കോഴിക്കോട്ടെ കോയ ബീച്ച് റോഡിൽ പുതുതായി പണിതീർത്ത 'കോലായി' പ്രസക്തമാവുന്നത് ഈ പദ്ധതിയുടെ വലിപ്പമോ സാധ്യതയോ കൊണ്ടല്ല, മറിച്ച് അതിന്റെ രാഷ്ട്രീയ സൂക്ഷമത കൊണ്ടാണ്. കണ്ട് തെറ്റിദ്ധരിക്കേണ്ട, ഇതൊരു ടൂറിസം പദ്ധതിയല്ല. കോലായി പണിതത് പ്രദേശത്തെ 'റിട്ടയേഡ്' മത്സ്യത്തൊഴിലാളികൾക്ക് വെറുതെയിരിക്കാനും, ജീവിതവും രാഷ്ട്രീയവും പരസ്പരം പങ്കുവെക്കാനുമാണ്. ഒരു കാലത്ത് രാത്രിയോളം നീളുന്ന ചർച്ചകളും ഉല്ലാസങ്ങളും നിറഞ്ഞിരുന്ന ഈ പ്രദേശത്ത്, കടലാക്രമണം തടയാൻ കടൽഭിത്തി കെട്ടിയതോടെ പൊതുസ്ഥലം എന്നൊന്ന് ഇല്ലാതാവുകയായിരുന്നു.
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലെത്തന്നെ ദുർബലരായവരെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കോലായിയുടെ നിർമാണ നിലവാരവും സൗന്ദര്യവും ഈ പദ്ധതിക്കു നൽകിയ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. കോഴിക്കോട്ടെ തീരപ്രദേശത്തെ ജനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള വികസനപദ്ധതികളുടെ തുടർച്ചയാണ് കോലായി എന്ന് കോഴിക്കോട് നോർത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച മുൻ എം.എൽ.എ. എ. പ്രദീപ് കുമാർ പറയുന്നു.
വികസനപദ്ധതികളെ സംബന്ധിച്ച പൊതുബോധത്തെയും, കാഴ്ചപ്പാടിനേയും അതിന്റെ ഇൻക്ലൂസീവ് രാഷ്ട്രീയം കൊണ്ടും പ്രായോഗികത കൊണ്ടും 'കോലായി' ചോദ്യം ചെയ്യുന്നുണ്ട്. രാത്രി വെളിച്ചമില്ലായ്മ, മേൽക്കൂരയുടെ അപര്യാപ്ത എന്നീ പോരായ്മകൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് കോലായിയിൽ ഇരിക്കുന്നവരുടെ പ്രതീക്ഷ.