യപ്പെടുത്തി കേരളത്തിൻെറ മേന്മ കാണിക്കുകയല്ല, മറിച്ച് ഇന്ത്യ എന്ന ഫെഡറൽ സ്വഭാവമുള്ള രാജ്യം എങ്ങനെ ഒരു മഹാമാരിയെ കൈകാര്യം ചെയ്യുന്നു എന്ന വൈരുദ്ധ്യം സൂചിപ്പിക്കുകയാണ്. കോവിഡിനുശേഷം അല്ല കോവിഡിൻെറ കാലത്ത് പരിശോധിക്കപ്പെടണം / വിമർശിക്കപ്പെടണം, ഫലപ്രദമായി എങ്ങനെ സംവിധാനം പ്രവർത്തിക്കണമെന്നത്. കാരണം അതിജീവനത്തിനായുള്ള മനുഷ്യരാശിയുടെ യുദ്ധമാണിത്.

കേരളത്തിൻെറ അനുഭവ പാഠങ്ങൾ
2019ൻെറ അവസാനം ചൈനയിലെ വുഹാനിൽ അസാധാരണമായി ന്യുമോണിയ റിപ്പോർട്ട് ചെയ്യുന്നിടത്താണ് ലോകം പുതിയൊരു പ്രതിസന്ധിയിലേക്ക് ചുവടുവെച്ചത്. 2020 ജനുവരി 30 ന് ഔദ്യോഗികമായി ‘ഔട്ട് ബ്രേക്ക്’ അറിയിപ്പ് ലോകത്തിന് ലഭിക്കുന്നു.

കോവിഡ്- 19 എന്ന് പേരിട്ട വൈറസ് ലോകത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചാരം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഈ യാത്രയിലെപ്പോഴാണ് കേരളം കോവിഡ് ഭൂപടത്തിൽ രേഖപ്പെടുത്തപ്പെട്ടത് എന്നതാണ് നമ്മൾ ഉറ്റുനോക്കിയത്.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ രണ്ടുഘട്ടമായി വിലയിരുത്താം. ഒന്നാമത്തേത്, വിജയകരമായി പ്രതിരോധം സംഘടിപ്പിച്ചതിൻെറ. രണ്ടാമത്തേത്, ഇപ്പോഴത്തെ തുടർച്ചയുടെയും.

ലോകത്തിൻെറ എല്ലാ കോണിലും മലയാളിയുണ്ട്, വുഹാനിലും മലയാളി കച്ചവടം നടത്തുന്നു എന്നത് സ്വാഭാവികമായും കേരളത്തെ ലോകത്തിലെ തന്നെ ഏറ്റവും അപകട സാധ്യതയുള്ള കേന്ദ്രങ്ങളിലൊന്നായി മാറ്റുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

ഒരു പക്ഷേ, ഈ വാദം മറ്റൊരു സാധ്യതയിലേക്ക് വാതിൽ തുറക്കുന്നുണ്ട്. അത്, കേരളം ഇങ്ങനെയൊരു വൈറസ് റിപ്പോർട്ട് ചെയ്തപ്പോൾ തൊട്ട് തുടങ്ങിയ ജാഗ്രതയുടെ ഫലവും ആവാം എന്നതാണ്.

വുഹാനിൽ നിന്നുവന്ന തൃശൂർ ജില്ലയിലെ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ രണ്ടുഘട്ടമായി വിലയിരുത്താം. ഒന്നാമത്തേത്, വിജയകരമായി പ്രതിരോധം സംഘടിപ്പിച്ചതിൻെറ. രണ്ടാമത്തേത്, ഇപ്പോഴത്തെ തുടർച്ചയുടെയും.

ഒന്നാം ഘട്ടത്തിൻെറ വിലയിരുത്തൽ പരിശോധിക്കുന്നതിനുമുമ്പ് ചില പൊതുസങ്കൽപ്പങ്ങൾ കൂടി നോക്കേണ്ടതുണ്ട്. അത്, നമ്മുടെ അനുഭവജ്ഞാനവും പുതിയ പ്രതിസന്ധിയും സംബന്ധിച്ചതാണ്.
നിപയെ അഭിമുഖീകരിച്ച അനുഭവ ജ്ഞാനം സർക്കാറിനും, ജനങ്ങൾക്കും ഉണ്ടെങ്കിലും കോവിഡ് ഉയർത്തുന്ന വെല്ലുവിളി വലുതും മറ്റൊരു സ്വഭാവമുള്ളതുമാണ്.

ഒന്നാമത്, ഇത് ലോകം മൊത്തം വ്യാപിക്കുന്ന പകർച്ചവ്യാധിയാണ്. രണ്ടാമത്തേത്, വൈറസ് വ്യാപന ഘട്ടത്തിൽ ഉയരുന്ന വാദങ്ങളാണ്. ഇത് നയം സ്വീകരിക്കുന്ന ഭരണകൂടത്തെയും ജനങ്ങളേയും ആശയ കുഴപ്പത്തിലാക്കാൻ കാരണമായേക്കും.

രോഗീപരിചരണത്തിനിടെ കോവിഡ് ബാധിതയായ കോട്ടയം മെഡി.കോളജ് സ്റ്റാഫ് നേഴ്‌സ് രേഷ്മ മോഹൻദാസ് രോഗമുക്തി നേടി ആശുപത്രി വിടുന്നു.

മരണനിരക്ക് കുറവായതുകൊണ്ട് നിപയുടെ അത്ര ആശങ്ക വേണ്ട എന്ന ധാരണ ചിലർ ഉയർത്തുകയുണ്ടായി. എന്നാൽ, ചിലരുടെ വാദം വൈറസിനെ പൂർണമായി ഇല്ലാതാക്കാൻ സാധിക്കില്ല എന്നും വൈറസ് ഫ്ലൂ പോലെ സമൂഹത്തിൽ നിൽക്കും എന്നുമാണ്. അതുകൊണ്ട് രോഗം മൂർച്ഛിക്കുന്നവരെ ചികിത്സിക്കുന്ന രീതി സ്വീകരിക്കുക, കൂടുതൽ കടുപ്പിച്ച് സമ്പദ് വ്യവസ്ഥ തകരാറിലാക്കരുത് എന്നിങ്ങനെ പോവുന്നു വാദങ്ങൾ. (ഇത്തരം രീതികൾ പിന്തുടർന്ന രാജ്യങ്ങളുടെ അവസ്ഥ ഇന്ന് പരിശോധിക്കുമ്പോൾ മനസ്സിലാകും, എത്ര അപകടകരമായിരുന്നു ഈ വാദങ്ങൾ എന്ന്).
നിപ പ്രതിരോധത്തിൽ നിന്ന് ലഭിച്ച അനുഭവജ്ഞാനം ചില ആക്ഷനുകൾ എടുക്കാൻ സഹായകമായിട്ടുണ്ട്. എങ്കിലും നിപയിൽ നിന്ന് കോവിഡിലേക്കെത്തുമ്പോൾ ഉണ്ടാവുന്ന വ്യത്യാസം, നിപ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത R0(Basic Reproduction Nummer) 0.4 ഉം കോവിഡിേൻറത് (ചൈനയെ പരിഗണിച്ചാൽ) 2.5ഉം ആണ്.

R0 ഒന്നിനു മുകളിലാണെങ്കിൽ പകർച്ചവ്യാധി പൊട്ടിപുറപ്പെടാനുള്ള സാധ്യത കൂടും. ലോകത്ത് ഇത് 1.5- 3 വരെ ആയേക്കാം(ഏകദേശ കണക്കാണ്). പാരിസ്ഥിതിക അവസ്ഥ, വ്യാധിയോടുള്ള ജനസംഖ്യയുടെ പ്രതികരണം എന്നിവ കണക്കാക്കിയാവും രോഗവ്യാപനം.

പഴുതുകളില്ലാതെയുള്ള പ്രവർത്തനവും ഏകോപനവും ഇല്ല എങ്കിൽ പ്രേതങ്ങളുടെ താഴ്വരയായി കേരളം മാറും എന്നത് മഹാമാരിയുടെ ഭീകരത തെളിയിക്കുന്നു

അങ്ങനെ നോക്കുമ്പോൾ കോവിഡിന് വലിയ പടർച്ചയ്ക്കുള്ള സാധ്യതയുണ്ട്. അതിൽ 2% മരണ നിരക്ക് എന്ന നിലയിൽ കണക്കാക്കിയാൽ തന്നെ വലിയ ശതമാനം ആളുകളുടെ മരണ കാരണമായി രോഗം മാറിയേക്കാം.

അതുകൊണ്ട് കോവിഡ് അത്ര അപകടകാരിയല്ല എന്ന തോന്നൽ അത്യന്തം അപകടകരമാണ്. പഴുതുകളില്ലാതെയുള്ള പ്രവർത്തനവും ഏകോപനവും ഇല്ല എങ്കിൽ പ്രേതങ്ങളുടെ താഴ്വരയായി കേരളം മാറും എന്നത് മഹാമാരിയുടെ ഭീകരത തെളിയിക്കുന്നു. ഇത് മുന്നിൽ കാണാതെ ഒരു ചുവടും മുന്നോട്ടുവെക്കാനാവില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ

ആദ്യ ഘട്ടം
ഒരു പ്രത്യേക കേസ് റിപ്പോർട്ട് ചെയ്തതിനുശേഷമല്ല, അതിനുമുേമ്പ പ്രാരംഭ പ്രവർത്തനം കേരളത്തിൽ ചെയ്തിരുന്നു. അതുകൊണ്ട്, പ്രാരംഭ പ്രവർത്തനം തൊട്ട് ഒന്നാം ഘട്ടമായി കണക്കാക്കാം.
ലോകത്ത് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ തന്നെ ലോകാരോഗ്യ സംഘടന, ആരോഗ്യ മന്ത്രാലയം എന്നിവരുടെ നിർദ്ദേശ പ്രകാരം കേരളം നടപടി ആരംഭിച്ചു കഴിഞ്ഞിരുന്നു.

ചൈനയിൽ നിന്ന് റിപ്പോർട്ടുകൾ വന്നയുടൻ സംസ്ഥാന ദ്രുതകർമസേന യോഗം ചേരുകയും രോഗനിരീക്ഷണം, ലബോറട്ടറി ഒരുക്കൽ, ചികിത്സ പരിശീലനം എന്നിവക്കുള്ള മാർഗരേഖ തയ്യാറാക്കി. പ്രതിസന്ധി നേരിടാൻ ജില്ലാകേന്ദ്രങ്ങൾ സജ്ജമാക്കുകയും ചൈനയിൽ നിന്ന് വരുന്ന മുഴുവൻ യാത്രക്കാരെയും സ്ക്രീനിംങ്ങ് ചെയ്യാനും ആരംഭിച്ചു.

ആശുപത്രികളിൽ ഐസലേഷൻ വാർഡ് രൂപീകരിക്കാൻ ജനറൽ, ജില്ലാ ആശുപത്രികൾക്കുപുറമേ സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം നൽകി. ജനുവരി 24 ന് പ്രത്യേക കൺട്രോൾ റൂം ആരംഭിക്കുകയും സംസ്ഥാന കൺട്രോൾ റൂമിന് സമാനമായ ജില്ല കൺട്രോൾ റൂമുകൾ ജനുവരി 28നുതന്നെ ആരംഭിക്കുകയും ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് നിർദ്ദേശം നൽകി. ഈ മുന്നൊരുക്കം നടക്കുന്ന ഘട്ടത്തിലാണ് പ്രതീക്ഷിച്ച പോലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്.
ജനുവരി 30ന് വുഹാനിൽ നിന്ന് വന്ന തൃശൂരിലെ പെൺകുട്ടിക്ക് രോഗം റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ അടിയന്തിരമായി ജില്ലയിൽ എത്തി നടപടി ക്രമം പരിശോധിച്ചു. ഫെബ്രുവരി ഒന്നുമുതൽ എൻ.സി.വി സാമ്പിൾ പരിശോധിക്കാൻ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റിൽ ക്രമീകരണം ആരംഭിക്കുകയും 24 മണിക്കൂർ സംസ്ഥാന / ജില്ല കൺട്രോൾ റൂം പ്രവർത്തനം തുടങ്ങുകയും ചെയ്തു.

ഫെബ്രുവരി രണ്ടിന് ആലപ്പുഴയിൽ ഐസൊലേഷനിൽ കഴിയുന്ന ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥിയുടെ റിസൾട്ട് പോസറ്റീവ് ആവുന്നു. മൂന്നാമത്തെ കേസ് കാസർഗോഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ബോധവൽക്കരണം ശക്തമാക്കുന്നു.

40 ലക്ഷം കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂം വഴി ബോധവൽക്കരണം നടത്തി. ശക്തമായ നിരീക്ഷണങ്ങളും പ്രവർത്തനങ്ങളും കൊണ്ട് ഫെബ്രുവരി മൂന്നാമത്തെ ആഴ്ചയാവുമ്പോഴേക്കും രോഗം ശമിക്കുകയും ചികിത്സയിലായവർ ഡിസ്ചാർജാവുകയും ചെയ്തു. ജാഗ്രത തുടരുക എന്നതാണ് സർക്കാർ സ്വീകരിച്ച രീതി.
രണ്ടാംഘട്ടം
ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിൽ വൈറസ് വ്യാപനം ശ്രദ്ധയിൽപ്പെട്ടതോടെ ഇറ്റലി, ചൈന, ഹോങ്കോങ്ങ്, ഇറാൻ, തായ്ലാൻറ്, ജപ്പാൻ, നേപ്പാൾ, വിയറ്റ്നാം, ദക്ഷിണ കൊറിയ, മലേഷ്യ ഇന്തോനേഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കാൻ നിർദേശം നൽകി.

പൊങ്കാലയുടെ തലേന്ന്, ഇറ്റലിയിൽ നിന്നുവന്ന മൂന്നുപേർക്കും അവരിൽ നിന്ന് രണ്ടുപേർക്കും രോഗം സ്ഥിരീകരിക്കുന്നു. സുരക്ഷാ മുന്നൊരുക്കത്തോടെയാണെങ്കിലും പൊങ്കാല തടയാതിരുന്നത് തലക്കുമുകളിൽ വാള് ഉണ്ടെന്ന ബോധ്യത്തോടെയാവണം.

കൂടാതെ, ഫെബ്രുവരി 10 മുതൽ ഈ രാജ്യങ്ങളിൽ യാത്ര ചെയ്തവരോട് 14 ദിവസം വീടുകളിൽ നിരീക്ഷണം തുടരാനും രോഗലക്ഷണമുള്ളവർ ആശുപത്രികളിൽ ഐസോലേഷനിൽ കഴിയാനും മാർച്ച് രണ്ടിന് സർക്കാർ നിർദേശിച്ചു. മാർച്ച് നാല് ആകുമ്പോഴേക്കും കേരളത്തിൽ 469 പേർ നിരീക്ഷണത്തിലായി.

ഇതിനിടയിലാണ് ആറ്റുകാൽ പൊങ്കാല. പൊങ്കാലയുടെ തലേന്ന്, മാർച്ച് എട്ടിന് ആരോഗ്യ വകുപ്പ് ഇറ്റലിയിൽ നിന്നുവന്ന മൂന്നുപേർക്കും അവരിൽ നിന്ന് രണ്ടുപേർക്കും രോഗം സ്ഥിരീകരിക്കുന്നു. ഒരു പക്ഷെ സുരക്ഷാ മുന്നൊരുക്കത്തോടെയാണെങ്കിലും പൊങ്കാല തടയാതിരുന്നത് തലക്കുമുകളിൽ ഒരു വാള് ഉണ്ടെന്ന ബോധ്യത്തോടെയാവണം.

കൂടുതൽ ആളുകളെ തെരുവിലിറക്കാൻ സുവർണാവസര രാഷ്ട്രീയക്കാർക്ക് ‘സ്ത്രീകളുടെ ശബരിമല’യിൽ അവസരം നൽകാതെ, സർക്കാർ നടത്തിയ നീക്കം ഇന്ന് ചിന്തിക്കുമ്പോൾ ശരിയാണ്.
ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ കുടുംബം റിപ്പോർട്ട് ചെയ്യാതെയിരിക്കുകയും അവരുടെ ബന്ധുക്കളെ സന്ദർശിക്കുകയും ചെയ്തതോടെയാണ് കേരളം കോവിഡിനെതിരായ യുദ്ധത്തിൻെറ രണ്ടാം ഘട്ടത്തിൽ പ്രവേശിക്കുന്നത്. പത്തനംതിട്ടയിൽ കേസ് റിപ്പോർട്ട് ചെയ്തതിനു പുറകേ മാർച്ച് ഏഴിന് ഇറ്റലിയിൽ നിന്ന് വന്ന കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു.

തുടർന്ന്, ഇവർക്കൊപ്പം വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. മാർച്ച് 10 ആവുമ്പോഴേക്കും പതുക്കെ കാര്യങ്ങൾ കടുത്തുതുടങ്ങി. സ്കൂൾ പരീക്ഷ നടക്കുന്ന ഘട്ടത്തിൽ ഏഴാം ക്ലാസുവരെ പരീക്ഷ ഉപേക്ഷിച്ച് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, പൊതുപരിപാടികൾ നിർത്തി.

നിരീക്ഷണം ശക്തിപ്പെടുത്തിയതിൻെറ ഫലമായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. മാർച്ച് 10 ആകുമ്പോൾ വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി.
ഒടുങ്ങാത്ത പ്രതിസന്ധികൾ
ചുരുങ്ങിയ നാളുകൾക്കുള്ളിൽ അന്തരീക്ഷം ആകെ മാറി. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കേരളം വികസിപ്പിച്ച SOP (standard Operation Procedure) പിന്തുടരാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിർദ്ദേശം നൽകി.

രോഗവ്യാപനം തടയാൻ കണ്ടൈൻമൻെറ മെത്തേഡ് പിന്തുടരുന്ന കേരളത്തിനോട് അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങൾ പിൻതുടരുന്ന മിറ്റിഗേഷൻ മെത്തേഡ് പിൻതുടരണമെന്ന് സഭയിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോഴും ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്ക്കരിക്കപ്പെടുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്നതിൻെറ ചിത്രങ്ങളാണ് പിന്നീട് കണ്ടത്.

ചുരുങ്ങിയ നാളുകൾക്കുള്ളിൽ അന്തരീക്ഷം ആകെ മാറി. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കേരളം വികസിപ്പിച്ച SOP (standard Operation Procedure) പിന്തുടരാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി നിർദ്ദേശം നൽകി.

സർക്കാർ വകുപ്പുകളുടെ ഏകോപനം, പഞ്ചായത്തുകൾ തൊട്ട് അടിമുടി പരസ്പരബന്ധിതമാക്കുന്ന പരിപാടികൾ എന്നിവ ഫലപ്രദമായി നടന്നു. സ്ഥാപനങ്ങൾ പലതും ‘വീട്ടിലിരുന്ന് ജോലി’ എന്ന രീതി സ്വീകരിച്ചു.

2,36,000 പേരുടെ സന്നദ്ധ സേന രൂപീകരിക്കുന്നു. വ്യവസായ വകുപ്പിനു കീഴിൽ പത്ത് ദിവസം കൊണ്ട് ലക്ഷം ബോട്ടിൽ സാനിറ്റൈസർ നിർമ്മിക്കാൻ ധാരണയാവുന്നു. മാർച്ച് 15ന് ‘ബ്രേക്ക് ദി ചെയ്ൻ’ പ്രചാരണം തുടങ്ങി.
ഇതേ ഘട്ടത്തിലാണ് കൂടുതൽ വിദേശ രാജ്യങ്ങളിൽ രോഗം വ്യാപിച്ചത്. അതിനനുസൃതമായി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. 276 ഡോക്ടർമാരെ പി.എസ്.സി മുഖേന നിയമിച്ചു. സർക്കാർ നിലപാട് കടുപ്പിക്കുന്നതിനൊപ്പം ജനങ്ങളും സ്വയം നിയന്ത്രണങ്ങൾക്ക് വിധേയമായി.

നിത്യജീവിത ദുരിതം പരിഹരിക്കാൻ അടിയന്തര നടപടികൾ, ഉദാഹരണത്തിന്, വായ്പ കാര്യത്തിൽ ബാങ്കുകളുമായി ധാരണ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച്, കേരളം ഒന്നിച്ച് നിൽക്കാൻ സന്ദേശം നൽകി.

പകർച്ചവ്യാധികളുടെ കാര്യത്തിൽ, സാമൂഹിക വ്യാപനം തടയാൻ നടപടി സ്വീകരിക്കുേമ്പാൾ നിരവധി പ്രതിസന്ധികൾ ഉയർന്നു വരും. ഒന്ന്, തൊഴിലില്ലാത്തവരുടെ പ്രശ്നം. സാമ്പത്തിക നില പരുങ്ങലിലാകും. ഫെഡറൽ സംസ്ഥാനങ്ങൾക്ക് പരിമിതികൾക്കകത്തുനിന്ന് എന്ത് ചെയ്യാനാവും?
ജീവനൊടുക്കിയ ധനമന്ത്രിക്കുപകരം ജീവൻ നൽകുന്ന ധനമന്ത്രി
സാമ്പത്തികനില എങ്ങനെ ഭദ്രമാക്കാം എന്ന് ആലോചിക്കുന്നത്, ജർമനിയിൽ ഹെസെ സംസ്ഥാനത്തെ ധനകാര്യമന്ത്രി തോമസ് ഷോഫർ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ്. കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്തുള്ള മനോവിഷമത്തിലാണ് അദ്ദേഹം ജീവനൊടുക്കിയത്.

തോമസ് ഷോഫർ

അനുദിനം സാമ്പത്തികക്കുഴപ്പം രൂക്ഷമാകുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൻെറ ധനമന്ത്രി ഡോ.തോമസ് ഐസക്ക് കേന്ദ്രവുമായി ദിവസവും ഗുസ്തി പിടിക്കുന്നതാണ് കാണുന്നത്. പരിമിതിയുണ്ട് എന്നത് വസ്തുതയാണ്. രണ്ട് പ്രളയം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് നടുവുയർത്തുമ്പോഴാണ് ഇടിത്തീ പോലെ കോവിഡ്.

പക്ഷെ, അടിയന്തിരമായി സർക്കാർ എന്തു ചെയ്യാൻ പോവുന്നു എന്നതിന് മന്ത്രി ഐസക്കിന് നിശ്ചയമുണ്ട്. അദ്ദേഹം പറയുന്നു: ‘പണി ഇല്ലാത്തതുകൊണ്ട് സാധാരണക്കാരുടെ കൈയിൽ പണമില്ല. അവരുടെ കൈവശം പണമെത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. അതിന് ഏറ്റവും നല്ല മാർഗം കുടിശിക അടക്കം മുഴുവൻ ക്ഷേമപെൻഷനും വിതരണം ചെയ്യുകയാണ്.

അടുത്ത 12 മാസത്തേക്കുള്ള തൊഴിലുറപ്പു പദ്ധതി രണ്ടു മാസം കൊണ്ട് തീർക്കുകയാണ്. സൗജന്യ റേഷൻ നൽകുകയാണ്. സ്കോളർഷിപ്പുകൾ, സബ്സിഡികൾ തുടങ്ങി സാധാരണക്കാർക്കുള്ള മുഴുവൻ കുടിശികകളും തീർത്തുകൊടുക്കുകയാണ്’.
ഈ നിലപാടിൻെറ ചുവടുപിടിച്ചാണ് കേരളം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. 20000 കോടി രൂപയുടെ പാക്കേജ് വഴി പണം ജനങ്ങളിലെത്തിക്കാനും വിപണിയെ ചലിപ്പിക്കാനുമുള്ള കെയ്നീഷ്യൻ മാതൃകയാണ് പിന്തുടരുന്നത്. കൂടുതൽ മാന്ദ്യത്തിലേക്ക് കൂപ്പുകുത്താതിരിക്കാൻ കരുതൽ എടുക്കുമ്പോഴും, കേന്ദ്ര നിലപാട് മുഖ്യമാണ് എങ്കിലും, ജനകീയ പോരാട്ടം അന്തർലീനമായിയിരിക്കുന്നതുകൊണ്ടാണ് സാലറി ചലഞ്ച് പോലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
അടച്ചുപൂട്ടുന്നു
രാജ്യം നിശ്ചലമാവാൻ മാർച്ച് 22ന് ജനതാ കർഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി.

ഇതേ സമയത്ത് കേരളത്തിൻെറ വടക്ക് കാസർകോട്ട്, വിദേശത്തുനിന്ന് വന്ന ഒരു വ്യക്തി എം.എൽ.എമാരടക്കമുള്ളവരെ കാണുകയും നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തതോടെ ആശങ്ക കനക്കുന്നു. കാസർകോട്ട് നിയന്ത്രണം കടുപ്പിക്കുന്നു. മാർച്ച് 23ന് സംസ്ഥാനം ലോക്ഡൗണിൽ.
നിശ്ചയമായും മനുഷ്യൻെറ അവകാശമാണ് ഭക്ഷണം. അതിനായി സമൂഹ അടുക്കള,
87 ലക്ഷം കാർഡുടമകൾക്ക് 15 കിലോ റേഷനരി, കാർഡിലാത്തവർക്കും സൗജന്യ അരി, പലവ്യഞ്ജന കിറ്റ്. പട്ടിണി മനുഷ്യനു മാത്രമല്ല. മൃഗങ്ങൾ പട്ടിണിയാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്താൻ ധാരണ.

ലോക്ക്ഡൗണിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങുന്നവർ.

മറ്റൊരു പ്രശ്നം: കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികൾ തിരിച്ചുപോകാനാകാതെ നിൽക്കുകയാണ്. ഇവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അവരെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിടാൻ പാടില്ല, അവരുടെ ആരോഗ്യം, ഭക്ഷണം, താമസം എന്നത് പ്രത്യേകം പരിഗണിക്കണം.
കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ, ട്രാൻസ് ജെൻഡറുകൾ, തൊഴിലാളികൾ, രോഗികൾ തുടങ്ങി മൃഗങ്ങളുടെയടക്കം കാര്യങ്ങൾ വിലയിരുത്തിയുള്ള പരിഹാരങ്ങൾ. ഇങ്ങനെ പോവുന്നു ആക്ഷൻ ഇൻ ദി ടൈം ഓഫ് കൊറോണ.
പക്ഷെ നമുക്ക് മുകളിൽ നിഴലിച്ച ആശങ്കയിൽ കഴിയുക ദുഷ്കരമാണ്. ക്യൂബൻ മരുന്ന് പരീക്ഷിക്കുേമ്പാഴും, അതിവേഗം രോഗ പരിശോധന നടത്താൻ റാപ്പിഡ്‌ ടെസ്റ്റ് നടത്തുമ്പോഴും ഓരോ വ്യക്തിയ്ക്കും ഉത്തരവാദിത്വമുണ്ട്, രോഗം പടരാതിരിക്കാനുള്ള കരുതലെടുക്കാൻ. ഈ കരുതലാണ് പ്രധാനം.

നമ്മൾ അതിജീവിക്കും എന്നത് മലയാളിയുടെ ടാഗ് ലൈനായി മാറിക്കഴിഞ്ഞു.
വികസിത രാജ്യങ്ങളുടെ കഥകൾ, എന്തിന് നമ്മുടെ രാജ്യത്തിൻെറ അനുഭവം, അനുദിനം കേൾക്കുമ്പോൾ, എവിടെയെങ്കിലും നമുക്ക് സുരക്ഷിതത്വബോധം വരുന്നുണ്ടെങ്കിൽ നിശ്ചയമായും നമ്മൾ സ്വീകരിച്ച മാതൃക ശരിയാണ് എന്നാണ് തെളിയിക്കുന്നത്.

ജനങ്ങളാണ് നായകർ. അതുകൊണ്ടാണ് കത്തോലിക്ക സഭ അവരുടെ ആശുപത്രികൾ കോവിഡ് പ്രതിരോധത്തിന് വിട്ടുതരുന്നത്. ഡോക്ടർ, നേഴ്സ്, മറ്റ് ആരോഗ്യ ഉദ്യോഗസ്ഥർ, പൊലീസ്, സർക്കാർ സംവിധാനം, യുവജനം തുടങ്ങി മുഴുവൻ മനഷ്യരും ഒന്നിക്കുന്നത്.

കേരളത്തിൻെറ പ്രവർത്തനം സസൂക്ഷ്മം നിരീക്ഷിക്കുന്നവർക്ക് സംശയമില്ലാത്ത ഒരു കാര്യമുണ്ട്: അതാണ് രജ്ദീപ് സർദ്ദേശായി പറഞ്ഞത്: ‘What Kerala thinks today India thinks tomorrow’.

Comments