മഴ തോർന്നിട്ടും മരം പെയ്യുന്ന പോലെ, സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചാഞ്ഞിട്ടും ഉഷ്ണം വിട്ടകലാത്ത വരണ്ട സന്ധ്യയിൽ ജിദ്ദയിലെ തന്റെ ഫ്ലാറ്റിന്റെ സ്വീകരണ മുറിയിൽ നിന്ന് മിർസ സ്വയം മറന്നു പാടുകയാണ്. “മേരീ ഖയാലോം കീ ആംഗൻ പർ കൊയി സപ്നോം കാ ദീപ് ജലായീ…” - അദ്ദേഹം മുകേഷിനെ ആവാഹിച്ചെടുക്കുകയാണെന്ന് തോന്നിപ്പോയി. തന്റെ ഇഷ്ടതാരം രാജേഷ് ഖന്നയുടെ പ്രതാപകാലത്തെ തകർപ്പൻ ഡയലോഗുകളിലൂടെ മിർസ ഭൂതകാലത്തിലേക്കിറങ്ങിയപ്പോൾ സഹധർമ്മിണി പ്യാരി ടീച്ചർ ഭാവികണക്കുകൾ കൂട്ടിക്കിഴിക്കുകയായിരുന്നു. കാൽ നൂറ്റാണ്ടു പിന്നിട്ട തന്റെ അധ്യാപനജീവിതം രണ്ടു വർഷം കൊണ്ടു ഔദ്യോഗിക മേലാപ്പ് അഴിക്കുകയാണ്. ജിദ്ദ വിടാൻ ഇവർക്കാർക്കും മനസ്സില്ല. പ്രവാസ ജീവതത്തിന്റെ ഇഷ്ട നിമിഷങ്ങളിലൂടെ കാലത്തെ അതിന്റെ വഴിക്ക് വിട്ട് ഒഴുകിപ്പടരാൻ തന്നെയാണ് ഈ ദമ്പതികളുടെ തീരുമാനം. സമ്മതത്തിനെന്നോളം മിർസ ചുമരിൽ തൂക്കിയ പിതാവിന്റെ ചിത്രത്തിനു നേരെ കണ്ണുകൾ പായിച്ചു. ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡണ്ടു കൂടിയായിരുന്ന ആ ഘനഗംഭീരന്റെ പേര് കെ.പി.എം ഷറഫ് എന്നായിരുന്നു.
ലോകമെങ്ങുമുള്ള പ്രവാസി മലയാളികളിൽ മൂന്നിലൊന്ന് അധിവസിക്കുന്നത് സൗദി അറേബ്യയിലാണ്. ഏറ്റവും വിസ്തൃതിയുള്ള ഗൾഫ് രാജ്യമായ സൗദിയിലെ മലയാളി കുടിയേറ്റത്തിന് അര നൂറ്റാണ്ടിന്റെ സജീവമായ ചരിത്രമുണ്ട്. കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന ചുട്ടുപഴുത്ത മണലാരണ്യം പറുദീസയായി മാറിയ മുഴുവനിടങ്ങളിലും കൈയ്യൊപ്പ് പതിപ്പിച്ചവരായി ആധുനിക സൗദിക്കൊപ്പം വളർന്ന പ്രവാസി സമൂഹമാണ് മലയാളികൾ! തങ്ങളുടെ മൂന്നാം തലമുറയിലേക്കും നാലാം തലമുറയിലേക്കും പ്രവാസത്തിന്റെ ബാറ്റൺ കൈമാറിയ ആദ്യ മലയാളി കുടുംബങ്ങളും മുതിർന്ന അംഗങ്ങളും ഇന്നും നിരവധിയായി നമുക്ക് ചുറ്റിലുണ്ട്. അവരിൽ ചിലരുടെയെങ്കിലും വിശ്രമജീവിതം സൗദിയിലാണ്. സാമാന്യം ജീവിത സാഹചര്യമുള്ള കുടുംബമായി താമസിക്കുന്ന മലയാളികളിൽ ഗണ്യമായൊരു വിഭാഗം സൗദിയുടെ സ്വകാര്യതയിലും, ജീവിത സൗകര്യങ്ങളിലും തുടർന്നും മുന്നോട്ടു പോവാൻ ആഗ്രഹിക്കുന്നു എന്നത് ഒരു വസ്തുതയാണ്.
ബത്തയിലും, ഷറഫിയ്യയിലുമൊക്കെ അനൗദ്യോഗികമായി നിരവധി മലയാളി തെരുവുകൾ എന്നേ രൂപപ്പെട്ടിരിക്കുന്നു. കേരളത്തിലെ പ്രമുഖ പാർട്ടികൾക്കെല്ലാം പ്രവാസി സംഘടനകളുണ്ട്. ഭിന്നതകൾ മറന്ന് പൊതു പരിപാടികളിൽ അവർ അന്യോന്യം സഹകരിച്ചു പോരുന്നു. ഒ.ഐ.സി.സി ജിദ്ദയിൽ സംഘടിപ്പിച്ച ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിന് ആശംസയർപ്പിച്ച ശേഷം കയ്യടിച്ച് കൽപ്പന്തിന് ഹരം പിടിക്കുന്ന നവോദയ നേതാവ് പ്രവാസലോകം കേരളത്തിന് മുന്നിലേക്ക് നീട്ടുന്ന ഒരു മാതൃകയാണ്. വിവിധ പ്രാദേശിക കൂട്ടായ്മക്ക് കീഴിൽ അണിനിരക്കുമ്പോൾ എല്ലാ രാഷ്ട്രീയവും അവർ മാറ്റിവെക്കുന്നു. രാഷ്ട്രീയ - മത സംഘടനാ കൂട്ടായ്മകളെ വെല്ലുന്ന സജീവത കൈവരിച്ച പ്രാദേശിക സംഘടനാ മുന്നേറ്റങ്ങളുണ്ട്. പൊന്നാനിക്കാരുടെ പി.സി.ഡബ്ല്യു.എഫ് അതിനുദാഹരണമാണ്. വരുമാനത്തിന്റെ പകുതി സാമൂഹ്യ പ്രവർത്തനത്തിന് നീക്കി വെക്കുന്ന 'വല്യാപ്പു'മാരും സൗദിയുടെ മാത്രം സവിശേഷതയാണ്.
ബത്തയിലും, ഷറഫിയ്യയിലുമൊക്കെ അനൗദ്യോഗികമായി നിരവധി മലയാളി തെരുവുകൾ എന്നേ രൂപപ്പെട്ടിരിക്കുന്നു. കേരളത്തിലെ പ്രമുഖ പാർട്ടികൾക്കെല്ലാം പ്രവാസി സംഘടനകളുണ്ട്. ഭിന്നതകൾ മറന്ന് പൊതു പരിപാടികളിൽ അവർ അന്യോന്യം സഹകരിച്ചു പോരുന്നു.
വറുതിയുടെ കാലത്ത് സൗദിയിലെത്തിയ ആദ്യ കുടിയേറ്റക്കാരിൽ നിന്നും പുതിയ പ്രവാസലോകത്തിന് അടിമുടി മാറ്റമുണ്ട്. അഭിരുചികളും മുൻഗണന ക്രമങ്ങളും ശീലവും രീതികളും മാറിമറിഞ്ഞു. ഭക്ഷണകാര്യത്തിൽ നിഷ്ടയുള്ള, ഉറക്കം കൃത്യമാക്കിയ, ജോഗിംഗും യോഗയും ജിമ്മും പതിവാക്കിയവരായി അവർ മാറി. ചിട്ടകൾ പാലിച്ച്, പരോക്ഷമായ പുകവലി ശല്യം പോലുമൊഴിവാക്കി, ജീവിതശൈലി ക്ലിപ്തപ്പെടുത്തി അവർ നീങ്ങുന്നു. ജോലിക്കാരായി തുടങ്ങി പിന്നീട് സംരംഭകരായി ജീവിതം മെച്ചപ്പെടുത്തിയ ഒരു നീണ്ട നിര തന്നെയുണ്ട്. കോടികൾ സമ്പാദിച്ചിട്ടും തൊഴിലാളി വേഷം അഴിക്കാൻ താൽപര്യമെടുക്കാത്ത നിരവധി പേരെ കാണാം. ഒറ്റപ്പെട്ട അനാരോഗ്യ പ്രവണതകളുണ്ടെങ്കിലും പരസ്പരം സഹായികളാവാനുള്ള മനോഭാവം എവിടെയും പ്രകടമാണ്. മറുനാട്ടിലെ മലയാളി ഇഫ്കട് ആയി ഇതിനെ കാണാവുന്നതാണ്. നിഷ്കാമ കർമ്മികളായ നിരവധി സന്നദ്ധ സേവകർ വ്യത്യസ്ത സംഘടനകളുടെ ബാനറിൽ പ്രവർത്തിക്കുന്നു. മികച്ച സംഘാടകരെയും, വ്യക്തിപ്രഭാവമുള്ള നേതാക്കളെയും, ഉറച്ച നിലപാടും, അഭിപ്രായവും, നയങ്ങളുമുള്ള രാഷ്ട്രീയ ജീവികളെയും നമുക്ക് കാണാൻ സാധിക്കും. കല, കായിക, സർഗ്ഗാത്മക പ്രതിഭകളും കുറവല്ല. പഴക്കമേറിയ ഒരു കുടിയേറ്റ ജനത എന്ന നിലയിൽ സമൂഹത്തിന്റെ എല്ലാ ഗുണദോഷങ്ങളും പ്രതിഫലിപ്പിക്കുന്ന പരിഛേദമായി സൗദി മലയാളി സമൂഹം മാറിയിട്ടുണ്ട്.
മാറുന്ന സൗദി അറേബ്യ
സൗദിയെ അടിമുടി മാറ്റി ലോക നേതൃനിരയിൽ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെ 2016ൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് വിഷൻ 2030. അഞ്ചു വർഷം വീതമുള്ള മൂന്ന് പാദങ്ങളായാണ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രവാസികളുടെ സ്വയംപര്യാപ്തതയും, അന്തസ്സും, വ്യക്തിത്വവും ഉയർത്തിപ്പിടിക്കാൻ നിരവധി പദ്ധതികൾ ഇതിന്റെ ഭാഗമായുണ്ട്. സാംസ്കാരിക വിനിമയം ഇതിൽ പ്രധാനമാണ്. ഒക്ടോബർ 13-21 തീയ്യതികളിൽ റിയാദ് അൽ സുവൈദി പാർക്കിൽ നടക്കുന്ന ഗ്ലോബൽ ഹാർമണി ഇനീഷ്യേറ്റീവ് ഇതുമായി ബന്ധപ്പെട്ട പ്രധാന ഇനമാണ്. 45 ദിവസത്തെ റിയാദ് സീസണിന്റെ ഭാഗം കൂടിയായ ഇത് ലോകത്തെ ഏറ്റവും വലിയ ശീതകാല വിനോദമേളയാണ്. സൗദിയിൽ ഇത്തരം പതിവുകൾക്ക് മുൻ കീഴ് വഴക്കങ്ങളില്ല. കേരളത്തിൻറ്റെയും ഇതര ഇന്ത്യൻ പ്രദേശങ്ങളുടെയും തനതു കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള പല പ്രമുഖ കലാകാരരും ഇവിടെ ഒത്തു ചേരും. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി മന്ത്രിയായ ഖാലിദ് ബിൻ അബ്ദുൽഖാദർ അൽ ഗാംദി സൗദിയിലെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാരുടെ സേവനങ്ങൾ പ്രത്യേകം പരാമശിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യക്കാരുടെ എണ്ണത്തിൽ 2 ലക്ഷം വർധന രേഖപ്പെടുത്തിയത് സൗദിയുടെ ഇന്ത്യക്കാരോടുള്ള തുറന്ന മനസ്സായി മന്ത്രി എടുത്തു കാട്ടി.
മുഖം മിനുക്കുന്ന സൗദി പ്രവാസികൾക്കു മുന്നിൽ ഒരേസമയം സാധ്യതകളും പ്രതിസന്ധിയും തീർക്കുന്നുണ്ട്. നാട്ടിൽ വേരു പിടിക്കാത്തവരും ജോലി ലഭിക്കാത്തവരും, അഭയവും ഭാഗ്യവുമന്വേഷിക്കുന്ന തുരുത്ത് എന്ന സാധ്യത ഇനി സൗദിയിൽ കുറവാണ്. മത്സരക്ഷമതയും, നൈപുണ്യവും സ്വന്തമായുള്ള തൊഴിലന്വേഷകരെയും, മുടക്കുമുതലിന് സന്നദ്ധരായ നിക്ഷേപക - സംരംഭകരെയുമാണ് സൗദി തിരയുന്നത്. മാറുന്ന സൗദിക്കനുസരിച്ച് പ്രവാസ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതാനും പുതുക്കി പണിയാനുമുള്ള ആന്തരിക വികാസവും ആരോഗ്യവും മലയാളി പ്രവാസലോകം കൈവരിച്ചിട്ടുണ്ടെന്ന് വിലയിരുത്താവുന്നതാണ്. തങ്ങൾ നേടിയ പ്രവേഗവും, ആധിപത്യവും പുതിയ കാലത്തെ മാറിയ സാഹചര്യങ്ങളിൽ നിലനിർത്താനാവും വിധം പുതിയ തലമുറയെ വാർത്തെടുത്തു എന്ന ആത്മസംതൃപ്തിയും, ചാരിതാർത്ഥ്യവും തീർച്ചയായും ആദ്യ കാല പ്രവാസികൾക്ക് അവകാശപ്പെട്ടതു തന്നെയാണ്.
മുഖം മിനുക്കുന്ന സൗദി പ്രവാസികൾക്കു മുന്നിൽ ഒരേസമയം സാധ്യതകളും പ്രതിസന്ധിയും തീർക്കുന്നുണ്ട്. നാട്ടിൽ വേരു പിടിക്കാത്തവരും ജോലി ലഭിക്കാത്തവരും, അഭയവും ഭാഗ്യവുമന്വേഷിക്കുന്ന തുരുത്ത് എന്ന സാധ്യത ഇനി സൗദിയിൽ കുറവാണ്.
അരനൂറ്റാണ്ടു കാലത്തെ പെട്രോളിയം സമൃദ്ധി ഇനിയൊരു അര നൂറ്റാണ്ടിലേക്കുള്ള കരുതൽ ശേഖരത്തിലേക്ക് സൗദിയെ എത്തിച്ചു കാണണം. അപ്പോഴും എണ്ണയില്ലാത്ത ഒരു കാലത്തെ നേരിടാൻ സ്വയം നവീകരിക്കുകയാണ് ആ രാജ്യം. പ്രവാസികളുൾപ്പടെയുള്ളവർക്ക് മികച്ച നിക്ഷേപ സാധ്യതകൾ അവർ തുറന്നിടുകയാണ്. 12 മുതൽ 15 ലക്ഷം വരെയുള്ള മലയാളികൾ സൗദിയിലുണ്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടു കാലത്തെ ശരാശരിയായി 10 ലക്ഷം എടുക്കാം. വർഷത്തിൽ കേവലം പതിനായിരം രൂപയുടെ നിക്ഷേപമെങ്കിലും നാം ഉറപ്പുവരുത്തിയിരുന്നെങ്കിൽ വർഷം 1000 കോടി രൂപയും 25 കൊല്ലം കൊണ്ടു 25000 കോടി രൂപയുടെയും കേവല നിക്ഷേപം നമുക്ക് ലഭിക്കുമായിരുന്നു. നിയമ കുരുക്കുകളും, 'കാണിച്ചു തരാമെടാ' ഭാവവും പ്രവാസികളെ പലപ്പോഴും പിന്നോട്ടടിപ്പിക്കുന്നു. എന്നാൽ അവരെ പണക്കാരാക്കിയ മണ്ണു തന്നെ കൂടുതൽ സാധ്യതകളുടെ വാതായനം തുറന്നിടുകയാണ്. കേരളത്തിന്റെ നിക്ഷേപ പ്രതീക്ഷകൾക്ക് ഇവിടെ മങ്ങലേൽക്കുന്നുണ്ട്.
അര നൂറ്റാണ്ടുകാലം ഗൾഫ് മാനുഷിക വിഭവശേഷിയുടെ പ്രകടഫലങ്ങൾ കേരളം ആസ്വദിച്ചു. അവയെ മൂല്യവർധിത ഉൽപാദന രീതിയിലേക്ക് നാം മാറ്റിയിരുന്നില്ല. ഇനി അധികം സമയമില്ല. മൊബൈൽഫോൺ നിർമ്മാതാക്കളിലെ നോക്കിയയുടെ സ്ഥിതി കേരളത്തിനു വരരുത്. പ്രവാസിയെ അന്നദാതാവായി കാണാനും, ബഹുമാനിക്കാനും കേരളം പഠിക്കണം. അർഹിക്കുന്ന ഇടങ്ങളിലെല്ലാം മുന്തിയ പരിഗണന നൽകണം. പ്രവാസിയുടെ നിക്ഷേപത്തിനും, വിശ്രമജീവിതത്തിനും, സ്വകാര്യതക്കുമെല്ലാം ഇണങ്ങുന്ന രീതിയിൽ കേരളത്തെ പുതുക്കി പണിയേണ്ടതുണ്ട്. മനോഭാവത്തിൽ നാം മാറ്റം വരുത്താത്ത പക്ഷം മനവും, മാനവും കൈമോശം സംഭവിക്കും.