ഡിമെൻഷ്യ മനുഷ്യരെ ചേർത്തുപിടിച്ച്​ ഇതാ, പുതിയൊരു​ കൊച്ചി

ഡിമെൻഷ്യ അഥവാ ഓർമക്കുറവ് ഇന്ന് സമൂഹത്തിൽ ഏറ്റവുമധികം ശ്രദ്ധ കൊടുക്കേണ്ട ഒരു അവസ്ഥയായിക്കൊണ്ടിരിക്കുകയാണ്. ഡിമെൻഷ്യ ബാധിതരെ മാറ്റിനിർത്തുന്ന പ്രവണതയാണ് കുടുംബങ്ങളിലും സമൂഹത്തിലും കണ്ടുവരുന്നത്. അവരെ രോഗികളായി കാണാതെ ചേർത്തുനിർത്തുകയാണ് വേണ്ടത്. മറവി എന്നത് ഒരു രോഗമല്ല. മറവി ബാധിച്ചവരെ കൂടി ഉൾക്കൊള്ളുന്നതാവണം സമൂഹം. അതിന് നമ്മൾ ഡിമെൻഷ്യ എന്ന അവസ്ഥയെക്കുറിച്ചും ഡിമെൻഷ്യ ബാധിതരുടെ പ്രശ്‌നങ്ങളെക്കുറിച്ചും കൂടുതൽ അവബോധമുള്ളവരാകണം.

ഓരോ മൂന്ന് സെക്കന്റിലും ലോകത്ത് ഒരാൾക്ക് ഡിമെൻഷ്യ ബാധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം 4.1 ദശലക്ഷം ആളുകൾ ഇന്ത്യയിൽ ഡിമെൻഷ്യ ബാധിതരാണ്. നമ്മുടെ രാജ്യത്തിന് പ്രത്യേകമായ ഒരു ഡിമെൻഷ്യ പോളിസി ഇല്ലാത്തതിനാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. കേരളത്തിലെ ആകെ ജനസംഖ്യയിൽ 14 ശതമാനം ആളുകൾ ഡിമെൻഷ്യ ബാധിതരാകാനുള്ള സാധ്യതയുണ്ടെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എൻ.എസ്.എസിന്റെ സഹായത്തോടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.

എറണാകുളത്തെ ഡിമെൻഷ്യ സൗഹൃദ ജില്ലയാക്കാൻ ലക്ഷ്യമിട്ടാണ് ബോധി പദ്ധതിക്ക് തുടക്കം കുറിച്ചത്. കൊച്ചി സർവകലാശാല ന്യൂറോ സയൻസസ് വിഭാഗത്തിലെ ഇന്റർ ഡിസിപ്ലിനറി റിസർച്ച് കം ആക്ഷൻ പ്രൊജക്റ്റ് പ്ലാറ്റ്‌ഫോമായ പ്രജ്ഞയാണ് ബോധിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Comments