പൊളിറ്റിക്കൽ ന്യൂട്രാലിറ്റി ​ബോധ്യപ്പെടുത്താനല്ല പരിഷത്ത്​ ജാഥ

പരിഷത്ത് ജാഥക്ക് മുൻപൊന്നും കിട്ടാതിരുന്ന മാധ്യമശ്രദ്ധ ഇപ്പോൾ കിട്ടുന്നുണ്ട്. ഖേദകരമെന്ന് പറയട്ടെ, പലരും പരിഷത്ത് മുന്നോട്ടുവയ്ക്കുന്ന ആശയതലമല്ല ചർച്ച ചെയ്യുന്നത്​. പകരം, ജാഥാ ക്യാപ്​റ്റന്മാരെക്കുറിച്ചാണ്​ ചർച്ച. സാമൂഹ്യചിന്ത രൂപപ്പെടുത്തുന്നതിൽ എല്ലാവർക്കും പങ്കുണ്ട് എന്നതുകൊണ്ടുതന്നെ, പുരോഗമന സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നവരാണ് 30 ദിവസ പദയാത്രയിലെ ഓരോ ദിവസത്തേയും ക്യാപ്റ്റന്മാരായി പ്രവർത്തിച്ചത്.

കുഞ്ഞുണ്ണിമാഷുടെ കുറുംകവിതയാണ് ‘പെണ്ണ് കാണുമ്പോൾ കണ്ണ് മാത്രം പോരാ, കണ്ണാടിയും കൂടെ കൊണ്ടുപോണം' എന്നത്.

ഗൾഫ് കാലഘട്ടത്തിന്റെ ആരംഭത്തിൽ അഞ്ചാം ക്ലാസിൽ അഞ്ചുവട്ടം തോറ്റ് ഗതിയും പരഗതിയും ഇല്ലാതെ ഗൾഫിൽ പോയി അല്പം പണമുണ്ടാക്കി നാട്ടിൽവന്ന് വിവാഹാലോചന നടത്തുമ്പോൾ ‘ലോകസുന്ദരിയും വിദ്യാസമ്പന്നയുമായിരിക്കണം എന്റെ വധു’ എന്ന കല്യാണാലോചനക്കാരന്റെ മനസ്സിലിരിപ്പിനെ പരിഹസിച്ചാണ് കവി പാടിയത്. അത്തരമൊരു പുറംപൂച്ച് സാമൂഹ്യപുരോഗതിയിൽ അഭിരമിച്ചിരിക്കുന്ന 21-ാംനൂറ്റാണ്ടിലെ കേരളസമൂഹത്തോട് കണ്ണാടി തിരിച്ചുപിടിച്ച് സ്വയം നോക്കിയില്ലെങ്കിൽ പിൻതലമുറക്കാർ നേടിത്തന്ന സാമൂഹ്യപുരോഗതിയിൽനിന്ന്​ വലിയ തിരിച്ചുപോക്കിന് ഉത്തരവാദി നമ്മൾ തന്നെയായിരിക്കുമെന്ന മുന്നറിയിപ്പാണ് പരിഷത്ത് പദയാത്രയിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയതലം.

പരിഷത്ത് ജാഥക്ക് മുൻപൊന്നും കിട്ടാതിരുന്ന മാധ്യമശ്രദ്ധ ഇപ്പോൾ കിട്ടുന്നുണ്ട്. ഖേദകരമെന്ന് പറയട്ടെ, പലരും പരിഷത്ത് മുന്നോട്ടുവയ്ക്കുന്ന ആശയതലമല്ല ചർച്ച ചെയ്യുന്നത്​. പകരം ഇവരുയർത്തുന്ന വാദങ്ങൾ ഇവയാണ്​: സ്വതന്ത്രനിലപാടുള്ള സംഘടന എന്ന സൽപ്പേര് 90 കൾക്കുശേഷം പരിഷത്തിന്​ നഷ്ടപ്പെട്ടു. അത് തിരിച്ചുപിടിക്കാനുള്ള ജാഥയാണിത്​. ഈ സാഹചര്യത്തിലാണ്​ കോൺഗ്രസ് നേതാവായ ലിജുവും എൻ.കെ. പ്രേമചന്ദ്രനും ജാഥ നയിക്കാനെത്തുന്നത്.

ഇവരാരും പരിഷത്ത് പദയാത്രയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 15 ലഘുലേഖകൾ കാണാതിരുന്നതുകൊണ്ടാണോ അതിൽ പറയുന്ന കാര്യങ്ങൾ ചർച്ചാവിഷയമാക്കാതിരിക്കുന്നത്? 20,000 സെറ്റ് (3 ലക്ഷം) ലഘുലേഖകൾ ആണ് പദയാത്രയുടെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ടത്.
18 അക്കാദമിക് സെമിനാറുകൾ, 60 പ്രാദേശിക പഠനങ്ങൾ എന്നിവ പദയാത്രക്ക് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ടു. കേരളത്തിന്റെ പുരോഗതിയിൽ ചില വിടവുകളുണ്ടെന്നും അത് കണ്ടെത്തി പരിഹരിക്കേണ്ടത് ഇപ്പോൾ ജീവിച്ചിരിക്കുന്ന തലമുറയുടെ ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവുമാണ്, അംഗബലത്തിന്റെ കാര്യത്തിലും മറ്റു പല അളവുകോലെടുത്ത് പരിശോധിച്ചാലും തീരെ ചെറിയ സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്തിനെ കൊടുംവെയിലത്തും പദയാത്ര നടത്താൻ പ്രേരിപ്പിച്ചത്. കേരളത്തിന്റെ സാമൂഹ്യപ്രശ്‌നങ്ങളെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് മാത്രമോ, ഒട്ടനവധിയായുള്ള സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് ഒറ്റയ്‌ക്കൊറ്റക്കോ പരിഹരിക്കാവുന്നതല്ല. ഒന്നിച്ചുനിന്ന് പരിഹരിക്കപ്പെടേണ്ടതാണ്.

എഴുതാനും വായിക്കാനും യുക്തിപരവും ശാസ്ത്രീയവുമായി ചിന്തിക്കാനും സ്വതന്ത്രമായി തീരുമാനമെടുക്കാനും കഴിയുന്ന ഒരു സമൂഹമണ്​ മലയാളിയുടേത്​ എന്നാണല്ലോ നമ്മുടെ സ്വയം ധാരണ. എന്നാൽ, ഇപ്പോഴത്തെ പല അനുഭവങ്ങളും വച്ച് പരിശോധിച്ചാൽ, അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക് എന്ന് നമുക്കറിയാം. 1932ലാണ് അവിശ്വാസിയായ പി. കൃഷ്ണപിള്ള ഗുരുവായൂർ അമ്പലത്തിൽ മണിയടിച്ച് എല്ലാ ജാതിയിൽപെട്ട മനുഷ്യർക്കും അമ്പലത്തിൽ പ്രവേശിച്ച് തൊഴാനുള്ള അവകാശത്തിനായി പോരാടി സവർണരായവരുടെ അടിവാങ്ങിയത്. അന്നത്തെ സാമൂഹ്യവ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവർത്തിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് അടി വാങ്ങേണ്ടിവന്നത്. അത് കഴിഞ്ഞിട്ട് 90 വർഷമായി. അന്ന് അവിശ്വാസി വിശ്വാസിക്കുവേണ്ടിയാണ് അടികൊണ്ടത്. ഇന്ന്​ വിശ്വാസിയായ ഒരു സെലബ്രിറ്റി പറയുന്നു, താൻ അവിശ്വാസികളുടെ സർവനാശത്തിനായി ദൈവത്തിനോട് കൈകൂപ്പി പ്രാർത്ഥിക്കുമെന്ന്. അയാൾ കേരളത്തിനെ പ്രതിനിധീകരിച്ച രാജ്യസഭാംഗമാണ്. 90 കൾവരെയുള്ള കേരളത്തിൽ ഇത്തരമൊരു പ്രാർത്ഥന നടത്തുമെന്ന് പറയാൻ ആരെങ്കിലും ധൈര്യപ്പെടുമായിരുന്നോ. അവിശ്വാസികളോട് വലിയ ബഹുമാനം കാണിച്ചിരുന്ന വിശ്വാസികളുടെ നാട്ടിൽനിന്ന്​ അക്രമോത്സുകരായ വിശ്വാസികളുടെ നാടാവുന്ന കേരളീയ സാമൂഹ്യസാഹചര്യത്തെ ഈ സമൂഹമല്ലാതെ മറ്റാർക്കാണ് നേരിടാൻ കഴിയുക? ഇത് കേരളം രാഷ്ട്രീയം മാറ്റിവച്ച് ചർച്ചചെയ്യേണ്ടതല്ലേ.

പി. കൃഷ്ണപിള്ള

എല്ലാ ജാതിയിലുമുള്ള ഹിന്ദു വിശ്വാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുവേണ്ടിയായിരുന്നു ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളിൽ നടന്ന സമരം. പിന്നീട് സാമൂഹ്യചിന്തയിലും ശാസ്ത്രപുരോഗതിയിലുമുണ്ടായ മാറ്റങ്ങൾ മനുഷ്യരുടെ ശാസ്ത്രാവബോധത്തേയും ചിന്താരീതികളേയും സ്വാധീനിച്ചതിന്റെ ഭാഗമായാണ് സുപ്രീംകോടതി തന്നെ ആർത്തവം നിലയ്ക്കാത്ത വിശ്വാസികളായ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്നും ആർത്തവമെന്നത് മനുഷ്യശരീരത്തിൽനിന്ന്​ മാലിന്യം പുറന്തള്ളുന്നതിനു തുല്യമായ ശാരീരികപ്രക്രിയയാണെന്നും പറഞ്ഞത്. ഇതിനെതിരെ നടന്ന മുതലെടുക്കൽ സമരം കേരളം സാമൂഹ്യപരമായി ചർച്ച ചെയ്യേണ്ടതല്ലേ.
ഇത്തരമൊരു തിരിഞ്ഞുനടത്തത്തിന് എന്തായിരിക്കും കാരണങ്ങളെന്ന് നമ്മൾ പരിശോധിക്കേണ്ടേ?.

വിദ്യാഭ്യാസ പദ്ധതിയാണോ പ്രശ്‌നം? യാതൊരു സാമൂഹ്യപ്രതിബദ്ധതയുമില്ലാത്ത വരേണ്യ സ്വകാര്യ അൺ എയ്ഡഡ് വിദ്യാഭ്യാസപദ്ധതി ഇതിന്​ കാരണമായിട്ടുണ്ടോ? കേരളത്തിലെ സാമൂഹ്യസാഹചര്യത്തിൽന്ന്​ കുതറിമാറി കേരളത്തിനുപുറത്തും ഗൾഫിലും പണിയെടുത്ത് കേരള സമ്പദ്​വ്യവസ്​ഥയിൽ ചെലുത്തുന്ന സ്വാധീനം സൃഷ്ടിച്ച മനുഷ്യർക്ക് ഇതിൽ പങ്കുണ്ടോ? പരിശോധിക്കേണ്ടേ?.

വികസനത്തിന്റെ പേരിൽ കേരള ഭൂപരിസ്ഥിതിയിൽ വന്ന മാറ്റങ്ങൾ കേരളത്തിന് തിരിച്ചടിയാകുമെന്ന് പ്രളയകാലത്ത്​ കൂടുതലായി ബോധ്യപ്പെട്ടതാണ്. പരിസ്ഥിതിലോലമായ ചെറിയ ഭൂപ്രദേശത്ത് മധ്യവർഗ വികസന താത്പര്യങ്ങളെയും സ്വപ്നങ്ങളെയും (അവരുടെ സ്വപ്നങ്ങൾ ഏറിയ കൂറും വികസിത മുതലാളിത്ത വികസന കാഴ്ചപ്പാടുകളാണ്) പൂർണമായും ഉൾക്കൊണ്ടുള്ള കേരള വികസനപദ്ധതി നമുക്ക് നടപ്പിലാക്കാൻ കഴിയുമോ? കേരളത്തിന്റെ പാരിസ്ഥിതികമായ നിലനില്പ് പരിശോധിക്കാതെയുള്ള വികസന സമ്മർദങ്ങളിൽനിന്ന്​ പുറത്തുകടക്കാൻ കേരളം ഭരിക്കുന്ന സർക്കാരുകൾക്ക് കഴിയണം. അപ്പോഴേ നമ്മൾ മാതൃകാ കേരളമാകുകയുള്ളൂ. ഇത് സാമൂഹ്യപരമായി ചർച്ചചെയ്യണ്ടേ?.

കാർഷിക ഉൽപാദനത്തിൽ കഴിയുന്നത്ര സ്വയംപര്യാപ്തത നേടുകയെന്നത് ഓരോ സംസ്ഥാനത്തിന്റെയും അനിവാര്യതയാണ്. ശാസ്ത്രസാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഉൽപാദനാധിഷ്ഠിത വികസനകാര്യത്തിൽ നമ്മൾ ഏറെ പിറകിലാണെന്നത് വസ്തുതയല്ലേ. അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങളുടെയും രാസവളത്തിന്റെയും രാസകീടനാശിനികളുടെയും പ്രയോഗത്തിൽ പ്രോട്ടോക്കോൾ കൊണ്ടുവരുന്നതിനുപകരം, പുതുകാലഘട്ടത്തിലെ എല്ലാ അസുഖങ്ങൾക്കും ഇവരാണ് കാരണക്കാർ എന്ന് പറഞ്ഞ് പൂർണമായ ജൈവ ഉൽപാദനരീതിയിലേക്ക് തിരിയുന്നത് നമുക്ക് അനുയോജ്യമാണോ? വിദ്യാഭ്യാസമുള്ള സമൂഹം യുക്തിപരമായി ചർച്ചചെയ്യേണ്ട വിഷയമല്ലേ ഇത്. നമ്മുടെ കാർഷിക സർവകലാശാലകളും, കാർഷിക ഗവേഷണസ്ഥാപനങ്ങളും, കൃഷിഭവനുകളും കേരള കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിൽ വിജയിക്കുന്നുണ്ടോ? വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളെയല്ലാ നമ്മൾ ആധാരമാക്കേണ്ടത് എന്ന ബോധ്യമെങ്കിലും നമുക്ക് വേണ്ടേ?

പ്രകൃതിദൂഷണമുള്ള വലിയ വ്യവസായങ്ങൾക്ക് കേരളം അനുയോജ്യമല്ല എന്നത് നമ്മൾ ഏറെ ചർച്ച ചെയ്​ത വിഷയമാണ്. മാത്രമല്ല വിദഗ്ധ തൊഴിലാളികളെ കൂടുതൽ ലഭ്യമായ സ്ഥലവുമാണ് നമ്മുടേത്. അപ്പോൾ അതിനനുസരിച്ചുള്ള തൊഴിൽ രൂപപ്പെടണം. കേരളീയരായ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ഇവിടെത്തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ നമുക്ക് കഴിയുന്നുണ്ടോ? ഇനി കേരളീയരായ യുവാക്കൾ തൊഴിലിനും വിദ്യാഭ്യാസത്തിനും പുറത്തേക്ക് പോകുന്നത് ഇവിടെ തൊഴിൽ ലഭിക്കാത്തതുകൊണ്ട് മാത്രമാണോ? അതോ പുതുതലമുറയുടെ വികസനസ്വപ്നങ്ങളെ സാധൂകരിക്കാൻ കഴിയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, തൊഴിൽശാലകളുടെയും അപര്യാപ്തതയാണോ നമ്മുടെ പ്രശ്‌നം.

ഇതൊന്നും രാഷ്ട്രീയപരമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്താവുന്നതല്ല. സമൂഹം വ്യത്യസ്ത തലത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ഇരുന്ന് ചർച്ച ചെയ്യണം.

ആരോഗ്യപരിപാലനത്തിനുള്ള സൗകര്യങ്ങൾ ഏറെയുള്ള നാടാണ് നമ്മുടേത്. തർക്കമില്ല. പക്ഷെ അതുകൊണ്ടുമാത്രം നമ്മൾ ജനകീയാരോഗ്യത്തിന് മാതൃകയാകുമോ? പോഷകാഹാരക്കുറവ് പരിഹരിക്കാനും ശുചിത്വപരിപാലനത്തിന് സൗകര്യവുമുണ്ടായാൽ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുമെന്ന് പറഞ്ഞവരാണ് നമ്മൾ. നമ്മൾ ഇപ്പോൾ ആരോഗ്യപരിപാലനത്തെ അങ്ങനെയാണോ കാണുന്നത്? ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്നതും ആരോഗ്യപരിപാലനത്തിന് കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്നതുമായ ഒരു സമൂഹത്തെ സുസ്ഥിര വികസന മാതൃകയാക്കാമോ?

അന്ധവിശ്വാസജഡിലമായ ചികിത്സാരീതികൾ ധാരാളമായി കേരളസമൂഹം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ജീവിതശൈലീരോഗങ്ങൾ കൂടുതലായി കാണുന്നത് എന്തുകൊണ്ടാണ്? ആളോഹരി വരുമാനം വർധിക്കുമ്പോൾ ഒപ്പം രോഗവും കേരളത്തിൽ വർധിക്കുന്നത് എന്തുകൊണ്ടാണ്? കേരളീയരുടെ ജീവിതശൈലി മാറിയിട്ടുണ്ടോ? അതാണോ രോഗാതുരതയ്ക്ക് കാരണം, ഇനി കാലാവസ്ഥാവ്യതിയാനം ഇതിന് കാരണമാകുന്നുണ്ടോ? എന്താണ് യഥാർത്ഥപ്രശ്‌നം? കോർപ്പറേറ്റുകളുടെ നീരാളിപ്പിടുത്തം ആധുനിക ചികിത്സാരീതികളോടുള്ള വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ചിലരെങ്കിലും വാക്‌സിനേഷനോട് പുറംതിരിഞ്ഞ് നിൽക്കുന്നത്? കേരളത്തിൽ ഗൗരവപൂർവം ചർച്ചചെയ്യേണ്ട വിഷയമല്ലേ ഇത്?

മാതൃഭാഷയിലധ്യയനം എന്ന അടിസ്ഥാനവിദ്യാഭ്യാസ ആശയത്തെ എങ്ങനെയാണ് ഉദ്ബുദ്ധരായ കേരളീയർ അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്? ഇംഗ്ലീഷ്ഭാഷയോടുള്ള അമിത പ്രേമം, അറിവ് നേടുന്നതിനെക്കാൾ പൊങ്ങച്ചത്തിനും വൈദേശിക ജോലികൾ നേടുന്നതിനുമുള്ള എളുപ്പവഴിയായി വിദ്യാഭ്യാസത്തെ കാണുന്നതുകൊണ്ടല്ലേ? പ്രക്രിയാധിഷ്ഠിതവും, അന്വേഷണാത്മകവും വിമർശനാത്മകവുമായ പുതിയ വിദ്യാഭ്യാസപദ്ധതി പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതില്ലേ. കുട്ടികൾക്കും അധ്യാപകർക്കും കുറച്ചുകൂടി സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം സ്കൂളുകളിൽ ഉണ്ടാകേണ്ടതല്ലേ? പുതിയ പാഠ്യപദ്ധതിക്കനുസൃതമായി അധ്യാപക സമൂഹം ഉയർന്നിട്ടുണ്ടോ? നാളത്തെ കേരള സമൂഹത്തെയാണ് ഞങ്ങൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന അടിസ്ഥാനബോധം അധ്യാപകർക്ക് ഉണ്ടോ?

പ്ലസ് ടു വിദ്യാഭ്യാസകാലം ദുരിതകാലമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കൗമാരകാലഘട്ടത്തിലെ ഏറ്റവും സുപ്രധാന സമയത്ത് അറിവ് കുത്തിനിറയ്ക്കാനും എൻട്രൻസ് തയ്യാറെടുപ്പിനുമായി ഭൂരിപക്ഷസമയവും ചെലവഴിക്കേണ്ടിവരുന്നത് ഭാവി സ്വഭാവരൂപീകരണത്തെ ബാധിക്കുന്നുണ്ടോ? കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം കച്ചവടരംഗമായി മാറിയിട്ടില്ലേ? ഇവിടെനിന്ന്​ പുറത്തുവരുന്നവർ ഏതുവിധത്തിലാണ് സമൂഹത്തെ സഹായിച്ചുകൊണ്ടിരിക്കുന്നത്? യുക്തിബോധം, ശാസ്ത്രബോധം, ഭരണഘടന മൗലികത എന്ന അടിസ്ഥാന വിഷയങ്ങളിലെങ്കിലും ഉന്നതബിരുദം നേടി പുറത്തുവരുന്നവർക്ക് ബോധ്യമുണ്ടാകേണ്ടതല്ലേ?

ഉന്നതവിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ upgradation ഇല്ലാത്തത് കേരളത്തിന് പുറത്തേക്ക് കുട്ടികൾ ഒഴുകുന്നതിന് കാരണമായിട്ടില്ലേ?
7000 ത്തിലധികം ലൈബ്രറികളും സാംസ്കാരിക സ്ഥാപനങ്ങളും കേരളത്തിലുണ്ട്. ആയിരക്കണക്കിന് വൈജ്ഞാനികവും അല്ലാത്തതുമായ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ശ്രവ്യ-ദൃശ്യമാധ്യമങ്ങളും കേരളത്തിലുണ്ട്. പുരോഗമന കേരളത്തെ മുന്നോട്ട് കൊണ്ടുപോയതിൽ ഇവരുടെ പങ്ക് എത്രമാത്രമുണ്ട്? കേരളത്തെ പിറകോട്ട് കൊണ്ടുപോകുന്നതിൽ ചെറുതല്ലാത്ത പങ്ക് മാധ്യമങ്ങൾ വഹിക്കുന്നില്ലേ?

കക്ഷിരാഷ്ട്രീയ അതിപ്രസരംമൂലമുള്ള പിടിച്ചടക്കൽ ജനാധിപത്യചിന്തകളെ ബാധിക്കുന്നില്ലേ? സി.ഡി.എസ്, സ്കൂൾ പി.ടി.എ, വായനശാലകൾ തുടങ്ങി എല്ലാ തെരഞ്ഞെടുപ്പുകളും യഥാർത്ഥത്തിൽ കേരളത്തിന് ഗുണകരമാക്കി മാറ്റുന്നതിന് നമുക്കാകുന്നുണ്ടോ? വിമർശനത്തെ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യം എന്ന ബോധം നമുക്ക് എത്രമാത്രം ഉൾക്കൊള്ളാനാകുന്നുണ്ട്?
ജന്റർ രംഗത്ത് ഒട്ടെറെ മാറ്റമുണ്ടാക്കാൻ നമുക്കായിട്ടുണ്ട് എന്നത് ശരി തന്നെ. എന്നാൽ പാട്രിയാർക്കൽ മനസ്സിൽനിന്ന്​ വിടുതൽ വാങ്ങാൻ നമുക്കാകുന്നുണ്ടോ? കേരളത്തിലെ അധ്യാപകരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. സർക്കാർ തൊഴിലിൽ സ്ത്രീകൾക്ക് മേൽക്കൈയുമുണ്ട്. എന്നാൽ രാഷ്ട്രീയ- സാമൂഹ്യസംഘടനകളെ ആരാണ് നിയന്ത്രിക്കുന്നത്? സ്വതന്ത്രരായ മനുഷ്യരുടെ സമൂഹമായി കേരളം എന്തുകൊണ്ട് മാറുന്നില്ല? Dependence മാറേണ്ട കാലമായില്ലേ?

ദലിതരേയും ആദിവാസികളേയും കള്ളൻമാരും പിടിച്ചുപറിക്കാരും, വിശ്വസിക്കാൻ കൊള്ളരുതാത്തവരുമായി കാഴ്ചകൊണ്ടുതന്നെ തീരുമാനിക്കുന്ന സമൂഹത്തെ പുരോഗമനസമൂഹമെന്ന് പറയാൻ കഴിയുമോ? ജനസംഖ്യയിൽ കുറവുള്ള ഈ വിഭാഗങ്ങളിൽ പെട്ടവരെ കഴിഞ്ഞ 50 വർഷംകൊണ്ട് മെയിൻ സ്ട്രീമിൽ എന്തുകൊണ്ട് കൊണ്ടുവരാൻ കഴിഞ്ഞില്ല എങ്കിൽ അതിന്റെ ഉത്തരവാദിത്തം ആർക്കാണ്?

ഇന്ത്യൻ ഭരണഘടന പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഫെഡറലിസം, മതേതരത്വം, സോഷ്യലിസം, ജനാധിപത്യം എന്നീ ഭരണഘടനാലക്ഷ്യങ്ങളെ കാര്യമായി പരിഗണിക്കാതെ തന്നെ ഭരണകൂടത്തിന് ഭരിക്കാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും വലിയ വിദ്യാസമ്പന്നസമൂഹമെന്ന നിലയിൽ ഇന്ത്യയുടെ ഭരണഘടനാലക്ഷ്യങ്ങളേയും മൂല്യങ്ങളേയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ നമുക്ക് കഴിയേണ്ടതല്ലേ?. ഫെഡറൽ തത്വങ്ങളെ വിസ്മരിച്ചും ഇന്ത്യയുടെ ബഹുസ്വരതയെ മാനിക്കാതെയുമുള്ള കേന്ദ്രീകൃത ഭരണസംവിധാനങ്ങളിലേക്ക് ഇന്ത്യ മാറിക്കൊണ്ടിരിക്കയാണ്. അമേരിക്കയിലേയും ആസ്​ത്രേലിയയിലേയും ഫെഡറൽ ഗവൺമെന്റുകൾക്കുള്ള സാമ്പത്തികാധികാരം പോലും നമ്മുടെ സംസ്ഥാന ഗവൺമെന്റുകൾക്കില്ല. നികുതി വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരം മദ്യത്തിലേക്കും, പെട്രോളിലേക്കും ചുരുക്കിയത്, പെട്രോളിനും മദ്യത്തിനും അമിതനികുതി ഈടാക്കുന്ന സാഹചര്യത്തിലേക്കാണെത്തിച്ചത്​. ഊർജ ഉൽപാദനത്തിന്റെ അടിസ്ഥാന വസ്തുവായ പെ​ട്രോളിനും ഡീസലിനും നികുതി കൂടുതൽ ഈടാക്കുന്നത് സമ്പന്ന-ദരിദ്ര ഭേദമെന്യേ മുഴുവൻ ജനങ്ങളേയും ബാധിക്കുമെന്നത് വിസ്മരിച്ചുകൂടാ. കേന്ദ്രവും സംസ്ഥാനവും കൂടി ഏറ്റവും അവശ്യവസ്തുവായ പെട്രോളിനും ഡീസലിനും 100 ശതമാനത്തിലധികം നികുതി ഈടാക്കുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാവുന്നതാണോ?

ജി.എസ്​.ടി കൂടി നടപ്പിലായതോടെ രാജ്യത്തെ വിഭവസമാഹരണാധികാരം കേന്ദ്രസർക്കാരിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. വിവിധങ്ങളായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്പത്ത് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നത്. പ്രതിശീർഷവരുമാനത്തിലായാലും, മറ്റ് അളവുകോലുകളിലായാലും കേരളം മുന്നിട്ട് നിൽക്കുന്നതിനാൽ കേരളത്തിന് അർഹമായ വിഹിതം ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇതൊക്കെ വിദ്യാസമ്പന്നരായ കേരളസമൂഹം രാഷ്ട്രീയം മാറ്റിവച്ച് ചർച്ചചെയ്യേണ്ടതല്ലേ.

പദയാത്രികർ വിളിക്കുന്ന ഒരു പ്രധാന മുദ്രാവാക്യം ‘നടക്കുന്നവർ നാടിനെ അറിയും, നാടിനെ അറിയുന്നവർ നാടിനെ പഠിക്കും, നാടിനെ പഠിക്കുന്നവർ നാടിനെ മാറ്റും’ എന്നാണ്​. നടന്നുകൊണ്ട് നാടിനെ അറിയുകയും, ഇന്ത്യക്കാരെ മുഴുവൻ ഒന്നിപ്പിക്കുകയും നാടിനെ മാറ്റാൻ മുൻകൈ എടുത്ത് ശ്രമിക്കുകയും ചെയ്ത മഹാത്മാവാണ് ഗാന്ധി. ഗാന്ധിജിയെ സ്മരിച്ചാൽ പോരാ, ഗാന്ധിജി നമുക്ക് കാണിച്ചുതന്ന വഴികൾ ഏതുകാലഘട്ടത്തിലും പ്രസക്തമാണ്. അതുകൊണ്ടാണ് നടന്നുകൊണ്ടൊരു ജാഥ നടത്താൻ പരിഷത്ത് തുനിഞ്ഞത്. അതുമാത്രമല്ല, സാമൂഹ്യചിന്ത രൂപപ്പെടുത്തുന്നതിൽ എല്ലാവർക്കും പങ്കുണ്ട് എന്നതുകൊണ്ടുതന്നെ, പുരോഗമന സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നവരാണ് 30 ദിവസ പദയാത്രയിലെ ഓരോ ദിവസത്തേയും ക്യാപ്റ്റന്മാരായി പ്രവർത്തിച്ചത്. സാംസ്കാരിക രംഗത്ത്, കലാരംഗത്ത്, ശാസ്ത്രരംഗത്ത്, ആസൂത്രണ രംഗത്ത്, സാമ്പത്തികരംഗത്ത്, ജന്റർ രംഗത്ത്, ട്രാൻസ്​ മേഖലയിൽ, കാർഷിക രംഗത്ത്, മാധ്യമ രംഗത്ത് ഒക്കെ ഗൗരവപൂർവം ഇടപെടുന്നവരായിരുന്നു ക്യാപ്റ്റന്മാർ.

അതുകൊണ്ട് മാധ്യമങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്​: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാണ്. അതിന്റെ സ്വഭാവവവും നിറവും ബോധ്യപ്പെടുത്താൻ പദയാത്ര നടത്തേണ്ടതില്ല, അത് ജനങ്ങൾക്ക് വിട്ടുകൊടുക്കുക, അത് അവർ തീരുമാനിക്കട്ടെ, നമുക്ക് ഒന്നിച്ചിരുന്ന് കേരളത്തിന്റെ ആന്തരിക വൈരുധ്യങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന് ചിന്തിക്കാം.

Comments