മനുഷ്യർ ഒരു സമൂഹമായി ജീവിക്കാൻ തുടങ്ങിയപ്പോൾ മുതൽ അതിനൊരു പൊതുസ്വഭാവമുണ്ടാക്കുകയും അതിലൊരു നടത്തിപ്പുക്രമമുണ്ടാക്കുകയും ചെയ്തുതുടങ്ങി. കേവലമായ ജന്തുസഹജ ചോദനകളുടെ അടിസ്ഥാനത്തിലല്ലാതെ എല്ലാവർക്കും ബാധകമായ പൊതുനിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരത്തിലൊരു സമൂഹത്തിന് അതിന്റെ ദൈനംദിന ജീവിതം നടത്താനാവുക.
വളരെ പ്രവചനീയമായൊരു സ്വഭാവം ആ സമൂഹത്തിനുണ്ടാകണം. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന ആശങ്കയിലല്ല അവിടെ മനുഷ്യർ ജീവിക്കുക. അവർക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ സ്വാഭാവികമായ സുരക്ഷ അനുഭവിക്കാവുന്ന ഒരു സാഹചര്യമുണ്ടാകും. നിങ്ങളെ മറ്റൊരാൾ ശാരീരികമായി ആക്രമിക്കില്ലെന്നും നിങ്ങൾക്ക് പൊതുവിടത്തിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്നതുമൊക്കെ അത് മുൻകൂട്ടി ഉറപ്പുനൽകുന്നു. ഒരു മനുഷ്യന്റെ സാമൂഹ്യ, വ്യക്തി ജീവിതത്തെ നിരവധിയായ ആകുലതകളിൽ നിന്ന് ഒഴിവാക്കുന്ന, സുരക്ഷിതമാക്കുന്ന, ഒരു പ്രക്രിയയുണ്ടാകുന്നു. അതാണ് നിയമവാഴ്ചയുടെ ഒരു ഭാഗം. ഇത്തരത്തിലുള്ള നിയമവാഴ്ചയുടെ ഒരു നടത്തിപ്പ് വിഭാഗമാണ് പോലീസ് (police) അല്ലെങ്കിൽ ക്രമസമാധാനപാലന സംവിധാനം (Law and order system).
സമൂഹത്തിന്റെ ദൈനംദിന നടത്തിപ്പിനെ മാത്രമല്ല അതിന്റെ രാഷ്ട്രീയ, സാമൂഹ്യാധികാര ബന്ധങ്ങളെയും നിർണ്ണയിക്കുന്ന അധികാരരൂപങ്ങളാണ് നിയമവാഴ്ചയുടെ സ്വഭാവത്തെയും നിശ്ചയിക്കുന്നത്. അതായത് എക്കാലത്തും മാതൃകയാക്കാവുന്ന അല്ലെങ്കിൽ എല്ലാ സമൂഹത്തിലും ഒരുപോലെ പകർത്താവുന്ന ഒരു നിയമസംവിധാനമോ പോലീസോ ഉണ്ടാവുക എളുപ്പമല്ല. അത് രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ പലവിധ ഘടനകളിൽ ഒന്നായി മാത്രമേ നിലനിൽക്കൂ. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ രാഷ്ട്രീയസ്വഭാവവും അതിനെ സാധ്യമാക്കുന്ന അതിന്റെ വർഗ്ഗസ്വഭാവമടക്കമുള്ള പലവിധ ഗുണവിശേഷങ്ങളും നിയമസംവിധാനത്തിലും അതിന്റെ ഭാഗമായി പോലീസിലും പൂർണ്ണമായും കാണാനാകും.
പോലീസിലാകട്ടെ അത്തരം സ്വഭാവവിശേഷങ്ങൾ ചെറിയ രീതിയിലല്ല പ്രകടമാവുക. കാരണം ഭരണകൂടത്തിന്റെ നേരിട്ടുള്ള മർദ്ദനോപാധിയെന്ന നിലയിൽ പോലീസ് നിയമസംവിധാനത്തിലെ ചില തരത്തിലുള്ള നിയന്ത്രണങ്ങളെയും പൗരാവകാശങ്ങളേയും അടിച്ചമർത്താനുള്ള പ്രവണതയാണ് എല്ലായ്പ്പോഴും പ്രകടിപ്പിക്കുക. ഭരണകൂടവും അത്തരത്തിലാണ് പോലീസിനെ നിലനിർത്തുക. മതഭരണകൂടങ്ങൾ, മറ്റ് സമഗ്രാധിപത്യ ഭരണകൂടങ്ങൾ എന്നിവയൊക്കെയുള്ളിടങ്ങളിൽ ഭരണകൂടത്തിന് പോലീസിനെ ഇത്തരത്തിൽ ഉപയോഗിക്കുന്നതിന് പ്രത്യേകിച്ച് പ്രശ്നങ്ങളോ ചോദ്യങ്ങളോ ഒന്നും അഭിമുഖീകരിക്കേണ്ടിവരുന്നില്ല. കാരണം, അത്തരം രാജ്യങ്ങളിലെ, സമൂഹങ്ങളിലെ പോലീസിന്റെ ചുമതല തന്നെ പ്രത്യക്ഷമായി ആ സമഗ്രാധിപത്യ ഭരണകൂടത്തിനുവേണ്ടി ജനങ്ങളെ അടിച്ചമർത്തുക എന്നതാണ്. അതവർ മറച്ചുവെക്കുന്നില്ല.
എന്നാൽ ദുർബ്ബലമായെങ്കിലും ജനാധിപത്യ രാഷ്ട്രീയഘടനയുടെ സ്വഭാവമുള്ള രാജ്യങ്ങളിൽ പോലീസും പൊതുസമൂഹവുമായി നിരന്തര സംഘർഷങ്ങൾ പ്രകടമായിത്തന്നെ ഉണ്ടായിക്കൊണ്ടിരിക്കും. സമഗ്രാധിപത്യ രാജ്യങ്ങളിലെ ഇത്തരം സംഘർഷങ്ങളിൽ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നത്, ജനാധിപത്യ രാഷ്ട്രീയ ഘടനയുള്ള രാജ്യങ്ങളിൽ ഈ സംഘർഷത്തിൽ പൊതുസമൂഹത്തിനായിരിക്കും ഭരണഘടനാപരമായ അവകാശങ്ങളുടെ മേൽക്കൈ എന്നതാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ വർഗ്ഗതാത്പര്യങ്ങൾ, മറ്റ് സമഗ്രാധിപത്യ ശ്രമങ്ങൾ എന്നിവയൊക്കെ ഉണ്ടെങ്കിലും ജനാധിപത്യമെന്ന രാഷ്ട്രീയ സങ്കല്പനത്തിന്റെ സാധ്യതയിൽ പൊതുസമൂഹത്തിന് തങ്ങളുടെ സംഘർഷത്തിനെ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും.
നിയമവാഴ്ച എന്നത് ജനാധിപത്യ സമൂഹത്തിന്റെ നിയമവാഴ്ച എന്നാണെന്ന് അവർ പറഞ്ഞുകൊണ്ടിരിക്കും. ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ, കേരളീയ സമൂഹത്തിന്റെയൊക്കെ മുന്നിലുള്ള ഈ ജനാധിപത്യ സാധ്യതയുടെ പ്രയോഗത്തിലൂടെ മാത്രമാണ് നമുക്ക് ഒരു സമൂഹമെന്ന നിലയിൽ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളിൽ നിന്ന് നമ്മുടെ ജനാധിപത്യ സമൂഹത്തെയും ജനാധിപത്യ പൗരജീവിതത്തെയും സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനുമാവുക.
കേരളത്തിലെ പലതരം മാഫിയ സംഘങ്ങളുടെ സംരക്ഷകരും ഒരുതരത്തിൽ ഗുണഭോക്താക്കളുമാണ് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും. ഇതിന്റെ അവിഭാജ്യ ഘടകവും അതിൽത്തന്നെ ഏറ്റവും നിർണ്ണായക കണ്ണിയുമാണ് പോലീസ് വകുപ്പ്.
ഹിംസയ്ക്കുള്ള അധികാരം വ്യക്തികളിൽ നിന്ന് എടുത്തുമാറ്റുകയാണ് ഒരു പൊതുഭരണക്രമം ഉണ്ടാക്കുന്നതിന് ആദ്യം ചെയ്യുന്ന സംഗതികളിലൊന്ന്. ഹിംസ കുറ്റകരമാക്കുക എന്നത് എന്തുതരം ഹിംസ എന്നതിനെയും ആര്, ആരോട് കാണിക്കുന്നു എന്നതിനെയുമൊക്കെ ആശ്രയിച്ചിരിക്കും എങ്കിലും പൊതുവിൽ ആരും ആരോടും അത്തരത്തിൽ ശാരീരിക ഹിംസ ഉപയോഗിക്കരുത് എന്നത് ജനാധിപത്യ സമൂഹത്തിലെ മാത്രമല്ല എല്ലാതരം ഭരണവ്യവസ്ഥകളിലും പൊതുവായി കാണാവുന്ന അടിസ്ഥാന പ്രമാണമാണ്. എന്നാൽ ഹിംസയെ പൂർണ്ണമായി ഒഴിവാക്കുകയല്ല ഇതിലൂടെ ചെയ്യുന്നത്. ഹിംസിക്കാനുള്ള അധികാരം ഭരണകൂടത്തിന് മാത്രമായി സ്വന്തമാകുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ഹിംസയ്ക്കുള്ള ഈ ഏകപക്ഷീയമായ അധികാരം കയ്യാളുമ്പോൾ മാത്രമാണ് ഒരു ഭരണകൂടം അതിന്റെ അധികാരപ്രയോഗത്തിന് സജ്ജമാകുന്നത്.
ഭരണകൂടത്തിന്റെ ഹിംസയ്ക്കുള്ള അധികാരത്തിനെ സാധ്യമാക്കുന്ന അതിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് പോലീസ്. അതുകൊണ്ടുതന്നെ പോലീസിനെ ഭരണകൂടം ഏൽപ്പിക്കുന്ന ചുമതല വാസ്തവത്തിൽ പൗരാവകാശങ്ങൾ ഉറപ്പുവരുത്തുക എന്നതല്ല, മറിച്ച്, ഭരണകൂടത്തിന്റെ നൈരന്തര്യവും താത്പര്യങ്ങളും സംരക്ഷിക്കാനായി പൗരാവകാശങ്ങളെയും പൗരരുടെ ജനാധിപത്യ സ്വാതന്ത്ര്യത്തെയും പരമാവധി അടിച്ചമർത്തുക എന്നതാണ്. ഇത് ഭരണകൂടത്തിന്റെ നിലനിൽപ്പിന്റെ ഭാഗമാണ്. ഏതുതരം സാമൂഹ്യവ്യവസ്ഥയിലുണ്ടാകുന്ന ഭരണകൂടങ്ങളും ഇതേ പ്രയോഗമാണ് നടത്തുക. ആധുനിക ജനാധിപത്യ സമൂഹമെന്ന് ഇന്നിപ്പോൾ നമ്മൾ വിശാലാർത്ഥത്തിൽ വിശേഷിപ്പിക്കുന്ന സാമൂഹ്യസംവിധാനങ്ങളിലും പോലീസിനെ ഇതേ പണിക്കാണ് ഭരണകൂടം ഉപയോഗിക്കുക. എന്നാൽ ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിൽ ഈ ഭരണകൂട പ്രയോഗത്തോടുള്ള പൊതുസമൂഹത്തിന്റെ എതിർപ്പ് കൂടുതൽ ശക്തവും ക്രിയാത്മകമായ ഫലങ്ങളുണ്ടാക്കുന്നതുമായിരിക്കും. അതുകൊണ്ടുതന്നെ പോലീസിന് പൊതുസമൂഹത്തിന്റെയും പൗരരുടെയും ജീവിതത്തിനും രാഷ്ട്രീയ, സാമൂഹ്യ അവകാശങ്ങൾക്കു മുകളിലുമുള്ള ഇടപെടൽ ശേഷിയുടെ നാനാവിധ സൂചികകൾ ആ സമൂഹത്തിന്റെ ജനാധിപത്യ രാഷ്ട്രീയാരോഗ്യത്തെക്കൂടി സൂചിപ്പിക്കുന്നു.
പൗരാവകാശങ്ങൾക്കു മുകളിൽ സ്വേച്ഛാധികാരം പ്രയോഗിക്കാൻ അധികാരമുള്ള ഒരു സംഘമാണ് പോലീസ് എന്നത് ഭരണകൂടം വളരെ കൃത്യമായി നിരന്തരം കുത്തിവെക്കുന്ന സാമൂഹ്യബോധമാണ്. പോലീസ് എന്നത് മറ്റേതൊരു ഭരണസംവിധാനം പോലെയും ആകേണ്ട ഒരു ജനാധിപത്യക്രമത്തിൽ അതങ്ങനെയല്ലാതാകുന്നത്, അതങ്ങനെയല്ല എന്ന് നമ്മളെ തോന്നിപ്പിക്കുന്നതുകൊണ്ടാണ്. നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന് ഒരു സാമൂഹ്യഭരണക്രമത്തിൽ സൃഷ്ടിച്ചിരിക്കുന്ന സംവിധാനങ്ങളിൽ ഒന്ന് മാത്രമാണ് പോലീസ്. എന്നാൽ പോലീസിന് ജനങ്ങളുടെ ശാരീരികവും മാനസികവുമായ സ്വാതന്ത്ര്യങ്ങൾക്കു മുകളിൽ എല്ലാ നിയമവാഴ്ചയെയും ഉല്ലംഘിച്ചുകൊണ്ട് കടന്നുകയറാൻ കഴിയുമെന്ന അവസ്ഥയുണ്ടാക്കുന്നത് ഭരണകൂടം ബോധപൂർവ്വം ചെയ്യുന്നതാണ്. അതായത് എല്ലാ സ്വാതന്ത്ര്യങ്ങളും ഞങ്ങൾ അനുവദിച്ചുതരുന്നതുവരെ മാത്രമേയുള്ളൂ, അതിനപ്പുറം കടന്നാൽ നിങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഇവിടെ ചുരമാന്തി നിൽക്കുന്നുണ്ട് എന്നാണ് പോലീസ് സേനയെ കാണിച്ച് ഭരണകൂടം എപ്പോഴും താക്കീത് നല്കിക്കൊണ്ടിരിക്കുന്നത്.
ഈ താക്കീതിനേയും ഭീഷണിയെയും പ്രതിരോധിക്കാനുള്ള രാഷ്ട്രീയാരോഗ്യത്തിന്റെ പരീക്ഷ പൊതുസമൂഹത്തിന് നിരന്തരമായി എഴുതേണ്ടതുണ്ട്. അതില്ലാത്ത ഒരു ഭരണസംവിധാനത്തെ മനുഷ്യർക്ക് ഒരു ജീവിവർഗ്ഗമെന്ന നിലയിൽ അവരുണ്ടാക്കിയ ആധുനിക നാഗരികതയുടെ കാലത്തൊന്നും സൃഷ്ടിക്കാനുമായിട്ടില്ല. ഈ സംഘർഷത്തിന്റെ രാഷ്ട്രീയത്തെ എങ്ങനെയാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നത് എന്നത് ആ ഭരണകൂടത്തിന്റെ ജനാധിപത്യ സ്വഭാവത്തെയും വർഗ്ഗസ്വഭാവത്തെയും ആശ്രയിച്ചിരിക്കും. ഒരു സേന എന്ന നിലയിൽ ഹിംസയ്ക്കുള്ള ഭരണകൂടാധികാരത്തിന്റെ നേരിട്ടുള്ള പ്രയോക്താക്കളായ പോലീസിനുമുകളിൽ അതിന്റെ നിയന്ത്രണാധികാരം കയ്യാളുന്നൊരു പൊതുസമൂഹമുണ്ടാവുക എന്ന ജനാധിപത്യ പ്രക്രിയ നിരന്തരമായി നടക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ജനാധിപത്യാരോഗ്യം ശോഷിക്കുമ്പോൾ ഈ ഹിംസാധികാരം അതിന്റെ സകല ഭീഷണസ്വഭാവത്തോടും കൂടി സമൂഹത്തിലേക്കിറങ്ങും. പൗരസമൂഹത്തിന്റെ നിരന്തരമായ പരിശോധനയിലും പ്രതിരോധത്തിലുമുള്ളതായിരിക്കണം പോലീസ് ഉൾപ്പെടെയുള്ള ഭരണകൂട സംവിധാനങ്ങൾ എന്നത് ഇതുകൊണ്ടാണ് നിർണ്ണായകമാകുന്നത്.
ഇത്തരത്തിലൊരു സാമൂഹ്യ പരിശോധന (social auditing) അസാധ്യമാക്കുകയോ ദുർഘടമാക്കുകയോ ചെയ്യുന്നതിനാണ് ഭരണകൂടം എല്ലായ്പ്പോഴും ശ്രമിക്കുക. അത് ഏതൊരു ചെറിയ സർക്കാർ കാര്യാലയത്തിന്റെ ഇടനാഴിയിൽവരെയും ആ തടസങ്ങളുണ്ടാക്കിവെക്കും. അവകാശങ്ങളില്ലാത്ത മനുഷ്യരായി വേണം ഭരണകൂടത്തിന്റെ രാവണൻ കോട്ടകളിലേക്ക് പൗരർ കടന്നുചെല്ലാൻ എന്നവർ ശഠിക്കുകയും ചെയ്യും. പോലീസ് പോലുള്ള, നേരിട്ടുള്ള മർദ്ദക സംവിധാനങ്ങളുടെ കാര്യത്തിലാണെങ്കിൽ ഈ തടസങ്ങൾക്ക് ഭീഷണിയുടേയും ശാരീരിക ഹിംസയുടെയും സ്വഭാവവുമുണ്ടാകും. ഒരു സാധാരണ പൗരരെ സംബന്ധിച്ച് അതിനെ എതിരിടുക എന്നത് എക്കാലത്തും ഏതാണ്ട് അസാധ്യമായൊരു കാര്യമാണ്. ആ ഒറ്റയാൾ ദൗർബ്ബല്യത്തെ മറികടക്കുക എന്നതാണ് ഒരു ജനാധിപത്യ സമൂഹം ചെയ്യുന്നത്.
സർവ്വാധികാരിയും സർവ്വശക്തനും രക്ഷകനുമായ നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റ് നേതാവിനെ അവതരിപ്പിക്കുന്ന അതേ ഭാഷയിൽ കേരളത്തിലെ ഭരണ ഇടതുപക്ഷം പിണറായി വിജയനെ അവതരിപ്പിക്കുന്നത് അയാളെ സാധ്യമാക്കുന്ന തരത്തിൽ ജനാധിപത്യാരോഗ്യം നഷ്ടപ്പെട്ടൊരു സമൂഹം രൂപപ്പെട്ടതുകൊണ്ടാണ്.
അതിന് രണ്ടു വഴികൾ അതിൽ ഉൾച്ചേർത്തുവെക്കും: ഒന്ന്; ഭരണസംവിധാനത്തിന്റെ അല്ലെങ്കിൽ ഘടനയുടെ ഉള്ളിൽത്തന്നെയുള്ള നിയന്ത്രണ,മേൽനോട്ട സംവിധാനങ്ങളാണ്. കോടതികൾ, സവിശേഷമായി ഭരണഘടനാ കോടതികൾ, ഇതാണ് ചെയ്യുന്നത്. രണ്ട്; പൗരരുടെ ജനാധിപത്യ, രാഷ്ട്രീയ, സാമൂഹ്യ സംഘടനകളും കൂട്ടായ്മകളുമാണ്. അത് രാഷ്ട്രീയകക്ഷികൾ മുതൽ ചെറിയ പൗരസമൂഹ സംഘങ്ങൾ വരെയാകാം.
ഇവ രണ്ടുമാണ് ഒരു ജനാധിപത്യ സമൂഹത്തിൽ ഭരണകൂടത്തിന്റെ പൗരാവകാശ ലംഘനങ്ങൾക്കെതിരായ പ്രതിരോധ ശക്തികളായി പ്രവർത്തിക്കേണ്ടത്. കോടതികൾക്ക് ഇക്കാര്യത്തിലുള്ള പരിമിതി അവ ഭരണകൂടത്തിന്റെ വർഗ്ഗരാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമാണ് എന്നതാണ്. അതുകൊണ്ടുതന്നെ ആത്യന്തികമായി അതിന് ഭരണകൂടവുമായുള്ള വിഛേദം സാധ്യമല്ല. എന്നാൽ ഒരു ബൂർഷ്വാ ഉദാര ജനാധിപത്യ സംവിധാനത്തിലെ കോടതികൾ പൗരാവകാശങ്ങളേയും ബൂർഷ്വാസിയുടെ മൂലധനാധികാരത്തെ ചോദ്യം ചെയ്യാത്ത തരത്തിലുള്ള ജനാധിപത്യ സ്വാതന്ത്ര്യത്തെയും ഒരു പരിധിവരെ സംരക്ഷിക്കാനുള്ള നിലപാടുകളെടുക്കും. വ്യക്തികളുടെ സ്വാതന്ത്ര്യം എന്നത് മറ്റൊരു തരത്തിൽ മുതലാളിത്ത വ്യവസ്ഥിതിക്ക് അതിന്റെ ഉത്പ്പാദനബന്ധങ്ങളെയും ചൂഷണക്രമത്തെയും നിലനിർത്താനുള്ള ഒരു ഘടകമാണ് എന്ന വൈരുധ്യം കൊണ്ടുകൂടിയാണത്. അങ്ങനെയായാൽക്കൂടി കോടതികൾക്ക് അത്തരത്തിലൊരു സമീപനമുണ്ടാകും. എന്നാൽ ഭരണകൂടം പ്രത്യക്ഷമായ അടിച്ചമർത്തലിലേക്ക് കടക്കുന്നതോടെ ഭരണകൂടത്തിന്റെ മറ്റൊരു അംഗമായി പ്രവർത്തിക്കുന്ന കോടതികൾ ഈ അടിച്ചമർത്തലിനെ ന്യായീകരിക്കുകയും ചെയ്യും. അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങളില്ല എന്നും ഭരണകൂടം അടിസ്ഥാന പൗരാവകാശങ്ങളെ റദ്ദാക്കുമ്പോൾ അത് കോടതിയിൽ ചോദ്യം ചെയ്യാൻ പൗരർക്ക് ഭരണഘടനാപരമായ അവകാശങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞത് (ADM Jabalpur v. Shivkant Shukla, 1976) ഇതുകൊണ്ടാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ അധികാരത്തിൽ വന്നതോടെ സുപ്രീംകോടതി നൽകിയ പല വിധികളും ഇത്തരത്തിൽ ജനാധിപത്യാവകാശങ്ങളെ ദുർബ്ബലമാക്കുന്നതായതും ഇതുകൊണ്ടാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്ന വിധികളും ഒറ്റതിരിഞ്ഞുവരുന്നത് ഇക്കാര്യത്തിൽ ഫാഷിസ്റ്റ് രാഷ്ട്രീയവും ഉദാര ജനാധിപത്യ രാഷ്ട്രീയവും തമ്മിലുള്ള ചില ഭിന്നതകൾ കൊണ്ടാണ്. അത് ജനാധിപത്യാവകാശങ്ങളുടെ പക്ഷത്തുനിന്ന് നോക്കിയാൽ മൂർച്ഛിക്കേണ്ട വൈരുധ്യവുമാണ്.
രാഷ്ട്രീയകക്ഷികളും പൗരസമൂഹസംഘങ്ങളും അടങ്ങുന്ന വിശാല സാമൂഹ്യ സംവിധാനങ്ങളാണ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട രണ്ടാമത്തെ സാമൂഹ്യസംവിധാനം. ഈ സംവിധാനം അഥവാ രാഷ്ട്രീയ, സാമൂഹ്യ ഘടനയിലെ ഈ ഘടകം ശക്തമായാൽ മാത്രമേ അതിനെ കോടതികളിലേക്കും രാഷ്ട്രീയാധികാരത്തിനു മുകളിലുള്ള സമ്മർദ്ദമായും പരിവർത്തിപ്പിക്കാനാകൂ. ഉദാഹരണത്തിന്, അടിയന്തരാവസ്ഥയെ ജനങ്ങൾ രാഷ്ട്രീയമായി ചെറുത്തുതോല്പിച്ചതുകൊണ്ടാണ് അതിനുശേഷമുള്ള കാലത്ത് ഭരണഘടനാ കോടതി പൗരാവകാശങ്ങളടക്കമുള്ള അടിസ്ഥാനാവകാശങ്ങളുടെയും ജനാധിപത്യാവകാശങ്ങളുടെയും തർക്കങ്ങളിൽ കൂടുതൽ ജനാധിപത്യ സ്വഭാവമുള്ള വിധികൾ പുറപ്പെടുവിക്കാൻ തുടങ്ങിയത്.
വലതുപക്ഷ രാഷ്ട്രീയവും അതിന്റെ ഹിംസാത്മകമായ പ്രത്യയശാസ്ത്രവും നേടുമ്പോൾ സ്വാഭാവികമായും മേൽപ്പറഞ്ഞ രണ്ട് ഇടപെടലുകളും ദുർബ്ബലമാകും. അത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര, അധികാര രൂപത്തിനെ ശക്തിപ്പെടുത്തുന്ന ഒന്നാവുകയും ചെയ്യും. എന്നാലിത് വലതുപക്ഷ പ്രത്യയശാസ്ത്ര ഭരണകൂടങ്ങളിൽ മാത്രമല്ല ഏതു തരത്തിലുള്ള ഭരണകൂടാധികാരത്തിനുമുള്ള ഒരു സ്വഭാവമാണ്. തീർച്ചയായും അതിന്റെ ലക്ഷ്യങ്ങളിലും നടത്തിപ്പിലുമെല്ലാം വ്യത്യാസങ്ങളുണ്ട്. എന്നാൽ ഭരണകൂട ഹിംസയുടെയും പൗരരുടെയും സമൂഹത്തിന്റെയും ജനാധിപത്യാവകാശങ്ങളെ ദുർബ്ബലമാക്കുന്നതിലും എല്ലാ ഭരണകൂടങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ ഉത്സുകരാണ്. അതുകൊണ്ടുതന്നെ ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിന് ഭരണകൂടവുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്ന വിശാലമായ പൊതു / പൗരസമൂഹം ഉണ്ടാകേണ്ടതുണ്ട്.
കേരളത്തിലെ പോലീസ് സംവിധാനത്തെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും അത് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഭീഷണമായ ജനാധിപത്യ വിരുദ്ധതയെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ നാം കാണേണ്ടത് അങ്ങനെ സംഭവിക്കാനുള്ള കാരണങ്ങളിൽ സുപ്രധാനമായത് ഒരു ജനാധിപത്യ സമൂഹം എന്ന നിലയിൽ ഭരണകൂടത്തിന് മേലുള്ള രാഷ്ട്രീയ, സാമൂഹ്യ കണക്കെടുപ്പുകൾക്കും പരിശോധനകൾക്കുമുള്ള ആന്തരികാരോഗ്യം കേരളീയ സമൂഹത്തിൽ നിന്ന് അപായകരമായ വിധം ചോർന്നുപോയി എന്നതാണ്.
എങ്ങനെയാണ് ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘപരിവാർ രാഷ്ട്രീയം അധികാരത്തിലെത്തുമ്പോൾ അതിനെ സാധ്യമാക്കുന്ന ഒരു വലതുപക്ഷ രാഷ്ട്രീയ ശരീരത്തിന്റെ സ്വഭാവവിശേഷങ്ങളിലേക്ക് ഇന്ത്യയിലെ പൊതുസമൂഹത്തിലെ വലിയൊരു വിഭാഗം ചെന്നെത്തിയത്, സമാനമായ സമഗ്രാധിപത്യ സ്വഭാവങ്ങൾ അധികാരപ്രയോഗത്തിന്റെ കാര്യത്തിൽ പകർത്തുന്ന പിണറായി വിജയനെ സാധ്യമാക്കുന്നൊരു കേരള സമൂഹവും ഉണ്ടാകുന്നുണ്ട്. സർവ്വാധികാരിയും സർവ്വശക്തനും രക്ഷകനുമായ നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റ് നേതാവിനെ അവതരിപ്പിക്കുന്ന അതേ ഭാഷയിൽ കേരളത്തിലെ ഭരണ ഇടതുപക്ഷം പിണറായി വിജയനെ അവതരിപ്പിക്കുന്നത് അയാളെ സാധ്യമാക്കുന്ന തരത്തിൽ ജനാധിപത്യാരോഗ്യം നഷ്ടപ്പെട്ടൊരു സമൂഹം രൂപപ്പെട്ടതുകൊണ്ടാണ്. അത് വെറുതെങ്ങനെ രൂപപ്പെടുകയല്ല എന്നും അതിനെ രൂപപ്പെടുത്തന്ന പ്രക്രിയ വളരെ കൃത്യമായി നടക്കുന്നുണ്ടെന്നും തിരിച്ചറിയുകയും അതിന്റെ രാഷ്ട്രീയത്തെയും അധികാരഘടനകളേയും മനസിലാക്കുകയും ചെയ്യുമ്പോൾ അതിനെ നേരിടാനൊരു രാഷ്ട്രീയ ഭാഷയുണ്ട് എന്ന് നമുക്ക് ബോധ്യമാകും. അതൊരു സാധ്യതയാണ്, രാഷ്ട്രീയ സാധ്യതയാണ്, ആ രാഷ്ട്രീയം ജനാധിപത്യ രാഷ്ട്രീയത്തിന്റേതാണ്.
കേരളത്തിലെ പോലീസ് ആദ്യ പിണറായി സർക്കാരിന്റെ കാലത്തും 2021-ൽ അധികാരത്തിൽ വന്ന അതിന്റെ തുടർപതിപ്പിലും രൂപപ്പെടുത്തിയ പോലീസ് നയം തീർത്തും ജനാധിപത്യ വിരുദ്ധമായതാണ്. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക എന്ന അരാഷ്ട്രീയ പ്രഘോഷണത്തിന്റെ അകമ്പടിയിലാണ് അത് നടക്കുന്നത്. സൂക്ഷ്മമായി നോക്കിയാൽ അതൊരു രാഷ്ട്രീയമാണെങ്കിലും പൊതുമട്ടിൽ അതൊരു അരാഷ്ട്രീയ മുദ്രാവാക്യമാണെന്ന് പറയുന്നു എന്നേയുള്ളൂ. ഒരു ജനാധിപത്യ രാഷ്ട്രീയഘടനയുള്ള സമൂഹത്തിൽ പോലീസിന് നയപരമായ സ്വാതന്ത്ര്യങ്ങളുണ്ടാകേണ്ടതില്ല. അതിന്റെ ദൈനംദിന നടത്തിപ്പുപോലും സൂക്ഷ്മമായ പൊതുസമൂഹ ജനാധിപത്യ രാഷ്ട്രീയ നിയന്ത്രണത്തിലായിരിക്കണം. എല്ലാ ഭരണകൂട സംവിധാനങ്ങൾക്ക് മുകളിലും ഈ സാമൂഹ്യനിയന്ത്രണം നിരന്തരമായി ഉണ്ടാകേണ്ടതുണ്ടെങ്കിലും പോലീസിന്റെ കാര്യത്തിൽ അത് വിട്ടുവീഴ്ചയില്ലാത്തവിധത്തിൽ സൂക്ഷ്മമായിരിക്കണം. കാരണം, മറ്റ് സംവിധാനങ്ങളെ അപേക്ഷിച്ച് പൗരർക്ക് മുകളിൽ നേരിട്ടുള്ള ശാരീരിക ഹിംസ പ്രയോഗിക്കാനും അവരുടെ പൗരാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും അതിവേഗത്തിൽ ഹനിക്കാനുമുള്ള സാധ്യത നിയമപരമായിത്തന്നെ ഉപയോഗിക്കാനാവുന്നൊരു സംവിധാനമാണ് പോലീസ് എന്നതുകൊണ്ടാണത്.
2016 മുതൽ 2024 വരെയുള്ള കാലത്ത് കേരളത്തിൽ 16 കസ്റ്റഡി കൊലപാതകങ്ങളാണ് നടന്നത്. അതിഭീകരമായ ലോക്കപ്പ് മർദ്ദനങ്ങളും തെരുവുകളിലും അല്ലാതെയും പൗരർക്കുനേരെ നടക്കുന്ന പോലീസ് അതിക്രമങ്ങൾ വേറെയാണ്.
എന്നാൽ, പിണറായി വിജയൻ സർക്കാരിന്റെ പോലീസ് നയം ഈ ജനാധിപത്യ സാമൂഹ്യ നിയന്ത്രണത്തെ ഒരാശയമെന്ന നിലയിൽത്തന്നെ പാടെ തള്ളിക്കളയുകയും പോലീസിനെ ഒരു സ്വയംഭരണ റിപ്പബ്ലിക്കിന്റെ ഭാവഹാവാദികളോടുകൂടിയ സേനയാക്കി ശക്തിപ്പെടുത്തുകയും ചെയ്തു. പോലീസിന്റെ തൊഴിൽ വൈദഗ്ധ്യമെന്നതിനെ (Professionalism) പൊതുസമൂഹത്തോടുള്ള ജനാധിപത്യപരമായ ഉത്തരവാദിത്തമില്ലായ്മയും രാഷ്ട്രീയനിയന്ത്രണങ്ങൾക്ക് ഉപരിയായി നിൽക്കാനുള്ള അവകാശവുമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ജനാധിപത്യ സമൂഹത്തിലെ പോലീസിന്റെ തൊഴിൽ വൈദഗ്ധ്യമെന്നത് ജനാധിപത്യ മാനദണ്ഡങ്ങൾ ഉപയോഗിച്ചതാണ് അളക്കേണ്ടത്. കുറ്റവാളികളെന്ന് സംശയിക്കുന്നവരെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ കൊല്ലുന്നത് കാര്യക്ഷമമായ പോലീസ് പണിയല്ല. അത് നിയമവാഴ്ചയെ നോക്കുകുത്തിയാക്കുകയാണ്. അതിനെ അംഗീകരിക്കുന്ന ഒരു സാമൂഹ്യശരീരത്തെ ഉണ്ടാക്കിയെടുക്കുകയാണ് വലതുപക്ഷ ഹിംസയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചെയ്യുന്നത്. മറ്റൊരുതരത്തിൽപ്പറഞ്ഞാൽ വലതുപക്ഷ രാഷ്ട്രീയ ഹിംസയുടെ നിലനിൽപ്പിന് ജനാധിപത്യ വിരുദ്ധമായ പോലീസ് സേന കൂടിയേ തീരൂ. അതുകൊണ്ടുതന്നെ കേരളത്തിലിപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പോലീസ് ഭരണം വലതുപക്ഷ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തെയാണ് ശക്തിപ്പെടുത്തുന്നത്.
2016 മുതൽ 2024 വരെയുള്ള കാലത്ത് കേരളത്തിൽ 16 കസ്റ്റഡി കൊലപാതകങ്ങളാണ് നടന്നത്. അതിഭീകരമായ ലോക്കപ്പ് മർദ്ദനങ്ങളും തെരുവുകളിലും അല്ലാതെയും പൗരർക്കുനേരെ നടക്കുന്ന പോലീസ് അതിക്രമങ്ങൾ വേറെയാണ്. പൗരജീവിതത്തിലേക്ക് പോലീസിനെ ഇറക്കിവിടുക എന്ന ഭരണകൂട നിയന്ത്രണത്തിന്റെ തന്ത്രം ഏറ്റവും സൂക്ഷ്മമായി പ്രയോഗിക്കപ്പെട്ടത് കോവിഡ് നിയന്ത്രണങ്ങളുടെ ഘട്ടത്തിലാണ്. ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയെ നേരിടാൻ പോലീസ് സേനയെ മുൻപന്തിയിൽ നിയോഗിക്കുന്നത് ഒരു രക്ഷാപ്രവർത്തനമായാണ് ചിത്രീകരിക്കപ്പെട്ടത്. അതിന്റെ അപകടം പൂർണതോതിൽ മനസിലാക്കാൻ കേരളീയ സമൂഹത്തിന് അന്ന് കഴിഞ്ഞതുമില്ല. ആളൊഴിഞ്ഞ നിരത്തിൽ പാഞ്ഞുവരുന്ന പോലീസ് വണ്ടിയിൽ നിന്ന് കാക്കിക്കുപ്പായക്കാർ ഇറങ്ങിയാൽ പ്രപഞ്ചം നിശ്ചലമാകണമെന്ന മട്ടിലുള്ള പോലീസ് ഭീതിയുണ്ടാക്കുക എന്നത് കോവിഡിന് ശേഷമുള്ള കാലത്തേക്കുകൂടിയായിരുന്നു. യതീഷ് ചന്ദ്ര എന്നൊരു IPS- കാരൻ സാധാരണ പൗരരെ നിരത്തിൽ കുനിച്ചുനിർത്തി ഏത്തമിടുവിക്കുന്ന കാഴ്ച രാഷ്ട്രീയ കേരളം ഏത്തമിട്ടുകൊണ്ടുതന്നെ കണ്ടുതീർത്തു. ഒരു നടപടിയുമുണ്ടായില്ല. പോലീസിന്റെ ഇടിമുറികളിൽ ഇൻക്വിലാബ് വിളിച്ചു ഇടികൊണ്ടു മരിച്ച നൂറുകണക്കിന് ധീരരുടെ രാഷ്ട്രീയത്തിന്റെ ചരിത്രബാക്കി വെള്ളം കിട്ടാതെ പിടയുന്ന കേരളത്തിൽ മാത്രമാണത് സംഭവിക്കുക. ഈ കേരളം അതിന്റെ ചരിത്രത്തോട് നെറികേട് കാട്ടുകയാണ്.
പോലീസ് കൈകാണിച്ചപ്പോൾ വണ്ടി അല്പം ദൂരെ മാറി നിർത്തിയതിന് വഴിയിലിട്ട് പോലീസ് മനോഹരനെന്ന ഒരു മനുഷ്യനെ അടിച്ചുകൊന്നത് തൃപ്പൂണിത്തുറയിലാണ്. ഒരു ആധുനിക ജനാധിപത്യ സമൂഹം ആ സംഭവത്തിനുശേഷം വളരെ സ്വാഭാവികമായ മട്ടിൽ പോലീസ് വകുപ്പിനെ ചലിക്കാൻ അനുവദിക്കുകയെന്നാൽ ആ സമൂഹത്തിന് കാര്യമായ തകരാറുണ്ടെന്നാണ്. കേരളത്തിൽ അതാണ് സംഭവിക്കുന്നത്.
എട്ട് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളാണ് പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിലിതുവരെ നടന്നത്. അതിനെയെല്ലാം മാവോവാദി വേട്ടയെന്ന പേരിൽ ന്യായീകരിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. മോദി സർക്കാരിന്റെ സമാന ന്യായങ്ങളാണ് ഈ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെല്ലാം പിണറായി സർക്കാരും പറയുന്നത്. അത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ മാത്രമല്ല, അദാനിയുടെ കോർപ്പറേറ്റ് കൊള്ളയ്ക്ക് ദല്ലാളുകളാവുന്നതിലും അങ്ങനെത്തന്നെയാണ് എന്ന് തിരിച്ചറിയുമ്പോഴാണ് പോലീസ് നയം ഒരു അപഭ്രംശമല്ല ഒരു രാഷ്ട്രീയ മാറ്റമാണ് എന്ന് മനസിലാകുന്നത്.
പോലീസ് കസ്റ്റഡിയിൽ ഒരു കൊലപാതകം നടന്നു എന്ന വാർത്ത കേട്ടാൽ സാമാന്യ ജനാധിപത്യബോധത്തിലേക്ക് കടന്നുകഴിഞ്ഞു എന്ന് ആത്മവിശ്വാസമുള്ള ഒരു സമൂഹം അതിൽ നീതി നടപ്പാക്കാതെ സ്വസ്ഥമായിരിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സാക്ഷരതയടക്കം മാനവ ജീവിത സൂചികയുടെ മിക്ക തലങ്ങളിലും മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ കസ്റ്റഡി കൊലപാതകങ്ങൾ എല്ലാ വർഷവും ആചാരം പോലെ നടക്കുമ്പോഴും കാര്യമായ അമ്പരപ്പോ ഞെട്ടലോ ഒന്നുമുണ്ടാകുന്നില്ല. പോലീസ് കസ്റ്റഡിയിലെ കൊലപാതകം മാധ്യമങ്ങൾക്കു പോലും നീണ്ടുനിൽക്കുന്ന വാർത്തയല്ല. കേരളത്തിലെ കസ്റ്റഡി കൊലപാതകങ്ങളെക്കുറിച്ചുള്ള മാധ്യമ ചർച്ച മാത്രമല്ല, പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം പോലും വഴിപാടാണ്. കസ്റ്റഡിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് മാത്രം ആവലാതിയുള്ള ഒന്നാണ് ഒരു കസ്റ്റഡി കൊലപാതകം എന്നത് ഉള്ള് പൂതലിച്ച ഒരു സമൂഹത്തിന്റെ ലക്ഷണമാണ്.
പോലീസ് കസ്റ്റഡിയിലെ കൊലപാതകം മാധ്യമങ്ങൾക്കു പോലും നീണ്ടുനിൽക്കുന്ന വാർത്തയല്ല. കേരളത്തിലെ കസ്റ്റഡി കൊലപാതകങ്ങളെക്കുറിച്ചുള്ള മാധ്യമ ചർച്ച മാത്രമല്ല, പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം പോലും വഴിപാടാണ്.
പോലീസ് അതിക്രങ്ങളെ ന്യായീകരിക്കേണ്ട ബാധ്യത അതാത് കാലത്തെ രാഷ്ട്രീയ കക്ഷികൾ ഏറ്റെടുക്കുന്നതോടെ അതിനിടയിലൂടെ പോലീസ് സേനയുടെ പൗരാവകാശവിരുദ്ധത നിലനിർത്തപ്പെടുകയാണ്. കേരളത്തിലിപ്പോൾ പോലീസിനെയും പോലീസ് അതിക്രമങ്ങളേയും ഏറ്റവും കൂടുതൽ ന്യായീകരിക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാർ ഭരിക്കുമ്പോൾ പോലീസിനെ കൂടുതൽ ജനാധിപത്യവത്കരിക്കുകയും നിയമവാഴ്ചയോട് കൂടുതലടുപ്പിക്കുകയും ചെയ്യേണ്ടതിനു പകരം എന്തൊക്കെ ജനാധിപത്യ വിരുദ്ധ സ്വഭാവവിശേഷങ്ങളാണോ പോലീസിനുള്ളത് അതിനെയെല്ലാം വാഴ്ത്തിക്കൊണ്ട് നടക്കേണ്ട ഗതികേടിലാണ് സാധാരണ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർ.
ഇടതുപക്ഷത്തിന് അധികാരം ലഭിക്കുമ്പോൾ ഓരോ ഘട്ടത്തിലും പോലീസിനെ കൂടുതൽ ജനാധിപത്യവത്കരിക്കാൻ ശ്രമം നടത്തും എന്നാണ് സ്വാഭാവികമായും നാം പ്രതീക്ഷിക്കുക. കേരളത്തിൽ പോലീസ് ഭീകരതയുടെ ഏറ്റവും വലിയ രാഷ്ട്രീയ ഇരകൾ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായിരുന്നു. കേരളത്തിലെ ഏറ്റവും ഹീനമായ പോലീസ് ഭീകരത നടമാടിയ അടിയന്തരാവസ്ഥയിലും ജനകീയ സമരങ്ങൾക്ക് നേരെ പോലീസ് നരനായാട്ട് നടത്തിയ കോൺഗ്രസ് ഭരണകാലങ്ങളിലുമെല്ലാം കമ്യൂണിസ്റ്റുകാർ പോലീസ് ഭീകരതയുടെ എതിർപക്ഷത്തുണ്ടായിരുന്നു. സാമാന്യമായി ഇതിനിടയിലെല്ലാം വന്ന ഇടതുപക്ഷ സർക്കാരുകൾ പ്രത്യക്ഷത്തിൽ പോലീസിനെ ജനങ്ങൾക്കെതിരെ സർവ്വസ്വാതന്ത്ര്യവും നൽകി അഴിച്ചുവിടാൻ തുനിഞ്ഞില്ല. പോലീസിനെ ജനാധിപത്യവത്കരിക്കുക എന്ന രാഷ്ട്രീയ കടമയൊന്നും ഏറ്റെടുത്തില്ലെങ്കിലും നിലവിലെ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു.
എന്നാൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും രണ്ടാം സർക്കാരും ഇക്കാര്യത്തിൽ വ്യത്യസ്ത നയമാണ് സ്വീകരിച്ചത്. പോലീസുകാരുടെ മനോവീര്യം തകർക്കാനാവില്ല എന്ന രക്ഷാധികാരിയുടെ വാക്കുകളോടെയാണ് പിണറായി വിജയൻ പോലീസ് സേനയെ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്ക് മുകളിൽ പ്രതിഷ്ഠിച്ചത്.
ജനങ്ങളുടെ മുകളിൽ ചോദ്യം ചെയ്യപ്പെടാത്ത അധികാരവകാശങ്ങളോടെ പോലീസിനെ നിലനിർത്തിയിരിക്കുന്നത് കേരളത്തിൽ മാത്രമല്ല എന്നത് വളരെ ലളിതമായ വസ്തുതയാണ്. ഇന്ത്യയിലെ പോലീസ് സേനയുടെ ഘടനയും അതിന്റെ ദൈനംദിന പ്രവർത്തനങ്ങളും ജനങ്ങളോടും ജനാധിപത്യവകാശങ്ങളോടുമുള്ള അതിന്റെ സമീപനവുമെല്ലാം ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ രൂപപ്പെട്ടതിന്റെ സ്വതന്ത്ര ഇന്ത്യൻ രൂപം മാത്രമാണ്. സായിപ്പേ പോയുള്ളൂ, സായിപ്പിന്റെ പോലീസ് ഇവിടെത്തന്നെയുണ്ട് എന്നാണ് സ്ഥിതി.
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനുശേഷം ഇന്ത്യയിലെ പോലീസ് സംവിധാനം കൊളോണിയൽ ഭരണത്തിന്റെ സംരക്ഷിക്കാൻ ഉതകുംവിധത്തിൽ ശക്തിപ്പെടുത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന 1861-ലെ പോലീസ് നിയമമാണ് ഇപ്പോഴും നമ്മുടെ പോലീസ് ഭരണത്തിന്റെ അടിസ്ഥാന നിയമം. ഇന്ത്യയിൽ പോലീസ് സംവിധാനം ഇന്നത്തെ രീതിയിലുണ്ടാകുന്നതിനുള്ള അടിസ്ഥാന പാഠങ്ങളെല്ലാം ഉണ്ടായത് കൊളോണിയൽ ഭരണത്തെ നിലനിർത്താനും തദ്ദേശീയരെ അടിച്ചമർത്താനും അവരുടെ രാഷ്ട്രീയ വിമോചനസമരങ്ങളെ തകർക്കാനുമുള്ള പരിപാടിയുടെ ഭാഗമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനതയുടെ ഭാഗമായല്ല പോലീസ് സംവിധാനത്തെ രൂപപ്പെടുത്തിയത്, അവർക്ക് മുകളിലുള്ള ഒരു അധിനിവേശ പദ്ധതിയുടെ ഭാഗമായാണ്. ബ്രിട്ടനിലെ പോലീസ് സംവിധാനത്തിന്റെ രൂപത്തിൽപ്പോലുമല്ല ഇന്ത്യയിൽ അതുണ്ടായത് എന്നതിന്റെ കാരണവും അതാണ്.അധിനിവേശ പോലീസ് മാതൃകയായ Irish Constabulary-യുമായി ഇന്ത്യയിലെ കൊളോണിയൽ പോലീസ് സംവിധാനത്തിന്റെ ചാർച്ച കൂടുതലായത് അതുകൊണ്ടാണ്.
കേരളത്തിലെ പൗരരെ തെരുവുകളിൽ നിന്ന് ഇടിമുറികളിലേക്കും കൊലയറകളിലേക്കും പോലീസ് തൂക്കിയെടുത്തെറിയുമ്പോൾ എവിടെയാണ് കമ്യൂണിസ്റ്റ് പാർട്ടി?
ഇന്ത്യക്കാരോട് അഥവാ ബ്രിട്ടീഷ് കൊളോണിയൽ ഭാഷയിൽ തദ്ദേശീയരോട് (Natives) തികഞ്ഞ അവിശ്വാസം പുലർത്തിക്കൊണ്ടാണ് ഈ പോലീസ് സംവിധാനത്തെ രൂപപ്പെടുത്തിയത്. കൊളോണിയൽ ഭരണാധികാരിയുടെ കാഴ്ചപ്പാടിൽ അതിന് ന്യായമുണ്ട്. കാരണം ഒരു അധിനിവേശ ഭരണകൂടത്തോടുള്ള അമർഷം ജനകീയ കലാപമായി രൂപപ്പെടുന്നത് തടയുക എന്ന ആത്യന്തിക ലക്ഷ്യമുള്ള ഭരണകൂടത്തിന്റെ മർദ്ദക സംവിധാനത്തിന് അത്തരത്തിലൊരു അവിശ്വാസം അതിന്റെ അടിസ്ഥാനഘടനയിൽ ചേർത്തുവെക്കേണ്ടതുണ്ട്. 1860-ലെ പോലീസ് കമീഷനിലെ ഒരു അംഗവും മദ്രാസ് ഐ.ജിയുമായിരുന്ന (Inspector General of Police) വില്യം റോബിൻസൺ പറഞ്ഞത്, അച്ചടക്കത്തിലും ഉത്തരവുകൾ നൽകാനുമുള്ള ഇന്ത്യക്കാരുടെ ശേഷി കുറവായതുകൊണ്ട് അച്ചടക്കമുള്ള ഒരു പോലീസ് സേനയെ നയിക്കാൻ അവരെ വെക്കാനാവില്ല എന്നാണ്. വംശീയവെറി മാത്രമല്ല ഇതിനു കാരണം. കൊളോണിയൽ ഭരണത്തിനുള്ള അരക്ഷിതാവസ്ഥയായിരുന്നു കാരണം. വൈസ്രോയിയുടെ സമിതിയിലെ (Viceroy’s Council,1868) അംഗമായിരുന്ന ജോൺ സ്ട്രാച്ചി നിരീക്ഷിച്ചത്, “നിർണ്ണായകമായ ഭരണച്ചുമതലകൾ തദ്ദേശീയർക്ക് നൽകിയാൽ അത് സാമ്രാജ്യത്തിന്റെ അവസാനത്തിന്റെ ആരംഭമാകും’’ എന്നാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഈ അവിശ്വാസം മറ്റൊരു രൂപത്തിലേക്ക് പരിവർത്തിപ്പിക്കപ്പെട്ടു. അത് ഭരണവർഗത്തിന് സാധാരണ ജനങ്ങളുടെ കലാപശേഷിയെക്കുറിച്ചുള്ള ഭീതിയായി മാറി. ‘തദ്ദേശീയർ’ എന്ന കൊളോണിയൽ പ്രയോഗത്തിൽ നിന്ന് ‘സാധാരണ പൗരർ’ എന്നാക്കി പരാവർത്തനം ചെയ്തു എന്നത് മാത്രമാണ് സംഭവിച്ചത്. സമാനമായ ഭരണകൂട സമീപനമായിരുന്നു തുടർന്നതും. പോലീസിന് പ്രത്യേകമായൊരു മനോവീര്യം വേണമെന്നും അത് സാധാരണ പൗരർക്കും പൊതുസമൂഹത്തിനും വേണ്ട ജനാധിപത്യ മനോവീര്യത്തെക്കാൾ കൂടുതലായുള്ളതും സവിശേഷമായ അധികാരത്തോട് കൂടിയാകണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന് തോന്നുന്നത് അയാളുടെ പേര് കോൺവാലിസ് പ്രഭു മുതൽ കെ. കരുണാകരൻ വരെയുള്ള ആരുടേയുമാകാം എന്നതുകൊണ്ടാണ്.
സ്വതന്ത്ര ഇന്ത്യയിൽ കൊളോണിയൽ പോലീസ് ഘടനയെ അതേപടി പകർത്തുക എന്നതായിരുന്നു ഭരണവർഗത്തിന് അവരുടെ വർഗ്ഗതാത്പര്യങ്ങളും രാഷ്ട്രീയാധികാരവും നിലനിർത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ നയം. സ്വതന്ത്ര ഇന്ത്യയിൽ പോലീസിനെ ഏറ്റവും ഭീഷണമായ രീതിയിൽ ഉപയോഗിച്ചത് ജനകീയ സമരങ്ങളെ അടിച്ചമർത്താനും ജനാധിപത്യ പൗരാവകാശങ്ങളെ തല്ലിയൊതുക്കാനുമാണ് എന്നത് ഒരു സ്ഥിരം കാഴ്ചയാകുന്നത് അതുകൊണ്ടാണ്.
അതായത്, എങ്ങനെയാണോ കൊളോണിയൽ ഭരണാധികാരികൾ പോലീസ് സേനയെ വിഭാവനം ചെയ്തത് അതേ സമീപനവും കാഴ്ച്ചപ്പാടുമാണ് സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യവാദികളും പിന്തുടർന്നത്. അതുകൊണ്ടാണ് പൗരരുടെ ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും പോലീസ് സ്റ്റേഷനിലെ ഇടിമുറിയിൽ തല്ലുകൊണ്ട് ചത്താലും സാരമില്ല, പോലീസുകാരുടെ മനോവീര്യം ഒട്ടും കുറയാതെ നിലനിൽക്കണമെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്.
പോലീസ് സേനയുടെ ആധുനികവത്കരണം, പരിഷ്‌കരണം എന്നിവയെക്കുറിച്ച് നടക്കുന്ന ചർച്ചകളെല്ലാം പോലീസിനെ ജനാധിപത്യവത്കരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളായി പരിണമിക്കുന്നില്ല എന്നതാണ് ദൗർഭാഗ്യകരമായ സംഗതി. ഇന്ത്യയിൽ പോലീസ് പരിഷ്ക്കരണത്തെക്കുറിച്ചുള്ള സംവാദങ്ങളും അതിനുവേണ്ടിയുണ്ടാക്കിയ സമിതികളുമെല്ലാം രണ്ടു സമീപനങ്ങളുടെ ഏറ്റുമുട്ടലുകൾ നടക്കുന്നവയായി കാണാം. ഒരുവശത്ത് ജനാധിപത്യ സമൂഹത്തിന്റെ ജനാധിപത്യബോധം ഉൾക്കൊള്ളുന്ന ഒരു ക്രമസമാധാന വിഭാഗമായി പോലീസിനെ മാറ്റേണ്ടതിനെക്കുറിച്ച് നിരന്തരം ആവശ്യപ്പെടുന്ന പക്ഷം. മറ്റൊന്ന് ഭരണകൂടത്തിന്റെ മർദ്ദകസംവിധാനമെന്ന നിലയിലാണെങ്കിലും കൂടുതൽ കാര്യക്ഷമവും ആധുനിക തൊഴിൽ വൈദഗ്‌ധ്യവുമുള്ള ഒരു വിഭാഗമായി പോലീസിനെ കൊണ്ടുപോകണമെന്നുള്ള പക്ഷം. പോലീസ് പരിഷ്ക്കരണത്തെക്കുറിച്ചുള്ള മിക്ക സമിതികളും ഈ രണ്ടാമത്തെ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അവയിൽ പോലീസിന്റെ പൗരാവകാശ ലംഘനങ്ങൾക്കെതിരെയുള്ള ചില നിർദ്ദേശങ്ങളൊക്കെ കാണാമെങ്കിലും പോലീസിനെ ജനാധിപത്യവത്ക്കരിക്കാനുള്ള നീക്കം കുറവാണ്.
National Police Commission (1977) നു പിന്നാലെ Gore Committee on Police Training (1971-73), Ribeiro Committee on Police Reforms (1998), Padmanabhaiah Committee on Police Reforms (2000), Group of Ministers on National Security (2000-01), Malimath Committee on Reforms of Criminal Justice System (2001-3) എന്നിവയും പ്രകാശ് സിങ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങളുമെല്ലാം പോലീസിന്റെ ജനാധിപത്യവത്കരണത്തെക്കാളേറെ പോലീസിന്റെ സ്വയംഭരണം ഉറപ്പുവരുത്തുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധിച്ചത്. പുറത്തുനിന്നുള്ള ഇടപെടലുകളും രാഷ്ട്രീയ താത്പര്യങ്ങളും സേനയുടെ പ്രൊഫഷണൽ സ്വഭാവം നഷ്ടപ്പെടുത്തുന്നു എന്ന പൊതുവിലയിരുത്തലിന്റെ മുകളിലാണ് മിക്ക നിർദ്ദേശങ്ങളും വരുന്നത്. അത്തരം ഇടപെടലുകളുടെ കാര്യത്തിൽ തർക്കമില്ലെങ്കിലും പോലീസിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവത്തിന്റെ ഗുണഭോക്താക്കളാണ് മിക്ക രാഷ്ട്രീയകക്ഷികളും അവർ തന്നെ ഭാഗമായി വരുന്ന സർക്കാരുകളുമെന്നും ആത്യന്തികമായി ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവത്തെയും വർഗവിഭജിത സ്വത്തുസമ്പ്രദായത്തെയും സംരക്ഷിക്കാനുള്ള ഒരുപാധിയാണ് പോലീസ് അടക്കമുള്ള മർദ്ദക സംവിധാനങ്ങളെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് പോലീസിനെ ജനാധിപത്യവത്കരിക്കുക എന്നാൽ പോലീസുകാരെ വ്യക്തിപരമായി നന്നാക്കുക എന്ന പഠനക്ലാസ് അല്ലെന്നും ഒരു സംവിധാനം എന്ന നിലയിൽ ജനങ്ങളോട് ഉത്തരവാദിത്തമുള്ളതും മറുപടി പറയേണ്ടതുമായ സംവിധാനമായി ഇതിനെ മാറ്റുക എന്നാണ് അർഥമെന്നും നാം തിരിച്ചറിയുക .
ദേശീയ പോലീസ് കമീഷന്റെ മൂന്നാം റിപ്പോർട്ട് ജോഗീന്ദർ സിങ് കേസിൽ (Joginder Singh v State of U.P. (1994 ) 4 SCC 260) സുപ്രീം കോടതി ഇന്ത്യയിലെ പോലീസ് സംവിധാനം എത്രമാത്രം ജനാധിപത്യവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നത് കാണിക്കാനായി എടുത്തു പറയുന്നുണ്ട്. റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ നടക്കുന്ന 60% അറസ്റ്റുകളും അന്യായമോ അനാവശ്യമോ ആണെന്നാണ്. എന്തൊരു ഭീകരമായ പൗരാവകാശ നിഷേധമാണിത്!
ഇത്തരത്തിൽ അറസ്റ്റുകൾ നടത്തി പോലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും എന്ന പ്രതീക്ഷയിൽ D. K .Basu കേസിൽ (D.K.Basu v State of West Bengal -1997- 1 SCC 416) സുപ്രീം കോടതി അറസ്റ്റിനു വേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പ്രസ്തുത വിധിയിൽ ജസ്റ്റിസ് എ.എസ്. ആനന്ദ് കസ്റ്റഡി പീഡനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: "Custodial torture is a naked violation of human dignity and degradation which destroys, to a large extent, the individual personality. It is a calculated assault on human dignity and whenever human dignity is wounded, civilisation takes a step backward- flag of humanity must on each such occasion fly half mast’’.
പോലീസ് സേനയുടെ ആധുനികവത്കരണം, പരിഷ്‌കരണം എന്നിവയെക്കുറിച്ച് നടക്കുന്ന ചർച്ചകളെല്ലാം പോലീസിനെ ജനാധിപത്യവത്കരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളായി പരിണമിക്കുന്നില്ല എന്നതാണ് ദൗർഭാഗ്യകരമായ സംഗതി.
വിധിയും കോടതിയും ഒരു വഴിക്കു പോയി. 1997-നും 2016-നും ഇടയ്ക്ക് ഇന്ത്യയിൽ 790 കസ്റ്റഡി കൊലപാതകങ്ങളുണ്ടായി. 2019-ൽ മാത്രം 125 പേർ കസ്റ്റഡിയിൽ മരിച്ചു. കസ്റ്റഡി മരണങ്ങളിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തണം എന്ന നിർദേശം പല കേസുകളിലും അനുസരിക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ ബിഹാറിനും ഉത്തർപ്രദേശിനും മധ്യപ്രദേശിനുമൊപ്പം കേരളവുമുണ്ട്.
കേരളത്തിന്റെ ഇടതുപക്ഷം ഇങ്ങനെയാണ് എന്നാണോ മറുപടി?
പോലീസ് സ്റ്റേഷനുകൾ ജനാധിപത്യ സമൂഹത്തിന്റെ പരിശോധനയ്ക്ക് വിധേയമാകാത്ത സ്വയംഭരണ റിപ്പബ്ലിക്കുകളാണ് എന്ന അവസ്ഥ നിലനിൽക്കുകയാണ്. പോലീസ് സ്റ്റേഷനിൽ നിന്നുള്ള മർദ്ദനവും ചീത്തവിളിയുമെല്ലാം മറ്റൊരു ലോകത്തെ സ്വാഭാവിക നിയമങ്ങളാണ് ജനം കണക്കാക്കുന്ന പോലുമുണ്ട്. തെറി വിളിക്കാനും അധികാരഭാവത്തിൽ സംസാരിക്കാനും സ്‌റ്റേഷനിലെത്തുന്നവരെ അനന്തമായി കാത്തിരുത്താനും മധ്യസ്ഥശ്രമമെന്ന പേരിൽ കൈക്കൂലി വാങ്ങാനുമൊക്കെ തങ്ങൾക്ക് അധികാരമുണ്ട് എന്ന് പോലീസുകാർ തന്നെ ധരിക്കുന്ന ഒരു വ്യവസ്ഥയാണ് ഇവിടെയുള്ളത്. അത്തരത്തിലുള്ള സ്റ്റേഷനുകളിലാണ് പീഡനപർവ്വങ്ങൾ ഒരു വാർത്തയല്ലാതാകുന്നത്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ തന്റെയൊരു വിധിപ്രസ്താവത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്: "This Country has no totalitarian territory even within the walled world we call prison. Articles 14, 19 and 21 operate within the prisons... the state must re-educate the constabulary out of their sadistic arts and inculcate a respect for the human person -a process which must begin more by example than by percept if the lower rungs are really to emulate, then '....nothing inflicts a deeper wound on our constitutional culture than a state official running berserk regardless of human rights'’’.(K.S.R. Dev v State of Rajasthan (1981)1 SCC 503)
പോലീസിന്റെ ജനാധിപത്യവത്ക്കരണം നടക്കേണ്ടത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ്. പോലീസുകാരോട് ചോദിച്ചിട്ടോ അവരുടെ തൊഴിൽ വൈദഗ്ധ്യത്തെ ആശ്രയിച്ചോ നടക്കേണ്ട ഒന്നല്ല ഈ ജനാധിപത്യവത്ക്കരണം. അതൊരു രാഷ്ട്രീയ തീരുമാനമാണ്. ഈ രാഷ്ട്രീയമാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാരിന് ഇല്ലാതെപ്പോയത്.
കേരളത്തിലെ പൗരരെ തെരുവുകളിൽ നിന്ന് ഇടിമുറികളിലേക്കും കൊലയറകളിലേക്കും പോലീസ് തൂക്കിയെടുത്തെറിയുമ്പോൾ എവിടെയാണ് കമ്യൂണിസ്റ്റ് പാർട്ടി?
പോലീസിനെ മാറ്റാൻ പറ്റില്ല, അയ്യോ ആവോ ഇതൊരു ബൂർഷ്വാ ഭരണഘടനയല്ലേ എന്നൊക്കെയുള്ള പതിവ് അളിഞ്ഞ ന്യായങ്ങൾ സംസ്ഥാന സർക്കാരിനും ഭരണകക്ഷിക്കും വേണ്ടി പി.ആർ. സംഘങ്ങൾ ഇറക്കുന്നുണ്ട്. പോലീസിന്റെ ജനാധിപത്യവത്ക്കരണം ഒരു ഇടതുപക്ഷ അജണ്ടയാണ്. സാമാന്യമായി പൗരാവകാശങ്ങളെ ബഹുമാനിക്കുന്നൊരു പോലീസിനെ സൃഷ്ടിക്കാൻ വിപ്ലവമൊന്നും ഉണ്ടാകേണ്ടതില്ല. പോലീസ് പരിപൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിഷയമാണ്. പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം സുതാര്യമാക്കാനും സ്റ്റേഷൻ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ഏതുസമയത്തും ലഭ്യമാക്കാനും വേണ്ട സംവിധാനമുണ്ടാക്കാത്തത് സംസ്ഥാന സർക്കാർ അതിനു തയാറാകാത്തതുകൊണ്ടാണ്. കേരള പോലീസിനെ ജനാധിപത്യവത്ക്കരിക്കാനുള്ള എന്തൊക്കെ നിർദ്ദേശങ്ങളാണ് ഇടതുമുന്നണിക്ക്, വിശിഷ്യാ സി.പി.എമ്മിനുള്ളത്? അതിൽ ഏതൊക്കെ നിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാരിന് നടപ്പാക്കാൻ കഴിയാത്തത്? എന്തൊക്കെ നടപടികൾ ഇക്കാര്യത്തിൽ ചെയ്യാനാകും എന്നതു പരിശോധിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാനും പൊതുജനാഭിപ്രായമടക്കം ക്ഷണിച്ചുകൊണ്ടുള്ള എന്തെങ്കിലും പദ്ധതി സർക്കാരിനോ മുന്നണിക്കോ ഉണ്ടോ? ഇതൊന്നും ചെയ്യാതെ വെറുതെ പായാരം പറയുന്നത് ശുദ്ധ തട്ടിപ്പാണ്.
പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം സുതാര്യമാക്കാനും സ്റ്റേഷൻ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ഏതുസമയത്തും ലഭ്യമാക്കാനും വേണ്ട സംവിധാനമുണ്ടാക്കാത്തത് സംസ്ഥാന സർക്കാർ അതിനു തയാറാകാത്തതുകൊണ്ടാണ്. കേരള പോലീസിനെ ജനാധിപത്യവത്ക്കരിക്കാനുള്ള എന്തൊക്കെ നിർദ്ദേശങ്ങളാണ് ഇടതുമുന്നണിക്ക്, വിശിഷ്യാ സി.പി.എമ്മിനുള്ളത്?
Paramvir Singh Saini vs. Baljit Singh (SLP (CRIMINAL) No.3543 of 2020) കേസിൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നൽകിയ നിർദ്ദേശം എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്നാണ്. എന്തുകൊണ്ടാണ് കേരള സർക്കാർ ഇത് നടപ്പിലാക്കാത്തത്? സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കാൻ തടസം ബ്രിട്ടീഷ് കൊളോണിയൽ ഭരണമോ ഇന്ത്യൻ ഭരണഘടനയോ ആണോ? കമ്യൂണിസവും മാർക്സിസവും പോയിട്ട് ലിബറൽ ജനാധിപത്യത്തിന്റെ പ്രതിബദ്ധത പോലും ജനങ്ങളോടില്ലാത്ത സമഗ്രാധിപത്യ കാമിയായൊരു ദുരധികാരവൃന്ദമാണ് വിജയനും അയാൾക്കു ചുറ്റുമുള്ള സംഘവും എന്നതുകൊണ്ടാണ് ഇതൊന്നും നടപ്പാക്കാത്തത്.
പോലീസ് സ്റ്റേഷനുകളിലെ മർദ്ദനം തടയാനുള്ള കൃത്യമായ നീക്കമായാണ് സി സി ടി വി ക്യാമറവെക്കാനുള്ള ഉത്തരവിൽ കോടതി എണ്ണിപ്പറഞ്ഞു വ്യക്തമാക്കിയത്. സുപ്രീംകോടതി അതിനുള്ള നിർദേശങ്ങൾ ഇങ്ങനെ നൽകുന്നു:
1) പോലീസ് സ്റ്റേഷന്റെ ലോക്കപ്പ് അടക്കമുള്ള എല്ലാ ഭാഗങ്ങളും ഇതിൽ ഉൾപ്പെടണം. കെട്ടിടവും അതിന്റെ വളപ്പുമടക്കം ഒരു ഭാഗം പോലും ഇതിൽ നിന്നും ഒഴിവാക്കാൻ പാടില്ല.
2) രാത്രി ദൃശ്യങ്ങൾ record ചെയ്യാൻ കഴിയുന്ന night vision ക്യാമറകൾ വെക്കണം. ഇതിലെല്ലാം തെളിച്ചമുള്ള ദൃശ്യവും ശബ്ദവും പതിയുന്നുവെന്ന് ഉറപ്പാക്കണം.
3) ഇത്തരത്തിൽ record ചെയ്ത ദൃശ്യങ്ങൾ ചുരുങ്ങിയത് 18 മാസമെങ്കിലും സൂക്ഷിക്കണം.
4) ഈ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ചുമതല SHO-വിനാണ്.
5) ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഇതിന്റെ പ്രവർത്തനം ഉറപ്പുവരുത്താൻ ഉന്നതതല സമിതികളുണ്ടാകണം. ഇതിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി, വനിതാ കമീഷൻ അധ്യക്ഷ, ജില്ല കലക്ടർ, ജില്ല പഞ്ചായത്ത് അധ്യക്ഷ, മേയർ, മുനിസിപ്പൽ / പഞ്ചായത് അധ്യക്ഷ എന്നിവർ അംഗങ്ങളായിരിക്കണം.
പറയൂ, ഇത് നടപ്പിലാക്കാൻ പിണറായി വിജയന് തടസം നിൽക്കുന്ന സാമ്രാജ്യത്വശക്തികളെക്കുറിച്ചും ഇന്ത്യൻ ഭരണഘടനയുടെ പരിമിതികളെയും കുറിച്ച് പറയൂ.
കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ സർക്കാരിനെയും സി പി എമ്മിനെയും പ്രത്യേകിച്ച് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെയും പലതരത്തിലുള്ള ആരോപണങ്ങളുടെ സംശയവലയത്തിൽ നിർത്തി ഭരണപക്ഷ സ്വതന്ത്ര എം എൽ എ പി.വി. അൻവർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പ്രധാന കുറ്റവാളി പോലീസാണ്.
പോലീസും രാഷ്ട്രീയ നേതൃത്വവും സമൂഹത്തിലെ ധനികരും അവർക്കിടയിലെ കുറ്റവാളികളും ചേർന്നുള്ള മാഫിയാ കൂട്ടുകെട്ടിനെപ്പറ്റി ആധികാരികമായിത്തന്നെ ഇന്ത്യയിൽ പല തവണ പഠനങ്ങളും മുന്നറിയിപ്പുകളുമുണ്ടായിട്ടുണ്ട്. 1993-ലെ എൻ.എൻ. വോഹ്‌റ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കുറ്റവാളികളും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒരു സമാന്തര സർക്കാരായി മാറിയിരിക്കുന്നു എന്നായിരുന്നു. കേരളത്തിൽ ഇപ്പോൾ നാം കാണുന്നത് ഇതിന്റെ മൂർത്തമായ ഭീഷണരൂപമാണ്.
ഇത്തരം നിക്ഷിപ്ത താത്പര്യങ്ങളുള്ള സംഘങ്ങളിലുണ്ടായ ആഭ്യന്തര തർക്കങ്ങളാണ് അൻവറിന്റെ ആരോപണങ്ങളുടെ പ്രേരകശക്തിയെന്ന് ന്യായമായും കരുതാമെങ്കിലും കൊള്ളസംഘത്തിലെ പൊട്ടിത്തെറികളിൽ നിന്നും പൊതുസമൂഹത്തിന് ലഭിക്കുന്ന ചിത്രം അസാധാരണമായ മാഫിയവത്ക്കരണത്തിലൂടെയാണ് നമ്മുടെ ഭരണസംവിധാനം കടന്നുപോകുന്നത് എന്നാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ADGP-ക്കെതിരെയും ജില്ലാ പോലീസ് മേധാവി പദവിയിലുള്ളവർക്കെതിരെയുമൊക്കെ കൊലപാതകം, ബലാത്സംഗം, കള്ളക്കത്ത് സ്വർണ്ണം തട്ടിയെടുക്കൽ തുടങ്ങിയ അതിഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. അവ അന്വേഷിക്കാൻ പുറംമോടിക്കുള്ള ചില തീരുമാനങ്ങളുണ്ടായെങ്കിലും ക്രമസമാധാന ചുമതലയുള്ള ADGP -യായി കുറ്റാരോപിതനെ നിലനിർത്തിക്കൊണ്ട് നടത്തുന്ന അന്വേഷണം നമ്മുടെ സംവിധാനത്തിന്റെ അടിസ്ഥാനപരമായ ഘടനയെക്കൂടി വെച്ചുനോക്കുമ്പോൾ എത്രമാത്രം തട്ടിപ്പാണെന്ന് വ്യക്തമാണ്. കുറ്റാരോപിതർക്ക് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭാവിയിൽ ഒരുപക്ഷെ ഉണ്ടായേക്കാവുന്ന കോടതി നടപടികളിൽ നിന്നും എളുപ്പത്തിൽ പുറത്തുകടക്കാനുമുള്ള സമയവും അധികാഹാരപദവിയുടെ ദുര്വിനിയോഗത്തിനുള്ള അവസരവും ഒരേസമയം നൽകിക്കൊണ്ടാണ് ഈ അന്വേഷണ പ്രഹസനം.
കേരളത്തിലെ പലതരം മാഫിയ സംഘങ്ങളുടെ സംരക്ഷകരും ഒരുതരത്തിൽ ഗുണഭോക്താക്കളുമാണ് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും. ഇതിന്റെ അവിഭാജ്യ ഘടകവും അതിൽത്തന്നെ ഏറ്റവും നിർണ്ണായക കണ്ണിയുമാണ് പോലീസ് വകുപ്പ്. അനധികൃത നിർമ്മാണങ്ങൾ, കൊള്ളപ്പലിശ സംഘങ്ങൾ, അനധികൃത ഖനന പ്രവർത്തനങ്ങൾ, ഗുണ്ടാസംഘങ്ങൾ എന്നിവയിലെല്ലാം പോലീസ് ഒത്താശ നമുക്ക് കാണാനാകും. ഇതിലൊന്നിലും എന്തെങ്കിലും തരത്തിൽ ചോദ്യം ചെയ്യാനോ ഇടപെടാനോ കഴിയാത്ത വിധത്തിൽ പൊതുസമൂഹത്തെ പുറത്തുനിർത്തിക്കൊണ്ടാണ് കേരളത്തിൽ ‘പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ വിടുന്ന’ പിണറായി സർക്കാരിന്റെ പോലീസ് നയം നടപ്പാക്കുന്നത്.
രാജ്യത്ത് സായുധസേനകളിലും സർക്കാർ സംവിധാനങ്ങളിലും സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അജണ്ടകൾ നടപ്പാക്കാനുള്ള സൂക്ഷ്മമായ പരിപാടികളാണ് നടക്കുന്നത്. സൈന്യത്തിലടക്കം ഇത്തരത്തിലുള്ള അപകടകരമായ സ്വാധീനം സൃഷ്ടിക്കുന്നുണ്ട്. സിവിലിയൻ ഭരണത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ നിലപാടിന് വിരുദ്ധമായി Uniform Civil Code -നെക്കുറിച്ച് ജമ്മു കാശ്മീരിൽ സൈന്യത്തിന്റെ മുൻകൈയിൽ ചർച്ച സംഘടിപ്പിക്കാൻ തീരുമാനിച്ചത് ഇതിന്റെ അപായസൂചനയാണ്. പിന്നീടത് റദ്ദാക്കി. ഉയർന്ന സൈനിക ഉദ്യോഗസ്ഥർ വിരമിച്ചതിനുശേഷം സംഘപരിവാറിന്റെ രാഷ്ട്രീയഭടന്മാരായി മാറുന്നതും നാം കാണുന്നുണ്ട്. ഭരണഘടന കോടതികളിൽ നിന്നുള്ള ന്യായാധിപന്മാർ രാജിവെച്ചും വിരമിച്ചതിനുശേഷവുമൊക്കെ ഇത്തരത്തിൽ ഹിന്ദുത്വ രാഷ്രീയത്തിനൊപ്പം പോകുന്നു. പോലീസ് സേനയിൽ നിന്നും സമാന പ്രവണത കാണാം.
കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള ADGP അജിത്കുമാർ RSS നേതാക്കളെ അടുപ്പിച്ചു സന്ദർശനം നടത്തിയതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും സി പി എം നേതൃത്വത്തിനും ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രശ്നവും തോന്നുന്നില്ല എന്നത് സമഗ്രാധിപത്യ ഭരണസംഘങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ വലിയ അപകടത്തെയാണ് സൂചിപ്പിക്കുന്നത്.
ഈയൊരു അപകടകരമായ ഫാഷിസ്റ്റ് രാഷ്ട്രീയ സ്വാധീനത്തിന്റെ അപായം നിലനിൽക്കെ കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള ADGP അജിത്കുമാർ RSS നേതാക്കളെ അടുപ്പിച്ചു സന്ദർശനം നടത്തിയതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും സി പി എം നേതൃത്വത്തിനും ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രശ്നവും തോന്നുന്നില്ല എന്നത് സമഗ്രാധിപത്യ ഭരണസംഘങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ വലിയ അപകടത്തെയാണ് സൂചിപ്പിക്കുന്നത്.
ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനുവേണ്ട പോലീസ് സേനയല്ല കേരളത്തിലുള്ളത്. അത് തികച്ചും ഫ്യൂഡൽ ഭാഷയിൽ സംസാരിക്കുകയും ജനാധിപത്യ സമൂഹത്തിനെ ദുർബ്ബലമാക്കുകയും പൗരാവകാശങ്ങളെ യാതൊരു വിലയുമില്ലാതെ ലംഘിക്കുകയും ചെയ്യുന്നൊരു സാമ്പ്രദായിക സംവിധാനമായി തുടരുകയാണ്. അതിനെ ജനാധിപത്യവത്ക്കരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ നയമോ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനില്ലതാനും. അതുകൊണ്ടുതന്നെ ഒരേ സമയം രാഷ്ട്രീയ ഭരണനേതൃത്വത്തിന്റെയും പോലീസിന്റെയും ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ നിരന്തരമായി പോരാടിക്കൊണ്ടുമാത്രമേ ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനു വേണ്ട പോലീസിനെ രൂപപ്പടുത്താനാകൂ. ഓരോ അടിയിലും ആസൂത്രിതമായി ആ ജനാധിപത്യ സമരത്തെയും സാമൂഹ്യ അഭിലാഷത്തെയും വഞ്ചിക്കുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമുള്ള ഈ നാട്ടിൽ അതൊട്ടും എളുപ്പമുള്ള പണിയല്ല.
എങ്കിലും ഇടിമുറികളിലും കൊലയറകളിലും നിന്നുതന്നെയാണ് ജനാധിപത്യത്തിന്റെയും മനുഷ്യ വിമോചനത്തിന്റെയും മഹത്തായ സ്വപ്നങ്ങൾ വിമോചനത്തിന്റെ പാടങ്ങളിലേക്ക് വിത്തുവിതയ്ക്കാനിറങ്ങിയത്. എത്രയൊക്കെ തടഞ്ഞുനിർത്തിയാലും മനുഷ്യർ വിമോചനത്തിന്റെ വിത്തുവിതയ്ക്കുകയും അതിന്റെ വിളവുകൾ കൊയ്യുകയും ചെയ്യും. അതിനുവേണ്ടി നമ്മൾ വളമായി മാറുകയെന്ന നിർഭാഗ്യകരമെങ്കിലും അനിവാര്യമായ രാഷ്ട്രീയ സന്നദ്ധത ഉണ്ടാകേണ്ടതുണ്ട്.