പപ്പൻ മാഷ് പിടിയിലായി ആ പൊലീസുകാരോ?

ഓർക്കണം, കുഴിമാടങ്ങളിൽ അടയ്ക്കപ്പെടാൻ വിസമ്മതിക്കുന്ന ആത്മാക്കളെ പോലെയാണ് പീഡിതരുടെ ഓർമ്മകൾ. നീതി കിട്ടി എന്ന് ഉറപ്പ് വരുന്നതുവരെ അവർക്കു അതിൽ നിന്ന് മുക്തിയുണ്ടാകില്ല. ആ നീതി നിഷേധിക്കപെടുന്നവരുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വാഴ്ത്തിക്കൂടാ.

പപ്പൻ മാഷ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ തത്കാലം കാര്യങ്ങൾ അടങ്ങി. കോവിഡ് കാലത്തു അപ്രതീക്ഷിതമായി പ്രതിപക്ഷത്തിന് വീണു കിട്ടിയ അവസരത്തിൽനിന്നും അധികം പരിക്കേൽക്കാതെ രക്ഷപ്പെടാൻ ഈ അറസ്റ്റ് ഭരണകൂടത്തിന് സഹായകമാകും. ഒരു വിധം കാര്യങ്ങൾ ശുഭം.

പ്രതിസ്ഥാനത്തു വരുന്നവരുടെ പാർട്ടി ബന്ധം അനുസരിച്ചു ആരോപണ പ്രത്യാരോപണങ്ങളുടെ മൂർച്ച കൂടുകയും കുറയുകയും ചെയ്യും. കേരള സമൂഹം ഇതുവരെ അസ്വീകാര്യരെന്ന് മാറ്റി നിർത്തിയ ബി.ജെ.പി നേതാവ് പ്രതിസ്ഥാനത്തു വന്നത് കൊണ്ട് ഇത്തവണ വിമർശകരുടെ പക്ഷം ശക്തമാണ്. സന്തോഷം തോന്നേണ്ടുന്ന കാര്യം. സംശയമില്ല, ലവലേശം.

പത്മരാജൻ

എന്നാൽ അമിതമായി പ്രതിയുടെ പാർട്ടി ബന്ധത്തിലേക്ക് മനഃപൂർവം ശ്രദ്ധ തിരിച്ചു വിടുന്നവരോട് വിയോജിപ്പാണ്. കാരണം കേരളത്തിലെ ആദ്യത്തെ ബാല ലൈംഗിക പീഡനമല്ല പാലത്തായിയിലേത്. ആദ്യമായി ഒരു പാർട്ടി പ്രവർത്തകൻ അകപ്പെടുന്ന കേസും അല്ല. കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പാർട്ടി സുഹൃത്തുക്കൾ ഒത്താശ ചെയ്യുന്ന ആദ്യത്തെ കേസുമല്ല. അതുകൊണ്ട് ബി.ജെ.പി സംഘപരിവാർ വിരോധം ഇറക്കി വെക്കേണ്ട ഒരു ഇടമായി ഈ കേസിനെ കണ്ടാൽ അറിഞ്ഞോ അറിയാതെയോ നമ്മൾ വെളുപ്പിച്ചെടുക്കുന്നത് പോലീസിനെയാണ്. ഈ കേസിനു അത്തരം ഒരു രാഷ്ട്രീയ, വംശീയ തലം ഉണ്ടാക്കാൻ ശ്രമിക്കുന്ന പപ്പൻമാഷ് ഫാൻസ് അസോസിയേഷന് അങ്ങിനെ ഒരു വടി നമ്മൾ കൊടുക്കരുത്.

ഒരു കൊച്ചു കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ചും പ്രതിയെ രക്ഷിക്കാൻ ഒരു മാസത്തോളം ശ്രമിക്കുകയും ചെയ്ത പാനൂരിലെ പൊലീസിന്റെ കാര്യം മാത്രമല്ല പറയുന്നത്. വാളയാർ അടക്കം കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങളിൽ നമ്മുടെ പൊലീസ് സ്വീകരിച്ച് കണ്ടിട്ടുള്ള സമാനമായ പക്ഷപാതം കൂടിയാണ്.

ശിശു ക്ഷേമവകുപ്പിന്റെ സാരഥിയായ മന്ത്രിയുടെ നിർദേശങ്ങളെ മറികടന്ന്, സി.പി.ഐ.എം ജില്ലാകമ്മിറ്റിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി, ഒരു ബി.ജെ.പി പ്രവർത്തകനെ ഇത്ര നാൾ സംരക്ഷിക്കാൻ പോലീസിനെ പ്രേരിപ്പിക്കുന്നതെന്താണ്? വാളയാറിലടക്കം സമാനമായ കേസുകളിൽ പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തത് എന്തു കൊണ്ടാണ്?

കോവിഡ് കാലത്തു സംഭവിച്ച ഒരു വീഴ്ചയായി മാത്രം പാലത്തായി സംഭവത്തിലെ പോലീസ് നടപടിക്രമങ്ങളെ ലഘൂകരിച്ചുകൂടാ. വാളയാർ കേസിലെ പോലീസ് അലംഭാവം ഓർത്തുനോക്കൂ. ഒരു പെൺകുഞ്ഞിന്റെ ക്രൂരമായ കൊലപാതകം ആത്മഹത്യയാക്കാൻ പൊലീസ് കാണിച്ച ശുഷ്‌കാന്തികൾ ഓർമ്മയില്ലേ. എല്ലാം കൂടി നഷ്ടപ്പെടുത്തിയത് മറ്റൊരു കുഞ്ഞിന്റെ ജീവൻ കൂടെയായിരുന്നു. അക്ഷന്തവ്യമായ അപരാധം.

വിവാദമായ തിയേറ്റർ പീഡന കേസിലും പോലീസിന്റെ ഒത്തുകളി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

അധികമൊന്നും ചർച്ച ചെയ്യപ്പെടാത്ത കേസുകൾ വേറെയുമുണ്ട്.

ഏകദേശം രണ്ടര വർഷം മുൻപ് പാലക്കാട് മുതലമടയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സമാനമായ അനാസ്ഥ പോലീസ് കാണിച്ചതിനെ തുടർന്ന് ആദിവാസി ക്ഷേമസമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തിൽ, പെൺകുട്ടി കുടുംബത്തോടൊപ്പം സ്റ്റേഷനിൽ എത്തി പരാതി നൽകിയില്ല എന്ന മുടന്തൻ ന്യായം കൊണ്ട് പരാതി എടുക്കാതിരുന്നവർ പിന്നീട് സമ്മർദ്ദം ശക്തമായപ്പോൾ കേസെടുക്കാൻ തയ്യാറായി. എന്നാൽ അതിനു പ്രതികാരമെന്നോണം നാട്ടുകാരുടെ മുന്നിൽ വെച്ച് കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയിലും അവഹേളിക്കുന്ന രീതിയിലും ചോദ്യങ്ങൾ ചോദിച്ചതായി പരാതി ഉയർന്നിരുന്നു. ആദ്യം വനിതാ പോലീസ് ഇല്ലാതെയും പിന്നെ ആക്ഷേപം ഉയർന്നപ്പോൾ വനിതാപോലീസിനെ കൂടെ നിർത്തി പുരുഷ പോലീസ് തന്നെ പരുഷമായ ചോദ്യങ്ങൾ കൊണ്ട് കുട്ടിയെ മുറിവേല്പിക്കുകയും ചെയ്തതായും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

അടൂരിൽ, മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയും സഹോദരനെയും പീഡിപ്പിച്ച കേസിലും ആറുമാസമായിട്ടും പ്രാഥമികാന്വേഷണം പോലും നടത്താതിരുന്ന പോലീസിന്റെ കെടുകാര്യസ്ഥതയെ കുറിച്ചു പരാതികൾ ഉണ്ടായിരുന്നു.

ചില കേസുകൾ എടുത്തു പറഞ്ഞത് പാലത്തായി സംഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നു ചൂണ്ടി കാണിക്കാൻ ആണ്. പാലത്തായിയിൽ പോക്‌സോ നിയമങ്ങൾ ലംഘിച്ച്, മന്ത്രിയെയും ഭരണ കക്ഷിയെയും വകവെക്കാതെ പ്രതിക്കൊപ്പം നിൽക്കുക ആയിരുന്നു പൊലീസ്. കുട്ടിയെ അവർ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിപ്പെടുന്നത് രക്ഷിതാവ് തന്നെയാണ്. അവളെ ഇപ്പോൾ കൗൺസിലിംഗിന് കൊണ്ടു പോവാൻ നോക്കുകയാണവർ.

സോഷ്യൽ മീഡിയ ജാഗ്രത ഉണ്ടാകാത്ത പീഡന കേസുകളിലും തക്കതായ നടപടികൾ ഉണ്ടാകേണ്ടതുണ്ട്. പിണറായി മന്ത്രിസഭാ അധികാരത്തിൽ വന്ന ഉടനെ കേട്ട, ഏറെ കയ്യടി നേടിയ മുഖ്യമന്ത്രിയുടെ ഒരു വാചകമുണ്ട്. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന്. ആ വാക്കുകളിലെ കരുതൽ സത്യമാണെങ്കിൽ, ഈ കുട്ടികൾക്കും അവരുടെ വീട്ടുകാർക്കുമെല്ലാം നീതി കിട്ടണം.

പോലീസ് സ്റ്റേഷനുകളിൽ പൊടിപിടിക്കുന്ന ആ കേസ് ഫയലുകൾക്ക് പറയാനുള്ളത് സെക്രട്ടറിയറ്റിലെ ചുവപ്പു നാടയിൽ കുരുങ്ങിയ ജീവിതങ്ങൾക്കു പറയാനുള്ളതിലും ഉള്ളുലയ്ക്കുന്ന അനുഭവങ്ങൾ ആണ്. ജീവിതകാലം മുഴുവൻ വേട്ടയാടുന്ന അരക്ഷിതത്വത്തിന്റെ, അപകർഷതയുടെ, അവഹേളനത്തിന്റെ ഓർമ്മകൾ ആണ്. തന്റേതല്ലാത്ത തെറ്റുകൾക്ക് ജിവിതം മുഴുവൻ കുറ്റപ്പെടുത്തലുകളുടെ ചാട്ടവാറടികൾക്കു സ്വയം വിധേയരാക്കുന്നവരാണ് ഇത്തരം കേസുകളിൽ, ഒരു കുറ്റവും ചെയ്യാതെ വലിച്ചിഴക്കപ്പെടുന്ന കുട്ടികൾ.

അപഹരിക്കപ്പെടുന്ന അവരുടെ നിഷ്‌കളങ്കതയ്ക്ക് മറുപടി പറയേണ്ടതുണ്ട്. കവർന്നെടുക്കപ്പെടുന്ന ജീവിതങ്ങൾക്കും. വാളയാർ വിഷയത്തിൽ പ്രതിപക്ഷ വിമർശനം രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പോക്സോ കേസുകളിൽ സത്വര നടപടികൾ സ്വീകരിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നാണ് അറിവ്. എന്നിട്ടും പാലത്തായിയിൽ ആ കുഞ്ഞു കടന്നു പോയ പീഡനപർവത്തിന്റെ ഒരു കാണ്ഡം രചിച്ചത് നിയമം നടപ്പാക്കാൻ സർക്കാർ ശമ്പളം കൊടുക്കുന്ന പോലീസായിരുന്നു.

വിമർശനങ്ങളിൽ തകർന്നേക്കാവുന്ന പോലീസിന്റെ ആത്മവീര്യത്തെ കുറിച്ചല്ല നമുക്ക് ഉത്കണ്ഠയുണ്ടാകേണ്ടത്.
പോലീസ് ആത്മവീര്യം കവരുന്ന ഈ കുരുന്നു ബാല്യങ്ങളെ കുറിച്ചാണ്. ബാല ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അനാവശ്യമായ കാലതാമസം വരുത്തുന്നവരെ, പ്രതിക്ക് രക്ഷപെടാൻ അവസരമൊരുക്കുന്നവർക്കെതിരെ, പ്രതിയിൽ നിന്ന് പണം പറ്റി കേസുകൾ ഒതുക്കുന്നവർക്കെതിരെ,
അശ്ളീല ചുവയോടെയുള്ള ചോദ്യങ്ങൾ കൊണ്ട് ഈ കുഞ്ഞുങ്ങളെ മുറിപ്പെടുത്തുന്നവർക്കെതിരെ, പൊലീസുകാർക്കെതിരെ ഉടൻ നടപടിയുണ്ടാകണം.

സമൂഹമാധ്യമങ്ങളിൽ മുറവിളി ഉയരുമ്പോൾ മാത്രം പ്രതിയെ പിടിക്കുന്ന പൊലീസിന്റെ ആ പ്രത്യേക കഴിവാണ്, സത്യത്തിൽ അല്പമെങ്കിലും ബാക്കിയുള്ള സേനയുടെ ആത്മവീര്യത്തെ തകർക്കുന്ന യഥാർത്ഥ വില്ലൻ എന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി തിരിച്ചറിയണം. ലോക്ക് ഡൗൺ കാലത്ത് വീട്ടകങ്ങളിലെ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകളോടും കുഞ്ഞുങ്ങളോടും വരെ കരുതലിന്റെ ഭാഷയിൽ സംസാരിക്കുന്ന മുഖ്യമന്ത്രി അടിയന്തിരമായി ആ ഭാഷ തന്റെ കീഴിലുള്ള പൊലീസിനെ കൂടെ പഠിപ്പിക്കേണ്ടതുണ്ട്.

2017 - 18 വർഷത്തിൽ മാത്രം 2600-ൽ പരം കുട്ടികളാണ് കേരളത്തിൽ ലൈംഗിക പീഡനത്തിനിരയായത്. നേരിയ ഏറ്റക്കുറച്ചിലുകളോടെ ഓരോ വർഷവും പുറത്തു വരുന്നത് സമാനമായ കണക്കുകൾ ആണ്.

കുട്ടികളെ പീഡിപ്പിക്കുന്നവർ മാത്രമല്ല അവരെ സഹായിക്കുന്നവരും തുല്യകുറ്റക്കാർ ആണെന്നും അവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികാരത്തിൽ വന്ന ഉടനെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അങ്ങിനെയെങ്കിൽ പീഡിക്കപ്പെട്ട കുട്ടികളെ പിന്നെയും പിന്നെയും കുത്തിനോവിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. ജനശ്രദ്ധ ഇല്ലായിരുന്നെങ്കിൽ പ്രതിയെ രക്ഷിച്ചെടുക്കുമായിരുന്നവർക്കെതിരെ താക്കീതിന്റെ സ്വരം ഉയരണം.

ഓർക്കണം, കുഴിമാടങ്ങളിൽ അടയ്ക്കപ്പെടാൻ വിസമ്മതിക്കുന്ന ആത്മാക്കളെ പോലെയാണ് പീഡിതരുടെ ഓർമ്മകൾ. നീതി കിട്ടി എന്ന് ഉറപ്പ് വരുന്നതുവരെ അവർക്കു അതിൽ നിന്ന് മുക്തിയുണ്ടാകില്ല. ആ നീതി നിഷേധിക്കപെടുന്നവരുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വാഴ്ത്തിക്കൂടാ. ജർമൻ തിയോളോജിസ്റ്റ് ആയിരുന്ന ഡയാട്രിക് ബോൻഹോഫർ പറഞ്ഞ ഒരു വാചകമുണ്ട്. ' സമൂഹത്തിന്റെ ധാർമ്മികതയുടെ പരീക്ഷണം അത് അവരുടെ കുട്ടികളോട് ചെയ്യുന്നതാണ്' എന്ന്.

എല്ലാ കരുതലുകൾക്കും മീതെ അതിനെയെല്ലാം റദ്ദ് ചെയ്യുന്ന തരത്തിൽ ആ കുഞ്ഞുങ്ങളുടെ നിസ്സഹായ നിലവിളികൾ ഉയരരുത്.

Comments