കോഴിക്കോട് : ലോകത്തിലേക്ക് തുറന്ന കേരളത്തിന്റെ കണ്ണ്

യുനെസ്‌കോയുടെ സാഹിത്യനഗരപ്പട്ടികയിൽ ഇന്ത്യയിൽനിന്നാദ്യമായി, തെക്കേയറ്റത്തുള്ളൊരു ചെറുനഗരം എന്തുകൊണ്ടാണ് ഇടം പിടിച്ചത് ? കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും സർഗജീവിതവുമാണ് അതിനുള്ള മറുപടി. സാഹിത്യവും കലയും സാമൂഹികജീവിതവുമായി ഇടകലർന്നതാണ് കോഴിക്കോടിന്റെ സാമൂഹികത. ഒപ്പം അത് ഈ നഗരത്തിലെ മനുഷ്യരുടെ രാഷ്ട്രീയ നിലപാടുകളെ കൂടി നിർണയിച്ചു. ദേശീയ പ്രസ്ഥാന കാലം മുതൽ കേരളത്തിന്റെ പുരോഗമനപരമായ രാഷ്ട്രീയ മൂവ്‌മെന്റുകളുടെയെല്ലാം ദിശ നിർണയിക്കുന്നതിൽ ഇവിടുത്തെ സാഹിത്യവും കലയും പ്രധാന പങ്കു വഹിച്ചു.

മലയാള സാഹിത്യത്തിന്റെ ഭാവുകത്വത്തെ നിർണയിച്ച പ്രധാന എഴുത്തുകാരുടെ നഗരമാണിത്. നാടകങ്ങളുടെ കേരളത്തിലെ തന്നെ ഏറ്റവും ചടുലമായ അരങ്ങ് ഈ നഗരമാണ്. എഴുത്തുകാരും വായനക്കാരും ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന സാംസ്‌കാരികാന്തരീക്ഷം കോഴിക്കോടിനെറ സവിശേഷതയാണ്. വായനശാലകൾ രാഷ്ട്രീയപ്രവർത്തനത്തിന്റെ കൂടി ഭാഗമായി മാറിയ നഗരം. കേരളത്തിൽ ഏറ്റവുമധികം പുസ്തക പ്രസാധകരുള്ള നഗരം.

ഇപ്പോഴിതാ, ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യോൽസവങ്ങളുടെ നഗരമായി കോഴിക്കോട് മാറുകയാണ്. അങ്ങനെ, ലോകത്തിലെ സർഗാത്മകതയുടെ പൈതൃകം പേറുന്ന കണ്ണികളിൽ ഒന്നായി കോഴിക്കോടും മാറിയിരിക്കുന്നു.

Comments